Translate

Monday, June 8, 2015

യു ഡി എഫ് (ആലഞ്ചേരി) !

ഡോ. എൻ. എം. മുഹമ്മദലി എന്നൊരു മനോരോഗവിദഗ്ദൻ ഇക്കഴിഞ്ഞ ജൂൺ അഞ്ചാം തിയതി മരിച്ചു. അദ്ദേഹം പഠിച്ച തിരുവനന്തപുരം മെഡിക്കൽ കോളെജിനു തന്നെ സ്വശരീരം അദ്ദേഹം നേരത്തെ എഴുതിവെച്ചിരുന്നത്രെ. ഒരു മുസ്ലീമോ ഹിന്ദുവോ അങ്ങിനെ ചെയ്തെങ്കിൽ അതു മനുഷ്യസ്നേഹമായി കണ്ടാൽ മതി; പക്ഷേ, ഒരു സീറോമലബാർ ക്രിസ്ത്യാനിയാണ് അങ്ങിനെ ചെയ്തതെങ്കിൽ, പള്ളിവികാരിക്കു വിധിക്കാൻ എന്റെ ശവം പോലും തരില്ലായെന്നുള്ള വാശിയും ഒപ്പം കണ്ടേക്കാം. പ്രസിദ്ധ എഴുത്തുകാരനായ സക്കറിയായുടെ അഭിപ്രായത്തിൽ ഇന്നു ലോകത്തു നിലനിൽക്കുന്ന ഏറ്റവും സങ്കുചിതമായ മതങ്ങളിൽ ഒന്നാണ് സീറൊമലബാർ കത്തോലിക്കാ സഭ. 

വിദ്യാഭ്യാസത്തിന്റെ ലക്ഷ്യം മനുഷ്യനെ നല്ലവനാക്കുകയെന്നതാണെങ്കിൽ ഈ വിചിത്രമതത്തിന്റെ പ്രവർത്തനങ്ങളുടെ ലക്ഷ്യം ആളുകളെ ക്രിസ്ത്യാനി ആക്കുകയെന്നതാണെന്ന് ആർക്കാ അറിയില്ലാത്തത്? ഇതിനെ, മനുഷ്യരെ വഷളാക്കുന്നുവെന്നും വ്യാഖ്യാനിക്കാം. അങ്ങിനെ ഒരു ക്രൂരകൃത്യം സഭ ചെയ്യുന്നില്ലായിരുന്നെങ്കിൽ ഞാൻ ഒരിക്കലും സഭയുടെ വിമർശകനായി മാറില്ലായിരുന്നു. അതിനെ അതിന്റെ വഴിക്കു വിട്ടേനെ. പഠിച്ചാലും പഠിച്ചാലും തീരില്ല സഭയുടെ വേദപാഠം. കുട്ടികൾ അതെങ്ങിനെ ഉൾക്കൊണ്ടൂ എന്നതറിയാൻ ഒരു സ്വതന്ത്ര ഏജൻസിയേക്കൊണ്ട് സഭ ഒരു സർവ്വേ നടത്തട്ടെ, അപ്പോഴറിയാം ഫലം. വിവാഹ മോചനക്കേസുകൾ കുന്നു കൂടുന്നു. പ്രീക്കാനാ ഉണ്ടാക്കി, അതു നിർബന്ധമാക്കി, രണ്ട് ദിവസം എന്നത് ഒരാഴ്ചയാക്കി, മാതാപിതാക്കന്മാരും കൂടി പങ്കെടുക്കണമെന്നാക്കി, പെണ്ണിനേയും ചെറുക്കനേയും തലേന്നു വെഞ്ചരിക്കുന്ന സമ്പ്രദായം ഉണ്ടായി. എന്നിട്ടു കുറഞ്ഞോ കേസുകൾ? കല്യാണ രാത്രിയിലേക്കുള്ള പ്രത്യേക പ്രാർത്ഥനയും ഉണ്ട്. ഞാൻ കൂടുതൽ ഒന്നും പറയുന്നില്ല. കൂടു മാറ്റിയതുകൊണ്ട് മച്ചിപ്പശൂ പെറുന്നില്ല. പരസ്പരം വഴക്കടിക്കുന്ന യാക്കൊബായാ-ഓർത്തഡോക്സ് വിഭാഗങ്ങൾ പോലും ഇത്രയും രൂക്ഷമായ കുടുംബ പ്രശ്നങ്ങൾ നേരിടുന്നില്ലെന്നാണ് എനിക്കു തോന്നുന്നത്.

ഇന്നത്തെ സീറൊമലബാർ സഭയെ ഒരൊറ്റ സഭയെന്നു വിളിക്കാനും പറ്റില്ല. അനേകം നാട്ടുരാജ്യങ്ങളുടെ (രൂപതകളുടെ) ഒരു സംഘം എന്നു വേണമെങ്കിൽ ഈ സിനഡ് കൂട്ടായ്മയെ വിളിക്കാം. യുണൈറ്റെഡ് ആരബ് എമിരേറ്റ്സ് എന്നു പറയുന്നതുപോലെ യുണൈറ്റെഡ് ഡയോസിയൻ ഫോറം (യു ഡി എഫ് - ആലഞ്ചേരി) എന്നിതിനെ വിളിക്കണം. ഒരു രൂപതയിൽ ഉണ്ടാകുന്ന വെളിവല്ല വേറൊരിടത്തുണ്ടാവുന്നത്. മനുഷ്യനെ ദ്രോഹിക്കുന്ന കാര്യത്തിൽ എല്ലാവരും തുല്യരാണ് താനും. ഉദാഹരണത്തിന്, ജെറൂസലെമിനു വിശ്വാസികളേയും കൊണ്ടു തുടർച്ചയായി പൊക്കോണ്ടിരിക്കുന്ന വികാരിമാർ ചില ട്രാവൽ ഏജൻസികളുടേ പിണിയാളുകളായി നിൽക്കുകയാണോ വിദേശയാത്ര സ്ഥിരമായി ആസ്വദിക്കുകയാണോ എന്നു സംശയം പറയുകയും അത്തരം യാത്രകൾക്കു നിയന്ത്രണം ഏർപ്പെടുത്തുകയും ചെയ്തത്, എറണാകുളം - അങ്കമാലി രൂപതയിൽ മാത്രമായാണ്; അല്ലാതെ പാലായിലും കാഞ്ഞിരപ്പള്ളിയിലും ഒന്നുമല്ല. കാഞ്ഞിരപ്പള്ളി മണ്ഡലത്തിൽ ഒരു വിചിത്ര പള്ളിയുണ്ട് (ഇവിടെ പള്ളിയുടെ മൂല്യം ഒരു കോടിയും, പള്ളിമുറിയുടെ മൂല്യം ഇതിന്റെ ഒത്തിരി ഇരട്ടി കോടികളും വരും - അടുക്കളയേക്കാൾ വലിയ കക്കൂസ് എന്നു കേട്ടിട്ടില്ലേ, അതുപോലെ); അവിടുത്തെ വികാരി ഇടവകയിലെ സർവ്വരെയും തന്നെ വിശൂദ്ധ നാട്ടിലേക്ക് എഴുന്നെള്ളിച്ചിട്ടുണ്ട്. ആ മാന്യദേഹം കപ്പലിൽ കാബറേയും കാണുമെന്നാണ് ഒപ്പം പോയ ഒരു വിശുദ്ധനാട് സഞ്ചാരി പറഞ്ഞത് (ഇതു കള്ളമായിരിക്കാനാണ് സാദ്ധ്യത, കടലിൽ പോകുന്നവർ സ്വിമ്മിങ്ങ് സ്യൂട്ട് ധരിക്കുന്നതും, ബെർത്ത് ഡേ സ്യൂട്ടിൽ വരുന്നതും ഡാൻസ് ചെയ്യാനാവില്ല). ഈ അച്ചൻ ഭരിച്ച പള്ളിയിലെ കണക്കിൽ ഒരുപാട് അത്ഭുതങ്ങൾ നടന്നിട്ടുണ്ട് എന്നാണ് അവിശ്വാസികൾ പറയുന്നത്. അവിടെ ഈ രക്ഷായാത്ര ഇപ്പോഴും ഒരു സുകൃതപ്രവർത്തിയാണത്രെ.

മറക്കാനും പൊറുക്കാനും കഴിവില്ലാത്തവരെ സഭാനായകരായി വേണ്ടായെന്നു മാർപ്പാപ്പാ പറഞ്ഞു. ഇതനുസരിച്ചാൽ, ഇടയനുള്ള എത്ര രൂപതകൾ കാണും? എത്ര പള്ളികളിൽ കാണും വികാരിമാർ? സഹജീവിയോട് ഏറ്റവും ക്രൂരമായി പെരുമാറിയതിന്റെ ഇപ്പോഴത്തെ റെക്കോർഡ് കോതമംഗലത്തിന്റെ പേരിലല്ലേ? ഒരു സമുദായാംഗത്തെ സമാനമായ ഒരാരോപണത്തിന്റെ പേരിൽ ഇതുപോലെ ദ്രോഹിച്ച മറ്റൊരു കൂട്ടായ്മയുടെ കഥ ആർക്കെങ്കിലും പറയാമൊ? ഇതു തെറ്റായിരുന്നുവെന്നു കോതമംഗലം രൂപതക്കൊഴിച്ച് ബാക്കിയെല്ലാവർക്കും അറിയാം. 'ഒടുവിലത്തെ വെട്ട്' എന്നാണ് ഇന്ത്യാ റ്റുഡേ, രൂപതയുടെ അവസാനത്തെ പ്രയോഗത്തെ വിളിച്ചത്. വക്കീലായ കന്യാസ്ത്രി ഒരു മഠത്തിന്റെ പാട്ടപ്പറമ്പിൽ കഴിയുന്ന കഥ, മഠത്തിൽ നിന്നു മെയിൻ റോഡിലേക്ക് എറിയപ്പെട്ട സി. റ്റീനായുടെ കഥ .... അങ്ങിനെ സഭയും സഭാധികാരികളും മറന്നതിന്റെയും ക്ഷമിച്ചതിന്റെയും കഥകൾ നാടെങ്ങും നിറഞ്ഞു നിൽക്കുമ്പോൾ നമ്മുടെ സഭയേക്കാൾ മികച്ച മറ്റൊരു മതം എവിടെ? ഇതൊക്കെ നാറ്റക്കേസാണെന്ന് തിരിച്ചറിയാത്ത ഏക വിഭാഗവും ഈ ഭരണവർഗ്ഗം മാത്രം. ഞങ്ങളുടെ നാട്ടിൽ വലിയ അൽഭുതങ്ങൾ ഒന്നും ഇല്ലാതിരിക്കുകയായിരുന്നു. യു.എ.ഇ-ലെ ഉം അൽ ഖുവൈൻ എന്ന സ്ഥലത്തെ പള്ളിയിലും അത്ഭുതം നടന്നു. അവിടെ സിമെന്റു കൊണ്ടുണ്ടാക്കിയ രൂപം നിന്ന നിൽപ്പിൽ കറങ്ങിയത്രെ. പ്രതിമപോലും, ജനങ്ങളിൽ നിന്നും മുഖം തിരിച്ചുവെന്നും വ്യാഖ്യാനിക്കാം. ഒരു പക്ഷേ എഡ്വിൻ അച്ചൻ അവിടെങ്ങാനും എത്തിയതുകൊണ്ടുമാവാം പ്രതിമ തല തിരിച്ചത്.

ഈ സഭയിലെ ധ്യാനഗുരുക്കന്മാരൊടും അല്ലേലൂജാ ധ്യാനക്കാരോടും എനിക്കു വിനീതമായി അഭ്യർത്ഥിക്കാനുള്ളത് നിങ്ങൾ ദൈവത്തെ ഓർത്ത് മറ്റുള്ളവർക്കു വേണ്ടി പ്രാർത്ഥിക്കരുതെന്നാണ്. അയർലന്റിനു വേണ്ടി വട്ടായി പ്രാർത്ഥിച്ചതിന്റെ ഫലം നാം കണ്ടു; ആ ക്രിസ്ത്യൻ രാജ്യം ലോകത്താദ്യം സ്വവർഗ്ഗരതി അംഗീകരിക്കുന്ന രാഷ്ട്രമായി. നാടുനീളെ പള്ളികളിൽ ജാഗരണ പ്രാർത്ഥനകൾ നടക്കാറുണ്ടല്ലോ. തുടങ്ങി ഒരു മണിക്കൂർ കഴിയുമ്പോഴേക്കും പറയാനുള്ളതു മുഴുവൻ പറഞ്ഞു തീരും; പിന്നെ രാവിലെ കക്കൂസിൽ പോകാൻ പറ്റിയതിനു മുതൽ സദ്യ ഉണ്ണാൻ പറ്റിയതിനു വരെ നന്ദി പറയും. ആദ്യമായിട്ടെങ്ങാനും ആ വഴി വന്ന ഒരുവനാണിത് കേൾക്കുന്നതെങ്കിൽ, ഇത്രേം വിശ്വാസമോ എന്നു ചോദിച്ചു വാ പൊളിക്കും. ഏതായാലും കേരളത്തിനു വേണ്ടി പ്രാർത്ഥിച്ചു പ്രാർത്ഥിച്ചു കേരളം തനി ഭ്രാന്താലയമായിയെന്നു പറയാം. കർത്താവിന്റെ പേരിൽ വാറ്റ്, ബാങ്കുകൾ, ഷോപ്പിങ്ങ് കോമ്പ്ലക്സുകൾ, ജെറൂസലേം പള്ളിയേ വെല്ലുന്ന പള്ളികൾ, വൈറ്റ് ഹൗസിനെ വെല്ലുന്ന അരമനകൾ..... ആർമിയേപ്പോലും വെല്ലുന്ന ചിട്ടകൾ! ഇതെല്ലാം കാണണമെങ്കിൽ ആലപ്പൂഴ മുതൽ ഇടപ്പാൾ വരെയും തളിപ്പറമ്പു മുതൽ ഉപ്പള വരെയും ഒന്നു കറങ്ങിയാൽ മതി. പണ്ട് ജോസഫ് പാറേക്കാട്ടിൽ തിരുമേനി കർദ്ദിനാൾ ആയിരുന്നപ്പോൾ പള്ളിയുടെ സ്വർണ്ണം വിറ്റു പരോപകാര പ്രവർത്തി ചെയ്യുമായിരുന്നെന്നു കേട്ടിട്ടുണ്ട്. ഇന്നു നേരെ തിരിച്ചാണ്. പ്രജകളെ വിറ്റ് പള്ളി സ്വർണ്ണം വാങ്ങുന്നു. കത്തോലിക്കാ സഭയുടെ, പോസ്റ്റ് പവ്വം കാലത്താണ് അന്ധത ഏറ്റവും കൂടുതൽ സഭയെ ഗ്രസിച്ചതെന്നു ചരിത്രം എഴുതും. കല്യാണ ധൂർത്ത് നിർത്താൻ സംസ്ഥാന വനിതാ കമ്മീഷൻ വരെ നിർദ്ദേശങ്ങൾ മുന്നൊട്ടു വെച്ചു. കത്തോലിക്കാ സഭക്കു മിണ്ടാൻ ഒന്നുമില്ല. പെരുന്നാൾ ധൂർത്ത് പോലും കുറയ്കാൻ പള്ളിയേക്കൊണ്ട് ആയിട്ടില്ല, ഇതു വരെ. കത്തോലിക്കാസഭ മാർത്തോമ്മാവത്ക്കരിക്കപ്പെട്ടതിനു ശേഷം, ധാർമ്മിക മൂല്യങ്ങളിൽ ഒരടിയെങ്കിലും മുന്നോട്ടുപോയിയെന്ന് കണക്കുകൾ കാണിച്ചു തെളിയിക്കാൻ ആർക്കെങ്കിലും കഴിഞ്ഞാൽ, ഞാൻ ഈ പേന താഴത്തു വെയ്ക്കാം.... ഉറപ്പ്!

തൃശ്ശൂർ രൂപതയിൽ അടുത്തിടെ ബധിരനും ഊമനുമായ ഒരു അച്ചൻ ആംഗ്യഭാഷയിൽ ദിവ്യബലി അർപ്പിച്ചു. മാർ തട്ടിൽ, ഒരു തട്ടിൽ നിന്നുകൊണ്ടു പ്രസംഗിക്കുകയും ചെയ്തു. അങ്ങിനെയും കുർബ്ബാനയോ? സഭ ആകെ കലുഷിതമാണ്. എന്താണ് ശരിയെന്ന് അറിയുന്നവർ വിരളം. ക്രിസ്തുവിനേ കാണാനേയില്ല. കേരള സഭയിൽ ക്രിസ്തുവിനു കിട്ടുന്നതിന്റെ എത്രയോ ഇരട്ടി ആരാധനയാണൂ പുണ്യവാന്മാർക്കു കിട്ടുന്നത്. റോമിലെ ഗ്രിഗോറിയൻ സർവകലാശാലയിൽ അമ്പതുപേരുടെ ഒരു രഹസ്യചർച്ച അടുത്തിടെ നടന്നു. സഭയിൽ ‘തിയോളജി ഓഫ് ബോഡി’ മാറ്റി ‘തിയോളജി ഓഫ് ലവ്’ എന്ന ആശയത്തിന് മുൻഗണന കൊടുക്കണമെന്നൊരു വാദമായിരുന്നു അവിടെ മുഖ്യമായി അവതരിപ്പിക്കപ്പെട്ടത്. ലൈംഗികതയുടെ മഹത്വവും ശരീരത്തിന്റെ ശ്രേഷ്ഠതയും ഉയർത്തിക്കാട്ടുന്ന വിശുദ്ധ ജോൺ പോൾ രണ്ടാമൻ പാപ്പയുടെ ദൈവശാസ്ത്രം മാറ്റിവച്ച് സ്‌നേഹത്തിന്റെ പുതിയൊരു ദൈവശാസ്ത്രം എഴുതിച്ചേർക്കപ്പെടണമെന്നായിരുന്നു സമ്മേളനത്തിന്റെ ആവശ്യം. ജർമ്മൻ മെത്രാന്മാരുടെ നിരയിൽ പ്രധാനിയായ റെയ്‌നാർഡ് മാർക്‌സ് ആയിരുന്നു ഇതിന്റെ ഉപജ്നാതാവ്. ഫ്രാൻസിസ് പാപ്പായുടെ ഒമ്പതംഗ ഉപദേശക സമിതിയിലെ അംഗമാണ് ഇദ്ദേഹമെന്നതാണ് ഞെട്ടിപ്പിക്കുന്ന സത്യം. സ്വിറ്റസർലണ്ടിലെ മെത്രാന്മാരുടെ തലവൻ ബിഷപ് മാർക്കുസ് വ്യൂഹൽ, ഫ്രാൻസിലെ ആർച്ച് ബിഷപ് ജോർജസ് പൊന്തിയേർ എന്നിവർ ഈ ആശയത്തെ പിന്തുണയ്ക്കുന്നവരാണ്. സ്വവർഗരതിയെ പ്രോത്സാഹിപ്പിക്കുകുയം അംഗീകരിക്കുകയും ചെയ്യുന്ന ഒരു കത്തോലിക്കാസഭ ഏതു വിധത്തിലായിരിക്കും ക്രിസ്തുവിന് സാക്ഷ്യം വഹിക്കുക എന്ന കാര്യത്തിൽ ഏറെ സംശയമുണ്ട്, അതിലേറെ ആശങ്കയും. വിശുദ്ധിയും അശുദ്ധിയും തമ്മിലുള്ള അവിശുദ്ധ കൂട്ടുകെട്ട് മധ്യയുഗത്തിലെ സഭയെ എങ്ങനെ തകർത്തുവോ അതിനെക്കാൾ ക്രൂരമായിരിക്കാം ആധുനിക കാലത്തിലെ സഭയ്ക്കുണ്ടായേക്കാവുന്ന തിരിച്ചടി.

ഇതെല്ലാം മനസ്സിൽ കണ്ടായിരിക്കണം ഡോ. കോട്ടൂർ എഴുതിയത്, ക്രിസ്ത്യാനിയെന്നു വിളിക്കപ്പെടാൻ ആരും ആഗ്രഹിക്കരുതെന്ന്. അദ്ദേഹം പറയുന്നതിലും കാര്യമുണ്ട്. ഒരു കാലത്ത് ഈശോ സഭയുടെ അംഗീകരിക്കപ്പെട്ട വക്താവായിരുന്നു ഡൊ. കോട്ടൂരെന്നു ഞാൻ കേട്ടിട്ടുണ്ട്. അദ്ദേഹത്തെപ്പോലെ ഈശോ സഭാ പണ്ഡിതനായിരുന്ന ഡോ ജോൺ തെക്കേടവും പറയുന്നത് ഒന്നു തന്നെയാണെന്നോർക്കണം. യേശു യഹൂദനായി ജനിക്കുകയും അങ്ങിനെ തന്നെ മരിക്കുകയും ചെയ്തെന്നും, ഒരിക്കലും ക്രിസ്ത്യാനി ആയിരുന്നില്ലെന്നും ഡോ. കോട്ടൂർ പറയുന്നതു തെറ്റാണെന്നു പറയാൻ ആർക്കു കഴിയും? ഫരീശയനേപ്പോലെ 'ഞാൻ മറ്റുള്ളവരേക്കാൾ മികച്ചവനെന്ന്' അവകാശപ്പെടുന്ന ഒരാൾ എങ്ങിനെ ക്രിസ്ത്യാനി ആയിരിക്കുമെന്നും അദ്ദേഹം ചോദിക്കുന്നു. ആർഭാടത്തിന്റെ ഈ മായാ ലോകത്ത് എളിമയുടെ അത്ഭുതങ്ങളായി മാറാൻ കഴിവില്ലെങ്കിൽ എങ്ങിനെ ഒരാൾക്കു ക്രിസ്തു ശിക്ഷ്യനെന്നു പറയാൻ കഴിയുമെന്നും അദ്ദേഹം ചോദിക്കുന്നു. തോമ്മാസ്ലീഹാ ഇവിടെ ക്രിസ്തു മതം സ്ഥാപിച്ചുവെന്നു പറയുന്നതിനേക്കാൾ അബദ്ധജഢിലമായ ഒരു പ്രസ്ഥാവന കാണില്ല, കാരണം അക്കാലത്തു ക്രിസ്തുമതം ഉണ്ടായിയിരുന്നില്ല. യേശുവിന്റെ സന്ദേശം സ്വീകരിച്ചവരെ മാർഗ്ഗം കൂടിയവരെന്നായിരുന്നല്ലൊ വിളിച്ചിരുന്നത്. എത്രയോ വർഷങ്ങൾക്കു ശേഷമാണ് ക്രിസ്തുമതം ഉണ്ടായത്. തോമ്മാശ്ലീഹാ കുറേ പള്ളികൾ സ്ഥാപിച്ചെന്നും അവകാശപ്പെടുന്നുണ്ട്. തോമ്മാ സ്ലീഹായുടെ കാലത്ത് യേശു ശിക്ഷ്യരുടെ ഇടയിൽ ഒരു കൂദാശയും ഉണ്ടായിരുന്നില്ല, കുർബാനയും ഉണ്ടായിരുന്നില്ല, പള്ളിയിൽ നടത്താൻ ഒരു ചടങ്ങും ഉണ്ടായിരുന്നില്ല (യേശു പ്രാർത്ഥിക്കാനായി പള്ളിയിൽ പോയെന്നു റക്ഷ്യാക്കാർ വിവർത്തനം ചെയ്ത ബൈബിളിൽ പോലുമില്ല). കുറേ കഥകൾ പറയാനല്ലാതെ, യേശുവിന്റെ സന്ദേശത്തിനു പ്രാമുഖ്യം കൊടുക്കാൻ കഴിവില്ലാത്ത ഒരു സഭ ഇവിടെ വികസിച്ചു വന്നിരിക്കുന്നു. വേണ്ടത്ര വിവരമുണ്ടെന്നു കരുതപ്പെടുന്ന മെത്രാന്മാരും തലപ്പത്തില്ല. ഈ സഭ സീറൊക്കും താഴേക്കു പോയില്ലെങ്കിലേ അത്ഭുതമുള്ളൂ.

കന്യാസ്ത്രികൾക്കൂ രണ്ടു ജോഡി അടിവസ്ത്രങ്ങളേ ഉള്ളൂവെങ്കിലും അടിച്ചു പൊളിച്ചു ജീവിക്കാമെന്നു തെളിവുകൾ നിരത്തി വാദിച്ച തേലക്കാട്ട് വല്യച്ചനെ കുറേക്കാലമായിട്ട് കാണുന്നില്ല. ഇതിനേപ്പറ്റിയുള്ള ചർച്ചകൾ കാക്കനാട്ട് നടക്കുന്നുണ്ടാവാം. എല്ലാ കാര്യങ്ങളൂം നമ്മൾ ഉദ്ദേശിക്കുന്നതിലും വിശദമായി ചർച്ച ചെയ്യപ്പെടുന്നുണ്ടെന്നാണല്ലൊ അദ്ദേഹം കൈരളിക്കാരോടു പറഞ്ഞത്.

5 comments:

  1. ഭരത് ഗോപി ശുശ്രുവും, അളിയൻ കാർമ്മികനും !.

    കൊപ്പേൽ :- ഇന്ന് 6/ 7 / 2015, ഞായറാഴ്ച അളിയന്മാരുടെ സംഗമ ബലിയായിരുന്നു കൊപ്പേലിൽ . കൊപ്പേൽ പള്ളിയുടെ ആരംഭഘട്ടത്തിൽ ക്ലാവർ കൃഷിയുടെ വിളവറിയാൻ നീട്ടിപിടിച്ച കഴുത്തുമായി അനുജൻ xxx -നെ
    കൂട്ടുപിടിച്ച് ഒരുനാൾ ഈ കാർമ്മികൻ വന്നിരുന്നു. ഇപ്പോൾ അനുജൻ xxx ഉം അളിയൻ ഭരത് ഗോപനും കൊപ്പേൽ പള്ളിയുടെ അൽത്താരബാലന്മാരുടെ ഗണത്തിൽ മുൻ പന്തിയിലാണ് . അളിയൻ വിശുദ്ധ ബലി അർപ്പിക്കുമ്പോൾ അനുജൻ ധൂമക്കുറ്റി ആട്ടി ദൈവാലയം ധൂമപടലംകൊണ്ട് നിറക്കുന്നു . പൈശാചികമായി എന്തെങ്കിലും ദൈവാലയത്തിനുള്ളിൽ ഉണ്ടെങ്കിൽ അത് ദൈവാലയം വിട്ട് പോകേണ്ടതാണ്. പക്ഷെ എന്ത് ചെയ്യാം , മാമോന്റെ കിരീടം ബേമയിലും അൽത്താരയിലും അങ്ങനെ ഇരിക്കുകയല്ലെ പിന്നെ എങ്ങനെ
    ദൈവസാമ്യപ്യം പള്ളിയിലുണ്ടാകും. ആർക്കും എന്തും ആകാം കൊപ്പേലിൽ , വികാരിക്ക് തോന്നുന്നത് വികാരി ചെയ്യുന്നു , കപ്യാരും മറ്റ് അൾത്താര ബാലന്മാരും ദിവ്യബലിയിൽ ശുശ്രു സ്ഥാനത്തേക്ക് നിൽക്കാൻ മത്സരമാണ് . ഉന്തും തള്ളും തുടങ്ങിയിട്ട് കുറെയായി . കണ്ണ് കാണാത്തവനും , ചെവി കേൾക്കാത്തവനും , പറഞ്ഞാൽ തിരിയാത്തവനും അടങ്ങുന്നവരുടെ കൂട്ടത്തിൽ നിശാ ബാറിലെ xxx -ഉം പെടും. എന്ത് ചെയ്യാം അങ്ങനെയിരിക്കെ ഇതിനിടയിലേക്കാണു പുതിയ ഒരഥിതികൂടി വന്നു ചാടിയിരിക്കുന്നത് നമ്മുടെ ഭരത് ഗോപൻ ചേട്ടൻ . വൈദികനെ മറ്റിനിർത്തി വേണ്ടിവന്നാൽ അങ്ങേര് കുർബാനയും ചെല്ലാൻ മടിക്കില്ല .
    ഇപ്പോൾ കുർബാനക്ക് കൊടുക്കുന്നത് ഗോപൻ ചേട്ടനാണ് . അൾത്താര ബാലന്മാരുടെയിടയിൽ മുറുമുറുപ്പ്
    വർദ്ധിച്ചുവരുന്നു , ഇന്നലെ വന്നവൻ അകത്തെ ആളായി മാറിയതിൽ ആർക്കും അത്ര സുഖിച്ചിട്ടില്ല . ഭരത് ഗോപൻ ചേട്ടൻ ആരാ മോൻ , ദേശീയ അവാർഡല്ലെ കയ്യിലിരിക്കുന്നത് പിന്നെ ആരെ പേടിക്കാനാണു .
    എന്തിന് പറയാനാണ് തൂണും ചാരിനിന്നവൻ പെണ്ണിനേംകൊണ്ടുപോയി എന്ന് പറഞ്ഞതുപോലെയായി .

    ReplyDelete
  2. കാര്യ കാരണ സഹിതം വിവരിച്ചിരിക്കുന്ന റോഷന്റെ ഈ ലേഖനം വളരെ നന്നായിരിക്കുന്നു. ഞാൻ മനസിരുത്തി ആദ്യം മുതൽ അവസാനം വരെ വായിച്ചു. ഗൾഫിൽ താമസിച്ചു കൊണ്ട് ഇത്രമാത്രം വിവരങ്ങൾ അദ്ദേഹം എങ്ങനെ ശേഖരിക്കുന്നുവെന്നും അതിശയിക്കാറുണ്ട്. ഇതൊക്കെ ബിഷപ്പുമാരും അച്ചന്മാരും വായിക്കുന്നുണ്ടോയെന്നറിയില്ല. കമ്പ്യൂട്ടറിനെ ഇവർ ഭയപ്പെടുന്നു. ഈമെയിലും ഇന്റർനെറ്റും പിശാചിന്റെ സേവയെന്നാണ് ഇടുക്കി പോലുള്ള പട്ടിക്കാട്ടിൽ കാട്ടുരാജാവായി കഴിയുന്ന ഇടുക്കി മെത്രാനെ പ്പോലുള്ളവർ കരുതുന്നത്. സഭയുടെ കൊള്ളരുതായ്മകൾ ഒന്നടങ്കം നിരത്തിയിരിക്കുന്ന റോഷന്റെ ഈ ലേഖനത്തിന് മറുപടി നല്കാൻ ഏതെങ്കിലും മെത്രാന് സാധിക്കുമോ.? അധാർമ്മിക പ്രവർത്തികൾ കൂടെ കൂടെ ചെയ്യുന്നവർക്ക് അധർമ്മവും ധർമ്മമാണെന്ന് തോന്നും. കുടുംബ പാരമ്പര്യമുള്ള കാവുകാട്ട്, വള്ളോപ്പള്ളി പോലുള്ള മെത്രാന്മാർക്ക് ജന്മം കൊടുത്തത് പാലാ രൂപതയെന്നു ചിന്തിക്കണം. അവരുടെ സ്ഥാനത്ത് ചിന്താശക്തി നശിച്ച ഒരു കൂട്ടം ആത്മീയ നേതാക്കന്മാർ സഭയെ നയിക്കുന്നതും വിരോധാഭാസം തന്നെ. ഒരു കണക്കിന് സീറോ മലബാർ സഭയുമായി അകന്ന് നന്നേ ചെറുപ്പത്തിലെ അമേരിക്കയിൽ ഞാൻ കുടിയേറിയത് നന്നായി. അല്ലായിരുന്നെങ്കിൽ ഒരു പക്ഷെ ഇടുക്കി, കാഞ്ഞിരപ്പള്ളി , കോതമംഗലം പോലുള്ള ബിഷപ്പു മാരുടെ പൊട്ടവാക്യങ്ങൾ ഞാനും ദൈവ വാക്യങ്ങളായി ചിന്തിച്ചേനെ.

    ReplyDelete
  3. പരിസരത്തിനു ചേരാത്തതാണ് ആഡംഭരം, അല്മായനായാലും അച്ചന്മാരായാലും വീടാണെങ്കിലും പള്ളിയാണെങ്കിലും പരിസരത്തിനു യോജിക്കാത്ത രീതിയിൽ പെരുമാറുമ്പോൾ അതിൽ പന്തികേടുണ്ട്.

    ചെയ്യുന്നത് സാമാന്യ മനുഷ്യയുക്തിക്കും നാട്ടിലെ അംഗീകൃത നിയമങ്ങൾക്കും മറിച്ചാണെന്ന് മനസ്സിലാകുമ്പോൾ അത് തിരുത്തുക എന്നതാണ് വിവേകം. വിശേഷിച്ച് അത് സുഹൃത്തുക്കളും അല്ലാത്തവരും നിരന്തരം ചൂണ്ടിക്കാണിക്കുമ്പോൾ അത് കേട്ടില്ലെന്നും കണ്ടില്ലെന്നും വയ്ക്കുന്നത് ഒന്നുകിൽ ധാർഷ്ട്യമാണ്, അല്ലെങ്കിൽ ബുദ്ധിമാന്ദ്യമാണ്.

    അല്മായശബ്ദത്തിലെ മുഖ്യ എഴുത്തുകാരനും പേരുകേട്ട മാദ്ധ്യമപ്രവർത്തകനുമായ ഡോ . കോട്ടൂർ ഇതിനകം പലതവണ സഭയെയും അതിന്റെ നടത്തിപ്പിനെയും ബാധിക്കുന്ന ഗൗരവമുള്ള വിഷയങ്ങളെക്കുറിച്ച് ഗഹനമായ പഠനങ്ങൾക്ക് ശേഷം കുറിച്ചവ ഇന്ത്യയിലെ എല്ലാ മെത്രാന്മാർക്കും അയച്ചുകൊടുത്തിട്ടുണ്ട്. ഇവരിൽ ആരും അവ കൈപ്പറ്റിയതായോ പറഞ്ഞ കാര്യം പരിഗണിക്കുന്നതായോ ഒരു വാക്ക് പോലും മറുപടിയായി കൊടുക്കുന്നില്ല. അവരുടെ ഭാഗത്തുണ്ടാകുന്ന തെറ്റുകളെപ്പറ്റി ഒരിക്കൽ പോലും ഈ മെത്രാന്മാരിൽ ഒരാൾ പോലും ഇടയലേഖനത്തിലൂടെയോ അല്ലെങ്കിൽ പ്രസംഗത്തിനിടക്കോ 'മാപ്പ് ' എന്നൊരിക്കലെങ്കിലും പറഞ്ഞതായി കേരളത്തിലെ സഭാചരിത്രത്തിലില്ല. ഇവരെന്താ ഇപ്പോഴും തെറ്റാവരമുള്ളവരാണോ? അതല്ലേ ഇപ്പോഴും എപ്പൊഴുംഅവരുടെ മനസ്സിലിരുപ്പ്? മാനവരാശിയുടെ എന്നതുപോലെ തങ്ങൾ അംഗങ്ങളായ സഭയുടെ ഉന്നമനത്തെക്കുറിച്ചു മനസ്സാക്ഷിക്കനുസരിച്ചു ചിന്തിക്കാൻ ഏവർക്കും സ്വാഭാവികമായ സ്വാതന്ത്ര്യവും കടമയും ഉണ്ടെന്നാണ് പോപ്‌ ഫ്രാൻസിസ് ആവർത്തിച്ചു പറയുന്നത്. തെറ്റുപറ്റുന്നവർ, അവർ എതുസംവിധാനത്തിൽ പെട്ടാലും, സർക്കാരാകട്ടെ , സഭയാകട്ടെ, വീഴ്ച സമ്മതിക്കാൻ ബാദ്ധ്യസ്ഥരാണ്‌. അത്തരം അവസരങ്ങളിൽ മൌനം പാലിക്കുക എന്നാൽ സ്വയം ന്യായീകരിക്കുക എന്നാണ്. നവീകരണത്തിനുള്ള ആവശ്യം ചൂണ്ടിക്കാണിക്കുന്നവരാണ് ഒരു പ്രസ്ഥാനത്തെ ആരോഗ്യമുള്ളതായി നിലനിര്ത്തുന്നത്. ഇത് മെത്രാന്മാർ മനസ്സിലാക്കണം. അവരെക്കാൾ പരിസരബോധമുള്ളവർ പറയുന്നത് ശദ്ധിക്കാൻ അവര്ക്ക് കടമയുണ്ട്. ശ്രീ കോട്ടൂർ ഗൌരവപൂർവ്വം എഴുതിക്കൊണ്ടിരിക്കുന്ന വസ്തുതകൾ തന്നെയാണ് ശ്രീ റോഷൻ അല്പം നർമം ചേർത്ത് കുറിച്ചുകൊണ്ടിരിക്കുന്നതും.
    ആത്മശുശ്രൂഷയിൽ നിന്ന് കെട്ടിടനിര്മാണത്തിലെയ്ക്ക് കാലു മാറ്റി ചവിട്ടിയിരിക്കുന്ന ഭാരതസഭ വിശ്വാസികളുടെ പൊതുമുതലിലാണ് കയ്യിട്ടു വാരുന്നതും അതിനിടക്ക് കക്കുന്നതും. ദരിദ്രരെ നശിപ്പിക്കുന്നതിനു തുല്യമാണിത്. ദിവസം പത്തുവട്ടമെങ്കിലും വചനം വചനം എന്ന് ഉത്ഘോഷിക്കുന്ന ഈ മെത്രാന്മാർ ഹൃദയവും കരളുമൊന്നും ഇല്ലാത്തവരാണ് തങ്ങളെന്ന് പ്രഖ്യാപിക്കുകയാണ് ചെയ്യുന്നത് എന്നാണ് ഇപ്പോൾ കൂടുതൽ കൂടുതൽ വിശ്വാസികൾ മനസ്സിലാക്കുന്നത്.

    ReplyDelete
  4. This comment has been removed by the author.

    ReplyDelete
  5. മലയാളം വായിക്കാനറിയാവുന്ന സുമനുസുകളെ ,ഇതോരുവട്ടം വായിക്കൂ ,"ഈ വിചിത്രമതത്തിന്റെ പ്രവർത്തനങ്ങളുടെ ലക്ഷ്യം ആളുകളെ ക്രിസ്ത്യാനി ആക്കുകയെന്നതാണെന്ന് ആർക്കാ അറിയില്ലാത്തത്? "എന്ന വാചകത്തില്‍ ഒരു തിരുത്ത്!"ക്രിസ്തുവില്‍നിന്നും അവന്റെ സ്നേഹഭാഷ്യത്തില്‍നിന്നും മനുഷ്യമനസുകളെ അതിവേഗം ബഹുദൂരം അടിച്ചുമാറ്റുന്ന സാത്താന്റെ മതമാണീ...'ക്രിസ്തുവിന്റെ മണവാട്ടി' ചമയുന്ന ഇന്നത്തെ സഭകളാകെ, എന്ന കലികാലസത്യം വിളംബരം ചെയ്യുന്ന ഈ കുറിപ്പുകള്‍ വായിച്ചു നിങ്ങളും അറിവുള്ളവരാകൂ , അറിവിനെ അറിയാന്‍ കൊതിക്കുന്ന മനസുകളെ..ഇതിലെ ഇതിലെ ....
    ക്രിസ്തുവിന്റെ ഓശനനാളിലെ എരിവും ചാട്ടയുമാണ് റോഷന്റെ തൂലികയിലെ ഈ മൂര്‍ച്ച ! "പാലം കുലുങ്ങിയാലും കേളന്‍ കുലുങ്ങില്ല" എന്ന പൊട്ടന്റെ നിലയാണ് മെത്രാന്‍ വേഷധാരികള്‍ക്ക് ! ആയതിനാല്‍ ഡോക്ടര്‍ .കോട്ടൂരിന്റെ ചികിത്സ ,കാണ്ടാമ്രിഗത്തിന്റെ തോലുള്ള ചെന്നൈക്കള്‍ ആടുകളായി നടിച്ചു പള്ളിയില്‍ കയറിക്കൂടി ളോഹയെന്ന പടച്ചട്ടയണിഞ്ഞ ഇന്നിന്റെ പുരോഹിതരോട് വിലപ്പോകില്ല ! വഴി ഒന്നേയുള്ളൂ ജനം ക്രിസ്തുവിനെ അനുസരിച്ചു "പ്രാര്‍ഥിക്കാന്‍ പള്ളിയില്‍ പോകാതെയിരിക്കുക "! അങ്ങനെ ജനത്തിനു വിവരമായാല്‍ ഇവന്റെയൊക്കെ അഹമ്മതി താനേ താഴെയിറങ്ങും നിശ്ചയം ! വേറൊരു പോമ്വഴിയുണ്ടോ സഖാക്കളെ ..ചിന്തിക്കൂ..പറയൂ..

    ReplyDelete