Translate

Thursday, February 27, 2014

അവിശ്വസനീയമായ ഒരു സഹനകഥ

ഒ.കെ. ജോണി

ഓസ്‌ട്രേലിയക്കാരിയായ ഗെയ്‌ല്‍ ട്രെഡ്‌വെല്‍ എഴുതിയ വിശുദ്ധനരകം എന്ന പുസ്‌തകത്തെച്ചൊല്ലി കേരളത്തില്‍ നടക്കുന്ന വിവാദങ്ങള്‍ ആ പുസ്‌തകത്തിന്റെ പ്രമേയത്തോടു നീതിപുലര്‍ത്തുന്നതല്ല. അതൊരു ആത്മകഥയാണെന്ന വാസ്‌തവം വിസ്‌മരിച്ചുകൊണ്ടാണ്‌ പുസ്‌തകത്തിലെ ചില വെളിപ്പെടുത്തലുകളെ, ആര്‍ക്കെങ്കിലും എതിരെയുള്ള ആരോപണങ്ങളായി ചിലരെങ്കിലും ചിത്രീകരിക്കുന്നത്‌. ആത്മീയാന്വേഷണത്തിന്റെ ഭാഗമായി ഇന്ത്യയിലെത്തിയ ഒരു വിദേശവനിത, തന്റെ രണ്ടു പതിറ്റാണ്ടുകാലത്തെ ആശ്രമജീവിതത്തെക്കുറിച്ച്‌ പകയോ വിദ്വേഷമോ ഇല്ലാതെ വിവരിക്കുന്ന അവിശ്വസനീയമായ ഈ ആത്മകഥ ഒരസംബന്ധനോവല്‍പോലെ വിചിത്രവും വിസ്‌മയകരവുമാണ്‌. മറ്റാരെയെങ്കിലും കുറ്റപ്പെടുത്തുകയല്ല, തന്റെതന്നെ വിഡ്‌ഡിത്തങ്ങളെയും സഹനങ്ങളെയും നിസംഗതയോടെയും നര്‍മത്തോടെയും ആഖ്യാനംചെയ്യുകയാണ്‌ ഗ്രന്ഥകാരി. ഇരുപതുവര്‍ഷം താന്‍ സേവിച്ച ആശ്രമത്തെക്കുറിച്ചും അവിടുത്തെ വ്യക്‌തികളെക്കുറിച്ചുമുള്ള പരാമര്‍ശങ്ങളില്‍ ഒരിടത്തും കുറ്റാരോപണത്തിന്റെ ലാഞ്ചനപോലുമില്ല. ആശ്രമത്തിലെ പ്രധാനിയായ ഒരു സന്യാസിയുടെ ബലാത്സംഗത്തിന്‌ ആവര്‍ത്തിച്ച്‌ വിധേയയായതിനെക്കുറിച്ചുപോലും പരാതിയുടെ സ്വരത്തിലല്ല സംസാരിക്കുന്നത്‌. പിന്നിട്ട ദുരനുഭവങ്ങളെ നിസംഗമായി ഓര്‍ത്തെടുക്കുക മാത്രമാണ്‌ ഗെയ്‌ല്‍. ആത്മപീഡനത്തിലൂടെ ആത്മീയാനുഭൂതിയില്‍ എത്തിച്ചേരാമെന്ന്‌ തെറ്റിദ്ധരിച്ച നിഷ്‌കളങ്കയായ ഒരു യുവതിയുടെ സത്യസന്ധമായ സഹനകഥയാണിത്‌. പരനിന്ദയല്ല, ആത്മപരിഹാസമാണ്‌ ഈ ആത്മകഥയുടെ സവിശേഷത. എന്നിട്ടും അതിനെതിരേ വാളെടുക്കുന്നവരുടെ താല്‍പര്യം വ്യക്‌തമാണ്‌. സത്യം മൂടിവെക്കുക എന്നതാണത്‌.

പൗരസ്‌ത്യചിന്തകളിലും വിവിധങ്ങളായ ഇന്ത്യന്‍ മതദര്‍ശനങ്ങളിലും തത്വചിന്തയിലും, ആത്മീയതയായി കരുതപ്പെടുന്ന ആചാരാനുഷ്‌ഠാനങ്ങളിലും അന്ധവിശ്വാസങ്ങളിലും ആള്‍ദൈവങ്ങളിലും ആകൃഷ്‌ടരായി ഇവിടെയെത്തുന്ന വിദേശികളിലേറെയും നിക്ഷിപ്‌തതാല്‍പര്യക്കാരായ ആധ്യാത്മികവ്യാപാരികളുടെ കെണിയിലാണ്‌ അകപ്പെടാറുള്ളത്‌. അവരിലൊരാളാണ്‌ താനെന്ന തിരിച്ചറിവ്‌ നീണ്ട ഇരുപത്‌ വര്‍ഷങ്ങള്‍ക്കുശേഷമാണ്‌ ഗെയ്‌ല്‍ എന്ന വിദേശവനിതയ്‌ക്കുണ്ടായതെന്നോര്‍ക്കുമ്പോള്‍ ആരും അമ്പരക്കും. പുസ്‌തകത്തിലെ വെളിപ്പെടുത്തലുകളേക്കാള്‍ എന്നെ അമ്പരപ്പിച്ചത്‌, സന്യാസിനിയായിരുന്ന ഗ്രന്ഥകാരിയുടെ രണ്ടുപതിറ്റാണ്ടുകാലം നീണ്ട സ്വയംപീഡനോത്സുകമെന്ന്‌ വിശേഷിപ്പിക്കാവുന്ന മനോഭാവമാണ്‌. ജീവിതത്തെയും പ്രപഞ്ചത്തെയും കുറിച്ചുള്ള ദാര്‍ശനികമായ കാഴ്‌ചപ്പാടില്ലാത്ത ഇത്തരം ദുര്‍ബലമനസുകളാണ്‌ അവരോളംതന്നെ നിസാരരായ ഏത്‌ ആള്‍ദൈവങ്ങളുടെയും സമ്പത്ത്‌. ഭൗതികാസക്‌തികളോടു വിടപറയാനാഗ്രഹിച്ചും ആത്മീയോല്‍ക്കര്‍ഷം തേടിയും എത്തുന്ന പാശ്‌ചാത്യരിലൂടെയാണ്‌ ഭക്‌തിയുടെയും ആധ്യാത്മികതയുടെയും പേരിലുള്ള കപടസംഘങ്ങള്‍ വിദേശരാജ്യങ്ങളിലേക്കു പടരുന്നത്‌. സായിപ്പിനെയും മദാമ്മയെയും പാദസേവകരായി അരങ്ങില്‍ പ്രദര്‍ശിപ്പിച്ചുകൊണ്ട്‌ നാടന്‍ഭക്‌തരെ ആകര്‍ഷിച്ച്‌ അടിമകളാക്കാനും ഇക്കൂട്ടര്‍ക്കു കഴിയുന്നുണ്ട്‌.

മതത്തിന്റെയും ആത്മീയതയുടെയും ജീവകാരുണ്യപ്രവര്‍ത്തനങ്ങളുടെയും മറ്റും മറവില്‍ പടര്‍ന്നു പന്തലിക്കുന്ന വാണിജ്യസ്‌ഥാപനങ്ങള്‍ വെറും കച്ചവടകേന്ദ്രങ്ങള്‍ മാത്രമല്ല, പലതരം വര്‍ഗീയതകളുടെയും വളര്‍ത്തുകേന്ദ്രങ്ങള്‍കൂടിയാണ്‌. എല്ലാ മതങ്ങളുടെയും മറവില്‍ ഇതുപോലുള്ള പ്രവര്‍ത്തനങ്ങള്‍ നടക്കുന്നുണ്ട്‌. അത്ഭുതരോഗശാന്തി ശുശ്രൂഷകള്‍പോലുള്ള തട്ടിപ്പുകളിലൂടെ അന്ധവിശ്വാസം വളര്‍ത്തുന്ന ക്രിസ്‌തീയസഭകള്‍ പുരോഗമനകേരളത്തിലും സജീവമാണ്‌.
മതസ്വാതന്ത്ര്യത്തിന്റെ പേരില്‍ വിവിധമതസ്‌ഥാപനങ്ങള്‍ നടത്തുന്ന പലതരം അതിക്രമങ്ങള്‍ക്കും നിയമലംഘനങ്ങള്‍ക്കും നേരെ ഭരണകൂടങ്ങളും കണ്ണടയ്‌ക്കാറാണു പതിവ്‌. വാസ്‌തവത്തില്‍, മതേതരത്വം എന്ന ഭരണഘടനാസങ്കല്‍പ്പത്തെ അട്ടിമറിച്ചു വിവിധമതങ്ങളുടെ ആധിപത്യം ഉറപ്പിക്കാനുള്ള നീക്കങ്ങള്‍ക്കാണ്‌ രാഷ്ര്‌ടീയപ്പാര്‍ട്ടികളും ഭരണകൂടങ്ങളും കൂട്ടുനില്‍ക്കുന്നത്‌. മതേതര-ജനാധിപത്യത്തെ വര്‍ഗീയതയുടെ വിളഭൂമിയാക്കുന്ന ഈ പ്രവണതയ്‌ക്കെതിരേ പുരോഗമനപ്രസ്‌ഥാനങ്ങളും പ്രതികരിക്കുന്നില്ല.

ഗെയിലിന്റെ ആത്മകഥ ഒരു ഭക്‌തയുടെയും മുന്‍ സന്യാസിനിയുടെയും അനുഭവ വിവരണം മാത്രമാണത്‌. 1980-ല്‍ കാമുകനോടൊപ്പം ഏഷ്യന്‍ രാജ്യങ്ങളില്‍ തീര്‍ഥാടനത്തിന്‌ പുറപ്പെട്ട ഗെയ്‌ല്‍ ട്രെഡ്‌വെല്‍ തിരുവണ്ണാമലയിലെ രമണമഹര്‍ഷിയുടെ ആശ്രമത്തിലാണ്‌ ആധ്യാത്മികാന്വേഷണം തുടങ്ങിയത്‌്. രമണമഹര്‍ഷിയെപ്പോലെ ഉന്നതനായ ഒരു ദാര്‍ശനികന്റെ ആശ്രമം ഉപേക്ഷിച്ചാണ്‌ ഈ മദാമ്മ, ആത്മീയമായ ഔന്നത്യവും മോക്ഷവും തേടി കേരളത്തിലെ ഒരു മുക്കുവക്കുടിലില്‍ ദാസിയായെത്തിയതെന്നതാണ്‌ വിചിത്രം. ജിദ്ദു കൃഷ്‌ണമൂര്‍ത്തിയെയും ഓഷോ എന്നറിയപ്പെടുന്ന രജനീഷിനെയും രമണ മഹര്‍ഷിയെയും അരബിന്ദോയെയും പോലുള്ള വലിയ ചിന്തകന്മാരുടെ മഹദ്‌പാരമ്പര്യമുള്ള ഒരു നാട്ടില്‍ തത്വാന്വേഷണവും സ്വത്വാന്വേഷണവുമായെത്തുന്നവരെ കെണിയിലകപ്പെടുത്താന്‍ തക്കംപാര്‍ത്തിരിക്കുന്നവര്‍ എവിടെയുമുണ്ട്‌. തിരുവണ്ണാമലയില്‍വെച്ച്‌ യാദൃച്‌ഛികമായി പരിചയപ്പെട്ട മലയാളിയായ ഒരു അമ്മഭക്‌തനാണ്‌ ഗെയ്‌ലിനെ സുധാമണിയെന്ന യുവതിയുടെ ദാസീപദത്തിലേക്ക്‌ തന്ത്രപരമായി നയിച്ചത്‌. സാക്ഷാല്‍ ശ്രീകൃഷ്‌ണനായും ദേവിയായും വേഷപ്പകര്‍ച്ചപ്രാപിക്കുന്ന ഒരു ഗ്രാമീണ യുവതിയെ ഗുരുവായി സ്വയംവരിച്ച്‌ അവളെ പരിചരിക്കാനായിരുന്നു ഗെയ്‌ലിന്റെ നിയോഗം.
ഒരു കടലോരഗ്രാമത്തിന്റെയും ഗ്രാമീണരുടെയും സത്യസന്ധമായ ചിത്രമാണ്‌ ഗെയ്‌ല്‍ പുസ്‌തകത്തിന്റെ ആദ്യഭാഗത്ത്‌ വരച്ചിടുന്നത്‌. കടലോരത്തെ കുടിലില്‍നിന്ന്‌ വളര്‍ന്ന ഒരു മഠത്തിന്റെയും അതിന്റെ അധിപയുടെയും പരിണാമകഥയ്‌ക്ക് മൂകസാക്ഷിയായ വിദേശവനിതയുടെ ഈ അനുഭവവിവരണം, അതെഴുതിയ സ്‌ത്രീയുടെ നിഷ്‌കളങ്കതയെയാണ്‌ വെളിപ്പെടുത്തുന്നത്‌. ശരാശരിയോളമെത്തുന്ന ദാര്‍ശനികബോധമോ സാമാന്യവിദ്യാഭ്യാസമോപോലും ഇല്ലാത്ത ഒരു ഗ്രാമീണയുവതിയെ ഗുരുവായി സങ്കല്‍പ്പിച്ച്‌ പരിചരിക്കുന്നതിലൂടെ ആത്മീയപൂര്‍ത്തി കൈവരിക്കാമെന്ന്‌ കരുതിയ മദാമ്മയുടെ മാനസികാവസ്‌ഥയോട്‌ വായനക്കാര്‍ക്ക്‌ സഹതാപമാണ്‌ തോന്നുക. മാനസികാടിമത്തത്തിന്റെ പാരമ്യതയാണത്‌.
ഒരു വ്യക്‌തി ആള്‍ദൈവമായി രൂപാന്തരപ്രാപ്‌തി നേടുന്നതിന്റെയും ഒരു മുക്കുവക്കുടില്‍ രാജ്യാന്തരതലത്തില്‍ കോടികളുടെ ആസ്‌തിയും ലക്ഷക്കണക്കിന്‌ അനുയായികളുമുള്ള സാമ്രാജ്യമായി വളര്‍ന്നതിന്റെയും അതിശയോക്‌തിയില്ലാത്ത ദൃക്‌സാക്ഷിവിവരണമാണ്‌ ഗെയ്‌ലിന്റെ മനോഹരമായ പുസ്‌തകം. നമ്മുടെ സമൂഹത്തിന്റെ കാപട്യങ്ങളിലേക്കും ആധ്യാത്മിക കച്ചവടത്തിന്റെ ഉള്ളറകളിലേക്കും വെളിച്ചംവീശുന്ന ഒരു രേഖയുമാണത്‌.

പ്രസിദ്ധീകൃതമായ ഒരു പുസ്‌കത്തിന്റെ ഉള്ളടക്കത്തെക്കുറിച്ച്‌ അതിന്‌ പശ്‌ചാത്തലമായ കേരളത്തില്‍ ചര്‍ച്ചയുണ്ടാവുന്നത്‌ സ്വാഭാവികമാണ്‌. എന്നാല്‍, കേരളത്തിലെ ഭൂരിപക്ഷം മുഖ്യധാരാ മാധ്യമങ്ങളും ആ ചര്‍ച്ചയെ തമസ്‌കരിക്കുകയായിരുന്നു. റിപ്പോര്‍ട്ടര്‍, ഇന്ത്യവിഷന്‍ എന്നീ ചാനലുകളും മംഗളം, മാധ്യമം എന്നീ ദിനപത്രങ്ങളും മാത്രമാണ്‌ ഇതേക്കുറിച്ച്‌ ചര്‍ച്ചചെയ്യാന്‍ ധൈര്യം പ്രകടിപ്പിച്ചത്‌. മതവികാരം ഇളക്കിവിടാനാണ്‌ ഈ ചര്‍ച്ചയെന്ന മതനേതാക്കളുടെ പ്രസ്‌താവനകള്‍ക്ക്‌ പത്രങ്ങള്‍ ഇടം നല്‍കുകയുംചെയ്‌തു. ഏത്‌ മതം? വള്ളിക്കാവില്‍ നമ്മളറിയാത്ത ഏതെങ്കിലും പുതിയ മതമുണ്ടോ? കരുനാഗപ്പള്ളി പൊലീസും വള്ളിക്കാവിലെ ആശ്രമവും വിചാരിച്ചാല്‍ കേരളത്തില്‍ ഒരു അപ്രഖ്യാപിത അടിയന്തരാവസ്‌ഥ സൃഷ്‌ടിക്കാനാവുമോ എന്ന പരീക്ഷണമാണ്‌ നടക്കുന്നത്‌. മുന്‍നിര മലയാള ദേശീയ മാധ്യമങ്ങള്‍ അടിയന്തരാവസ്‌ഥക്കാലത്തേതുപോലെ ലജ്‌ജയില്ലാതെ മുട്ടിന്മേലിഴയുകയാണ്‌. പുരോമനകേരളത്തിന്റെ ജിഹ്വകള്‍! സോഷ്യല്‍ മീഡിയയില്‍ ഈ വിഷയത്തെക്കുറിച്ച്‌ എഴുതുന്നവര്‍ക്കെതിരേ പൊലീസിനെ ഉപയോഗിച്ച്‌ ഭീഷണിപ്പെടുത്തുന്നുമുണ്ട്‌. പൊലീസും ക്വട്ടേഷന്‍ സംഘങ്ങളും സ്വന്തം വരുതിയിലുള്ളവരെപ്പേടിച്ച്‌ മലയാളികള്‍ നാവടക്കണമെന്ന വാശി ആധ്യാത്മികതയുടെയും ജനാധിപത്യത്തിന്റെയും രീതിയല്ലെന്നേ പറയാനുള്ളൂ.

ആ പുസ്‌തകത്തെക്കുറിച്ച്‌ സംസാരിക്കുന്നവരെത്തന്നെ ശിക്ഷിക്കുമെന്ന ആഭ്യന്തരമന്ത്രിയുടെയും ആശ്രമത്തിന്റെയും ഭീഷണിയെ, മലയാളികള്‍ പരമപുച്‌ഛത്തോടെയേ കാണൂ. മതനേതാക്കളും മന്ത്രിപുംഗവന്മാരും മാധ്യമങ്ങളും ആള്‍ദൈവങ്ങളുമടങ്ങുന്ന മാഫിയാസംഘത്തിനുമുന്നില്‍ മലയാളികള്‍ അവരുടെ ജനാധിപത്യാവകാശങ്ങള്‍ അടിയറവെക്കുമെന്ന്‌ കരുതുന്നവര്‍ വിഡ്‌ഢികളുടെ സ്വര്‍ഗത്തിലാണ്‌. അഥവാ, വിശുദ്ധനരകത്തിലാണ്‌. അവരെ ദൈവത്തിനെന്നല്ല, നിയമത്തിനുപോലും രക്ഷിക്കാനാവില്ല. ചരിത്രം നല്‍കുന്ന പാഠമതാണ്‌.
- See more at: http://www.mangalam.com/opinion/153421#sthash.bGswMpie.dpuf

7 comments:

 1. ഈ ജീവിതാനുഭവം ഇവിടെ കൊടുക്കുന്നത്, സമാനമായ എത്രയെത്ര അരുതായ്കകൾ നമ്മുടെതന്നെ മതത്തിലും പള്ളികളിലും നടന്നുകൊണ്ടിരിക്കുന്നു എന്നോർമപ്പെടുത്താനാണ്. ആരോഗ്യകരമായ വിശ്വാസത്തെക്കാൾ ബുദ്ധിമാന്ദ്യമാണ് നമ്മുടെ വീടുകളിലെ സ്ത്രീകളെയും, പലപ്പോഴും പുരുഷന്മാരെയും ദിവസം രണ്ടുതവണയൊക്കെ പള്ളിയിലെയ്ക്കെടുക്കുന്നത്‌. വീട്ടുജോലികളും ഉത്തരവാദിത്വങ്ങളും ഉപേക്ഷിച്ച് എന്ത് സായൂജ്യമാണിവർ പള്ളിക്കുള്ളിൽ തേടുന്നത്? ഗൈലിന്റെ കാര്യത്തിലെന്നപോലെ, ആത്മീയതയുടെ പേരില്‍ എന്തെല്ലാം കൊള്ളരുതായ്മ നമ്മുടെ നാട്ടില്‍ നടക്കുന്നു. ആരും ഇതൊന്നും ചിന്തിയ്കാന്‍ മേനക്കെടാറില്ല. ഒരു സുപ്രഭാതത്തില്‍ ഒരാള്ദൈവം. പിന്നെ കോടികളുടെ ആസ്തി, വിദേശ യാത്രകള്‍, അനുയായികള്‍, സ്ഥപനങ്ങള്‍ ... , എന്തെല്ലാം ഇവിടെ തൊട്ടടുത്തുപോലും നടക്കുന്നു. മനുഷ്യര്‍ എന്നാണ് ഇതില്‍നിന്നൊക്കെ മുക്തരാകുക? കോടികളുടെ വിദേശസഹായമിലലാതെ പരസ്പരം സേവനം ചെയ്യാമെന്ന് നമ്മുടെ മെത്രാന്മാർ എന്തുകൊണ്ട് മനുഷ്യർക്ക്‌ കാണിച്ചുകൊടുക്കുന്നില്ല?

  മതത്തിന്റെയും ആത്മീയതയുടെയും ജീവകാരുണ്യപ്രവര്‍ത്തനങ്ങളുടെയും മറ്റും മറവില്‍ പടര്‍ന്നു പന്തലിക്കുന്ന വാണിജ്യസ്‌ഥാപനങ്ങള്‍ വെറും കച്ചവടകേന്ദ്രങ്ങള്‍ മാത്രമല്ല, പലതരം വര്‍ഗീയതകളുടെയും വളര്‍ത്തുകേന്ദ്രങ്ങള്‍കൂടിയാണ്‌. എല്ലാ മതങ്ങളുടെയും മറവില്‍ ഇതുപോലുള്ള പ്രവര്‍ത്തനങ്ങള്‍ നടക്കുന്നുണ്ട്‌. അത്ഭുതരോഗശാന്തി ശുശ്രൂഷകള്‍പോലുള്ള തട്ടിപ്പുകളിലൂടെ അന്ധവിശ്വാസം വളര്‍ത്തുന്ന ക്രിസ്‌തീയസഭകള്‍ പുരോഗമനകേരളത്തിലും സജീവമാണ്‌.

  Tel. 9961544169 / 04822271922  --
  Tel. 9961544169 / 04822271922

  ReplyDelete
 2. വിശുദ്ധ നരകത്തിലേക്ക് പലരും കയറുന്നതും കണ്ടു ഇറങ്ങുന്നതും കണ്ടു. സത്യം പറയട്ടെ, ഇതിലൊന്നും എനിക്കൊരു പുതുമയോ പ്രത്യേകതയോ കാണാന്‍ കഴിയുന്നില്ല. ആത്മീയ ഫാസ്റ്റ് ഫുഡ് തട്ടുകടകളില്‍ ദോശ ഉണ്ടാക്കുന്നവരെല്ലാം തന്നെ തട്ടിപ്പ് നടത്താറുണ്ട്‌. അല്ലാത്തവരും ഉണ്ടാവാം എന്ന് ഒരുകാലത്തു ഞാന്‍ കരുതിയിരുന്നു. സാദ്ധ്യത കുറവാണെന്ന് ഇന്ന് തോന്നുന്നു. ഒരു ഗുരു എങ്ങിനെയിരിക്കണമെന്ന് യേശു കാണിച്ചും പറഞ്ഞും തന്നു. ആ ഗുരു ഒരു നാണയം പോലും കൈകൊണ്ട് തൊട്ടതായി ആരും ആരോപിച്ചിട്ടില്ല, ഒരു അത്ഭുതത്തിന് പോലും പ്രതിഫലം വാങ്ങുകയോ ആരുടെയെങ്കിലും കൈയ്യില്‍ കൊടുക്കാന്‍ പറയുകയോ തത്തുല്യമായ തുക എന്തിനെങ്കിലും വേണ്ടി ചിലവഴിക്കണമെന്നു നിര്‍ദ്ദേശിക്കുകയോ ചെയ്തിട്ടില്ല. ഭാരതത്തിലെ ഒരു സദ്‌ ഗുരുവും പണത്തിനു വേണ്ടി അറിവിനെയോ സിദ്ധികളെയോ വിറ്റിട്ടില്ല. ഇടപാടുകളില്‍ പണം ഉള്‍പ്പെട്ടിട്ടുണ്ടോ അത് വഴി ആരും വളര്‍ച്ചയിലേക്ക് പോകില്ല.
  ശ്രി ശ്രി രവിശങ്കര്‍ ഒരിക്കല്‍ ആര്‍ട്ട് ഓഫ് ലിവിംഗ് അഡ്വാന്‍സ്ട് കോഴ്സില്‍ ആവശ്യപ്പെട്ടത് കൊക്കോ കോളാ, പെപ്സികള്‍ ഒഴിവാക്കുക, ടൈ കഴുത്തില്‍ കെട്ടാതിരിക്കുക, ജനഗണമന മാറ്റി വന്ദേമാതരം ആക്കുക എന്ന മൂന്നു നിര്‍ദ്ദേശങ്ങളാണ്. ഓരോന്നിനും അദ്ദേഹത്തിനു ന്യായീകരണങ്ങള്‍ ഉണ്ടായിരുന്നു. അത് കേട്ടിരുന്ന ഞാന്‍ എന്നോട് ചോദിച്ചു, 'ഇപ്പറഞ്ഞത്‌ ആത്മീയതയിലേക്കുള്ള വഴിയോ അതോ BJP യിലേക്കുള്ള വഴിയോ?' BJP യിലെക്കുള്ളതായിരുന്നെന്ന് ഇന്ന് ആര്‍ക്കും അറിയാം. അന്ന് ഞാന്‍ ആ ഗുരുവിനോട് വിടപറഞ്ഞു. മരുന്ന് കഴിച്ചിട്ട് കുപ്പി കളയാന്‍ എനിക്ക് മനസ്സായിരുന്നു. പക്ഷെ അങ്ങിനെ പോകുന്നതല്ല ഇന്നത്തെ കുപ്പികള്‍. വളരെ സൂക്ഷിച്ച് കൈകാര്യം ചെയ്യേണ്ടവര്‍ തന്നെയാണ് ഇന്നത്തെ ഗുരുക്കന്മാര്‍. പൂര്‍ണ്ണമായും നല്ലവരെന്നു നാം അവരെ കരുതുന്നുവെങ്കില്‍ അവരുടെ സ്ഥാനം ഭൂമിയിലല്ല സ്വര്ഗ്ഗത്തിലായിരിക്കുമെന്നും ഇവിടെ കൂനിക്കൂടി നടക്കേണ്ടി വരില്ലായെന്നും കൂടി നാം കാണണം.
  നമ്മുടെ ഈ യാത്ര നാശത്തിലെക്കാണെന്നു പ്രത്യേകം പറയേണ്ടതുണ്ടോ? ഐന്സ്ടെയിന്‍ പറഞ്ഞു, ലോകത്തിന്‍റെ നാശം അധര്‍മ്മം പ്രവൃത്തിക്കുന്നവരാലല്ല സംഭവിക്കുക, മറിച്ച്, അധര്‍മ്മം കണ്ടിട്ടും പ്രതികരിക്കാതിരിക്കുന്നവര്‍ മൂലമായിരിക്കുമെന്ന്. അധര്‍മ്മത്തില്‍ മുഖം അമര്‍ത്തിയവര്‍ക്ക് സദ്‌ ബുദ്ധി ഉണ്ടാകാനും ഇടയില്ല. ഏതക്രമവും കാണിക്കുന്നവര്‍ അവരുടെ മനസാക്ഷി അനുസരിച്ചാണ് അവ ചെയ്യുന്നതെന്ന് ഓര്‍ക്കുക. അവര്‍ക്ക് അവരുടെതായ ന്യായീകരണ ങ്ങളുമുണ്ടാവും. എന്‍റെ ഇഷ്ടമല്ല അവിടുത്തെ ഇഷ്ടമാണ് ഇവിടെ അന്വേഷിക്കെണ്ടതെന്ന് യേശു പഠിപ്പിച്ചല്ലോ. ആദ്യം അവിടുത്തെ ഇഷ്ടം, അവിടുത്തെ മന:സാക്ഷി എന്താണ് ആവശ്യപ്പെടുന്നതെന്ന് മനസ്സിലാക്കുക മുന്നോട്ടു പോവുക, അപ്പോള്‍ മാത്രമേ എല്ലാം ശരിയാവൂ. അല്ലാത്തതോന്നും ദൈവത്തില്‍ നിന്ന് വരുന്നതല്ല.

  ReplyDelete
 3. "സ്വന്തം കണ്ണിൽ കോലിരിക്കെ സഹോദരൻറെ കണ്ണിലെ കരടു " നീക്കുന്നവനെക്കുറിച്ചു ബൈബിളിലുള്ളതിനാൽ , അഭയാക്കേസുഡയറിയും, കത്തനാരന്മാരു കടിച്ചുകീറിയ കന്യാസ്ത്രീ എഴുതിയ 'ആമ്മേൻ "പുസ്തകവും വായിച്ച കേരളത്തിലെ അച്ചായനിതിൽ ഒന്നും പറയാതിരിക്കുകയാണഭികാമ്യം ! ഓസ്‌ട്രേലിയക്കാരിയായ ഗെയ്‌ല്‍ ട്രെഡ്‌വെല്‍ ഇതിനായി കായംകുളം വരെ വരാതെ , സ്വന്തനാട്ടിൽ ഏതെങ്കിലും കന്യാമഠത്തിൽ കൂടിയാൽപോരായിരുന്നോ ഇതിലും നേരത്തെ ഇതിലും ഉഗ്രൻ പുസ്തകം എഴുതാമായിരുന്നല്ലോ ! പക്ഷെ അവിടിതാരു വായിക്കാൻ? freesex ഇൽ phd എടുത്ത "അച്ചായനാടുകൾ " ! വിട്ടുകള .. ....

  ReplyDelete
 4. കത്തോലിക്കാസഭ വഴി തെളിച്ചുകൊടുത്ത ‘വിശുദ്ധ നരകം’
  നരകം പാപികള്‍ക്കുള്ളതാണ്…… അതുകൊണ്ട് നരകം വിശുദ്ധമാണെങ്കിലും അല്ലെങ്കിലും യുക്തിഭദ്രമായി ചിന്തിക്കുന്നവര്‍ ചറപറ കല്ലെറിയട്ടെ. ഗെയില്‍ ട്രെഡ്വല്‍ എന്ന ഓസ്ട്രേലിയക്കാരിയായ മുന്‍ സന്യാസിനി ചൂണ്ടിക്കാണിച്ച വിശുദ്ധ നരകത്തിലേക്ക് മാത്രമേ കല്ലെറിയു എന്നാരും വാശിപിടിക്കരുത്.
  2009-ല്‍ ആണ് അമേന്‍ എന്ന പുസ്തകം പുറത്തിറങ്ങിയത്. കത്തോലിക്കാസഭയില്‍ നടക്കുന്ന നരകകിരാത അനുഭവങ്ങളെ കുറിച്ച് സിസ്റ്റര്‍ ജസ്മി ‘അമേന്‍’ എഴുതിയ കാലത്ത് ഫെയിസ്ബുക്ക് ഇത്രയും ജനകീയമായിട്ടില്ല എന്നത് ശരി തന്നെ. ഇപ്പോഴും വൈകിയിട്ടില്ല. വിശുദ്ധ നരകത്തിലോട്ട് നാല് കല്ലെറിയുമ്പോള്‍ സിസ്റ്റര്‍ ജസ്മി പറഞ്ഞ ആ നരകത്തിലോട്ട് ഒരെണ്ണം എങ്കിലും എറിയൂ. ഭൂരിപക്ഷ ആത്മീയ നരകത്തിനുള്ളത് ഭൂരിപക്ഷത്തിനു… ന്യൂനനപക്ഷ ആത്മീയ നരകത്തിനുള്ളത് ന്യൂനപക്ഷത്തിനു.നമ്മള്‍ മലയാളികള്‍ താമസിക്കുന്നയിടം ഭ്രാന്താലയം ആണ് എന്ന് സ്വാമിവിവേകാനന്ദന്‍ പറഞ്ഞിട്ട് അധികകാലം ആയില്ല. ഭ്രാന്ത് വന്ന മനുഷ്യര്‍ക്ക് അത് വീണ്ടും വരാന്‍ സാധ്യത കൂടുതലാണ്. പണ്ട് ചാതൂര്‍വര്‍ണ്യഭ്രാന്തായിരുന്നു. ഇപ്പോള്‍ ഇളകിയിരിക്കുന്ന ഭ്രാന്ത് കുറച്ചു കൂടിയ ഇനമാണ്.
  ഇതിനു തുടക്കംകുറിച്ചത് സുധാമണിയും കൂട്ടരും ആണ് എന്ന് ധരിക്കരുത്. രോഗശാന്തി, ധ്യാനം, പോട്ടമോഡല്‍, സന്യാസജീവിതം തിരഞ്ഞെടുത്ത സ്ത്രീകളെ താമസിപ്പിക്കാന്‍ മഠങ്ങള്‍, അനാഥമന്ദിരങ്ങള്‍, വിദേശസഹായം. ഇത്രയുമൊക്കെ ആയിക്കഴിഞ്ഞാല്‍ പിന്നെ കടകള്‍ തുറന്നു കച്ചവടം ആരംഭിക്കാം. വിദ്യാഭ്യാസകച്ചവടം, ആതുരസേവന കച്ചവടം, ഭൂമികച്ചവടം.ഇതിനൊക്കെ തുടക്കം കുറിച്ചത് കേരളത്തിലെ ക്രൈസ്തവസഭകളാണ്.

  ReplyDelete
 5. പിന്നെ ഇതിനെയൊക്കെ ആരെങ്കിലും ചോദ്യം ചെയ്താല്‍ പിതാവിനെ ആക്ഷേപിച്ചു എന്ന് ക്രൈസ്തവര്‍ ആദ്യം പറഞ്ഞു. അമ്മയെ ആക്ഷേപിച്ചു എന്ന് അമൃതാ ശിഷ്യര്‍ പിന്നിട് പറഞ്ഞു. ആ പല്ലവി ഇപ്പോള്‍ കൂടുതല്‍ പറയുന്നതും അമൃത ശിഷ്യര്‍ തന്നെ. പോരാത്തതിന് മാനഹാനി ഉണ്ടാക്കി എന്ന് പറഞ്ഞു ഗോതുമ്പുണ്ട തീറ്റിക്കാന്‍ നോക്കുന്ന കാര്യത്തിലും വിശുദ്ധ നരകത്തിനു വഴികാട്ടിയായത് ക്രൈസ്തവ സഭകള്‍ തന്നെയാണ്. ഓര്‍ക്കുന്നില്ലേ മുംബയില്‍ ‘വിശുദ്ധ കണ്ണുനീര്‍ ‘ഉണ്ടായത് മോശം പ്ലംബിംഗ് മൂലം സംഭവിച്ചതാണ് എന്ന് തെളിയിച്ചതിനു സനല്‍ ഇടമറുകിന് എതിരെ നാട് നീളെ നടന്നു കേസ് കൊടുത്തത്.ഇവരുടെയൊക്കെ കച്ചവടസ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്നവര്‍ അമ്മയുടെ അല്ലെങ്കില്‍ അച്ചന്‍റെ സേവകര്‍ മാത്രമാണ്. അതുകൊണ്ട് ശമ്പളം ഒന്നും കൂടുതല്‍ ചോദിക്കരുത്. ചോദിച്ചാല്‍ കോതമംഗലത്തെ ആശുപത്രിയില്‍ സംഭവിച്ചത് പോലെയുള്ള അനുഭവം ആയിരിക്കും. പാവപ്പെട്ട കുടുംബത്തിലെ നേഴ്സുമാര്‍ കെട്ടിടടത്തിന്റെ മുകളില്‍ നിന്നും ചാടിചാകും എന്ന് പറഞ്ഞ് ആത്മഹത്യ ചെയ്യാന്‍ നിന്നപ്പോഴും നയാ പയിസ കൂട്ടി കൊടുക്കില്ല എന്ന് ദൈവത്തെ സാക്ഷിനിര്‍ത്തി ആണയിട്ടു .ഒടുവില്‍ പ്രതിപക്ഷ നേതാവും നാട്ടുകാരും ഒക്കെ ചേര്‍ന്ന് വടി വെട്ടിയപ്പോഴാണു മനുഷ്യത്വം ഉണര്‍ന്നത്.
  ആ കാര്യത്തില്‍ ഭൂരിപക്ഷ അത്മിയകച്ചവടക്കാര്‍ നല്ല അന്തസ്സുള്ള പെരുമാറ്റം ആയിരുന്നു. കോതമംഗലത്ത് ന്യൂനപക്ഷ അത്മീയക്കാര്‍ ചെയിതപോലെ ആത്മഹത്യയിലേക്ക് ഒന്നും തള്ളി വിടാന്‍ നോക്കിയില്ല. ചര്‍ച്ചക്ക് വന്നപാടെ കയ്യും, കാലും, നടുവും, തല്ലിയോടിച്ചു. അത് കൊണ്ട് അവര്‍ ആത്മഹത്യ ചെയ്യാന്‍ മാത്രമല്ല എഴുനേറ്റു നടക്കാന്‍ പോലും ശ്രമിച്ചില്ല. അല്ലെങ്കില്‍ തന്നെ നരകത്തില്‍ ചെന്ന് ശമ്പളം കൂട്ടി ചോദിച്ചാലുള്ള അവസ്ഥ വിശ്വാസികളോട് വിശദീകരിക്കേണ്ട കാര്യം ഇല്ലല്ലോ.

  കേരളത്തെ വീണ്ടും വിശുദ്ധ നരകമാക്കി തീര്‍ത്തതില്‍ കേരളത്തിലെ ക്രൈസ്തവ സഭകള്‍ക്ക് പ്രത്യേകിച്ച് കത്തോലിക്കാസഭയുടെ പുത്തന്‍കൂറ്റുകാരായ നേതാക്കള്‍ക്ക് വലിയ പങ്കുണ്ട്. ഇന്ന് അമൃതാനന്ദമയി നടത്തുന്ന മിക്കവാറും എല്ലാ കച്ചവടങ്ങള്‍ക്കും മുന്‍പേ നടന്നു വഴിവെട്ടി കൊടുത്തത് കേരളത്തിലെ ക്രൈസ്തവസഭകള്‍ ആണ്. വിദേശസഹായം മുതല്‍ വിദ്യാഭ്യാസകച്ചവടം വരെയുള്ള കാര്യങ്ങള്‍ ന്യൂനപക്ഷ അവകാശം എന്ന ഉമ്മാക്കി കാണിച്ചു ഭരണകൂടങ്ങളെ മുള്‍മുനയില്‍ നിര്‍ത്തി നേടിയെടുത്തപ്പോള്‍ അമൃതാനന്ദമയി മഠത്തിലെ ബുദ്ധികേന്ദ്രങ്ങള്‍ നിശബ്ദരായി ഇരുന്നു. എന്നാല്‍ കച്ചവടം കൊഴുത്തപ്പോള്‍ ‘ന്യൂനപക്ഷങ്ങള്‍ക്ക് പോലും ഉണ്ട്‘ എന്ന കാരണം കാണിച്ച് കേന്ദ്ര കേരളാ സര്‍ക്കാരുകളില്‍ നിന്നും അവര്‍ ന്യൂനപക്ഷങ്ങളെക്കാള്‍ കൂടുതല്‍ നേട്ടങ്ങള്‍ കൊയിത് കൂട്ടി. ഉദാഹരണത്തിനു സ്വാശ്രയ മെഡിക്കല്‍ കോളേജുകളില്‍ സ്വതന്ത്ര കച്ചവടത്തിനു വേണ്ടി പട നയിച്ചത് കേരളത്തിലെ ക്രൈസ്തവസഭകള്‍ ആണ്.പക്ഷേ ഇപ്പോള്‍ ഏറ്റവും കൂടുതല്‍ മെഡിക്കല്‍ സീറ്റ് കച്ചവടം നടത്തുന്നത് അമൃതാ മെഡിക്കല്‍ കോളേജും.

  പതിനാലാം നൂറ്റാണ്ടില്‍ യൂറോപ്പില്‍ വിജയം കണ്ട നവോത്ഥാന പ്രസ്ഥാനം, മത നേതാക്കളോട് ചോദ്യം ചോദിക്കാനും എന്തിനെയും ഏതിനെയും പരിക്ഷണ-നിരീക്ഷണങ്ങള്‍ക്ക് വിധേയമാക്കാനുള്ള അവകാശവും നേടിയെടുത്തു. പക്ഷേ കേരളം ഭ്രാന്താലയമായി തന്നെ തുടര്‍ന്നു. ഇരുപതാം നുറ്റാണ്ടില്‍ കേരളത്തിന്‍റെ ഭ്രാന്ത് മാറ്റാന്‍ കുറെ നല്ല സമൂഹ്യ പരിഷ്കര്‍ത്താക്കളും അതിനു തുടര്‍ച്ചയായി വന്ന പുരോഗമന പ്രസ്ഥാനങ്ങളും സാമുഹിക മുന്നോക്ക സംസ്ഥാനമായി കേരളത്തെ വളര്‍ത്തിയെടുത്തു.
  വര്‍ത്തമാനകാലത്ത് ആത്മീയ വ്യാപാരികള്‍ എല്ലാവരും കൂടി ചേര്‍ന്ന്‍ കേരളത്തില്‍ കൂടിയ ഇനം ഭ്രാന്തിന്റെ രോഗാണുക്കള്‍ അഴിച്ചു വിട്ടുകൊണ്ടിരിക്കുന്നു .ആ രോഗാണുക്കള്‍ വിശുദ്ധ നരകങ്ങള്‍ തീര്‍ക്കുന്നു. ചൊല്ലുന്ന പ്രാര്‍ത്ഥനയുടെ ഭാഷയിലും, ഉടുക്കുന്ന തുണിയുടെ നിറത്തിലും, പാട്ടിന്റെ ഈണത്തിലും മാത്രമാണ് ഇവര്‍ക്ക് വ്യത്യാസം ഉള്ളത്. സത്താപരമായി ഇവരെല്ലാം അരാജകത്വത്തിന്റെ പ്രചാരകരാണ്‌.

  ഒരു മഹാമാരിപോലെ മലയാളികളെ വിഴുങ്ങിക്കൊണ്ടിരിക്കുന്ന പകര്ച്ചവ്യാധിയാണ് ഇത്. ചെറിയ കല്ലുകളും, നെല്ലിക്കാതളവും ഒന്നും ഇതിനു മതിയാകില്ല. വൈദ്യുതിതരംഗം പോലെ ശക്തമായ ചികിത്സയാണ് ഈ കൂടിയ ഇനം ഭ്രാന്തിനു ആവശ്യം.
  ആരാന്റെ അമ്മക്ക് ‘ഭ്രാന്ത്’ വന്നതില്‍ സന്തോഷിച്ചു കല്ലെറിയുന്നവര്‍ തങ്ങളുടെ സങ്കുചിതവര്‍ഗ്ഗിയ വികാരങ്ങളില്‍ നിന്നും സ്വയം രക്ഷനേടി ഇതിനെതിരെ പ്രതികരിക്കണം. ഭ്രാന്ത്‌ പ്രചരിപ്പിക്കുന്ന ഓരോരൂത്തരെയും കല്ലെറിഞ്ഞു ഓടിച്ചില്ലെങ്കില്‍ വിശുദ്ധ നരകങ്ങള്‍ ഇനിയും അതിന്റെ അതിര്‍ത്തികള്‍ വികസിപ്പിക്കും.
  ’അമ്മയാണേ സത്യം’.
  കടപ്പാട്: http://indianews24.com/

  ReplyDelete
 6. ചോദ്യംചെയ്യപ്പെടാന്‍ പാടില്ലെന്ന് കരുതുന്നവര്‍ അസുരന്മാര്‍ -സ്വാമി സന്ദീപാനന്ദഗിരി

  കാഞ്ഞങ്ങാട്: ഭാരത സംസ്കാരം വ്യക്ത്യാധിഷ്ഠിതമല്ല, തത്വാധിഷ്ഠിതമാണെന്ന് സ്കൂള്‍ ഓഫ് ഭഗവദ്ഗീതയുടെ ആചാര്യന്‍ സ്വാമി സന്ദീപാനന്ദഗിരി. ഭാരതീയ സംസ്കാരത്തിലും പാരമ്പര്യത്തിലും എല്ലാ കാലത്തും വ്യക്തികള്‍ ചോദ്യം ചെയ്യപ്പെട്ടിട്ടുണ്ട്. രാമനും കൃഷ്ണനും ചോദ്യം ചെയ്യപ്പെട്ടവരില്‍ ഉള്‍പ്പെടുന്നു. ഇന്ന് പലരും ചോദ്യം ചെയ്യപ്പെടുന്നു. തങ്ങള്‍ ചോദ്യംചെയ്യപ്പെടാന്‍ പാടില്ലെന്ന് കരുതുന്നവര്‍ ഭാരതീയ പാരമ്പര്യമനുസരിച്ച് അസുരന്മാരാണെന്നും സന്ദീപാനന്ദഗിരി പറഞ്ഞു.
  ആനന്ദാശ്രമത്തിലാണ് ഭാരതീയം-2014 എന്ന പരിപാടി നടത്താന്‍ തീരുമാനിച്ചിരുന്നത്. സനാതന ധര്‍മത്തിന്‍െറ അടിസ്ഥാന തത്വങ്ങളെയും ഭാരതീയ ഇതിഹാസ പുരാണങ്ങളെയും വിശകലനം ചെയ്യുന്ന പ്രഭാഷണ പരമ്പരയാണിത്. ഫെബ്രുവരി 23ന് കാസര്‍കോഡ് ആരംഭിച്ച പരിപാടി മെയ് അഞ്ചിന് തിരുവനന്തപുരത്ത് അവസാനിക്കേണ്ടതാണ്. എന്നാല്‍ ഒരു കൂട്ടം സാമൂഹ്യ വിരുദ്ധരും സംസ്കാര ശ്യൂന്യരുമായവര്‍ രക്തപുഴ ഒഴുക്കുമെന്ന ഭീഷണിയുമായി വന്നതോടെ ഒരു കലാപം ഒഴിവാക്കാന്‍ വേദി മാറ്റുകയായിരുന്നെന്നും അദ്ദേഹം പറഞ്ഞു.
  ആനന്ദാശ്രമത്തില്‍ പരിപാടി നടത്താന്‍ ഒരു കാരണവശാലും സാമൂഹ്യ വിരുദ്ധര്‍ അനുവദിച്ചില്ല. തുടര്‍ന്ന് എം.ബി രാജേഷ് എം.പിയെയും ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയെയും ഫോണില്‍ ബന്ധപ്പെട്ടു. കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ നേതൃത്വത്തില്‍ എം.ബി രാജേഷാണ് പുതിയ വേദി ഒരുക്കിത്തന്നതെന്നും സന്ദീപാനന്ദഗിരി അറിയിച്ചു.
  അമൃതാനന്ദമയി ആശ്രമത്തിനെതിരെ മാധ്യമങ്ങളിലൂടെ പരാമര്‍ശനം നടത്തിയതാണ് സന്ദീപാനന്ദഗിരിക്കെതിരെ ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ രംഗത്തുവരാന്‍ കാരണം. കാഞ്ഞങ്ങാട് മാവുങ്കല്‍ ശ്രീരാമക്ഷേത്രത്തിലെ പ്രഭാഷണ വേദി മാറ്റണമെന്നും ഇവര്‍ ആവശ്യപ്പെട്ടു. ഇതേതുടര്‍ന്ന് കിഴക്കുംകര ചൈതന്യ ഓഡിറ്റോറിയത്തിലേക്ക് വേദി മാറ്റുകയായിരുന്നു.

  കടപ്പാട്
  http://www.madhyamam.com/news/273583/140227

  ReplyDelete
 7. കാഞ്ഞാങ്ങാട്ടെ ഈ പറഞ്ഞ ആശ്രമത്തിൽ ഞങ്ങളുടെ യുവത്വത്തിന്റെ നല്ല കാലത്ത് രണ്ടാഴ്ചയോളം ഞാനും ഒരു സുഹൃത്തും ആശ്രമാവാസികളോടൊത്ത് ചെലവഴിച്ചതിന്റെ ഒരു ഗൃഹാതുരത്വം എന്നിൽ സൃഷ്ടിച്ചതിന് മഹേശ്വര്ക്ക് നന്ദി. അന്നത്തെ തനിമയും മേന്മയും അവർ ഇന്നും നിലനിർത്തുന്നു എന്നത് എത്ര അഭിമാനകരം!

  ReplyDelete