Translate

Friday, June 12, 2015

പ്രാദേശിക വാര്‍ത്ത


ജയിംസ് ഐസക് കുടമാളൂര്‍

വൈദികരെ വിമര്‍ശിക്കാന്‍ ആരും ധൈര്യപ്പെടാതിരുന്ന ഒരു കാലം ഉണ്ടായിരുന്നു. തന്മൂലം, അനീതിക്കെതിരെ ആരും ശബ്ദിക്കാതെ സഭാസമൂഹം അടിമത്തവാഴ്ചയില്‍ കഴിഞ്ഞിരുന്നു. ഇതില്‍നിന്നു വലിയ മോചനമൊന്നും ഇപ്പോഴും സംഭവിച്ചിട്ടില്ല. എങ്കിലും, ഫ്രാന്‍സീസ് മാര്‍പ്പാപ്പായുടെ ധീരമായ നടപടികളാല്‍ വലിയ മാറ്റങ്ങള്‍ റോമില്‍ ഉണ്ടാകുന്നതായിയുള്ള വാര്‍ത്തകള്‍ ഇന്നു ലോകശ്രദ്ധയാകര്‍ഷിച്ചുകഴിഞ്ഞു. അതൊക്കെ വായിക്കുന്ന കേരളസഭാംഗങ്ങള്‍ ഇവിടെയും മാറ്റങ്ങള്‍ക്കായി ആഗ്രഹിക്കുന്നു. കൊല്ലം രൂപതയില്‍ നടക്കുന്ന ജനകീയ പ്രക്ഷോഭണത്തെക്കുറിച്ചു 'സത്യജ്വാല'യില്‍ വായിച്ചപ്പോള്‍, മറ്റു രൂപതകളിലും ഇടവകകളിലും മാറ്റങ്ങള്‍ക്കായി വിശ്വാസിസമൂഹം ഉണര്‍ന്നിരുന്നെങ്കില്‍ എന്ന് ആഗ്രഹിച്ചുപോകുന്നു. ചില നല്ല സംഭവങ്ങള്‍ അടുത്ത നാളുകളില്‍ ഉണ്ടാകുകയും ചെയ്തു. ഒരു സംഭവം റിപ്പോര്‍ട്ട് ചെയ്യുന്നു.
ഏഴുവര്‍ഷം ചങ്ങനാശ്ശേരി രൂപതയിലെ കുടമാളൂരില്‍ വളരെ ശക്തനായ ഒരു വികാരിയുടെ ഭരണമായിരുന്നു. മുമ്പെങ്ങും കാണാതിരുന്ന വികസനപ്രവര്‍ത്തനങ്ങള്‍ കണ്ട് ഇടവകജനം അത്ഭുതപ്പെട്ടു. മനോഹരമായ കുരിശിന്റെ വഴി, ഉത്ഥാന ഗ്രോട്ടോ, പിയാത്താ, ദേവാലയമുറ്റത്തു മാലാഖമാര്‍! കൂടാതെ, പള്ളിക്കു മൂന്നു വശത്തും രക്ഷാകരരഹസ്യങ്ങളുടെ കാഴ്ചകളും, മുഗള്‍ രാജധാനിയെ അനുസ്മരിപ്പിക്കുംവിധം അലങ്കാരമതിലുകളും നിര്‍മ്മിച്ചു കഴിഞ്ഞപ്പോള്‍ വികാരി കുറെ അധികംപേരുടെ ആരാധ്യപുരുഷനായി മാറി. പണ്ടാരോ നിര്‍മ്മിച്ചു ദാനം നല്‍കിയ കൊടിമരവും പൊളിച്ചു പണിതു. ഇതൊന്നും കൂടാതെ ഏതാനും കോടികള്‍ കടമെടുത്ത് ഒരു ഇംഗ്ലീഷ് മീഡിയം സ്‌കൂളും സ്ഥാപിച്ചു.
ഇത്രയേറെ വന്‍കാര്യങ്ങള്‍ ഇടവകയില്‍ പൂര്‍ത്തിയാക്കിയ വികാരിക്കു പക്ഷേ, ഇടവകജനത്തെ പരസ്പരം സ്‌നേഹത്തിലും വിശ്വാസത്തിലും ഒന്നിച്ചുനിര്‍ത്താന്‍ കഴിഞ്ഞില്ല. അവര്‍ ഗ്രൂപ്പുകളായി തിരിഞ്ഞു പരസ്പരം ചീത്ത വിളിച്ചും  കുറ്റാരോപണങ്ങള്‍ നടത്തിയും ഇടവകാന്തരീക്ഷം നരകസമാനമാക്കിത്തീര്‍ന്നു. ഇതിനിടയില്‍  ഏതാനുംപേര്‍ രൂപതാകേന്ദ്രത്തില്‍ എത്തി വിവരങ്ങള്‍ ധരിപ്പിച്ചു. ദുര്‍ഭരണം നടന്ന പല മേഖലകളും അവര്‍ തുറന്നു കാണിച്ചു.
രൂപതാദ്ധ്യക്ഷന്‍ നിയോഗിച്ച എന്‍ക്വയറി കമ്മീഷന്‍ കാര്യങ്ങള്‍ പഠിച്ചു. നിലവിലുള്ള പാരിഷ് കൗണ്‍സില്‍ മൊത്തം പിരിച്ചുവിട്ടുകൊണ്ടുള്ള കല്‍പന വികാരിതന്നെ കുര്‍ബാനമദ്ധ്യേ വായിച്ചു. തുടര്‍ന്നു നടന്ന പൊതുയോഗത്തില്‍ രൂപതയ്‌ക്കെതിരായ അടിയന്തിരപ്രമേയം വികാരിയുടെ നിര്‍ദ്ദേശത്താല്‍ അവതരിപ്പിച്ചുവെങ്കിലും, ഇടവകജനം തള്ളിക്കളഞ്ഞു. അടുത്ത മാസം ഉണ്ടായ പൊതുസ്ഥലം മാറ്റത്തോടുകൂടി ഇടവക ശാന്തമാകുകയും ചെയ്തു.
രൂപതാദ്ധ്യക്ഷന്മാര്‍ യാഥാര്‍ത്ഥ്യബോധമുള്ളവരാകുകയും നീതി നടത്തുവാന്‍ തന്റേടം കാണിക്കുകയും ചെയ്താല്‍ ഇടവകകളില്‍ സമാധാനം നിലനിര്‍ത്താന്‍ സാധിക്കുമെന്നു കുടമാളൂര്‍ സംഭവം തെളിയിക്കുന്നു.

1 comment:

  1. "പുരോഹിതന്‍റെ സ്ഥലം മാറ്റത്തോടെ ഇടവകയില്‍ സമാധാനം തിരികെവന്നു" എന്ന മുകളിലെ വാചകം വായിക്കുമ്പോള്‍ പുരോഹിതനാണ് ഓരോ ഇടവകയിലും സമാധാനം ഇല്ലാതെയാക്കുന്നത് എന്നധ്വനി ഉണ്ടാകുന്നു ! ഇതൊരു സത്യമാണ് 99%ഇടവകകളിലും എന്നിരിക്കെ, ഈ വികാരജീവിയില്ലാതെ നമുക്കൊന്ന് ജീവിച്ചുകൂടെ ഈ ഭൂമിയില്‍ മനുഷ്യരായി മറ്റുള്ളവരെപ്[പോലെ എന്ന് നാം ചിന്തിക്കേണ്ടിയിരിക്കുന്നു ! ഇവിടെയാണ്‌ അചായെന്‍ 'വി.മത്തായി ആറും ഇരുപത്തിമൂന്നും' (അപ്പന്മാര്‍ വായിച്ചില്ലെങ്കിലും ) പത്തുതവണ വായിക്കേണ്ടത്! മനസിലായില്ലെങ്കില്‍ പാവം കര്‍ത്താവിന്റെ മനസറിയാന്‍ 'ആത്മജ്ഞാനം' നേടാന്‍ ഒരു 'ഭഗവത്ഗീത' കരസ്ഥമാക്കൂ ...കര്‍ത്താവിന്റെ മുന്തിരിത്തോട്ടത്തിനുപകരം നാടാകെ റബ്ബര്‍തോട്ടങ്ങള്‍ വാങ്ങികൂട്ടുന്ന മേത്രാനോടു കര്‍ത്താവിനും മനം മടുത്തു! , അതിനായി ഓരോ വീട്ടിലും ളോഹധാരികള്‍ ഗുണ്ടാപ്പിരിവ് നടത്തുന്നതു കണ്ടു മനം മടിച്ച ഞാനും മതം വെറുക്കുന്നു ! കര്‍ത്താവിനുപകരം ഇവന്മാര് കര്‍ത്താവ് കളിക്കുന്നത് എത്രനാള്‍ സഹിക്കും ചിന്തിക്കുന്ന വരുംതലമുറ? "മുറുക്കി കൊട്ടുന്നത് നിര്‍ത്താനാണ്" എന്ന മലയാളം ചെല്ലേ, നിനക്ക് സ്തുതി !

    ReplyDelete