Translate

Wednesday, May 21, 2014

ലോകമേ, ഭാരതത്തിൽ വരൂ ... ഇവിടമാണദ്ധ്യാത്മവിദ്യാലയം!

 എന്നോടൊരു facebook  സ്നേഹിതൻ ചോദിച്ചു "താങ്കൾക്കെന്താ പുരോഹിതരോടും പസ്സ്ടരോടും ഇത്രവെറുപ്പു"എന്ന് !   സത്യം സത്യമായി എനിക്കാരോടും ഒരു വെറുപ്പുമില്ല.  പക്ഷേ, ഒരു ഉളുപ്പുമില്ലാതെ ഏതു നികൃഷ്ടകർമ്മവും സമൂഹത്തിൽ ഇവർ ചെയ്തുകൂട്ടുമ്പോൾ, കർത്താവിനോടൊരു സഹതാപം; അത്രതന്നെ! കുരിശിതനായ പാവം കര്ത്താവിനോടുള്ള എന്റെ സ്നേഹം, ഇവരെ ആക്ഷേപിച്ചു തിരുത്താനൊരു പാഴ്ശ്രമമായി മാറി. ഫലമില്ല എന്നാകിലും നിയതി എന്നിൽ നിയോഗിച്ചതാണീക്കർമ്മം എന്ന ഉൾപ്രേരണമൂലം വീണ്ടുമിത് കുറിക്കുന്നു.

അവന്റെ സ്വർഗാരോഹണത്തിനു ശേഷം മുന്നൂറിലേറെ വർഷങ്ങൾ കഴിഞ്ഞു പലരുടേയും ഓർമ്മകളിൽനിന്നു ചികഞ്ഞെടുത്ത സംഭവ/സംഭാഷണ ശേഖരം ആരുടെയോ താൽപ്പര്യങ്ങൾക്ക് വഴങ്ങി എഴുതപ്പെട്ടതാണീ ബൈബിൾ തന്നെ! സത്യം എഴുതിയ പലരും ഒഴിവാക്കപ്പെടുകയും, അവരുടെ രചനകൾ തള്ളിക്കളഞ്ഞ വലിയ കുറ്റവും അന്നത്തെ കുബുദ്ധികളായ പുരോഹിതർ ചെയ്തു എന്ന വലിയസത്യം നാം ഇനിയെങ്കിലു അറിഞ്ഞിരിക്കണം.
ഒടുവിൽ 'അവന്റെ' തിരുവായ് മൊഴിഞ്ഞതിൽ പലതും ഈ പുരോഹിതർ വിഴുങ്ങി, പകരം "അവരുടെ "വചനങ്ങൾ കൂട്ടിച്ചേര്ത്തു! അന്ധമായി ഈ ക്രിമിനലുകളെ വിശ്വസിച്ചു ജന്മം പാഴാക്കിയ നമ്മുടെ പോയ തലമുറകളെ ഓർത്തെന്മനം വേദനിക്കാറുള്ളതാണീ എഴുത്തിനു കാരണം. ഇത് വായിച്ചിട്ടൊട്ടുപേർക്ക് എന്നോടു വെറുപ്പും ചിലര്ക്ക് മതിപ്പും തോന്നിയേക്കാം. എന്നാൽ ഇവരണ്ടും എന്റെ കര്മ്മഫലമായി  ഞാൻ കരുതി നിയോഗകര്മ്മം തുടരുകതന്നെ വേണം. എന്നെ വെറുക്കുന്നവരെ, ഒരുകുറി 'ഭഗവത്ഗീത' വായിക്കൂ /പോരാ, പഠിക്കൂ, നിങ്ങൾ ശാന്തരാകും! 

"ഞാൻ" "ഞാൻ "എന്ന് നാമോരോരുത്തരും എപ്പോഴും പറയുന്ന ഈ "ഞാൻ"തന്നെയാണ് ദൈവം ! "ഞാനും പിതാവും ഒന്നാകുന്നു "എന്ന ക്രിസ്തുവിന്റെ 'സ്വയമറിയൽ' , നമുക്കോരോരുത്തര്ക്കും മനസ്സിൽ ഉറച്ച 'അറിവായി' മാറാൻ, നിങ്ങൾ  ഗീതിയിൽ കൈതൊട്ടാൽ നമ്മുടെ വേദവ്യാസൻ സഹായിക്കും നിശ്ചയം!  "എന്നെ കണ്ടവൻ പിതാവിനെ കണ്ടിരിക്കുന്നു" എന്ന 'അവന്റെ'തിരുക്കുരൽ, നമ്മിലെ 'നമ്മെ' നാം കണ്ടെത്തിയാൽ, നാം ദൈവത്തെ കണ്ടുകഴിഞ്ഞു എന്നും കരുതണം!

ഇതിനായാണ് അവൻ വി. മത്തായി ആറിൽ പ്രാർഥനയെക്കുറിച്ചൊരു സ്റ്റഡിക്ളാസ്സ്തന്നെ തന്നേച്ചുപോയതും, അതിൽ ധ്യാനത്തെ അവതരിപ്പിച്ചതും! നമ്മുടെ ഓരോ മനസാകുന്ന അറയിലും രഹസ്യത്തിൽ ആ പിതാവുണ്ടെന്നും, മൌനത്തിലൂടെ നാമവനെ സ്വയം ഉള്ളിന്റെയുള്ളിൽ കണ്ടെത്തണമെന്നും ഉപദേശിച്ചതും!  
               
"തള്ളിക്കളഞ്ഞ കല്ല്‌ മൂലക്കല്ലാകും"എന്ന തിരുവചനം; നമ്മുടെ പിതാക്കൻമ്മാർ 'തള്ളിക്കളഞ്ഞ' ഭാരത സനാതന വേദാന്ത മതചിന്തനം, ഉപനിഷത്തുകൾ /മഹാഭാഗവതമെന്ന ജീവനശസ്ത്രഗ്രന്ഥം /ആത്മാവിന്റെ വകതിരിവിനെ പ്രതിപാതിക്കുന്ന ആത്മജ്ഞാനഗീതം  'ശ്രീമത് ഭഗവത്ഗീത' /ജ്ഞാനവാസിഷ്ടം ഒക്കെ, നമ്മുടെ മനസുകളെ ദൈവത്തിന്റെ ആലയങ്ങളായി മാറ്റുവാൻ 'മൂലക്കല്ലാകും' എന്നുതന്നെ! കേള്പ്പാൻ ചെവിതരൂ, സ്നേഹിതരേ!

"നിനക്കുള്ളതെല്ലാം വിറ്റു ദരിദ്ര്യക്ക്‌ കൊടുത്തിട്ടതിനുശേഷം എന്നെ അനുഗമിക്കൂ" എന്ന അവന്റെ വചനം Sunday school ൽ പോലും കേട്ടിട്ടില്ലാത്ത പുരോഹിത/പാസ്ടർ തൊഴിലാളിക്കൂട്ടം ഇന്നിതാ സുവിശേഷവേലയായി, നാടാകെ റബ്ബർ തോട്ടങ്ങൾ /ഷോപ്പിങ്ങ്മാമോളുകൾ/പണം വാരാൻ ആതുരാലയങ്ങൾ/പള്ളിക്കൂട /കോളേജുകൾ ഉണ്ടാക്കുവാനായി പള്ളികൽതോറും തെണ്ടിനടക്കുന്നു! ഇമ്മാതിരി  തെണ്ടലിനല്ല നിങ്ങളെ അവൻ വി. മത്തായി പത്തിൽ കൽപ്പിച്ചയച്ചതു എന്ന് ഒരിക്കലും മനസിലാകാത്തവണ്ണം ആത്മീയജ്ഞാനം നിങ്ങൾക്കു  മറവായിരിക്കുന്നു, അകലെയായിരിക്കുന്നു! "കഷ്ടം, പരമ കഷ്ടം" എന്ന് കാലം നിങ്ങളെ മൂക്കത്ത് വിരലുവച്ചാക്ഷേപിക്കുന്നതും കാണാൻ കണ്ണില്ലാത്ത നിങ്ങളെ 'കുരുടന്മാരായ വഴികാട്ടികൾ' എന്നെന്റെ കര്ത്താവ് വിളിച്ചാക്ഷേപിച്ചതു എത്രയോ ധാന്യം!

No comments:

Post a Comment