Translate

Sunday, March 22, 2015

നിത്യസത്യമേ, നീയെവിടെയാണ്?

നിങ്ങൾ സത്യം അറിയുകയും സത്യം നിങ്ങളെ സ്വതന്ത്രരാക്കുകയും ചെയ്യും എന്നാണ് യേശുവിന്റേതായി എഴുതപ്പെട്ടിരിക്കുന്ന വേദവാക്യം (യോഹന്നാൻ 8, 32). വാച്യാർഥത്തിലെടുത്താൽ അതൊരു വലിയ സദ്‌വാർത്തയാണ്. അതായത് എല്ലാവരും സത്യമെന്താണെന്ന് അറിയുകയും അതുവഴി സ്വാതന്ത്ര്യമെന്താണെന്ന് രുചിച്ചറിയുകയും ചെയ്യുമെന്ന്. എന്നാൽ അത് വളരെ വിരളമായി മാത്രം സംഭവിക്കുന്നതായിട്ടാണ് മനുഷ്യാനുഭവം. അതുകൊണ്ട്, ബൈബിൾ വാക്യങ്ങളുടെ കാര്യത്തിൽ പലപ്പോഴും കാണാറുള്ളതുപോലെ ഈ വാക്യത്തിലും അത്ര വ്യക്തതയില്ല എന്നു പറയേണ്ടിവരുന്നു. വാസ്തവത്തിൽ, ഉള്ളിലോ വെളിയിലോ നിലനിൽക്കുന്ന സത്യത്തെ ആര് കണ്ടെത്തുന്നുവോ, അയാൾ ആ തിരിച്ചറിവിലൂടെ, അതായത്, ആ സത്യത്തിലൂടെ സർവസ്വതന്ത്രനാകും എന്നല്ലേ അതിന്റെ പൊരുൾ? എങ്കിൽ പിന്നെ അത് അങ്ങനെത്തന്നെയങ്ങ് എഴുതരുതോ? അതായത്, സത്യമെന്തെന്ന് തെരയാനുള്ള കടമ ഓരോരുത്തർക്കും ഉണ്ട്. അത് ഗൌരവമായി എടുത്താൽ, ഒരു പക്ഷേ, നീ സത്യമെന്തെന്ന് കണ്ടെത്തിയെന്നു വരാം. അത് സംഭവിച്ചാൽ, അതിന്റെ ഫലമായി യഥാർഥ സ്വാതന്ത്ര്യമെന്തെന്നും നീ അനുഭവിച്ചറിയും. 


ഇവിടെ സത്യമെന്നത് ആരോരുമില്ലാതെ, അല്ലെങ്കിൽ ആരുടേതുമല്ലാതെ, അങ്ങനെ പ്രപഞ്ചമദ്ധ്യത്തിൽ സ്ഥിതിചെയ്യുന്ന എന്തോ അല്ല. എന്തിനെയെങ്കിലും സംബന്ധിക്കുന്നതാണ് അത്. നമ്മെ സംബന്ധിച്ചിടത്തോളം സത്യമെന്നത് പ്രഥമപ്രധാനമായി നമ്മെ സംബന്ധിക്കുന്ന, അതായത് നമ്മുടെ അസ്തിത്വത്തെ സംബന്ധിക്കുന്ന ചോദ്യങ്ങൾക്കുള്ള ഉത്തരമായിരിക്കും. ചോദ്യം ചോദിക്കാനുള്ള കഴിവാണ് നമ്മെ മറ്റ് ജീവജാലങ്ങളിൽ നിന്ന് വേർതിരിക്കുന്നതും നമ്മെ മനുഷ്യരാക്കുന്നതും. ഏതൊരാളും ആദ്യമായി ചോദിക്കുന്ന ചോദ്യം താനാരാണ്, താനിവിടെ എന്ത് ചെയ്യുന്നു, എന്തിനായി അത് ചെയ്യുന്നു എന്ന് തുടങ്ങുന്നവയാണ്. താൻ അല്ലെങ്കിൽ ഞാൻ എന്നു പറയുമ്പോൾ അതിൽ ഞാൻ നിലനിൽക്കുന്ന പ്രപഞ്ചവും ഉൾപ്പെടും. ഞാനും എന്നെ ഉൾകൊള്ളുന്ന മറ്റ് അസ്തിത്വങ്ങളും എന്നിൽ വിസ്മയം ജനിപ്പിക്കുന്നതുകൊണ്ടാണ് ബുദ്ധി വികസിക്കുന്നതോടെ നമ്മൾ മേൽപ്പറഞ്ഞ ചോദ്യങ്ങളുടെ ഉപജ്ഞാതാക്കളായിത്തീരുന്നത്. എന്നെപ്പറ്റി അറിയുന്നതിന്റെ ഭാഗമായി എന്റെ ഉദ്ഭവം, പരിണാമം, വികാസം, പ്രപഞ്ചത്തിന്‌ അതിലുള്ള പങ്ക് എന്നിവയെപ്പറ്റി കിട്ടുന്ന അറിവെല്ലാം ഞാൻ സമ്പാദിക്കുന്നു.

സഹസ്രകോടിക്കണക്കിന് ഗാലക്സികളും അതിലോരോന്നിലും പതിനായിരം കോടിയോളം നക്ഷത്രങ്ങളും ഉള്ള സ്ഥൂലവും സൂക്ഷമവുമായ പ്രപഞ്ചത്തെപ്പറ്റിയുള്ള അറിവും നാം ആർജിക്കുന്നു. എന്നാൽ ഈ അറിവുകൾ ആരെയെങ്കിലും അസന്നിഗ്ദ്ധമായ സത്യത്തിലേയ്ക്ക് കൊണ്ടെത്തിക്കുന്നുണ്ടോ? എത്ര വിപുലവും ആഴമുള്ളതുമായ അറിവുണ്ടായാലും ഇതിലെല്ലാം ഒരു ലക്ഷ്യമുണ്ടെന്ന സ്ഥിരീകരണം ലഭ്യമല്ലെന്ന അനുഭവമാണ് കൂടുതൽ പേർക്കും ഉള്ളത്. മറിച്ച്, നമുക്കറിയാൻ കഴിയുന്ന പ്രപഞ്ചത്തിനും അതിനുള്ളിലെ നമ്മുടെ ബൗദ്ധികജീവിതത്തിനും നിശ്ചിതമായ ഒരു ലക്ഷ്യമുണ്ടെന്ന ധൈര്യം കൈവരിക്കുന്നവർ, അത് യുക്തിയിലൂടെയല്ല, മറിച്ച്, യുക്തിയെ മറികടന്നാണ് നേടുന്നത്. അങ്ങനെയെങ്കിൽ, മനുഷ്യനെ സംബന്ധിച്ച് സത്യം എപ്പോഴും കാണാമറയത്താണ്. അല്ല, കാണാമറയത്തെങ്കിലും സത്യം എന്നൊന്ന് ഉണ്ടെന്നു പറയാൻ നമുക്കെന്തവകാശം? അപ്പോൾ പിന്നെ നമ്മെ സ്വതന്ത്രരാക്കേണ്ട ആ സത്യം എന്തായിരിക്കും? അതെവിടെയാണ്?

എന്തായാലും നമ്മളും നമ്മുടെ പ്രപഞ്ചവും ഇവിടെയുണ്ട്. അതിനെ ചോദ്യം ചെയ്താൽ പിന്നെയൊന്നിനും അർഥമില്ലതന്ന. ഇത്ര ബ്രഹ്മാണ്‍ഡമായ ഒരു സംഭവം വെറും യാദൃശ്ചികതയായിരിക്കാമോ? ആയിരിക്കാമെന്നും തങ്ങൾ കണ്ടെത്തിയ സത്യം അതാണെന്നും സ്വയം ഉറപ്പുവരുത്തി അതിൽ കൂസലില്ലായ്മയുടെ ഒരുതരം സ്വാതന്ത്ര്യം അനുഭവിക്കുന്നവർ ഇന്ന് ഈ ലോകത്ത് ധാരാളമുണ്ട്. യാദൃശ്ചികതയുടെ ഇല്ലായ്മയിലേയ്ക്കു അഴിഞ്ഞ് ഒന്നുമല്ലാതായിപ്പോകുന്നതിൽ അവർക്ക് ഒരു പരിഭവവുമില്ല. അവർ അനുഭവിക്കുന്നത് അർഥമില്ലായ്മയുടെ സ്വാതന്ത്ര്യമാണ്. അതവരുടെ അവകാശമായി നാം വിട്ടുകൊടുക്കുക. ഓരോ ആത്മഹത്യയെയും, എന്തിന് , ഓരോ കൊലയും, ഇത്തരം അർഥമില്ലായ്മയുടെ വൈയക്തികമായ പ്രത്യക്ഷീകരണമായി വ്യാഖ്യാനിക്കാവുന്നതാണ്.

എന്നാൽ എല്ലാ വൈതരണികളെയും അതിലംഘിച്ച് അവിശ്രമം ജീവന്റെ അർഥം തേടുന്നവരും ഉണ്ടെന്ന് നമുക്കറിയാം. ഞാനും നിങ്ങളും അതിൽ പെടുന്നുണ്ടായിരിക്കണം. എന്തുകൊണ്ട്? 1370 കോടി വർഷങ്ങൾക്കു മുമ്പ്, പൂജ്യം വലിപ്പവും അനന്തമായ സാന്ദ്രതയുമുള്ള, എല്ലാ ദ്രവ്യവും എല്ലാ ഊര്ജ്ജവും ഉൾക്കൊള്ളുന്ന ഒരു പരമാണുവിന്റെ വൻസ്ഫോടനത്തിൽ ആരംഭിച്ച്, സഹസ്രകോടിക്കണക്കിന് ഗാലക്സികളും ഓരോ ഗാലക്സിയിലും സഹസ്രകോടിയിലധികം നക്ഷത്രങ്ങളുള്ള, ആയിരത്തിയഞ്ഞൂറു കോടി പ്രകാശവർഷങ്ങൾ വരെ വ്യാപിച്ചുകിടക്കുന്ന സ്ഥൂലപ്രപഞ്ചത്തിന്റെ അതിരുകളിലുള്ള ക്വാസാർ, പൾസാർ നക്ഷത്രങ്ങളെവരെ പരീക്ഷണനിരീക്ഷണങ്ങൾക്ക് വിധേയമാക്കാൻ കഴിവുള്ള മനുഷ്യൻ; സൂക്ഷ്മപ്രപഞ്ചത്തിൽ ക്വാണ്ടം ഭൗതികത്തിന്റെ കണ്ടുപിടുത്തങ്ങളിലൂടെ ഒരു മീറ്ററിന്റെ നൂറുലക്ഷം കോടിയിലൊരംശം മാത്രം വലിപ്പമുള്ള പ്രോടോണ്‍, ഇലക്ട്രോണ്‍ കണങ്ങളെവരെ അപഗ്രഥിക്കാനും പഠിക്കാനും പ്രാവീണ്യം നേടിയ മനുഷ്യൻ; പരിധിയില്ലാതെ സ്നേഹിക്കാനും സ്നേഹിക്കപ്പെടാനുമുള്ള അദമ്യമായ അഭിവാഞ്ചയോടുകൂടിയ മനുഷ്യൻ, വെറും യാദൃശ്ചികതയുടെ ഒരുത്പന്നം മാത്രമാണെന്നും, പെട്ടെന്നൊരു നിമിഷത്തിൽ വീണ്ടും ഒരു നീർക്കുമിളപോലെ ഇല്ലായമയിൽ അമർന്ന് അപ്രത്യക്ഷമാകുമെന്നും കരുതാൻ വിസ്സമ്മതിക്കുന്നതുകൊണ്ടാണ് എവിടെയോ മറഞ്ഞിരിക്കുന്ന ജീവിതസത്യത്തെ തിരഞ്ഞ് നാം പുറപ്പെടുന്നത്. ആ സത്യത്തെ കണ്ടെത്തുന്നതോടെ സമാധാനവും സംതൃപ്തിയും സ്വാതന്ത്ര്യവും കൈവരുമെന്ന് നാം വിശ്വസിക്കുകയാണ്. എന്റെ അസ്തിത്വത്തിന്റെ ഉറവിടം എന്നിൽത്തന്നെ അല്ലെന്നറിയാവുന്ന ഞാൻ, ഈ അസ്തിത്വത്തിന് മൌലികമായ ഒരുകാരണവും അർഥവും ഉണ്ടെന്നു വിശ്വസിക്കാൻ നിർബന്ധിതനാകുന്നു എന്നതാണ് എന്നെ നയിക്കുന്ന യുക്തി. താത്ത്വികമായി ഒരാധാരം ഈ വിശ്വാസത്തിന് ഇല്ലെന്നറിഞ്ഞിട്ടും അതുപേക്ഷിക്കാനുള്ള ചങ്കൂറ്റം എനിക്കില്ല. എന്തെന്നാൽ, എനിക്കുചുറ്റും ഞാൻ അനുഭവിക്കുന്ന മനോഹാരിതക്കും ജീവസ്പന്ദനങ്ങൾക്കും എല്ലാ വിധ അഭിശപ്തതയെയും തിരുത്തുന്ന ധാർമികതക്കും ഉള്ള നീതിമത്ക്കരണം  എന്റെയീ അയുക്തിയിലാണെന്നു വരുന്നുവെങ്കിലും അതെന്നെ ഉത്തേജിതനാക്കുന്നു. അതില്ലാതെ സ്നേഹം കൊടുക്കലും വാങ്ങലും പോലും നിഷ്പ്രഭമായിത്തീരുന്നു. 

ഈ പറഞ്ഞുവന്നതിൽ അർഥമില്ലെങ്കിൽ, എന്തുകൊണ്ട് ഇല്ലായ്മക്കു പകരം ഉള്ളായ്മ? ഉള്ളായ്മ ലക്ഷ്യഭദ്രമായിരിക്കണം. എനിക്ക് ശക്തി പകരുന്ന ഏറ്റവും വലിയ കണ്ടെത്തൽ അതാണ്‌. മറ്റൊന്നും മനസ്സിലായില്ലെങ്കിലും, ഈ രക്ഷാവള്ളിയിൽ പിടിച്ച് എനിക്ക് ജീവന്റെ നൂല്പാലം കടന്നു പോകാനാകുന്നു. ആ പോക്കിൽ മുകളിലും താഴെയും ചുറ്റിലുമുള്ള എല്ലാ സമൃദ്ധിയും സൌന്ദര്യവും കണ്ടാനന്ദിക്കാനും അനുഭവിക്കാനും, അതേ സമയം അവയിൽനിന്ന് നിഷ്പക്ഷമായി അകന്നുനിൽക്കാനും എനിക്കാവുന്നു. അതുകൊണ്ടാണ് ഞാൻ ചെയ്യുന്നത് ഞാൻ ചെയ്യുന്നതും ഞാൻ ചെയ്യാത്തത് ചെയ്യാതിരിക്കുന്നതും. അതുകൊണ്ടാണ് എന്റെ ഉത്തരവാദിത്വം എന്നോടുതന്നെയാകുന്നത്. അതുകൊണ്ടാണ് എല്ലാം അതാതിന്റെ തോതിൽ നിലനിറുത്താൻ എനിക്കാകുന്നത്. ഈ മാനസികാവസ്ഥ എല്ലാ അർഥമില്ലായ്മയിലും എന്നെ താങ്ങുകയും നിരാശതയിൽനിന്ന് എന്നെ സംരക്ഷിക്കുകയും ചെയ്യുന്നു. ഉപാധികൾക്കെല്ലാം നടുവിൽ നിരുപാധികമായിരിക്കുന്ന എന്തോ ഒന്ന്, അതിനെ ഞാൻ സത്യമെന്ന് വിളിക്കട്ടെ, അതാണ്‌ എന്റെയീ നിലപാടിനു പിന്നിൽ. ജീവിക്കാനെന്നപോലെ ഏതു നിമിഷവും മരണത്തിലൂടെ ഇല്ലാതാകുവാനും ഈ സത്യം എനിക്ക് കരുത്തായിത്തീരുന്നു. എന്നാലും, വാക്കുകളില്ലാതെ ഞാൻ ചോദിച്ചുകൊണ്ടിരിക്കുന്നു: എന്നെ സർവസ്വതന്ത്രനാക്കുന്ന നിത്യസത്യമേ, നീയെവിടെയാണ്?          

11 comments:

 1. പടിപടിയായി ഈ ചോദ്യത്തിലേയ്ക്കും അതിനു സാദ്ധ്യമായ ഉത്തരങ്ങളിലേയ്ക്കും നടന്നു കയറാൻ ആഗ്രഹിക്കുന്നവർ വായിക്കേണ്ട ഒരു പുസ്തകം: "ഇനി ദൈവത്തെക്കൊണ്ട് എന്ത് കാര്യം ?" ഡോ.സിപ്രിയൻ ഇല്ലിക്കമുറി - മീഡിയാ ഹൌസ്, ദൽഹി. 150.-)

  ReplyDelete
 2. സത്യം ആർക്കുവേണം സാക്ക്ജി , മധുരം പൊതിഞ്ഞ നുണകളും അർദ്ധസത്യങ്ങളുമാണ് ജീവിതം എളുപ്പമാക്കുന്നത് .സത്യാന്വേഷിക്ക് അനുഭവങ്ങളാണ് വലുത് ,വിശ്വാസങ്ങളല്ല . വിശ്വസിക്കുന്നു എന്ന് കേൾക്കുമ്പോൾ തന്നെ ഒരു ഉറപ്പില്ലായ്മ തോന്നുന്നില്ലേ ?
  "സത്യം ദുഖമാണുണ്ണീ ...നുണയല്ലോ സുഖപ്രദം "

  ReplyDelete
 3. 'നിത്യസത്യമേ, നീയെവിടെയാണ്?' എന്ന സാക്കിന്റെ ലേഖനത്തിൽ വാസ്തവത്തിൽ സത്യമേതെന്ന് ആദ്യം കണ്ടുപിടിച്ചാൽ നിത്യസത്യം തേടാൻ എളുപ്പമായിരിക്കും. എന്താണ് സത്യം.? നമുക്കു ചുറ്റുമുള്ള ദൃഷ്ടിയിലധിഷ്ടിതമായവകൾ സത്യമെന്നു വിചാരിക്കുന്നു. എന്നാൽ അതെല്ലാം പരിവർത്തന വിധേയങ്ങളാവുമ്പോൾ വിശ്വസിച്ചിരുന്ന സത്യങ്ങൾക്കും ചലനങ്ങൾ സംഭവിക്കുന്നു. നാം ജീവിക്കുന്ന നയനവീക്ഷണങ്ങളായ ലോകത്തിനപ്പുറം മറ്റൊരു ലോകമുണ്ടെന്നു വിശ്വസിക്കുന്നു. ചിലർ ആ വിശ്വാസത്തെ സത്യമായും മറ്റു ചിലർ വൈകാരിക വൈകൃതിയിൽ നിന്നും പൊട്ടി മുളച്ച തെറ്റായ വിശ്വാസമായും കരുതുന്നു. സത്യത്തിന്റെ നാണയത്തിലും രണ്ടു വശങ്ങളുണ്ട്. ഒന്ന് കാണപ്പെടുന്ന സത്യവും രണ്ടാമത്തത് അകക്കണ്ണു കൊണ്ടു മാത്രം കാണാവുന്ന അത്മാവിഷ്ക്കാരമായ സത്യവും.

  നേരെയുള്ള അളക്കുന്ന ഒരു അളവു കോൽ അരഗ്ലാസ് വെള്ളത്തിലിട്ടാൽ ചിലപ്പോൾ വളഞ്ഞിരിക്കുന്നതായും തോന്നാം. കാണപ്പെടുന്നത് വളഞ്ഞതെന്നു തോന്നുമെങ്കിലും ആത്മാധിഷ്ടിതമായ സത്യത്തിൽ ആ അളവുകോൽ വളഞ്ഞതല്ലെന്നും അറിയാം. അവിടെ സത്യം ഏതാണ്, കാണപ്പെടുന്നതായ വളഞ്ഞതെന്നു തോന്നുന്ന അളവുകോലോ അനുഭവ ജ്ഞാനത്തിൽക്കൂടി കാണാൻ സാധിക്കാതെ അറിയപ്പെടുന്നതോ? അളവുകോൽ നേരെയാണ്, അളവുകോൽ നേരെയല്ല എന്നു നമുക്കു ലഭിച്ച അറിവുകളിൽ ഒന്നേ സത്യമാകാൻ സാധ്യതയുള്ളൂ. ശാസ്ത്രജ്ഞാനത്തിൽക്കൂടിയുള്ള സത്യവും യുക്തിയിൽ ആത്മാനുഭൂതിയിൽ വരുന്ന സത്യവും ഒരേ നാണയത്തിന്റെ തുലനാത്മകമായ വശങ്ങളാണ്. സത്യമായ അളവുകോൽ വെള്ളത്തിൽ താഴ്ത്തുമ്പോൾ കാണപ്പെടുന്ന സത്യത്തിനു മാറ്റം വരുന്നു. ഇന്ന് ലോകത്തെ പ്പറ്റി നാം വിവരിക്കുന്ന സത്യം നാളെ മറ്റൊരു വിധമാകാം. സത്യത്തിനെ രണ്ടു തരത്തിൽ അവിടെ കാണുന്നു. നാം ആദ്യം കൽപ്പിച്ച സത്യത്തിന് മാറ്റം വന്നില്ലേ? സത്യത്തെ നാം തന്നെ സൃഷ്ടിക്കുന്നു. മാറ്റം വരുന്നു. ഇതിൽനിന്നും സത്യമെന്ന ഒരു വസ്തുത ഇല്ലന്നല്ലേ മനസിലാക്കേണ്ടത്. സത്യം പരസ്പര വിരുദ്ധമായി ദിശ തെറ്റി പോകാറുണ്ടെന്നും അനുമാനിക്കണം.

  വികസിതമല്ലാത്ത കാലങ്ങളിലെ നമ്മുടെ പൂർവിക ജനതകളുടെ ഭാഷ ആംഗ്യവും ചില ശബ്ദധ്വനികളുമായിരുന്നു. ഭാക്ഷകളുടെ സ്വാധീനം നമ്മുടെ മനസിനെയും വ്യക്തിത്വത്തെയും ചിന്താഗതികളെയും ഉത്തേജിപ്പിച്ചു. നാം കാണുന്ന ലോകത്തെയും ജീവജാലങ്ങളെയും പ്രപഞ്ചസൃഷ്ടികളെയും വിവരിക്കാൻ സാധിക്കും. ഒരു വ്യക്തിയായി കരുതുന്നവനും തന്റെ പുരയിടങ്ങളിലെ അതിർത്തി നിർണ്ണയിക്കാൻ സാധിക്കും. നമ്മുടെ സാമൂഹിക ചുറ്റുപാടുകൾ, അനുഷ്ടിക്കേണ്ട നിയമങ്ങൾ, രാഷ്ട്രീയം, ധനതത്ത്വ ശാസ്ത്രം, കലകൾ മുതലാവകളെല്ലാം ഭാഷകളുടെ വളർച്ചയ്ക്ക് ശേഷമുള്ളതാണ്. ജാതി സങ്കീർത്തവും സങ്കീർണ്ണവുമായ ഒരു ലോകത്താണ് നാം ജീവിക്കുന്നത്. ഭാഗികമായി നാം പ്രകൃതിയോടു ചേർന്നും ഭാഗികമായി ശാസ്ത്രത്തിന്റെ കണ്ടുപിടുത്തത്തിലും ജീവിതത്തെ കണ്ടെത്തുന്നു. നാം ജീവിക്കുന്നു. ഭൂമി കറങ്ങുന്നത് പ്രകൃതിയുടെ പ്രതിഭാസമാണ്. അത് സത്യമാണ്. എന്നാൽ അത് നമ്മുടെ ഭാഷകളുടെ ആശയവിനിമയങ്ങളിൽക്കൂടി ഓരോ 24 മണിക്കൂറും ഭൂമി സ്വയം കറങ്ങുന്നുവെന്ന സത്യവും മനസിലാക്കുന്നു. അവിടെ നമുക്കു ചുറ്റുമുള്ള ഭൂമിയേയും പ്രകൃതിയേയും സൂര്യചന്ദ്രാദികളെയും സൌരയുധങ്ങളെയും ഭൌതികമായും അഭൌധികമായും അളക്കുന്നു. തെറ്റോ ശരിയൊ എന്നു കൽപ്പിക്കാൻ നമ്മുടെ വിജ്ഞാന മണ്ഡലങ്ങളെ വീണ്ടും വികസിപ്പിക്കണം. അവിടെ സത്യം രണ്ടായി തിരിഞ്ഞ് ഒന്നായ അനുമാനത്തിൽ എത്തുകയാണ്. പരമ സത്യങ്ങളിൽ ഒന്ന് ആത്മീയധിഷ്ടിതവും (Subjective) രണ്ടാമത്തേത് വസ്തു നിഷ്ഠമായതുമാണ്. (Objective) ആത്മനിഷ്ഠമായത് നമ്മുടെ ചുറ്റുമുള്ള അനുഭവ ജ്ഞാനത്തിൽ നിന്നും ഇന്ദ്രീയങ്ങളിൽക്കൂടി പ്രവഹിക്കുന്നു. ശാസ്ത്രത്തിന്റെ മുന്നേറ്റത്തിലും തെളിവുകളുടെ അടിസ്ഥാനത്തിലും വസ്തുനിഷ്ഠമായതിനെ സത്യമായി ഗണിച്ചെടുക്കുന്നു.

  ആത്മനിഷ്ഠമായതെന്നു നമ്മുടെ ഉപബോധ മനസ് പറയുന്നത് സത്യത്തിൽ അതൊരു സത്യമല്ല. ഒരു വിശ്വാസം മാത്രം. ആ വിശ്വാസം ശാസ്ത്രത്തിന്റെ ഗ്രന്ഥപ്പുരയിൽ പരീക്ഷിക്കാനും സാധിക്കില്ല. ഒരു സമൂഹമൊന്നാകെയുള്ള ഉറച്ച വിശ്വാസമാണത്. സമൂഹത്തിന്റെ താല്പര്യം പിന്നീട് സത്യമായി മാറുന്നു. ഭാഷകളുടെ വളർച്ചയിലാണ് ആത്മാനുഷ്ഠാനങ്ങൾ സത്യമായതും. മനുഷ്യ മനസുകളുടെ വൈകൃതങ്ങളും വിവിധ തരങ്ങളിലുള്ള കാഴ്ചപ്പാടും മൂലം സത്യത്തെ ശരിക്കും അറിയാൻ പ്രയാസമായിരിക്കും.

  അപ്പോൾ എന്താണ് ആ സത്യം. അതെനിക്കു മാത്രം. എന്റെ സത്യവും നിങ്ങളുടെ സത്യവും തമ്മിൽ പരസ്പരബന്ധം ഉണ്ടാവണമെന്നില്ല. കാരണം സത്യമെന്നത് അഹം തത്ത്വത്തിൽ അടിയുറച്ചതാണ്. സത്യത്തിന് അദ്വീതീയമായും ജീവിതത്തിന് മൂല്യങ്ങൾ കല്പ്പിക്കുന്നതിലും ഒരുപോലെ നിർണ്ണായകമായ പങ്ക് വഹിക്കാൻ കഴിയും. എന്റെ സത്യം കണ്ടെത്താൻ ഞാൻ പൂർണ്ണമായും സ്വതന്ത്രനാണ്. ഞാൻ അങ്ങനെ ചെയ്യുന്നു. എന്റെ ജീവിതത്തെ ഞാൻ തന്നെ കരുപിടിപ്പിക്കുന്നു. സ്വയം അഹം ബോധമായ സത്യമില്ലെങ്കിൽ നിശ്ചിതമായ ഒരു തീരുമാനം സ്വയം ബോധമായ ജീവിതത്തിൽ ഉണ്ടാവില്ല.

  ReplyDelete
 4. The comment above by Joseph Mathew is great.
  To grasp how little of the external world is within our reach, and how it can shape the little subjective truth we hold on to, watch this TED-talk. It will tell us that we, human beings are not so special at all, as we like to imagine.
  http://www.ted.com/talks/david_eagleman_can_we_create_new_senses_for_humans?utm_source=newsletter_weekly_2015-03-20&utm_campaign=newsletter_weekly&utm_medium=email&utm_content=top_right_image

  ReplyDelete
 5. Where is Truth? COMMENT BY JAMES KOTTOOR

  What is truth and where is it to be found? I am reacting to what my friends Zachji and Joseph Mathewji wrote and do not pretend to know any better, least of all to be infallible. I believe Truth exists. It is to be found trough a treasure hunt. For me none has found it so far, although all claim to know there are two types of truths -- objective and subjective. The first is sought after by science and the second more often proclaimed as found, not sought after, by the preachers of Faith, that is, multitude of religions, prominent among them being the Catholic Church. I too have been a blind believer of these religious pundits, but not any more, now that I am past 80 and literally tired in my search.
  I have now come to the conclusion – which is changeable of course in case of getting better light – is that what the religious pundits proclaim as truth immutable are just their wild day dreams with no basis in reality. These religious pundits are proclaiming that they know nothing about, in Pinarayi’s language(Oru chukkum aryilla). So science continues its search for the whole truth still to be discovered, while religions and theologians multiply dream worlds of heavenly paradise of God’s galore to fool people and make them forget the miseries of this world.
  I for one have come to the following conclusion: “The only thing I know for certain is that I do not know and that applies to things in this world and in the next.” But I am still in search of truth and I hope to find it. But when? Being at the fag end of my life I will soon be crossing the portals of death. Then I will really start my experiment with truth like the doubting Thomas wanting to touch and see. If there is anything beyond death, to touch and see and I shall surely try to return, just to tell you if there is anything beyond death. There is an awful lot more to discuss and write about . But this is not a place to write a book to expose the depth of my ignorance. So pardon me for stopping here. James kottoor.

  ReplyDelete
 6. നാം ഓരോരുത്തരും ഉണരുന്നു...പുതിയൊരു ശരീരവുമായി ജീവിതത്തിലേക്ക് ! (ജനനം),അതിനുസമാനമായി നിത്യേന ഉറക്കത്തില്‍നിന്നും ഉണരുന്ന നാം വിശ്വത്തെ കാണുന്നു,അനുഭവവേദ്യമാക്കുന്നു ! നാം ഉണര്‍ന്നില്ലായിരുന്നുവെങ്കില്‍ ഈ അനുഭവവും വിശ്വവും നമുക്ക് സത്യമായിരിക്കുകയില്ല ! ഉണര്ന്നതാണല്ലോ എല്ലാ അനുഭവങ്ങള്‍ക്കും കാരണം ! നമ്മെ ഉണര്ത്തിയ ബോധമാണതിനു തൊട്ടു പുറകിലുള്ള കാരണം ,ആബോധത്തിനു നിദാനമായ നിത്യസത്യചൈതന്യമാണിവയ്ക്കെല്ലാം മൂലകാരണം എന്നും അറിയണം ! "ആത്മാവ്" എന്ന് നാം നിത്യേന പറയാറുള്ളതുതന്നെയാണീ വിശ്വമാകെ നിറഞ്ഞ ഏകമായ ശക്തിപ്രഭാവം,ചൈതന്യഭാവം ! നാം ഉണര്‍ന്നപ്പോള്‍ നമുക്കു സത്യമായിതോന്നിയ അനുഭവത്തെ ,വിശ്വത്തെ സത്യമാക്കിയ നമ്മിലെ നിത്യമായ ബോധചൈതന്യമാണ് ഈ എല്ലാസത്യങ്ങള്‍ക്കും മൂലകാരണമായ "സത്യമായ സത്യം" ! ഇതിനെ "സത്യസ്യസത്യം" എന്ന് വിവരമുള്ളവര്‍ വിളിക്കുന്നു ! വിവരമുള്ളവരിലെ 'വിവരം' ,അതാണു ജ്ഞാനം ; അതാണ്‌ ബ്രഹ്മം ! "പ്രജ്ഞാനംബ്രഹ്മം" എന്ന ഉപനിഷത്ത് വാക്യത്തെ നമുക്കും ഇനീ മാനിക്കാം ... ഇത്രയും വിവരിച്ച ആ സത്യസ്യസത്യത്തെ ഓരോരുത്തരിലും സ്വയം ഉള്ളില്‍ത്തന്നെ കണ്ടെത്താനുള്ള ഭാരതീയ tecnology യാണ് ക്രിസ്തു "അറയില്‍ കയറി വാതിലടച്ചു രഹസ്യത്തില്‍ ഉള്ള പിതാവിനോട് (ദൈവത്തോട് )പ്രാര്‍ത്ഥന " എന്ന് പാവം മത്തായിയുടെ ആറിന്‍റെ പുളിനങ്ങളില്‍ മനോഹരമായി വിവരിച്ചതും ! ഈ സത്യത്തെ തലമുറകള്‍ക്ക് മറച്ചുവച്ചു അവരെ ചൂഷണം ചെയ്യാന്‍ അടിമകളാക്കിയ, വെറും ആടുകളാക്കിയ (ക്രിസ്തു എന്നും ഉള്ളിന്റെയുള്ളില്‍ വെറുത്തിരുന്ന) പൌരോഹിത്യമേ നിനക്ക് ഹാ കഷ്ടം !! ഈ പരമസത്യം മനസിലാക്കി നമുക്ക് ഇവരില്‍ നിന്നും സ്വതന്ത്രരാകാം ....ആ അവസ്ഥയാണ് സ്വര്‍ഗം ! സത്യത്തെ അറിയുവാന്‍ ഏവര്‍ക്കും ഭാഗ്യമുണ്ടാകട്ടെ /പരിശ്രമംമാത്രമാണതിന് ഏക വഴി !

  ReplyDelete
 7. INASHU THALAK FROM pARIS, FRANCE WRITES:

  "എന്നാലും വാക്കുകളില്ലാതെ ഞാന്‍ ചോദിച്ചുകൊണ്ടിരിക്കുന്നു : എന്നെ സര്‍വതന്ത്രസ്വതന്ത്രനാക്കുന്ന നിത്യസത്യമേ നീയെവിടെയാണ്?" ഗംഭീരം! സത്യാന്വേഷണ പരീക്ഷണങ്ങള്‍ തുടരുക.
  ലക്ഷ്യമല്ല, മാര്‍ഗം തന്നെയാണ് പ്രസക്തവും പ്രധാനവും പ്രഥമവും പരിപൂജ്യവും!----ഇനാശു

  ReplyDelete
 8. മേല്ക്കാണുന്നതെല്ലാം വായിച്ചുകഴിഞ്ഞാണ് ബോബി ജോസച്ചന്റെ ഒരു കുറിപ്പ് എന്റെ കണ്ണിൽ പെടുന്നത്. "സത്യത്താൽ സ്വതന്ത്രരാക്കപ്പെട്ട ചില മനുഷ്യർ അനുവർത്തിക്കുന്ന പ്രകാശം നിറഞ്ഞ ജീവിതക്രമത്തിന്റെ പേരാണ് ആദ്ധ്യാത്മികത. ... എന്നാൽ മതാത്മക ജീവിതം അതിൽത്തന്നെ ആദ്ധ്യാത്മിക ജീവിതം ആകണമെന്നില്ല എന്ന് ജിദ്ദു കൃഷ്ണമൂർത്തി പറഞ്ഞത് എന്നെ പരിഭ്രമിപ്പിച്ചിട്ടുണ്ട്." മതാത്മക ജീവിതത്തെ ഗൌരവമായി എടുക്കുന്നവരും എന്തുമാത്രം കാടുകയറാമെന്ന വസ്തുതക്ക് മൂന്നുദാഹരണങ്ങൾ അദ്ദേഹം നിരത്തുന്നു. ഗോൾവാർക്കർ - കഠിനമായ വർഗീയ തീവ്രവാദത്തിന്റെ വിഷവിത്തുകൾ വിതച്ചു. ഔറംഗസീബ് - സ്വന്തം ബാപയെ മരണത്തോളം തടങ്കലിലിട്ടു. ജോര്ജ് ബുഷ്‌ - വർത്തമാനകാലത്തെ ഏറ്റവും പൈശാചികമായ സൈനിക നീക്കങ്ങൾക്ക്‌ വഴിയൊരുക്കി. ഇക്കൂട്ടത്തിൽ നമ്മുടെ കാലത്തെ, ബിഷപ്‌ പവ്വത്തിലിനെപ്പോലുള്ള, പല തീവ്ര മതനേതാക്കളെയും ഉൾപ്പെടുത്താവുന്നതാണ്‌.
  സത്യത്തിന്റെ സ്വാതന്ത്യവും പ്രകാശവും തടയുന്ന തരത്തിലുള്ള മതസംവിധാനങ്ങൾ നമ്മുടെ ചുറ്റുവട്ടത്ത് ഭയാനകമായി വ്യാപിച്ചുകൊണ്ടിരിക്കുകയാണ്. ബൈബിൾ വീടിനുള്ളിൽ കത്തിച്ചുവച്ചിരിക്കുന്ന ഒരു ചിമ്മിനിവിളക്കുപോലെയാണ്. അതിന്റെ പ്രകാശത്തിൽ മാത്രം ഒരു നീണ്ട ജീവിതത്തെ ക്രമീകരിച്ചുകൊള്ളണം എന്ന അന്ധമായ വാശിയോടെയാണ് ഇന്ന് പള്ളീലച്ചന്മാരും വചനപ്രഘോഷകരും വിശ്വാസികളെ നയിക്കുന്നത്. പുറത്തുനിന്നു ലഭ്യമാകാവുന്ന മറ്റെല്ലാ വെളിച്ചത്തെയും മതാത്മകതയുടെ പേരിൽ തടഞ്ഞുവയ്ക്കുന്ന രീതിയാണ് ക്രിസ്തീയ, മുസ്ലീം സമൂഹങ്ങളെ ഒരിക്കലും അവസാനിക്കാത്ത ബൗദ്ധികവും ആദ്ധ്യാത്മികവുമായ അന്ധകാരത്തിന് അടിമകളാക്കി വച്ചുകൊണ്ടിരിക്കുന്നത്.

  ReplyDelete
 9. This comment has been removed by the author.

  ReplyDelete
 10. എന്നെയും കുറച്ചേറെ ദിവസങ്ങളായി അലട്ടിക്കൊണ്ടിരിക്കുന്ന ഒരു കാര്യമാണ്, ഈ മഹാപ്രപഞ്ചവും അതിൽ ജീവനും ജീവന്റെ നിലനില്പ്പിനുമായി ക്രമീകരിക്കപ്പെട്ടതൊക്കെയും, കേവലം യാദൃശ്ചികത മാത്രമാണെന്ന യുക്തിവാദപരമായ ദാർഷ്ട്യം. കുറെ ചോദ്യങ്ങൾ എന്നോട് തന്നെ ചോദിച്ചു. അവസാനം എനിക്കു തോന്നി, 'യാദൃശ്ചികതക്കും ഒരു പരിധിയില്ലേ'?

  'യാദൃശ്ചികത' എന്ന വാക്കിന്റെ അർത്ഥം പോലും, മറ്റൊരിക്കൽ കൂടി സംഭവിക്കാൻ സാധ്യതയില്ലാത്തതെന്നോ അല്ലെങ്കിൽ സ്ഥിരമായൊരു നിയമം ബാധകമല്ലാത്ത എന്തോ ഒന്ന് എന്നല്ലേ? അങ്ങനെയെങ്കിൽ 'പ്രതിഭാസങ്ങളും' യാദൃശ്ചികതയുടെ ഉത്പന്നം തന്നെ. ശാസ്ത്രത്തെ സംബന്ധിച്ച്, പ്രതിഭാസങ്ങളെ നിയന്ത്രിക്കുന്ന സ്ഥിരതയുള്ള നിയമങ്ങൾ കണ്ടെത്തുക എന്നതാണ് അതിന്റെ രീതിയും സത്യവും. അപ്പോൾ ഒരു ചോദ്യം: " കേവലം യാദൃശ്ചികതയുടെ ഉത്പന്നമായ പ്രതിഭാസങ്ങൾ എങ്ങനെയാണ് സ്ഥിരാങ്കങ്ങളാൽ ക്രമീകരിക്കപ്പെട്ട് നിലനിക്കുന്നത്? കൂടാതെ, അവ ജീവൻ നിലനിൽക്കാൻ സഹായിക്കത്തക്കവണ്ണം തുടരുകയുമാണ്! സ്ഥിരതയില്ലാത്ത ചിലത് സ്ഥിരതയുള്ള മറ്റൊന്നിനു രൂപം കൊടുക്കുന്നു എന്നു പറയുന്നത് യുക്തിഭദ്രമാണോ? ഇവിടെ, ശാസ്ത്രത്തെ അകമഴിഞ്ഞവലംബിക്കുന്ന, അർത്ഥമില്ലായ്മയുടെ സ്വാതന്ത്ര്യം അതിൽത്തന്നെ പാളുകയല്ലേ?.

  പരിണാമം അന്ധമായൊരു പ്രക്രിയയാണ് എന്നു വാദിക്കുന്നവർ മറന്നു പോകുന്ന ഒരു കാര്യമുണ്ട്; ' ഉപയോഗക്ഷമമല്ലാത്തതൊന്നും പരിണമിച്ചിട്ടില്ല. utility ഉള്ള ഏതൊന്നിനും പിറകിൽ ഒരു intelligent design ഉണ്ട്. ഇല്ലെങ്കിൽ ഒരുദാഹരണത്തിന് നമ്മുടെ മൊബൈൽ ഫോണ്‍ പരിണമിച്ചത്‌ ഇങ്ങനെയാണ് എന്ന് യുക്തിവാദികൾ സമ്മതിക്കുമോ?

  ഫോണിന്റെ അടിസ്ഥാന നിർമ്മാണ ഘടകങ്ങൾ ഗ്ലാസും പ്ലാസ്റ്റിക്കും മെറ്റലും ആണ്. മണലിന്റെ സംസ്കൃതരൂപമാണ്‌ ഗ്ലാസ്‌. അതുപോലെ ഓയിലിൽ നിന്ന് പ്ലാസ്റ്റിക്ക് ഉത്പാദിപ്പിക്കുന്നു. മെറ്റൽ ഖനനം ചെയ്തുമെടുക്കുന്നു.

  ഇനി സങ്കൽപ്പിക്കുക:

  കാലം, 1814. പ്രസിദ്ധനായ ബയോളജിസ്റ്റ് ശ്രീ. ഡിങ്കൻ ശാസ്ത്രികൾ ഒരു മരുഭൂമിയിലൂടെ നടക്കുകയാണ്. അതിന്റെ ഭൂമിശാസ്ത്രവും ജീവികളുടെ അനുകൂലനവും പഠിക്കുകയാണ് ലക്‌ഷ്യം. അസഹ്യമായ വെയിലും, മണൽക്കാറ്റുമൊക്കെ അതിജീവിച്ച് കുറച്ചു നേരത്തെ നിരീക്ഷണങ്ങൾക്കു ശേഷം വിദഗ്ദ്ധനായ അദ്ദേഹം മനസ്സിലാക്കി, നോക്കെത്താ ദൂരത്ത്‌ മണൽ കൂനകളുള്ള ഈ മരുഭൂമിക്ക് ചില പ്രത്യേകതകൾ ഉണ്ടെന്ന്. ഇഴജന്തുക്കളുടെ സഞ്ചാരപരിധികളും ഗന്ധവും അദ്ദേഹത്തിന് ചില ഇൻഫർമേഷൻ നല്കി. ധാരാളം എണ്ണപ്പാടങ്ങളാലും മൂലകങ്ങളാലും സമ്പുഷ്ടമാണ് ആ മരുഭൂമിയെന്ന് അദ്ദേഹം മനസ്സിലാക്കി. ഈ വിവരങ്ങളൊക്കെ തന്റെ പുസ്തകത്തിൽ എഴുതിക്കൊണ്ടിരിക്കുമ്പോൾ പെട്ടന്ന്, ബെല്ലടിക്കുന്ന പോലൊരു ശബ്ദം കേട്ടു. തിരിഞ്ഞു നോക്കിയപ്പോൾ അതാ, കുറച്ചകലെ ഒരു 'വെളുത്ത സാധനം' കിടക്കുന്നു. ഓടിചെന്ന് അത് കയ്യിൽ എടുത്തു. അമ്പോ, അതിൽ തന്റെ ഭാര്യയുടെ പേരു തെളിഞ്ഞു നിൽക്കുന്നു! പ്രിയപ്പെട്ട ഭാര്യയുടെ പേരുള്ളതും, 'നോക്കിയാൽ' കാണുന്നതുമായ ആ സാധനത്തെ സ്നേഹത്തോടെ അദ്ദേഹം 'നോക്കിയ' എന്നു വിളിച്ചു. എന്നിട്ട്, അത്യാവശ്യം രസതന്ത്രവും ഊർജ്ജതന്ത്രവും അറിയാമായിരുന്ന പരിണാമത്തിന്റെ വക്താവ് ഇങ്ങനെ ചിന്തിച്ചു: "മരുഭൂമിയിലെ കടുത്ത വെയിലിൽ എണ്ണപ്പാടം തിളച്ചു മറിയുകയായിരുന്നിരിക്കണം. അത് ഉപരിതലത്തിലേക്ക് വന്ന് മണലും മൂലകങ്ങളുമായി കൂടിക്കുഴഞ്ഞിട്ടുണ്ടാകണം. പിന്നീട്, ലക്ഷോപലക്ഷം വർഷങ്ങൾ ആഞ്ഞടിച്ച കൊടുങ്കാറ്റിലും, കത്തിജ്വലിച്ച മിന്നൽപിണരിലും ഇടിമുഴക്കത്തിലും പെട്ട് എണ്ണ പ്ലാസ്റ്റിക്കായും, മണൽ ഗ്ലാസ് ആയും മാറി. മെറ്റൽ തനിയെ ഖനനം ചെയ്യപ്പെട്ട് പുറത്തു വന്നു. ഇവയെല്ലാം കൂടിചേർന്ന് വളരെ 'യാദൃശ്ചികമായി' 'മൊബൈൽ പ്ലാസം' എന്നൊരു വസ്തുവായി രൂപാന്തരം പ്രാപിച്ചു. വീണ്ടും, അനേക വർഷങ്ങളിലൂടെ പരിണമിച്ച് പരിണമിച്ച് അവസാനം ഇതാ ഈ നോക്കിയ എന്ന മൊബൈൽ ഫോണിന്റെ രൂപത്തിൽ ആയിരിക്കുന്നു. അതെ, ഇതുതന്നെയാണ് മൊബൈൽ ഫോണിന്റെ പരിണാമശാസ്ത്രം"!

  അങ്ങനെ, ഡിങ്കൻ ശാസ്ത്രികളുടെ മൊബൈൽ പരിണാമസിദ്ധാന്തപ്രകാരം, 'നോക്കിയ' ആണ് ഭൂമുഖത്ത് ഏറ്റവുമാദ്യം പരിണമിച്ചു പ്രത്യക്ഷപ്പെട്ട ബ്ലൂടൂത്ത് ഇല്ലാത്ത 'ഏകകോശ' മൊബൈൽ വർഗ്ഗം!

  ReplyDelete
 11. "ഞാന്‍" ഉണര്ന്നത് എന്നാണാവോ? 1947 മാര്‍ച്ച്‌ ഒന്നാംതീയതി പുലര്കാലവേളയിലോ ? അതോ ഞാന്‍ അമ്മയുടെ ഉദരത്തില്‍ ഉരുവാക്കപ്പെടുന്നതിനു നിദാനമായ 'പ്രസവം' എന്റെ പിതാവിന്‍റെ ജടാരാഗ്നിയില്‍ നിന്നും ഉണര്‍ന്നൊഴുകിയ ധന്യയാമാത്തിലോ? എങ്കില്‍ അതിനും എത്രയോ മുന്‍പേ ഞാന്‍ എന്റെ പിതാവിന്‍റെ നിണത്തില്‍ അലിഞ്ഞാരുമാറിയാതെ വാണിരുന്നു? അങ്ങിനെ പിറകോട്ടു പിറകോട്ട് എന്‍റെ 'ഒറിജിന്‍' തേടി ഞാന്‍ അലഞ്ഞപ്പോള്‍ ;"അബ്രഹാമിന് മുന്‍പേ ഞാന്‍ ഉണ്ടായിരുന്നു" എന്ന യഹൂദന്മാരെ വെകിളിപിടിപ്പിച്ച ക്രിസ്തുവിന്‍റെ പ്രസ്ഥാവനയില്‍ എന്റെ മനസെത്തിച്ചേരുന്നു! ഞാനും അബ്രഹാമ്മിനു മുന്‍പേ ഉണ്ടായിരുന്നു ,അതാണ്‌ സത്യം ! എങ്കില്‍ ഞാന്‍ എന്നാണാദ്യം ഉണ്ടായതെന്ന ചോദ്യത്തിനുത്തരം, ഞാന്‍ ഈ പ്രപഞ്ചത്തോളം അനാദിയായി ഒരു നിത്യസത്യചൈതന്യമായി /അതിന്റെ സ്പുരണമായി, ഇവിടെ എന്നും ഉണ്ടായിരുന്നു, എന്നുതന്നെയാണത്തിനുത്തരം ! എന്റെ നേരെ മൂത്ത സഹോദരിയെ അഞ്ചാമത്തെ പുത്രിയായി പ്രസവിച്ചതിനുശേഷം എട്ടുകൊല്ലക്കാലം വയസാമ്കലത്തീ മകനെ വേണമെന്നെന്റെ മാതാപിതാക്കള്‍ സ്വപ്നേന പോലും ആശിച്ഛതല്ല/അതിനായി ഒരുപുണ്യകര്‍മ്മവും അവര്‍ ഒട്ടു ചെയ്തു കാണുകയുമില്ല ! എങ്കിലും ഞാന്‍ ജനിച്ചു ! ആരുടേയും പ്രേരണയില്ലാതെ, ഞാന്‍പോലും ആരോടും ആവശ്യപ്പെടാതെതന്നെ ഞാന്‍ ജനിച്ചു ! എങ്കില്‍ ഒരു മനസും ബുദ്ധിയും മോഹവും എന്റെ ജനനത്തിനു പുറകിലില്ലേ, എന്റെ ജനനത്തിനു കാരണമായി ? ഉണ്ട് ,അതാണ്‌ സത്യം ! ആ "സത്യസ്യസത്യമാണ്" ദൈവം,! അവന്‍ തന്നെയാണിന്നും ഞാനറിയാതെതന്നെ എന്നിലെ ശ്വസന / ദഹന പ്രക്രിയകള്‍ ചെയ്തെന്നില്‍ 'ബോധമായി' നിത്യം മരുവുന്നതെന്ന പരമസത്യത്തില്‍ എന്റെ ബുദ്ധി ഉറയ്ക്കുമ്പോള്‍ ഞാന്‍ സ്വര്‍ഗസ്ഥനായി ! എന്നെ ഇന്നാ ദൈവത്തിന്‍റെ പേരില്‍ ആടാക്കി അടിമയാക്കുന്ന കത്ത്നാര്‍ക്കുംപള്ളിക്കും എന്റെ ജീവനവുമായി ഒരു കര്മ്മബന്ധവും ഇല്ലേയില്ല ! എന്നീ ചൂഷകരെ ഞാന്‍ എനിക്കില്ലാതെയാക്കുന്നുവോ അന്ന് ഞാന്‍ ധന്യനായി ,പുണ്യവാനുമായി !

  ReplyDelete