Translate

Saturday, March 28, 2015

യൂറോ - അമേരിക്കന്‍ വ്യവസ്ഥാപിത ഭീകരവാദം II



 സത്യജ്വാല ചീഫ് എഡിറ്റര്‍ ശ്രി ജോര്‍ജ് മൂലേച്ചാലില്‍ എഴുതിയ,  

ഉടന്‍ പ്രസിദ്ധീകരിക്കുന്ന 

നവകൊളോണിയല്‍ നാഗരികതയുടെ നാല്‍ക്കവലയില്‍ എന്ന പുസ്തകത്തിന്റെ 

ആദ്യ അധ്യായം അല്മായശബ്ദത്തില്‍  

നാലു ഭാഗങ്ങളായി പ്രസിദ്ധീകരിക്കുന്നു - എഡിറ്റര്‍

ഒന്നാം ഭാഗം: http://almayasabdam.blogspot.in/2015/03/blog-post_25.html
രണ്ടാം ഭാഗം


ഒരു നൂറ്റാണ്ടിനുമുമ്പുതന്നെ, ആധുനിക പാശ്ചാത്യപരിഷ്‌കാരത്തിന്റെ പ്രതിലോമകരമായ ഉള്ളടക്കത്തെ ഗാന്ധിജി തുറന്നു കാട്ടിയിരുന്നു എന്ന് ഇവിടെ ഓര്‍ക്കേണ്ടതുണ്ട്. 1908-ല്‍ അദ്ദേഹമെഴുതിയ 'ഹിന്ദ് സ്വരാ'ജിനെക്കുറിച്ച്, 'ആധുനികപരിഷ്‌കാരത്തിന്റെ കടുത്തൊരു ഖണ്ഡനമാണീ കൃതി''എന്നാണ് അദ്ദേഹംതന്നെ വിശേഷിപ്പിച്ചിട്ടുള്ളത്. അതില്‍ പാശ്ചാത്യനാഗരികതയെ പൊതുവിലും, പരിഷ്‌കാരലഹരിയിലേക്ക് മനുഷ്യനെ ആകര്‍ഷിച്ചടുപ്പിച്ചുകൊണ്ടിരിക്കുന്ന അതിന്റെ ഏതാണ്ടെല്ലാ ഘടകങ്ങളെയും പ്രത്യേകംപ്രത്യേകമായും, വിശദമായി വിശകലനം ചെയ്ത് അവയുടെ നിഷേധാത്മകസ്വഭാവത്തെ വെളിച്ചത്തു കൊണ്ടുവന്നിരുന്നു, അദ്ദേഹം. അതെല്ലാം ആത്യന്തികമായി ചെയ്യുന്നത്, മനുഷ്യനിലെ ആത്മീയശക്തിയെ പുറത്താക്കി മൃഗീയശക്തിയെ ഉണര്‍ത്തലാണെന്നും, മനുഷ്യനെ സംബന്ധിച്ച് അത് ആത്മഹത്യാപരമാണെന്നും യുക്തിഭദ്രമായി അദ്ദേഹമതില്‍ സമര്‍ത്ഥിക്കുന്നു. '''ഇന്ത്യ അമര്‍ന്നത് ബ്രിട്ടന്റെ കാല്‍ക്കീഴിലല്ല, ആധുനിക പരിഷ്‌കാരത്തിന്റെ കീഴിലാണ്'' എന്ന് അദ്ദേഹം അന്നെഴുതിയത് ഇന്നു മുഴുവന്‍ ലോകത്തെപ്പറ്റിയും പറയാം എന്നു വന്നിരിക്കുന്നു. ഏതായാലും, ലോകത്തിന്റെ ഇന്നത്തെ ദുരവസ്ഥയെ അതിന്റെ അടിവേരോടെ മനസ്സിലാക്കാന്‍, ഗാന്ധിജി എഴുതിയ 'ഹിന്ദ് സ്വരാ'ജിന്റെ കാലാനുസൃതമായ ഒരു പുനര്‍വായന ഉപകരിക്കാതിരിക്കില്ല.
ഏതായാലും യൂറോ-അമേരിക്കന്‍ നവനാഗരികത ലോകമാകെ വ്യവസ്ഥാപിച്ചിരിക്കുന്ന 'സ്വതന്ത്ര'വും 'ജനാധിപത്യപര'വും 'ഉദാര'വും 'മതേതര'വുമായ ആഗോള കമ്പോളവ്യവസ്ഥയെ മാനുഷികമായ ഒരു വീക്ഷണകോണില്‍നിന്നു സ്വതന്ത്രമായി നോക്കിക്കാണാനുള്ള ശേഷി കൈവരിച്ചാല്‍, അതില്‍ ഒളിഞ്ഞിരിക്കുന്ന ചതിക്കുഴികളും ഹീനതയും ക്രൗര്യവും ഹിംസയും ഭീകരതയും കാണുവാന്‍ മനുഷ്യനു കഴിയും. കച്ചവടമൂല്യങ്ങളില്‍ പ്രവീണരായ ആര്‍ക്കും കമ്പോളശക്തി ആര്‍ജ്ജിക്കാനുള്ള സ്വാതന്ത്ര്യമാണവിടെ സ്വാതന്ത്ര്യമെന്നും അങ്ങനെ കമ്പോളശക്തി നേടിയവരുടെ ആധിപത്യമാണവിടെ ജനാധിപത്യമെന്നും അപ്പോഴവന്‍ മനസ്സിലാക്കും. ഈ നാഗരികത മുന്നോട്ടുവയ്ക്കുന്ന ഭൗതികമതത്തിന്റെ നിയമങ്ങള്‍ക്ക് മതവിവേചനമില്ല എന്നതാണവിടുത്തെ മതേതരത്വമെന്നും അവനപ്പോള്‍ മനസ്സിലാകും.
പണത്തെ അതിന്റെ സൃഷ്ടികര്‍ത്താവായ മനുഷ്യനെക്കൊണ്ട് ആരാധിക്കാന്‍ നിര്‍ബന്ധിക്കുന്ന ഈ ഭൗതികമതമൗലികവാദത്തിന്റെ ദൈവശാസ്ത്രവും പ്രയോഗശാസ്ത്രവുമാണ് കമ്പോളകേന്ദ്രീകൃതമായി ഇന്നു രൂപപ്പെടുത്തിക്കൊണ്ടിരിക്കുന്ന എല്ലാ ചിന്താപദ്ധതികളും, അവ നടപ്പാക്കാനുദ്ദേശിച്ചുള്ള എല്ലാ യൂറോ-അമേരിക്കന്‍ തീട്ടൂരങ്ങളും. ''ഒന്നുകില്‍ ഈ മാര്‍ഗ്ഗം സ്വീകരിക്കുക, അല്ലെങ്കില്‍ നശിക്കുക'''എന്നാണ് ഇതിലൂടെയെല്ലാം യൂറോ-അമേരിക്കന്‍ ശക്തികള്‍ പരോക്ഷമായി പറയുന്നത്. ഇതു പറയാനും ലോകരാഷ്ട്രങ്ങളെക്കൊണ്ട് അംഗീകരിപ്പിക്കാനും 'വ്യവസ്ഥാപിതവും 'സുതാര്യവുമായ മാര്‍ഗ്ഗങ്ങളാണത്രെ അവര്‍ സ്വീകരിക്കുന്നത്!
പക്ഷേ, അതുകൊണ്ടുമാത്രം അതു മൗലികവാദഭീകരത അല്ലാതാകുന്നതെങ്ങനെ? പ്രത്യാഘാതങ്ങള്‍ ചൂണ്ടിക്കാണിച്ച് രാഷ്ട്രങ്ങളെക്കൊണ്ട് തങ്ങളുടെ വ്യവസ്ഥകള്‍ അംഗീകരിപ്പിക്കുന്നതും, തോക്കുചൂണ്ടിയും ഭീകരാവസ്ഥ സൃഷ്ടിച്ചും അംഗീകരിപ്പിക്കുന്നതും തമ്മില്‍ കാതലായ വ്യത്യാസമെന്താണ്? അനുസരിക്കാത്ത രാഷ്ട്രങ്ങളെ ഏകപക്ഷീയമായി യുദ്ധം അടിച്ചേല്പിച്ചു നശിപ്പിക്കുന്നത് വ്യവസ്ഥാപിതമായി യുദ്ധപ്രഖ്യാപനം നടത്തിയതിനു ശേഷമാണെന്നതുകൊണ്ടുമാത്രം ഭീകരത അല്ലാതാകുന്നതെങ്ങനെ?
ഇന്ന് ഏറ്റവും രൂക്ഷമായി കാണപ്പെടുന്ന ഇസ്ലാമിക മതമൗലികവാദം അവതരിപ്പിക്കുന്നതിന്റെയും അടിച്ചേല്പിക്കുന്നതിന്റെയും ശൈലിയും സ്വഭാവവും വ്യത്യസ്തമായിരിക്കുന്നതിന്, നിഗൂഢമായിരിക്കുന്നതിന്, മറ്റു കാരണങ്ങളാണുള്ളത്. അതിപ്രബലരായവര്‍ക്ക് 'വ്യവസ്ഥാപിതമാര്‍ഗ്ഗങ്ങളിലൂടെത്തന്നെ തങ്ങളുടെ മൗലികവാദവും ഭീകരവാഴ്ചയും നടപ്പിലാക്കാനാവും. വ്യവ സ്ഥാപിതസമ്പ്രദായങ്ങള്‍' എന്നു പറയുന്നതുതന്നെ പ്രബലരായവര്‍ തങ്ങ ളുടെ വ്യവസ്ഥകള്‍ സമൂഹത്തില്‍ സ്ഥാപിച്ചെടുത്തിട്ടുള്ള രീതികളെയാണല്ലോ. മുമ്പു സൂചിപ്പിച്ചതുപോലെ, യൂറോപ്പിന് അതിന്റെ ലോകസാമ്രാജ്യത്വവാഴ്ചക്കാലത്തുതന്നെ യൂറോപ്യന്‍ വ്യവസ്ഥകള്‍ ഇതര ജനസമൂഹങ്ങളില്‍ സ്ഥാപിച്ചെടുക്കാന്‍ കഴിഞ്ഞു. പ്രത്യക്ഷസാമ്രാജ്യത്വം അവസാനിച്ചിട്ടും ലോകസമൂഹത്തില്‍ ഇന്നും അതേ പാശ്ചാത്യവ്യവസ്ഥീകരണംതന്നെ നിലനില്ക്കുകയാണ്. യൂറോ- കേന്ദ്രിതമായ ഈ വ്യവസ്ഥീകരണത്തിനു വിധേയപ്പെട്ടുകഴിഞ്ഞ ലോകത്തിന്റെ ഇന്നത്തെ നവനാഗരികസാഹചര്യമാണ് 'വ്യവസ്ഥാപിതവും 'സുതാര്യവുമായിത്തന്നെ തങ്ങളുടെ മൗലികവാദഭീകരത നടപ്പാക്കാന്‍ യൂറോ-അമേരിക്കന്‍ ശക്തികള്‍ക്കു ബലം കൊടുക്കുന്നത്.
ഈ ബലം ഇല്ലാത്തതിനാലാണ് മറ്റു മൗലികവാദപ്രസ്ഥാനങ്ങള്‍ക്ക് ഇരുട്ടിനെയും നിഗൂഢതയെയും അതിസാഹസിക ചാവേര്‍ ആക്രമണങ്ങളെയും ആശ്രയിക്കേണ്ടിവരുന്നത്.
ഒളിപ്പോര്‍സാഹചര്യം
നേര്‍ക്കുനേര്‍ പൊരുതി പരാജയപ്പെടുത്താനാവില്ലെന്നറിയാവുന്ന പ്രബലനായ ശത്രുവിനെ എതിരിടേണ്ടിവരുന്ന സാഹചര്യത്തിലാണ് ഒരാള്‍ പതിയിരുന്നുള്ള ആക്രമണരീതി സ്വീകരിക്കുക. ഭരണകൂടത്തിന്റെ സായുധശക്തിയെ നേരിട്ടെതിര്‍ത്തു തോല്പിക്കാനാകാത്തതിനാലാണ് വിപ്ലവകാരികള്‍ എന്നു വിശേഷിപ്പിക്കപ്പെടുന്ന ഏതാണ്ടെല്ലാ വിഭാഗങ്ങളും മിന്നലാക്രമണങ്ങളുടെയും വിദ്ധ്വംസക പ്രവര്‍ത്തനങ്ങളുടെയും ചാവേര്‍പോരാട്ടങ്ങളുടെയും വഴിയില്‍ എക്കാലവും സഞ്ചരിച്ചിട്ടുള്ളത്. അമേരിക്കന്‍ ശക്തിക്കെതിരെ വിയറ്റ്‌നാംകാര്‍ സ്വീകരിച്ച വഴിയും ഒളിപ്പോരിന്റേതായിരുന്നുവല്ലോ? ഇന്ത്യന്‍ സ്വാതന്ത്ര്യസമരത്തിലെ പല വീരനായകരും ബ്രീട്ടീഷ് സാമ്രാജ്യശക്തിക്കെതിരെയുള്ള പോരാട്ടത്തില്‍ ഇതേ മാര്‍ഗ്ഗം തന്നെയാണ് സ്വീകരിച്ചതെന്നും ഇവിടെ നമുക്കോര്‍ക്കാം. (എത്ര ഉദാത്തലക്ഷ്യത്തിനുവേണ്ടി ആയിരുന്നാലും, എത്ര വലിയ ശക്തിക്കെതിരെ ആയിരുന്നാലും, അക്രമത്തിന്റെ കിരാതമാര്‍ഗ്ഗം സ്വീകരിക്കുന്നതിനെതിരെ ഗാന്ധിജി എടുത്ത ഉറച്ച നിലപാട് എത്രമാത്രം ക്രാന്തദര്‍ശിത്വത്തോടും വിവേകത്തോടും കൂടിയുള്ളതായിരുന്നുവെന്ന്, കുറെയൊക്കെ ആദര്‍ശവല്‍ക്കരിക്കപ്പെട്ടിരുന്ന അന്നത്തെ അക്രമമാര്‍ഗ്ഗത്തിന്റെ വികസിതരൂപമായ ഇന്നത്തെ ഭീകരപ്രസ്ഥാനങ്ങളുടെ പശ്ചാത്തലത്തില്‍, നമുക്കു കൂടുതലായി മനസ്സിലാക്കാനാകും.) ഇന്നിപ്പോള്‍ ഈ ഒളിപ്പോര്‍ യുദ്ധതന്ത്രം സൈനികത്താവളങ്ങളെ ഒഴിവാക്കി, തെരുവുകളിലും കെട്ടിടങ്ങളിലും വാഹനങ്ങളിലുമുള്ള സാധാരണ മനുഷ്യരെ ഉന്നംവയ്ക്കുന്നത്ര ഭീകരമായിക്കഴിഞ്ഞു. മാത്രമല്ല, ഇത്തരം ഭീകരപ്രവര്‍ത്തനങ്ങളുടെ പ്രവര്‍ത്തനശൃംഖലയ്ക്ക് ലോകമാസകലം താവളങ്ങളും ഉണ്ടായിക്കൊണ്ടിരിക്കുന്നു. തങ്ങള്‍ക്കു നേരിട്ടെതിര്‍ത്തു തോല്പിക്കാനാവാത്ത യൂറോ-അമേരിക്കന്‍ വന്‍ശക്തിക്കെതിരെ ഇസ്ലാമികതീവ്രവാദികളില്‍ വളര്‍ന്നുവരുന്ന നിശ്ചയദാര്‍ഢ്യ മാണ് ഇവിടെ പ്രകടമാകുന്നത്.
അല്പമൊന്നു നിരീക്ഷിച്ചാല്‍, യൂറോ-അമേരിക്കന്‍ ശക്തി വര്‍ദ്ധിക്കുന്തോറും വര്‍ദ്ധിത വീര്യത്തോടും കൂടുതല്‍ അംഗബലത്തോടുംകൂടി ഇസ്ലാമിക മൗലികവാദഭീകരത ആളിപ്പടരുകയാണ് എന്ന വസ്തുത, ആര്‍ക്കും കാണാനാകും. ഇത് ഈ മൗലികവാദശക്തികള്‍ തമ്മിലുള്ള ബന്ധത്തിലേക്കാണ് കൈചൂണ്ടുന്നത്. അതായത്, ഇസ്ലാമിക മൗലികവാദത്തിന്റെ പുത്തന്‍ ഉറവിടം ഈ യൂറോ-അമേരിക്കന്‍ ലോകമേല്‍ക്കോയ്മാ സാഹചര്യം തന്നെയാണ്. ആ വന്‍ശക്തി അടിച്ചേല്പിക്കുന്ന ഭൗതികമതമൗലികവാദത്തിനും അതിലൂടെ അറേബ്യന്‍ സംസ്‌കാരത്തിന്റെയും എണ്ണസമ്പത്തിന്റെയുംമേല്‍ അവര്‍ ആധിപത്യം സ്ഥാപിക്കുന്നതിനുമെതിരെ തങ്ങളുടെ തീക്ഷ്ണമായ ഇസ്ലാമിക മൗലികവാദം പ്രയോഗിക്കുകയാണവര്‍.
മതമൗലികവാദത്തിന്റെ സെമിറ്റിക് പൈതൃകം
മനുഷ്യരെ അണിനിരത്താനും ആട്ടിത്തെളിക്കാനും ഏറ്റവും സമര്‍ത്ഥമായ ഉപകരണമാണല്ലോ എന്നും മതം. സര്‍വ്വതും, സര്‍വ്വരും, ആത്യന്തിക സത്തയില്‍ ഒന്നാണെന്ന ആന്തരികബോധം സൃഷ്ടിച്ച്, എല്ലാത്തരം വിഭാഗീയതകള്‍ക്കുമതീതമായി മനുഷ്യകുലത്തെ ഐക്യപ്പെടുത്തുക എന്നതാണ് മതങ്ങളുടെ ദൗത്യമെങ്കിലും അവ, പ്രത്യേകിച്ച് സംഘടിതമതങ്ങള്‍, എക്കാലവും സൃഷ്ടിച്ചുകൊണ്ടിരുന്നത് വിഭാഗീയമായ സാമുദായികത്വബോധമായിരുന്നു. സെമിറ്റിക് വിഭാഗത്തില്‍പ്പെട്ട യഹൂദ- ക്രൈസ്തവ-ഇസ്ലാം മതങ്ങളെല്ലാം ഏകസത്യമതവാദം പുലര്‍ത്തുന്ന സംഘടിതമതങ്ങളാണ്. ലോകചരിത്രം പരിശോധിച്ചാല്‍, ഈ മതങ്ങള്‍ തമ്മില്‍ ആധിപത്യത്തിനുവേണ്ടിയും തങ്ങളുടേതുമാത്രമാണ് സത്യമതമെന്ന് അംഗീകരിപ്പിക്കുന്നതിനുവേണ്ടിയും നടത്തിയിട്ടുള്ള പരസ്പരകുരുതികളുടെ അദ്ധ്യായങ്ങളാണേറെയും. സൂക്ഷ്മാവലോകനത്തില്‍, ഇന്നു നടക്കുന്നത് പരസ്പരാധിപത്യത്തിനും ലോകാധിപത്യത്തിനുംവേണ്ടി ക്രിസ്ത്യന്‍'യൂറോപ്പും ഇസ്ലാമിക'അറേബ്യയും നടത്തിയിരുന്ന കുരിശുയുദ്ധങ്ങളുടെയും ജിഹാദുകളുടെയും വേഷപ്പകര്‍ച്ചയോടെയുള്ള തുടര്‍ച്ചമാത്രമാണ് എന്നു കാണാം. യൂറോപ്യന്‍ സാമ്രാജ്യവികസനം എന്ന ക്രിസ്ത്യന്‍'യൂറോപ്പിനുണ്ടായിരുന്ന രാഷ്ട്രീയലക്ഷ്യം, ഇന്ന് യൂറോ-അമേരിക്കന്‍ സാംസ്‌ക്കാരിക-സാമ്പത്തികസാമ്രാജ്യത്വം എന്നായി മാറിയിരിക്കുന്നു എന്നുമാത്രം. അതിനായി 'വ്യവസ്ഥാപിത'രീതികളില്‍ സമ്മര്‍ദ്ദം ചെലുത്തി ലോകാഭിപ്രായം അനുകൂലമാക്കിക്കൊണ്ടും അജയ്യമായ സൈനി കശക്തിയുടെ പിന്‍ബലത്തോടെയും യൂറോ-അമേരിക്കന്‍ ശക്തികള്‍, അപ്രതിരോധ്യം എന്നു തോന്നുംവണ്ണം മുന്നോട്ടു കുതിക്കുകയാണ്. എന്നാല്‍ ഇസ്ലാമിക അറേബ്യയ്ക്കും അതിന്റെ സംസ്‌ക്കാരത്തിനും ഇക്കാലയളവില്‍ സംഭവിച്ചത്, യൂറോ-അമേരിക്കന്‍ മുഖമുദ്രയുള്ള ആധുനികനാഗരികതയുടെ അലകളില്‍പ്പെട്ടുള്ള വിള്ളലുകളും ശിഥിലീകരണവുമാണ്. ഈ ദുര്‍ബ്ബലാവസ്ഥയില്‍, ലോകമേധാവിത്വത്തിലേക്കു കുതിക്കുന്ന യൂറോ-അമേരിക്കന്‍ ശക്തിയെ തളയ്ക്കാന്‍ സുതാര്യവും വ്യവസ്ഥാപിതവുമായ മാര്‍ഗ്ഗങ്ങളൊന്നും ഇസ്ലാമിക തീവ്രവാദികളുടെ മുമ്പിലില്ല. അതുകൊണ്ടാണ് തുറന്ന ജിഹാദിനു പകരം നിഗൂഢതയിലൊളിപ്പിച്ച ഭീകരപ്രവര്‍ത്തനങ്ങളിലേക്ക് അവര്‍ക്കു വഴിതിരിയേണ്ടി വന്നത്.
യൂറോ-അമേരിക്കന്‍ വന്‍ശക്തിയും അതുയര്‍ത്തിപ്പിടിക്കുന്ന ഭൗതികമതമൗലികവാദവും ലോകാധിപത്യത്തിലേക്കുള്ള ചുവടുകള്‍ മുന്നോട്ടു വയ്ക്കുന്തോറും, സ്വാഭാവികമായും ഈ ഇസ്ലാം മതമൗലികഭീകരതയും ആളിപ്പടരുകയേയുള്ളു. യൂറോ-അമേരിക്കന്‍ വന്‍ശക്തിയുമായി ഏതെല്ലാം രാജ്യങ്ങള്‍ എപ്പോഴൊക്കെ കൈകോര്‍ക്കുന്നുവോ, ആ രാജ്യങ്ങളി ലൊക്കെയും, മിക്കവാറും അതാതു സമയങ്ങളില്‍ത്തന്നെ ഇസ്ലാമികതീവ്ര വാദികളുടെ ചാവേര്‍ ആക്രമണങ്ങള്‍, അല്ലെങ്കില്‍ സ്‌ഫോടന പരമ്പരകള്‍, അരങ്ങേറുന്നു എന്ന യാഥാര്‍ത്ഥ്യം ഈ നിരീക്ഷണം ശരിയെന്നു തെളിയിക്കുന്നു. ഇന്‍ഡ്യാ-അമേരിക്കാ ആണവകരാറിനനുകൂലമായി 2008 ജൂലൈ 22-ന് മന്‍മോഹന്‍സിന്ദ് സര്‍ക്കാര്‍ വിശ്വാസവോട്ടു നേടി ഒരാഴചക്കകം സ്‌ഫോടനപരമ്പരകളുടെ ഒരു നിരതന്നെ ഉണ്ടായി എന്നത് ഇതിനോടു ചേര്‍ത്തു കാണാവുന്നതാണ്. കരാറുമായി ബന്ധപ്പെട്ട് പിന്നീടു നടന്ന ഓരോ നീക്കത്തെത്തുടര്‍ന്നും ഇന്‍ഡ്യയില്‍ സ്‌ഫോടനപരമ്പരകള്‍ അരങ്ങേറുകയുണ്ടായി. ഇതെല്ലാം സൂചനകളായി എടുത്താല്‍, കുറച്ചുകാലമായി നടന്നുവരുന്ന ഇസ്ലാമികതീവ്രവാദത്തിന്റെയും ഭീകരാക്രമണങ്ങളുടെയും സൃഷ്ടികര്‍ത്താവ് യൂറോ-അമേരിക്കന്‍ ഭൗതികമതമൗലികവാദഭീകരത യാണെന്നു കാണാം; അഥവാ, തങ്ങള്‍ രൂപംകൊടുത്തു വ്യവസ്ഥാപിച്ചിട്ടുള്ള വ്യാവസായിക-കമ്പോള വ്യവസ്ഥ യിലേക്ക് ലോകരാഷ്ട്രങ്ങളെല്ലാം വന്നു കൊള്ളണമെന്നു ശഠിക്കുന്ന യൂറോ-അമേരിക്കന്‍ നവകൊളോണിയലിസ മാണെന്നു കാണാം.
(തുടരും)

1 comment:

  1. അല്മായശബ്ദത്തില്‍ കൂടുതല്‍ കാലികപ്രസക്തിയുളള പോസ്റ്റുകള്‍ തുടര്‍ച്ചയായി വന്നുകൊണ്ടിരിക്കുന്നതിനാല്‍ ഈ ലേഖനത്തിന്റെ ബാക്കിഭാഗം പൂര്‍ണമായും മറ്റൊരു ബ്ലോഗില്‍ പ്രസിദ്ധീകരിക്കുന്നു. http://catholicreformation-kcrm.blogspot.in/2015/04/iii.html

    ReplyDelete