Translate

Wednesday, June 10, 2015

വേറിട്ടൊരു ശബ്ദം

അഡ്വ. ജേക്കബ് പുളിക്കന്‍

(ചെയര്‍മാന്‍, 'യുണൈറ്റഡ് ക്രിസ്ത്യന്‍ മൂവ്‌മെന്റ് ഫോര്‍ ദൈ കിംഗ്ഡം')

സത്യജ്വാലയിലേക്കയച്ച ഈ ലേഖനം വ്യാപകമായ ചര്ച്ചയ്ക്ക് വിധേയമാക്കാനാണ് അല്മായശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്നത് 

മനുഷ്യനു സാധാരണഗതിയില്‍ ഈ ഭൗതികജീവിതം സുഭിക്ഷമായും ആര്‍ഭാടമായും മുന്നോട്ടു നയിച്ചുപോകാന്‍ ഈശ്വരവിശ്വാസംതന്നെ വേണമെന്നില്ല എന്ന വസ്തുത ഏവര്‍ക്കുമറിയാം. അത്തരമൊരു പശ്ചാത്തലത്തില്‍ പള്ളികളും ക്ഷേത്രങ്ങളും അവയുമായി ബന്ധപ്പെട്ട ആചാരങ്ങളും കര്‍മ്മങ്ങളും ഇതരസംവിധാനങ്ങളും ആവശ്യമില്ല. അങ്ങനെ ചിന്തിക്കുന്നവര്‍ക്കു സഭയെക്കുറിച്ചും വിശ്വാസത്തെക്കുറിച്ചും അവയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളെക്കുറിച്ചും ചര്‍ച്ച ചെയ്യേണ്ട കാര്യവുമില്ല. അതിനാല്‍ അതെല്ലാം വേണമെന്നഭിപ്രായമുള്ളവരുമായിമാത്രമേ ഇത്തരം ചര്‍ച്ചകള്‍ക്കു പ്രസക്തിയുള്ളൂ. അത്തരക്കാരുമായി സംസാരിക്കുമ്പോഴാണ് സഭയുടെ ഘടന എങ്ങനെയായിരിക്കണം; അതിനു നിയമസംഹിത ആവശ്യമാണോ; വെല്ലുവിളികളെ എങ്ങനെയൊക്കെ നേരിടണം എന്നു തുടങ്ങിയ ചര്‍ച്ചകള്‍ ആവശ്യമായി വരുന്നത്.
കാനോന്‍നിമയം വലിച്ചുകീറിക്കളയണമെന്നു വാശി പിടിക്കുന്നവര്‍ക്ക് സഭകള്‍ക്കുപുറമെ ആധുനിക രാഷ്ട്രനിയമങ്ങളുടെയെല്ലാം മാതാവ് കാനോന്‍ നിയമങ്ങളാണെന്ന വസ്തുത അറിയാത്തതാണോ, അതോ അറിഞ്ഞിട്ടും മനഃപൂര്‍വ്വം നിഷേധാത്മകനിലപാട് സ്വീകരിക്കുന്നതാണോ? തീര്‍ച്ചയായും കാനോന്‍ നിയമഭാഷ കാലത്തിനനുസരിച്ചു ലളിതമാക്കേണ്ടതും കാലാകാലങ്ങളില്‍ അനിവാര്യമായ ഭേദഗതികള്‍ സ്വീകരിക്കേണ്ടതുമാണ്. പുരോഹിതമേല്‍ക്കോയ്മ നിയന്ത്രിച്ച് അല്‍മായര്‍ക്കു കാലോചിതമായ അവകാശങ്ങള്‍ അനുവദിച്ചു നടപ്പാക്കേണ്ടതുമാണ്. അത്തരത്തില്‍ വളരെയേറെ മുന്നോട്ടു പോയിക്കൊണ്ടുള്ള നിര്‍ദ്ദേശങ്ങളും ഭേദഗതികളുമാണ്, രണ്ടാം വത്തിക്കാന്‍ കൗണ്‍സിലില്‍ ലോകത്തിലെ മുഴുവന്‍ മെത്രാന്മാരുംകൂടി മൂന്നു വര്‍ഷക്കാലം നീണ്ടുനിന്ന ഗൗരവതരമായ ആലോചനകള്‍ക്കും ചര്‍ച്ചകള്‍ക്കുംശേഷം കൈക്കൊണ്ടിട്ടുള്ളത്. അത്തരം മാറ്റങ്ങള്‍ കൗണ്‍സില്‍ കൈക്കൊണ്ടതു മെത്രാന്മാര്‍ക്ക് അത്മായരോടുള്ള സൗമനസ്യവും സ്‌നേഹവുംകൊണ്ടല്ല; മറിച്ച്, മാറിയ ലോകത്തിന്റെ വിളി അനുസരിച്ചാണ്. പക്ഷേ, ആ നിര്‍ദ്ദേശങ്ങളും തീരുമാനങ്ങളും അറുപതോളം വര്‍ഷങ്ങള്‍ക്കുശേഷവും അവര്‍ നടപ്പാക്കുന്നില്ലെന്നുള്ളതും വസ്തുതയാണ്. മെത്രാന്മാരുടെ ആ നിലപാടിനെ എങ്ങനെ അല്‍മായര്‍ നേരിടണം? ആദ്യമായി പ്രസ്തുത നിര്‍ദ്ദേശങ്ങളും തീരുമാനങ്ങളും ഭേദഗതികളും അല്‍മായര്‍ മനസ്സിലാക്കണം. അതിനുശേഷം അവ നടപ്പാക്കണമെന്നു സഭയോട് ഗൗരവമായി ആവശ്യപ്പെടണം. അങ്ങനെ മനസ്സിലാക്കാനോ ആവശ്യപ്പെടാനോ, തികഞ്ഞ വിജ്ഞാനികളെന്നു ഭാവിക്കുന്ന കേരളത്തിലെ അല്‍മായരുടെ ഭാഗത്തുനിന്ന് ഇന്നുവരെ എന്തെങ്കിലും സംഘടിതമായ നീക്കങ്ങളുണ്ടായിട്ടുണ്ടോ? ഇല്ല.
അല്‍മായരില്‍ സാമാന്യവിദ്യാഭ്യാസവും സ്ഥിരമായ ഉദ്യോഗമോ ജോലിയോ വരുമാനമോ ഒക്കെ ഉള്ളവരുമായ ഭൂരിപക്ഷംപേരും സാമൂഹികമായ തങ്ങളുടെ ആവശ്യങ്ങള്‍ക്കു സഭയും പള്ളിയുമൊക്കെ വേണമെന്നുള്ളതു കൊണ്ടുമാത്രം ഞായറാഴ്ചകളിലുംമറ്റും ദേവാലയത്തില്‍ പോയി യാന്ത്രികമായി കര്‍മ്മങ്ങളില്‍ പങ്കെടുക്കുന്നവരാണ്; സഭാപരമായോ വിശ്വാസപരമായോ എന്തെങ്കിലും അറിയണമെന്ന ആഗ്രഹമോ, അത്തരംകാര്യങ്ങളില്‍ അല്പമെങ്കിലും ശ്രദ്ധയോ ഇല്ലാത്ത 'ബുദ്ധിമാന്മാരാ'ണ്. ശേഷിച്ചവരില്‍ നല്ലൊരു ഭാഗം വൈദികനോടും ഇതര പള്ളിപ്രമാണികളോടും ചേര്‍ന്നുനിന്നു സ്വാര്‍ത്ഥപരമായ താല്പര്യങ്ങള്‍ നേടുന്നവരാണ്. മറ്റൊരു ചെറുവിഭാഗം വിശ്വാസത്തിനും ദേവാലയത്തിനും എതിരായ രാഷ്ട്രീയ-സാമൂഹികശക്തികളുമായി ബന്ധപ്പെട്ടും അല്ലാതെയും അനാവശ്യതര്‍ക്കങ്ങളും പ്രശ്‌നങ്ങളും സൃഷ്ടിക്കാന്‍മാത്രം താല്പര്യപ്പെട്ടു നടക്കുന്നവരുമാണ്. പിന്നെ ആരാണ് രണ്ടാം വത്തിക്കാന്‍ കൗണ്‍സിലിന്റെ തീരുമാനങ്ങള്‍ അറിയാനും ആയതു നടപ്പാക്കണമെന്ന് ആവശ്യപ്പെടാനും കെല്‍പ്പുള്ളവര്‍?
മേല്‍ സൂചിപ്പിച്ച കാര്യങ്ങള്‍ക്കെല്ലാമുള്ള ഒറ്റമൂലിപരിഹാരം, അടുത്തകാലത്തു രൂപംകൊണ്ട 'കേരളാ ക്രിസ്ത്യന്‍ ചര്‍ച്ച് പ്രോപ്പര്‍ട്ടീസ് ആന്‍ഡ് ഇന്‍സ്റ്റിറ്റിയൂഷന്‍സ് ട്രസ്റ്റ് ബില്‍' എന്ന 'ചര്‍ച്ച് ആക്ട്' നടപ്പാക്കലാണെന്നു വാശി പിടിക്കുന്ന ഒരു വിഭാഗം രംഗത്തു വന്നിട്ടുണ്ട്. 'സത്യജ്വാല'യും മറ്റു ചില കത്തോലിക്കാ പ്രസിദ്ധീകരണങ്ങളും അവയുമായി ബന്ധപ്പെട്ട ചില പ്രസ്ഥാനങ്ങളും ഈ കൂട്ടത്തില്‍പ്പെടുന്നവയാണല്ലോ! അതുകൊണ്ട് പ്രസ്തുത നിയമത്തിന്റെ ആമുഖഭാഗംതന്നെ ഒന്നു പരിശോധിക്കാം.
നിയമത്തിന്റെ 'നിര്‍വ്വചനങ്ങള്‍' എന്ന നാലാം വകുപ്പില്‍ ഏറ്റവും ആദ്യം നിര്‍വ്വചിച്ചിരിക്കുന്നത് 'ക്രിസ്ത്യാനി' ആര് എന്നതാണ്. നിര്‍വ്വചനം ഇങ്ങനെ: ''യേശുവിനെ ദൈവവും രക്ഷകനുമായി വിശ്വസിക്കുന്ന വ്യക്തി ക്രിസ്ത്യാനി ആകുന്നു.'' ഇത് എങ്ങനെ നിശ്ചയിക്കും? ഇടവകപ്പള്ളിയുടെ ഭൂപരിധിയില്‍ താമസിക്കുന്ന ഏതൊരാള്‍ക്കും ഈ നിര്‍വ്വചനപ്രകാരം ക്രിസ്ത്യാനിയെന്ന് അവകാശപ്പെടുകയും ആ ഇടവകയിലെ കാര്യങ്ങള്‍ നിശ്ചയിക്കുന്നതില്‍ ഇടപെടുകയും ചെയ്യാം. പ്രസ്തുത ഇടവകയിലെ അംഗമോ പള്ളി ഉള്‍പ്പെടുന്ന പ്രത്യേക ക്രൈസ്തവസഭയിലെ അംഗമോ പൊതുവില്‍ ക്രിസ്തുമതത്തില്‍പ്പെടുന്ന ആളോപോലും ആകണമെന്നില്ല! അപ്പോള്‍ എങ്ങനെയിരിക്കും, ഇടവകപ്പള്ളിയിലെ ഭരണസമിതിയിലേക്കു നടക്കുന്ന  തിരഞ്ഞെടുപ്പും തുടര്‍ന്നുള്ള കാര്യങ്ങളും?
ഇനി 7-ാം വകുപ്പില്‍ അയോഗ്യതകളെക്കുറിച്ചു പറയുന്നുണ്ട്:
(ശ)      ക്രൈസ്തവ വിശ്വാസത്തിനെതിരായവരെയും നിരീശ്വരവാദികളെയും കുറ്റം തെളിയിക്കപ്പെട്ട കുറ്റവാളികളെയും  ക്രൈസ്തവ ചാരിറ്റബിള്‍ ട്രസ്റ്റുകളുടെ കീഴില്‍ ഉത്തരവാദപ്പെട്ട സ്ഥാനങ്ങള്‍ വഹിക്കുന്നതില്‍നിന്നും അയോഗ്യരാക്കപ്പെട്ടിരിക്കുന്നു.
(ശശ)     മനോരോഗികള്‍, ബുദ്ധിമാന്ദ്യം സംഭവിച്ചവര്‍, മദ്യപാനികള്‍, മയക്കുമരുന്നു ഉപയോഗിക്കുന്നതിനു കീഴ്‌പ്പെട്ടിരിക്കുന്നവര്‍, അധാര്‍മ്മികജീവിതം നയിക്കുന്നവര്‍, ട്രസ്റ്റിന്റെതന്നെ അംഗമല്ലാത്തവര്‍ എന്നിവരും മേല്‍പ്പറഞ്ഞ രീതിയില്‍ അയോഗ്യരാക്കപ്പെട്ടിരിക്കുന്നു.
ഒന്നാം ഉപവകുപ്പില്‍ പറയുന്ന വിഭാഗങ്ങളില്‍ ഏതെങ്കിലുമോ ഒന്നില്‍ കൂടുതല്‍ വിഭാഗങ്ങളിലോ പെട്ടവനാണ് ഒരാള്‍ എന്ന് ആര് എങ്ങനെ തീരുമാനിക്കും? രണ്ടാം ഉപവകുപ്പില്‍ ആദ്യം പറഞ്ഞിരിക്കുന്ന രണ്ടു വിഭാഗങ്ങള്‍ ഒഴികെ ബാക്കിയുള്ള വിഭാഗങ്ങളില്‍പ്പെടുന്ന ആളാണെന്ന് ആര് എങ്ങനെ തീരുമാനിക്കും?
'സത്യജ്വാല'യിലും പത്രമാസികകളിലും ഈ നിയമത്തെ ന്യായീകരിച്ച് ഇന്നു ദീര്‍ഘലേഖനങ്ങളെഴുതുന്നവരും വാചാലപ്രസംഗങ്ങള്‍ നടത്തുന്നവരും അതു നടപ്പാക്കണമെന്നു പണംമുടക്കി പരസ്യം നല്‍കുന്നവരും പ്രകടനങ്ങളും പൊതുയോഗങ്ങളും സമരങ്ങളും നടത്തുന്നവരും ആദ്യം ജനറലായും ചുരുക്കമായും ഇക്കാര്യം ഒന്നു വിശദീകരിച്ചു തരിക. അതിനുശേഷം വിശദമായ ചോദ്യങ്ങളുന്നയിക്കാം. ''ഏട്ടിലെ പശു പുല്ലു തിന്നുകയില്ല'' എന്ന പഴമൊഴി ചുമ്മാതൊന്നു ഉദ്ധരിച്ചോട്ടെ!
ഏതെങ്കിലും ശ്രമം നടത്തി ഈ നിയമം നടപ്പിലാക്കിയാല്‍, കേരളത്തിലെ ഇന്നത്തെ രാഷ്ട്രീയ-സാമൂഹിക സാഹചര്യങ്ങളില്‍, പള്ളികളെല്ലാം മാര്‍ക്‌സിസ്റ്റു പാര്‍ട്ടിയുടെ ഏരിയാകമ്മിറ്റി ആഫീസുകളും ലോക്കല്‍ കമ്മിറ്റി ആഫീസുകളും ബ്രാഞ്ചുകമ്മിറ്റി ആഫീസുകളുമായി മാറും. മെത്രാസനകേന്ദ്രങ്ങളെല്ലാം താലൂക്കു കമ്മിറ്റി ആഫീസുകളും ജില്ലാക്കമ്മിറ്റി ആഫീസുകളുമാകും. സ്വത്തുക്കളും സമ്പാദ്യങ്ങളുമെല്ലാം പാര്‍ട്ടിയുടേതുമാകും. അങ്ങനെയായാല്‍ എല്ലാം ശുഭമാകുമോ? അതിനുപകരം, രണ്ടാം വത്തിക്കാന്‍ കൗണ്‍സില്‍ തീരുമാനങ്ങളും നിര്‍ദ്ദേശങ്ങളും നടപ്പാക്കിയാല്‍ ഉദ്ദേശിക്കുന്ന കാര്യങ്ങളില്‍ ഒട്ടുമുക്കാലും സാധ്യമാകുകയും ചെയ്യും.
                                                                                                      ഫോണ്‍: 9037332984


No comments:

Post a Comment