Translate

Friday, March 20, 2015

ആക്രിക്കടയിലെ ദൈവങ്ങളും വില്‍ക്കാനിട്ടിരിക്കുന്ന പള്ളികളും : ചില നോമ്പുകാല ചിന്തകള്‍. ജോയി ആഗസ്തി


ജോയി ആഗസ്തി 

ഇത് നോമ്പുകാലം. നോമ്പു നോറ്റും ഉപവാസമെടുത്തും പ്രാര്‍ത്ഥിച്ചും ക്രൈസ്തവര്‍ ഈ നോമ്പ്കാലം ആചരിക്കുന്നു. യൂ.കെയില്‍ അങ്ങോളം ഇങ്ങോളം മാരത്തണ്‍ ധ്യാനങ്ങള്‍ നടക്കുന്ന കാലം. ഇവിടെ വേണ്ടത്ര വൈദികരില്ലാത്തതിനാല്‍ ധ്യാനങ്ങള്‍  നടത്താന്‍ നാട്ടില്‍ നിന്നും നിരവധി ധ്യാനഗുരുക്കളം ഇവിടെ എത്തിയിട്ടുണ്ട്. ഈ നോമ്പ്കാലത്ത്  നൈറ്റ് വിജിലും, എല്ലാ ദിവസവും കുരിശിന്റെയും വഴിയും ഒക്കെ നടത്തുന്ന മലയാളി കൂട്ടായ്മകളും,  ഇടവകകളും  ഇന്ന് യൂ.ക്കെയിലുണ്ട്.. ചില ഇടവകക്കാര്‍  സ്വന്തമായി പള്ളികള്‍ വാങ്ങുകയോ, വാങ്ങാനുള്ള ശ്രമങ്ങള്‍ നടത്തുകയോ ഒക്കെ ചെയ്യുന്നുമുണ്ട്.

എന്നാല്‍ ഈ ബ്രിട്ടീഷുകാരെ സമ്മതിക്കണം. നോമ്പുമില്ല, നൈറ്റ് വിജിലുമില്ല, കുരിശിന്റെ, വഴിയുമില്ല, ദൈവവുമില്ല, പള്ളിയുമില്ല.   ദൈവവിശ്വാസം നഷ്ടപ്പെട്ട ജനങ്ങള്‍ പള്ളിയില്‍ വരാതിരുന്നാല്‍ പിന്നെ പള്ളികള്‍ നിലനിര്‍ത്തിയിട്ടെന്ത് കാര്യം. അതുകൊണ്ട്  പള്ളികള്‍ അവര്‍ വില്‍പ്പനക്ക് വയ്ക്കുകയാണ്.  ചര്‍ച്ച് ഓഫ് ഇംഗ്ലണ്ട് മാത്രം  18-20 പള്ളികളാണ്  ഓരോ വര്‍ഷവും മാര്‍ക്കറ്റില്‍ വില്‍ക്കുന്നത്. കാത്തലിക് പള്ളികളും മറ്റിതര ചെറു സഭകളുടെ പള്ളികളും  വില്‍പ്പനക്കായി വേറെയുമുണ്ട്.. അവ ഷോപ്പിംഗ് സെന്ററുകളായും ഹോട്ടലുകളായും പാര്‍പ്പിട സമുച്ചയമായും മദ്യശാലകളായും മാറുന്നു.

 കഴിഞ്ഞ ദിവസം ഒരു സാധനം അന്വേഷിച്ച്  ഒന്ന് രണ്ട്  ആക്രിക്കടയില്‍ പോകാനിടവന്നു.  അവിടെ കണ്ട കാഴ്ച്ച ഏതൊരു വിശ്വാസിയുടെയും ഹൃദയം നുറുങ്ങുന്നതായിരുന്നു. എന്നൊക്കെയോ വിറ്റുപോയ പള്ളികളിലെ വിഗ്രഹങ്ങള്‍ അനാഥ പ്രേതങ്ങളെപ്പോലെ  പൊടിയും മാറാലയും പിടിച്ച് ഓരോ മൂലക്കല്‍ . ഒരു കാലത്ത് ആയിരങ്ങള്‍ തൊട്ട് വണങ്ങിയ ഈ വിഗ്രഹങ്ങള്‍ ഇന്ന്  കയ്യൊടിഞ്ഞും കാലൊടിഞ്ഞും കഴുത്തൊടിഞ്ഞും കിടക്കുന്നു. ഈ വിഗ്രഹങ്ങളും വില്‍ക്കാനിട്ടിരിക്കുന്ന പള്ളികളും ഇവിടുത്തെ പൂര്‍വ്വ വിശ്വാസികളുടെ ഒരു കാലത്തെ വിശ്വാസത്തിന്റെ സാക്ഷി പത്രങ്ങളാണ്. മരണമണി മുഴങ്ങുന്ന നിരവധി പള്ളികള്‍ അടഞ്ഞ് കിടക്കുന്നു. ഉള്ള പള്ളികളില്‍ ബലിയര്‍പ്പിക്കാന്‍ അച്ചന്മാരില്ല. രണ്ടും മൂന്നും പള്ളികള്‍ക്ക് കൂടി ഒരച്ചന്‍ എന്നതാണ് തോത്. ഉള്ള പള്ളികളിലാകട്ടെ കുര്‍ബ്ബാനക്ക് എത്തുന്നത്  എഴുപതും എണ്‍പതും കഴിഞ്ഞ, വിരലിലെണ്ണാവുന്നര്‍ മാത്രം. ഇങ്ങിനെ പോയാല്‍ ഈ വെള്ളക്കാരൊക്കെ മരണാനന്തരം എവിടെച്ചെന്നെത്തും?  നേരെ നരകത്തിലേക്കായിരിക്കും എന്നതില്‍  ഇശ്വര വിശ്വാസികള്‍ക്കെങ്കിലും  സംശയം കാണാനിടയില്ല.
 ആയിരക്കണക്കിന് രെജിസ്‌ട്രേഡ് ചാരിറ്റികളാണ് യൂ.കെയിലുള്ളത്. ഒരു പള്ളി ചെയ്യുന്നതിന്റെ ആയിരം മടങ്ങ് സുകൃതം ഈ ചാരിറ്റികള്‍ നടത്തുന്നൂ എന്ന് പറഞ്ഞാല്‍ അതില്‍ ഒരു അതിശയോക്തിയുമുണ്ടാകില്ല. വസ്ത്രമില്ലാത്തവന് വസ്ത്രവും, വിശക്കുന്നവന് ആഹാരവും,  പാര്‍പ്പിടമില്ലാത്തവന് പാര്‍പ്പിടവും ഉള്‍പ്പെടെ നിരവധി ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായി പണം കണ്ടെത്തി അവ ജാതിയുടെയോ മതത്തിന്റെയോ രാജ്യത്തിന്റെയോ  വേലിക്കെട്ടുകള്‍ക്കപ്പുറം അര്‍ഹരായവര്‍ക്ക് എത്തിക്കുക എന്നതില്‍ ബ്രിട്ടീഷ് ചാരിറ്റി സംഘടനകള്‍ ചെയ്യുന്ന സേവനങ്ങളെ നാം കാണാതെ പോകരുത്.  ഇത്തരം ഒരു ചാരിറ്റി സംഘടനയാണ് ‘കോമഡി റിലീഫ്” .’കോമഡി റിലീഫ്” എന്ന ചാരിറ്റി സംഘടനയെക്കുറിച്ച് കേള്‍ക്കാത്തവര്‍ കണ്ടേക്കാം. എന്നാല്‍ ‘റെഡ്‌നോസ്’ എന്ന ചാരിറ്റി പ്രോഗ്രാമിനെക്കുറിച്ച് കേള്‍ക്കാത്തവര്‍ ഒരുപക്ഷേ കുറവായിരിക്കും. കോമഡി റിലീഫ് എന്ന ചാരിറ്റി സംഘടന രൂപം കൊണ്ടത് 1985ല്‍ ആണ്. യൂ.കെയിലെയും ആഫ്രിക്കയിലെയും പാവപ്പെട്ടവര്‍ക്ക് ഭക്ഷണവും വസ്ത്രവും മറ്റ് അത്യാവശ്യ സഹായങ്ങളും ചെയ്യുക എന്ന സദുദ്ദേശത്തോടെ എല്ലാ രണ്ട് വര്‍ഷം കൂടുമ്പോഴും കോമഡി റിലീഫിന് വേണ്ട ഫണ്ട് കണ്ടെത്തുകയാണ്  റെഡ്‌നോസ് ചെയ്യുന്നത്. ഈ ഫണ്ട് ഉപയോഗിക്കുന്നതില്‍ ജാതിയുടെയോ മതത്തിന്റെയോ അല്ലെങ്കില്‍ രാജ്യത്തിന്റെയോ സ്ഥാപിത താല്‍പ്പര്യങ്ങള്‍ ഒന്നും ഇല്ലാ എന്നുള്ളതാണ് പരമപ്രധാനമായ വസ്തുത. ആഫ്രിക്കന്‍ ഭൂഘണ്ടത്തില്‍ മുസ്ലീം സമുദായമാണ് ഇതിന്റെ ഏറ്റവും വലിയ ഉപഭോക്താക്കള്‍.  മുസ്ലീം തീവ്രവാദികളാല്‍ ഏത് നിമിഷവും ആക്രമിക്കപ്പെടാം എന്ന ഭയത്തോടെ കഴിയുമ്പോഴും അതെല്ലാം മറന്ന് കഷ്ടതയനുഭവിക്കുന്നവരെ  എല്ലാം മറന്ന് സഹായിക്കാനുള്ള ഈ ബ്രിട്ടീഷ് ജനതയുടെ  ഈ  നല്ല മനസ്സ്  വിശ്വാസികളെന്ന് നടിക്കുന്ന നമുക്കുണ്ടോ ?

എല്ലാ രണ്ട് വര്‍ഷം കൂടുമ്പോഴും മാര്‍ച്ച് മാസത്തിലെ ഒന്നാമത്തെയോ രണ്ടാമത്തെയോ വെള്ളിയാഴ്ചയാണ് റെഡ്‌നോസ് ഡേ പ്രോഗ്രാം നടക്കുക. അന്നേദിവസം  വൈകിട്ട് 7 മണി മുതല്‍ പിറ്റേന്ന് നേരം വെളുക്കുന്നത് വരെ  അതിപ്രശസ്തരായ വ്യക്തികളെ ഉള്‍പ്പെടുത്തിക്കൊണ്ട് പാട്ടും നൃത്തവും കോമഡിയുമായി ലൈവ് ഷോ നടത്തി അവ ചാനലിലൂടെ പ്രക്ഷേപണം ചെയ്യുന്നു. ഇതിനിടയില്‍ യൂ.കെയിലും ആഫ്രിക്കയിലും നടത്തുന്ന ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ വിശദീകരണവും അതിന് വേണ്ട ഫണ്ടും കണ്ടെത്തുന്നു. ബി.ബി.സി ചാനലാണ്  ഈ പ്രോഗ്രാം പ്രക്ഷേപണം ചെയ്യപ്പെടുക.  രാത്രിയില്‍ പത്ത് മണിയുടെ വാര്‍ത്താ ബുള്ളറ്റിനല്ലാതെ മറ്റൊരു പരിപാടിയും  ഈ ദിവസം പ്രക്ഷേപണം ചെയ്യുന്നില്ല. സെലിബ്രൈറ്റികള്‍  പ്രതിഫലം വാങ്ങാതെയാണ് അവരുടെ പ്രോഗ്രാമുകള്‍ അവതരിപ്പിക്കുക.  ജനങ്ങളെ സന്തോഷിപ്പിക്കുന്നതോടൊപ്പം ഈ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായി ഫണ്ട് നല്‍കാന്‍ അഭ്യര്‍ത്ഥിക്കുകയാണ് ഇവര്‍  ചെയ്യുന്നത്. റെഡ്‌നോസ് ഡേയുടെ പ്രായോചകരില്‍ ബി.ബി.സിക്കൊപ്പം സെയിന്‍സ്ബറി സൂപ്പര്‍മാര്‍ക്കറ്റും സുപ്രധാന പങ്ക് വഹിക്കുന്നു. വ്യക്തികളും, സ്ഥാപനങ്ങളും , സംഘടനകളും എല്ലാം ഈ സദുദ്യമത്തില്‍ പങ്ക് ചേരുന്നതോടെ ഓരോ മണിക്കൂറിലും ഇതിലേക്കുള്ള ഫണ്ട് മില്യണുകളായി വര്‍ദ്ധിക്കുന്നു. ഇന്നലെ അവസാനിച്ച റെഡ്‌നോസ് ഡേയിലെ കളക്ഷന്‍ സര്‍വ്വകാല റെക്കോര്‍ഡുകളും ഭേദിച്ച് 78 മില്യണ്‍ പൌണ്ടിലെത്തി. ഇതോടെ മുപ്പത് വര്‍ഷത്തിനുള്ളില്‍ കോമഡി റിലീഫ് ചാരിറ്റിക്കായി സമാഹരിച്ച തുക ഒരു ബില്യണ്‍ കവിഞ്ഞു.. ഇത്തരത്തിലുള്ള പ്രവര്‍ത്തനങ്ങളിലൂടെ ലോകമെങ്ങും സഹായമെത്തിക്കുന്നവയാണ് ഇവിടുത്തെ ചാരിറ്റികളില്‍ ഏറെയും. ഈ ചാരിറ്റികളുടെ പ്രവര്‍ത്തനത്തിന്റെ ഗുണഫലം  മനുഷ്യര്‍ക്ക് മാത്രമല്ല, മറിച്ച് ദൈവത്തിറ്റെ സൃഷ്ടികളായ മൃഗങ്ങള്‍ക്കും പക്ഷികള്‍ക്കും എല്ലാം എത്തിക്കുന്നൂ എന്നതും ഏറെ ശ്രദ്ധേയമാണ്.
 നാം മലയാളികള്‍ പത്ത് രൂപാ ആര്‍ക്കെങ്കിലും ദാനം കൊടുക്കുന്നുണ്ടെങ്കില്‍ അതിന്റെ പുറകില്‍ ഒരു ലാഭം അല്ലെങ്കില്‍ ഒരു ലക്ഷ്യം മാത്രം മനസ്സില്‍ കണ്ട്‌കൊണ്ടാണ്. ഈ ദാനത്തിലൂടെ മരണാനന്തര സ്വര്‍ഗ്ഗം എന്ന മനോഹര ലക്ഷ്യം. എന്നാല്‍ ജീസസ് ആരാണെന്ന് ചോദിച്ചാല്‍ മേരിയുടെ ഹസ്ബന്റ് എന്ന് പറയുന്ന, സ്വര്‍ഗ്ഗം സ്വപ്നം കാണാത്ത ഈ സമൂഹം എന്തെങ്കിലും  ദാനം ചെയ്യുന്നുണ്ടെങ്കില്‍ അത്  ഇത്തരത്തിലുള്ള യാതൊരു  പ്രതിഫലവും ആഗ്രഹിക്കാതെയാണെന്നതാണ് ഏറ്റവും മഹനീയമായ ഒരു കാര്യം. ലോകത്തെവിടെയായാലും  പ്രകൃതിദുരിതബാധിത മേഖലകളിലും, യുദ്ധ മേഖലകളിലും  ദുരിതവും, പട്ടിണിയും, പകര്‍ച്ചവ്യാധികളും കൊണ്ട് കഷ്ടപ്പെടുന്നവരെ സഹായിക്കാന്‍  പ്രതിഫലേച്ഛകൂടാതെ പ്രവര്‍ത്തിക്കുന്ന നിരവധി ബ്രിട്ടീഷുകാരുടെ കഥകള്‍ നാം വായിക്കുന്നുണ്ട്, കാണുന്നുണ്ട്. ആഫ്രിക്കയിലെ ഇബോള ബാധിത പ്രദേശത്തെ ജനങ്ങളെ ശുശ്രൂഷിക്കാന്‍ പോയി മരണത്തില്‍ നിന്നും അത്ഭുതകരമായി  രക്ഷപ്പെട്ട പൌളിന്‍ കാഫര്‍ക്കി  എന്ന ബ്രിട്ടീഷ്  നെഴ്‌സിനെ നാം ആരും മറക്കാനിടയില്ല. അതുപോലെ സിറിയന്‍ അഭയാര്‍ഥികള്‍ക്ക് സഹായവുമായി പോയ അലന്‍ ഹെന്നിംഗ് എന്ന മാന്ച്ചസ്ടറിലെ ടാക്സി ഡ്രൈവറെ ഐസിസ് ഭീകരര്‍  തലയറുത്ത് കൊന്നത് ഏതാനും മാസങ്ങള്‍ക്ക് മുന്പ് മാത്രമാണ്. ഇത്തരം ധീരവും മനുഷ്യ സ്നേഹപരവുമായ  സല്‍ക്കര്‍മങ്ങള്‍ ചെയ്യാന്‍  നമ്മില്‍ എത്രപേര്‍ തയ്യാറാണ്?
 അവിശ്വാസികളും, ആഭാസന്മാരും, വര്‍ണ്ണവെറിയന്മാരുമെന്നൊക്കെ നാം   മുദ്രകുത്തിയ  ഈ ജനതയുടേ സല്പ്രവര്‍ത്തികളുടെ ആയിരത്തിലൊന്ന് വിശ്വാസികളെന്ന് സ്വയം അഭിമാനിക്കുന്ന  നാം ചെയ്യുന്നുണ്ടോ ? ബൈബിള്‍ വായിക്കുകയും പ്രസംഗിക്കുകയുമല്ലാതെ അവ പ്രാവര്‍ത്തികമാക്കുന്ന കാര്യത്തില്‍ നാം എത്രമാത്രം ആത്മാര്‍ത്ഥത പുലര്‍ത്തുന്നുണ്ട്?  വെറും അധരവ്യായാമമവും പ്രകടനവുമല്ലാതെ  ഈ ബൈബിള്‍ വചനങ്ങള്‍  നാം പ്രാവര്‍ത്തിപഥത്തിലെത്തിക്കാന്‍ ശ്രമിക്കാറുണ്ടോ? ജാതി മത ചിന്തകള്‍ക്കപ്പുറം എല്ലാവരും മനുഷ്യരാണെന്ന മനോഭാവാത്തോടെ പ്രവര്‍ത്തിക്കാന്‍  ഇക്കാണാവുന്ന ധ്യാനമൊക്കെ കൂടിയിട്ടും നമുക്ക് കഴിഞ്ഞിട്ടുണ്ടോ, ഇനി എന്നെങ്കിലും കഴിയുമോ? ‘ഈ എളിയവരില്‍ ഒരുവന് നീ ചെയ്തപ്പോഴെല്ലാം എനിക്ക് തന്നെയാണ് ചെയ്തത്’ എന്ന   ക്രിസ്തു വചനം കൂടുതല്‍ ചേരുക നമുക്കോ അതോ ഇവര്‍ക്കോ?  ഇവിടെ ആരാണ് നല്ല ശമരിയാക്കാരന്‍? ഈ നോമ്പുകാലം നമ്മെത്തന്നെ  നമുക്കൊന്ന് ആത്മ പരിശോധനക്ക് വിധേയമാക്കാം.

2 comments:

 1. വിവരമുള്ളവർ പറഞ്ഞുകേട്ടിട്ടുണ്ട് വീടിനു കൊള്ളാത്തവൻ എങ്ങനെ നാടിനു കൊള്ളുമെന്ന്. നമ്മുടെ
  നാട് ഇന്ന് എന്തെല്ലാം പ്രതിസന്തികൽ നേരിടുന്നു. സഭക്കുള്ളിലും പുറത്തുമായി എന്തെല്ലാം നല്ലകാര്യങ്ങൽ ഈ വൈദികർക്ക്
  ചെയ്യാനാകും, അതൊന്നും കാണാതെ സന്തോഷത്തിലും, സമാധാനത്തിലും, സ്വസ്ഥമായി കഴിയുന്ന പാവം മലയാളികളുടെ
  സ്വസ്ഥത നശിപ്പിക്കാനായിട്ട് എന്തിനാണ് ഈ കള്ള സന്യാസികൽ ഇങ്ങോട്ട് എഴുന്നുള്ളുന്നത്. നാട്ടിൽ എന്തക്രമവും കാട്ടിയിട്ട്
  സ്വയരക്ഷക്കായി അമേരിക്കയെ ശരണം പ്രാപിക്കുന്നു, സ്വീകരിക്കുവാൻ മലവേടൻ മാൻഡ്രേക്കും. കോളേജ് പ്രൊഫസർ
  ജോസഫ് സാറിന്റെ കൈകൽ വെട്ടുവാൻ കാരണക്കാരൻ ഫാ. പിച്ചളക്കാടൻ അമേരിക്കയിലോ അമേരിക്കൻ ഐക്യനാടുകളിലോ
  എവിടെയോ ഒളിഞ്ഞിരിപ്പുണ്ട്, അവനെ രക്ഷിച്ചതും ഈ അങ്ങാടിയിലെ മലവേടനല്ലെ. ഈ ധ്യാനം കൊണ്ട് ആർക്കാണ് നേട്ടം.
  നടത്തിപ്പുകാർക്കും, നടത്തുന്നവർക്കും അല്ലാതെന്തുനേട്ടമാണ് ജനങ്ങൽക്കുള്ളത്. കുടത്തിന്റെ പുറത്ത് വെള്ളം ഒഴിച്ചാൽ
  സംഭവിക്കുന്നതുതന്നെ ഇവിടെയും സംഭവിക്കുന്നു. ഒറ്റ ധ്യാനം കൊണ്ട് ജനം മുഴുവൻ നന്നായിപോയാൽ പിന്നെ ഈ
  ധ്യാന ഗുരുക്കളായവർ എന്തെടുക്കും, അവർക്കും ജീവിക്കണ്ടെ. കക്കുംതോറും നശിക്കും, നശിക്കുംതോറും കക്കും.

  കൊപ്പേൽ സെന്റ് അല്ഫോൻസാ ചർച്ച് എന്തിനും ഏതിനും തയ്യാറാണ് എപ്പോഴും. ധ്യാനമെങ്കിൽ ധ്യാനം.
  നടക്കട്ടെ അതിന്റെ മുറക്ക്. കുറച്ചുകാലമായി പള്ളിയിൽ നാഥനില്ലാത്ത അവസ്ഥയിലായിരുന്നു. ഒരു പകരക്കാരനെയാക്കിയിട്ട്
  നാഥൻ ഊരുതെണ്ടാൻ പോയി. ആറു (6) മാസം ആയില്ല ഒരു തെണ്ടൽ കഴിഞ്ഞുവന്നിട്ട്. വീണ്ടും തെണ്ടക്ക് പോയിരിക്കുകയാണ്.
  നമ്മൾ മനുഷ്യർ എന്തിനാണ് വീടുകളിൽ നായയെ ( പട്ടിയെ ) വളർത്തുന്നത്. വീടും വീട്ടിലുള്ളവരേയും കാത്തുരക്ഷിക്കാൻ.
  ഈ നായ വീട് വിട്ട് തെണ്ടിനടന്നാൽ വീട്ടുകാരന് ഉപകാരവും ഇല്ല, നാട്ടുകാർക്ക് ശല്ല്യവും ആകും. ഇന്ന് ഏതാണ്ട് കൊപ്പേൽ
  പള്ളിയുടെ സ്ഥിതിയും ഇതുപോലെയൊക്കെതന്നെ. പട്ടികൽക്കും വെക്കേഷൻ അനുവദിച്ചിട്ടുണ്ട് ആണ്ടിൽ ഒരു മാസം.
  കന്നിമാസം നായകൽക്ക് ( പട്ടികൽക്ക് ) ഉള്ളതാണ്. തെണ്ടിപട്ടികളെ ആരും വീടുകളിൽ വളർത്താറില്ല. ഇതിനെല്ലാം പണം
  ഇടവക ജനം ഉണ്ടാക്കണം, തെണ്ടക്ക് പോകുന്നതിനും പണം വേണം. ഇങ്ങനെ തെണ്ടിയാൽ കിട്ടുന്നത് എന്താണാവോ?.
  സഭയിലുള്ള അധികാരികൽ എന്ത് തെമ്മാടിത്തരം കാണിച്ചാലും അതിനെ ആരും ചോദ്യം ചെയ്യരുത്, അത് പാപമാണ് എന്നാണ്
  ഈ സഭാദ്രോഹികൽ നമ്മെ ധരിപ്പിച്ചിരിക്കുന്നത്. നാട്ടിൽ ആരുടെ തലവെട്ടിയാലും കൈ വെട്ടിയാലും സഭാപ്രമാണിമാർ ആണെങ്കിൽ
  അമേരിക്കയിലെത്തും. അവർക്ക് അഭയവും, ഭക്ഷണവും ചിക്കാഗോ രൂപത വഹിക്കും. അവസാനമായി എത്തിയ കള്ളൻ
  ഫാ. പിച്ചളക്കാടനാണ്. അദ്ദേഹത്തെ ഗാർലാണ്ട് സെന്റ് തോമസ് ചർച്ച് ഇടവക വികാരിയായി നിയമിച്ചതുമാണ്. പത്രമാദ്ധ്യമങ്ങൽ
  ഈ പിച്ചളക്കാടിന്റെ തനിസ്വരൂപം പുറത്തുവിട്ടപ്പോൽ ഇതിയാനെ പിന്നെ ആരും കണ്ടിട്ടില്ല. ഇതുപോലുള്ള കള്ളന്മാർക്ക്
  അഭയം നൽകുന്നത് ഈ ചിക്കാഗോ രൂപത അധികാരി അങ്ങാടിയിലെ മാൻഡ്രേക്ക് പിതാവാണ്. എന്നിട്ട് കുറെ കള്ളസന്ന്യാസികളെ
  വിളിച്ചുവരുത്തി ഇടവകതോറും ധ്യാനം നടത്തുന്നു, ആരുടെ കണ്ണിൽ പൊടിയിടാനാണ് ഈ പേകൂത്തൊക്കെ.

  ReplyDelete
 2. "പള്ളികള്‍ പണിയുവാന്‍ ഒരുകാലം ,അവ ഉപയോഗസൂന്യമാകയാല്‍ വില്‍ക്കുവാന്‍ ഒരുകാലം" ! "പുരോഹിതനില്‍ ദൈവത്തിന്റെ പ്രതിനിധിയെ കാണാന്‍ ഒരുകാലം, താന്‍ തന്നെയാണാ ദൈവമെന്നു തിരിച്ചറിയാന്‍ ഒരുകാലം" ! ധ്യാനത്തിലൂടെ "പ്രജ്ഞാനം ബ്രഹ്മം"എന്ന് കണ്ടെത്തിയ ഭാരതീയര്‍ ദൈവത്തെ തേടി പാതിരിപ്പുറകെ പള്ളിയില്ചെന്നു ഗോതമ്പുദൈവത്തിനായി നാക്ക് നീട്ടാന്‍ ഒരുകാലം , "ഞാനും പിതാവും ഒന്നാണെന്ന" ക്രിസ്തുവിന്റെ തിരിച്ചറിവില്‍ കത്തനാര്‍ക്കും പള്ളിയെന്ന ചതിക്കുഴിക്കും "വിട" പറയാന്‍ ഒരു കാലം ! കാലം മാറിവരും ....

  ReplyDelete