Translate

Saturday, June 6, 2015

ലൗകിക ആധ്യാത്മികതക്കെതിരെ പോപ്‌

ഒരു പ്രത്യേക രീതിയിലുള്ള മതാത്മകതയോട് ഫ്രാൻസിസ് മാർപാപ്പാ എപ്പോഴും എതിർപ്പിലാണ്. ലൗകിക ആധ്യാത്മികത എന്നു പാപ്പാ അതിനെ വിശേഷിപ്പിക്കുന്നു. ഈ മാരകമായ വൈറസിനെ നേരിടാത്ത ഏതൊരു സഭാനവീകരണവും താത്കാലികമായ ഒരു ഒത്തുതീർപ്പേ ആകുകയുള്ളൂ. ദീർഘകാലത്തിൽ അതു പരാജയപ്പെടുമെന്നും മാർപാപ്പാ കരുതുന്നു.


എന്താണ് ഈ ആത്മീയ ലൗകായതികത്വം? മാർപാപ്പാ അതിനെ ഇങ്ങനെ വിശദീകരിക്കുന്നു. ഭക്തിയുടെ രൂപത്തിനു പിന്നിൽ, സഭയോടുള്ള സ്‌നേഹത്തിന്റെ പോലും പിന്നിൽ, ഒളിച്ചിരിക്കുന്ന ആധ്യാത്മിക ലൗകായതികത്വം കർത്താവിന്റെ മഹത്ത്വം തേടാതെ, മാനുഷികമഹത്ത്വവും ക്ഷേമവും അന്വേഷിക്കുന്ന കാര്യമാണ്. കർത്താവ് ഫരിസേയരെ കുറ്റപ്പെടുത്തിയത് അതിന്റെ പേരിലാണ്. പരസ്പരം മഹത്ത്വം സ്വീകരിക്കുകയും ഏകദൈവത്തിൽ നിന്നുവരുന്ന മഹത്ത്വം അന്വേഷിക്കാതിരിക്കുകയും ചെയ്യുന്ന നിങ്ങൾക്ക് എങ്ങനെ വിശ്വസിക്കാൻ കഴിയും (യോഹ 5:44). ഇത് യേശുക്രിസ്തുവിന്റെ താത്പര്യം തേടാതെ സ്വന്തം താത്പര്യങ്ങൾ (ഫിലി 2:11) അന്വേഷിക്കുന്ന സൂക്ഷ്മമായ ഒരു മാർഗമാണ്.
ആത്മീയലൗകായതികത്വം മതത്തെ വ്യക്തിപരമായ നേട്ടത്തിന് ഉപയോഗിക്കാൻ അതിന്റെ വക്താക്കളെ ഇടയാക്കുന്നു. വ്യക്തിപരമായ ദൃശ്യത ഉറപ്പിക്കാനും അവരെ സഹായിക്കുന്നു. ദൈവം, വിശ്വാസം, സഭ, സന്ന്യാസസമൂഹം, ആരാധന, ഭക്തി, പ്രേഷിതത്വം തുടങ്ങിയ എന്തുമാകട്ടെ, അതിനെ ആഘോഷമാക്കുന്നവർ ദൈവത്തെ ഒരു വിഗ്രഹമാക്കുകയാണ് ചെയ്യുന്നത്. ഒരു പൊതുഷോയ്ക്ക് അവസരം നല്കുന്ന പ്രത്യേക ദൈവത്തെ അവർ ആരാധിക്കുന്നു. ആ ദൈവം തിരിച്ച് അവർക്ക് സ്തുതിയും ജയഘോഷവും നല്കുന്നു. അവർ ഏതു മതപരമായ പ്രതീകത്തെയും ആഭരണമായി അണിയും. എന്നാൽ, ആ പ്രതീകത്തിന്റെ ആന്തരികാർത്ഥം സൗകര്യപൂർവം വിസ്മരിക്കും. അവർക്കു ദൈവവും ക്രിസ്തുവുമൊക്കെ തങ്ങളെത്തന്നെ ഉയർത്തിക്കാട്ടുന്നതിനുള്ള സൗകര്യപ്രദമായ ആശയമോ പ്രതീകമോ മാത്രമായിരിക്കും.

എല്ലാവരുംതന്നെ ഈ തിന്മയ്ക്ക് വശംവദരാകാമെന്ന കാര്യം നാം ഓർക്കണം. അതിനാൽ, എങ്ങനെ അതിനെ അതിജീവിക്കാമെന്ന് നാം നമ്മോടു തന്നെ ചോദിക്കേണ്ടതുണ്ട്. ഫ്രാൻസിസ് പാപ്പാ ചില നിർദ്ദേശങ്ങൾ നല്കുന്നുണ്ട്. 1) പ്രീശരെപ്പോലെ ഗർവിഷ്ഠരും അതിരുകടന്ന വൃഥാഭിമാനികളും ആയി പ്രത്യക്ഷപ്പെടാനുള്ള പ്രലോഭനത്തെ അതിജീവിക്കാൻ ആത്മീയനേതാക്കൾ പരിശ്രമിക്കണം. പ്രീശർ തങ്ങളുടെ ആത്മപ്രാധാന്യവും ഭക്തിയും പ്രകടമാക്കുന്നതിന് കഠിനാധ്വാനം ചെയ്യുന്നത് സുവിശേഷത്തിൽ നാം കാണുന്നുണ്ടല്ലോ. ഇവിടെ മാർപാപ്പാ വാക്കുകളുടെ കനം കുറയ്ക്കുന്നില്ല. ചിലയാളുകളിൽ ലിറ്റർജി, സിദ്ധാന്തം, സഭയുടെ പ്രശസ്തി എന്നിവയിൽ മോടി കാട്ടുന്ന മുൻകരുതൽ കാണാം. സഭയുടെ ജീവിതത്തെ കാഴ്ചബംഗ്ലാവിലെ കാഴ്ചവസ്തുവായി തീർക്കുകയാണ് അവർ ചെയ്യുന്നത്. മറ്റുചിലർ സാമൂഹികവും രാഷ്ട്രീയവുമായ ലാഭത്തിനുവേണ്ടിയും തങ്ങളുടെ കഴിവ് പ്രദർശിപ്പിക്കുന്നതിനു വേണ്ടിയും കാണപ്പെടാനുള്ള താത്പര്യത്തിനു വേണ്ടിയും ആത്മീയകാര്യങ്ങളെ ഉപയോഗിക്കുന്നു (സുവിശേഷത്തിന്റെ സന്തോഷം, 95).

ആധ്യാത്മികനേതാക്കൾക്ക് ഇത് ഒരു വെല്ലുവിളിയാകാമെന്ന് പാപ്പാ കരുതുന്നു. ആത്മീയനേതാക്കൾക്കുണ്ടാകാവുന്ന 15 രോഗങ്ങളെക്കുറിച്ച് അടുത്തകാലത്ത് മാർപാപ്പാ പറഞ്ഞത് ഓർക്കുക (പ്രസംഗം, വത്തിക്കാൻ കൂരിയായിലെ അംഗങ്ങൾക്ക്, 2013 ഡിസം. 22). തങ്ങളെത്തന്നെ ദൃശ്യമാക്കുന്നതിനുവേണ്ടി പീഠത്തിൽ സ്ഥാപിക്കുന്നതാണത്. അങ്ങനെ അവർ തങ്ങളെത്തന്നെ ഒരുതരത്തിലുള്ള അർദ്ധദൈവങ്ങളാക്കുന്നു. അതായത് വിഗ്രഹമാക്കുന്നു. തങ്ങളുടെ പ്രവർത്തനങ്ങൾ ഒരുതരം സൂക്ഷ്മമായ വിഗ്രഹാരാധനയ്ക്കുള്ള ക്ഷണവുമാക്കുന്നു. അതു പരാജയപ്പെട്ടാൽ മെച്ചപ്പെട്ട രണ്ടാമത്തെ കാര്യം തിരഞ്ഞെടുക്കാനായിരിക്കും ശ്രമം. ദൈവത്തിന്റെ വക്താക്കളും സംരക്ഷകരുമാകുക. വിശ്വാസത്തിന്റെ കാര്യത്തിൽ തീവ്രവാദികൾ – മതഭ്രാന്തന്മാർ – ആകുക.
ആത്മീയലൗകായതികത്വം ആധ്യാത്മികനേതാക്കൾക്കു മാത്രമുള്ള പ്രലോഭനമല്ല. പ്രേഷിതപ്രവർത്തനത്തിൽ ഏർപ്പെട്ടിരിക്കുന്ന ആർക്കുമുണ്ടാകാവുന്ന പ്രലോഭനമാണിത്. വിദ്യാഭ്യാസമോ പ്രസംഗമോ സൗഖ്യദായകശുശ്രൂഷയോ തുടങ്ങിയ എന്തു പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവർക്കുമുണ്ടാകാം. രണ്ടു വഴികളിൽ ഈ ലൗകായതികത്വം പ്രകടമാകുന്നു. ജ്ഞാനവാദത്തോടുള്ള ആകർഷണമാണ് ഒന്നാമത്തേത്. വ്യക്തിനിഷ്ഠമായ വിശ്വാസമാണത്. അത് വ്യക്തിയെ സ്വന്തം ചിന്തകളിലും തോന്നലുകളിലും അതിന്റെ ഏകതാത്പര്യം തളച്ചിടും. അതിന്റെ ഏകതാത്പര്യം ഒരു തരം അനുഭവമോ ആശയസംഘാതമോ വിവരങ്ങളുടെ കഷണങ്ങളോ മാത്രമായിരിക്കും. രണ്ടാമത്തേത് സ്വയം മുഴുകുന്ന പ്രൊമേത്തേയൻ നവീന പെലാജിയനിസമാണ്. അവർ സ്വന്തം ശക്തിയിൽ മാത്രം വിശ്വസിക്കുന്നു. തങ്ങളെ മറ്റുള്ളവരെക്കാൾ ശ്രേഷ്ഠരായും പ്രകാശിതരായും കാണുന്നു. ഇത് ഒരുതരം മനുഷ്യകേന്ദ്രീകൃത അന്തർവർത്തിത്വത്തിന്റെ പ്രകാശനമാണെന്ന് മാർപാപ്പാ പറയുന്നു (സുവിശേഷത്തിന്റെ സന്തോഷം, 94). ഇരുവരും ക്രിസ്തുവിനെയും പൂർണസത്യത്തെയും സുവിശേഷത്തെയും അപ്രസക്തമാക്കുന്നു.

ആത്മീയലൗകായതികത്വം എല്ലാറ്റിന്റെയും കേന്ദ്രത്തിൽ ഒരാൾ സ്വയം പ്രതിഷ്ഠിക്കുന്നതാണ്. ഈശോ ഏറ്റവും രൂക്ഷമായി വിമർശിച്ചത് പ്രീശരുടെ കപടനാട്യത്തെയാണ്. ദൈവത്തിന്റെ പേരിൽ തങ്ങളെത്തന്നെ അങ്ങേയറ്റം മഹത്വീകരിക്കാൻ ശ്രമിച്ചതാണ് അതിനു കാരണം. ആത്മീയലൗകായതികത്വത്തിനെതിരേ സന്ധിയില്ലാ സമരം ചെയ്യുന്ന മാർപാപ്പാ നമ്മെ ഓർമ്മിപ്പിക്കുന്നത് രണ്ടായിരം വർഷം കഴിഞ്ഞിട്ടും ഈ പ്രലോഭനം ഇപ്പോഴും നിലനില്ക്കുന്നുവെന്നതാണ്. നവമായി ക്രിസ്തുവിന്റെ പാത തുടരുന്നതുവഴിയേ ആത്മീയലൗകായതികത്വത്തിന്റെ കെണികളെ അതിജീവിക്കാൻ കഴിയുള്ളൂവെന്ന് മാർപാപ്പാ നമ്മെ പഠിപ്പിക്കുന്നു. ഈശോ പ്രസംഗിച്ച സുവിശേഷാത്മക ലാളിത്യത്തിലേക്ക് തിരിച്ചുപോകാൻ അദ്ദേഹം സഭയോട് ആവശ്യപ്പെടുകയും ചെയ്യുന്നു. നിരന്തരവും നിറുത്താത്തതുമായ ഒരു വിവേചിക്കലിന് നാം തയ്യാറാകണമെന്നതാണ് മാർപാപ്പായുടെ ആഹ്വാനം. നമ്മുടെ ഓരോ പ്രവർത്തനത്തിനും മുമ്പിൽ നാം നമ്മോടുതന്നെ ചോദിക്കണം: ഇതാണോ ദൈവം നമ്മിൽനിന്ന് ആവശ്യപ്പെടുന്നത്? വിജയപ്രദമായി ഈ വിവേചിക്കൽ നടത്തുന്നതിനു നമുക്കും പ്രാർത്ഥനയും വിചിന്തനവും വേണം. വെറും ആത്മകേന്ദ്രീകൃതപ്രവർത്തനവും നല്ല വികാരവും അന്ധമായ അനുകരണവും പോരാ എന്നർത്ഥം.

ഫാ. ജോസ് കോട്ടയിൽ

2 comments:

 1. "ലൌകീക ആത്മീയതയ്കെതിരെ പോപ്പ് " എന്ന തലക്കെട്ടുതന്നെ ക്രിസ്തീയ സഭകള്‍ ഇന്നുവരെ അനുഭവിച്ച അടിമത്വത്തിനുകാരണമായ /കള്ളപ്പുരോഹിതര്‍ അഭിനയിച്ച "രാജകീയ പൌരോഹിത്യ"ത്തിനെതിരെയുള്ള പടവാളാണ്! സാരപ്രപഞ്ചത്തിന്റെ 'സൃഷ്ടി സ്ഥിതി ലയ' കര്‍മ്മങ്ങള്‍ക്ക് കര്‍ത്താവായവന്റെ 'സംരക്ഷകരെന്ന്' വെറുതെ നടിച്ചു ഇന്നയോളം അജഗണങ്ങളെ ചൂഷണം ചെയ്ത 'രാജകീയ പൌരോഹിത്യ'ത്തിനെ ഒരിക്കലായി കാലത്തില്‍നിന്നും തുടച്ചുമാറ്റാനുള്ള നിയതിയുടെ സുനാമിയാണീ പോപ്പിന്റെ കണ്ടെത്തല്‍ ! "നിങ്ങളുടെ നീതി ശാസ്ത്രിമാരുടെയും പരീശന്മാരുടെയും നീതിയെ കവിയുന്നില്ലയെങ്കില്‍ സ്വര്‍ഗരാഗ്യം നിങ്ങള്‍ക്കുള്ളതല്ല "എന്ന ക്രിസ്തുവിന്റെ വചനപൊരുലാണീ പോപ്പിന്റെ അട്ടിമറി പ്രസംഗം ! പത്മോസുദ്വീപില്‍ വച്ച് വി.യോഹന്നാന്‍ കണ്ട വെളിപാടിന്റെ രണ്ടും മൂന്നും അദ്ദ്യയങ്ങളുടെ നിര്‍വചനരഹസ്യമാണീ പോപ്പിന്റെ നാവിലൂടൂറിയത്! ഇതിനു സമാനമായി ഏവര്‍ക്കും പാടുവാനും, ആശയത്തില്‍ അലിഞ്ഞുചേരുവാനുമായി ഒരു ഗാനം ഇതാ എന്റെ മനസില്‍ ഊറുകയായി:-

  "നിന്നെപ്പോലെ തന്നെ നിന്നയല്‍ക്കാരേയും
  എന്നു സ്നേഹിച്ചീടാന്‍ നിങ്ങള്‍ക്കാകുമോ ;
  അന്നാള്‍വരെ എന്‍റെ ഇഷ്ടജനമല്ല,
  നിങ്ങളെന്‍റെ പ്രീയ സ്നേഹിതരല്ല !

  നിത്യജീവന്‍ നേടാന്‍ പള്ളികള്‍ പണിതാ-
  നിത്യമാരാധനാ ജല്‍പ്പനം പോരാ.....
  "നല്ലശമാരായന്‍" ആകുവോരാ ഭാഗ്യ-
  സീയോനിലെ നിത്യ വാസികളാകും!

  നാടുനീളെ പള്ളി,പുണ്യാളരോ കോടി ;
  കുര്‍ബാന/കൂദാശ എന്നുമേ കേമം!
  എന്‍ജനമേ കേള്‍ക്ക, യാഗമല്ല "ത്യാഗം ";
  'യാഗം' വെടിഞ്ഞോടി 'ത്യാഗം' ചെയ്യുവീന്‍....

  (Onward Christian Soldiers / We're Marching to Zion (Medle...എന്ന ഈണത്തില്‍ നമുക്കിത് പാടാം ..വരുംതലമുറകള്‍ക്കായി...ഒരു ആത്മജ്ഞാനത്തിന്റെ ഗാനം ....)
  youtube ഇല്‍ Onward Christian Soldiers / We're Marching to Zion (Medle...എന്ന ഈ ഗാനം കേള്‍ക്കാം ....കേള്‍ക്കൂ... ആ ഈണത്തില്‍ ഈ ഗാനം പാടൂ..കാലം കേള്‍ക്കട്ടെ !

  ReplyDelete
 2. നവീകരണത്തിലേക്കുള്ള വളരെ നിർണ്ണായകമായ ഒരു ചുവടുവെപ്പായേക്കാം ഈ തിരിച്ചറിവ്. ദൈവഭക്തിയുടെ പ്രകടനത്തിന്റെ മറവിൽ മനുഷ്യൻ അന്വേഷിക്കുന്നത് അവന്റെ തന്നെ മഹത്വമാണ് എന്ന എക്കാലത്തെയും ഭക്തിപ്രസ്ഥാനങ്ങളുടെ അന്തർധാരയെ വിവേചിച്ച്‌ ക്രിസ്തു
  പറഞ്ഞു: " മനുഷ്യരുടെ കൽപ്പനകൾ പ്രമാണങ്ങളായി പഠിപ്പിച്ച് നിങ്ങൾ വ്യർത്ഥമായി ആരാധിക്കുന്നു", എന്ന്. ക്രിസ്തുവിന്റെ പ്രബോധനങ്ങളിലുള്ള സാമൂഹികമാനങ്ങൾ വകയിരുത്താൻ ഇന്നത്തെ സഭ എന്നവകാശപ്പെടുന്ന 'പ്രകടനക്കാർ', ഒന്നിൽ നിന്നുതന്നെ വീണ്ടും തുടങ്ങേണ്ടതുണ്ട്.

  ReplyDelete