Politic / മാനുഷിക ദുരന്തമാകുന്ന കസ്തൂരി രംഗൻ റിപ്പോർട്ട്
കസ്തൂരി രംഗൻ റിപ്പോർട്ടിനെതിരെ പോരാടുന്ന കേരളകർഷകരുടെ സമരത്തോട് പിന്തുണയർപ്പിക്കുന്നതിനു പ്രതീകാത്മകമായി ഈ ലേഖനം ആനുഭാവപൂർവ്വം വീണ്ടും പ്രസിദ്ധപ്പെടുത്തുന്നു. കേരള കർഷകർക്ക് വേണ്ടി പ്രതികരിക്കുവാൻ ആഹ്വാനം ചെയ്യുന്നു. നാം ഒത്തൊരുമിച്ചു നിലകൊള്ളുക. / ധ്രുവദീപ്തി.
("മനുഷ്യനും അയാളുടെ പ്രവൃത്തിയും രണ്ടു വ്യത്യസ്ത സംഗതികളാണ്. ഒരു സൽകൃത്യം അഭിനന്ദനവും ദുഷ്പ്രവൃത്തി ആക്ഷേപവും നേടുന്നു."- മഹാത്മാ ഗാന്ധി)
K.A.Philip. USA
ജനങ്ങളുടെ പ്രതീക്ഷയ്ക്കൊത്ത്, എൽ. ഡി.എഫ് സർക്കാരിന്റെ പ്രവർത്തന കാലശേഷം, കേരളത്തിൽ യു.ഡി.എഫ് സർക്കാർ നിലവിൽ വന്നു. അങ്ങനെ യു.ഡി.എഫിലെ പ്രമുഖ കഷിയായ കോണ്‍ഗ്രസ് പാർട്ടിയുടെ നേതാവ് ശ്രീ.ഉമ്മൻ ചാണ്ടി മുഖ്യമന്ത്രിയുമായി. എന്നാൽ സാധാരണക്കാരായ പൊതു ജനങ്ങളിൽ ഏറെ പ്രതീക്ഷയും ആവേശവും ഉണ്ടാക്കി ഭരണം തുടങ്ങിയ ഐക്യജനാധിപത്യമുന്നണി സർക്കാർ, ബുദ്ധിയുള്ള യാതൊരാൾക്കും ഒട്ടും തെറ്റിദ്ധരിക്കാൻ ആവാത്തവിധം, പ്രകടമായ ജനവിരുദ്ധഭരണമാണ് തുടരെ നടത്തിക്കൊണ്ടിരിക്കുന്നുവെന്ന പച്ചയാഥാർത്ഥ്യം സൃഷ്ടിച്ച് മലയാളിയുടെ മനസ്സിനെ വേദനിപ്പിച്ചുകഴിഞ്ഞിരിക്കുന്നു
കോണ്‍ഗ്രസ്സിന്റെ കരങ്ങളിൽ ജനതാൽപ്പര്യങ്ങളെല്ലാം ഭദ്രമായിരിക്കുമെന്നു കരുതിയിരുന്ന ഒരു കാലം കേരളത്തിൽ ഉണ്ടായിരുന്നു. ആ നില ഇന്ന് മാറി. കേരളത്തിലെ ലക്ഷോപലക്ഷം മലയോര കർഷകരെ വഴിയാധാരമാക്കുന്ന കസ്തൂരി രംഗൻ പദ്ധതിക്ക് അനുവാദം നൽകിയതിൽ കേരള സംസ്ഥാന സർക്കാരുകളുടെ മുഖ്യ ദല്ലാളുകളിൽ കമ്മ്യുണിസ്റ്റ് പാർട്ടിയെപ്പൊലെ തന്നെ മുൻപന്തിയിൽ നിന്ന് സമ്മതം നൽകിയ പ്രമുഖ രാഷ്ട്രീയ പാർട്ടിയാണ് കോണ്‍ഗ്രസ് പാർട്ടിയെന്നും ജനങ്ങൾക്ക് ബോദ്ധ്യപ്പെട്ടു. ദാരിദ്ര്യം കാർന്ന് തിന്ന കേരളത്തിലെ സാധാരണ കൃഷിക്കാരെ കേരളത്തിലെ വനഭൂമിയിലേയ്ക്ക് പ്രവേശിപ്പിച്ച് അവിടെ വിളഭൂമിയാക്കി കേരളീയരുടെ പട്ടിണി മാറ്റാനുള്ള ആഹ്വാനം ചെയ്തവർ തന്നെയാണ്, ഇപ്പോൾ അതേ മലയോര കർഷകരുടെ സ്വപ്നങ്ങളെ പരിസ്ഥിതി സംരക്ഷണ പദ്ധതിയുടെ പേരിൽ തകർക്കുന്നത്. കസ്തൂരി രംഗൻ റിപ്പോർട്ട് നടപ്പാക്കുവാൻ വേണ്ടി സർക്കാർ ഒരു പ്രാഥമിക ഔദ്യോഗിക വിജ്ഞാപനവും ഇറക്കിക്കഴിഞ്ഞു. റിപ്പോർട്ടിനെക്കുറിച്ച് താഴെ ചില അനുബന്ധ വിഷയങ്ങൾ ചുരുക്കമായി നല്കിയിരിക്കുന്നു.
Report of the high level working group on Western Ghats (Kasturirangan Western Ghats Report)
Environment ministry accepts this crucial report on Western Ghats prepared by K Kasturirangan-led 10-member high-level working group and decides to declare the Ecologically Sensitive Area (ESA) over 37% of the Western Ghats under the Environment Protection Act, 1986. (Search, read this report along with related documents, studies and more...) The much awaited crucial report on Western Ghats prepared by K Kasturirangan-led 10-member high-level working group has been submitted to the environment ministry. It proposes protecting 90 per cent of the region's 'natural landscape' as ecological sensitive area.
High Level Working Group presents report on Western Ghats to MoEF; proposes protecting 90 per cent of the region’s ‘natural landscape’ as ecological sensitive area. The Western Ghats is a biological treasure trove that is endangered, and it needs to be “protected and regenerated, indeed celebrated for its enormous wealth of endemic species and natural beauty” – says the Union Ministry of Environment and Forest’s High Level Working Group, whose much awaited report on the Ghats was presented to Ms.Jayanthi Natarajan, Minister of State (IC) for Environment & Forests. The 10- member Working Group is headed by Dr. K Kasturirangan (Member, Planning Commission) and includes environmental experts and other professionals as its members.
RELATED CONTENT:
In-Court: National Green Tribunal pulls up the environment ministry, 1 Oct 2013.
ഒറ്റനോട്ടത്തിൽ തന്നെ ഈ റിപ്പോർട്ട് മലയോരകർഷക വിരുദ്ധ അന്ത്യ വിധിയാണ് എന്നതിൽ ഒട്ടും സംശയമില്ല.
കസ്തൂരി രംഗൻ റിപ്പോർട്ട് എന്താണെന്നും, ഈ പദ്ധതി നടപ്പാക്കുന്നതിലൂടെ എന്താണ് സർക്കാർ ലക്ഷ്യം വയ്ക്കുന്നതെന്നും നാം അറിഞ്ഞു. ഇതുമൂലം പദ്ധതി പ്രദേശത്തു അറുപതു എഴുപതു വർഷങ്ങളായി സ്ഥിരമായി താമസിച്ചുവരുന്ന ജനങ്ങളുടെ ഗുരുതര ഭാവിയെയും അനന്തര ഫലങ്ങളെയും മുന്നിൽ കാണുന്ന ജനങ്ങളുടെ പ്രതികരണവും, ഇതിനകം നാം കാണുകയും വായിച്ചറിയുകയും ചെയതു കഴിഞ്ഞു. അതോടൊപ്പം ഇപ്പോഴുള്ള കേരള സർക്കാരിന്റെ നിഗൂഢ നിലപാടുകളും മനസിലാക്കുന്നു. ഒറ്റവാക്കിൽ ഇങ്ങനെ പറയാം-രാഷ്ട്രീയ ധാർമ്മികതയില്ലാതെ കടന്നുകയറിയ ചില കപട പരിസ്ഥിതിപ്രേമികളെന്നറിയപ്പെടു ന്നവരുടെ നിഗൂഢ താൽപ്പര്യങ്ങൾ നടപ്പാക്കാൻ തീരുമാനിച്ചിരിക്കുന്ന ഡോ.കസ്തൂരി രംഗൻ കമ്മിറ്റി റിപ്പോർട്ട് കേന്ദ്ര സർക്കാർ അംഗീകരിച്ചു. ഇന്ത്യയെന്ന ഒരു മഹാരാജ്യം സൃഷ്ടിക്കപ്പെട്ട നാൾ മുതൽ യാതൊരാളും ഇന്നുവരെയും കണ്ടിട്ടില്ലാത്തതും, ഭാവിയിൽ പോലും ഒരു ജനാധിപത്യരാജ്യത്തു സംഭവിക്കാൻ പാടില്ലാത്തതും, കാലം കാണാൻ പോകുന്നതുമായ ഒരു മഹാ മനുഷ്യദുരന്തത്തെയാണ് കേരളത്തിൽ കാണേണ്ടിവരുന്നതെന്ന് ഇപ്പോഴേ തീർച്ചയാണ്.
മലയോര കുടിയേറ്റകർഷകരുടെ പറുദീസാ |
കസ്തൂരി രംഗൻ റിപ്പോർട്ട് വിശദമായി ഇവിടെ പ്രതിപാദിക്കേണ്ടതില്ല. അല്ലാതെ തന്നെ മലയാളിക്കത് മനസ്സിലായി. മലയോരകർഷകർ താമസിക്കുന്ന സ്ഥലങ്ങളെ പരിസ്ഥിസംരക്ഷണകേന്ദ്രങ്ങളാക്കി മാറ്റി അവിടെ എല്ലാ വികസന പ്രവർത്തങ്ങളെയും മരവിപ്പിക്കും. റോഡു നിർമ്മാണം മുതൽ പുതിയ കെട്ടിടങ്ങൾ, പുതിയ വ്യവസായ സംരംഭങ്ങൾ, പുതിയ കൃഷിരീതികൾ എന്നുവേണ്ട എന്ത് ചെയ്യുന്നതിനും ഉദ്യോഗസ്ഥരുടെ കനിവിനു വേണ്ടി കാത്തിരിക്കണം. മൃഗസംരക്ഷണത്തിനുവേണ്ടി ജനങ്ങളുടെ രാത്രിയാത്രാ അവകാശം പോലും നിരോധിക്കും. വനവകുപ്പ് മാഫിയാ ഉദ്യോഗസ്ഥരുടെ ചൂണ്ടുവിരലിന്റെ വരുതിയിൽ വരുത്തി കർഷകരെ അവിടെനിന്നും തുരത്തുവാനുള്ള ഹീനശ്രമങ്ങൾ ആണ് ഈ കപട പരിസ്ഥിതിയുടെ പേരിൽ ആരംഭിച്ചിരിക്കുന്നത്.
കർഷകരുടെ സംരക്ഷണ താൽപ്പര്യത്തിനായി ഈ പദ്ധതിയെ എതിർക്കുന്ന സാമൂഹ്യ നേതൃത്വങ്ങൾക്ക് പദ്ധതിയെപ്പറ്റി ഒന്നും അറിയത്തില്ലായെന്നു ആക്ഷേപിച്ചു ഇക്കഴിഞ്ഞ ദിവസം കേരളത്തിലെ മാതൃഭൂമി ദിനപത്രത്തിലെ ഒരു ലേഖനം വായിച്ചു വളരെ അതിശയിച്ചു പോയി. കോഴപ്പണം വാങ്ങി കൂലിയെഴുത്തു നടത്തി വരുന്ന കപടരാജ്യസ്നേഹിക്കിടം നൽകുന്ന ഏതു മാദ്ധ്യമങ്ങളെയും മലയോരകർഷകർ തിരസ്കരിക്കന്ന നാളുകൾ അതി വിദൂരമായിരിക്കില്ല. കേരള സംസ്ഥാന സർക്കാർ ഈ പദ്ധതിക്ക് വേണ്ടി ജനങ്ങളോട് ആലോചിക്കാതെ സ്വതന്ത്ര തീരുമാനം എടുത്ത് അനുവാദം നൽകിയെന്ന പൊതുജനങ്ങളുടെ അഭിപ്രായം വന്നതും പരക്കെ എല്ലാവരും സമ്മതിക്കുന്നുമുണ്ട്. അതേസമയം മുഖ്യമന്ത്രിയും കോണ്‍ഗ്രസിന്റെ പാർട്ടിനേതൃത്വവും അതിനെ നിഷേധിച്ചു പരസ്യമായിത്തന്നെ ജനാധിപത്യ സംസ്കാരത്തെ വെല്ലുവിളിക്കുന്ന കാഴ്ചയാണ് നിർഭാഗ്യവശാൽ നമുക്ക് ഇവിടെ കാണാൻ കഴിയുക.
പശ്ചിമഘട്ടമേഖലയിൽ പരിസ്ഥിതി സംരക്ഷണത്തിനു പ്രതികൂലസാഹചര്യം ഉണ്ടാക്കിയവർ അവിടെ എല്ല് മുറിയെ പണിയെടുക്കുന്ന ഒരു കർഷകനും ആയിരുന്നില്ല. അതേസമയം, പാറമട വ്യാപാരം, വനസമ്പത്തുകളായ ഈട്ടി, ചന്ദനം, തെക്ക് തടികൾ ഇവയെല്ലാം കള്ളക്കടത്തു നടത്തി കോടികളുടെ കള്ളപ്പണം സമ്പാദിക്കുന്ന രാഷ്ട്രീയനേതാക്കളും മറ്റ് അവരുടെ അധോലോക പാർശ്വവർത്തികളായ ഇടനില ഗുണ്ടകളുമാണെന്ന് ഈ അടുത്ത കാലങ്ങളിൽ കേരളത്തിലെ ജനങ്ങൾക്ക് വ്യക്തമായ സത്യമാണ്. എന്നിട്ടും, പരിസ്ഥിതി ഘാതകർ ഈ പാവപ്പെട്ട കർഷകരാണെന്ന ആരോപണം അവരുടെ ശിരസിൽ കെട്ടിവയ്ക്കാൻ വേണ്ടി നടത്തുന്ന ശ്രമം റിപ്പോർട്ടിൽ ഒളിഞ്ഞിരിക്കുന്നു.
"കസ്തൂരിരംഗൻ റിപ്പോർട്ട്" അതേപടി നമ്മുടെ കേരളത്തിൽ ഒരിക്കലും നടപ്പാക്കുകയില്ലയെന്നു മാത്രമല്ല, കർഷകക്ക് എതിരായ ഒരു നടപടികളും ഉണ്ടാവില്ലാ"യെന്നു മുഖ്യമന്ത്രി ആണയിട്ടു നഗ്നമായ വാസ്തവ നിഷേധവും പ്രസ്താവനയും ഇറക്കുന്നു. കേരളത്തിൽ ഒരു മുഖ്യഭരണാധികാരി നടത്തുന്ന അടുത്തകാലത്തെ ഏറ്റവും ഭീകരമായ നുണപ്രചാരണം എന്ന് ഖേദപൂർവം പറയട്ടെ. ഇക്കാര്യത്തിൽ കേരളമുഖ്യമന്ത്രിയെപ്പോലെതന്നെ, ഗാട്ഗിൽ കമ്മിറ്റി മുതൽ കസ്തൂരി രംഗൻ കമ്മിറ്റിയെക്കുറിച്ചുവരെ വ്യക്തമായ അറിവും റിപ്പോർട്ടിന് പിന്തുണയും മന്ത്രിയായിരിക്കുമ്പോൾത്തന്നെ നൽകിയ കേന്ദ്ര മന്ത്രി ഏ. കെ. ആന്റണിയുടെ മദ്ധ്യസ്ഥത തേടിയത് കേരളമുഖ്യമന്ത്രിയുടെ ജനങ്ങളോടുള്ള പ്രതിബദ്ധതയില്ലായ്മയും നിഷേധനിലപാടും നിഗൂഢതയും ഒരിക്കൽക്കൂടി ബലമായി വ്യക്തമാക്കുകയാണ്. ഇങ്ങനെ പറയാൻ എന്തു കാര്യം.? പൂച്ച പുറത്തു ചാടി. "ഭരണം വലിയ കാര്യമല്ല, മലയോര കർഷകരുടെ ഇപ്പോഴുള്ള ആവശ്യങ്ങളും പ്രശ്നങ്ങളുമാണ് ഞങ്ങൾക്ക് പ്രധാനം, ഞങ്ങൾ എപ്പോഴും അവരുടെ കൂടെയാണെന്ന്" അതേസമയം പ്രാദേശിക പാർട്ടിയായ കേരള കോണ്‍ഗ്രസ് ഭരണഘടകകക്ഷിനേതാവു പറയുന്ന പ്രസ്താവന ഏറെയേറെ ശ്രദ്ധേയവുമാണ്.
ഒരു തുറന്ന സത്യം ഉണ്ട്. മലയോര കർഷകന് അവരുടെതായ പ്രതിജ്ഞയുണ്ട്. അവരുടെ സ്വന്തം ശരീരത്തിലെ വിയർപ്പുതുള്ളികൾ അലിഞ്ഞു ചേർന്ന മണ്ണിനു അച്ഛനും മക്കളും തമ്മിലുള്ള ബന്ധമാണുള്ളത്. ഈ ബന്ധത്തിൽ ഒരു തകർച്ചയുണ്ടാക്കാൻ ശ്രമിക്കുന്ന കപട പരിസ്ഥിതിവാദികളുടെ ഏത് വിധ ഇടപെടലുകളെയും ശക്തമായി എതിർത്തു നേരിടുമെന്നാണവരുടെ ഉറച്ച പ്രതിജ്ഞ. മലയോരകർഷക്ന്റെ ജീവിതം എന്നും സാഹസങ്ങൾ നിറഞ്ഞത് തന്നെയാണെന്ന അവബോധം അവരിൽ തെളിഞ്ഞു നില്ക്കുന്നുണ്ട് .
നമ്മുടെ ഭൂപ്രകൃതിയേക്കുറിച്ചും പരിസ്ഥിതി സംരക്ഷണത്തിനായി വനം സംരക്ഷിക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ചുള്ള ശാസ്ത്രീയ പഠനങ്ങൾ ഉണ്ടായിരിക്കണം. അതുപക്ഷെ, സംസ്ഥാനത്തെ ഓരോ പ്രദേശത്തിന്റെയും പ്രത്യേക സാഹചര്യങ്ങളും കൂടി അവലോകനം ചെയ്തു പഠിച്ചശേഷം മാത്രമായിരിക്കണം സാധിക്കേണ്ടത്. ശൂന്യാകാശ ഗവേഷണം നടത്തുന്ന ഒരു വ്യക്തിയാണ് ഡോ.കസ്തൂരി രംഗൻ എന്ന് നാം ഓർക്കണം. ജീവിതത്തിൽ കയ്യിൽ മണ്ണ് പറ്റിക്കാതെ കസേരയിൽ ഇരുന്നു ആകാശത്തെ മാലാഖമാർ എന്തുചെയ്യുന്നുവെന്ന് മുകളിലേയ്ക്ക് നോക്കിയിരിക്കുന്ന അദ്ദേഹത്തിനു മലയോര കർഷകന്റെ മാനുഷികപ്രശ്നങ്ങൾ എങ്ങനെ അറിയാം? ജനങ്ങൾ തിങ്ങി പാർക്കുന്ന മലയോരപ്രദേശങ്ങളിൽ എന്ത് ഉണ്ടായിരിക്കണം എന്ത് ഇല്ലായിരിക്കണം എന്നെല്ലാം സർക്കാർ തീരുമാനങ്ങൾ എടുക്കേണ്ടതിനു ചില അടിസ്ഥാന കാര്യങ്ങളുണ്ട്. ഇത്തരം കാര്യങ്ങളിൽ സർക്കാർ നിയമങ്ങൾ നിർമ്മിക്കുന്നതിനു മുൻപ് അതെക്കുറിച്ച് രാജ്യത്തെ നിയമസഭ കൂടി ചർച്ച ചെയ്തു പൊതുജനാഭിപ്രായം സ്വീകരിച്ചു നടപ്പാക്കേണ്ടതാണ്. അപ്പോൾ അത് കുറ്റമറ്റ തീരുമാനങ്ങൾ ആയിരിക്കും.
അടിമാലിക്കടുത്തുള്ള പൊന്മുടി അണക്കെട്ട്. |
ജനങ്ങൾ ദീഘകാലമായി തിങ്ങിപ്പാർക്കുന്ന മലയോര പ്രദേശങ്ങളിൽ മാത്രമല്ല, പരിസ്ഥിതി സംരക്ഷണത്തെക്കുറിച്ച് ശാസ്ത്രീയമായി യാതൊരു തുമ്പും തൂലുമറിയാത്ത ഒരുകൂട്ടം രാഷ്ട്രീയപ്രവർത്തകർ ഡൽഹിയിലെ കോണ്‍ഗ്രസ് ആസ്ഥാനത്ത് എത്തി നേതൃത്വവുമായി ചേർന്ന് എന്തിന്റെയോ ദുരുദ്ദേശ ലക്ഷ്യത്തിനുവേണ്ടി, പേരിന് അന്ധമായ പ്രകൃതി പ്രേമം വെളിയിൽ പറഞ്ഞ് കേരളത്തിൽ പ്രശ്നങ്ങൾ ഉണ്ടാക്കുന്ന ഭീകര കാഴ്ചയാണ് നാം കാണുന്നത്. കേരളസംസ്ഥാനം ജനവാസം നിറഞ്ഞ "ഒരൊറ്റ ഗ്രാമം" ആണെന്ന് എക്കാലത്തും പരക്കെപ്പറയുന്നതു സാധാരണ ചൊല്ലാണ്. ഇതിലെ യാഥാർത്ഥ്യവും നന്മയും അപ്രകാരം തന്നെയാണല്ലോ.
പരിസ്ഥിതിവാദികളും ജനജീവിതത്തിൽ സാസ്കാരിക നായകരുടെ പങ്കു പൊക്കിപ്പിടിച്ചു നടക്കുന്നവരും ലോകത്തിൽ എല്ലാരാജ്യങ്ങളിലും ഉണ്ട്. അവരെല്ലാം തന്നെ ചില താൽപ്പര്യങ്ങൾ സ്വന്തമായിട്ടുള്ളവരുമാണ്. അവരും നാമുദ്ദേശിക്കുന്ന വിധത്തിൽ എല്ലാ അർത്ഥത്തിലും നിഷ്പക്ഷരുമല്ല. കേരളത്തിലെ ചില സാംസ്കാരിക നായകന്മാരുടെ കപട നിഷ്പക്ഷത പ്രത്യേകമായി രാഷ്ട്രീയ കാര്യങ്ങൾ വരുമ്പോൾ ദുസ്സഹമായി പലപ്പോഴും അനുഭവപ്പെടാറുണ്ട്. മറ്റാരും ഇതൊക്കെ മനസ്സിലാക്കുകയില്ലെന്നാണ് ഇവരുടെ വിചാരം. ഇവിടെ, ഡോ. കസ്തൂരി രംഗൻ കമ്മിറ്റി റിപ്പോർട്ടിന്റെ കാര്യത്തിൽ ആത്മഹത്യാപരമായ വിരാമഘട്ടത്തിൽ ആണ് അവരുടെ സ്വധർമ്മം വിസ്മരിച്ചത്.
ഇന്ത്യയിലെ സംസ്ഥാനങ്ങളുടെ ഭൂപ്രകൃതിയിൽ വ്യത്യസ്ഥതയുണ്ട്. മാത്രമല്ല, ജനസംഖ്യയിൽ പോലും വ്യത്യസ്ഥതയുണ്ട്. സംസ്കാരത്തിൽ ദേശീയമായും പ്രാദേശികമായും വ്യത്യസ്ഥതയുണ്ട്. വിസ്തൃതിയിലും വലുപ്പത്തിലും ഏറെ അന്തരമുണ്ട്. ഓരോരോ സംസ്ഥാനത്തിലും ഉൾപ്പെടുന്ന വനത്തിന്റെ ഉൾ അളവിൽ അന്തരം ഉണ്ട്. ജനസംഖ്യ വച്ചു നോക്കിയാൽ മറ്റു സംസ്ഥാനത്തെ അപേക്ഷിച്ച് നമ്മുടെ കേരളത്തിൽ ജനസംഖ്യ ഏറെയാണ്. കേരളം മുഴുവൻ ജനങ്ങൾ വ്യാപകമായി എല്ലായിടത്തും വസിക്കുന്നു. വനങ്ങൾക്ക് രാജ്യത്തെ പൊതു പരിസ്ഥിതി ക്രമീകരിക്കുന്നതിൽ വലിയ പങ്കുണ്ടെന്ന കാര്യത്തിൽ യാതൊരു സംശയമില്ല. ശരി തന്നെ. അതുപക്ഷെ, അതിനുവേണ്ടിയുള്ള ശീഘ്ര പ്രയാണത്തിൽ അശാസ്ത്രീയമായ സർക്കാർ തീരുമാനങ്ങൾ കർഷകരുടെ താൽപ്പര്യത്തിനെതിരായി എടുത്തുകൊണ്ട് നിർബന്ധമായി നടപ്പാക്കുമ്പോൾ അവയൊന്നും ജനങ്ങളുടെ ആവശ്യത്തെയല്ല പൂർത്തീകരിക്കുന്നത്.
ഹൈറേഞ്ചിലെ ഒരു കർഷകന്റെ പുരയിടം |
കേരളത്തിലെ ജനജീവിതവും താമസസ്ഥലങ്ങളും വീടുകളും കൃഷിരീതികളും കൃഷിസ്ഥലങ്ങളും മറ്റു സംസ്ഥാനത്തെതുപോലെ സമാനമായി ഉണ്ടാകണമെന്ന് നിർബന്ധം പിടിക്കുന്നത് ശരിയല്ല. ജനാഭിപ്രായം മാനിക്കാത്ത കപടരാഷ്ട്രീയ പരിസ്ഥിതിവാദികളെ ജനം തിരസ്ക്കരിക്കുന്ന സമയം അടുത്തു വരുന്നത് നമുക്ക് കാണാം. കേരളം മധ്യപ്രദേശ് സംസ്ഥാനമോ തമിഴുനാട് സംസ്ഥാനമോ ഉത്തരാഖണ്ടോ അല്ലല്ലോ. കേരളത്തിലെ നഗരങ്ങളിലെയും ഗ്രാമങ്ങളിലെയും മാലിന്യം നീക്കം ചെയ്യുന്നതിലും ഉടനെ അതിനെ വേർതിരിച്ചു സംസ്കരണം ശാസ്ത്രീയമായി നടപ്പാക്കുന്നതിലും സർക്കാർ പരാജയപ്പെട്ടു. ഇത്രകാലങ്ങൾ കഴിഞ്ഞിട്ടും ഈ വിഷയത്തിൽ യാതൊന്നും ചെയ്യാൻ കഴിയാത്ത രാഷ്ട്രീയ- സാംസ്കാരിക പരിസ്ഥിതിവാദികളുടെയും സർക്കാരിന്റെയും നിലപാട് സംശയകരമാണ്.
കേരളത്തിൽ സർക്കാരുകൾ നടത്തിയ ഭൂപരിഷ്കരണ നിയമങ്ങൾ ആർക്ക് വേണ്ടിയായിരുന്നു? വീടില്ലാത്ത പാവപ്പെട്ട കേരളീയനു വീടുവയ്ക്കണം. സ്വന്തമായ ഒരു തുണ്ട് ഭൂമിക്കുവേണ്ടി യാജിക്കുന്നവരുടെ മുൻപിൽ പൊള്ള വാഗ്ദാനങ്ങൾ നല്കുന്ന സർക്കാർ പൊതുമേളകൾ നടത്തുന്നുണ്ട്. എന്നാൽ ഇവിടെ പാവപ്പെട്ടവനു വീട് വയ്ക്കുവാൻ സ്ഥലം നൽകുന്നതിൽ പോലും കേരള സർക്കാർ എന്നേ പൂർണമായി പരാജയപ്പെട്ടു? കേരളത്തിലുള്ള മൂന്നേകാൽ കോടി ജനങ്ങളെ പാർപ്പിക്കാൻ പോലും വേണ്ടിയ ഭൂമി സർക്കാർ കൈവശമില്ല.
പശ്ചിമ ഘട്ട പ്രദേശങ്ങളിൽ കസ്തൂരി രംഗൻ കമ്മിറ്റി റിപ്പോർട്ട് പ്രകാരം നടപ്പാക്കാൻ ഉദ്ദേശിക്കുന്ന വിജ്ഞാപനം ഒരു താല്ക്കാലിക ഉത്തരവല്ല. അതിലെ വിശദീകരണങ്ങൾ വായിച്ചാൽ അവ വ്യക്തമാകും. ഈ പദ്ധതിയെ സർക്കാരുകൾ ശുപാർശ ചെയ്തിട്ടുള്ളവയുമാണ്. എഴുതിയത് എഴുതിയത് തന്നെയെന്നു ജനങ്ങൾ തിരിച്ചറിഞ്ഞു. എന്നാൽ ഇതിനെയാണ് കോണ്‍ഗ്രസ് പാർട്ടി നേതൃത്വം രാഷ്ട്രീയപരമായി സ്വയം ന്യായീകരിക്കുവാനും മലയോര കർഷകരെ തെറ്റിദ്ധരിപ്പിച്ചു പദ്ധതിയുടെ ഗൗരവസ്ഥിതിയെ മറച്ച് തീർത്തും ഉപദ്രവരഹിതമാക്കുവാനും ശ്രമിക്കുന്നത്.
ഔദ്യോഗിക വിജ്ഞാപനം പുറപ്പെടുവിച്ചത് മുതൽ വരാൻ പോകുന്ന ഭവിഷ്യത്തുകളെ അറിയുന്ന മലയോരപ്രദേശത്തു വസിക്കുന്ന സാധാരണ കർഷകർക്ക് അസ്ഥിരതയും അസ്വസ്ഥതയും കൂടിവരുന്നു. ജനങ്ങൾ തിങ്ങി തിങ്ങിപ്പാർക്കുന്ന പശ്ചിമഘട്ട പ്രദേശങ്ങളായ മലബാറിലെയും അതുപോലെ ഇടുക്കിയിലെയും, അതായത്, കേരളത്തിന്റെ വടക്ക് മുതൽ തെക്കേ അറ്റം വരെയുള്ള, ജനനിബിഢമായ മലയോര നഗരങ്ങളും ഗ്രാമങ്ങളും പരിസ്ഥിതി സംരക്ഷണ പരിധിയിൽ വരുത്തി അവിടെ പൊതു വികസനവും അടിസ്ഥാന സൗകര്യവും മരവിപ്പിക്കുകയെന്നത് കസ്തൂരി രംഗൻ റിപ്പോർട്ട് അതുപടി നടപ്പാക്കുന്നതിലൂടെ നടക്കുമെന്നത് തീർച്ചയാണ്. കേന്ദ്ര പരിസ്ഥിതി-വനം വകുപ്പ് മന്ത്രിയുടെ പ്രസ്താവനയും, നിലപാടും കർഷകനെതിരെന്നു വ്യക്തം. ഇതാണോ കേന്ദ്ര-കേരള സർക്കാരുകളുടെയും ജനപ്രതിനിധികളുടെയും മറ്റും ഭാവനയിൽ കാണുന്ന പരിസ്ഥിതി സംരക്ഷണ മാതൃക?
മലയോരപ്രദേശങ്ങളിലേയ്ക്കുള്ള ജനങ്ങളുടെ കുടിയേറ്റം നടന്നുകഴിഞ്ഞിട്ട് മൂന്നും നാലും തലമുറകൾ കഴിഞ്ഞിരിക്കുന്നു. മലയോടും മലബനിയോടും മൃഗങ്ങളോടും മരണത്തോടും പൊരുതി ജയിച്ച മലയോര കർഷകരെല്ലാം കേരളസംസ്ഥാനത്തിന്റെ ദാരിദ്ര്യമുഖശ്ചായ മാറ്റിയ സാധാരണക്കാരിൽ സാധാരണക്കാരായിരുന്ന നമ്മുടെയൊക്കെ പൂർവീകരും സഹോദരീ സഹോദരന്മാരുമാണ്. അവരെ ചൂഷണം ചെയ്തുകൊണ്ട് ജീവിക്കുന്ന രാഷ്ട്രീയനപുംസകങ്ങൾ തന്നെയാണ്, ഇപ്പോഴിങ്ങനെയൊരു ഭീകര പ്രതിസന്ധി കർഷക മനസിൽ ജനിപ്പിച്ചത്. പരിസ്ഥിതിപ്രേമികൾ! നമ്മുടെ കേരളത്തിൽ ഒരു "സോഷ്യൽ ഫോറസ്ടറി" സംവിധാനം സർക്കാർ നടപ്പാക്കട്ടെ.
കേരളീയരെ സംബന്ധിച്ച് പറഞ്ഞാൽ, 1937 മുതൽ 1950 കാലഘട്ടം വരെയുള്ള ജനജീവിതം പട്ടിണിയുടെതായിരുന്നു എന്ന് പറയുന്നതാണ് ശരി. രണ്ടാം ലോക മഹായുദ്ധം കാരണമാക്കിയ ഭക്ഷ്യക്ഷാമം കേരളത്തെ മുഴുവൻ ഏതാണ്ട് ദാരിദ്ര്യമാക്കിത്തീർത്തിരുന്നു . നിരവധി പട്ടിണി മരണങ്ങൾ ഉണ്ടായി. പട്ടിണി ക്കെതിരായ മനുഷ്യപ്രയഗ്നങ്ങൾ പാടെ പരാജയപ്പെട്ടു. കർഷകർ അന്ന് കൃഷി ചെയ്തുണ്ടാക്കിയ ഉത്പന്നങ്ങൾക്ക് വിലയില്ല. ഭക്ഷണസാധനങ്ങളായ അരി തുടങ്ങിയ നിത്യോപയോഗസാധനങ്ങൾ കമ്പോളങ്ങളിൽ ലഭിക്കാതെയായി. ഇന്നത്തെ ശാസ്ത്രീയ കൃഷിരീതികൾ അന്നില്ല. ടാറിട്ട ഒരു റോഡുകൾ ഇല്ല. ഓടുകൾ മേഞ്ഞ്, തറകൾ സിമിന്റിട്ടു പണിത വീടുകൾ കാണാനില്ലായിരുന്നു. ചാണകം കൊണ്ട് മെഴുകിഎടുത്ത തറയിലിരുന്നു, കേരളത്തിലെ കൊടപ്പനകൾ വെട്ടിയെടുത്തുണ്ടാക്കിയ പൊടിഅടഭക്ഷണം മലയാളി കഴിച്ചു വിശപ്പടക്കി.
മൂന്നാറിൽ. കർഷക ഹരിതവിപ്ലവം |
ഇങ്ങനെ അടിസ്ഥാന സൌകര്യങ്ങൾ ഒന്നും ഇല്ലാതെയിരുന്ന ഒരു ഇരുണ്ട കാലം കരള ജനത അനുഭവിച്ചിരുന്നു. ജനങ്ങളിലെ ദാരിദ്ര്യത്തിനെതിരെ കേരള സർക്കാരിന് ഒന്നും പരിഹരിക്കാൻ കഴിയാത്ത നിലവന്നപ്പോഴാണ് അന്ന് ജനങ്ങളുടെ ആവശ്യം നിറവേറ്റാൻ മലയോരപ്രദേശങ്ങളെ വിളഭൂമിയാക്കാൻ സർക്കാരും രാഷ്ട്രീയ പാർട്ടികളും സാധാരണ ജനങ്ങളെ ആഹ്വാനം ചെയ്തത്. മലയോര കർഷകർ വിതച്ചപ്പോൾ നൂറുമേനി അവർ കൊയ്തെടുത്തു. അവർ ദാരിദ്രത്തിന്റെ കോട്ടകൾ തകർത്തത് തികച്ചും അഭിമാനത്തോടെയായിരുന്നു. മലയോരത്തു നിന്നും കപ്പയും വാഴക്കുലകളും നെല്ലും ശർക്കരയും പഴങ്ങളും പച്ചക്കറികളും നാട്ടിൻപുറങ്ങളിലെ ചന്തകളിൽ എത്തിച്ചേർന്നു. പശ്ചിമഘട്ട മലയോരത്തു എത്തിയ കർഷകർ എല്ലുമുറിയെ പണിയെടുത്തപ്പോൾ അത് നാട്ടിൻപുറത്തെ സാധാരണക്കാരനും പട്ടിണിപ്പാവങ്ങൾക്കുപോലും പുത്തൻ പ്രതീക്ഷകളുടെ മധുരസ്വപ്‌നങ്ങൾ വിടർന്നു.
ഒരു ചരിത്ര വസ്തുത നാം മറക്കേണ്ട. അക്കാലത്ത് ഇടുക്കി ജില്ല ഉണ്ടായിട്ടില്ല. ഹൈറേഞ്ച് വനപ്രദേശം അക്കാലത്ത് പ്രായോഗികമായി സ്വന്തംപോലെ കയ്യടക്കിവച്ചിരുന്നത് തമിഴ്നാട്ടിലെ ചില വമ്പൻ മാഫിയാസംഘം ആയിരുന്നു. ഉദാഹരണമായി, അവരിൽ പ്രസിദ്ധരായ ചിലരുടെ പേരുകൾ കൂടി ഇവിടെ ചേർക്കട്ടെ. പേര് കേൾക്കുമ്പോൾ തന്നെ കേരളീയർ അന്ന് ഭയന്ന് ഞെട്ടിയിരുന്ന കഴുത്തുവെട്ടികൾ എന്നറിയപ്പെട്ട പാണ്ടിത്തേവന്മാർ, തമിഴ്നാട്ടുകാരായ കൊള്ളത്തലവൻ ആങ്കൂർ റാവുത്തർ, പാമ്പാടുംപാറ ഭാസ്കർ തുടങ്ങിയവർ കിഴക്കൻ വനപ്രദേശം അധീനതയിൽ ആക്കിയിരുന്നു. ആങ്കൂർ റാവുത്തർ മലയോര ഉൾഭാഗങ്ങളിൽ റോഡുകൾ നിർമ്മിച്ച് വനപ്രദേശത്തുണ്ടായിരുന്ന തേക്ക്, ഈട്ടി, തുടങ്ങിയ വനവൃക്ഷങ്ങൾ അനധീകൃതമായി വെട്ടിയിട്ട് തമിഴ് നാട്ടിലേയ്ക്ക് കടത്തിക്കൊണ്ടുപോയി. പാണ്ടിതേവർമാരും പാമ്പാടുംപാറ ഭാസ്കറും അതുപോലെ മറ്റുപലരും ആയിരക്കണക്കിന് ഏക്കർ വനഭൂമി കൈവശപ്പെടുത്തി അവിടെ ഏലകൃഷി ചെയ്തു.
സ്വർണ്ണം വിളയുന്ന ഹൈറേഞ്ചു പ്രദേശങ്ങൾ മൊത്തമായും തമിഴ്‌നാടിന്റെ കൈവശമാകുമെന്നു തിരിച്ചറിഞ്ഞ കേരളത്തിലെ പ്രജാ സോഷ്യലിസ്റ്റ് പാർട്ടി നേതാവും അന്നത്തെ മുഖ്യമന്ത്രിയുമായിരുന്ന ശ്രീ പട്ടം താണുപിള്ളയും ചില കോണ്‍ഗ്രസ് നേതാക്കളും ചേർന്ന് തമിഴ് അധിനിവേശത്തെ പോലീസിനെ ഉപയോഗിച്ച് അവരെ എതിർത്തു. ഹൈറേഞ്ചു പ്രദേശത്തുനിന്നു വളരെയേറെ തമിഴരെ ബലപ്രയോഗത്തിൽ തുരത്തി. ഇത് പട്ടം താണുപിള്ളയുടെ രാഷ്ട്രീയ വിജയമായിരുന്നു. പട്ടം കോളനി എന്ന ഗ്രാമപ്പേര് ഈയൊരു വിജയത്തിനു തെളിവാണ്. നെടുങ്കണ്ടം, പട്ടം കോളനി, കുമളി, ഉപ്പുതറ, കാഞ്ചിയാർ, അയ്യപ്പൻ കോവിൽ, കട്ടപ്പന, രാജാക്കാട്, കൊന്നത്തടി, അടിമാലി, തുടങ്ങിയ പ്രദേശങ്ങളിൽ ഓരോ കർഷകനും അഞ്ചേക്കർ സ്ഥലം വീതം "ആലോട്ടുമെന്ടു "ഭൂമിയായി ആദ്യം സർക്കാർ അളന്നുതിരിച്ചു കൊടുത്തു. നാട്ടിൻപുറത്തെ പാവപ്പെട്ടവരും സാമ്പത്തിക മെച്ചമെച്ചമുണ്ടായിരുന്ന മറ്റുചിലരും അവിടെ ഇക്കൂട്ടത്തിൽ ഉൾപ്പെട്ടിരുന്നു.
ഹൈറേഞ്ചിലെ ഒഴുകിവറ്റുന്ന കർഷക സ്വപ്‌നങ്ങൾ - മുതിരപ്പുഴയാർ |
പിന്നീട് അധികാരത്തിലെത്തിയ കേരളസർക്കാർ ഹൈറേഞ്ചു പ്രദേശങ്ങളുടെ വികസനത്തിനു ലക്ഷ്യം വച്ച് ഇടുക്കി ജില്ല രൂപീകരിച്ചു. പക്ഷെ, ഇപ്പോഴും ചില തമിഴ് ലോബിയുടെ ഒളിപ്രവർത്തനം നിഗൂഢമായി നടക്കുന്നുണ്ട്. ഇതിനു പുതിയ തെളിവാണ് പീരുമേട് താലൂക്ക് തമിഴ്നാടിന്റെ ഭാഗമാക്കണമെന്നു എഴുതിഒട്ടിച്ച പോസ്ടറുകൾ അവിടെ ഈയിടെ പ്രത്യക്ഷപ്പെട്ടത്. കസ്തൂരി രംഗൻ റിപ്പോർട്ടിന്റെ മറപിടിച്ചാണ് ഈ നടപടി അവിടെ നടന്നതെന്നും ജനസംസാരം ഉണ്ട്. കേരളത്തിലെ ചില പ്രമുഖ പരിസ്ഥിതിവാദികളും തമിഴ് ലോബിയും തോളിൽ തോളുരുമ്മുന്നുണ്ട് എന്നും പരക്കെ പറയുന്നുണ്ട്.
മലയാളിയുടെ സാമ്പത്തിക വികസന ലക്ഷ്യവും, തമിഴുലോബികളുടെ പിടിയിൽ നിന്നും വനപ്രദേശത്തെ സംരക്ഷിക്കലും, മാറി മാറി വന്നിരുന്ന സർക്കാറുകളുടെ പ്രധാന ലക്ഷ്യമായിരുന്നു. മലയോര മേഖലയിൽ കർഷകർ കുടിയേറി വനമേഖല വിളഭൂമിയാക്കാൻ നേതാക്കൾ ആഹ്വാനം നടത്തിയതും കർഷകന് ഭാവിയും കേരളത്തിന്റെ ദാരിദ്ര്യനിർമാർജ്ജനവും ഇവിടെ നിന്നും ആരംഭിക്കട്ടെയെന്നു അന്ന് നേതാക്കൾ കരുതിയിരുന്നതുകൊണ്ടാണ്. ഹൈറേഞ്ചു വികസനം സുഗമമായി നടപ്പാക്കാൻ വേണ്ടി അന്ന്സർക്കാർ തന്നെ ഒരു കമ്മീഷനെ നിയോഗിച്ചു. ഇതായിരുന്നു അക്കാലത്ത് അറിയപ്പെട്ട പ്രസിദ്ധ "മണിയങ്ങാടൻ കമ്മിറ്റി റിപ്പോർട്ട്". ഹൈറേഞ്ചു കർഷകരുടെ സാമ്പത്തിക ഭാവിസ്ഥിരതയെ ഉറപ്പുവരുത്താൻ ആവശ്യമായ നിർദ്ദേശങ്ങളും മറ്റും അടങ്ങിയ തെളിവെടുപ്പ് റിപ്പോർട്ട് ശ്രീ മാത്യൂ മണിയങ്ങാടൻ ( മുൻ ഇന്ത്യൻ പാർലമെന്റ് അംഗം, കോട്ടയം) കേന്ദ്ര സർക്കാരിൽ സമർപ്പിച്ചു.
മണിയങ്ങാടൻ കമ്മിറ്റി റിപ്പോർട്ട് കേന്ദ്ര-സംസ്ഥാന സർക്കാരുകൾ അതുപടി അംഗീകരിച്ചു. മലയോര മേഖലയിലെ ലക്ഷക്കണക്കിനായ കർഷകരുടെ സ്വപ്നം സാക്ഷാൽക്കരിക്കപ്പെട്ടു. അവർക്ക് അവരുടെ കൃഷി ഭൂമിക്ക് സ്ഥിരപട്ടയം ലഭിച്ചു. തമിഴ്നാടിന്റെ ആധിപത്യവും കുറെയെങ്കിലും അവിടെ അവസാനിപ്പിച്ചു. ഇത്പോലെ സങ്കീർണ്ണമായ ചരിത്രവും മലബാർ കർഷക കുടിയേറ്റങ്ങളിലും ഉണ്ടായിരുന്നുവെന്നു ഇവിടെ പറയട്ടെ. ഇവിടെയെല്ലാം ലക്ഷോപലക്ഷം കുടുംബങ്ങൾ ഇപ്പോൾ തിങ്ങിപ്പാർക്കുന്നുണ്ട്. സ്വതന്ത്രമായ കേരളവികസനത്തിന്റെ യഥാർത്ഥ മാതൃക.
ഹൈറേഞ്ചിലെ മറയൂരിൽ കർഷകർ ഉണ്ടാക്കുന്ന ശർക്കര |
കുടിയേറിയ കർഷകർ സ്വതന്ത്രമായി കൃഷി ചെയ്തു. മനോഹരമായ വീടുകൾ നിർമ്മിച്ചു. അവിടെ ആരാധനാലയങ്ങളും വിദ്യാലയങ്ങളും ആശുപത്രികളും കച്ചവടകേന്ദ്രങ്ങളും ഭംഗിയുള്ള റോഡുകളും ഗതാഗത മാർഗ്ഗങ്ങളും ഉണ്ടാക്കി. വനമേഖല സമൃദ്ധിയുടെ വിളഭൂമിയായി. സ്വദേശികൾക്കും വിദേശികൾക്കും വേണ്ടിയുള്ള സന്ദർശന കേന്ദ്രമായി മാറി. കേരളത്തിന്റെ മനോഹരമായ മലയോരമേഖലയിൽ മുഖ്യകൃഷി ഉത്പ്പന്നങ്ങളായ ഏലം, കാപ്പി, കുരുമുളക്, റബ്ബർ, തേയില,ചക്ക, മാങ്ങാ, കപ്പ, കരിമ്പ്(ഉദാ.മറയൂർ ശർക്കര ) എന്നുവേണ്ട കേരളത്തിനു നിത്യേന വേണ്ടിയതെല്ലാം അവിടെ അവർ വിളയിച്ചു. അവർ കർഷകർ അവിടെ വിതച്ചു, അവർ നൂറുമേനി വിളവു കൊയെതെടുത്തു. സ്വദേശത്തും വിദേശത്തും ഉത്പ്പന്നങ്ങളെല്ലാം വിതരണം ചെയ്തു. അവ വിദേശങ്ങളിൽ കയറ്റി അയച്ചു. ഇതൊക്കെ മലയോര കർഷകരുടെ കഠിന പ്രയഗ്നത്തിന്റെ സാക്ഷ്യങ്ങളും നാൾ വഴികളുമായിരുന്നു. കേരളത്തിൽ, ശരിക്ക് പറഞ്ഞാൽ, മലയോര കർഷകർ വിപ്ലവകരമായ ഹരിത വിപ്ലവം തന്നെ നടത്തി. മലയോരത്തു ഹരിതവിപ്ലവം സൃഷ്ടിച്ച , അടിയുറച്ച സ്വന്തം ആത്മാഭിമാനം ആർക്കും അടിയറ വയ്ക്കാത്തവരായ കർഷകരുടെ സ്വന്തം സഞ്ചാരപഥത്തിലാണ് അന്തകരായ കുറെ കപടപരിസ്ഥിതിസംരക്ഷണ പ്രേമികൾ ഇറങ്ങിയിരിക്കുന്നത്.
കേരളം വികസിക്കുന്നു. അനന്തരഫലങ്ങൾ ആലോചിക്കാതെ കൃത്യമായി മലയോരമേഖലയിൽ ഉണ്ടാകേണ്ട വികസനം മരവിപ്പിക്കുന്ന കസ്തൂരി രംഗൻ റിപ്പോർട്ടിന് ആനുകൂലിക്കുന്നവരെ സമൂഹം പുറത്താക്കുന്ന ദിനം അതിദൂരത്തല്ലായെന്നു ജനം ആവർത്തിച്ചു പറഞ്ഞു തുടങ്ങി. ഇവരെ ജനം നന്നായി തിരിച്ചറിഞ്ഞു. ഏറെക്കാലമായി മറുനാടുകളിൽ ജീവിക്കുന്ന എല്ലാ പ്രവാസി മലയാളികളിലും ഉത്ക്കണ്ഠയോടെ ആഴത്തിൽ ഈ വിഷയം സ്വാധീനിച്ചതായി മനസിലാക്കുവാൻ കഴിയുന്നുണ്ട്.
കേരളം രാഷ്ട്രീയ മാഫിയാകളുടെയും കള്ളക്കടത്തുകാരുടെയും പിടിയിൽ അമർന്നിരിക്കുന്നു എന്നാണു മറുനാടൻ മലയാളികൾ പറയുന്നത്. ഇതിനെ സ്ഥിരീകരിക്കുന്ന ഒരു ഭീകര വാർത്തയാണ്, ഗൾഫ് പ്രവാസിമലയാളിയുടെ തൊടുപുഴയ്ക്കടുത്ത് കാഞ്ഞിരമറ്റത്തുള്ള സ്വന്തം ഭൂമിയിൽ പണി നടത്താൻ പോലും അനുവദിക്കാതെ കപടപരിസ്ഥിതിവാദികളായ രാഷ്ട്രീയ ഗുണ്ടകൾ ഭീകരാന്തരീക്ഷം ഉണ്ടാക്കി അയാളുടെ ജീവനും സ്വത്തിനും പോലും തീവ്ര ഭീഷണിയുണ്ടാക്കിയെന്നും, കേരള മാദ്ധ്യമമായ ദീപിക(5.12.2013 ) ഇക്കഴിഞ്ഞ ദിവസം പുറത്തുവിട്ടത്. പീഡിപ്പിക്കപ്പെട്ട പ്രവാസി മലയാളിക്ക് ഇതുവരെ അവിടെ സർക്കാരിന്റെ നീതി ലഭിച്ചില്ലയെന്നും വാർത്തയിൽ പറഞ്ഞു..
ഒരു ചരിത്ര വസ്‌തുത ഇവിടെ പറയട്ടെ. ഇന്ത്യ ഭരിച്ചിരുന്ന ബ്രിട്ടീഷ് സർക്കാർ നടപ്പാക്കാൻ തീരുമാനിച്ചിരുന്ന " റൌളറ്റ് കമ്മിറ്റി റിപ്പോർട്ടി" നെതിരെ നടന്ന ജനപ്രക്ഷോപം വലിപ്പവും തീവ്രതയും ആർജിച്ചു വന്നപ്പോൾ സർക്കാർ ആ ശുപാർശകൾ നടപ്പാക്കുവാൻ നിഗൂഢമായ നിർബന്ധം കാണിക്കുകയാണ് ഉണ്ടായത്. ഒടുവിൽ എതിർപ്പുകളുടെ തീവ്ര സ്വരം ഉയരുന്നതിനിടയിൽ ബിൽ നിയമമായി പ്രസിദ്ധീകരിക്കപ്പെട്ടു. അന്നാണ് "പൊതു ഹർത്താൽ" എന്ന പാവനമായ സമരമുറയെക്കുറിച്ചുള്ള ആശയം മഹാത്മാ ഗാന്ധിക്ക് ആദ്യം ഉണ്ടായത്. ഈ സമരരീതി പ്രതീക്ഷിക്കാത്ത ഫലമാണ് അന്ന് ഉണ്ടാക്കിയത്. അതുപക്ഷെ, ഇക്കാലത്ത് ഹർത്താലുകൾ ലാഭകരമായ പരിപാടിയാണല്ലോ. കേരള സർക്കാരും രാഷ്ട്രീയലോബികളും ഇപ്പോൾ അന്നത്തേതുപോലെ തന്നെ കസ്തൂരി രംഗൻ കമ്മിറ്റി റിപ്പോർട്ട് നടപ്പാക്കുന്നതു സംബന്ധിച്ച് നിഗൂഢ നിർബന്ധം കാണിക്കുകയാണ്. പ്രക്ഷുപ്തമായ ജനമനസ്സിൽ മറ്റൊരു പ്രതീക്ഷാ വിശ്വാസം ഉണ്ടാക്കുവാനുള്ള മൃദുവായ ആശയമായിരുന്നു കേന്ദ്ര പരിസ്ഥിതി - വനം വകുപ്പ് മന്ത്രിണിയുമായുള്ള മുഖ്യമന്ത്രിയുടെ ഈ ദിവസങ്ങളിലെ ഡൽഹി കൂടിക്കാഴ്ചയും ശേഷമുള്ള പ്രസ്താവനയും.
ഏകാധിപത്യപ്രവണത ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യരാജ്യമായ ഇന്ത്യ പരിശീലിക്കുന്നത് ഭീകരമായ അനന്തരഫലങ്ങൾ ഉണ്ടാക്കുന്ന ചെറുത്തു നിൽപ്പിന് കാരണമാക്കും. കേരളത്തിലെ മലയോരകർഷകർ കസ്തൂരി രംഗൻ കമ്മിറ്റി റിപ്പോർട്ടിനെതിരെ സമാധാനപരമായ നിയമ ലംഘനത്തിന് സ്വയം യോഗ്യത നേടുന്നതിനു മുൻപ് ജനങ്ങളുടെ അഭിപ്രായത്തെ ആദരണീയമായി മാനിക്കുവാൻ ജനപ്രതിനിധികളും എല്ലാ രാഷ്ട്രീയ പാർട്ടികളും കേന്ദ്ര-കേരള സർക്കാരും ഉടൻ തയ്യാറാവണം. മലയോര കർഷകരെല്ലാം തങ്ങളും കൂടി ഉൾപ്പെടുന്ന മണ്ണിന്റെ മക്കളും സഹോദരരും ആണെന്ന നിലയ്ക്ക് രാഷ്ട്രീയ ധാർമ്മികത നഷ്ടപ്പെടാത്ത കർത്തവ്യബോധവും അവർക്ക് മഹിമയേറ്റുന്ന ചർച്ചയും തീരുമാനങ്ങളും ഉണ്ടാക്കുന്നത് അനുചിതമായിരിക്കും. ജനങ്ങളെ ബോദ്ധ്യപ്പെടുത്താത്ത അവരുടെ പൂർണ സഹകരണത്തോടെയല്ലാത്തതുമായ യാതൊരു പരിഷ്കാരവും നടപ്പാക്കുന്നത് ഫാസിസ്റ്റ് നടപടി തന്നെ./
തന്നിരിക്കുന്ന ലിങ്കുകൾ പ്രകീർത്തിക്കുന്ന വസ്തുതകളും കെ.എ. ഫിലിപ് വളരെയധികം മുന്വിധികളോടെയും ആധികാരികതയില്ലാതെയും എഴുതിയിരിക്കുന്ന ലേഖനവും തമ്മിൽ ഒരു പൊരുത്തവുമില്ല. കുടിയേറ്റക്കാരുടെ ജീവിതത്തെ താറുമാറാക്കാതെതന്നെ, ഗാഡ്ഗിൽ നിർദ്ദേശങ്ങൾ പാലിച്ചാൽ, പശ്ചിമഘട്ടത്തെ സംരക്ഷിക്കാനാവും. ആ റിപ്പോർട്ട് വായിക്കാതെയും നന്നായി പഠിക്കാതെയുമാണ് ഓരോ വിരുതന്മാർ അതിനെ നിരാകരിച്ചതും പകരം വെള്ളംചേർത്ത കസ്തൂരിരംഗൻ ഉണ്ടാക്കാനിടവരുത്തിയതും. അതിലെ പഴുതുകൾ മുൻകൂർ കണ്ടെത്തിയാണ് ആർത്തിപിടിച്ച നമ്മുടെ ചില കുട്ടിനേതാക്കൾ തങ്ങളുടെ പാറ- മണ്ണ് കൊള്ളക്കായി നിശ്ചിത പ്രദേശങ്ങൾ ഒഴിവാക്കിയെടുത്ത് ലാഭം കൊയ്തുകൊണ്ടിരിക്കുന്നത്. ഇല്ലാത്ത പ്രവചനങ്ങൾ നടത്തി മെത്രാന്മാരും സ്ഥാപിതതാത്പര്യക്കാരും ചേർന്ന് മനുഷ്യരെ ഭയപ്പെടുത്തിക്കൊണ്ടാണ് തെറ്റായ ദിശയിലേയ്ക്ക് ഈ പ്രശ്നത്തെ കൊണ്ടുപോകുന്നത്. ശരിയായ ദിശ ഏതെന്നു ചൂണ്ടിക്കാനിക്കാനുള്ള ഗ്രാഹ്യം നമ്മുടെ രാഷ്ട്രീയമുതലാളിമാർക്കൊട്ടില്ല താനും. ജനത്തിന്റെ അജ്ഞതയെ തങ്ങളുടെ അജ്ഞ്ഞതകൊണ്ട് ശമിപ്പിക്കാൻ വസ്തുനിഷ്ഠമല്ലാത്ത ഓരോ പ്രസ്താവനകളിറക്കുക മാത്രമാണ് ഇതുവരെ അവർ ചെയ്തുകൊണ്ടിരുന്നത്. വിവരമുള്ള ധാരാളം പണ്ഡിതരും ചിന്തകരും ബിഷപ് ഉമ്മനെപ്പോലുള്ള മതനേതാക്കളും പ്രകൃതിസ്നേഹികളും ഇതിനകം കണ്ടെത്തിയിട്ടുള്ളത് മനുഷ്യനും പ്രകൃതിക്കും ഗുണകരമായ വഴി ഗാഡ്ഗിലിന്റേതു തന്നെയാണെന്നാണ്. മുഖ്യതാരാമാദ്ധ്യമങ്ങൾ ഇതിനോടകം ഇക്കാര്യങ്ങൾ വിശദീകരിച്ച് ധാരാളം എഴുതിക്കഴിഞ്ഞു. അതൊന്നും വായിച്ചു ഗ്രഹിക്കാതെ, വെറുതേ ഹർത്താലും പടയും നടത്തി ഒന്നും നേടാൻ പോകുന്നില്ല. മുല്ലപ്പെരിയാറിന്റെ കാര്യത്തിലെന്നപോലെ, ചെയ്യേണ്ടത് ചെയ്യേണ്ട സമയത്ത് വിവേകപൂർവ്വം ചെയ്യാതിരുന്നതിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് വിവരദോഷികൾ രാജിവയ്ക്കുകയും ( ഇവന്മാരെ ജീവപര്യന്തം അഴികൾക്കുള്ളിൽ ആക്കണം) കഴിവും ബുദ്ധിയും ജനസ്നേഹവുമുള്ള മിടുക്കന്മാർ കാര്യങ്ങൾ ഏറ്റെടുക്കുകയും വേണം. അതല്ലാതെ, വെറുതേ ഉരുണ്ടുകളിച്ചു തീർക്കാവുന്ന ഒരു ചെറിയ പ്രശ്നമല്ല ഇതൊന്നും.
ReplyDeleteTel. 9961544169 / 04822271922
വ്യക്തതയില്ലാത്ത അഭിപ്രായങ്ങളാണ് മുകളിലുള്ള ലേഖനത്തിൽ മുഴങ്ങി കേൾക്കുന്നത്. ആശയങ്ങളെക്കാൾ വികാരത്തിന് പ്രാധാന്യം കൽപ്പിച്ചിരിക്കുന്നു. സ്വാതന്ത്ര്യം നേടിക്കഴിഞ്ഞ് തിരുവിതാംകൂർ കൊച്ചി പ്രദേശങ്ങൾ പഞ്ഞം കിടന്നതായി അറിവില്ല. രണ്ടാം ലോക മഹായുദ്ധ കാലങ്ങളിൽ അരിക്ഷാമം ഉണ്ടായതായി കേട്ടിട്ടുണ്ട്. നാഞ്ചനാടും കുട്ടനാടും തിരുവിതാംകൂറിന്റെ ഭാഗമായിരുന്നതുകൊണ്ട് കേരളത്തിൽ അരിക്ഷാമം ഉണ്ടായിരുന്നില്ല. അമ്പതുകളിൽ പട്ടംതാണുപിള്ളയുടെ കാലഘട്ടത്തിൽ എന്റെ പിതാവ് കാഞ്ഞിരപ്പള്ളിയിലന്ന് അരിയുടെ മൊത്തവ്യാപാരിയായിരുന്നു. ചാക്കൊന്നിന് 19 രൂപാവരെ വിലയിടിഞ്ഞ് അരി കുന്നുകൂടിയ കാലവും ഉണ്ടായിരുന്നു. അതുമൂലം ഞങ്ങളുടെ കുടുംബവക കച്ചവടം പൊട്ടിയതും ഓർക്കുന്നുണ്ട്.
ReplyDeleteകിഴക്കൻ പ്രദേശത്ത് കുടിയേറിയത് ദരിദ്രരെക്കാളും പണമുള്ളവർ തന്നെയായിരുന്നു. കൂടുതൽ സമ്പത്ത് നേടാൻ നാട്ടിലുളള വസ്തുക്കൾ വിറ്റാണ് അന്നവർ അവിടെയ്ക്ക് കുടിയേറിയത്. അല്ലാതെ ദാരിദ്ര്യം കൊണ്ട് കുടിയേറിയതല്ല. ലേഖകൻ പറയുമ്പോലെ കിഴക്കുള്ള കുടിയേറ്റം ഒരു സർക്കാരും അനുവദിച്ചതായി അറിവില്ല. കുടിയേറിവരെ അന്നും പോലീസിന്റെ ഇടിവണ്ടി വന്ന് ഓടിക്കുമായിരുന്നു. അമരാവതി, ചുരുളി കീരിത്തോട് എന്നീ പ്രദേശങ്ങളിലെ കുടിയിറക്ക് പ്രസിദ്ധമാണ്. സർക്കാർ എന്നും അനധികൃത കുടിയേറ്റക്കാരെ ഇറക്കി വിടുന്ന നയമായിരുന്നു കൈക്കൊണ്ടിരുന്നത്. അന്ന് കുടിയേറ്റക്കാർ പട്ടയമില്ലാത്ത ഭൂമി പിടിച്ചുവെക്കുന്നത് നൂറേക്കർ വീതമുള്ള പ്ലോട്ട് കണക്കിനായിരുന്നു. അതു മുഴുവൻ കൃഷിഭൂമിയാക്കിയിരുന്നത് പണമുള്ളവനായിരുന്നു. കുടിയേറ്റക്കാരിൽ പട്ടിണിപ്പാവങ്ങൾ ഉണ്ടായിരുന്നില്ല. പണമില്ലാതെ പണിക്കാരെ വെച്ച് കൃഷി ഭൂമി പിടിച്ചു വെക്കാൻ സാധിക്കില്ല. ജൈവ വളങ്ങളുള്ള ഭൂമിയിൽനിന്നും അന്നവർ ആദായമുണ്ടാക്കി സുഭിക്ഷിതരാവുകയും ചെയ്തു.
ലോകത്തിലെ ജൈവകലവറയാണ് പശ്ചിമഘട്ടം. അതിന് നാശം വരരുതെന്നു പരീസ്ഥിതി ശാസ്ത്രജ്ഞർ ഒന്നുപോലെ അഭിപ്രായപ്പെടുന്നു. അവിടെ കസ്തൂരിയെന്ന കൊച്ചിക്കാരൻ ശൂന്യാകാശ ശാസ്ത്രജ്ഞനെങ്കിൽ അദ്ദേഹം ആദ്ധ്യക്ഷനായുള്ള ശാസ്ത്രീയ ലോകത്തിന്റെ അഭിപ്രായവും ഉൾപ്പെടുത്തിക്കൊണ്ടാണ് കസ്തൂരി റിപ്പോർട്ട് തയ്യാറാക്കിയത്. യുക്തിപരമായി ചിന്തിരിച്ചിരുന്നുവെങ്കിൽ ലേഖകൻ ഒരു വ്യക്തി ഹത്യക്ക് തുനിയുകയില്ലായിരുന്നു. അതും ശാസ്ത്ര ലോകം ഒന്നടങ്കം ബഹുമാനിക്കുന്ന ലോക പ്രസിദ്ധനായ ഒരു മലയാളിയെപ്പറ്റിയാണ് വികാര തരളിതമായ എഴുത്തിന്റെ ഒഴുക്കിലൂടെ ഇവിടെ കുറ്റാരോപണം നടത്തിയിരിക്കുന്നത്. വിഷയമാകേണ്ടിയിരുന്നത് കസ്തൂരിയെപ്പറ്റിയല്ല മറിച്ചു കസ്തൂരി രങ്കൻ റിപ്പോർട്ടിനെപ്പറ്റിയായിരുന്നു.
ഭൂമിയുടെ സമതുലനാവസ്ഥ പരിഹരിക്കാൻ ഗാഡ്ഗിൽ റിപ്പോർട്ട് നടപ്പാക്കണമെന്ന് പരീസ്ഥിതി വാദികൾ വാദിക്കുന്നു. പുതിയ കേന്ദ്രസർക്കാർ ഗാഡ്ഗിൽ റിപ്പോർട്ടിനെ അനുകൂലിക്കുന്ന സ്ഥിതിക്ക് കോണ്ഗ്രസ് ഉൾപ്പടെ മറ്റെല്ലാ പാർട്ടികളും എതിരായിക്കൊള്ളും. ഉമ്മൻ ചാണ്ടിയെ അന്നുമുതൽ എതിർക്കുന്നവർക്ക് പ്രകീർത്തിക്കുകയും ചെയ്യാം.
ഒരു ലക്ഷ്യബോധത്തോടെയല്ല മുകളിലുള്ള ലേഖനത്തിലെ ഉള്ളടക്കം. കേരളത്തിലെ വനസമ്പത്തായ തേക്കും ഈട്ടിക്കും പകരം നാട്ടിലെ പാഴ് മരങ്ങളായ റബ്ബർ മതിയെന്നും സഹാറായിലും മരുഭൂമിയിലുമൊക്കെ മഴയുണ്ടെന്നും അഭിപ്രായപ്പെട്ടിട്ടുണ്ട്. എന്തൊരു ബാലിശം? പ്രകൃതിയെ നശിപ്പിച്ചും ഇന്നുള്ള ഖനനങ്ങളും വികസനങ്ങളും അവിടെയുള്ള ലോല പ്രദേശങ്ങളിൽ തുടരണമെന്നുള്ള അഭിപ്രായവും വിചിത്രമായിരിക്കുന്നു.
അപൂർണ്ണമായ കസ്തൂരി റിപ്പോർട്ടിനെ തുലനം ചെയ്യുമ്പോൾ പരീസ്ഥിതി സംസ്ക്കരണത്തിനു എന്തുകൊണ്ടും മെച്ചം ഗാഡ്ഗിൽ റിപ്പോർട്ട് തന്നെയാണ്. പശ്ചിമഘട്ട മേഖലകളിൽ ഗാഡ്ഗിൽ റിപ്പോർട്ട് നടപ്പാക്കുന്നത് അതാത് പ്രദേശങ്ങളിലുള്ള ജനങ്ങളുടെ അഭിപ്രായം മാനിക്കണമെന്നുണ്ട്.ജനങ്ങളെ ബോധവൽക്കരിച്ച് സമ്മതത്തോടെ വേണം റിപ്പോർട്ട് നടപ്പിലാക്കുന്നതെന്ന് ഗാഡ്ഗിൽ അടിവരയിട്ടു പറയുന്നു.റിപ്പോർട്ടിനെ ജനം നല്ലവണ്ണം പഠിക്കണം. പഠിക്കാതെ വൈകാരികമാണ് മുമ്പിൽ നിൽക്കുന്നതെങ്കിൽ ഗാഡ്ഗിൽ കസ്തൂരി റിപ്പോർട്ടുകളെ തകർക്കുന്നവഴി സഹായകമാകുന്നത് ഭൂമി മാഫിയാകൾക്കായിരിക്കും. മനുഷ്യൻ ഭക്ഷണം തേടുന്നതിനൊപ്പം പരീസ്ഥിതിയെപ്പറ്റിയും ചിന്തിക്കണം. നാളെയും ഭക്ഷണം ഉത്ഭാദിപ്പിക്കേണ്ടത് ഈ ഭൂമി തന്നെയാണ്. അതുകൊണ്ടാണ് രാസ വളമെന്ന വിഷ വസ്തുക്കളെ ഗാഡ്ഗിലും കസ്തൂരിയും എതിർക്കുന്നത്.ജനങ്ങളുടെ ശബ്ദത്തെക്കാളും ഉച്ചത്തിൽ കേൾക്കുന്നത് മത നേതാക്കന്മാരുടെയാണ്. മെത്രാന്റെ വാക്കുകളെ ഈ റിപ്പോർട്ട് മുഖവിലയ്ക്കെടുത്തിട്ടില്ല. ഗാഡ്ഗിൽ, കസ്തൂരി റിപ്പോർട്ടുകളെ തകർക്കാൻ ശ്രമിക്കുന്ന സ്ഥാപിത താല്പര്യക്കാരുടെ ഉദ്ദ്യേശശുദ്ധിയും ജനം മനസിലാക്കി കഴിഞ്ഞു. ഗാഡ്ഗിൽ റിപ്പോർട്ട് ഉൾപ്പെടുത്തിയ ലോലപ്രദേശങ്ങളുടെ മുപ്പത്തിയേഴു ശതമാനമേ കസ്തൂരി രംഗ റിപ്പോർട്ടിലുള്ളൂ. എന്നിട്ടും ജനങ്ങളിൽ ഭയമുണ്ടാക്കാൻ രാഷ്ട്രീയപുരോഹിതർക്കു സാധിച്ചു.