Translate

Wednesday, June 24, 2015

കൈകളിൽ വിളക്കേന്തിയ 'ഫ്ലോറൻസ് നൈറ്റിംഗ്ഗെയ്ൽ' എന്ന മാലാഖയും ആതുര ശുശ്രൂഷകളും


By ജോസഫ് പടന്നമാക്കൽ

ആതുര  ശുശ്രൂഷാലോകത്തിൽ  എന്നും ഓർമ്മിക്കുന്ന   'ഫ്ലോറൻസ് നൈറ്റിംഗ്ഗെയ്ൽ' എന്ന മാലാഖ  ആരാണ്?  അവർ  പതിനെട്ടാം നൂറ്റാണ്ടിലെ രാത്രികാലങ്ങളിൽ കയ്യിൽ തൂക്കിയ വിളക്കുമായി കേഴുന്ന  രോഗികളുടെ ശയനശാലകളിലും അഴുക്കു ചാനലിൽക്കൂടിയും   സഞ്ചരിച്ച് രോഗികൾക്കാശ്വാസം നല്കിയ പരിശുദ്ധമായൊരു  ആത്മാവിന്റെ ഉടമയായിരുന്നു. ആയിരക്കണക്കിന് വോളിയങ്ങളുള്ള ബുക്കുക്കളും  ജീവചരിത്ര ഗ്രന്ഥങ്ങളും കാരുണ്യത്തിന്റെ ആ ദേവതയെപ്പറ്റി  എഴുതിയിട്ടുണ്ട്. ആ പുണ്യ ശ്രേയസിയുടെ   വികാര വിചാരങ്ങളും  തുടങ്ങിവെച്ച ആശയങ്ങളും അവർ പാടിയ  സങ്കീർത്തനങ്ങളും പരിവർത്തന വിധേയമായ   കാലങ്ങൾക്കുമപ്പുറം സഞ്ചരിക്കുന്നു.  അവർ ജനിച്ചപ്പോൾ അനസ്തീഷ്യയായോ, ആന്റി സെപ്സ്സീസ്സോ, തെർമോ മീറ്ററോ, ഐവിയോ, ആന്റി ബയോട്ടീസോ, ഓക്സിജൻ സൌകര്യങ്ങളോ ഉപയോഗത്തിലുണ്ടായിരുന്നില്ല. കൈകാലുകൾ   മിനിറ്റുകൾക്കുള്ളിൽ മുറിക്കുന്ന  ഡോക്ടറെ കഴിവും മികവുമുള്ളവരായി   കരുതിയിരുന്നു.  വയറ്റിൽ അപ്പൻഡിക്സ്  വന്നാൽ  അന്ന് മരണം ഉറപ്പായിരുന്നു.

ആധുനിക നേഴ്സിംഗ് ശാസ്ത്രത്തിന്റെ അടിസ്ഥാനമിട്ട ഫ്ലോറൻസ് നൈറ്റിംഗ് ഗൽ  1820 മെയ് പന്ത്രണ്ടാം തിയതി ഇറ്റലിയിൽ ജനിച്ചു. 'ഫ്ലോറൻസ്' എന്ന പട്ടണത്തെ ആദരിച്ചുകൊണ്ട്  ഇംഗ്ലീഷുകാരായ  അവരുടെ മാതാപിതാക്കൾ ഫ്ലോറൻസ് എന്ന നാമം നല്കി. ആരോഗ്യ മേഖലകളുടെ വിപ്ലവ ചൈതന്യം പൊന്തി വന്നിരുന്ന കാലഘട്ടത്തിലാണ് അവർ വളർന്നത്.അവരുടെ പിതാവ് വില്ലിം നൈറ്റിംഗ് ഗൽ  ഇംഗ്ലണ്ടിലെ പ്രഭു കുടുംബത്തിൽപ്പെട്ട ഒരു  വൻകിട  ഭൂവുടമയായിരുന്നു. പൂർവിക തലമുറകൾ മുതൽ പാരമ്പര്യമായി ലഭിച്ച  ഡർബി ഷെയർ എസ്റ്റേറ്റും നിരവധി സ്വത്തുക്കളും   കൈവശവുമുണ്ടായിരുന്നു. അദ്ദേഹവും ഭാര്യ 'ഫാന്നിയും 'സാമൂഹിക കാഴ്ച്ചപ്പാടിൽ ഉന്നത ജീവിത നിലവാരമായിരുന്നു പുലർത്തിയിരുന്നത്. ധനികരായ അവരുടെ  ഭവനത്തിൽ ഭക്ഷണം പാകം ചെയ്യാനും പുറം ജോലികൾ നടത്താനും ധാരാളം ജോലിക്കാരുണ്ടായിരുന്നു. അദ്ധ്യാപകർ സ്വന്തം വീട്ടിൽ വന്ന് ഫ്ലോറൻസിനും സഹോദരിക്കും വിദ്യാഭ്യാസം നല്കിയിരുന്നു. വിവിധ ഭാഷകൾ പഠിക്കാൻ നിപുണയായിരുന്ന ഫ്ലോറൻസ്‌ ഗ്രീക്ക്, ലാറ്റിൻ, ഫ്രഞ്ച്, ജർമ്മൻ, ഇറ്റാലിയൻ  ഭാഷകൾ വശമാക്കി.  ഒപ്പം ചരിത്രവും കണക്കും സംഗീതവും പഠിച്ചു. പതിനേഴു വയസുള്ളപ്പോൾ വിവാഹം ചെയ്യാൻ ഫ്ലോറൻസിനെ  മാതാപിതാക്കൾ നിർബന്ധിച്ചെങ്കിലും അവർ സമ്മതിച്ചില്ല.  വരുന്ന വിവാഹങ്ങളെല്ലാം എതിർത്തിരുന്നു. ദു:ഖിക്കുന്നവരെയും ദുരിതമനുഭവിക്കുന്നവരെയും സഹായിക്കണമെന്ന ഉൾവിളികളുമായി നടന്നിരുന്ന ആ കൗമാര കുട്ടിയ്ക്ക് വിവാഹം കഴിക്കേണ്ടായിരുന്നു. രോഗികളെയും സാധുക്കളെയും സേവിച്ചുകൊണ്ട് ഹോസ്പിറ്റലുകളിൽ നേഴ്സായി ആതുര സേവനം ചെയ്യാനായിരുന്നു അവർക്ക് താല്പര്യം. അവർ ജീവിച്ചിരുന്ന കാലഘട്ടത്തിൽ ധനിക കുടുംബങ്ങളിൽ നിന്ന് നേഴ്സാകുവാൻ ആരും പോകുമായിരുന്നില്ല. കുശിനിക്കാരുടെയും  താണ ജോലി ചെയ്യുന്നവരുടെയും  മക്കളായിരുന്നു അക്കാലങ്ങളിൽ നെഴ്സിംഗിനു  പോയിരുന്നത്. നേഴ്സിംഗിന് പോകാൻ അനുവദിച്ചില്ലെങ്കിൽ വീട് വിട്ടു  മറ്റു   വീടുകൾ വൃത്തിയാക്കാനും കുശിനിക്കായും പോവുമെന്ന്  അവർ മാതാ പിതാക്കൾക്ക്  മുന്നറിയിപ്പ്  നല്കുമായിരുന്നു. നെഴ്സിംഗിനു പഠിക്കുന്നതിന്  അനുവാദം കൊടുക്കാൻ   മാതാ പിതാക്കളെ  നിർബന്ധിച്ചുകൊണ്ടിരുന്നു.  അവസരം കിട്ടുന്ന നമയങ്ങളിൽ  പ്രൈവറ്റ് സ്ഥാപനങ്ങളിൽ നെഴസിംഗ് പരിശീ ലനവും നടത്തിയിരുന്നു. അവസാനം  അവരുടെ ദൌത്യം വിജയിച്ചു. മാതാപിതാക്കൾ  നേഴ്സിംഗ് പഠനത്തിനു പണം നല്കാമെന്നു സമ്മതിക്കുകയും ചെയ്തു. അതിനായി ഒരു ഹോസ്പിറ്റൽ തിരഞ്ഞെടുക്കുകയും അവരുടെ അഭിലാഷങ്ങൾ  സഫലമാവുകയും ചെയ്തു.

ഫ്ലോറൻസിന്റെ ആത്മകഥാ കുറിപ്പിൽ പറയുന്നു, "ഒരു ഉയർന്ന കുടുംബത്തിലാണ് ഞാൻ ജനിച്ചത്‌. എന്റെ അമ്മ ആഡംബര ഭ്രമിയായി ജീവിച്ചപ്പോൾ  ഞാൻ തെരഞ്ഞെടുത്തത്, ലളിതമായ ഒരു ജീവിതമായിരുന്നു.  എന്റെ സഹോദരി ഫ്രാൻസീസ് പെൻലോപ്പിന് എന്നെക്കാളും രണ്ടു വയസ് കൂടുതലുണ്ടായിരുന്നു. ഞങ്ങൾ തമ്മിൽ ഒരിക്കലും രമ്യതയിലായിരുന്നില്ല. സാമൂഹികമായി അന്ന് നിലവിലുണ്ടായിരുന്ന കുലമഹിമയിൽ ഞങ്ങൾക്കു വ്യത്യസ്ഥമായ   കാഴ്ചപ്പാടാണുണ്ടായിരുന്നത്. ഞാനൊരു നെഴ്സാകുന്നതിൽ എന്റെ സഹോദരി എതിർത്തിരുന്നു. വിക്ടോറിയൻ സ്റ്റൈലിൽ പതിനഞ്ചു മുറികളുള്ള വിശാലമായ ഹാളോടുകൂടിയ  പുതിയ ഭവനവും അതിനോടനുബന്ധിച്ച പൂന്തോട്ടങ്ങളും എന്റെ അമ്മയ്ക്ക് മതിയാവില്ലായിരുന്നു."

1853-മുതൽ 1856 വരെ റക്ഷ്യയും ഓട്ടോമൻ സാമ്രാജ്യവും തമ്മിൽ  പാലസ്തീന്റെയും 'ബ്ലാക്ക് സീയുടെയും ' അധീനത്തിനായി  ക്രിമിയായിൽ യുദ്ധം നടക്കുന്ന കാലമായിരുന്നു. ബ്രിട്ടനും ഫ്രാൻസും,സർദീനായും  ഓട്ടോമൻ സാമ്രാജ്യത്തിനോടൊപ്പം  റക്ഷ്യയ്ക്കെതിരെ  യുദ്ധം പ്രഖ്യാപിച്ചു. 1854-ൽ  ഫ്ലോറൻസ് നൈറ്റിംഗ് ഗൽസിന് ബ്രിട്ടീഷ്  യുദ്ധകാല സെക്രട്ടറി ഹെർബെർട്ട് സിഡ്നിയിൽ നിന്നും ക്രിമിയായിൽ   മുറിവേറ്റവരെയും രോഗികളെയും സഹായിക്കാൻ നെഴ്സസിന്റെ ഒരു യൂണിറ്റിനെ സഹായത്തിനായി വിടാൻ ഒരു കത്ത്  കിട്ടി. യുദ്ധ കാലം ആരംഭിച്ച സമയങ്ങളിൽ ഫ്ലോറൻസ് നൈറ്റിംഗ് ഗൽ ആതുര സേവന രംഗങ്ങളിൽ രാജ്യമെങ്ങും പ്രസിദ്ധി നേടിയ സമയവുമായിരുന്നു.   അവർ 34 സഹകാരികളായ നെഴ്സസിനെ സംഘടിപ്പിച്ചുകൊണ്ട് ഏതാനും ദിവസങ്ങൾക്കുള്ളിൽ ക്രിമായായിലെയ്ക്ക് കപ്പൽ യാത്ര ചെയ്തു.  അവിടുത്തെ പരിതസ്ഥിതികളും  അന്തരീക്ഷവും വളരെ ദുരിതം പിടിച്ചതാണെന്ന്  മുന്നറിയിപ്പുണ്ടായിട്ടും അത് ഗൗനിക്കാതെ കോണ്സ്റ്റാനോപ്പിളിലെ  ‍ ബ്രിട്ടീഷ് ഹോസ്പിറ്റലിൽ ഫ്ലോറൻസിന്റെ സംഘം എത്തി. മലിന വെള്ളം നിറഞ്ഞ ഒരു വലിയ കുളക്കരയുടെ അക്കരയായിരുന്നു ഹോസ്പിറ്റൽ സ്ഥിതി ചെയ്തിരുന്നത്.   മലമൂത്രങ്ങൾ വിസർജനം ചെയ്തത് ഹോസ്പിറ്റൽ കെട്ടിടങ്ങളിലെ ഹാൾ വെയിലും രോഗികളുടെ കിടക്കകളിലും ചിതറി നിറഞ്ഞു കിടന്നിരുന്നു. എവിടെയും മലിനമായ ഈച്ചകളും  കൊതുകുകളും അതിനു ചുറ്റും പാറി കളിച്ചിരുന്നു. രോഗികൾക്ക് ആവശ്യമായ ബാൻഡേജോ   സോപ്പോ വളരെ പരിമിതമായെ ഉണ്ടായിരുന്നുള്ളൂ. മുറിവേറ്റ് രക്തം വമിക്കുന്ന പട്ടാളക്കാർ വീണ്ടും വീണ്ടും വന്നു കൊണ്ടിരുന്നു.  വെള്ളം പോലും  ആവശ്യത്തിനില്ലാതെ റേഷനായിരുന്നു. യുദ്ധത്തിൽ മുറിവേറ്റവരായവ്ർ പകർച്ച വ്യാധികൾ പിടിച്ചു ദിനം [പ്രതി മരിച്ചുകൊണ്ടിരുന്നു.

എന്താണെന്ന് ചെയ്യേണ്ടതെന്നറിയാതെ  വേദനകൊണ്ട് പുളയുന്ന പട്ടാളക്കാരെ  കണ്ടമാത്രയിൽ ഫ്ലോറൻസ്   ജോലികളാരംഭിച്ചു. ഓരോ മിനിറ്റുകളും പാഴാക്കാതെ അവർ പട്ടാളക്കാർക്കു വേണ്ടി സേവനം ചെയ്തു. ഫ്ലോറൻസും സഹപ്രവർത്തകരുമൊത്ത് ചീഞ്ഞളിഞ്ഞ ബ്രിട്ടീഷ് ഹോസ്പിറ്റലിന്റെ അകവും പുറവം, മുറിവേറ്റ പട്ടാളക്കാരുടെ ദുർഗന്ധം വമിക്കുന്ന കിടക്കകളും വൃത്തിയാക്കി  പരിചരിച്ചു കൊണ്ടിരുന്നു. ദിനം പ്രതി മരിക്കുന്ന പട്ടാളക്കാരും അവരുടെ  ദീന രോദനങ്ങളും കണ്ട് അടിപതറാതെ  അവർക്കായി  രാത്രിയും പകലും കഠിനാദ്ധ്വാനം ചെയ്തു. വൈകുന്നേരം കൈകളിൽ റാന്തൽ വിളക്കുമായി  ഹാൾ വെയികളിൽ ഓരോ രോഗിയേയും പരിചരിച്ചു കൊണ്ട് ചുറ്റും കറങ്ങുമായിരുന്നു. അവരുടെ പുഞ്ചിരിയിലും സ്നേഹത്തിലും പരിചരണത്തിലും പട്ടാളക്കാർ ആനന്ദം കണ്ടെത്തിയിരുന്നു.  രോഗികളായി കിടക്കകളിൽ കഴിയുന്നവർ അവരെ ക്രിമിയായിലെ മാലാഖായെന്നും  വെളിച്ചത്തിന്റെ ദേവതയെന്നും വിളിച്ചു. അവരുടെ വിശ്രമമില്ലാത്ത സേവനം മൂലം മൂന്നിൽ രണ്ടു പട്ടാളക്കാരുടെ ജീവൻ രക്ഷിക്കാൻ സാധിച്ചു. ഹോസ്പിറ്റലിന്റെ ശുചിത്വ നിലവാരം വളരെയധികം മെച്ചമായി. ഓരോരുത്തരുടെയം മെഡിക്കൽ നിലവാരമനുസരിച്ചുള്ള ഭക്ഷണം പാകം ചെയ്യാൻ പ്രത്യേക തരം അടുക്കളകളും നിർമ്മിച്ചു.  രോഗികൾക്ക് തുണികൾ വൃത്തിയാക്കാൻ  അലക്കു മുറികളും പണി കഴിപ്പിച്ചു. രോഗികളുടെ ബൌദ്ധിക നിലവാരം ഉയരാൻ  വായനാ മുറികളും ലൈബ്രറികളും സ്ഥാപിച്ചു. കളിസ്ഥലങ്ങളും മറ്റു ഉല്ലാസ സങ്കേതങ്ങളും ഉണ്ടാക്കി.

ആതുര സേവനത്തിന്റെ ചവിട്ടു പടികളിൽ ഇരുന്നുകൊണ്ട് അവർ കുറിച്ചു വെച്ച നോട്ടുകൾ  ഏറ്റവും വിറ്റഴിയുന്ന പുസ്തകങ്ങളായി  ആഗോള പുസ്തക ശാലകളിൽ സ്ഥാനം പിടിച്ചു.  പുസ്തകങ്ങൾ ഇന്നും  പുതുമ നശിക്കാതെ സേവനത്തിന്റെ മാർഗ ദീപമായി ഗ്രന്ഥ പ്പുരകളിൽ സൂക്ഷിക്കുന്നു. അവരുടെ പ്രയത്നത്താൽ 1860-ൽ നേഴ്സിംഗിന് പരിശീലനം കൊടുക്കാനായി ' സെന്റ് തോമസ് ഹോസ്പിറ്റൽ നൈറ്റിംഗ് ഗൽ സ്കൂൾ' ആരംഭിച്ചു.

ക്രിമിയൻ യുദ്ധകാലങ്ങളിൽ മുറിവേറ്റ പട്ടാളക്കാരുടെയിടയിൽ സേവനം ചെയ്തിരുന്ന നാളുകളിൽ ഫ്ലോറൻസ് നൈറ്റിംഗ് ഗലിന് ഒരിക്കലും സുഖമാകാതെ മാറാത്ത   ഒരു രോഗം പട്ടാള ക്യാമ്പിൽ നിന്നു സംക്രമിച്ചിരുന്നു. അന്നവർക്ക് 38 വയസ് പ്രായം .  പിന്നീട് കിടന്ന കിടപ്പിൽ തന്നെ ശേഷിച്ച കാലം ജീവിച്ചു. എങ്കിലും കിടക്കയിൽ കിടന്നുകൊണ്ടുതന്നെ ഉറച്ച തീരുമാനത്തോടെ  ആരോഗ്യ രക്ഷാപരമായ പദ്ധതികൾ  ആവിഷ്ക്കരിക്കുകയും കഷ്ടപ്പെടുന്ന  രോഗികളെ  പരിചരിച്ചുകൊണ്ട്   സേവനം തുടരുകയും ചെയ്തു .  ആധികാരികമായി ഹെൽത്ത് കെയർ പരിഷ്ക്കരണങ്ങളിൽ പ്രവർത്തിക്കാനും തുടങ്ങി. ബെഡിൽ കിടന്നു കൊണ്ട് ദേശീയ രാഷ്ട്രീയ നേതാക്കന്മാരും പ്രമുഖ വ്യക്തികളുമായി അഭിമുഖ സംഭാഷണങ്ങളും നടത്തിയിരുന്നു. സിവിലിയൻ ഹോസ്പിറ്റലുകൾ എങ്ങനെ നടത്തണമെന്ന് വിവരിച്ചുകൊണ്ട് 1859-ൽ അവർ ഒരു പുസ്തകം പ്രസിദ്ധീകരിച്ചു.  അവരുടെ സേവനം വിദേശ രാജ്യങ്ങളും പ്രയോജനപ്പെടുത്തിയിരുന്നു. അമേരിക്കയിലെ ആഭ്യന്തര കലാപകാലത്ത്  ഹോസ്പിറ്റലുകൾ  കാര്യക്ഷമമായി നടത്തുന്നതെങ്ങനെയെന്നും  ഹെൽത്ത് കെയർ പ്രവർത്തകർക്ക് നിർദ്ദേശങ്ങൾ നൽകിയിരുന്നു.   ഇന്ത്യാ ഒരിക്കലും സന്ദർശിച്ചിട്ടില്ലെങ്കിലും ഇന്ത്യയിലെ പൊതു ജനാരോഗ്യത്തിലും പട്ടാള ക്യാമ്പിലും ശുചീകരണ പ്രവർത്തനങ്ങളെ സംബന്ധിച്ച്  ക്രിയാത്മകമായ ഉപദേശങ്ങൾ നല്കി സഹായിച്ചിരുന്നു.  1908-ൽ എണ്‍പത്തിയെട്ടാം വയസിൽ  ഇംഗ്ലണ്ടിലേ എഡ്വേർഡ് രാജാവിൽ നിന്ന് ' മെരിറ്റ് ഓഫ് ഹോണർ'  പദവി ലഭിച്ചു.  1910-ൽ ജോർജ് രാജാവ് തൊണ്ണൂറാം വയസിൽ അവരെ അനുമോദിച്ചുകൊണ്ട് സന്ദേശമയച്ചു.

ക്രിമിയായിൽ പട്ടാളക്കാരെ സേവിക്കാനായി പോയ നാളുകളിൽ  ഫ്ലോറൻസ് ആ ഹോസ്പിറ്റലിലെ ആരോഗ്യ നിലവാരം, കാര്യക്ഷമത, ഹോസ്പിറ്റലിലെ പരിതാപകര അവസ്ഥ , ബ്രിട്ടീഷ് പട്ടാള ഹോസ്പിറ്റൽ ഭരണം എന്നീ വിഷയങ്ങളെ സംബന്ധിച്ച് 830 പേജുള്ള ഒരു റിപ്പോർട്ട് തയ്യാറാക്കിയിരുന്നു. ആ ബുക്കിന്റെ   പ്രതിഫലനമായി  1857-ൽ ഗവർന്മെന്റ് പട്ടാളക്കാരുടെ ക്ഷേമത്തിനായി  ഭരണ സംവിധാനങ്ങൾ നവീകരിക്കുകയും ചെയ്തു. ഒന്നര വർഷത്തോളം നൈറ്റിംഗ് ഗൽ  അവിടെ  പട്ടാളക്കാർക്ക് വേണ്ടി സേവനം ചെയ്തിരുന്നു. ക്രിമിയായിലെ യുദ്ധം അവസാനിച്ചപ്പോൾ 1856-ൽ  അവർ അവിടെനിന്നും സ്വന്തം നാട്ടിൽ പോയി ചെറുപ്പകാലത്ത് താമസിച്ചിരുന്ന 'ലീയാ ഹർസ്റ്റിൽ' താമസിച്ചു. ലളിതമായ ജീവിതം എന്നും തുടരണമെന്നാഗ്രഹിച്ച   അവരുടെ ആഗ്രഹം വകവെക്കാതെ സ്വന്തം നാട്ടുകാർ  അവരെ രാജകീയമായ സ്വീകരണം നല്കി ബഹുമാനിക്കുകയുണ്ടായി.  ബ്രിട്ടീഷ് രാജ്ഞി പേരു കൊത്തിയ ആഭരണങ്ങളും 2,50,000 ഡോളറും പാരിതോഷികമായി  നല്കി അവരെ ആദരിച്ചു. ആ പണം ആതുര സേവനത്തിനായി  മാറ്റി വെച്ചു.  നൈറ്റിംഗ് ഗൽ  ഇതിനോടകം രാജ്യത്തിലെ വിശിഷ്ട വ്യക്തികളിൽ ഒരാളായി മാറി. അവർ രാജ്ഞിയെ പ്രകീർത്തിച്ച് കവിതകളും പാട്ടുകളും എഴുതിയിരുന്നു. ഉന്നത കുലത്തിൽ ജനിച്ച  ഇവർ മനുഷ്യർ പുച്ഛിച്ച  ഒരു തൊഴിലിൽ ആത്മാഭിമാനം കണ്ടെത്തിക്കൊണ്ട്  രാജ്യത്തിലെ ആദരണീയ വനിതയായി മാറി. നേഴ്സിംഗിനെ അന്തസ്സും അഭിമാനവുമുള്ള  ഒരു പ്രൊഫഷണൽ തൊഴിലാക്കിയതിൽ ഫ്ലോറൻസ് നൈറ്റിംഗ് ഗലിനോട്  ലോകമെമ്പാടുമുള്ള ആതുരസേവനത്തിൽ മുഴുകിയിരിക്കുന്നവർ   കടപ്പെട്ടവരായിരിക്കും.

1910-ൽ ഫ്ലോറൻസ് നൈറ്റിംഗ് ഗൽ  അസുഖത്താൽ തീർത്തും കിടപ്പിലായി. ഒരാഴ്ചയ്ക്ക് ശേഷം 1910- ആഗസ്റ്റ് പന്ത്രണ്ടാം തിയതി ലണ്ടനിലെ ഭവനത്തിൽ വെച്ചു അവർ മരണമടഞ്ഞു. അവർ മരിക്കുന്ന കാലത്ത് വൈദ്യ ശാസ്ത്രം വളരെയേറെ പുരോഗമിച്ചു കഴിഞ്ഞിരുന്നു. കോളറായ്ക്കും ടൈപ്പൊയിഡിനും വസന്തയ്ക്കും കുത്തി വെയ്പ്പുണ്ടായി. ലാബോറട്ടറി സൌകര്യങ്ങളും മെഡിക്കൽ സൌകര്യങ്ങളും വർദ്ധിച്ചു. ആരാധകരായ പൊതു ജനങ്ങൾക്ക് അവരുടെ ശവസംസ്ക്കാര ചടങ്ങുകൾ ആഘോഷമായി നടത്തണമെന്നു ആഗ്രഹം ഉണ്ടായിരുന്നു.  എന്നാൽ ഫ്ലോറൻസ് ജീവിച്ചിരുന്നപ്പോൾ മരണാനന്തര ചടങ്ങുകൾ ലളിതമായിരിക്കണമെന്നും നിർദ്ദേശിച്ചിട്ടുണ്ടായിരുന്നു. അവരുടെ വാക്കുകളെ മാനിച്ച് സ്റ്റേറ്റ് ശവ സംസ്ക്കാരാചാരങ്ങൾ ബന്ധുക്കൾ നിരസിച്ചു. ഇംഗ്ലണ്ടിലെ ഹാം ഷെയറിൽ സെന്റ് മാർഗരെറ്റ്  പള്ളിയുടെ കുടുംബ കല്ലറയിൽ കൈകളിൽ വിളക്കുമായി നടന്ന ആ സ്ത്രീ രത്നം അന്ത്യ വിശ്രമം കൊള്ളുന്നു.

അമേരിക്കൻ  കവിയത്രി എമിലി ഡിക്കിൻസൻ  പാടിയ കവിതയുടെ സംഗ്രഹമിങ്ങനെയായിരുന്നു. "നിലച്ചു പോകുന്ന ഒരു ഹൃദയം തുടിപ്പിക്കാൻ   സാധിച്ചാൽ ,  വേദനിക്കുന്നവന് ആശ്വാസം നൽകിയാൽ,  അവന്റെ വേദനകളെ ശമിപ്പിച്ചാൽ, അല്ലെങ്കിൽ തളർന്ന  ഒരു കുരുവിയുടെ  ജീവനുണർവ്  നല്കി   അതിന്റെ കൂട്ടിലേയ്ക്ക്‌ പറപ്പിച്ചാൽ 'ഞാനായ' ജീവിതം ധന്യമായി. പാഴായതല്ല."  അതായിരുന്നു ഫ്ലോറൻസ് നൈറ്റിംഗ് ഗലെന്ന '  മരിക്കാത്ത പ്രാഭവമുള്ള  ഒരു നേഴ്സിന്റെ   ദൗത്യവും.
EMalayalee: http://emalayalee.com/varthaFull.php?newsId=102845

Cover Title: Malayalam Daily news:

2 comments:

  1. വിഷയവുമായി ബന്ധമില്ലെങ്കിലും, സമയമുള്ളവർ André Rieu വിന്റെ ഈ Nightingale Serenade കേട്ടുനോക്കൂ.
    https://www.youtube.com/watch?v=P0I6XsdO19Y&index=35&list=PL4C24B3952CFC5A60

    ReplyDelete
  2. ഫ്ലോറൻസ് നൈറ്റിംഗ് ഗലിന്റെ വിളക്കിൽ കുരിശില്ലായിരുന്നു. ഒരു മതവും അവരെ നയിച്ചില്ല. ആരും അവരെ പുണ്യവതിയാക്കിയില്ല. പാമ്പ് പിടുത്തക്കാരും അത്ഭുതങ്ങൾ കാണിക്കുന്നവരും ഇരിക്കുന്ന രൂപകൂട്ടിൽ ഫ്ലോറന്സിനെ ആരും കയറ്റിയില്ല. സേവനം ചെയ്യാൻ പുരോഹിത വേഷവും കന്യാസ്ത്രി വേഷവും ആവശ്യമില്ലെന്ന് അവരുടെ കഠിനമായ ജീവിതം തെളിവാണ്. ആതുര സേവനത്തിന് ഒരു മതവും അവരെ നയിച്ചില്ലെങ്കിലും അതിനായി ദൈവ നിശ്ചയമുണ്ടായിരുന്നുവെന്ന് അവർ വിശ്വസിച്ചിരുന്നു. വടിയും കുത്തി, കൂന്ത തൊപ്പിയും ധരിച്ചു നടക്കുന്ന മെത്രാന്മാർ പ്രതിഫലം കൊടുക്കാതെ പാവപ്പെട്ട നെഴ്സസിന്റെ ചോര നീരാക്കി പണക്കാരെ സേവിക്കുന്നതും കാലത്തിന്റെ പ്രത്യേകതയാണ്. ഫ്ലോറന്സിന്റെ സന്ദേശം അഭിഷക്തരുടെ കാതുകളിൽ മുഴങ്ങിയിരുന്നെങ്കിൽ....ഇത് അത്മായ ശബ്ദം തന്നെ.

    ReplyDelete