Translate

Friday, February 7, 2014

ഇടയന്മാര്‍ക്കുള്ള ലേഖനം

ജോണി പ്ലാത്തോട്ടം 

ഫെബ്രുവരി 8 ശനി, 9 ഞായര്‍ എന്നീ ദിവസങ്ങളില്‍ രാവിലെ 9 മുതല്‍ വൈകിട്ട് 6 വരെ എറണാകുളത്തു ഹൈക്കോര്‍ട്ട് ജംങ്ഷനില്‍ ലാലന്‍ ടവറിനു മുന്നിലുള്ള 
കൊച്ചി കോര്‍പറേഷന്‍ വക സ്ഥലത്ത് നിര്‍മ്മിക്കുന്ന പന്തലില്‍ വെച്ച് നടത്തപ്പെടുന്ന 'കത്തോലിക്കാ അല്‍മായഅസംബ്ലി 2014' യുടെ പശ്ചാത്തലത്തിൽ  
ഈ ലേഖനം വായിക്കുക, പ്രചരിപ്പിക്കുക !
 
 
 
(ക്രിസ്തു ശിഷ്യരോട് ഒരിക്കല്‍ ചോദിച്ചു, തന്നെക്കുറിച്ച് ആളുകള്‍ എന്താണു പറയുന്നത് എന്ന്. എന്നാല്‍ ക്രിസ്തുസഭയിലെ ഇടയന്മാരകട്ടെ എഴുത്തോടെഴുത്തുതന്നെ. അവര്‍ വായിക്കാറില്ല. മറ്റുള്ളവര്‍ തങ്ങളെക്കുറിച്ച് എന്താണു പറയുന്നതെന്ന് അറിയാറുമില്ല. ഇതാ, എഴുത്തു തൊഴിലാളികളായ നമ്മുടെ ഇടയന്മാര്‍ അവശ്യം വായിക്കേണ്ട കാലത്തിന്റെ ചുവരെഴുത്ത്)

1
അരമനപ്രഭുക്കന്മാരേ നിങ്ങള്‍ അനുതപിക്കുവിന്‍
അല്‍മായരുടെ ചോര നീതിക്കുവേണ്ടി നിലവിളിക്കുന്നു
അവരുടെ സമ്പത്തു തിരികെക്കൊടുക്കുവിന്‍
അല്‍മായരുടെ മുതുകില്‍ നിന്നു നിങ്ങള്‍ താഴെയിറങ്ങുവിന്‍

2 അരമനകളുടെ ഐശ്വര്യം ശ്വാശ്വതമല്ല
മണിമന്ദിരങ്ങളും ആഡംബരപ്പള്ളികളും സുസ്ഥിരമല്ല
യരുശലോം ദേവാലയത്തോട് ദൈവം ചെയ്തതോര്‍ക്കുവിന്‍!

3 വചനപ്രഘോണങ്ങള്‍ പ്രഹസനമാക്കുന്നവരേ
വചനങ്ങളുടെ വായ്ത്തല നിങ്ങളുടെ നേര്‍ക്കു തിരിയും

4 മാര്‍പ്പാപ്പാ മാപ്പുപറയുന്നതാര്‍ക്കുവേണ്ടി?
മഹാപാപികളേ, മാനസാന്തരപ്പെട്ടുകൊള്ളുവിന്‍
അള്‍ത്താര ബാലകരുടെയും സന്യാസിനിമാരുടെയും ശാപം നിങ്ങളുടെ കുലം മുടിക്കും
തീയും ഗന്ധകവും നിങ്ങളുടെമേല്‍ പതിക്കും

5 കന്യാമഠങ്ങളില്‍ നിങ്ങള്‍ക്കെന്തു കാര്യം?
ക്രിസ്തുവിന്റെ മണവാട്ടികളെ തൊട്ടുകളിക്കുന്നോ?
അവരുടെ ശിരോവസ്ത്രം ചോരയില്‍ കുതിര്‍ന്നതെങ്ങിനെ?
ഞാറയ്ക്കലില്‍ നിങ്ങള്‍ നരകം സൃഷ്ടിച്ചില്ലേ?
തലോറില്‍ സഹവൈദികരെ തല്ലിയൊതുക്കി;
ദൈവത്തിന്റെ കോടതിയില്‍ നിങ്ങള്‍ ചെലവേറിയ
അഭിഭാഷകരെ വയ്ക്കുമോ?
ഭൂമിയില്‍ തന്നെ നിങ്ങള്‍ കണക്കു പറയേണ്ടിയും വരും.

6 നിങ്ങള്‍, തലചായ്ക്കാനിടം ലഭിച്ച ഒട്ടകത്തെപ്പോലെയല്ലയോ!
അന്യന്റെ മുതലുകള്‍ തിരികെക്കൊടുത്താല്‍
നിങ്ങളില്‍ ശേഷിക്കുന്നതെന്ത്?!

7 ദൈവജനത്തിനുമുന്നില്‍ കണക്കുവയ്ക്കുവിന്‍
രസീതികൊടുക്കുന്നതു ശീലമാക്കുവിന്‍
മിനിമം മാന്യത പരിപാലിക്കുവിന്‍

8 കറുത്ത കുര്‍ബ്ബാന ചൊല്ലിയതു നിങ്ങളിലൊരുവനല്ലേ?
അവന്‍ ദൈവശാസ്ത്രത്തില്‍ ഡോക്ടറേറ്റുള്ളവന്‍!
ആര്‍ത്തവരക്തത്താല്‍ അരമന വെഞ്ചരിച്ചവന്‍!!
തട്ടുങ്കന്മാര്‍ ഇനിയും നിങ്ങളിലില്ലെന്ന്
ഞങ്ങളെങ്ങനെയുറപ്പിക്കും?!
നാറ്റക്കഥകള്‍ക്കുമേല്‍ കുന്തിരിക്കം പുകയ്ക്കാതിരിക്കുവിന്‍
തട്ടുങ്കല്‍ മെത്രാനുകൊടുത്ത ശിക്ഷയെന്തെന്നു
ഞങ്ങളോടു പറയുവിന്‍
സമൂഹത്തിനുമുന്നില്‍ ഏറ്റുപറയുവിന്‍

9 ഉപദേശിക്കുവാന്‍ ഇപ്പോഴും നിങ്ങള്‍ക്ക്
ഉളുപ്പുതോന്നുന്നില്ലയോ?!
അറിവും നെറിവുമുള്ള അല്‍മായരില്‍നിന്ന്
നിങ്ങള്‍ ധ്യാനം കേള്‍ക്കുവിന്‍
അവരുടെ മുന്നില്‍ വിനയപ്പെടുവിന്‍

10 മാധ്യമങ്ങള്‍ക്കു മറവിരോഗമില്ല
വാര്‍ത്തകള്‍ മരിക്കുന്നുമില്ല
വേദികളില്‍ വെറുതെ വീമ്പിളക്കരുതേ
മറുജാതിക്കാരും പൊതുസമൂഹവും ഊറിച്ചിരിക്കുന്നു
നിങ്ങള്‍ മുക്കുപണ്ടങ്ങളെന്ന്
അവര്‍ അടക്കം പറയുന്നു
ഞങ്ങളുടെ തൊലി ഉരിഞ്ഞുപോകുന്നു, എന്നാല്‍
നിങ്ങളുടെ ചര്‍മ്മം ബലവത്താണല്ലോ!

11 പരിസ്ഥിതിയെക്കുറിച്ചു പറയാന്‍
നിങ്ങള്‍ക്കെന്തവകാശം?
കോഴിക്കൂടിനു കാവല്‍ കുറുക്കന്മാരോ!

12. മദ്യപന്മാരായ പുരോഹിതരെ പുറത്താക്കുവിന്‍
അബ്കാരികളുടെ കീശയില്‍നിന്ന്
കൈവലിക്കുവിന്‍
കള്ളുമണക്കുന്ന പിരിവുകള്‍
തിരികെകൊടുക്കുവിന്‍

13 പൗലോസിനെ ഉദ്ധരിച്ച് ഉറഞ്ഞുപ്രസംഗിക്കുന്നവരേ
വിശുദ്ധപൗലോസിനെ നിങ്ങള്‍ അനുസരിക്കാത്തതെന്ത്?
കാമത്താല്‍ എരിഞ്ഞുനടക്കുന്നതിലും
ഏകഭാര്യയുടെ ഭര്‍ത്താവാകുവിന്‍
മര്‍ത്യന്മാരെപ്പോലെ ജീവിച്ചുപോകുവിന്‍
ഏഴെഴുപതും എഴുന്നുറും ക്ഷമിച്ചു കഴിഞ്ഞു
അത്യുന്നതങ്ങളില്‍ അവന്‍ ചാട്ടവാറെടുക്കുന്നു!

No comments:

Post a Comment