Translate

Friday, March 27, 2015

ഉണരൂ കേരളമേ .... ഇനി വൈകരുത്

ഡോ. പി.സി. സിറിയക്ക് IAS

കേരള നിയമസഭയ്ക്ക് ഒരു നൂറ്റാണ്ടിലേറെ നീണ്ട പാരമ്പര്യമുണ്ട്. പ്രശസ്ഥരായ ജനനേതാക്കള്‍ നിയമ നിര്‍മ്മാണ  പ്രക്രിയയില്‍ സൃഷ്ടിപരമായി പങ്കെടുത്തും ജനങ്ങളുടെ പ്രശ്നങ്ങളും ആവലാതികളും സര്‍ക്കാരിന്‍റെ  ഉന്നതതലങ്ങളില്‍ ശക്തിപൂര്‍വ്വം അവതരിപ്പിച്ചും ഈ സഭയുടെ യശശ്ശിന്‍റെ മാറ്റ് കൂട്ടിയിട്ടുണ്ട്. ഇന്ത്യയില്‍ മറ്റു പല നിയമസഭകളിലും പാര്‍ലമെന്റിലും ബഹളങ്ങളും അക്രമ പ്രവൃത്തികളും ചിലപ്പോഴെങ്കിലും ഉണ്ടാകുമ്പോള്‍ നാം  കേരളിയര്‍ വളരെ പുശ്ചത്തോടെ അത് നോക്കിക്കണ്ട്‌ നമ്മുടെ നിയമസഭ എക്കാലത്തും ഉയര്‍ന്ന നിലവാരം പുലര്‍ത്തിയിട്ടുണ്ടല്ലോ എന്നാശ്വസിച്ചിരുന്നു.

പക്ഷെ, ഇപ്രാവശ്യത്തെ ബജറ്റ് അവതരണ ദിവസം ഒരിക്കലും മായാത്ത കറുപ്പ് ചായം കമഴ്ത്തി നമ്മുടെ നിയമസഭയുടെ മുഖം വൃത്തികേടാക്കി തീര്ത്തിരിക്കുന്നു. അഴിമതി ആരോപണങ്ങള്‍ക്ക് വിധേയനായ ധനകാര്യമന്ത്രി കെ. എം. മാണി  പദവിയില്‍ തുടരരുതെന്നും ബജറ്റ് അവതരിപ്പിക്കരുതെന്നും അഭിപ്രായപ്പെടാന്‍ നമ്മുടെ പ്രതിപക്ഷ കക്ഷികള്‍ക്ക് അവകാശമുണ്ട്‌. തങ്ങളുടെ ആഗ്രഹങ്ങള്‍ക്ക് വിരുദ്ധമായി  കാര്യങ്ങള്‍  നടന്നാല്‍ എതിര്‍ത്തു നില്‍ക്കാനും അവര്‍ക്ക് അവകാശമുണ്ട്‌. പക്ഷെ, അവരുടെ അവകാശവും അഭിപ്രായവും നിര്‍ബന്ധപൂര്‍വ്വം നിയമവിരുദ്ധമായ  നിലയില്‍ മറ്റുള്ളവരുടെ  മേല്‍ അടിച്ചേല്പിക്കാന്‍ അവര്‍ക്ക് ഭരണഘടനയോ നിയമസഭാ നടപടിക്രമങ്ങളോ നിയമസഭാംഗങ്ങളുടെ പ്രത്യേകാവകാശങ്ങളോ (പ്രിവിലേജ്) ഒന്നുംതന്നെ പഴുത് നല്‍കുന്നില്ല. ഈ സാഹചര്യത്തില്‍ തഴക്കവും പഴക്കവും ചെന്ന പ്രപതിപക്ഷ നേതാക്കള്‍ പോലും സ്പീക്കറുടെ മേശപ്പുറത്ത് കയറുകയും അവിടെയുള്ള ഉപകരണങ്ങള്‍  മുഴുവന്‍ വലിച്ചെറിയുകയും കസേര തൂക്കി താഴെ എറിയുകയുമൊക്കെ ചെയ്ത് പ്രാകൃത വികാരങ്ങള്‍ക്ക് അടിമപ്പെട്ടു പ്രവര്‍ത്തിക്കുന്ന ദയനീയമായ ദൃശ്യം കേരളം മുഴുവന്‍ കണ്ടു; ലജ്ജിച്ചു തല താഴ്ത്തി.

എങ്ങിനെയും സ്പീക്കറെയും ധനകാര്യ മന്ത്രിയെയും  തടയാന്‍ വേണ്ടി പരിശ്രമിക്കുകയായിരുന്നു പ്രതിപക്ഷ നേതാക്കള്‍. അവരെ തടുത്തു തങ്ങളുടെ കടമ മാത്രം നിര്‍വ്വഹിക്കുകയായിരുന്ന വാച്ച് ആന്‍ഡ്‌ വാര്‍ഡ്‌ വിഭാഗത്തിലെ കുറഞ്ഞ ശമ്പളക്കാരായ ശിപായികളെ ദേഹോപദ്രവം ചെയ്യാന്‍ പാവപ്പെട്ടവരുടെ നേതാക്കളെന്ന്‍ അവകാശപ്പെടുന്ന ഇവര്‍ക്ക്,  യാതൊരു മടിയും ഇല്ലായിരുന്നു. ധനകാര്യ മന്ത്രിയുടെ ബജറ്റ് വായന തടസ്സപ്പെടുത്താന്‍ കുതിച്ച പെണ്മണികളായ എമ്മല്ലേമാരുടെ വഴി തടഞ്ഞ്, ഉറച്ചുനിന്ന ഒരു ഭരണകക്ഷി അംഗത്തിന്‍റെ തോളില്‍ കടിച്ചു  ക്ഷതമെല്പ്പിക്കാന്‍ പോലും ഒരു മാന്യവനിത തയ്യാറായി. മുണ്ടും മടക്കിക്കുത്തി സ്പീക്കറുടെ മേശപ്പുറത്ത് കയറി താണ്ഡവമാടിയ നേതാക്കളുടെ പ്രകടനം കണ്ട് ആരെങ്കിലും കൈയ്യടിക്കുമെന്ന്‍  അവര്‍ പ്രതീക്ഷിച്ചുവോ? ഇത്രയൊക്കെ അഴിഞ്ഞാടിയിട്ടും ഇവര്‍ക്ക് ധനകാര്യമന്ത്രിയെ തടയാനോ ബജറ്റ് അവതരണം അസാധ്യമാക്കാനോ കഴിഞ്ഞില്ല. അക്കാര്യത്തില്‍ അവര്‍ ദയനീയമായി പരാജയപ്പെട്ടു. പക്ഷെ, ഒരു കാര്യത്തില്‍  അവര്‍ വിജയം നേടി. അഴിമതി ആരോപണങ്ങളില്‍ മുങ്ങിക്കുളിച്ചു നിന്ന ധനകാര്യമന്ത്രി കെ.എം. മാണിക്ക് എല്ലാ പ്രതിബന്ധങ്ങളെയും തച്ചുതകര്‍ത്ത് വിജയകരമായി ബജറ്റ് അവതരിപ്പിച്ച വീരനായകന്‍റെ പരിവേഷം നല്‍കുന്നതില്‍  അവര്‍ വിജയിക്കുക തന്നെ ചെയ്തു.

സഭാനേതാവും സ്പീക്കറും കുറ്റം ചെയ്ത ഒരാളെപ്പോലും മതിയായ ശിക്ഷ നല്‍കാതെ  വിടാന്‍ പാടില്ലായെന്ന ശുപാര്‍ശ നിയമസഭയ്ക്ക്  മുമ്പില്‍ സമര്‍പ്പിച്ച് നിയമസഭയുടെ ഉയര്‍ന്ന നിലവാരവും പാവനമായ അദ്ധ്യക്ഷ വേദിയുടെ മാന്യതയും സംരക്ഷിക്കാന്‍ കടപ്പെട്ടവരാണ്. പഴയ കാലത്തായിരുന്നെങ്കില്‍ സഭാനടപടികള്‍ക്ക് ദൃക്സാക്ഷികളാകുന്നത് സഭാംഗങ്ങളോ നടപടികള്‍ റിപ്പോര്‍ട്ട്  ചെയ്യാന്‍ എത്തുന്ന മാധ്യമ പ്രവര്‍ത്തകരോ, അപൂര്‍വ്വം ചില സന്ദര്‍ശകരോ മാത്രമായിരുന്നു. പഷേ, ഇന്ന് തല്‍ക്ഷണ സംപ്രേക്ഷണത്തിന്‍റെ യുഗത്തില്‍ സ്ഥിതി മാറിയിരിക്കുകയാണല്ലോ. കേരളത്തില്‍ മാത്രമല്ല, ലോകം മുഴുവനുള്ള മലയാളികളെല്ലാം ഇതെല്ലാം ശ്രദ്ധാപൂര്‍വ്വം നിരീക്ഷിക്കുന്നുണ്ട്. വിദ്യാഭ്യാസത്തിലും സംസ്കാരത്തിലും ഏറ്റവും ഉന്നതമായ നിലവാരം   പുലര്‍ത്തുന്നവര്‍ എന്നഭിമാനിക്കുന്ന  കേരളിയര്‍ തിരഞ്ഞെടുത്തയക്കുന്ന അവരുടെ സ്നേഹഭാജനങ്ങളായ നേതാക്കളാണല്ലോ നിയമസഭാംഗങ്ങള്‍. സഭ്യതക്കും മാന്യതക്കും നിരക്കാത്ത ഒരു പ്രകടനവും പെരുമാറ്റവും അവരില്‍ നിന്ന് ആരും പ്രതീക്ഷിക്കുന്നില്ല. അക്രമാസക്തവും പ്രാകൃതവുമായ പെരുമാറ്റം കേരളിയരുടെ ആകമാനം അതൃപ്തിക്കും പ്രതിക്ഷേധത്തിനും ഇടയാക്കും എന്ന് അറിയാത്തവരുമല്ല ജനപ്രതിനിധികളായ നമ്മുടെ നേതാക്കന്മാര്‍. എന്നിട്ടും, ഇത്തരത്തില്‍ അപലപനീയമായി  പെരുമാറാന്‍ ഇവര്‍  തയ്യാറായെങ്കില്‍, ഇവര്‍ക്ക് ജനങ്ങളോട് കടുത്ത അവജ്ഞയും കാര്യങ്ങള്‍ മനസ്സിലാക്കാനുള്ള ജനങ്ങളുടെ ബുദ്ധിയെയും വിവേചനാശക്തിയെയുംക്കുറിച്ച് വളരെ മോശമായ അഭിപ്രായവുമാണ് ഉള്ളതെന്ന് വ്യക്തം. ഇത്തരത്തില്‍ ജനങ്ങളെ തരം കുറച്ച് കാണുകയും അപമാനിക്കുകയും ജനങ്ങള്‍  തങ്ങളില്‍ അര്‍പ്പിച്ച വിശ്വാസത്തെ പിച്ചിച്ചിന്തുകയും ചെയ്ത ഇത്തരം ജനനേതാക്കള്‍ക്ക് നനിയമസഭയോ സ്പീക്കറോ കോടതികളോ നല്‍കുന്ന ശിക്ഷക്ക് പുറമേ, ജനങ്ങളും കടുത്ത ശിക്ഷ തന്നെ നല്‍കണം. പാവനമായ നിയമസഭയെ മോശമായ പ്രകടനം കൊണ്ട് അപമാനിച്ച ഇവരെ ഇനിയൊരിക്കലും ‘ബഹുമാനപ്പെട്ട നിയമസഭാംഗങ്ങളെ’ എന്ന് സംബോധന ചെയ്യാന്‍ ഇടവരുത്താത്ത  രീതിയില്‍ പരാജയപ്പെടുത്തണം. പെരുമാറ്റത്തില്‍ മാന്യതയും സ്വഭാവശുദ്ധിയും വിലയേറിയ സദ്ഗുണങ്ങളായി എന്നും കരുതുന്ന കേരളീയര്‍ ഇക്കാര്യത്തില്‍ പരാജയപ്പെടുകയില്ലെന്നു പ്രതീക്ഷിക്കാം.

നിയമസഭാ തലത്തില്‍ 13)o തിയതി അരങ്ങേറിയ വികൃതവും പ്രാകൃതവുമായ പെരുമാറ്റത്തിന് ഭരണകക്ഷിക്കാരെ  കുറ്റപ്പെടുത്താന്‍ പ്രയാസമുണ്ടെങ്കിലും ധാര്‍മ്മിക നിലവാരവും സത്യസന്ധതയും പൊതുജന പ്രതിബദ്ധതയും മറന്ന്‍ ഏതു തീരുമാനത്തിലും കൈക്കൂലിക്കും പണസമ്പാദനത്തിനും  സ്വന്തം നേട്ടങ്ങള്‍ക്കും മാത്രം മുഖ്യപരിഗണന നല്‍കി പ്രവര്‍ത്തിക്കുന്ന നമ്മുടെ മന്ത്രിമാരുടെ പ്രവര്‍ത്തന ശൈലിയെയും കഠിനമായി വിമര്‍ശിക്കേണ്ടിയിരിക്കുന്നു. എന്തിനും ഏതിനും അഴിമതി! പ്രശ്നങ്ങളുമായി സര്‍ക്കാരിനെ സമീപിക്കുന്ന ഓരോ കൂട്ടരുടെ കൈയ്യില്‍നിന്നും തിരഞ്ഞെടുപ്പ് ചിലവിന്‍റെയും പാര്‍ട്ടിഫണ്ടിന്‍റെയും കാര്യം പറഞ്ഞു പണം വാങ്ങി പൊതു താല്പ്പര്യത്തിനെതിരായി തീരുമാനങ്ങള്‍ എടുക്കുന്ന അവരുടെ പ്രവര്‍ത്തന ശൈലിയെയും നാം വിമര്‍ശിക്കണം. അഞ്ചാം വര്‍ഷത്തിലേക്ക്  കടക്കാന്‍ തുടങ്ങുന്ന ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്‍റെ ഭരണം അഴിമതി ആരോപണങ്ങളും കെടുകാര്യസ്ഥതയും ഓരോ മന്ത്രിയും തന്‍റെ വകുപ്പ് തന്‍റെ സ്വന്തം സാമ്രാജ്യം പോലെ ഭരണം നടത്തുന്ന രീതിയും പ്രതിക്ഷേധാര്‍ഹമാണ്.

ചുരുക്കത്തില്‍ യുഡിഎഫും, എല്‍ഡിഎഫും ഒരുപോലെതന്നെ ചെളി പുരണ്ട് പൊതു മധ്യത്തില്‍ നില്‍ക്കുന്നു. ഇരുകൂട്ടരും അഴിമതിക്കാര്‍; ഇരു കൂട്ടരും ജനങ്ങളെ പുല്ലുപോലെ നിസ്സാരവത്കരിക്കുന്നവര്‍; ഇരു കൂട്ടരും ഒന്നിച്ച് അഴിമതി നടത്തുന്നു, ഒന്നിച്ചു കൈക്കൂലി വാങ്ങുന്നു. ബസ്സ്‌ ഓപ്പറെറ്റര്‍മാരായാലും, വിദ്യാഭ്യാസ കച്ചവടക്കാരായാലും അവരെല്ലാം ഇരു കൂട്ടര്‍ക്കും പണം നല്‍കി തങ്ങള്‍ക്കനുകൂലമായ  തീരുമാനങ്ങള്‍, പൊതു താല്‍പ്പര്യത്തിനെതിരായ  തീരുമാനങ്ങള്‍ എടുപ്പിക്കുന്നു. എല്ലാ വിഷയത്തിലും അഡ്ജസ്റ്റ്മെന്റുകള്‍. ജനങ്ങളില്‍ നിന്നും വേറിട്ട പ്രത്യേക അവകാശ അധികാരങ്ങളുള്ള രാഷ്ട്രിയനേതാക്കന്മാരുടെ ഒരു പുതിയ വര്‍ഗ്ഗം തന്നെ രൂപപ്പെട്ടിരിക്കുകയാണ് കേരളത്തില്‍. ഇതിനെന്താണ് പ്രതിവിധി? സത്യത്തിലും നീതിയിലും വിശ്വസിച്ച് സാസ്കാരിക മൂല്യങ്ങളില്‍ അടിത്തറ പാകി വളര്‍ന്നു വന്നിരിക്കുന്ന നമ്മുടെ സമൂഹത്തിന്‍റെ കേരളജനതയുടെ പ്രാതിനിധ്യ സ്വഭാവമുള്ളവരല്ല ഈ  നേതാക്കന്മാര്‍. ഈ പുതിയ വര്‍ഗ്ഗം (New Class) ഇരു വിഭാഗങ്ങളായി നമ്മുടെ മുമ്പില്‍ പ്രത്യക്ഷപ്പെടുന്നു. യഥാര്‍ത്ഥത്തില്‍  അവര്‍ ഒന്നാണ്; തമ്മില്‍ മത്സരമില്ല; ആര് ജയിച്ചാലും ഫലം ഒന്ന് തന്നെ അവര്‍ക്ക്. ഇത് മതിയായി നമുക്ക്!


ഒരു പുതിയ മാറ്റത്തിന് വേണ്ടി, സുതാര്യമായ തീരുമാനങ്ങളും പൊതുജന താല്‍പ്പര്യങ്ങള്‍ നിലനിര്‍ത്തുന്ന സമീപനങ്ങളും സാധാരണക്കാരായ  ജനങ്ങളുടെ പ്രശ്നങ്ങള്‍ സഹതാപപൂര്‍വ്വം മനസ്സിലാക്കി തീരുമാനമെടുക്കാനുള്ള സന്നദ്ധതയുമുള്ള ഒരു പുതിയ രാഷ്ട്രിയപ്രസ്ഥാനം ഇവിടെ വളര്‍ന്നു ശക്തി പ്രാപിക്കണം. അഴിമതിവീരന്മാരും അഡ്ജസ്റ്റ്മെന്‍റ് വിദഗ്ധരുമായ  ഇരു കൂട്ടരെയും തുടച്ചു മാറ്റി ജനങ്ങളെ കബളിപ്പിക്കാത്ത ഒരു സദ്ഭരണം ഉണ്ടാകുവാന്‍ ഇതാവശ്യമാണ്. അതിനുവേണ്ടി  പ്രവര്‍ത്തിക്കാന്‍ കര്‍ഷകരും തൊഴിലാളികളും ബിസ്സിനസ്സുകാരും വ്യവസായികളും സര്‍ക്കാര്‍ ജീവനക്കാരുമെല്ലാമായ കേരളീയര്‍ ഉണര്ന്നെണീല്‍ക്കണം. ഇനി വൈകാന്‍ പാടില്ല. 

3 comments:

 1. People are very interested to read and watch and spread stories of corruption. But most of them are corrupt. Those who criticize do not enter politics. Many dot vote even. They do not respect a politician or a leader. Kerala youth do not have self respect. Christian church has stamped all as sinners(!) People with no self respect deserve no good leaders.

  ReplyDelete
 2. ക്ഷമയുടെയും വിവേകത്തിന്റെയും നെല്ലിപ്പലകയും കടന്നാണ് ഇപ്പോൾ കേരളജനതയുടെ നില്പ്. ജനത്തിന്റെ അഭിമാനത്തിനും തൃപ്തികരമായ സാമ്പത്തിക സുരക്ഷക്കും ഉത്തരവാദിത്വം ഏറ്റെടുക്കാൻ കഴിവുള്ള നേതാക്കളെ മാത്രം തിരഞ്ഞെടുക്കാൻ ഒരവസരം കൂടി അടുത്തുവരുന്നു. കാര്യങ്ങൾ എല്ലാവർക്കും വ്യക്തമായി അറിയാം. എന്ത് ചെയ്‌താൽ മാതമേ കേരളം രക്ഷ പ്രാപിക്കൂ എന്നറിയാവുന്ന നമ്മൾ അതനുസരിച്ച് പ്രവർത്തിച്ചാൽ മാത്രം മതി, ഇതുവരെ നടന്ന ജനദ്രോഹപരമായ വികൃതങ്ങൾക്ക് ശിക്ഷ വിധിക്കാനും പുതിയ ഒരു തുടക്കമിടാനും. അത് ചെയ്‌താൽ നമുക്ക് കൊള്ളാം. അടുത്ത തിരഞ്ഞെടുപ്പുവരെ അതിനുള്ള ചേതന മങ്ങാതിരിക്കട്ടെ.

  ReplyDelete
 3. തന്‍റെ ഉള്ളിലെ നൊമ്പരമാണീ "ഉണരൂ കേരളമേ .... ഇനി വൈകരുത്" എന്ന ലേഖനം
  ഡോ. പി.സി. സിറിയക്ക് IAS നമ്മുടെ അല്മായശബ്ദത്തിൽ കുറിക്കുവാന്‍ കാരണം ! "എന്തിലാണ് നാം ഉണരേണ്ടത്" ? എന്ന ചോദ്യം ഉടന്‍ ഉയരുന്നു !. "ആത്മീയതയില്‍ നാം ഉണരണം" എന്നാണു സത്യമായ ശരിയുത്തരം ! 'ആത്മീയത' എന്നത് ഗുരുവായൂരില്‍ പോയി ഒരുവന്‍ ഉണ്ണികണ്ണനെ തൊഴുന്നതോ ,യരുസലേം കാണാന്‍ പോകുന്നതോ, മക്ക സന്ദര്‍ശിക്കുന്നതോ സാത്താനെ എറിയുന്നതോ അല്ലേയല്ല! ഇതെല്ലാം അതാതു മതപുരോഹിതന്മാര്‍ ആ മതത്തിലെ അടിമകള്‍ക്ക് കാലാകാലമായി കാട്ടിക്കൊടുത്ത ആത്മീയതയിലേക്കുള്ള 'ഒന്നാമത്തെ ചവിട്ടുപടി' മാത്രമാണ് ! യഥാര്‍ത്ഥ 'ആത്മീയത' എന്നത് തന്നിലെ 'സത്തയെ' സ്വയം ഉള്ളില്‍തന്നെ കണ്ടെത്തുക എന്നതാണ് ! ഇതിനുള്ള ഏകവഴി 'ഭഗവത്‌ഗീത' കരളില്‍ സദാ വഹിക്കുക , മനസ്സില്‍ മനനം ചെയ്യുക എന്നത് മാത്രമാണ് ! 'ആത്മീയത' എന്തെന്നറിയാത്ത, ദൈവത്തെ അറിയാത്ത പുരോഹിതനും രാഷ്ട്രീയക്കാരനും ഇവിടെ ഈനാട് വാഴുന്നുടത്തോളംകാലം നാം ഉണരാതിരിക്കുകയാണ് ഏറ്റവും നല്ലത്‌ ! കാരണം ഉണര്‍ന്നാല്‍ വേദനയറിയും താനേ ഓരോ നെഞ്ചകവും ! ഈ മരവിച്ച അവസ്ഥയാണ് കേരളത്തിനെന്നും ഉത്തമം ! പെന്‍ഷന്‍ പ്രായം നിശ്ചയിക്കുന്ന നിയമസഭയില്‍ , അവിടെ കയ്യാംകളി നടത്തേണ്ടവരുടെ പ്രായപരിധി ഇന്നവരെ ആരും നിയന്ത്രിച്ചിട്ടില്ല , നിയമമാക്കിയിട്ടില്ല! അതുപോലെ പരിണാമത്തിനു വിധേയമായ ഈ ശരീരം ക്ഷയിച്ചില്ലാതാകുന്ന നാള്‍വരെ കിട്ടിയ കുപ്പായക്കസേരയില്‍ ചടഞ്ഞുകൂടിയിരുന്നു സഭയെ നശിപ്പിക്കുന്ന പുരോഹിത പൂച്ചകള്‍ (രുചിയറിഞ്ഞപൂച്ച) ഗീത വായിച്ചു ആത്മജ്ഞാനം ഉള്ളവരാകട്ടെ ! എന്നാല്‍ പാവം നാരായണഗുരു പറഞ്ഞ "ഒരുജാതി ഒരുമതം ഒരുദൈവം മനുഷ്യനു" എന്നത് ശരിയാകും;ക്രിസ്തുവിന്റെ അരുളിലെ "അയല്‍ക്കാരനെ സ്നേഹിക്കാന്‍" ഓരോ മനവും തുടിക്കുകയും ചെയ്യും!! അതുവരെ കേരളമേ നമുക്കുറങ്ങാം...ഒരിക്കലും ഉണരാത്ത ഉറക്കത്തിലേക്ക് കാലം കരുണയോടെ നമ്മെ നയിക്കട്ടെ !!ആമ്മീന്‍ ..

  ReplyDelete