Translate

Thursday, November 29, 2012

അല്മായാ ശബ്ദത്തിന് അനുമോദനങ്ങള്‍! !! !

പണ്ടത്തെ ഒന്ന് രണ്ടു ദേവാലയങ്ങളുടെ പര്യമ്പുറത്ത് നിന്ന് കണ്ടുകിട്ടിയ ക്ലാവര്‍ക്കുരിശും കൊണ്ട് ഒളിമ്പിക്സ് ജേതാവിനെപ്പോലെ നെഞ്ചുവിരിച്ചു പവ്വത്തില്‍ പിതാവ് നിന്ന ഒരു കാലം.   എങ്ങിനെ മറക്കാന്‍ കഴിയും - അത് ഇളക്കി മറിച്ചത് ഒരു ജനസമൂഹത്തെയായിരുന്നു. അവരുടെ നെഞ്ചില്‍ നിന്നും കുരിശു പറിഞ്ഞതോടൊപ്പം വിശ്വാസവും പറിഞ്ഞത് ആരും കണ്ടില്ല. വൈദികര്‍ തെരുവിലിറങ്ങി, രൂപതകള്‍ കലുഷിതമായി – ചില മെത്രാന്മാര്‍ വിധഗ്ദമായി കാര്യങ്ങള്‍ കൈവിട്ടു പോകാതെ കൈകാര്യം ചെയ്തു.  വാശി പിടിച്ചവര്‍ കൊമ്പു കുത്തി.

അക്കാലത്താണ് നമ്മുടെ സഖാക്കള്‍ വിദേശത്തു ധാരാളമായി ഉണ്ടെന്നു സാമ്പത്തിക പരാധിനതയില്‍ വിഷമിച്ച മെത്രാന്മാര്‍ക്ക് ബോധോദയം ഉണ്ടായത്. വിദേശത്തു ഈ സഹോദരന്മാര്‍ ഞെരുങ്ങിയ കാലഘട്ടങ്ങളില്‍ തിരിഞ്ഞു പോലും നോക്കാത്തവര്‍ മൈക്ക് അങ്ങോട്ട്‌ തിരിച്ചു. അങ്കവും കാണാം താളിയും ഓടിക്കാം – വികാരിയാത്തുകളും ഉണ്ടാക്കാം കാശും വാരാം.

അമേരിക്കയിലെ പിടുത്തം ആണ് ആദ്യം മുറുകിയത്. കിട്ടുന്ന ശമ്പളം കൊണ്ട് ഒരു കൂര ഒപ്പിക്കാന്‍ പണിപ്പെട്ടവരുടെത് മുതല്‍ ബാറില്‍ വിഷം ഊറ്റിക്കൊടുത്തുകൊണ്ടിരുന്നവരെ വരെ ഞെക്കി പിഴിഞ്ഞ് ഒരു പള്ളി സ്വന്തമാക്കി – മെത്രാനുമായി. മലയാളിക്ക് പെരുത്ത സന്തോഷം; എല്ലാവരെയും ആഴ്ചെലൊന്നു കാണാം, റിയല്‍ എസ്റേറ്റ്, ഇന്‍ഷുറന്‍സ് മുതലായ ബിസിനസ്സുകളും നടക്കും, നാട്ടുകാരുടെ മുമ്പില്‍ സാരി കാണിക്കാം, പിള്ളേരുടെ വേദ പാഠം നടക്കും അങ്ങിനെ ഒത്തിരി ഒത്തിരി മോഹങ്ങള്‍ ... ഒരു കപ്യാരെക്കാളും വിനയത്തോടെ നടന്ന അങ്ങാടിയത്തച്ചന്‍ മേത്രാനായപ്പോള്‍ സന്തോഷം കുറേക്കൂടി കൂടി.  ആദ്യം ആദ്യം ആള്‍ക്കാരുടെ പിറകെ അദ്ദേഹത്തിന്റെ മോതിരം പോകുമായിരുന്നു. പിന്നെ പതിയെ മട്ട്  മാറി... കത്തിദ്രല്‍ പള്ളിയുടെ ഉല്‍ക്കാടനം നടന്നപ്പോള്‍ കുരിശു/ശില വിപ്ലവം പതിയെ മതിലിനു പുറത്തേക്ക് കടന്നു. വാശിക്ക് അരമന വിട്ടുകൊടുത്തില്ല, അവിടെ ഒരു ബ്ലോഗ്‌ ഉണ്ടായപ്പോള്‍ അരമന മുഴുവന്‍ ചിരിച്ചു – ഇതെത്ര കണ്ടിരിക്കുന്നു എന്ന മട്ടില്‍.
ആ ചിരി ക്ലൈമാക്സിലായപ്പോള്‍ ഇവിടുള്ളവരും ചിരിച്ചു .... ആ ചിരി കഴിഞ്ഞ് അടുത്തതിനുള്ള കോപ്പ് കൂട്ടിക്കൊണ്ടിരിക്കുമ്പോള്‍ രണ്ടാമത് ഒരു ഓശാന, ‘അല്‍മായ ശബ്ദം’ എന്ന പേരില്‍ വരുന്നുവെന്ന് കേട്ടു - അപ്പോഴും ചിരിച്ചു.

സുന്ദരമായ യുറോപ്പ് കൈയ്യിലുണ്ടല്ലോയെന്നു അറിഞ്ഞവര്‍ കുലുങ്ങിക്കുലുങ്ങി പൊട്ടിച്ചിരിച്ചു. ഇതിന്റെയിടക്ക് അവിടെ ജര്‍മ്മനിയില്‍ ഒരു പുഴു ‘സോള്‍ ആന്‍ഡ്‌ വിഷന്‍’ പൂപ്പാ ദശയിലിരിക്കുന്നത് പലരും കണ്ടെങ്കിലും ഗൌനിച്ചില്ല. ഇന്ന് യുറോപ്പു മുഴുവന്‍ ആ ചിത്ര ശലഭം ആര്‍ക്കും പിടികൊടുക്കാതെ പറന്നു നടക്കുന്നു. ചിക്കാഗോയില്‍ മണ്ണുതിന്നു വളര്‍ന്ന സിറോ മലബാര്‍ വോയിസ് ഇന്ന് സര്‍വ്വരെയും മണ്ണു തിറ്റിക്കുന്നു. തിരിഞ്ഞും മറിഞ്ഞും ഫിലോസഫിയും തിയോളജിയും ഇട്ടമ്മാനമാടുന്ന അല്മായാ ശബ്ദം ഒരു ഭിഷണിയായി ലോകം മുഴുവന്‍ നിറഞ്ഞു വളര്‍ന്നപ്പോള്‍ അരമനകള്‍ ചിരി നിര്‍ത്തി, ആലോചന തുടങ്ങി. അപ്പൊ അതാ വരുന്നു സത്യജ്വാല. രണ്ടു ലക്കം കൊണ്ട് അത് നിര്വ്വാണമടയുമെന്നു കരുതിയവര്‍ ധാരാളം. എന്ത് ചെയ്യാം? ഇന്ന് ദിപികയെക്കാള്‍ കൂടുതല്‍ ആളുകള്‍ അത് വായിക്കുന്നു. സഭയുടെ യാത്ര താമരക്കുരിശും സത്യവേദകുരിശും തമ്മിലുളള ഒരു നേര്‍ പോരിലേക്ക് കടന്നിരിക്കുന്നുവെന്നു പറയാം.

 ഏതു മെത്രാന്‍ എവിടെ പ്രസംഗിച്ചാലും ഒരു കാര്യം കേള്‍ക്കാം നമ്മുടെ പൊന്നു സഭ ഇന്ന് ഭിഷണി നേരിടുന്നു - ഒത്തു പിടിച്ചില്ലെങ്കില്‍ കര്‍ത്താവിനെ അവര്‍ തകര്‍ക്കും. രാമപുരം പള്ളിക്ക് ശീലാന്തി ചുമന്ന ഒരു കഥയുണ്ട്. രാവിലെ കുര്‍ബാനയ്ക്ക് വന്നവരോട് അച്ചന്‍ പറഞ്ഞു, കണ്ടത്തിന്റെ അപ്പുറത്ത് ഒരു പോണ്ടന്‍ ശീലാന്തി കിടപ്പുണ്ട് കൊണ്ടുവരണം. എല്ലാവരും പോയി – മുണ്ടും ഷര്‍ട്ടും മുഴുവന്‍ ചളിയില്‍ മുങ്ങി. ഇങ്ങേക്കരയില്‍ വന്നപ്പോള്‍ ഒരു വിരുതന്റെ കുപ്പായം മാത്രം ചെളിപറ്റാതെയിരിക്കുന്നു. അവന്‍ ശിലാന്തിയില്‍ തൂങ്ങിക്കിടന്നുവെന്നു ജനസംസാരം. അല്മായര്‍ ചുമക്കുന്ന സഭയില്‍ തൂങ്ങിക്കിടന്നുള്ള മെത്രാന്മാരുടെ യാത്രക്കാണ് ഇന്ന് വിലങ്ങു വിണിരിക്കുന്നത്. അല്മായാ ശബ്ദം ഓരോ ദിവസവും രാവിലെ വായിച്ചു രണ്ടു പ്രാക്കും പ്രാകിയാണ് ഇന്ന് ഒരു മെത്രാന്റെ പ്രഭാതം ആരംഭിക്കുന്നത്. ഇന്ന് അമേരിക്കയിലെയും ജര്‍മ്മനിലെയും കേരളത്തിലെയും വിമതരെല്ലാം ഒറ്റക്കെട്ട്, ഒരൊറ്റ ലക്‌ഷ്യം.

അല്മായാ ശബ്ദം വായിച്ചവര്‍ ഒരു ലക്ഷം കഴിഞ്ഞു. നിശ്ശബ്ദമായി അല്മായാ ശബ്ദത്തെ കൈപിടിച്ചു വളര്‍ത്തിയവര്‍ ഒന്നോര്‍ക്കുക – ആ കൊച്ചു പിന്തുണ സിംഹാസനങ്ങളെ ഇന്ന് വിറപ്പിക്കുന്നു. അല്‍മായരുടെ  ചിരിയാണ് ഇപ്പോള്‍ ഞാന്‍ കേള്‍ക്കുന്നത് - ലോകമെമ്പാടുനിന്നും. സമയം കടന്നു പോയോ, മെത്രാന്മാര്‍ക്ക് മാറി ചിന്തിക്കാന്‍? സമയം ഒരിക്കലും കടന്നുപോകാറില്ലായെന്നാണ് റോഷന്റെ അഭിപ്രായം. നിങ്ങടെതോ?

2 comments: