Translate

Monday, May 5, 2014

ഒരു മനുഷ്യന്‍ കൂടി കടന്നു പോവുന്നു

ഫാ. എബ്രാഹം കൈപ്പന്‍പ്ലാക്കല്‍ (101) നിര്യാതനായി. യേശു വചനങ്ങളിലൂടെ നല്‍കിയ സ്നേഹത്തിന്‍റെയും പങ്കു വെയ്ക്കലുകളുടെയും സന്ദേശം ജീവിതത്തില്‍ പകര്‍ത്തി അനേകര്‍ക്ക്‌ താങ്ങായ ഒരു നല്ല സമ്രായക്കാരനാണ് കടന്നു പോകുന്നത്. അനുസരണയുള്ള വൈദികനായി അദ്ദേഹം ജീവിച്ചു. ഒരു വൈദികന്‍റെ ദൌത്യം എന്താണെന്ന് ലോകത്തെ കാണിക്കുവാന്‍ റിട്ടയര്‍ ചെയ്യുന്നത് വരെ അദ്ദേഹത്തിന് കാത്തിരിക്കേണ്ടി വന്നു. ഇവിടെ ഓരോ അഭിഷിക്തനും എത്ര ലത്തിന്‍ പള്ളികള്‍ പിടിച്ചെടുത്തു, എത്ര ഷോപ്പിംഗുകള്‍ പണിതു, എത്ര പള്ളി മുറികള്‍ പണിതു, എത്ര പണം പിരിച്ചെടുത്തു, തുടങ്ങിയ ധീര പരാക്രമങ്ങളുടെ പേരില്‍ ആരാധിക്കപ്പെടുമ്പോള്‍ ഈ വൈദികന്‍ അറിയപ്പെടുന്നത്, അദ്ദേഹം അടിത്തറയിട്ട ബാലഭവനങ്ങളുടെയും, വൃദ്ധ മന്ദിരങ്ങളുടെയും, ബുദ്ധി മാന്ദ്യം സംഭവിച്ചവര്‍ക്ക് വേണ്ടിയുള്ള സ്പെഷ്യല്‍ സ്കൂളുകളുടെയും, വികലാംഗ ഭവനങ്ങളുടെയും ഒക്കെ പേരിലാണ്. കേരളത്തിലെ വിമോചന പ്രസ്ഥാനങ്ങള്‍ക്കും വ്യക്തികളും പൊരുതുന്നത്, ആരെയോ എന്തിനെയോ തകര്‍ക്കാനല്ല, പകരം യേശുവിന്‍റെ ആരെയും മയക്കുന്ന സര്‍വ്വതിനെയും ഉള്‍ക്കൊള്ളുന്ന മാലിന്യം കലരാത്ത നിര്‍മ്മലമായ സ്നേഹം ഈ മണ്ണില്‍ വിളയിക്കുവാനാണ്. ഒരു മേജര്‍ ആര്‍ച്ച് ബിഷപ്പ് ഇവിടെ ഉണ്ടായത് കൊണ്ടോ, ഒരു മാര്‍ത്തോമ്മാ കുരിശു അടിച്ചേല്‍പ്പിക്കാന്‍ കഴിഞ്ഞതുകൊണ്ടോ അതിന്‍റെ ഒരംശം പോലും നേടാന്‍ നമുക്ക് സാധിക്കുമെന്ന് കരുതുന്നവര്‍ നമ്മുടെ കൂടെയില്ല.


ഇങ്ങിനെ സര്‍വ്വജന ആരാദ്ധ്യനായ ഒരു വ്യക്തി സമൂഹത്തില്‍ നിന്ന് കടന്നു പോകുമ്പോള്‍ സാധാരണ നാം ചെയ്യുന്നത്, ഫാ. എബ്രാഹം എന്നെഴുതിയിടത്തൊക്കെ നേര്ച്ചപ്പെട്ടികള്‍ നിരത്തുകയും, ആ നല്ല മനുഷ്യസ്നേഹിയ്ക്ക് ദൈവദാസന്‍ മുതല്‍ വിശുദ്ധന്‍ വരെയുള്ള ഏതെങ്കിലും പദവി നല്‍കി അദ്ദേഹത്തെ മുഖ്യധാരയില്‍ നിന്ന് അകറ്റി ഒരു വലിയ ധനാഗമന മാര്‍ഗ്ഗമായി മാറ്റുകയുമാണ്. ഈ സഭാ തന്ത്രം കൊണ്ട് പാലായില്‍ അനേകം വിശുദ്ധരെ സൃഷ്ടിക്കാന്‍ കഴിഞ്ഞേക്കാം, പക്ഷെ യേശുവിന്‍റെ വചനങ്ങള്‍ക്ക് അല്‍പ്പം പോലും നിറം പിടിപ്പിക്കുവാന്‍ ഇതിനു കഴിയില്ല. ഇതറിയാവുന്നവര്‍ ഏറെ, മദര്‍ തെരേസയുടെ കല്ലറക്ക് മുമ്പില്‍ ഒരു നേര്‍ച്ചപ്പെട്ടി പോലും ഇല്ല, ഉണ്ടാവാനും പോവുന്നില്ല. സത്യം മനസ്സിലായ നിരവധി വൈദികരും, കന്യാസ്ത്രികളും നിശ്ശബ്ദ സേവനത്തിന്‍റെ ആശ്രമങ്ങളിലായി ഈ കേരളത്തില്‍ തന്നെയുണ്ട്‌. ബോബി ജോസ് കപ്പൂച്ചിന്‍ അച്ചനെപോലുള്ള ചുരുക്കം ചിലര്‍ അത് തുറന്നു പറയുന്നു; സഭാധികാരികളുടെ അതിക്രമങ്ങള്‍  ലോകക്രമത്തിന്‍റെ ഭാഗമായി കരുതി അനേകര്‍ നിശ്ശബ്ദരായിരിക്കുന്നു. അതാണ്‌ ഇന്നത്തെ മെത്രാന്മാരുടെ ബലം.


ഫാ. എബ്രാഹം കൈപ്പന്‍പ്ലാക്കള്‍ തെരുവില്‍ അനാഥരായി വിശന്നു വലഞ്ഞവരില്‍  ദൈവത്തെ കണ്ടു, അവരിലൂടെ യേശുവിന്‍റെ സ്വരവും കേട്ടു. അദ്ദേഹം ഒരു പ്രസംഗകനുമായിരുന്നില്ല ഒരു മികച്ച സിവില്‍ എന്ജിനീയറുമായിരുന്നില്ല. അദ്ദേഹം ഡിഗ്രിയെടുത്തത് മോറല്‍ എന്ജിനീയറിങ്ങിലും തിളങ്ങിയത് ലാളിത്യത്തിലുമായിരുന്നു. അദ്ദേഹം നല്‍കിയ സന്ദേശം അനേകര്‍ക്കു മാതൃകയാവട്ടെ; ഇതുപോലുള്ള മനുഷ്യര്‍ അത്മായരിലും അഭിഷിതരിലും ഇനിയും ഉണ്ടാകട്ടെ. മതത്തിന്‍റെ വേര്‍തിരിവുകളില്ലാതെ സ്നേഹത്തെ നിര്വ്വചിച്ച ഈ ചെറിയ മനുഷ്യന്‍റെ വലിയ ഹൃദയത്തിന് മുമ്പില്‍ അത്മായാ ശബ്ദവും വിമോചന പ്രവര്‍ത്തകരും ആദരപൂര്‍വ്വം തല കുനിക്കുന്നു. 

Administrator - Almayasabdam

1 comment:

  1. ഫെയിസ് ബുക്കില്‍ വന്ന ഒരു കുറിപ്പ്.
    വിശുദ്ധനാകാന്‍ എന്ത് ചെയ്യണം എന്ന് ചോദിക്കുന്നവര്‍ക്ക് പറഞ്ഞുകൊടുക്കാന്‍ ഒരു ജീവിതമുണ്ടായിരുന്നു നമുക്ക് മുന്‍പില്‍ ; ഫാ : എബ്രാഹം കൈപ്പന്‍പ്ലാക്കന്‍. മദര്‍ തെരേസയെപ്പോലെ വിശുദ്ധനായി ജീവിച്ച ഒരു പുണ്യപുരോഹിതന്‍ . അനാഥരെയും അശരണരെയും സംരക്ഷിക്കാന്‍ അര നൂറ്റാണ്ട് മുന്‍പ് അദ്ദേഹം മുന്നിട്ടിറങ്ങിയില്ലായിരുന്നുവെങ്കില്‍ ഇന്നത്തെ രീതിയില്‍ അനാഥ മന്ദിരങ്ങളും അഗതി മന്ദിരങ്ങളും ഉണ്ടാകുമായിരുന്നുവോ എന്ന് സംശയിക്കണം .ഇന്ന് പലരും അതും വ്യവസായമാക്കിയെങ്കിലും കൈപ്പന്‍പ്ലാക്കലച്ചന്‍ സ്ഥാപിച്ച അശരണര്‍ക്കുള്ള ആശാകേന്ദ്രങ്ങള്‍ ഇന്നും ദൈവ സ്പര്‍ശമുള്ള സ്നേഹ ഭവനങ്ങള്‍തന്നെയായിരുന്നു . ഒരു പുരോഹിതന്‍ എങ്ങനെയായിരിക്കണം എന്നതിന് ഫാ : എബ്രാഹം കൈപ്പന്‍പ്ലാക്കലച്ചനേക്കാള്‍ മികച്ചൊരു മാതൃക വേറെ കാണില്ല . ഇന്നത്തെ പുരോഹിത ശ്രേഷ്ഠരും ക്രൈസ്തവസഭകള്‍ പോലും അംബരചുംബികളായ ദേവാലയങ്ങളും നക്ഷത്ര മെഡിക്കല്‍കോളേജുകളും സ്വാശ്രയസ്ഥാപനങ്ങളും നിര്‍മ്മിക്കാന്‍ വെമ്പല്‍ കൊള്ളുമ്പോഴും അനാഥര്‍ക്കുവേണ്ടി ആശാകേന്ദ്രങ്ങള്‍ സ്ഥാപിച്ച് സുമനസുകള്‍ക്ക് മുന്‍പില്‍ കൈനീട്ടി വാങ്ങി അവര്‍ക്ക് ഭക്ഷണവും വസ്ത്രവും മരുന്നും ജീവിതവും ഉണ്ടാക്കിക്കൊടുത്ത അച്ചന്‍ ഈ ഭൂമിയിലെ ഒരു നല്ല സമറായക്കാരനായിരുന്നു . കൈപ്പന്‍പ്ലാക്കലച്ചന്‍ അനാഥാലയങ്ങള്‍ സ്ഥാപിച്ച് സമൂഹത്തിന് ഒരു നല്ല മാതൃക കാണിച്ചുകൊടുത്തപ്പോള്‍ അതിനെയും വ്യവസായമാക്കി മാറ്റാം എന്ന് തെളിയിച്ചവരും ഏറെയുണ്ടായിരുന്നു . പക്ഷെ അച്ചന്‍ ആ വഴിയെ സഞ്ചരിച്ചില്ല . മരണം വരെയും അദ്ദേഹത്തിന്‍റെ സ്ഥാപനങ്ങള്‍ ദൈവത്തിന്‍റെ കാരുണ്യം ചൊരിയുന്ന സ്ഥാപനങ്ങളായി നിലനിര്‍ത്താന്‍ അദ്ദേഹത്തിന് കഴിഞ്ഞു . നാല് ആശുപത്രികള്‍ പണിത് ലാഭം ഉണ്ടാക്കുന്നത് അലങ്കാരമായി കരുതുന്നവര്‍ക്ക് മുന്‍പില്‍ അനാഥര്‍ക്കും അഗതികള്‍ക്കും വേണ്ടി നൂറോളം സ്ഥാപനങ്ങള്‍ പണിത് നല്‍കി അദ്ദേഹം സ്വര്‍ഗ്ഗത്തിലേത് പോലെ ഭൂമിയിലും നന്മയുടെ നിക്ഷേപങ്ങള്‍ ഉണ്ടാക്കി .സാമ്പത്തികമായി ആലോചിച്ചാല്‍ നഷ്ടം അല്ലാതെ ലാഭം ഉണ്ടാക്കുന്ന ഒരു സ്ഥാപനം പോലും അദ്ദേഹം സ്ഥാപിച്ചില്ല . തന്‍റെ മേഖല അതല്ലെന്ന് അദ്ദേഹത്തിന് നന്നായി അറിയാമായിരുന്നു . വേണ്ടപ്പെട്ടവരാല്‍ ഉപേക്ഷിച്ച് ആരോരും ആശ്രയമില്ലാതെ തെരുവില്‍ അലഞ്ഞുനടന്നവരെ അദ്ദേഹം തേടിപ്പിടിച്ച് തന്‍റെ സ്നേഹഭവനങ്ങളില്‍ എത്തിച്ചു . അച്ചന്‍ ഉടുത്തില്ലെങ്കിലും അവര്‍ക്ക് ഉടുക്കാനുള്ളത് അദ്ദേഹം പാലായിലെയും പരിസരങ്ങളിലെയും നല്ലവരായ ആളുകളോട് ചോദിച്ചു വാങ്ങി അവര്‍ക്ക് നല്‍കും . അച്ചന്‍ ഉണ്ടില്ലെങ്കിലും അവര്‍ക്ക് അദ്ദേഹം മുട്ടില്ലാതെ ഭക്ഷണവും മരുന്നും നല്‍കി .പലപ്പോഴും പത്തിലേറെ തുന്നലുകളുള്ള ളോഹയായിരുന്നു അദ്ദേഹത്തിന്‍റെ വേഷം .ഒന്നോ രണ്ടോ തുന്നലുകള്‍ മാത്രമുള്ള ഒരു ളോഹ എന്നൊക്കെപ്പറഞ്ഞാല്‍ കൈപ്പന്‍പ്ലാക്കലച്ചന് അതൊരു ആര്‍ഭാടമായിരുന്നു . അച്ഛന്റെ ഈ ദയനീയത കണ്ട് ആരെങ്കിലും ഒരു ളോഹയ്ക്കുള്ള തുണിയും അത് തയ്പ്പിക്കാനുള്ള പണവും ഏല്‍പ്പിച്ചാല്‍ ചിരിച്ചുകൊണ്ട് സന്തോഷത്തോടെ അത് വാങ്ങി കയ്യില്‍ വയ്ക്കും .ദാനം ചെയ്ത ആള്‍ പോയ പിന്നാലെ ഉടുപ്പില്ലാതെ വിഷമിക്കുന്ന തന്‍റെ ആശ്രമത്തിലെ ഏറ്റവും ആവശ്യക്കാരനായ അന്തേവാസിയുടെ അടുക്കല്‍ ചെന്ന് പറയും; ചേട്ടന് ഒരു പുത്തന്‍ ഷര്‍ട്ട്‌ തയ്പ്പിക്കാനുള്ള സംഗതി ഞാന്‍ സംഘടിപ്പിച്ചിട്ടുണ്ട് ,രണ്ട് ദിവസ്സത്തിനകം ഷര്‍ട്ട്‌ റെഡി എന്ന് . തനിക്ക് ചുറ്റുമുള്ള എല്ലാ മനുഷ്യരും ദാരിദ്രമില്ലാതെ ഉണ്ണാനും ഉടുക്കാനും ഉറങ്ങാനും സാധിക്കുന്ന ഒരു കാലമുണ്ടാകണമെന്നും അന്നേ താനും ആര്‍ഭാടം അനുഭവിക്കൂ എന്നും അച്ചന് നിര്‍ബന്ധമുണ്ടായിരുന്നു .ആശ്രമത്തില്‍ നിലവിലുള്ള അന്തേവാസികള്‍ക്ക് സംരക്ഷണത്തിനുള്ള ശേഷി തന്നെ ഇല്ലാതിരിക്കുന്ന അവസ്ഥയിലാണെങ്കിലും ആരോരുമില്ലാത്ത ഒരാളെ കണ്ടാല്‍ അച്ചന്‍ കൂടെകൂട്ടും . അവനെ സംരക്ഷിക്കാനുള്ളതും എനിക്ക് ദൈവം തരും എന്നായിരുന്നു അദ്ദേഹത്തിന്‍റെ വിശ്വാസം .അത് തെറ്റിയിട്ടുമില്ല .മക്കളെ വളര്‍ത്താന്‍ നിര്‍വ്വാഹമില്ലാതെ ആത്മഹത്യ ചെയ്യാന്‍ പോലും തയ്യാറായിരുന്ന അനേകം മാതാപിതാക്കളുടെ മക്കളെയാണ് പാലായിലെ ബോയിസ് ടൌണിലും ഗേള്‍സ്‌ ടൌണിലുമൊക്കെ കൂട്ടിക്കൊണ്ടുവന്ന് , സംരക്ഷണവും ഭക്ഷണവും വിദ്യാഭ്യാസവും നല്‍കി അനേകം ജീവിതങ്ങളെ അദ്ദേഹം കരുപ്പിടിപ്പിച്ചത് . പതിനായിരം രൂപയുടെ ചാരിറ്റി ചെയ്തിട്ട് ഒരു ലക്ഷം രൂപയുടെ പരസ്യം നല്‍കി പ്രശസ്തി നേടുന്ന ഫ്രാഞ്ചിയേട്ടന്‍മാരുടെ തിക്കിതിരക്കില്‍ സര്‍ക്കാര്‍ ഒരിക്കല്‍ പോലും പദ്മശ്രീ പോലുള്ള ബഹുമതികള്‍ക്ക് വേണ്ടി കൈപ്പന്‍പ്ലാക്കലച്ചനെ പരിഗണിച്ചില്ലെന്നത് ഒരു നന്ദി കേടുതന്നെയാണ് .
    ആദരാഞ്ജലികള്‍

    ReplyDelete