Translate

Monday, March 16, 2015

'ക്രിസ്റ്റോളജി' എന്ന തടസ്സക്കല്ല് - മുഖക്കുറിഏതൊരു പ്രസ്ഥാനത്തെയും തകർക്കാൻ, അതിന്റെ സ്ഥാപകനെ വാഴ്ത്തിക്കൊണ്ടിരുന്നാൽ മതി; അനുയായികൾ വ്യക്തിപൂജയിലേക്കു തിരിയുകയും, പ്രസ്ഥാനത്തിന്റെ അടിസ്ഥാന ലക്ഷ്യങ്ങളിൽനിന്നും പ്രവർത്തനങ്ങളിൽനിന്നും വ്യതിചലിക്കുകയും ചെയ്തുകൊള്ളും. ക്രിസ്തുമതത്തിലേക്കു നോക്കിയാൽ ഈ വസ്തുത വളരെ തെളിഞ്ഞു കാണാനാകും. യേശുവിനെ ആരാധനാവിഗ്രഹമാക്കിക്കൊണ്ട് അദ്ദേഹം ആവിഷ്‌കരിച്ച ദൈവദർശനത്തെയും മൂല്യസംഹിതയെയും തകിടംമറിക്കാൻ, പൗരോഹിത്യത്തിനു കഴിഞ്ഞു. അതിനുവേണ്ടി അവർ നിർമ്മിച്ചെടുത്ത 'ദിവ്യാ'യുധമാണ് 'ക്രിസ്റ്റോളജി', അഥവാ 'ക്രിസ്തുവിജ്ഞാനീയം'.

images
സ്‌നേഹാധിഷ്ഠിതമായ ദൈവരാജ്യ മൂല്യങ്ങൾ സ്വയം ആർജ്ജിക്കുക, അവ മറ്റുള്ളവരിലേക്കു പകരുക, ആ മൂല്യങ്ങളാൽ ഭരിക്കപ്പെടുന്ന ഒരു സമൂഹസൃഷ്ടിക്കായി (ദൈവരാജ്യസൃഷ്ടിക്കായി) പ്രയത്‌നിക്കുക, അങ്ങനെ ജീവിതം സഫലമാക്കുക-യേശുവിന്റെ സുവിശേഷസാരമിതാണ്. എല്ലാവരും പിതാവായ ഏകദൈവത്തിന്റെ മക്കളാണ് എന്ന യേശുദർശനത്തിലെത്തിച്ചേരുന്ന ആർക്കും ഈ സുവിശേഷം അയത്‌നലളിതമായി മനസ്സിലാക്കാനാവുകയും ചെയ്യും. കാരണം, 'എല്ലാവരും ഒരേ ദൈവപിതാവിന്റെ മക്കൾ' എന്ന യേശുവിന്റെ അടിസ്ഥാന ദർശനത്തിന്റെ പ്രാവർത്തികഭാഗം മാത്രമാണത്. 

എല്ലാവരും ഒരേ പിതാവിന്റെ മക്കളെങ്കിൽ, മനുഷ്യരെല്ലാം നേർസഹോദരരാണെന്നു വരുന്നു, സഹോദരനിർവ്വിശേഷമായ സ്‌നേഹഭാവം മനുഷ്യരെല്ലാം തമ്മിൽ ഉണ്ടാകേണ്ടതുണ്ടെന്നു വരുന്നു; സ്വകാര്യമാത്ര ചിന്താഗതികളും വ്യഗ്രതകളും അസൂയയും മാത്സര്യവും ശത്രുതയും കലഹവും കോപവും വിദ്വേഷവും വിഭാഗീയതകളു(ഗലാ. 5:20-21)മൊന്നും അവരുടെയിടയിൽ പാടുള്ളതല്ല എന്നു വരുന്നു; പകരം, സ്‌നേഹം, സമാധാനം, ക്ഷമ, കരുണ, വിശ്വസ്തത, സൗമ്യത, ആത്മനിയന്ത്രണം (ഗലാ. 5: 2223) മുതലായ പരാർത്ഥതാഭാവങ്ങളുൾക്കൊണ്ടുവേണം തമ്മിൽ പെരുമാറാൻ എന്നു വരുന്നുച എല്ലാവരെയും ഉൾക്കൊള്ളാനുള്ള മനോവിശാലതയിലേക്ക് മനുഷ്യൻ മാനസാന്തരപ്പെടേണ്ടതുണ്ടെന്നു വരുന്നു... ചുരുക്കത്തിൽ, അവനവനിൽനിന്ന് അപരനിലേക്കു മനുഷ്യമനസ്സുകളെ വിടർത്തിക്കൊണ്ട്, ലോകമാകെ സ്‌നേഹത്തിന്റെ പരിമളം പരത്തി മനുഷ്യനെയും ലോകത്തെയും അടിമുടി പരിവർത്തിപ്പിക്കാൻ പോരുന്നത്ര ശക്തി-ചൈതന്യങ്ങൾ ഉൾക്കൊള്ളുന്ന ഒന്നാണ്, യേശുവിന്റെ സുവിശേഷം. അതു മനുഷ്യനെ കേവലവ്യക്തികൾ എന്ന നിലയിൽനിന്നു ദൈവരാജ്യപൗരന്മാരായി രൂപാന്തരപ്പെടുത്തുന്നു; ദൈവരാജ്യത്തിലേക്കുള്ള സാമൂഹിക പരിവർത്തനത്തിന്റെ പുളിമാവാക്കി മാറ്റുന്നു; ഇതിൻഫലമായി, ആത്മാനന്ദകരവും പരസ്പരാനന്ദകരവുമായ ഒരു ലോകം, ദൈവരാജ്യം, ഈ ലോകത്തിൽ ഉദയംകൊള്ളുകയും ചെയ്യുന്നു.

യേശു ഈ ലോകത്തിൽ അവതരിച്ചിട്ട് 20 നൂറ്റാണ്ടു കഴിഞ്ഞിരിക്കുന്നു. പക്ഷേ, അതുകൊണ്ടെന്തുണ്ടായി എന്നാലോചിച്ചാൽ, യേശുവിന്റെ പേരിൽ ആയിരക്കണക്കിനു സഭകളും, യേശുവിനെ ആരാധനാവിഗ്രഹമാക്കി പാടിപ്പുകഴ്ത്താൻ ലക്ഷക്കണക്കിനു പള്ളികളും, അതിന്റെ പതിന്മടങ്ങ് പുരോഹിതരും, യേശുവിന് അധരസേവ ചെയ്യുന്ന കോടിക്കണക്കിന് 'ക്രൈസ്തവ'രുമുണ്ടായി എന്നതിനപ്പുറം, യേശു വിഭാവനംചെയ്ത ദൈവരാജ്യലക്ഷ്യത്തിലേക്ക് ലോകം ഒരിഞ്ചുപോലും മുന്നോട്ടു നീങ്ങിയിട്ടില്ല എന്നു കണ്ടെത്താൻ കഴിയും.

ഇത്ര വ്യക്തവും ജീവൻ തുടിക്കുന്നതുമായ ഒരു ദർശനവും (vision), അതിന്റെ അടിസ്ഥാനത്തിൽ സമൂർത്തവും ചലനാത്മകവുമായ ഒരു പ്രയോഗശാസ്ത്ര(praxis)വും, എന്നു മാത്രമല്ല, യേശുവിന്റെ സുവിശേഷത്തിനു നേർവിരുദ്ധമായി, ഓരോരുത്തരും അവനവനിലേക്കു ചുരുങ്ങിക്കൂടിയും, അപരനെ അന്യനും ശത്രുവുമായി കണ്ടും മനുഷ്യമനസ്സുകളും ലോകവും ഒന്നിനൊന്നു കലാപകലുഷിതമായിക്കൊണ്ടിരിക്കുകയാണെന്നും കാണാൻ കഴിയും. വേറെ വാക്കുകളിൽ പറഞ്ഞാൽ, 'ആരാധനാക്രമങ്ങളിലൂടെ എന്നെ ആരാധിച്ചിട്ട് മാമോൻപൂജയിൽ ഇഷ്ടംപോലെ മുഴുകിക്കൊള്ളൂ' എന്ന് യേശു ഉപദേശിച്ചിരുന്നാലെങ്ങനെയോഅങ്ങനെയായിത്തീർന്നിരിക്കുകയാണു ലോകം.  

1424404108
യേശുവിനെ ആരാധിക്കാൻ അടുത്തടുത്ത് അംബരചുംബികളായ പള്ളികളും കവലകൾതോറും കുരിശുപള്ളികളും മലയായ മലകളിലൊക്കെ കുരിശുമലകളും തീർത്ഥാടനകേന്ദ്രങ്ങളും തീർത്തിരിക്കുന്നു! അവിടങ്ങളിലെല്ലാം, തങ്ങളുടെ സ്വകാര്യ-സ്വാർത്ഥലക്ഷ്യങ്ങളും ആഗ്രഹങ്ങളും സഫലീകരിക്കുക എന്ന ഭൗതികലക്ഷ്യങ്ങളുമായി ജനങ്ങൾ തിങ്ങിക്കൂടി 'വിശ്വാസസാഗരങ്ങൾ' സൃഷ്ടിക്കുകയും ചെയ്യുന്നു. കൂടിവരുന്ന ഈ യേശുഭക്തിക്കും 'ഹല്ലേലൂയ്യാ', 'സ്‌തോത്രം' വിളികൾക്കുമിടെ മനുഷ്യൻ മനുഷ്യനെ മറക്കുകയും, സ്വകാര്യ ആർത്തികൾ ആളിക്കത്തിച്ചു പുലരുന്ന മാമോന്റെ പിടിയിൽ ലോകം കൂടുതൽകൂടുതലായി അമരുകയും ചെയ്യുന്നു. അങ്ങനെ 'ക്രൈസ്തവ'ലോകത്തിന്റെതന്നെ മുൻകൈയിൽ ദൈവരാജ്യത്തിനു പകരം മാമോൻരാജ്യമെന്ന ചന്തവ്യവസ്ഥിതി ലോകത്തിൽ വ്യവസ്ഥാപിതമാകുന്നു; ആയിക്കഴിഞ്ഞിരിക്കുന്നു.

ചരിത്രത്തിലേക്കുനോക്കിയാൽ, ഈ വിധിവൈപരീത്യം എല്ലാ വിമോചന-നവോത്ഥാന- മതപ്രസ്ഥാനങ്ങളെയും ബാധിച്ചിട്ടുള്ളതായി കാണാം. യേശുവിനു മുമ്പു ജീവിച്ച ബുദ്ധനെ ആരാധ്യബിംബമാക്കിക്കൊണ്ട്, അദ്ദേഹം ആവിഷ്‌കരിച്ച ദർശനത്തെയും മോചനമാർഗ്ഗങ്ങളെയും സംഘജീവിതത്തെയും പൗരോഹിത്യം തുരങ്കംവച്ചു. ജാതി-മത-വർഗ്ഗ വീഭാഗീയതകൾക്കെല്ലാമതീതമായ ഒരു മാനവികദർശനം അവതരിപ്പിച്ച നാരായണഗുരുവിനെ പൂജാവിഗ്രഹമാക്കിക്കൊണ്ട്, ഇവിടെ സാധ്യമാകുമായിരുന്ന വിപ്ലവകരമായൊരു സാമൂഹികനവോത്ഥാനത്തെയും, 'അയൽപക്കത്തായം' എന്നദ്ദേഹം വിശേഷിപ്പിച്ച പ്രാദേശികക്കൂട്ടായ്മാ ജീവിതസമ്പ്രദായത്തെക്കുറിച്ചുള്ള ഉദാത്ത സങ്കല്പത്തെയും തകിടംമറിച്ചു. ഗാന്ധിയൻ ദർശനത്തെയും, ലോകത്തെത്തന്നെ ഗുണപരമായി പരിവർത്തിപ്പിക്കാൻപോന്ന അദ്ദേഹത്തിന്റെ ഗ്രാമസ്വരാജ് സങ്കല്പത്തെയും ഗാന്ധിസ്തുതികൊണ്ടു കുഴിച്ചുമൂടിയത് നാം തന്നെയാണല്ലോ.

tnnelമതപ്രസ്ഥാനമെങ്കിൽ, അതിൽ കയറിക്കൂടുന്ന പൗരോഹിത്യവും, സാമൂഹിക-രാഷ്ട്രീയപ്രസ്ഥാനങ്ങളെങ്കിൽ അതിലുയർന്നുവരുന്ന അധികാരമോഹികളായ നേതൃത്വവുമാണ് വ്യക്തിപൂജയിലൂടെയുള്ള ഈ ലക്ഷ്യവ്യതിചലനപ്രക്രിയയ്ക്കു നേതൃത്വം നൽകുന്നതെന്ന് നിരീക്ഷിച്ചാൽ കാണാനാകും. അതിനായി, മതത്തിൽ ദൈവശാസ്ത്രം എന്ന വഴിവെട്ടുന്നു, രാഷ്ട്രീയത്തിൽ പ്രത്യയശാസ്ത്രമെന്ന വഴിയും.

ആലോചിച്ചാൽ, 'ദൈവശാസ്ത്ര' (Theology) മെന്ന പദംതന്നെ വികലമാണെന്നു കാണാം. ശാസ്ത്രമെന്നാൽ, ഇന്ദ്രിയഗോചരമായ ഭൗതികയാഥാർത്ഥ്യങ്ങളെ നിരീക്ഷണ-പരീക്ഷണങ്ങൾക്കു വിധേയമാക്കിക്കൊണ്ടുള്ള അന്വേഷണ-നിഗമനങ്ങളുടെ മാർഗ്ഗമാണ്. എന്നാൽ, ഇന്ദ്രിയഗോചരമല്ലാത്തതും അനന്തവും, തന്മൂലം അജ്ഞേയവുമായിരിക്കുന്ന ദൈവമെന്ന പരമസത്തയെ ശാസ്ത്രീയമായി പഠിച്ചുകളയാം എന്നു കരുതുന്നത് മനുഷ്യന്റെ അഹന്താപ്രകടനമല്ലാതെ മറ്റെന്താണ്? കടലിനെ പഠിക്കാൻ അതിലെ ഒരു തുള്ളിയും, ശരീരത്തെ പഠിക്കാൻ അതിലെ ഒരു കോശവും തുനിയുന്നതിനോടു സമാനമായ മൗഢ്യമല്ലേ അത്? ഒരു ശരീരകോശത്തിന്റെ ദൗത്യം, ശരീരത്തിലായിരുന്നുകൊണ്ട് മസ്തിഷ്‌കനിർദ്ദേശങ്ങൾ അനുസരിച്ചു പ്രവർത്തിക്കുക എന്നതാണ്; അല്ലാതെ, സ്വന്തം നിലയിൽ താൻ ആയിരിക്കുന്ന ശരീരത്തെ വിലയിരുത്തിക്കിട്ടുന്ന കാഴ്ചപ്പാടനുസരിച്ചു പ്രവർത്തിക്കുക എന്നതല്ല.  അങ്ങനെ ആകുന്നപക്ഷം, ശരീരത്തിലെ ഓരോ കോശവും ഓരോ അവയവവും പരസ്പരം പോരടിക്കുകയും ശരീരത്തെ തകർക്കുകയും ചെയ്യുന്ന അവസ്ഥയാകും സംജാതമാകുന്നത്. അതുപോലെതന്നെയാണു മനുഷ്യന്റെ കാര്യവും. ആകമാനസത്തയുടെ, ദൈവത്തിന്റെ, കേവലം അംശം മാത്രമായിരിക്കുന്ന മനുഷ്യൻ വിളിക്കപ്പെട്ടിരുന്നത് ദൈവത്തെക്കുറിച്ചു പഠിക്കാനല്ല; ദൈവത്തിൽ ആയിരിക്കാനാണ്; ദൈവികത ആർജ്ജിച്ച് പിതാവായ ദൈവത്തിന്റെ ഹിതം നിറവേറ്റാനാണ്; സ്വധർമ്മം അനുഷ്ഠിക്കാനാണ്.
VATICAN-POPE-ORDINATION-PRIEST

വാസ്തവത്തിൽ, ഈ കടമനിർവ്വഹണത്തിൽനിന്നു തലയൂരാനും, കൈ-മെയ്യനങ്ങാതെ പണ്ഡിതരും പ്രമാണിമാരുമായി, 'വിരുന്നുകളിൽ മുഖ്യസ്ഥാനവും. ചന്തസ്ഥലങ്ങളിൽ അഭിവാദനവും മനുഷ്യനിൽനിന്നു 'ഗുരോ' എന്ന സംബോധനയും' (മത്താ. 23:6-7) ഉറപ്പാക്കി വിലസി ജീവിക്കാനുമാണ്, പൗരോഹിത്യം മതദർശനങ്ങളുടെ അകക്കാമ്പ് മറയ്ക്കുകയും ചോർത്തിക്കളയുകയും ചെയ്യുന്ന തരത്തിൽ ദൈവശാസ്ത്രങ്ങൾ മെനയുന്നത്. അത് മതസ്ഥാപകരെത്തന്നെ കേന്ദ്രീകരിച്ചായതിനാൽ, അതിലെ ചതി ആരും കണ്ടെത്തുന്നുമില്ല. മതസ്ഥാപകരെ ആരാധനാപാത്രങ്ങളാക്കി ജനങ്ങളുടെ മുമ്പിലവതരിപ്പിക്കുക, ആരാധിപ്പിക്കുക എന്നതാണ് പൗരോഹിത്യം ലക്ഷ്യംവയ്ക്കുന്നത്. രാജ്യസ്‌നേഹത്തിനുപകരം, രാജഭക്തി പ്രോത്സാഹിപ്പിക്കുന്നതുപോലെയാണത്. ആരെങ്കിലും എതിർത്താൽ രാജ്യദ്രോഹിയായി മുദ്രകുത്തി നാടു കടത്താം; മതത്തിൽ മതദ്രോഹിയായും ദൈവദൂഷകനായും മുദ്രചാർത്തി സമുദായഭ്രഷ്ടനാക്കാം. യേശുവിനെതിരെയും ഈ ആരോപണങ്ങൾ ഉന്നയിക്കപ്പെട്ടിരുന്നല്ലോ.

ക്രൈസ്തവദൈവശാസ്ത്രത്തിൽ പ്രമുഖസ്ഥാനം അലങ്കരിക്കുന്നത് 'ക്രിസ്റ്റോളജി' എന്ന 'ക്രിസ്തുവിജ്ഞാനീയ'മാണ്. ആദിമസഭയുടെ വളരെ ഹ്രസ്വമായ ഒരു കാലഘട്ടം കഴിഞ്ഞുടനെതന്നെ, യേശു ആര്, ദൈവമോ മനുഷ്യനോ, അതോ രണ്ടും ചേർന്നതോ, എങ്കിൽ ഏതനുപാതങ്ങളിൽ... എന്നിങ്ങനെയുള്ള അതിബാലിശമായ തർക്കവിതർക്കങ്ങൾ യേശുവെന്ന വ്യക്തിയെ കേന്ദ്രീകരിച്ച് ഉയർന്നുവരുകയും പരസ്പരവിരുദ്ധങ്ങളായ ഒട്ടേറെ തിയറികളും 'ഇസ'ങ്ങളും അവതരിപ്പിക്കപ്പെടുകയും ചെയ്തു. അതിന്റെപേരിൽ കലഹങ്ങളും കലാപങ്ങളും പരസ്പരം പുറത്താക്കലുകളും ശപിക്കലുകളുമൊക്കെ നടന്നുവെന്നു സഭാചരിത്രം സാക്ഷിക്കുന്നു.

trutവാസ്തവത്തിൽ, ഈ കലക്കവെള്ളത്തിലുള്ള മീൻപിടുത്തമാണ് പിന്നീട് റോമാസാമ്രാജ്യം നടത്തിയത്. തർക്കങ്ങൾക്കെല്ലാം അന്തിമപരിഹാരമെന്ന നിലയിൽ, കോൺസ്റ്റന്റൈൻ ചക്രവർത്തി നിഖ്യായിൽ സൂനഹദോസ് വിളിച്ചുകൂട്ടുകയും യേശുവിനെ 'പുത്രൻതമ്പുരാ'നായി പ്രഖ്യാപിച്ച് വിശ്വാസപ്രമാണ ത്തിനു രൂപം നൽകുകയുമായിരുന്നല്ലോ. അതോടെ, യേശുവിന്റെ ദർശനത്തിലും സുവിശേഷപ്രവർത്തനങ്ങളിലും കേന്ദ്രീകരിച്ചിരുന്ന ആദിമസഭയുടെ സ്വഭാവം മാറുകയും, സഭ യേശുവിന്റെ വ്യക്തിസത്തയിൽ കേന്ദ്രീകൃതമാകുകയും ചെയ്തു. യേശുവിന്റെ സന്ദേശങ്ങളെ കാറ്റിൽപറത്തി, യേശുവിനെക്കുറിച്ചുള്ള പഠനത്തിന് പ്രാമുഖ്യം നൽകി.

അങ്ങനെ, 'ക്രിസ്റ്റോളജി' എന്ന ദൈവശാസ്ത്രശാഖ ആർത്തുവളരുകയും അതിന്റെ പശ്ചാത്തലത്തിൽ യേശു സഭയുടെ ആരാധനാവിഗ്രഹമാകുകയും, സഭയിൽ പൗരോഹിത്യം ആധികാരികമായി രംഗപ്രവേശം ചെയ്യുകയും ചെയ്തു. ഒപ്പം, ആദ്ധ്യാത്മികപ്രബോധകർ അപ്ര സക്തരായിത്തീർന്നു. സഭയുടെ ഊന്നൽ യേശുവിനെ കേന്ദ്രീകരിച്ചുള്ള ബലിയർപ്പണവും ആരാധനാനുഷ്ഠാനങ്ങളുമായി മാറി.
KCRM 1


ഇതിലൂടെയെല്ലാം സംഭവിച്ചത്, യേശുവിന്റെ സ്‌നേഹസന്ദേശം മറയ്ക്കപ്പെടുകയും മറക്കപ്പെടുകയും ചെയ്തു എന്നതാണ്. യേശുവിന്റെ കല്പനകളും ജീവിതസന്ദേശങ്ങളും പാലിക്കാതെയും തിരസ്‌കരിച്ചും ജീവിച്ചുകൊണ്ടുതന്നെ, യേശുവിനെ ആരാധിച്ചും സ്തുതിച്ചും സായൂജ്യമടയുന്നവരായി മാറാൻ ക്രൈസ്തവർക്കു കഴിഞ്ഞു. പുരോഹിതസൃഷ്ടമായ 'ക്രിസ്റ്റോളജി', ദൈവത്തെയും മാമോനെയും ഒരുമിച്ചു സേവിക്കാൻ മനുഷ്യർക്കു വഴിവെട്ടി ക്കൊടുത്തിരിക്കുന്നു; ഒപ്പം, അത് ദൈവരാജ്യത്തിലേക്കുള്ള വഴി യിൽ പർവ്വതസമാനമായ ഒരു തടസ്സക്കല്ലായി വിരാജിക്കുകയും ചെയ്യുന്നു.

തന്റെ ദർശനവും അതിലൂന്നിയുള്ള ദൈവരാജ്യസൃഷ്ടിയും തുരങ്കംവയ്ക്കപ്പെടുമെന്ന് യേശു മനസ്സിലാക്കിയിരുന്നതായി വേണം കരുതാൻ. അതുകൊണ്ടാവാം അദ്ദേഹം, 'കർത്താവേ, 'കർത്താവേ എന്ന് എന്നെ വിളിക്കുന്നവരല്ല സ്വർഗ്ഗരാജ്യത്തിൽ പ്രവേശിക്കുന്നത്' (മത്താ. 7:21) എന്നും; 'നിങ്ങൾ പരസ്പരം സ്‌നേഹിക്കുന്നെങ്കിൽ മാത്രമേ എന്റെ ശിഷ്യരായി അറിയപ്പെടൂ' (യോഹ. 13:35) എന്നും; 'ബലിയല്ല, കരുണയാണ് ഞാൻ ആഗ്രഹിക്കുന്നത്' (മത്താ. 9:13) എന്നും പറഞ്ഞത്. തന്നെ സേവിക്കലല്ല, ഈ ചെറിയവരിൽ ഒരുവനെ സേവിക്കലാണ് മാനദണ്ഡമെന്നു (മത്താ. 25:34-46) പഠിപ്പിച്ചതും; 'മറ്റുള്ളവരിൽനിന്ന് ആഗ്രഹിക്കുംപ്രകാരം അവരോടും പെരുമാറുക എന്നതിൽ മുഴുവൻ നിയമവും പ്രവാചകപ്രബോധനങ്ങളും അടങ്ങുന്നു' (മത്തായി 7:12) എന്നുപറഞ്ഞ് ദൈവനിയമത്തിൽ കേവല ആരാധനയ്ക്ക് ഇടം നൽകാതെ  പുറംതള്ളിയതും; മലയിലെ പ്രസംഗത്തിൽ പ്രഖ്യാപിച്ച സൗഭാഗ്യങ്ങളുടെ അടിസ്ഥാനമായി ആരാധനാനുഷ്ഠാനങ്ങളെ ഉൾപ്പെടുത്താതിരുന്നതും; യേശുവിന്റെ നാമത്തിൽ തങ്ങൾ പ്രവ ചിക്കുകയും പിശാചുക്കളെ പുറത്താക്കുകയും വലിയവലിയ കാര്യങ്ങൾ ചെയ്യുകയും ചെയ് തെന്നു കരുതുന്നവരോട്,  ''നിങ്ങളെ ഞാൻ ഒരിക്കലും അറിഞ്ഞിട്ടില്ല. ഹേ, ദുർവൃത്തരേ, എന്നെ വിട്ടകന്നു പോകൂ'' (മത്താ. 7:22-23) എന്നു  പ്രഖ്യാപിക്കുമെന്നു മുന്നറിയിപ്പു നൽകിയതും; പിതാവിന്റെ കല്പന ആദ്യം മുഖത്തു നോക്കി നിഷേധിക്കുകയും പിന്നീട് നിർവ്വഹിക്കുകയും ചെയ്ത പുത്രനെയും, പിതാവിനെ പ്രീണിപ്പിക്കാനായി 'തീർച്ചയായും ചെയ്യാം' എന്നു പറഞ്ഞിട്ട് അതു ചെയ്യാതിരുന്ന പുത്രനെയും തമ്മിൽ താരതമ്യം ചെയ്ത്, അവരിൽ പിതാവിന്റെ ഇഷ്ടം നിറവേറ്റിയത് ആദ്യത്തെ പുത്രനാണെന്നു പഠിപ്പിച്ച് (മത്താ. 21:28-31) മനുഷ്യന്റെ ദൈവപ്രീണനപ്രവണതയെ നിരാകരിച്ചതുമെല്ലാം, വ്യക്തിപൂജയിലൂടെ തന്റെ സന്ദേശം തുരങ്കംവയ്ക്കപ്പെട്ടേക്കാം എന്ന യേശുവിന്റെ മുന്നറിവുമൂലമായിരുന്നിരിക്കാം; അല്ലെങ്കിൽ, അത്തരം വ്യക്തിപൂജാപ്രവണതയ്ക്കെതിരെ ജാഗ്രത പുലർത്താനുള്ള ആഹ്വാനമായിട്ടായിരുന്നിരിക്കാം.

imgres
ദൈവരാജ്യത്തെക്കുറിച്ചുള്ള സങ്കല്പംപോലും ഇന്നു ക്രൈസ്തവമനസ്സുകളിൽ അസ്തമിച്ചുകഴിഞ്ഞിരിക്കുന്നു. യേശുവിനു സ്തുതിയും ഓശാനയും പാടിക്കൊണ്ടും പാടിപ്പിച്ചുകൊണ്ടും, അവിടുത്തെ വചസ്സുകളെ പൗരോഹിത്യം കുരിശിൽ തറച്ചിരിക്കുന്നു. ഈ ദുർവിധിയിൽനിന്ന് യേശുവിനെയും യേശുവചസ്സുകളെയും മോചിപ്പിക്കണമെങ്കിൽ, 'ക്രിസ്റ്റോളജി' എന്നും 'തിയോളജി'എന്നും അറിയപ്പെടുന്ന പുരോഹിതനിർമ്മിത തടസ്സക്കല്ലുകൾ നാം തട്ടിനീക്കേണ്ടിയിരിക്കുന്നു. ദൈവശാസ്ത്രക്കല്ലറകളിൽ അടക്കപ്പെട്ടിരിക്കുന്ന ദൈവരാജ്യമൂല്യങ്ങളെ ഓരോ ഹൃദയത്തിലും ഉയിർപ്പിച്ചെടുക്കേണ്ടിയിരിക്കുന്നു. 

ദൈവരാജ്യസൃഷ്ടിക്ക് യേശുവിനെ ദൈവമായി കാണേണ്ടത് ഒരത്യാവശ്യമല്ലതന്നെ. യേശുവിനെ സ്‌നേഹിതനും ഗുരുവുമായി കണ്ടാലും മതി. അവിടത്തെപ്പോലെ, പിതാവിന്റെ ഇഷ്ടം നിറവേറ്റി ദൈവത്തെ മഹത്വപ്പെടുത്തുന്ന സ്‌നേഹപ്രവൃത്തികൾ ചെയ്താൽ മതി. അതിന്റെ പേരിൽ സ്‌നേഹമൂർത്തിയായ യേശു പിണങ്ങുകയോ  ശിക്ഷിക്കുകയോ ഇല്ല. 

ജോര്‍ജ്ജ് മൂലേച്ചാലില്‍- എഡിറ്റർ

5 comments:

 1. ഈടുറ്റ ലേഖനങ്ങൾ കൊണ്ട് ഈ മാസം പ്രസിദ്ധീകരിച്ച സത്യാ ജ്വാലാ എന്നും സൂക്ഷിക്കേണ്ട ഒരു ചരിത്രസ്മാരികയാണ്. ജോർജിന്റെ മുഖക്കുറി മാസികയുടെ തിലകപ്പൊട്ടായി ജ്വലിച്ചു തന്നെ തിളങ്ങുന്നു. ചരിത്രത്തിലാദ്യമായി പിരിഞ്ഞു പോയ പുരോഹിതരുടെയും കന്യാസ്ത്രികളുടെയും കൊച്ചിയിൽ നടന്ന സമ്മേളനം വിശദമായി റിപ്പോർട്ട് ചെയ്യാനുള്ള ഭാഗ്യം ലഭിച്ചതും സത്യ ജ്വാലയ്ക്ക് മാത്രമാണ്. ലാഭമോഹത്തോടെ വയറ്റിൽപ്പിഴപ്പിനായി നടത്തുന്ന കേരളത്തിലെ ഒരു പത്രത്തിനും ശ്രീ ജോർജ് മൂലെച്ചാലിനെപോലെ ഇത്തരത്തിലുള്ള സാഹസികമായ പത്രകർമ്മങ്ങൾ നിർവഹിക്കാൻ സാധിക്കില്ല.

  ക്രിസ്റ്റോളജി ഒരു ശാസ്ത്രമേയല്ലെന്ന് ജോർജ് പറയുന്നു. പത്തു പന്ത്രണ്ടു വർഷം തീയോളജി പഠിച്ച അച്ചൻമാർക്ക് ഇതു കേട്ടാൽ ദ്വേഷ്യം വരാതിരിക്കുന്നതെങ്ങനെയാണ്. ഇത്തരം പൊട്ട ശാസ്ത്രവുമായി പള്ളിയിലും അരമനകളിലും വസിക്കുന്ന പുരോഹിതരാണ് അല്മായനെ പഠിപ്പിക്കുന്നത്. വധൂ വരന്മാർക്ക് വിവാഹ ഒരുക്കൽ ക്ലാസ്സുകൾ നടത്തുന്നത്. പവിത്രമായ ദേവാലയം വ്യപിചാരികളുടെതാക്കുന്നത്.

  യേശുവിനെ വ്യക്തി പൂജ നടത്തുന്നതിലും ലേഖകൻ നിശിതമായി വിമർശിച്ചിട്ടുണ്ട്. അതെല്ലാം ഓരോ കാലത്തെ പുരോഹിത കണ്ടുപിടുത്തമായിരുന്നു. മനുഷ്യനെ മയക്കി പണമുണ്ടാക്കലെന്ന ലക്ഷ്യവുമുണ്ടായിരുന്നു. ചരിത്രം തന്നെ അതിനെല്ലാം സാക്ഷിയാണ്.

  ഫിസിക്സും കെമിസ്ട്രിയും പഠിച്ച് ഗവെഷണവുമായി മുഴുകിയിരുന്നാൽ കുടുംബം പട്ടിണിയാവും. ക്രിസ്റ്റൊളജി പഠിച്ച പുരോഹിതർ ഇന്ന് രമ്യഹർമ്മങ്ങളിൽ താമസിക്കുന്നു. വത്തിക്കാനെന്ന കാഴ്ച ബംഗ്ലാവ് ഉണ്ടായി. കെ.പി. യോഹന്നാൻ ബില്ലിനയറായി. ഒരു പാസ്റ്റർ കവടിയാർ കൊട്ടാരം മേടിക്കുന്നുവെന്നു കേട്ടു. പത്തു മില്ലിയനും ഇരുപതു മില്ലിയനും ഡോളർ വിലപിടിപ്പുള്ള കൊട്ടാരങ്ങളിലാണ് ക്രിസ്റ്റൊളജി ശാസ്ത്രജ്ഞർ താമസിക്കുന്നത്. ഇതൊക്കെ വേണ്ടെന്ന് വെച്ച് 'എന്റെ പിന്നാലെ വരൂ' യെന്ന നസ്രത്തിലെ ചെറുക്കന്റെ വാക്കുകൾ ശ്രവിക്കണോ? ഒരു പാസ്റ്റർ സ്വന്തമായി സഞ്ചരിക്കാൻ വിമാനത്തിനായി പിരിവെടുക്കുന്നു.

  ക്രിസ്റ്റോളജി ഒരു ശാസ്ത്രമെങ്കിൽ ക്രിസ്തു ആ ശാസ്ത്രത്തിന്റെ കേന്ദ്ര ബിന്ദുവായിരിക്കണം.പ്രകൃതിയേയും ജീവജാലങ്ങളെയും സൃഷ്ടിച്ചിരിക്കണം. സൃഷ്ടി കർമ്മങ്ങളെ നില നിർത്തുന്നതും കൃസ്തുവെന്നു പറയണം. ദൈവം അനാദിയെന്നും പറയുന്നു. ക്രിസ്തുവിനെ ക്രൂശിക്കുന്നതിനു മുമ്പും ക്രിസ്റ്റോളജി ശാസ്ത്രം ഉണ്ടായിരുന്നുവോ? അറിയില്ല. അങ്ങനെയെങ്കിൽ ജീവജാലങ്ങളുടെ സൃഷ്ടി കർമ്മങ്ങൾക്കു മുമ്പുതന്നെ ക്രിസ്തുവിനെ ക്രൂശിച്ചു കാണണം.

  ജോണ്‍ ഒന്നാം അദ്ധ്യായം വാക്യം 39-ൽ പറയുന്നൂ, "വരൂ, നിങ്ങൾ എന്നെ കാണും" ശിക്ഷ്യർ വന്നെത്തി, അവനോടൊപ്പം കഴിഞ്ഞു. പുരോഹിതർ യേശുവിനെ അവിടെ ദൈവമാക്കി. വാസ്തവത്തിൽ യോഗാ- ധ്യാനാദികളിൽക്കൂടി പ്രകൃതിയേ പഠിക്കൂ, സ്നേഹിക്കൂവെന്ന ദൈവശാസ്ത്രമാണ് .യേശു പറഞ്ഞത്. അത് കാലാന്തരത്തിൽ പുരോഹിതർ ക്രിസ്റ്റോളജിയായി മാറ്റിയെടുത്തു. യേശു പറഞ്ഞത്, അന്വേഷിക്കുന്നവൻ പ്രകൃതിയും സത്യവും മനസിലാക്കുമെന്നാണ്. സത്യത്തിന്റെ വഴി കാണാൻ പ്രകൃതിയെ പോസ്റ്റ്മാർട്ടം ചെയ്യാനാണ്. യേശുവെന്ന മനുഷ്യനെ മാത്രം അൾത്താരയിൽ കീറി മുറിച്ചാൽ യേശു അവിടെ കാണുകയില്ല.

  ഒരു തെറ്റാവരം കൊണ്ട് ദൈവത്തെ കണ്ടുപിടിക്കാൻ സാധിക്കില്ല. പ്രകൃതിയിലെ സത്യങ്ങളിൽ നാം നുഴഞ്ഞു കയറണം. അതിന് ജ്ഞാനം വേണം. അർത്ഥമില്ലാത്ത പുരോഹിത ശാസ്ത്രത്തിന്റെ പിന്നാലെ പോയാൽ ജ്ഞാനത്തെ കണ്ടെത്തില്ല. ക്രിസ്റ്റോളജിയിൽ പരിശുദ്ധാരൂപിയുണ്ടെന്നു പറയുന്നു. അതൊരു തരം ഹിസ്റ്റീരിയാ മാത്രമാണ്. എന്നാൽ ശാസ്ത്രം കണ്ണുകൊണ്ട് കണ്ട് മനസ്സും ശരീരവുമൊത്തു ഗവേഷണം നടത്തി ഫലം കണ്ടെത്തുന്നു. ഫിസിക്സിലും കെമിസ്റ്റ്രിയിലും റുഹാ കുദീശാ തമ്പുരാന്റെ ആവശ്യമില്ല. ബാവയും പുത്രനും റുഹാ കൂദിശായുമായ മൂന്നു ദൈവങ്ങളെ ഒരു ശാസ്ത്രത്തിനും കണ്ടു പിടിക്കാൻ സാധിക്കില്ല. അത് ക്രിസ്റ്റോളജിയെന്ന പുരോഹിത ശാസ്ത്രത്തിലെ ഏതോ മാജിക്കെന്നു കരുതിയാൽ മതി. അന്വേഷിച്ചാലും കണ്ടെത്തുകയില്ല.

  മതവും ക്രിസ്റ്റോളജിയും മനുഷ്യനെ പ്രാകൃത ലോകത്തിലേക്ക് നയിച്ചപ്പോൾ ശാസ്ത്രം മനുഷ്യന് നേട്ടങ്ങളുണ്ടാക്കുകയായിരുന്നു. ക്രിസ്റ്റോളജിയിലെ ഗവേഷകർ മനുഷ്യത്വത്തെ നശിപ്പിക്കുന്നു. സാങ്കേതിക വളർച്ചയ്ക്ക് വിലങ്ങുതടിയാകുന്നു. ക്രിസ്റ്റോളജി പറയുന്നു, ദൈവം സർവ്വ ശക്തനാണ്, പൂർണ്ണമായ നന്മയുള്ളവനാണ്. തിന്മ നിലകൊള്ളുന്നു. ദൈവം പൂർണ്ണനായ നന്മയെങ്കിൽ ഈ തിന്മയെ സൃഷ്ടിച്ചവൻ ആര്? പിശാചോ? പിശാചിന് സൃഷ്ടി കർമ്മങ്ങളിൽ പങ്കുള്ളതായി അറിയില്ല. ദൈവ ശാസ്ത്രജ്ഞന്മാർ പൊട്ടന്യായങ്ങൾ പറഞ്ഞ് മനുഷ്യരെ പറ്റിച്ചുകൊണ്ടിരിക്കുന്നു ധ്യാന കേന്ദ്രത്തിലെ ഗുരുക്കന്മാർ കൂവിയാൽ പരിശുദ്ധാത്മാവ് വന്ന് പിശാചുക്കളെ ഓടിക്കും പോലും. ദൈവത്തിന് തിന്മയെ തടയാൻ കഴിയുമോ? കഴിയില്ലെങ്കിൽ ദൈവം എങ്ങനെ പൂർണ്ണനാകും.

  ReplyDelete
 2. അറുപത് ( 60 ) വയസ്സിനു മുകളിലുള്ളവരേയും പത്ത് ( 10 ) വയസ്സിനു താഴെയുള്ളവരേയും
  ബലാസംഗം ചെയ്ത് പീഡിപ്പിക്കുന്നവർക്ക് ശിക്ഷയായി കുറഞ്ഞപക്ഷം അവരുടെ ലിംഗം മുറിച്ച്
  കളയുകയെങ്കിലും ചെയ്യണം. കാരണം അവർക്ക് കാഴ്ചശക്തി നഷ്ടപ്പെട്ടവരാണ്. അമ്മ ആരെന്നോ
  പെങ്ങൽ ആരെന്നോ, എന്ന് മനസിലാക്കാനുള്ള കാഴ്ചശക്തി ഈ ക്രൂരത ചെയ്യുന്നവർക്ക് എന്നേക്കുമായി
  നഷ്ടപെട്ടിരിക്കുന്നു. ഇവരെ സമൂഹത്തിൽ ഒറ്റപ്പെടുത്തണം.

  ReplyDelete
 3. "നിങ്ങളോ ഇതിനെ കള്ളന്മാരുടെ ഗുഹയാക്കി" എന്ന മശിഹായുടെ നൊമ്പരം സ്വയം ഹൃദയത്തില്‍ ഏറ്റുവാങ്ങാന്‍ കഴിഞ്ഞ ഭാഗ്യവാനാണ് ഈ മുഖക്കുറി എഴുതിയതെന്ന സന്തോഷവും , ഈ വിരല്കൂട്ടിലാനല്ലോ "സത്യജ്വാല " എന്ന അഭിമാനവും എന്റെ നെഞ്ചകം നിറഞ്ഞു കവിയുന്നു ! മനം നിറഞ്ഞു കവിയുന്നതാണല്ലോ "കവിത"!
  ഒരുവരി കവിത കുറിച്ചോട്ടെ ...."പുണ്ണ്യമുള്ള ജന്മമേ ,നിനക്കെന്‍ പ്രണാമം; ഒരായിരം മെത്രാന്മാരിലും നീ ജ്ഞാനമുള്ളവന്‍ " ഹൃദയശുദ്ധിയുള്ളവന്‍ ഭാഗ്യവാന്‍ , അവന്‍ ദൈവത്തെ കാണും "എന്ന ക്രിസ്തുവിന്‍റെ മധുമൊഴി നിന്നെക്കുറിച്ചായിരുന്നോ ? പുണ്ണ്യ മാനസാ ,സത്യമുള്ള നിത്യതയുടെ പ്രകാശമായി നീ അക്ഷരഗോപുരത്തില്‍ നീളനീളെ വാഴുക ;ഭാവുകങ്ങള്‍ "

  ReplyDelete
 4. ശ്രീയേശുചരിതം ഇങ്ങനെയുമാകാം
  http://catholicreformation-kcrm.blogspot.in/2011/10/blog-post.html

  ReplyDelete
  Replies
  1. യേശുവിനെക്കുറിച്ച് ഇതുവരെ പ്രത്യക്ഷപ്പെട്ടിട്ടുള്ള അകത്തോലിക്ക പ്രസിദ്ധീകരണങ്ങളിലെ വിവാരങ്ങൾ കൂട്ടിച്ചേർത്ത് എഴുതിയ ഈ ശ്രീയേശു ചരിതം വായിച്ചുപോകാൻ സുഖമുണ്ട്. എന്നാൽ എന്തെഴുതിയാലും അതിൽ സ്വന്തം മനസ്സില് കൊത്തി വച്ചിരിക്കുന്ന ചില ല അധാരരഹിതമായ വിശ്വാസങ്ങളും തിരുകിക്കയറ്റാതെ എഴുത്ത് അവസാനിപ്പിക്കുന്നവർ ചുരുക്കമാണ്. "ആ ദിവ്യന്‍ ഇപ്രകാരം മറുപടി നല്‍കി. 'എന്റെ പേര് ഈസാ മശിഹ. ഞാന്‍ ദൈവപുത്രനാണ് - കന്യാസുതനാണ്. ഞാന്‍ ധര്‍മമാര്‍ഗം എന്റെ നാട്ടുകാരെ പഠിപ്പിക്കുവാന്‍ പോയെങ്കിലും ആ മ്ലേച്ചര്‍ എന്നെ വളരെയധികം ഉപദ്രവിച്ചു. അവിടെനിന്ന് രക്ഷപെട്ട ഞാന്‍ ഇവിടെയെത്തിയതാണ്.' സാലിവാഹനമഹാരാജാവ് ചിലകാര്യങ്ങള്‍ക്കൂടി ആ ദിവ്യനോട് അന്വേഷിക്കുകയും അതിനുശേഷം അദ്ദേഹത്തെ നമസ്‌കരിച്ച് തിരിച്ചു പോകുകയും ചെയ്തു. ഫത്തേപ്പൂര്‍ സിക്രിയില്‍ അക്ബര്‍ ചക്രവര്‍ത്തി ഈസാ നബി ഇന്ത്യയില്‍ പഠിപ്പിച്ചതായി പറയുന്ന താഴെപ്പറയുന്ന വചനം കൊത്തിവച്ചിട്ടുണ്ട്'. 'ഈ ലോകം ഒരു പാലം മാത്രമാണ്, ഇവിടെ താമസിക്കാതെ കടന്നുപോകുക'." ഭാഗം അതിനൊരുദാഹരണമാണ്. ഇതിന് കഥയുടെ ബാക്കി ഭാഗവുമായി ബന്ധം കാണാൻ ബുദ്ധിമുട്ടാണ്. എങ്ങനെയായാലും സുവിശേഷപുസ്തകങ്ങളുമായി സ്വരുമയിൽ എത്തിയവർക്ക് ഈ വിവരണങ്ങൾ അസ്വീകാര്യമായിരിക്കും. ഈ യേശുചരിതം കൂടുതൽ യഥാ തഥ മെന്നു തോന്നുന്നവർക്ക് സുവിശേഷങ്ങളിലെ കാര്യങ്ങൾ മിക്കതും ഭാവനാസൃഷ്ടികളായും തോന്നും. സത്യം ഇവക്കു രണ്ടിനുമിടക്കാകാനും മതി.

   അതുകൊണ്ട്, ജോസാന്ടണി ദയവായി ഈ കഥ ഉടനെ ഒരു പൊസ്റ്റായിത്തന്നെ ബ്ലോഗിൽ ഇടണമെന്ന് അപേക്ഷിക്കുന്നു.

   Delete