Translate

Monday, June 15, 2015

ഇവരോട് പൊറുക്കണേ!

അബുദാബി പള്ളിയിൽ സ്ഥിരം കുറ്റിയടിച്ചു കഴിയുന്ന ഒരു ഇടുക്കി സ്വദേശിയുണ്ടായിരുന്നു. 'കിഴക്കുനിന്നുള്ള ജ്ഞാനി' എന്നാണ് അദ്ദേഹം അറിയപ്പെട്ടിരുന്നത്. (ഒരക്ഷരം കൂടി അദ്ദേഹത്തെപ്പറ്റി പറഞ്ഞാൽ ആളിനെ എല്ലാവർക്കും മനസ്സിലാകും. അതു വേണ്ട!). യു എ ഇ മുഴുവൻ അങ്ങേരെ കർത്താവ്  ഏൽപ്പിച്ചിരിക്കുകയാണെന്നു തോന്നുമായിരുന്നു അദ്ദേഹത്തിന്റെ പെരുമാറ്റം കണ്ടാൽ. ഞാൻ സഭക്കെതിരായി എഴുതുന്നു എന്നറിഞ്ഞ്, ഒത്തിരി വിഷമിച്ച്, എന്റെ അഡ്രസ്സ് കണ്ടുപിടിച്ചു വന്ന് (അതു പറഞ്ഞു കൊടുത്ത ജോൺസൺ വൈദ്യരോട് ഞാൻ നേരിട്ടു രണ്ട് പറയുകയും ചെയ്തിരുന്നു.) എന്നെ ഉപദേശിക്കാൻ ശ്രമിച്ച അയാളോട് ഞാൻ മറിച്ചൊന്നും പറഞ്ഞില്ല. സീറോ ഭ്രാന്ത് തലക്കു പിടിച്ചുകഴിയുന്ന ഇത്തരക്കാരോട് എന്തു പറഞ്ഞിട്ടും കാര്യവുമില്ലല്ലൊ. ഈ സംഭവം നടന്നിട്ട് കുറേ നാളായി; ഞാനയാളുടെ കാര്യം പാടെ മറന്നിരിക്കുകയായിരുന്നു. നാലു ദിവസം മുൻപ് ആ ജ്ഞാനിയുടെ ഒരു ഫോൺ വന്നു; എന്നെ നേരിട്ട് കാണണമെന്നു പറഞ്ഞു. തല്ലാനോ കൊല്ലാനോ ആണോന്നാണ് ഞാനാദ്യം സംശയിച്ചത്. പറഞ്ഞു വന്നപ്പോൾ മനസ്സിലായി, അദ്ദേഹവും സീറോ മലബാറിനോടു വിട പറയുന്നുവെന്ന്. 

അദ്ദേഹം പറഞ്ഞത്, നാട്ടിൽ അവരുടെ അടുത്തുള്ള ചെമ്മണ്ണാർ എന്ന സ്ഥലത്ത് ഒരു വല്യമ്മക്ക് അന്ത്യകൂദാശ കൊടുക്കാൻ അവിടുത്തെ വികാരി തയ്യാറായില്ലായെന്നാണ്. വല്യമ്മയുടെ ശവം പള്ളിയിൽ അടക്കാനും അച്ചൻ സമ്മതിച്ചില്ലത്രെ; അവസാനം ഇടവകക്കാർ സ്വരം മാറ്റിയപ്പോഴാണ് വികാരി, അതിനു തയ്യാറായതെന്നും അദ്ദേഹം പറഞ്ഞു. ഈ വല്യമ്മ 20 മണിക്കൂർ പള്ളിയിലും നാലു മണിക്കൂർ വീട്ടിലും എന്ന പോലെ ജീവിച്ച ഒരു സാത്വികയായിരുന്നെന്നും അവരുടെ മകൻ സമാധാനമായി കുർബാന കാണാൻ അൽപ്പം അകലെയുള്ള ലത്തീൻ പള്ളിയിൽ പോകുമായിരുന്നു എന്നതാണ് വികാരിയെ ചൊടിപ്പിച്ചതെന്നും അദ്ദേഹം പറഞ്ഞു. ഇവരെ നമ്പി നിന്നാലും ഫലം ഇതാണെങ്കിൽ ഞാനിനിയില്ല എന്നാണു ജ്ഞാനി എന്നെ ബോധിപ്പിക്കാൻ ശ്രമിച്ചത്. (ഈ സംഭവം സത്യമാണോന്ന് എനിക്കറിയില്ല, ഇയ്യാൾ ഈ വല്യമ്മയുടെ ആരായി വരും എന്നും ഞാൻ ചോദിച്ചില്ല.  ഈ കഥയുടെ മോറൽ എന്നു പറയുന്നത്, ലത്തീൻ പള്ളിയിൽ പോയാൽ മന:സമാധാനത്തോടെ ഇരുന്നു കുർബ്ബാന കാണാം എന്നതായിരിക്കണം. ഞാനും ഇക്കാര്യത്തിൽ ഭാഗ്യമുള്ളവനാണ്; അബുദാബിയിലെ സെ. പോൾസ് ലത്തീൻ പള്ളി വന്നു കഴിഞ്ഞല്ലൊ).  

ഈ ചെമ്മണ്ണാർ പള്ളി ഇടുക്കി രൂപതയിൽ ആണോ ആവോ? ആണെങ്കിൽ പറഞ്ഞിട്ടു കാര്യമില്ല. അവിടുത്തെ മെത്രാനെപ്പറ്റി ഞാനൊരക്ഷരം പോലും എഴുതാൻ യോഗ്യനല്ല. കത്തോലിക്കാ സഭയെ നശിപ്പിക്കാൻ കച്ചകെട്ടി ഇറങ്ങിയിരിക്കുന്ന പി. റ്റി. തോമസ്സിനേപ്പറ്റിയേ ഇനി എഴുതിയാലും എഴുതുന്നുള്ളൂ. അല്ല, നോക്കണേ അറക്കൽ മെത്രാന്റെ ഒരു ഗതി! എവിടെ ചെന്നു പിടിച്ചാലും പാര. കാഞ്ഞിരപ്പള്ളി രൂപതയിലൂടെ തേനും പാലും ഒഴുക്കാൻ പ്ലാനിട്ടു തുടങ്ങിയ നിരവധി പദ്ധതികൾ: ഇൻഫാം തുടങ്ങി, ആദ്യം കൂടിയവർ  പലരും ജീവനുംകൊണ്ടു സ്ഥലംവിട്ടു, ഫാരീസിനെ കൂട്ടുപിടിച്ച് സംഭവിച്ചതെന്തെന്നു ഞാൻ പറയേണ്ടല്ലൊ. എഞ്ചിനീയറിങ്ങ് പിള്ളേരെ, അവരു നന്നാകട്ടെന്നോർത്തു ധ്യാനത്തിനു കൊണ്ടുപോയതിനും കിട്ടി; വിശ്വാസികളായ അനാഥാംഗങ്ങളുടെ വസ്ത്തുവകകൾ ഏറ്റെടുത്ത് അവരെ സംരക്ഷിക്കുന്ന ഒരു പരിപാടി തുടങ്ങി, അതിപ്പോ കേസിലായി. അവിടുത്തെ പാസ്റ്ററൽ കൗൺസിൽ പരിപാടിക്കു മോടി കൂട്ടാൻ കൂട്ടത്തിലുള്ള ഒരു ഇടയനെ കൊണ്ടുവന്നതും പാരയായി. ഇപ്പോൾ കൂട്ടത്തിലുള്ള ചിലർ പണിതുകൊണ്ടിരിക്കുന്ന പാര ശരിയായി വരുന്നതേയുള്ളൂ താനും. സഭ മൊത്തം നന്നാകുന്നുണ്ടെന്നു പറയാതിരിക്കാൻ വയ്യ.  

ഞാനീ 'കിഴക്കുനിന്നുള്ള ജ്ഞാനി' യോട് ചോദിച്ചു, ഇതിനു മുമ്പും ഇത്തരം സംഭവങ്ങൾ കേട്ടിട്ടുള്ളതല്ലേ, പിന്നെന്താ നേരത്തെ ഇങ്ങിനെ ചിന്തിക്കാതിരുന്നതെന്ന്. പതിയെ പതിയെ കാര്യങ്ങൾ ഒന്നൊന്നായി അങ്ങേര് പറഞ്ഞുതുടങ്ങി. അപ്പോഴാണ് പള്ളികളിൽ നടക്കുന്ന വാർഷിക ധ്യാനങ്ങളുടെ ശക്തി എനിക്കു മനസ്സിലായത്. ഭക്തി മൂത്ത്, ഈ ധ്യാനങ്ങളുടെ ഓഡിയോ റെക്കോർഡ് ചെയ്തു സൂക്ഷിക്കുന്നതു പോലും വല്യ പുണ്യപ്രവർത്തിയായി കരുതിയിരുന്ന അദ്ദേഹം, തന്റെ ശേഖരത്തിൽ നിന്നു വിലപ്പെട്ട ഒരു ധ്യാനത്തിന്റെ സി ഡി എനിക്കെത്തിച്ചു തന്നു. ആദ്യ ദിവസത്തെ പരിപാടിയുടെ സംഗ്രഹം ഞാൻ ശ്രദ്ധിച്ചിരുന്നു കേട്ടു.  വാസ്തവത്തിൽ ഞാൻ ഞെട്ടിപ്പോയി (ഈ ധ്യാനം നടത്തിയ ആളുടെയും, സ്ഥലത്തിന്റെയും പേരുകൾ പറയുന്നില്ല). സി ഡി കേട്ടാലെ, എത്ര സിസ്റ്റമാറ്റിക്കായാണ് വിശ്വാസികളെ ധ്യാനത്തിനു വരുത്തി ഈ ഗുരുക്കന്മാർ പറ്റിക്കുന്നതെന്നു മനസ്സിലാകൂ. 

സെഷൻ ഒന്ന്:  ദൈവശാസ്ത്രത്തിലും വിശ്വാസ ശാസ്ത്രത്തിലും അഗ്രഗണ്യനായ ധ്യാനപ്രഘോഷകനേയും കൂട്ടരേയും പരിചയപ്പെടുത്തിക്കൊണ്ട് വികാരി. തുടർന്നു മൈക്ക് പ്രധാന നടന്റെ കൈയ്യിലേക്കു പോകുന്നു. അല്ലേലൂജാ കസർത്ത് പത്തു മിനിറ്റ്.  പിന്നെ വിഷയത്തിലേക്ക് - ഈ സഭ (സീറോ എന്നോ കത്തോലിക്കാ എന്നോ പറയുന്നില്ല) വള്ളമാണ്. വള്ളത്തിൽ കയറിയാലേ അക്കര കടക്കാനാവൂ. ഉദാ: നോഹയുടെ പെട്ടകത്തിൽ ഉണ്ടായിരുന്നവർ മാത്രമേ രക്ഷപെട്ടുള്ളൂ  (ഇപ്പോൾ വിമാനങ്ങളും, അന്തർവാഹിനികളും, പാലങ്ങളുമൊക്കെ ഉപയോഗിച്ചും അക്കര കടക്കാമെന്ന് അച്ചൻ പറയുന്നില്ല. സഭക്കു പുറത്തും രക്ഷയുണ്ടെന്നു പറയുന്ന മാർപ്പാപ്പാ ഔട്ട്!) ഇടവേള - പത്തുമിനിറ്റ് കൂട്ട അല്ലേലൂജാ (ഇവിടെ എല്ലാവരും കൈയ്യും തലയുമാട്ടണം). 

സെഷൻ രണ്ട്: സഭയേ വിമർശിക്കുന്നവരും, അനുസരിക്കാത്തവരും ചെകുത്താന്റെ ആളുകൾ. ഇതു വളരെ വിദഗ്ദമായി അവതരിപ്പിക്കുന്നു. സഭയോടൊത്തു നിന്നാലേ വലിയവനാവൂ (അപ്പം കാറൽ മാർക്സോ?). ചിലർ ചെയ്യുന്ന കുസൃതികൾ കാരണം (ഇതിൽ ബിഷപ്പുമാർ/കർദ്ദിനാളന്മാർ ഇല്ല, വൈദികരും കന്യാസ്ത്രികളും മാത്രം) സഭയേ മുഴുവൻ കുറ്റപ്പെടുത്തരുത്. ചുരുക്കത്തിൽ, സഭ എന്തു പറഞ്ഞാലും ക്ഷമാപൂർവ്വം അനുസരിച്ചാലേ മോക്ഷം ലഭിക്കൂ. 'അസ്വീകാര്യമോ അന്യായമോ എന്നു തോന്നിക്കുന്നതായാലും ഒരു ബലിയായി കരുതി എല്ലാം അനുസരിക്കണം' (സി എം സി സഭയുടെ പുതുക്കിയ നിയമാവലിയോട് കടപ്പാട്. ഈ സഭ സ്ഥാപിച്ച  വി. ചാവറയച്ചൻ ക്ഷമിക്കുക! ഏതു പോക്രിത്തരം ആരു കാട്ടിയാലും മിണ്ടാതിരുന്നാൽ കിട്ടുന്ന സ്വർഗ്ഗവും സി എം സി കന്യാസ്ത്രികൾ തന്നെ എടുത്തോട്ടെ. വി. മരിയാ ഗൊരേത്തിയും ഈ കേസിൽ ഇടപെടരുത്).  ഇങ്ങിനെ ബലിയായി കരുതാതിരുന്ന സി. റ്റീനാ, സി. അഭയാ തുടങ്ങിയ കന്യകകൾക്ക് സംഭവിച്ചതും അതു മൂലം മഠങ്ങൾക്കുണ്ടായ ധനക്ഷയവും ഉദാഹരണമായി വേണമെങ്കിൽ അച്ചനു പറയാമായിരുന്നതേയുണ്ടായിരുന്നുള്ളൂ. ഇടവകയുടെ നാനാന്മുഖമായ വികസനത്തിനു സാക്ഷ്യം വഹിച്ചു സ്വയം ബലിയായി, കണക്കു പോലും അവതരിപ്പിക്കാതെ മുങ്ങിയ ഒരു കൊച്ചച്ചന്റെ കഥയെങ്കിലും ഇവിടെ പറയേണ്ടതായിരുന്നു. ഈ ധ്യാനം ഇന്നായിരുന്നെങ്കിൽ, സഭയോടോത്തു നിന്നു വലുതാവുകയും ജനങ്ങൾ ചെറുതാകുകയും ചെയ്ത കുടമാളൂർ പള്ളിയിലെ വികാരിയച്ചന്റെ കാര്യമെങ്കിലും ഉദാഹരണമായി അദ്ദേഹം പറഞ്ഞേനെ. 

സെഷൻ മൂന്ന്; സഭയെ അനുസരിക്കാത്തവർക്കും വൈദികരെ വിമർശിക്കുന്നവർക്കും മരണം നിശ്ചയം. (കുരിശിൽ കിടക്കുമ്പോൾ ഇവരോടു പൊറുക്കണേയെന്നു പ്രാർത്ഥിക്കുകയും, ഏഴ് എഴുപതു പ്രാവശ്യം ക്ഷമിക്കണമെന്നു പഠിപ്പിക്കുകയും, സ്വർഗ്ഗസ്തനായ പിതാവ് നിങ്ങളോട് ക്ഷമിക്കുന്നപോലെയെന്നു സൂചിപ്പിക്കുകയും ചെയ്ത കർത്താവു നേരിട്ടു വന്നീ ഗുരുവിനോട് ക്ഷമിക്കണം. ഇവരെ കുറ്റപ്പെടുത്തുന്നവർ നശിച്ചു കണ്ടാലേ ഇവർക്കു സന്തോഷമാകൂ).  ഉദാ: പള്ളിയോട് തർക്കിച്ച ഒരു മുതലാളിക്കു മാസം തോറും കോടികൾ നഷ്ടം; മാത്രമല്ല, വിമർശിക്കുന്നവർ മൂക്കിൽ പഞ്ഞി വെച്ചു പള്ളിയിലേക്കു വരേണ്ടിയും വരും; 50 രൂപാ പള്ളിക്കു സംഭാവന കൊടുക്കുന്നവൻ 50 രൂപാക്കുള്ള വിമർശനം നടത്തിയാൽ മതിയെന്ന ധ്വനിയുള്ള ഒരു കഥയും ഒപ്പമുണ്ടായിരുന്നു. വല്യ വല്യ ആളുകളൂടെ വാലായി ചില അച്ചന്മാർ നിൽക്കുന്നതിന്റെയും, പാവങ്ങളുടെയും ദളിതരുടെയും മേലെയായി കുതിരകയറ്റം അടുത്ത കാലത്തു നിജപ്പെടുത്തിയതുപോലെ തോന്നുന്നതിന്റെയും, വല്യ ആളാണെങ്കിൽ വല്യ ആളുതന്നെ വന്നു ചടങ്ങു നടത്തിക്കൊടുക്കുകയും ചെയ്യുന്നതിന്റെയും രഹസ്യം ഇനിയും മനസ്സിലാകാത്തവരുണ്ടോ?

തുടർന്ന് അല്ലേലൂജാ തുള്ളൽ: ഈ സമയം ഇവിടെ സമർപ്പിച്ചു പ്രാർഥിക്കുന്നവന്റെ എല്ലാ പ്രശ്നങ്ങളും തീരുന്നുവെന്നു പറയുന്നുണ്ട്. എങ്കിലും കുർബ്ബാനയും കഴിഞ്ഞുച്ചഭക്ഷണത്തിനു പോകുമ്പോൾ ആരുടെയും ഒന്നും കുറഞ്ഞിട്ടില്ലെന്നു മനസ്സിലാക്കാം. ഉച്ചക്കു മുമ്പു കുർബാന; ഇടക്ക് ഒരു പ്രസംഗം കൂടി. ഉച്ച ഭക്ഷണം.

ഉച്ചകഴിഞ്ഞു വീണ്ടും സ്റ്റേജ് വാമിങ്ങ് ഓർക്കസ്ട്രാ വക. 

ആദ്യ സെഷൻ; എങ്ങിനെ ദുരിതങ്ങളീൽ നിന്നു രക്ഷപ്പെടാം? ഒരു മാർഗ്ഗം തുടർച്ചയായ പ്രാർത്ഥന. ഉദാഹരണം: ഒരമ്മക്കു മന്ദബുദ്ധിയായ ഒരു മകൻ ജനിക്കുന്നു. അമ്മ ഒരു ദിവസം 20 കൊന്തവെച്ചു ചൊല്ലി കാഴ്ച വെക്കുന്നു (ആ അമ്മയേ സമ്മതിക്കണം! വീട്ടുപണി പോലും മാറ്റിവെച്ചു കൊന്ത ചൊല്ലാൻ അവരെ പഠിപ്പിച്ച ഗുരുവും പ്രശംസനീയൻ!) പടിപടിയായി (ഇൻസ്റ്റോൾമെന്റായി) കുട്ടിക്കു ബുദ്ധികൂടുന്നു. അവസാനം ആ കുട്ടി ഒന്നാം റാങ്കിൽ വല്യ ഒരു പരീക്ഷ പാസ്സായി ഒത്തിരി വല്യ ഒരു ജോലി ചെയ്യുന്നു. ഇപ്പോൾ ആ മകൻ മിച്ചം കിട്ടുന്ന സമയത്തെല്ലാം സാക്ഷ്യം പറയുന്നു. തെളിവും അഡ്രസ്സും പറഞ്ഞെങ്കിലും എനിക്കു തീർച്ചയില്ലാത്തതുകൊണ്ട് ആ ആളിനേപ്പറ്റിയും പറയുന്നില്ല. സത്യമായിരിക്കാം; അമ്മക്കു കൊന്ത ചൊല്ലാൻ വയ്യാതാകുമ്പോൾ അയാൾ പഴയതുപോലെ മന്ദബുദ്ധിയാകുമോയെന്നും നമുക്കറിയില്ലല്ലോ! (ഏതായാലും, വി. ബൈബിളും സ്വർഗ്ഗസ്ഥനായ പിതാവേ എന്ന പ്രാർഥനയും, ഈ വൈദികനോട് പൊറുക്കുക; കർത്താവ് ഇങ്ങിനെയല്ലല്ലോ പ്രാർത്ഥിക്കാൻ പഠിപ്പിച്ചത്. ഈ ഒരു കാര്യത്തിൽ പോട്ടക്കാരെ ഞാൻ സമ്മതിച്ചിരിക്കുന്നു. കിട്ടാൻ പോകുന്ന കാര്യവും കിട്ടിയതായി കരുതിക്കൊണ്ട് കർത്താവിനു നന്ദി പറയുന്ന ഒരു പരിപാടി അവർ തുടങ്ങിയിരുന്നു. ഇടവകകളിൽ വന്നപ്പോൾ വേണ്ടത്ര വെള്ളം കിട്ടാതെ ഈ ചെടി വാടിപ്പോവുകയുണ്ടായല്ലൊ). 

രണ്ടാം സെഷൻ: എന്തുകൊണ്ട് എല്ലാ പ്രാർത്ഥനകളും ഫലം തരുന്നില്ല? അങ്ങിനെയുള്ളവർ ധ്യാനഗുരുവിന്റെ അടുത്തു വരുന്നു, പിശാച് ഒളിച്ചിരിക്കുന്ന സ്ഥലം അദ്ദേഹം കാണിച്ചുകൊടുക്കുന്നു. പ്രശ്നം തീരുന്നു. എന്നിട്ടും തീരുന്നില്ലെങ്കിൽ ഒരായുഷ്കാലം മുഴുവൻ കുഞ്ഞിനു വേണ്ടി കാത്തിരുന്ന അബ്രാഹമിന്റെ കഥ വായിക്കുക. സഭയോട് ഒത്തുനിന്നാൽ സർവ്വ പ്രശ്നങ്ങളും കർത്താവ് ഏറ്റെടുക്കുമെന്നും സൗഖ്യം തരുമെന്നും അപ്പോഴും അച്ചൻ പറയുന്നു (അച്ചനെ സമ്മതിക്കണം!). അവസാനം ഒരാരാധനയും ഇടക്കൊരു അല്ലേലൂജാ വെടിക്കൊട്ടും അതിന്റെ ഇടക്കൊരു മോളിയുടെ കാലിനുവേദന ഒരാളുടെ ആത്മഹത്യാപ്രവണത എന്നിവ, കാറ്റുപോലെ വന്നു കറണ്ടുപോലെ പോയ കർത്താവു സുഖപ്പെടുത്തുന്നു. എല്ലാവർക്കും ഹോം വർക്ക് കിട്ടിയപ്പോൾ ആദ്യ ദിവസം തീർന്നു. എത്ര തന്മയത്തോടെ ഇവർ കാര്യങ്ങൾ അടുക്കുന്നു എന്നു കണ്ടപ്പോൾ അതിശയം തോന്നി. കാര്യങ്ങൾ ഇക്കൂട്ടർ മരത്തിൽ കാണും. ഞായറാഴ്ചകളിൽ രാവിലെ അഞ്ചരക്ക് ആദ്യത്തെ കുർബ്ബാന വെച്ചതിന്റെ കാര്യം മനസ്സിലായൊ? ഭാരതത്തിലെ ഒന്നേമുക്കാൽ ശതമാനത്തോളം വരുന്ന ക്രിസ്ത്യാനികൾ കുർബ്ബാന ചൊല്ലുന്ന സമയത്തു ലോകത്തൊരിടത്തും ഒരു പരിപാടിയും പാടില്ല.  അത്ര അത്യാവശ്യമാണെങ്കിൽ നാലുമണിക്കുർബ്ബാനക്കു ശേഷം ആവാം. അതേ വേണ്ടപ്പെട്ടവർ പറഞ്ഞുള്ളൂ. പക്ഷേ, മനുഷ്യശരീരത്തിനു കിട്ടുന്ന ഉന്മേഷം അളക്കാൻ ഒരു മീറ്റർ ഉണ്ടായിരുന്നെങ്കിൽ ഞാൻ അളന്നു കാട്ടാമായിരുന്നു പള്ളിയിൽ പോയി കുർബ്ബാന കണ്ടവനാണോ അതോ സൂര്യനമസ്കാരം ചെയ്തവനാണോ കൂടുതൽ ഭാഗ്യവാനെന്ന്. ഇപ്പോ ഒരുപാട് ഇടയന്മാർ രാവിലെ ഇതു ചെയ്തിട്ടാണേ കുർബ്ബാന ചൊല്ലാൻ പോകുന്നതു പിതാവേ. വി. കുർബ്ബാനയും ഇതുപോലെ ഉന്മേഷദായകമായ ഒരു പരിപാടിയായി മാറ്റാവുന്നതല്ലേയുള്ളൂ പിതാക്കന്മാരേ? അങ്ങിനെയായിരുന്നല്ലോ ഒരു കാലത്ത്.

ക്നാനായാക്കാരൻ ജോസുകുട്ടിയുടെ കുത്തിന് മറുപടിയായി എണ്ണം പറഞ്ഞ 73 വെടിപൊട്ടിച്ച ജോസഫ് മാത്യുവിനേപ്പോലെയുള്ള കുറേപ്പേർക്കൂടി ഈ നാട്ടിൽ ഉണ്ടായിരുന്നെങ്കിൽ! കടുത്ത ക്നാനായാക്കാരുടെ എല്ലാം വിചാരം അല്മായാശബ്ദം അവർക്കെതിരാണെന്നാ. ഇതരിച്ചു പെറുക്കി വായിക്കുന്ന എനിക്കു മനസ്സിലായതങ്ങിനെയല്ല. വിമർശിക്കുന്നവർ ചോദിക്കുന്നതു 'തൊട്ടാൽ കുഷ്ടം പിടിക്കും' എന്നതു പോലെ സഹജീവികളേ മാറ്റിനിർത്തുന്ന ഈ ക്നാനായാ സുവിശേഷം ഏതു ബൈബിളിലേയാണെന്നല്ലേ കൂട്ടരെ? ഇതും പറഞ്ഞൊണ്ട് ക്രിസ്ത്യാനി ആണെന്നു പറഞ്ഞു നടക്കാൻ നാണമില്ലേയെന്നല്ലേ ഞങ്ങൾ മാർത്തൊമ്മാ ജീവികളോടും ചോദിക്കുന്നത്. അതു ജോസുകുട്ടിമാർക്ക് മനസ്സിലാകുന്നില്ലേ?

എല്ലാ ക്രിസ്ത്യാനികളൂം ഇവിടെ ബിസിയാ കർത്താവേ. ഇന്ത്യയിൽ ഉണ്ടായിരുന്ന ഭൂരിഭാഗം പേരെയും മാർത്തോമ്മാ കൊണ്ടുപോയി, ഇങ്ങോട്ടു വന്നവരെല്ലാം ക്നായി തൊമ്മന്റെ കൂടെ തന്നെ ഉറച്ചു നിൽക്കുന്നു. ഒന്നിലും പെടാതെ പിടിച്ചുനിന്നവർ, യൂദാ തദ്ദേവൂസ്, സെ. ജോർജ്ജ്, സെ. സെബാസ്റ്റ്യൻ, വി. കന്യകാ മാതാവ്, വി. അൽഫോൻസാമ്മ, വി ചാവറ അച്ചൻ, വി. എവുപ്രാസിയാമ്മ മുതൽ പേരുടെ കൂടെയും പോയി. കർത്താവ് എന്റെ ഹൃദയത്തിൽ തന്നെ ഇരുന്നോളൂ, എനിക്കു സമ്മതമാ. ഇവിടെ ഉടനെ ഒരു രൂപത വരുന്ന ലക്ഷണമില്ല; ആരും ശല്യപ്പെടുത്തുകയുമില്ല! 

1 comment:

  1. A friend of mine who was a trustee in one of our Parishes here once confided that there are very few who are genuine among the various retreat teams. He said their true color is revealed on the last day if the collections fall short of the promised dollar amount.

    ReplyDelete