Translate

Wednesday, August 27, 2014




ദിവ്യബലിയും ലഹരിയുള്ള വീഞ്ഞും 

Kerala Kaumudi, Posted on: Wednesday, 27 August 2014 

വിശുദ്ധ കുർബ്ബാന സ്ഥാപിച്ച പെസഹാത്തിരുന്നാളിൽ, അവസാന അത്താഴമേശമേൽ ഉണ്ടായിരുന്ന അനുദിന ഭോജനമായ അപ്പവും പാനീയമായ വീഞ്ഞും കൈകളിൽ ഉയർത്തി, ഈശോ പറഞ്ഞു: ഇതെന്റെ ശരീരവും രക്തവും ആണ്; എല്ലാവരും വാങ്ങി ഭക്ഷിക്കുവിൻ... പാനം ചെയ്യുവിൻ ,' എന്ന്; തുടർന്ന് അരുൾചെയ്തു: 'ഇതെന്റെ ഓർമ്മക്കായി ചെയ്യുക' എന്നും.... നമ്മുടെ രാഷ്ട്രപിതാവായ ഗാന്ധിജി 'വിശക്കുന്നവന്റെ മുൻപിൽ ഈശ്വരൻ അപ്പമായി അവതരിക്കുന്നു' എന്ന് പറഞ്ഞത് ഇവിടെ സ്മർത്തവ്യമാണ്. സാധാരണ മനുഷ്യൻ അനുദിന ഭക്ഷണവേളയിൽ ദൈവത്തെ, അവിടുത്തെ കാരുണ്യത്തെ അനുസ്മരിക്കാൻ, പതിവുപോലെ, ഈശോ ജനകീയമായ പ്രതീകങ്ങൾ ഉപയോഗിച്ചു എന്നതാണ് യാഥാർത്ഥ്യം. തീവ്രശൈത്യമുള്ള നാടുകളിൽ ശരീരതാപം നിലനിർത്താൻ ഭക്ഷണക്രമത്തിൽ മാംസവും വീഞ്ഞും മറ്റു ലഹരിപാനീയങ്ങളും ഉൾപ്പെടുത്തുക സ്വാഭാവികം മാത്രം.   ഭാരതീയവൽക്കരണം (Inculturation)എന്ന ന്യായത്തിൽ അതാതു നാടുകളിലെ ചട്ടങ്ങൾക്കനുസൃതം മാറ്റങ്ങൾ നടപ്പിലാക്കാൻ നമ്മൾ തയ്യാറാകുന്നത് വിവേകം തന്നെ. ഇന്ന് പള്ളിപ്പെരുന്നാളിന് ആനയും അമ്പാരിയുമുണ്ട്; നെറ്റിയിൽ സിന്ദൂരം തൊടുന്ന ക്രിസ്ത്യാനികളുണ്ട്; നിലവിളക്കും നിറപറയും അൾത്താരയിലെ തിരുക്കർമ്മങ്ങൾക്ക് ഉപയോഗിക്കുന്നുണ്ട്. പണ്ട് നിലവിളക്കിന്റെ ആകൃതി അമ്പലങ്ങളിലേതുപോലെത്തന്നെ ആയിരുന്നു. ഈയിടെ മുകളിൽ കുരിശാക്കി മാറ്റിയെന്നുമാത്രം.

മിതോഷ്ണ കാലാവസ്ഥയുള്ള നമ്മുടെ നാട്ടിൽ വീഞ്ഞ് കുടിക്കേണ്ട അത്യാവശ്യം സാധാരണക്കാരനില്ല. വീഞ്ഞിനു പകരം കഞ്ഞിവെള്ളമോ പച്ചവെള്ളമോ ആകാമെന്ന് ഇന്നത്തെ അധികാരികൾ തീരുമാനിച്ചാൽ വിശുദ്ധ കുർബ്ബാന അസാധുവാകുമോ? കാനായിലെ കല്യാണവിരുന്നിൽ വെള്ളം വീഞ്ഞാക്കിയ തമ്പുരാന്, വീഞ്ഞ് സ്വന്തം തിരുരക്തമാക്കുന്നതുപോലെത്തന്നെ വെള്ളവും രൂപാന്തരപ്പെടുത്താമല്ലോ. അവസാന അത്താഴമേശമേൽ പെസഹാക്കുഞ്ഞാടിന്റെ വേവിച്ച മാംസം ഉണ്ടായിരുന്നു. ആട്ടിറച്ചി ഉയർത്തി 'ഇതെന്റെ ശരീരമാകുന്നു' എന്ന് ഈശോ പറഞ്ഞിരുന്നെങ്കിൽ അനുദിന ദിവ്യബലിക്കുവേണ്ടി ഓരോ ദിവസവും എത്ര കുഞ്ഞാടുകൾ ഇന്നും അറക്കപ്പെടുമായിരുന്നു. ആദിമ ക്രൈസ്തവ സമൂഹം തങ്ങൾ ഓരോരുത്തരും കൊണ്ടുവന്ന ഭക്ഷണം അത് എന്തുതന്നെ ആയിക്കൊള്ളട്ടെ  പരസ്പരം പങ്കുവെച്ചാണ് ഈശോ കൽപ്പിച്ച ബലിയനുസ്മരണം നടത്തിയിരുന്നത് .

ആ പങ്കുവെയ്പ്പും മനസ്ഥിതിയും ഇന്നുണ്ടോ എന്നാണു സഭാമേലധികാരികൾ ചിന്തിക്കേണ്ടത്. ഇന്നത്തെ ബലിമേശയിലെ അപ്പത്തിന് ഈശോ ഉപയോഗിച്ചതിൽ നിന്ന് രൂപമാറ്റം വന്നിട്ടുണ്ട്. അപ്പോൾ പിന്നെ വീഞ്ഞ് എന്ന ലഹരിപാനീയം നമ്മുടെ നാട്ടിൽ ദിവ്യബലിക്ക് ഉപയോഗിക്കണം എന്ന് നിർബന്ധം പിടിക്കുന്നത് എന്തിനാണ്? ചില വൈദികർ വിശുദ്ധബലിക്ക് ധാരാളം വീഞ്ഞ് ഉപയോഗിക്കുമെങ്കിലും, രാവിലെയായതിനാൽ  മറ്റുചില പുരോഹിതർ വീഞ്ഞുപാത്രത്തിൽ കുറച്ചു വീഞ്ഞ് ബാക്കി വെക്കാറുണ്ട്. കുർബ്ബാനക്കുശേഷം കപ്യാർ അഥവാ സന്യാസിനികൾ, അത് ഒരു കുപ്പിയിൽ ഒഴിച്ചുവെക്കും. ജനിച്ചയുടനെയുള്ള കുഞ്ഞുങ്ങളുടെ നാവിലെ പൂപ്പൽ മാറാൻ വീഞ്ഞ് ചോദിച്ചു വരുന്ന അയൽവക്കക്കാർക്ക് അത് ലഭിക്കാറുണ്ട്.   

സന്യാസിനീഭവനങ്ങളിൽ ക്രിസ്തുമസ്സിനും പുതുവത്സരത്തിനും ഉപയോഗിക്കാൻ മുന്തിരി കെട്ടിവെച്ചു വീര്യമുള്ള വീഞ്ഞുണ്ടാക്കുന്നതും അത് പാനം ചെയ്യുന്നതുമായ പതിവ് ഉണ്ടായിരുന്നു. മദ്യനിരോധനസമിതിയിൽ പുരോഹിതരും സന്യാസിനികളും പങ്കെടുക്കാൻ തുടങ്ങിയതോടെ, വീഞ്ഞ് മഠങ്ങളിൽ ഉണ്ടാക്കുന്നത്, സർക്കുലർ വഴി നിരോധിക്കുകയാണ് മഠാ ധികാരികൾ ചെയ്തത്. ന്യൂ ഇയർ ദിനം ലഭിക്കാറുള്ള കേക്കിനോടൊപ്പം ഇപ്പോൾ വീഞ്ഞില്ല എന്നതിൽ ഏറ്റവും അധികം ദുഖിക്കുന്നത് സ്ഥാപനങ്ങളിലെ അദ്ധ്യാപകഅനദ്ധ്യാപക അംഗങ്ങളാണ്.

കാലത്തിന്റെ ചുവരെഴുത്തുകൾക്കനുസൃതം കേരളസ്സഭയെ  നവീകരിച്ച ചാവറ കുര്യാക്കോസ് ഏലിയാസ് പിതാവ് വിശുദ്ധപദവിയിലേക്ക് ഉയിർത്തപ്പെടാൻ നാളുകൾ മാത്രം അവശേഷിച്ചിരിക്കെ, അൾത്താരയിൽ വിശുദ്ധ ബലിക്ക് 'വീഞ്ഞിനു പകരം വെള്ളം' എന്ന ധീരമായ കാൽവെയ്പ് നടത്താൻ കാലോചിതമായി ചിന്തിക്കുന്ന, ഈശോയുടെ ചൈതന്യം ആർജ്ജിച്ചെടുത്ത നല്ല ഇടയൻ എപ്പോൾ മുന്നോട്ടുവരും?

Source: Kerala Kaumudi
(ഈ ലേഖനത്തിൽ പറയുന്ന കാര്യങ്ങൾ ലേഖികയുടെ സ്വന്തം അഭിപ്രായം മാത്രമാണ്)

2 comments:

  1. യേശുവിന്റെയും ശിഷ്യരുടെയും അന്നത്തെ പെസഹാ ആചരണത്തിൽ കുഞ്ഞാടിനെ കൊന്ന് റഡിയാക്കിയതായി സുവിശേഷത്തിലുണ്ട്. ശ്രീമതി ജസ്മി പറഞ്ഞതുപോലെ, ആടിറച്ചി ഉയർത്തിയാണ് യേശു "തിരുവചനം" പറഞ്ഞിരുന്നതെങ്കിൽ, ഹാ എല്ലാ ദിവസവും ഈ ലോകത്ത് അതിന്റെ പേരിൽ എത്ര കുഞ്ഞാടുകൾ കൊലചെയ്യപ്പെടുമായിരുന്നു. ഭാഗ്യം, യേശു റൊട്ടിയാണ് ഭാഗിച്ചുകൊടുത്തത്. പിന്നെ, വീഞ്ഞിന്റെ കാര്യം. അത് നിർബന്ധമായി വേണമെന്നതിനു യാതൊരു യുക്തിപരമായ ആവശ്യകതയും കാണിക്കാൻ ഒരുത്തർക്കും ആവില്ല. ഏതെങ്കിലും തരത്തിലുള്ള റൊട്ടി മാത്രമായാലും അന്ത്യത്താഴത്തിന്റെ ഓർമക്ക് ധാരാളമാണ്. മാംസത്തിന്റെയും രക്തത്തിന്റെയും കാര്യം വിട്. എത്രയോ പ്രഗ്ത്ഭരായ പണ്ഡിതന്മാർ ഇക്കാര്യത്തിൽ വാച്യാർഥത്തിന്‌ പഴുതില്ല എന്ന് ധൈര്യമായി എഴുതുകയും പഠിപ്പിക്കുകയും ചെയ്തിട്ടുണ്ട്. അതൊന്നും ഈ നാട്ടിലെ പാട്ടക്കാർ വായിച്ചുകാണില്ല. പട്ടം കിട്ടിയാൽ പിന്നെ എന്തെങ്കിലും പുതുതായി പഠിക്കുന്ന ശീലം ഉള്ള എത്ര വൈദികർ ഇന്നാട്ടിലുണ്ട്? എന്തെങ്കിലും പഠിച്ചാൽ തന്നെ, അത് അല്മായരെ കുടുക്കാനുള്ള കാണാൻ ലോ എന്ന കുതന്ത്രം മാത്രം.

    ReplyDelete
  2. സിസ്റ്റര്‍ ജെസ്മിയെപ്പോലെ മനസുതുറക്കൂ മടത്തിലംമ്മമാരേ, ഇനിയും "പുരോഹിതന്റെ"അടിമകളും മണവാട്ടികളാകാതെ,അവരുടെ തെറ്റുകള്‍ ഈ മാതിരി തിരുത്താന്‍ ശ്രമിക്കൂ..സത്യത്തിന്റെ മണവാട്ടികളാകൂ ! കാലം നിങ്ങളെ ബഹുമാനിക്കും !വിലമതിക്കാനാവാത്ത നിങ്ങളുടെ "അമ്മ "എന്ന ഭൂമിയിലെ വലിയ സത്യം, പദവി, കുഞ്ഞു അമ്മിഞ്ഞി നുകരുമ്പോള്‍ ഉണ്ടാകുന്ന സ്വര്ഗാനുഭൂതി ഈ സഭ ഒരിക്കലായി നിങ്ങള്‍ക്ക് വിലക്കിയില്ലേ?ജീവിതംതന്നെ മുടിച്ചുകളഞ്ഞില്ലേ ?

    ReplyDelete