Translate

Friday, March 13, 2015

ഇനി ഞങ്ങള്‍ മഠത്തിലേക്കില്ല, സെമിനാരിയിലേയ്ക്കില്ല ...

റെജി ഞള്ളാനി, KCRM സംസ്ഥാന സെക്രട്ടറി  (Tel. 9447105070)

മക്കളെ മഠങ്ങളിലേയ്‌ക്കൊ സെമിനാരികളിലേയ്‌ക്കൊ അയക്കുന്നതിനു മുന്‍പ് മാതാപിതാക്കള്‍ ഇനി 40 വട്ടം ചിന്തിക്കണം. വൈദികന്റെ പീഡന ശ്രമം ചെറുത്ത കന്യാസ്ര്തീയെ ആലുവ തോട്ടേയ്ക്കാട്ടുകരയിലെ സിസ്റ്റേ്‌ഴസ് ഓഫ് സെന്റ് ആഗത്താ കോണ്‍വെന്റില്‍ നിന്നും പുറത്താക്കിയ സംഭവം സമൂഹ മനസാക്ഷിയെ ഞെട്ടിച്ചിരിക്കുകയാണ്. ലൈംഗിക ചൂഷണത്തിന് വഴിപ്പെടാത്ത കന്യാസ്ത്രീകളുടെ വഴി പുറത്തേയ്ക്കാണ് എന്ന ശക്തമായ സൂചനയും സന്ദേശവും മുന്നറിയിപ്പുമാണ് സഭാനേതൃത്വം ഇതിലൂടെ കന്യാസ്ത്രീകള്‍ക്കും സമൂഹത്തിനും നല്‍കുന്നത്.

ആലുവ സംഭവത്തില്‍ മെത്രാന്‍ സമിതിയുടെ തീരുമാനം ഫാ.പോള്‍ തേലക്കാട്ട് പ്രസ്താവിച്ചപ്പോള്‍ സഭയിലെ കന്യാസ്ത്രീകളുടെ മാത്രമല്ല സമൂഹത്തിലെ മുഴുവന്‍ സ്ത്രീകളുടെയും ചാരിത്ര്യത്തിന് വിലപറയുകയും സ്ത്രീത്വത്തെ അപമാനിക്കുകയുമാണ് ചെയ്തിരിക്കുന്നത്. സ്ത്രീകളുടെ ക്ഷേമത്തിനും സ്ത്രീശാക്തീകരണത്തിനും വേണ്ടി പ്രവര്‍ത്തിക്കുന്നുവെന്നവകാശപ്പെടുന്ന പൊതുപ്രവര്‍ത്തകരേയും ആത്മായ സംഘടനകളേയും ഇക്കാര്യത്തില്‍ കണ്ടില്ല എന്നത് ദുഖകരമാണ്. കെ. സി. ആര്‍. എം നു പുറമേ കേരള കാത്തലിക് ഫെഡറേഷന്‍ ജനറല്‍ സെക്രട്ടറി വി. കെ. ജോയി, ആന്റോ കോക്കാട്ട് തുടങ്ങിയവര്‍ മാത്രമാണ് ഇക്കാര്യത്തില്‍ ഇടപെട്ട പിന്‍തുണ നല്‍കിയത്. പത്രമാധ്യമങ്ങള്‍ വളരെയധികം സഹായിച്ചു.

ലക്ഷക്കണക്കിനാളുകള്‍ ധ്യാനത്തിനായി എത്തിച്ചേര്‍ന്ന പോട്ട ആശ്രമത്തില്‍ നടന്ന കൊലപാതകശ്രമം, സാമ്പത്തിക ക്രമക്കേട്, മയക്കുമരുന്ന് ഉപയോഗം, തുടങ്ങിയ അതി ക്രൂരമായ കുറ്റക്രൃതൃങ്ങള്‍ പോലീസ് കണ്ടെത്തി പുറത്തു കൊണ്ടുവന്നപ്പോള്‍ വിശ്വാസ സമൂഹം തരിച്ചു നിന്നുപോയി. പോട്ട നിശ്ബ്ദമായപ്പോള്‍ ഉടന്‍തന്നെ സഭ ധ്യാന ഗുരു ഫാ. വട്ടായിയെ കളത്തിലിറക്കി കോടികള്‍ സമ്പാദിക്കുവാന്‍ തുടങ്ങി. ആലുവ മഠത്തില്‍നിന്നും പുറത്താക്കിയ കന്യാസ്ത്രീ ചെയ്ത കുറ്റം ഒരു ധ്യാന ഗുരുവിന്റെ ലൈംഗീക ചൂഷണത്തെ എതിര്‍ത്തു തോല്‍പ്പിച്ചതാണ്. പല കോണ്‍വെന്റുകളിലേയും ഉത്തരവാദിത്വപ്പെട്ടവര്‍ ഇത്തരം ലൈംഗീകചുഷണങ്ങള്‍ക്ക് പൂര്‍ണ്ണ പിന്‍തുണ നല്‍കുന്നതായി പുറത്തുവന്നിട്ടുള്ള പല കന്യാ
സ്ത്രീകളും വെളിപ്പെടുത്തുന്നു. ഇത് അതീവ ഗൗരവത്തോടെ കാണണം. ഇടുക്കി-കട്ടപ്പനക്കടുത്തുള്ള ഒരു മഠത്തിലെ കന്യാസ്ത്രീ അടുത്തയിടെ ഒരു കുഞ്ഞിന് ജന്‍മം നല്‍കിയിരുന്നു. ആ കുഞ്ഞിന്റെ പിതൃത്വം ഏറ്റെടുക്കാതെ സുഖജീവിതത്തിലാണ് കുട്ടിയുടെ പിതാവ് . ഇവിടെയും സ്ത്രീത്വവും മാതൃത്വവും ചവിട്ടിമെതിക്കപ്പെടുകയാണ്. സ്ത്രീകളെ ഉപഭോഗവസ്തുവായി കണ്ടിരുന്ന പഴയ സംസ്‌കാരത്തില്‍ നിന്നും മാറുവാന്‍ സഭാനേതൃത്വം അല്‍പം പോലും തയ്യാറായിട്ടില്ല. ഇതിനുമാറ്റമുണ്ടാവണം സ്ത്രീകള്‍ ചവിട്ടിമെതിക്കപ്പെടേണ്ടവരല്ല എന്നു തന്നെ സമൂഹം തിരിച്ചറിയണം.

ഇവിടെ രണ്ടു ചോദ്യങ്ങള്‍ പ്രസക്തമാണ്.ഈ പുതിയ യുഗത്തില്‍ കന്യാസ്ത്രീമഠങ്ങള്‍ ആവശ്യമുണ്ടോ?. അഭയമാരെയും അനിറ്റാമാരെയും പോലെ ആയിരക്കണക്കിന് ജീവിതങ്ങള്‍ അനാഥമാകുന്നു. ഉപഭോഗവസ്തുക്കളായി ചവിട്ടിമെതിക്കപ്പെടുന്നു . ഇവരുടെ മാതാപിതാക്കളുടെയും സഹോദരങ്ങളുടേയും കണ്ണീര്‍ ചുടുനിണമായി ഒഴുകുന്നു. ഭൂമി പാപപങ്കിലമാകുന്നു.

ലോകത്ത് അറിയപ്പെടുന്ന അയ്യായിരത്തിലധികം ക്രിസ്തീയ സഭകളുണ്ട്. കത്തോലിക്കാസഭയിലെ പുരോഹിതര്‍ മാത്രമാണ് ഇത്രയധികം ലൈംഗീക അപവാദത്തിന് പേരുകേള്‍ക്കുന്നത്. ഒന്‍പത് വയസ്സുള്ള കുഞ്ഞിനെ ദുരുപയോഗം ചെയ്ത ഫാ.രാജൂ കൊക്കനും, ഫാ.പുതൃക്കയും, ഫാ.ഓണംകുളവും പോലെ നിരവധിപേര്‍ക്കെതിരേ സമൂഹവും നിയമവും കുറ്റവിചാരണനടത്തുന്നു. എറണാകുളം ബിഷപ്പായിരുന്ന തട്ടുങ്കല്‍ പിതാവ് അപമാനിതനായി. അള്‍ത്താരബാലന്മാരെ ലൈംഗീകമായി ദുരുപയോഗം ചെയ്തത് കണ്ടെത്തിയതിനെ തുടര്‍ന്ന് എറണാകുളത്ത് ഒരു പള്ളി അടച്ചിടേണ്ടിവന്നു. ഫാ ആന്റണിയെ കൊലചെയ്തത് സഹപുരോഹിതരാണെന്ന് ബന്ധുക്കള്‍ ആരോപിക്കുന്നു. ബാഗ്‌ളൂര്‍ സെമിനാരി റെക്ടറായിരുന്ന ഫാ. ജോസഫിനെ കൊല ചെയ്ത സഹപുരോഹിതരെ പോലീസ് അറസ്റ്റ് ചെയ്ത് ജയിലില്‍ അടച്ചു. വിശ്വാസസമൂഹങ്ങളിലുള്ള സ്ത്രീകളേയും കുഞ്ഞുങ്ങളേയും ദുരുപയോഗം ചെയ്തതിന്റെ പേരില്‍ സ്വന്തം പള്ളികളില്‍നിന്നും സ്ഥലം മാറ്റപ്പെട്ടവര്‍ നിരവധിയാണ്. സ്വന്തം പള്ളിയില്‍ തൂങ്ങിമരിച്ച പുരോഹിതനും കേരളത്തില്‍തന്നെ. ധാരാളം പേര്‍ സന്യാസത്തില്‍ നിന്നും പുറത്തുവരുന്നു. കുറ്റാരോപിതരായ വൈദികരുടെയും കന്യാസ്ത്രീകളുടെയും എണ്ണം ദിനംപ്രതി വര്‍ദ്ധിക്കുന്നു.വാര്‍ത്തകളില്‍ വന്നതും വരാത്തതുമായ സംഭവങ്ങളുടെ പരമ്പരതന്നെ ഉണ്ടായിരിക്കുന്നു.

യഥാര്‍ത്ഥത്തില്‍ ഇവര്‍ മാത്രമാണോ കുറ്റക്കാര്‍? ഇവരും മനുഷ്യരല്ലേ? ദൈവം നല്‍കിയിട്ടുള്ള വിചാരവികാരങ്ങള്‍ ഇവരില്‍മാത്രം ഇല്ലാതാക്കാന്‍ ആര്‍ക്കെങ്കിലും കഴിയുമോ?ഈ പുരോഹിതരേയും കന്യാസ്ത്രീകളേയും കുറ്റവിചാരണ ചെയ്യുന്നതില്‍ വളരെയധികം പേര്‍ തല്പരരാണ് പക്ഷേ ഇവരുടെ അടിസ്ഥാനപരമായ കാര്യങ്ങള്‍ മനസ്സിലാക്കാതെ അവരെ കുറ്റവിചാരണ ചെയ്യുവാന്‍ സമൂഹത്തിന് അവകാശമില്ലന്ന് ഓര്‍ക്കണം. അടിസ്ഥാനപരമായ കാര്യങ്ങളില്‍ പ്രധാനം മറ്റ് ക്രിസ്തീയ സഭകളിലേ പോലെ കത്തോലിക്കാ പുരോഹിതര്‍ വിവാഹിതര്‍ അല്ലാ എന്നതാണ്. സീറോ മലബാര്‍ സഭക്ക് റോമിന്റെ സ്വതന്ത്ര പദവി ലഭിച്ചിട്ടുള്ളതിനാല്‍ ഇത്തരം സഭകള്‍ക്ക് അവരുടെ പഴയ പൈതൃകത്തിലേയ്ക്ക് ആവശ്യമള്ള കാര്യങ്ങളില്‍ തിരിയെ വരാവുന്നതാണ്.

പതിനാറാം നൂറ്റാണ്ടിന്റെ ആരംഭം വരെ കത്തോലിക്കാ പുരോഹിതര്‍ വിവാഹിതരായിരുന്നു. ഇതിലേയ്ക്കു തിരിച്ചുവരുവാന്‍ കേരളത്തിലെ മെത്രാന്‍സിനഡു കൂടിയാല്‍ ഒരു മണിക്കൂറിനുള്ളില്‍ തീരുമാനമെടുക്കാം
. മറ്റൊരുകാര്യം ആത്മീയസേവനങ്ങളില്‍ അധിഷ്ടിതമായിരുന്ന സഭയുടെ നയം മാറിയിരിക്കുന്നു. വിശ്വാസികളില്‍നിന്നും കോടികള്‍ പിരിച്ചെടുത്ത്, കോഴയും നിര്‍മ്മാണപ്രവര്‍ത്തനങ്ങളും പോലുള്ള, ലാഭം ലക്ഷ്യമാക്കിയുള്ള ഭൗതികപ്രവര്‍ത്തനത്തിലേക്ക് സഭ മാറിയപ്പോള്‍ ആത്മീയചൈതന്യമുള്ള പുരോഹിതരുടെ എണ്ണം സഭയില്‍ വളരെയധികം കുറഞ്ഞുവരുകയും ചെയ്തു. പത്രങ്ങളിലും ടെലിവിഷനുകളിലും സപ്‌ളിമെന്റ് പരസ്യങ്ങളും രാഷ്ട്രീയക്കാര്‍ ചെയ്യുംപോലെ ഫ്‌ളക്‌സ് ബോര്‍ഡുകളും ഉപയോഗിച്ചാണ് നമ്മളിന്ന് ഒരാളുടെ പുത്തന്‍കുര്‍ബാന ആഘോഷിക്കുന്നത്.


ഇവിടെ പുരോഹിതരെയും കന്യാസ്ത്രീകളെയും സമൂഹം കുറ്റവിചാരണ ചെയ്യുകയല്ല വേണ്ടത്. സഭയിലെ പുരോഹിതര്‍ക്ക് വിവാഹജീവിതം പുനസ്ഥാപിക്കുകയും സഭയുടെ പഴയചൈതന്യത്തിലേയ്ക്ക് തിരിച്ചുവരുവാനുള്ള സാഹചര്യം ഒരുക്കുകയുമാണ് ചെയ്യേണ്ടത്. 

സഭാസമൂഹത്തിലെ എല്ലാവരുടെയും കൂട്ടായ പിന്‍തുണയും സഹകരണവും ഇക്കാര്യത്തില്‍ സഭാനേതൃത്വത്തിന് നല്കുകയും സഭാനേതൃത്വം യാഥാര്‍ത്ഥ്യബോധത്തോടെ ഒരു തിരിച്ചുവരവിന് തയ്യാറാവുകയും വേണം. അല്ലാത്തപക്ഷം ഭൂരിപക്ഷം വിദേശ ക്രിസ്ത്യന്‍ രാജ്യങ്ങളിലും സഭ ഇല്ലാതായതുപോലെ, അവിടുത്തെപ്പോലെ ഇവിടുത്തെ പള്ളിക്കെട്ടിടങ്ങളും മഠങ്ങളുടെ കെട്ടിടങ്ങളും വില്‍ക്കാനുണ്ട് എന്ന ബോര്‍ഡുകള്‍ സമീപഭാവിയില്‍ തൂക്കേണ്ടിവരുമെന്നതില്‍ തര്‍ക്കമില്ല. ഈ നിലയില്‍ മഠങ്ങളിലേയ്ക്കോ സെമിനാരികളിലേയ്ക്കോ കുട്ടികളെ അയക്കുന്നതിനു മുന്‍പ് മാതാപിതാക്കള്‍ ഇനി 40 വട്ടം ചിന്തിക്കുമെന്നതില്‍ സംശയമില്ല. ഇത് സഭയുടെനിലനില്‍പ്പുതന്നെ അപകടത്തിലാക്കുമെന്നതില്‍ സംശയമില്ല. യേശുനാഥന്റെ ചിന്തകള്‍ സ്വന്തം ജീവിതമാക്കി ജീവിതസമര്‍പ്പണം നടത്തിയ കോടിക്കണക്കിന് വിശ്വാസികളും മിഷനറിമാരും പടുത്തുയര്‍ത്തിയ നമ്മുടെ ദൈവികസഭ നശിച്ചുപോകാതെ ആവശ്യമായ തിരുത്തലുകള്‍ നടത്തി ലോകത്തിനു മാതൃകയായി മുന്നേറുവാന്‍ സഭാനേതൃത്വവും വിശ്വാസസമൂഹവും കൈകോര്‍ക്കാം. ഇനി ഞങ്ങള്‍ മഠത്തിലേക്കില്ല സെമിനാരികളിലേയ്ക്കില്ല എന്ന് പുതു തലമുറ പറയുന്ന സാഹചര്യം ഉണ്ടാവരുത്. ഇതിനായി ദൈവം നമ്മെ ശക്തരാക്കട്ടെ, അനുഗ്രഹിക്കട്ടെ .

4 comments:

 1. "നാം ജീവിക്കുന്ന ഈ ലോകത്തിന് പ്രായപൂർത്തി വന്നിരിക്കുന്നു. അതിനെ അതിന്റെ ശൈശവാവസ്ഥയിലെന്നപോലെ മാതാചാര്യന്മാർ കൈപിടിച്ചു നടത്തേണ്ടതില്ല" എന്ന് പറഞ്ഞത് ദൈവശാസ്ത്രജ്ഞനായ ഡയാത്രിക് ബൊൻ ആണ്. കാരണം ഈ മതാചാര്യന്മാർ തന്നെ ഏതാണ്ട് പത്തു പന്ത്രണ്ട് വര്ഷം നീണ്ടു നില്ക്കുന്ന അച്ചിലിട്ടു വാര്ക്കപ്പെടുന്ന കൃത്രിമ വ്യക്തിത്വങ്ങളാണ്. ഇവർക്കെങ്ങനെ ചിന്തിക്കുന്ന മനുഷ്യരുടെ ഒരു സമൂഹത്തെ നയിക്കാനാവും? കന്യാസ്ത്രീകളുടെ കാര്യത്തിലും പക്വത എന്നത് വിരളമാണ്. കാരണം, സ്കൂൾ ഫൈനൽ കഴിയുന്ന പതിനഞ്ചു വയസ്സുകാരെയാണ് മഠങ്ങൾ റാഞ്ചി കൊണ്ടുപോകുന്നത്, അച്ചന്മാരെപ്പോലെ ഓരോരോ അച്ചിലിട്ടു വാർക്കാൻ. പ്ലസ് II നല്ല നിലയിൽ പാസായാൽ, സ്വാഭാവികമായും കുട്ടികൾ വൈദികവൃത്തിക്കോ കന്യാസ്ത്രീയാകാനൊ പോകാൻ മടിക്കും.

  18 വയസ്സ് പൂർത്തിയാകുന്നതിനു മുൻപ് പെണ്‍കുട്ടികളെ കന്യാസ്ത്രീ മഠത്തിൽ അയക്കുന്ന മാതാപിതാക്കളുടെ പേരിൽ നടപടിയെടുക്കണമെന്നും മഠത്തിൽ ചേരുന്ന സ്ത്രീകളുടെ സ്വത്ത് വീതം അവരുടെ പേരിൽ നിലനിർത്തണമെന്നുമുള്ള വനിതാ കമ്മിഷന്റെ ശുപാർശ ഇപ്പോഴും പാടേ അവഗണിക്കപ്പെടുന്നു. മെത്രാന്മാരും ഈ ശുപാർശയെ എതിർക്കുന്നു എന്നതിന്റെ കാരണം ആദ്യമേ പറഞ്ഞതാണ് - ബൌദ്ധികമായ പക്വതയില്ലായ്മ.

  കുഞ്ഞുങ്ങളുടെ പരിചരണം, അദ്ധ്യയനം, ആതുര ശുശ്രൂഷ എന്നിവിടങ്ങളിൽ ക്രൈസ്തവ കന്യാസ്ത്രീകൾ നല്കുന്ന സേവനം വിലമതിക്കുമ്പോൾ തന്നെ നിശബ്ദരാക്കപ്പെടുന്ന, മനുഷ്യാവകാശങ്ങൾ നിഷേധിക്കപ്പെടുന്ന, ഒരു വിഭാഗമാണ്‌ ഇവർ എന്നത് മറന്നു പോകുന്നു. തനിക്കെത്ര ശമ്പളമുണ്ടെന്നോ തനിക്കു പെൻഷന് അർഹതയുണ്ടെന്നോ പോലും ഇവരിൽ പലർക്കും അറിയില്ല. സീനിയർ കന്യാസ്ത്രീകൾ നടത്തുന്ന മാനസിക പീഡനങ്ങൾ, വൈദിക മേലധികാരികളുടെ അനാശാസ്യ നീക്കങ്ങൾ എന്നിവയ്ക്ക് അഭ്യസ്തവിദ്യരായ കന്യാസ്ത്രീകൾ പോലും ഇരകളാകുന്നു എന്നത് ഇന്ന് ഒരു രഹസ്യമല്ല. തങ്ങളുടെ ചുറ്റും സംഭവിക്കുന്നത്‌ അവരിലധികവും അറിയുന്നുപോലുമില്ല. കാരണം, സെമിനാരികളിലും മഠങ്ങളിലും വായനയും എഴുത്തുമൊക്കെ കർക്കശമായ വിലക്കുകൾക്കുള്ളിലാണ്.

  അടുത്തകാലത്ത് പുറത്തുവന്ന ആവൃതിക്കഥകൾ ഇല്ലായിരുന്നെങ്കിൽ പൊതുസമൂഹത്തിനും ഇന്നത്തെ അത്ര അവബോധം ഇക്കാര്യങ്ങളിൽ ഉണ്ടാകുമായിരുന്നില്ല. കാരണം, അച്ചന്മാരുടെ ബുദ്ധിയിൽ നിന്നുദിക്കുന്ന ഏതാനും ഭക്തിവികാര കിത്താബുകൾ ഒഴിച്ച് എന്തെങ്കിലും വായിക്കുന്ന സത്യവിശ്വാസികൾ കുറവായിരുന്നു, ഇന്നും കുറവാണ്. ഇത്തരം വിഷയങ്ങൾ അവതരിപ്പിക്കുന്ന പുസ്തകങ്ങൾ പണ്ടും പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട്. ഉദാ. 'കൊന്തയിൽ നിന്ന് കുരിശിലേയ്ക്ക്' - മുണ്ടശ്ശേരി, 'സ്വർഗദൂതൻ' - പോഞ്ഞിക്കര റാഫി, 'എഴാംമുദ്ര' - പൊങ്കുന്നം വര്ക്കി, 'ഒതപ്പ്' - സാറാ ജോസഫ്, 'ആയുസ്സിന്റെ പുസ്തകം' - സി വി ബാലകൃഷ്ണൻ തുടങ്ങിയവ. സഭ്യമല്ലാത്ത ഒരു വാക്കുപോലും ഉൾക്കൊള്ളാത്ത സത്യജ്വാല പോലും കരിമ്പട്ടികയിൽ ചേർത്തിരിക്കുന്ന വികാരിമാർ ഇന്നും ഉണ്ട്!

  ശ്രീ റജി ഞള്ളാനി ചെയ്യുന്നത് ഒരു മഹത് സേവനമാണ്. കത്തോലിക്കാ സഭയിലെ നിശ്ശബ്ദരാക്കപ്പെട്ട, മനുഷ്യാവകാശങ്ങൾ നിഷേധിക്കപ്പെടുന്ന ഈ വിഭാഗത്തിന്റെ ദയനീയാവസ്ഥ സമൂഹത്തിൽ തുറന്നുകാട്ടാനും ഇറങ്ങിപ്പോരുന്നവർക്ക് തുണയാവാനും കെ സി ആർ എമ്മിന്റെ തണലിൽ "പ്രീസ്റ്റ്സ് - എക്‌സ് പ്രീസ്റ്റ്സ്, നൺസ് അസോസിയേഷൻ" എന്ന ഒരു പുതിയ സംഘടനയുണ്ട്. എന്നാൽ, പുനരധിവാസം ഒട്ടും എളുപ്പമുള്ള കാര്യമല്ല. അതിന് സമൂഹത്തിന്റെ നിർലോഭമായ സഹകരണം ആവശ്യമാണ്‌. ഈ മാസത്തെ സത്യജ്വാല ഈ വിഷയങ്ങളിലേയ്ക്ക്‌ വെളിച്ചം വീശുന്നതാണ്. ഈ മാസികയെ ജനമദ്ധ്യത്തിൽ വ്യാപകമായി പരിചയപ്പെടുത്തുക നാമോരോരുത്തരുടെയും കടമയായി കരുതണം.

  ReplyDelete
 2. പണ്ട് ഫാ. വടക്കൻറെ 'തൊഴിലാളി' പത്രത്തിൽ മഠങ്ങൾ വഴി വിദേശത്ത്‌ അയക്കപ്പെടുന്ന യുവതികളുടെ ദയനീയാവസ്ഥ ചിത്രീകരിക്കുന്ന ലേഖനം (ഒരു കന്യാസ്ത്രീ എഴുതിയ നീണ്ട കത്ത്) പ്രസിദ്ധീകരിച്ചിരുന്നു. അന്ന് ബിഷപ്‌ കുണ്ടുകുളം ഈ സ്ത്രീ-കടത്തലിന്റെ മുഖ്യ കാർമികൻ ആയിരുന്നെങ്കിൽ, ഇന്ന് അങ്ങനെ വരുമാനം ഉണ്ടാക്കുന്ന ധാരാളം ക്രിസ്തീയ ദല്ലാളന്മാർ പ്രവർത്തിക്കുന്നുണ്ട്. തന്റെ ആത്മകഥയായ 'എന്റെ കുതിപ്പും കിതപ്പും' എന്ന കൃതിയിൽ ഫാ. വടക്കൻ ധാരാളം അനുഭവകഥകൾ പറയുന്നുണ്ട്, കേട്ടറിഞ്ഞതും അദ്ദേഹം നേരിട്ട് കണ്ടതും. 2008 ജൂണിലെ മലയാളം വാരികയിൽ ഇതേക്കുറിച്ച് ഒരു ലേഖനം ഉണ്ടായിരുന്നു.

  മനുഷ്യക്കടത്ത് എന്ന ലക്ഷ്യം വച്ച്, അച്ചന്മാർ സ്വന്തമായി സ്ഥാപിച്ച്, എട്ടും പൊട്ടും അറിയാത്ത കുട്ടികളെ സന്യാസാർഥികളായി റിക്രൂട്ട്‌ ചെയ്തിട്ട്, യാതൊരു പരിശീലനവും ഇല്ലാതെ സ്വിറ്റ്സർലണ്ടിൽ വെറുതേ കിടക്കുന്ന കൂറ്റൻ മഠങ്ങളിൽ എത്തിച്ച്, കോടികളുടെ കെട്ടിട ആസ്തിയും സ്ഥലങ്ങളും കൈവശപ്പെടുത്തുന്ന വിദേശ മിഷൻ പ്രവർത്തനങ്ങൾ ഞാൻ നേരിട്ട് കണ്ടിട്ടുണ്ട്. ഈ പെണ്‍കുട്ടികളിൽ എല്ലാം തന്നെ നിർധന കുടുംബങ്ങളിൽ നിന്ന് വന്നവരാണ്. കഷ്ടിച്ച് പത്താം ക്ലാസ്സുകാർ. അവിടെനിന്ന് തന്റെ തന്നെ അമേരിക്കയിലുള്ള ഉപശാഖകളിലെയ്ക്ക് ഇവരെ അയക്കും. സിറ്റർ അനിറ്റ കെസി ആർ എമ്മിന്റെ എറണാകുളം മീറ്റിങ്ങിൽ പറഞ്ഞതുപോലെ ദാസ്യവേലക്കാണ് ഈ പാവങ്ങളെ കൂടുതലും ഉപയോഗിക്കുന്നത്. സഭാനേതൃത്വം ഇതിനൊക്കെ കൂട്ട് നില്ക്കുന്നു എന്നത് എത്ര കഷ്ടമാണ്, നികൃഷ്ടമാണ്!

  ReplyDelete
 3. റജി ഞള്ളായിയുടെ ഈ കുറിമാനം നീതിക്ക് വേണ്ടിയുള്ള പോരാട്ടമാണ് !മലയാളം അറിയാവുന്നവരാകെമാനം വായിക്കെണ്ടാതുമാണ് എന്റെ ജോര്‍ജ്കുട്ടിച്ചായ , നമുക്കെന്തുപറ്റി സുഹൃത്തേ? മാണിയും കോഴയും /നിയമസഭയിലെ ചുംബനസമരങ്ങളും /തല്ലിത്തകര്‍ക്കളും / അവിടുത്തെ സദാചാരക്കടിച്ച് പറിക്കലും/ ഒടുവില്‍ എതോകതോലിക്കാബാവയും മെത്രാന്മാരും കൂടി കഴിഞ്ഞയിട നട്ടപാതിരാത്രിക്ക്‌ ഏതോ പള്ളികുത്തിത്തുറന്നു കര്‍ത്താവിനെ സുഖിപ്പിക്കാന്‍ കുര്‍ബാന ചൊല്ലിയതും നമ്മുടെ മാണിയപ്പന്റെ budjet വായനയും ഒരുപോലല്ലായിരുന്നോ ? എന്റെ സ്നേഹിതരെ എഴുത്തിലൂടെ അറിയിച്ചാട്ടെ...പേനാ ആരും അടിച്ചുമാറ്റിയില്ലല്ലോ ?! എഴുതണം വിരലുകള്‍ ഉള്ളിടത്തോളം നാം എഴുതണം ! അതാണ്‌ ധര്‍മ്മം ! അല്ലാണ്ട് കരയ്ക്കിരുന്നു വള്ളം മുക്കുന്ന മാതിരി... ,,? ..?അധര്‍മ്മം കണ്ടുകൊണ്ടു മിണ്ടാതെയിരിക്കുന്നതും അധര്‍മ്മം തന്നെയല്ലേ ? ഭാഷാജ്ഞാനം ആശയവിനിമയം ചെയ്യാനുതകട്ടെ! അധര്‍മ്മത്തെ ചെരുക്കാനുതാകട്ടെ ..അല്ലാതെ എഴുതുന്നവരെ തളര്ത്താനല്ല ! നശ്വരമായ ഈ ഭൂമിയില്‍ നമുക്കുള്ളത് ഇന്നത്തേയ്ക്ക് ദാനമായി കിട്ടിയ ഈ ജീവനം മാത്രമാണ്, ഈ ആത്മബോധവും ധര്മ്മബോധവും മാത്രമാണ് (,ബോധമുണരുംവരെ ) ! നീതിക്കുവേണ്ടി വിശന്നു ദാഹിക്കുന്നവനും ഭാഗ്യവാനാണ് സാറന്മാരെ ..

  ReplyDelete
 4. JAMES KOTTOOR WRITES:
  Who becomes priests & Religious?
  I am compelled to agree with most of what Zachji and Theresia Manayath wrote about Regi’s article. But I also know from personal experience girls discouraged by well-wishers not to join convents while young, so sent to college to take a degree etc. to get them married off, but still persevered in their commitment, applied on their on to missionary convents with their college degree, got admitted, wanted to work in slums but were sent for higher studies abroad instead of making them do slavish work, and are shining examples today.
  Similarly advising youngsters not to give up their share of family property before starting on religious life of service doesn’t speak of one’s total renouncement for God’s providence, which always provides on the mountain top in crisis situations as in the case of Abraham and Isaac. True most of the girls who join convents are from poor families but I know also well to do girls gone for a life of service and still doing yeomen service. Similarly there are rogue agencies who go for recruiting to fatten their pockets but there are also those who sacrifice themselves to recruit right candidates, to my knowledge.
  Yes Reji has started off well with a great gathering of priests and religious who left but I am still to see a very good comprehensive report about it giving names and addresses of those who participated, for them to contact each other, even after two weeks since Feb.28th. Well begun is half done but to win the race one must persist in running. All is well that ends well, is more important than beginning well. Kindly excuse me for shortage of time to go into a long article citing facts and figures. james kottoor

  ReplyDelete