Translate

Sunday, June 21, 2015

വേറിട്ടൊരു ശബ്ദം -- സത്യജ്വാല എഡിറ്റരുടെ പ്രതികരണം

അഡ്വ . ജേക്കബ് പുളിക്കന്‍ 
(ചെയര്‍മാന്‍, 'യുണൈറ്റഡ് ക്രിസ്ത്യന്‍ മൂവ്‌മെന്റ് ഫോര്‍ ദൈ കിംഗ്ഡം'    ഫോണ്‍: 9037332984 ) 
സത്യജ്വാലയിലേക്കയച്ച  ലേഖനം വ്യാപകമായ ചര്ച്ചയ്ക്ക് വിധേയമാക്കാനായി  അല്മായശബ്ദത്തിൽ പ്രസിദ്ധീകരിച്ചിരുന്നത് 
 http://almayasabdam.blogspot.in/2015/06/blog-post_10.html
വായിച്ചശേഷം സത്യജ്വാല എഡിറ്റർ 
ജോർജ്‌ മൂലേച്ചാലിൽ എഴുതിയ 
ഈ പ്രതികരണം  വായിക്കുക


'ചര്‍ച്ച് ആക്ട്' അല്ല, രണ്ടാം വത്തിക്കാന്‍ കൗണ്‍സില്‍ തീരുമാനങ്ങളും നിര്‍ദ്ദേശങ്ങളുമാണ് നടപ്പാക്കേണ്ടതെന്നാണ് ബഹു. ലേഖകന്‍ ഇവിടെ വാദിക്കുന്നത്. അത്മായരുടെ ഭാഗത്തുനിന്ന് കൗണ്‍സില്‍ തീരുമാനങ്ങള്‍ സഭയില്‍ നടപ്പാക്കണമെന്ന ആവശ്യമോ അതു സംബന്ധിച്ച ബോധവല്‍ക്കരണമോ നടത്തിയിട്ടില്ലെന്ന് അദ്ദേഹം കുറ്റപ്പെടുത്തുന്നുമുണ്ട്.
ശരിയാണ്, പൗരസ്ത്യദേശത്തെ സഭകള്‍ക്കായി വത്തിക്കാന്‍ കൗണ്‍സില്‍ നല്‍കിയിട്ടുള്ള നിര്‍ദ്ദേശങ്ങള്‍ ആത്മാര്‍ത്ഥമായി നടപ്പാക്കിയാല്‍ 'ചര്‍ച്ച് ആക്ട്' ആവശ്യമായി വരില്ല. കാരണം, 'പൗരസ്ത്യദേശത്തെ സഭകള്‍ക്കും പാശ്ചാത്യസഭകളെപ്പോലെതന്നെ തങ്ങളുടേതായ പ്രത്യേകശിക്ഷണക്രമത്തില്‍ സ്വയം ഭരിക്കാനുള്ള അവകാശവും കടമയുമുണ്ടെന്ന് ഈ കൗണ്‍സില്‍ വ്യക്തമാക്കുന്നു' എന്നാണതു പ്രഖ്യാപിച്ചിട്ടുള്ളത്.
കേരളസഭയുടെ പ്രത്യേക ശിക്ഷണക്രമം 'മാര്‍ത്തോമ്മായുടെ മാര്‍ഗ്ഗവും വഴിപാടും' ആണെന്ന് ഇന്നത്തെ സഭാധികാരികളടക്കമുള്ള സഭാചരിത്രകാരന്മാര്‍ സമ്മതിച്ചിട്ടുള്ളതാണ്. ഇപ്പോഴത്തെ തൃശൂര്‍ ആര്‍ച്ചുബിഷപ്പ് മാര്‍ ആന്‍ഡ്രൂസ് താഴത്ത്, ‘Law of Thomas എന്ന പേരില്‍ ഒരു ഗ്രന്ഥംതന്നെ എഴുതിയിട്ടുണ്ട്. 'ഒരു ക്രിസ്ത്യന്‍ ശിക്ഷണക്രമമെന്ന നിലയില്‍ മാര്‍ത്തോമ്മായുടെ നിയമം ക്രിസ്തുവിലും ക്രിസ്തുവിന്റെ പഠനങ്ങളിലും അധിഷ്ഠിതമായിട്ടുള്ളതാണ്' എന്നാണദ്ദേഹം അതില്‍ പറഞ്ഞിട്ടുള്ളത്. അതിന്റെ സവിശേഷത അദ്ദേഹം ഇങ്ങനെ എടുത്തുപറഞ്ഞിരിക്കുന്നു: 'സഭയുടെ ഭരണം നടത്തിപ്പോന്നത് യോഗം എന്നറിപ്പെട്ടിരുന്ന മാര്‍ത്തോമ്മാ ക്രൈസ്തവരുടെ സമ്മേളനമായിരുന്നു. മൂന്നുതരം യോഗങ്ങളാണ് ഉണ്ടായിരുന്നത്. (1) ഇടവകയോഗം, (2) പ്രാദേശികയോഗം, (3) പൊതുയോഗം അല്ലെങ്കില്‍ മഹായോഗം/മലങ്കരപ്പള്ളിയുടെ യോഗം.' മാര്‍ത്തോമ്മായുടെ നിയമത്തെപ്പറ്റി മാര്‍ ജോസഫ് പൗവ്വത്തില്‍ പറഞ്ഞിരിക്കുന്നത്, 'നസ്രാണികളുടെ പ്രത്യേകമായ ദൈവശാസ്ത്ര പൈതൃകത്തിന്റെ ആകെത്തുക മാര്‍ത്തോമ്മായുടെ നിയമം (മാര്‍ത്തോമ്മായുടെ മാര്‍ഗ്ഗം) എന്ന പദസമുച്ചയത്തില്‍ ഉള്‍ക്കൊണ്ടിരിക്കുന്നു. അവരുടെ സഭാജീവിതശൈലിയില്‍ പ്രത്യേകം പ്രകടമാകുന്ന മുഴുവന്‍ ക്രൈസ്തവ പൈതൃകവും അതില്‍ അന്തര്‍ലീനമാണ്' എന്നാണ്.
രണ്ടാം വത്തിക്കാന്‍ കൗണ്‍സില്‍ നിര്‍ദ്ദേശമനുസരിച്ച്  കേരളസഭയുടെ ഈ പൂര്‍വ്വപാരമ്പര്യം വീണ്ടെടുക്കണമെന്ന നിലപാടുതന്നെയായിരുന്നു, കൗണ്‍സിലിനുശേഷം കേരളത്തില്‍ രൂപംകൊണ്ട അത്മായപ്രസ്ഥാനങ്ങള്‍ ക്കെല്ലാമുണ്ടായിരുന്നത്. എത്രയോ സെമിനാറുകള്‍, എത്രയോ പൊതുസമ്മേളനങ്ങള്‍, എത്രയോ ഇടങ്ങളില്‍ ഇക്കാര്യത്തിലുള്ള ബോധവല്‍ക്കരണത്തിനായി നടത്തുകയുണ്ടായി! മെത്രാന്‍സമിതിക്കും മേജര്‍ ആര്‍ച്ചുബിഷപ്പിനും റോമിലെ പൗരസ്ത്യസംഘത്തിനും മാര്‍പ്പാപ്പായ്ക്കുതന്നെയും ഇതുസംബന്ധിച്ചു പലവട്ടം നിവേദനങ്ങളും നല്‍കിയിട്ടുണ്ട്. അതുകൊണ്ട്, അതിനുവേണ്ടിയുള്ള സംഘടിതനീക്കങ്ങളൊന്നും അത്മായരുടെ ഭാഗത്തുനിന്നുണ്ടാ യിട്ടില്ല എന്നു ലേഖകന്‍ ആരോപിച്ചിരിക്കുന്നതു ശരിയല്ല. സഭാനേതൃത്വം അതൊന്നും കണ്ടതായി ഭാവിക്കുകപോലുമുണ്ടായിട്ടില്ല എന്നതാണു  വസ്തുത. പകരം, കേരളസഭയ്ക്ക് കല്‍ദായപൈതൃകമാണുള്ളത് എന്ന റോമിലെ പൗരസ്ത്യസംഘത്തിന്റെ വാദം ഏറ്റെടുത്ത്, മാര്‍ പൗവ്വത്തിലിന്റെ നേതൃത്വത്തില്‍, ഈ സഭയെ കല്‍ദായവല്‍ക്കരിക്കുകയാണു ചെയ്തത്!  അങ്ങനെയാണ്, കേരളസഭയ്ക്കു ബാധകമല്ലാത്ത പൗരസ്ത്യ കാനോന്‍ നിയമം ഈ സഭയില്‍ അടിച്ചേല്‍പ്പിക്കപ്പെട്ടത്.
അങ്ങനെ, രണ്ടാം വത്തിക്കാന്‍ കൗണ്‍സിലിനെ മുന്‍നിര്‍ത്തിയുള്ള തങ്ങളുടെ പരിശ്രമങ്ങളെല്ലാം വിഫലമായി എന്നു കണ്ടതിനുശേഷംമാത്രമാണ്, മറ്റു മതസമൂഹങ്ങള്‍ക്കുള്ളതുപോലുള്ള ഒരു നിയമം ക്രൈസ്തവരുടെ മതസ്വത്തുക്കളും സ്ഥാപനങ്ങളും ഭരിക്കാന്‍ നിര്‍മ്മിച്ചു നല്‍കണമെന്ന ആവശ്യം അത്മായപ്രസ്ഥാനങ്ങള്‍ ഉയര്‍ത്തിയത്. അതിനു മുന്നോടിയായി, 2004 ആഗസ്റ്റ് 21-ന്, കോട്ടയം ഡി.സി. കിഴക്കേമുറി ഹാളില്‍ ശ്രീ ജോസഫ് പുലിക്കുന്നേലിന്റെ നേതൃത്വത്തില്‍, കേരളത്തിലന്നുണ്ടായിരുന്ന വിവിധ അത്മായ നേതാക്കളെ വിളിച്ചുകൂട്ടി, ഇത്തരമൊരു നിയമനിര്‍മ്മാണത്തിന്റെ ആവശ്യകത വിശദമാക്കുന്ന ഒരു പ്രബന്ധമവതരിപ്പിക്കുകയും വ്യാപകമായ ചര്‍ച്ചയ്ക്കു വിധേയമാക്കുകയും ചെയ്തിരുന്നു. തുടര്‍ന്നാണ്, അദ്ദേഹവും വിവിധ അത്മായപ്രസ്ഥാനങ്ങളും ഗവണ്‍മെന്റിനെ സമീപിച്ചതും വി.ആര്‍. കൃഷ്ണയ്യരുടെ നേതൃത്വത്തിലുള്ള നിയമപരിഷ്‌കരണകമ്മീഷന്‍, ഒരു ട്രസ്റ്റ് ബില്ലിന് -ചര്‍ച്ച് ആക്ടിന്-രൂപംനല്‍കി ഗവണ്‍മെന്റിനു സമര്‍പ്പിച്ചതും.
'ചര്‍ച്ച് ആക്ട്' എന്നറിയപ്പെടുന്ന ഈ ട്രസ്റ്റ് ബില്ലിന്റെ ഊന്നലും, മാര്‍ത്തോമ്മാപാരമ്പര്യപ്രകാരമുള്ള അതേ പള്ളിയോഗസഭാഭരണസമ്പ്രദായം വീണ്ടെടുക്കുക എന്നതിലാണെന്ന് ലേഖകന്‍ മനസ്സിലാക്കിയിട്ടുണ്ടോ എന്നറിഞ്ഞുകൂടാ. മൂന്നു തട്ടുകളുള്ള പള്ളിയോഗങ്ങളുടെ പേരുകള്‍ കാലാനുസൃതമായി മാറ്റിയിട്ടുണ്ടെന്നേയുള്ളൂ. വേറൊരു മാറ്റം സ്ത്രീകള്‍ക്കുകൂടി പങ്കാളിത്തം നിര്‍ദ്ദിഷ്ട ചര്‍ച്ച് ആക്ടില്‍ വ്യവസ്ഥചെയ്തിട്ടുണ്ടെന്നതാണ്. ഉള്ളടക്കത്തില്‍ മറ്റു വ്യത്യാസമൊന്നുമില്ല. ചുരുക്കത്തില്‍, കൗണ്‍സില്‍പ്രകാരം കേരളസഭ പൂര്‍വ്വപാരമ്പര്യത്തിലേക്കു പോകാന്‍ സന്നദ്ധത കാണിച്ചിരുന്നെങ്കില്‍ അതെങ്ങനെയാകുമായിരുന്നോ അങ്ങനെതന്നെയാണ്, ചര്‍ച്ച് ആക്ട് പ്രകാരമുള്ള സഭാഭരണവും വിഭാവനം ചെയ്തിട്ടുള്ളത്. അതെങ്ങനെ മാര്‍ക്‌സിസ്റ്റു പാര്‍ട്ടിയുടെ വേദികളാകുമെന്നു മനസ്സിലാകുന്നില്ല. അങ്ങനെയെങ്കില്‍, മറ്റു മതസമൂഹങ്ങളുടെ നിയമാനുസൃതഭരണവേദികളും മാര്‍ക്‌സിസ്റ്റ് വേദികളാകേണ്ടതായിരുന്നില്ലേ?
രണ്ടാം വത്തിക്കാന്‍ കൗണ്‍സില്‍ നിര്‍ദ്ദേശങ്ങളെ കേരളസഭാനേതൃത്വംതന്നെ അട്ടിമറിച്ച സാഹചര്യത്തില്‍ ഇത്തരമൊരു നിയമനിര്‍മ്മാണത്തെ തത്വത്തിലെങ്കിലും ലേഖകന്‍ അംഗീകരിക്കുന്നുണ്ടോ എന്നതാണു പ്രശ്‌നം. അംഗത്വം സംബന്ധിച്ചും അയോഗ്യത സംബന്ധിച്ചും ലേഖകന്‍ ചൂണ്ടിക്കാണിച്ച അവ്യക്തതകളൊക്കെ കൂടുതല്‍ ചര്‍ച്ചകളിലൂടെ മാറ്റിയെടുക്കുകയോ തിരുത്തുകയോ ചെയ്യാവുന്നതേയുള്ളല്ലോ.
 

No comments:

Post a Comment