Translate

Saturday, February 15, 2014

ലൈംഗികതയുടെ തിരുമണിക്കൂറുകള്‍.

 പ്രൊഫ. ജോസഫ് മറ്റം.മേരി വിജയം, ഏപ്രില്‍ 2013.


ഇരുപത്തിനാലു മണിക്കൂറുള്ള ദിവസത്തിലെ ഏതാണ്ട്‌ അര മണിക്കൂർ നേരം അതും ആഴ്ചയിൽ രണ്ടൊ മൂന്നോ തവണ, പരമ രഹസ്യമായും ഗോപ്യമായും നടത്തപ്പെടുന്ന ഒരു കായികാഭ്യാസമായി ലൈംഗിക ബന്ധത്തെ കാണുന്നവരാണു മിക്ക ഭാര്യാ ഭർത്താക്കന്മാരും. നവദമ്പതികളെ സംബന്ധിച്ചിടത്തോളം അവരുടേത്‌ മധുവിധുവിന്റെ മധുരനിമിഷങ്ങളായതു കൊണ്ട്‌ സമയ സന്ദർഭ പരിമിതികളൊന്നും പാലിക്കേണ്ടതില്ലന്നു മാത്രം. രാവിലെ മുതൽ നൂറു നൂറു കാര്യങ്ങൾക്കു ശണ്ടകൂടിയതിനു ശേഷം ഉറങ്ങുന്നതിനു മുൻപ്‌ ഒരു 'വെടി നിറുത്തലായി', തികച്ചും യാന്ത്രികമായ ഒരു ലൈംഗികാഭ്യാസത്തിൽ മുഴുകുന്നവരാണു പലരും. ശരീരം കൊണ്ട്‌ ഒന്നാവുമ്പോഴും മാനസികമായി അകന്നാണിരിക്കുക..! എങ്കിലും കാര്യപരിപാടിയിലെ അവസാന ഇനമായ 'ജനഗണമനയ്ക്കു' അവർ ഒന്നിക്കുന്നു. വിശപ്പിനു ഭക്ഷണം പോലെ, ദാഹത്തിനു പാനീയം പോലെ, ലൈംഗിക ക്ഷുത്‌-പിപാസകളകറ്റാൻ ഒരു 'നോൺ വെജിറ്റേറിയൻ ഡിന്നർ'.


ദമ്പതികളുടെ ലൈംഗിക ജീവിതത്തിനു, മുങ്കൂട്ടി നിശ്ചയിച്ചു വച്ച സമയമോ സന്ദർഭമോ ഇല്ല. ലൈംഗികത വെറും ഇണചേരലാകുന്നിടത്ത്‌ അങ്ങനെ സംഭവിച്ചെന്നു വരും. ചെറു കാറ്റു തട്ടിയാലും പാടാനൊരുങ്ങുന്ന മണിവീണ പോലെ, ജീവിതത്തിന്റെ എല്ലാ മണിക്കൂറുകളെയും ഉത്സാഹഭരിതവും സംഗീത സാന്ദ്രവുമാക്കുന്ന ഒരു ദിവ്യാനുഭവമാകണം ലൈംഗിക ബന്ധം. ഭാര്യക്ക്‌ ഭർത്താവ്‌ ഒരു കാമുകനായേ തീരൂ; ഭർത്താവിനു ഭാര്യ നിത്യകാമിനിയും. ഒരു നോട്ടം, ഒരു സൂചന, തിരക്കിലും തിരിച്ചറിയുന്ന ഒരു സ്നേഹസ്പർശ്ശനം എന്നിവവഴി അന്യോന്യം അടുക്കാനുള്ള അഭിനിവേശത്തിൽ കഴിയുന്ന കാമിനീ കാമുകന്മാർ എപ്പോഴും ലൈംഗിക ബന്ധത്തിലാണു. ഇംഗ്ലീഷ്‌ ശൈലി കടമെടുത്താൽ ദിവസം മുഴുവൻ 'ലവ്‌ മേക്കിംഗി'ലാണവർ. ഇരുവരും ചേർന്ന് തൊട്ടും തലോടിയും പകൽ മുഴുവൻ പ്രയത്നിച്ചുണ്ടാക്കിയ വിശിഷ്ട വിഭവം ആസ്വദിക്കുന്ന സമയമാവണം വൈകുന്നേരമുള്ള അവരുടെ സമാഗമവേള.


സ്നേഹത്തിൽ വർത്തിക്കുന്ന ദമ്പതികൾക്ക്‌ വെറും വികാരസമർപ്പണമല്ല ലൈംഗികബന്ധം. പരസ്പരമുള്ള സമർപ്പണവും ആത്മദാനവുമായി വിവാഹത്തെ കാണുന്ന ഭാര്യാഭർത്താക്കന്മാർക്ക്‌ ഏതു പന്തലും അവരുടെ കല്യാനപ്പന്തലാണു; എല്ലാ വിനാഴികയും 'ലവ്‌ മേകിംഗി' നുള്ള അവസരമാണു. പ്രഭാതം മുതൽ ആരംഭിക്കുന്ന ജീവിത നാടികയുടെ പരമാഹ്ലാദകരമായ ഭരതവാക്യമായി സെക്സിനെ കാണാൻ ഇത്തരം ദമ്പതികൾക്കേ കഴിയൂ. ഇവർക്കുള്ളതാണു "ലൈംഗികതയുടെ തിരുമണിക്കൂറുകൾ..!".


പക്ഷെ, രാഗതാളാത്മകമായ സംഗീതം പുറപ്പെടേണ്ട പല ശയ്യാഗാരങ്ങളിലും മുഴങ്ങുന്നത്‌ അപശ്രുതികളാണെന്ന സത്യം വിസ്മരിച്ചുകൂടാ. വിഷയം സെക്സായതുകൊണ്ട്‌ ആരും പരാതിപ്പെടുകയില്ല. അല്ലങ്കിൽ തന്നെ ആരോടു പരാതി പറയാൻ? മുൻപു പറഞ്ഞതുപോലെ വെറും മുപ്പതു മിനിറ്റു കൊണ്ട്‌ ഭാര്യയെ സ്നേഹിച്ചു തീർക്കുന്ന ഭർത്താവ്‌..! ഉറക്കറയിലെ ഈ യാന്ത്രിക സ്നേഹമൊഴിച്ച്‌ മറ്റൊന്നും ഭർത്താവിൽനിന്നു കിട്ടാത്ത ഭാര്യ..! പാലു തരുന്ന പശുവിന്റെയും വീടുകാക്കുന്ന അൽസേഷൻ നായ്ക്കളുടെയും കാര്യത്തിൽ കാണിക്കുന്ന പരിഗണന പോലും തനിക്കു തരാത്ത ഭർത്താവിനെ കുറിച്ചു മനം നൊന്തു കേഴുന്ന, എല്ലാ ദു:ഖ്ങ്ങളും ഹ്രുദയത്തിൽ 'സംഗ്രഹിച്ചു' കഴിയുന്ന ഭാര്യ. ചില ഭർത്താക്കന്മാർക്കു എന്നും ഈ വികല പ്രണയപ്രകടനം ആവശ്യമാണു. അവൻ ആരോടോ ഉള്ള ദേഷ്യം തീർക്കുന്നതു തന്റെമേലാണെന്നു അവൾ ദു:ഖത്തോടെ ഓർക്കുകയും യാന്ത്രിക സ്നേഹത്തിന്റെ ദുസ്സഹപീടനത്തിൽനിന്ന് രക്ഷപെടാൻ വഴിയന്വേഷിക്കുകയും ചെയ്യുന്നു.


വേറൊരു തരം ഭർത്താക്കന്മാരുണ്ട്‌. നല്ലവർ, ഭക്തന്മാർ, പുണ്യവാന്മാർ..!ഭാര്യയോട്‌ ഇഷ്ടം..! പക്ഷെ, ആണ്ടിലൊരിക്കൽ കുമ്പസ്സാരിക്കുന്നതുപോലെ വല്ലപ്പോഴും ഒരിക്കൽ മാത്രമെ സ്നേഹത്തിന്റെ സൽക്രിയയ്ക്കായി ഭാര്യയെ അവർ സമീപിക്കുകയുള്ളു. മാനസികമായി വിശപ്പും ദാഹവും ഉള്ള ഭാര്യ തന്റെ വീട്ടിൽ തന്നെയും പ്രതീക്ഷിച്ചുണ്ടെന്ന കാര്യം അയാൾ ഓർക്കാറേയില്ല.


ഭർത്താക്കന്മാർ മാത്രമല്ല, ഈ രണ്ടിനത്തിലും പെടുത്താവുന്ന ഭാര്യമാരും സുലഭം. 'പാതിരാ ആയി. എന്നിട്ടും സമ്മതിക്കില്ല, ഒന്നുറങ്ങാൻ...!' എന്നു വെറുപ്പോടെ ചിന്തിക്കുകയും, ഭാര്യമാർ എപ്പോഴും ഭർത്താക്കന്മാർക്കു കീഴ്പ്പെട്ടിരിക്കണം എന്ന സുവിശേഷവാക്യം ഓർത്ത്‌ ഭർത്താവെന്ന കുരിശിൻ കീഴിൽ വല്ലപ്പോഴും തളർന്നു വീഴുകയും ചെയ്യുന്നവർ...!


സ്നേഹത്തിൽ വളരുന്നവരെന്ന നിലയിൽ ഭാര്യയും ഭർത്താവും അവർക്കിഷ്ടമുള്ളപ്പോൾ, വേണമെന്നു തോന്നുമ്പോൾ, ഒന്നിക്കട്ടെ. വാശി തീർക്കാനോ ശൗര്യം കാട്ടാനോ ഉള്ള അഭ്യാസമല്ല, സ്നേഹോദിതമായൊരു പ്രവർത്തിയാണു സംഭോഗം എന്നു മനസ്സിലാക്കാൻ കഴിഞ്ഞാൽ പിന്നെ പ്രശ്നമൊന്നുമില്ല. രണ്ടുപേർക്കും ഒന്നുപോലെ താൽപര്യമുണ്ടാകണമെന്നില്ല, അപ്പോളാണു, ഒരാളിന്റെ ആഗ്രഹത്തിനു മറ്റേ ആൾ ത്യാഗത്തിനു വഴിപ്പെടുന്നത്‌. ഓർക്കാപ്പുറത്ത്‌ ചില അനുകൂലാവസരങ്ങൾ വീണുകിട്ടും ദമ്പതികൾക്ക്‌. ഈ സുവർണ്ണാവസരങ്ങൾ മുതലാക്കണമെന്ന ചിന്ത മതി, രണ്ടു പേരെയും മാനസികമായും ശാരീരികമായും സുസജ്ജരാക്കാൻ. മനസ്സുകൊണ്ടു ഒരുങ്ങാതിരുന്നവൾ വളരെ പെട്ടനാകും ഉല്ലാസവതിയാകുന്നത്‌. പിന്നെ വൈമനസ്സ്യമൊന്നുമുണ്ടാകില്ല.


ഓരോ സംയോഗവും സമ്പൂർണ്ണമായ തൃപ്തിയും വികാരശമനവും പ്രദാനം ചെയ്യുന്നെങ്കിൽ നന്ന്..! പക്ഷെ മിക്കപ്പോഴും പൂർണ്ണത കൈവന്നെന്നു വരില്ല. സാരമില്ല. കാരണം, അതിനു ഇനിയുമുണ്ട്‌ അവസരങ്ങൾ എന്നു സമാധാനിക്കാമല്ലോ. വിവാഹ ജീവിതത്തിലുണ്ടാകുന്ന അപസ്വരങ്ങളുടെ മുഖ്യ കാരണം ലൈംഗിക ബന്ധത്തിലെ ഇഴ പൊട്ടലായിരിക്കും. പ്രശ്നങ്ങൾ സൗമനസ്യപൂർവ്വം ചർച്ച ചെയ്യാനൊ പരിഹാരം കാണാനോ ആരും തയ്യാറാകാത്തതാണിതിനു കാരണം. ഫലം, കിടക്കറയിലെ അസംതൃപ്തിയുടെയും നിരാശയുടെയും പൊട്ടിത്തെറികൾ അടുക്കളയിലും ഡൈനിംഗ്‌ റൂമിലും വെടിക്കെട്ടായി പ്രതിധ്വനിക്കുന്നു.


സെക്സ്‌ വൈകാരികവും ആത്മീയവുമായ ഒരനുഭവമായിത്തീരണമെന്നും ജീവിതത്തിൽ എന്നും ലൈംഗികാഹ്ലാദത്തിന്റെ തിരുമണിക്കൂറുകൾ ഉണ്ടാവണമെന്നും ആഗ്രഹിക്കുന്ന ദമ്പതികൾ ചിലകാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്‌.1. സ്ത്രീയെ അംഗീകരിക്കുക.


ലൈംഗിക മോഹങ്ങളുള്ള ഒരു വ്യക്തിയാണ് സ്ത്രീയെന്ന് പുരുഷ സമൂഹം അംഗീകരിച്ചു തുടങ്ങിയിട്ട് അധികകാലമായിട്ടില്ല. പല രംഗങ്ങളിലുമെന്ന പോലെ ലൈംഗികതയിലും സ്ത്രീക്ക് പുരുഷന്‍ തുല്യത കല്‍പ്പിച്ചിരുന്നില്ല. സ്ത്രീ വെറുമൊരു സുഖോപകരണം മാത്രം..! ഇന്നും ചില പത്രങ്ങളിലെ വാരഫലങ്ങളില്‍, "സ്ത്രീ സുഖം കിട്ടും" എന്നും മറ്റും കാണാറുണ്ട്‌. ചൂടുകാലത്ത് ഹൃദ്യമായ തണുപ്പും, തണുപ്പുകാലത്ത് സുഖകരമായ ചൂടും നല്‍കുന്ന അത്ഭുത ശയ്യോപകരണം..! അതിന്‍റെ സുഖ ദു:ഖങ്ങള്‍ ആര് പരിഗണിക്കാന്‍?


പണം മുടക്കാതെ ശരീര സുഖം ആസ്വദിക്കാന്‍ സമൂഹം പുരുഷന് കല്പിച്ചു കൊടുത്ത സംവിധാനം ആണ് വിവാഹം എന്ന ചിന്താഗതി നിലനില്‍ക്കുന്നിടത്തോളം കാലം ഇതാവും സ്ത്രീയുടെ അവസ്ഥ...!


തന്നെപ്പോലെ ഒരു വ്യക്തിയാണ് തന്‍റെ ഭാര്യ എന്ന സത്യം പുരുഷന്‍ ആദ്യമേ അംഗീകരിക്കണം. ലൈംഗിക മോഹങ്ങള്‍ ഉള്ളവളും അത് സഫലമാക്കാന്‍ ആഗ്രഹിക്കുന്നവളും ആ സാഹചര്യത്തിന്റെ സംതൃപ്തി അര്‍ഹിക്കുന്നവളുമാണ് സ്ത്രീ. പക്ഷെ പുരുഷന്റെതില്‍ നിന്ന് തുലോം വ്യത്യസ്തമാണ് അവളുടെ മോഹവും യത്നവും പരിസമാപ്തിയും. പുരുഷ്ന്റെതില്‍ നിന്നും തികച്ചും വ്യത്യസ്തമാണെങ്കിലും, അവള്‍ക്കും ഇഷ്ടങ്ങള്‍ ഉണ്ട്. "എവര്‍ റെഡി" ആണ് പുരുഷന്‍. മനസ്സും ശരീരവും ഒരുപോലെ ഒരുങ്ങിയാലെ സ്ത്രീക്ക് സംഭോഗം ഒരു ആത്മീയാനുഭൂതി ആകുകയുള്ളൂ.


2. സന്താനോല്‍പാദനം മാത്രമല്ല ലക്‌ഷ്യം.


സെക്സ്, സന്താനോല്പാദനത്തിന്- എന്നാണ് പല തത്വ ചിന്തകന്മാരും ദൈവ ശാസ്ത്രജ്ഞന്‍ മാരും പഠിപ്പിച്ചിരുന്നത്. ഇത് ഭാഗികമായ ഒരു സത്യം മാത്രം. ലൈംഗികബന്ധം എന്ന ഏറ്റവും അഗാധവും സാന്ദ്ര സുന്ദരവുമായ സ്നേഹ സംഗമത്തില്‍ നിന്ന് മക്കളുണ്ടായെക്കാമെന്നു മാത്രം. സന്താനോല്പാദനത്തിനു മാത്രമാണ് ലൈംഗിക ബന്ധം നല്കപ്പെട്ടിരിക്കുന്നതെങ്കില്‍ ആര്‍ത്തവ ചക്രത്തില്‍ ഫല-നിഷ്ഫല കാലങ്ങള്‍ എങ്ങനെ വന്നു കൂടി? കുട്ടികള്‍ എത്ര വേണമെന്ന് തീരുമാനിച്ചതിനു ശേഷം അത്രയും സംഭോഗങ്ങള്‍ മാത്രമേ അനുവദനീയമായുള്ളൂ എന്നു പറയുന്നതിലെ അപഹാസ്യത ഇവിടെ പ്രകടമാണ്. ഭാര്യയും ഭര്‍ത്താവും മനുഷ്യ വ്യക്തികളാണ്. ദമ്പതികളുടെ വ്യക്തിത്വ വികാസത്തിനും മാനസികവും ശാരീരികവുമായ ആനന്ദത്തിനും കൂടെക്കൂടെയുള്ള ലൈംഗിക ബന്ധം കൂടിയേ തീരൂ. സ്നേഹാര്‍ദ്രതയില്‍ നടക്കുന്ന ഓരോ ലൈംഗിക ബന്ധവും ഭാര്യക്കും ഭര്‍ത്താവിനും നല്‍കുന്നത് ഒരു ഉത്ഥാനമാണ്. ഭാര്യാ-ഭര്‍തൃ സംയോഗത്തിന് ഒരു ഔഷധ മൂല്യമുണ്ട്. ഏകാന്തതയെയും വിരസതയെയും അത് നശിപ്പിക്കുന്നു. മാനസികമായ പൈദാഹങ്ങള്‍ അത് ശമിപ്പിക്കുന്നു. നവചൈതന്യം നിറയ്ക്കുന്നു. "ഉത്തിഷ്ഠത: ജാഗ്രത:" എന്ന കര്‍മ മന്ത്രം അവര്‍ക്ക് ഓതികൊടുക്കുന്നു.


ഭാര്യാ ഭര്‍തൃ ബന്ധത്തെ കയറൂരി വിടാന്‍ സമ്മതിക്കാത്ത ചില ധാര്‍മികരുണ്ട്. പലതും നിഷിദ്ധവും വര്‍ജ്യവുമാണെന്നു അവര്‍ പഠിപ്പിക്കുന്നു. ദമ്പതികളുടെ പ്രശ്നങ്ങളറിയാത്ത, ജീവിത ഗന്ധമില്ലാത്ത, വേദാന്തം മാത്രമറിയാവുന്ന, ആ മര്‍കടമുഷ്ടിക്കാരുടെ ദൃഷ്ടിയില്‍, പാപം മണക്കുന്നതാണ് ചില പ്രവൃത്തികള്‍. "ആവശ്യതിന്മ" ആയതുകൊണ്ട് "അത്യാവശ്യത്തിനു മാത്രം" എന്ന് അവര്‍ പഠിപ്പിക്കുന്നു. വെള്ളിയാഴ്ച പാടില്ല; കര്‍ത്താവ്‌ പാട്-പീഡകളനുഭവിച്ചു മരിച്ച ദിവസമല്ലേ? ശനിയാഴ്ച അമലോല്‍ഭവ മാതാവിന്‍റെ ദിവസം, അന്ന് ഏതായാലും വേണ്ട. മൂന്ന്, എട്ടു, ഇരുപത്തഞ്ച്, അമ്പത് നോമ്പിന്‍റെ ദിവസങ്ങളില്‍ തീര്‍ച്ചയായും അരുത്. ഒരേ രീതി, സമ്പ്രദായം, ശൈലി. വൈവിധ്യമോ നൂതനതയോ പാടില്ല. ..! ഭാര്യക്കും ഭര്‍ത്താവിനും ആത്മാഭിമാനത്തോടെ ആസ്വദിക്കാന്‍ കഴിയുന്നതും വൈകൃതമോ മൃഗീയതയോ ആയി തരാം താഴാത്തതുമായ എന്തും ലൈംഗിക ബന്ധത്തില്‍ സ്വീകാര്യമാണെന്ന് നവ വധൂവരന്മാര്‍ ഓര്‍മിച്ചുകൊള്ളണം.


3. പുരുഷനെയും അംഗീകരിക്കണം.


പുതുമണവാട്ടി ഉള്‍പ്പെടെ എല്ലാ ഭാര്യമാരും ഓര്‍ത്തിരിക്കേണ്ട മറ്റൊരു സത്യമുണ്ട്. പുരുഷന്‍ പ്രകൃത്യാ "ബഹുകാര്യ വ്യഗ്രനാണ്". ഒരു വ്യക്തിയില്‍ മാത്രമായി മനസ്സ് അടച്ചു പൂട്ടിയിടാന്‍ അവനു കഴിയില്ല. സ്വാഭാവികമായും അന്യ സ്ത്രീകളില്‍ താല്പര്യം കാട്ടുന്നതാണ് അവന്‍റെ സ്വഭാവം. മനസ്സുകൊണ്ടെങ്കിലും വ്യഭിച്ചരിക്കാത്ത പുരുഷന്മാര്‍ ദുര്ലഭമായിരിക്കും. പരസ്ത്രീഗമനത്തിന് പുരുഷന് ലൈസന്‍സ് നല്‍കാനാണന്ന് ആരും തെറ്റിദ്ധരിക്കെണ്ടതില്ല. "കണവനേ കണ്‍കണ്ട ദൈവം" എന്ന് സദാ ഭര്‍ത്താവിനെ പൂജിച്ചു കഴിയുന്ന ഭാര്യക്ക് അയാളുടെ ഈ "ബഹു"കാര്യവിചാരം -"പരസ്ത്രീ കൌതുകം"- ദഹിക്കുകയില്ലന്നറിയാം. പുരുഷന്‍റെ ഈ പരാംഗനാരസികത്തം സ്ത്രീ അംഗീകരിച്ചു അവനെ കയറൂരി വിടണമെന്നല്ല ഇതിനര്‍ഥം. അവനെ അവന്‍റെ "ജന്മവാസനകളോടെ" അംഗീകരിക്കുകയും അതുകൊണ്ട് തന്നെ അവനെ തന്‍റെ ആകര്‍ഷണ വലയത്തില്‍ നിന്നും പുറത്തു കടക്കാതെ സൂക്ഷിക്കുകയും വേണം സ്ത്രീ. കുടുംബ ജീവിതത്തിന്‍റെ ഭദ്രതയ്ക്കും ദാമ്പത്യ ജീവിതത്തിന്‍റെ വിശുദ്ധിക്കും ഇണങ്ങാത്തതൊന്നും ചെയ്യില്ലന്നും പുരുഷന്‍ തീരുമാനിക്കണം. ഭാര്യയോടുള്ള സ്നേഹം, ത്യാഗവും സംയമനവും വഴി പ്രകാശിപ്പിക്കെണ്ടതാെണന്നും അവന്‍ മനസ്സിലാക്കണം. താന്‍ രസിക്കുന്നത് പോലെ തന്‍റെ പ്രിയതമ, ഒരു ഗോപാലപാലന്റെ ഓടക്കുഴല്‍ വിളിക്ക് ചെവികൊടുത്താല്‍ സംഗതി എങ്ങനെയിരിക്കും എന്ന് അവന്‍ ആലോചിച്ചു നോക്കട്ടെ.


4. സപ്തതിയിലും മധുവിധു നുകരാം.


സാവധാനം മധു വറ്റും, വിധു മറയും എന്ന സത്യം രണ്ടു പേരും ഓര്‍ത്തിരുന്നാല്‍ നല്ലത്. പക്ഷെ ദമ്പതികള്‍ മനസ്സിരുത്തിയാല്‍ ഒരിക്കലും വറ്റാത്ത മധുസ്രോതസ് കണ്ടെത്താന്‍ കഴിയും. ഭാര്യ മധുമതിയും വിധുമുഖിയുമായിരുന്നാല്‍ മതി; ഭര്‍ത്താവ് സ്നേഹത്തിന്‍റെ ചൂട് പ്രസരിപ്പിക്കുന്നവനായാല്‍ മതി; മധുവിധുകാലത്ത് നോട്ടത്തിലും സാമീപ്യത്തിലും ഉണ്ടെന്നു ബോധ്യമായ വൈദ്യുതി നഷ്ടപ്പെടാതെ സൂക്ഷിച്ചാല്‍ മതി. ആദ്യ ദിവസങ്ങളില്‍ പുതുമണവാളന്‍ ദുഷ്യന്തരാജനെപ്പോലെയാണ്. ശകുന്തളയുടെ സമീപം ഒരു വണ്ട്‌ വന്നത് കണ്ട് കോപാക്രാന്തനായി "ആരിവനക്രമി..!?" എന്ന് ചോദിച്ചു ശരം തൊടുക്കാന്‍ തുനിഞ്ഞവനാണല്ലോ അയാള്‍. എന്തൊരു ശ്രദ്ധ..!, എന്തൊരു താല്പര്യം..!, എന്തോരു സ്നേഹം...!. പ്രിയപ്പെട്ടവള്‍ക്ക് ചുറ്റും മൂളിപ്പറക്കുന്ന ഒരു കൊതുകിനെ കണ്ടാല്‍ മതി , തോക്കെടുക്കും നവവരന്‍. ഈ തോക്കിനു തുരുമ്പു വീഴാതെ നോക്കാന്‍ വയ്യേ അയ്യാള്‍ക്ക്..!? ദുര്‍മുഖം കാട്ടാത്ത മധുരഭാഷിണിയായ ഭാര്യയെയാണ് ഏതു ഭര്‍ത്താവും ഇഷ്ടപ്പെടുന്നത്. ഈശ്വരന്‍ കനിഞ്ഞു തന്ന മാദകത്വം, കണ്ണുകളുടെ വശ്യത, മന്ദഹാസത്തിന്റെ മാധുര്യം, എന്നിങ്ങനെ സ്ത്രൈണ ഭാവങ്ങളുടെ ചാരുത മുഴുവന്‍ ഭര്‍ത്താവിനെതിരെ പ്രയോഗിക്കാനുള്ള ആയുധങ്ങളാണന്നു സ്ത്രീകള്‍ മനസ്സിലാക്കണം. ഈ ആയുധങ്ങളെ -താലന്തുകളെ- ലജ്ജകൊണ്ടായാലും അലസത കൊണ്ടായാലും കുഴിച്ചിടേണ്ടതല്ലന്നു അവര്‍ ഓര്‍ത്തിരിക്കേണ്ടതാണ്‌. എന്നും കുളിച്ചൊരുങ്ങി, ഉടുത്തൊരുങ്ങി, പൌഡറും സെന്റുമൊക്കെ പൂശി, ഭര്‍തൃ സമാഗമത്തെ ഗൌരവത്തോടെ പ്രതീക്ഷിച്ചിരിക്കേണ്ട ഭാര്യ, ആഴ്ചയിലൊരിക്കല്‍ മാത്രം കുളിച്ചു വേഷം മാറുന്ന പഴയകാലത്തെ "ശനിയാഴ്ചക്കുഞ്ഞേലി" ആയി മാറിയാല്‍ എങ്ങനിരിക്കും?


അറുപതാം കൊല്ലവും ഈ വൈദ്യുതിയും സുഗന്ധവും നഷ്ടപ്പെട്‌ത്താതിരിക്കാന്‍, ഈ തോക്കിനു തുരുമ്പു പിടിക്കാതെ സൂക്ഷിക്കാന്‍ ദമ്പതികള്‍ക്ക് കഴിയും -മനസ്സുവച്ചാല്‍..!


ഏതു പ്രായമായാലും കായികാഭ്യാസം കൊണ്ടല്ലാതെ, സ്നേഹാധിക്യത്താല്‍ തന്നെ വശപ്പെടുത്തുന്ന ഭര്‍ത്താവിനെയാണ് ഭാര്യക്ക് ആവശ്യം. സ്നേഹം ഉണ്ടെങ്കില്‍ സപ്തതിയിലും മധുവിധു നുകരാം അവര്‍ക്ക്. പഴയ ആവേശമോ തീക്ഷ്ണതയോ ഉണ്ടായെന്നു വരില്ല. അതിനാവശ്യവുമില്ല. കാരണം, രണ്ടുപേര്‍ക്കും പ്രായമായി; ഗ്യാസ്, പ്രെഷര്‍, ഹാര്‍ട്ട്, ഡയബെറ്റിക്സ്‌...!! ഭക്ഷണകാര്യത്തില്‍ തന്നെ മിതത്വവും പധ്യവും. ലൈംഗികതയിലും വരുമല്ലോ ഇതെല്ലാം.


1 comment:

  1. ( "എവര്‍ റെഡി" ആണ് പുരുഷന്‍. മനസ്സും ശരീരവും ഒരുപോലെ ഒരുങ്ങിയാലെ സ്ത്രീക്ക് സംഭോഗം ഒരു ആത്മീയാനുഭൂതി ആകുകയുള്ളൂ).അല്മായശബ്ദത്തിൽ ശ്രീ . മഹേശ്വർ പോസ്റ്റ്‌ ചെയ്ത , പ്രൊഫ്‌ .ജോസഫ്‌ മറ്റത്തിന്റെ ഈ വരികൾ വായിച്ചപ്പോൾ , എനിക്കിത്രയെങ്കിലും എഴുതാതിരിക്കാൻ പറ്റില്ല എന്ന് മനസു മന്ത്രിച്ചതിനാൽ മാത്രം എഴുതുന്നു ..സോറി! 1 സ്ത്രീയുടെ യോനീകവാടത്തിനു മരണംകൊണ്ടുപോലും "അടവു" വരുന്നില്ല എന്നത് പരമസത്യം (ശവശരീരത്തിലും രതിക്രിയ ആകാമെന്നു ക്രിമിനല്സ് നമുക്ക് കാണിച്ചുതന്നു ) 2.പുരുഷവേശ്യാവൃത്തി ലോകത്താകമാനം തിരഞ്ഞാൽ വെസ്റ്റ് ജെർമനിയിൽ മാത്രമേ ഞാൻ കണ്ടുമുള്ളൂ. 3 പുരുഷനെ ഒരുസ്ത്രീക്കും ബലാൽസംഗം ചെയ്യനുമാകില്ല .കാരണം അവന്റെ ലയ്ന്ഗീക ഉപകരണം ഉപയോഗപ്രദമാകുംവിധം ഉണരണമെങ്കിൽ അവൻറെ മനസു ഒന്നാമതായി പറഞ്ഞേതീരൂ ! കാമം മനസുമൂലം രക്തചങ്ക്രമം കൂട്ടി ,സ്പൊഞ്ചിന്റെ അറകൾ മാതിരിയുള്ള പുരുഷാവയവത്തിലേക്ക് കയറ്റുന്നതുകാരണം അത് ഉപയോഗപ്രദമാംവണ്ണം വളർന്നു വലുതാകുന്നു ! ആയതിനാൽ പ്രൊഫ്‌.മറ്റത്തിന്റെ ആ കണ്ടെത്തൽ നാം തിരിച്ചിട്ടു വയ്ക്കണം എന്നാണെന്റെ മതം "സ്ത്രീയാണ് "എവർ റെടി " , പുരുഷൻ മനസുമാകുന്നു ! .4.അല്മായശബ്ദത്തിൽ കയറിവിലസേണ്ട ഒരു രചനയാണോ ഇത് എന്നും ഈയുള്ളവന് നേരിയ സംശയം ഇല്ലാതില്ല ! എന്തായാലും ലേഖനം വായിച്ചപ്പോൾ ഒരു നീലപ്പടം ഒളിഞ്ഞു നിന്ന് കണ്ട പാരവശ്യം മനസിനെ അലട്ടാതിരുന്നില്ല ! പാവം കുഞ്ഞാടുകളും പെണ്നാടുകളും ഇടയപുങ്കന്മാരും, പോരാ കർത്താവിൻറെ മണവാട്ടിമാരും വായിച്ചാനന്ദിക്കട്ടെ.."മഹേശ്വർ മംഗളം ഭാവോ"

    ReplyDelete