Translate

Sunday, May 18, 2014


ഓശാന  പാടുന്നവരുടെ  മനോവേദന,

സലോമിയുടെ  മരണത്തിൽ  ഇവരുടെ

മനസാക്ഷി  എവിടെ പോയി ?

by Joseph Padannamakkel

ഒരു ബിഷപ്പിന്റെ അരമനക്ക് കല്ലെറിഞ്ഞപ്പോൾ വേദനിച്ച് ചിലർ പ്രതിക്ഷേധവും ഹർത്താലും തുടങ്ങി. ബീഡിക്കടയുടെ മുമ്പിലും കടയുടെ തിണ്ണയിലും അലഞ്ഞുനടക്കുന്ന അഭ്യസ്തവിദ്യയുള്ള തൊഴിലില്ലാത്തവരാണ് ബിഷപ്പിനുവേണ്ടി കീജെ വിളിക്കുന്നത്. പണം കൊടുത്ത് ഗുണ്ടാകളെയും വേണ്ടിവന്നാൽ തെരുവുകളിലിറക്കും. അപ്പോഴും പോലീസ് അഭിഷിക്തർക്കൊപ്പമായിരിക്കും. പ്രതിക്ഷേധത്തിൽ വൈദികരും ചില അല്മായ സംഘടനാനേതാക്കളും കൊടിപിടിച്ച് മുമ്പിലുണ്ട്. ഇവർതന്നെയല്ലേ കേരളത്തിൽനിന്നുള്ള പ്രഗത്ഭനായ പാർലമെന്റ് അംഗം പി.റ്റി.തോമസിനെ അപമാനിച്ചുനടന്നത്. സംസ്ക്കാരശൂന്യരായ ഇതേ വൈദികർ തന്നെയായിരിക്കണം ജീവിക്കുന്ന തോമസിന്റെ ശവാഘോഷ വിലാപയാത്ര നടത്തിയത്. ജയിലഴികളെണ്ണാനുള്ള എല്ലാ വകുപ്പുകളും തോമസിനെ അപമാനിച്ച ഘോഷയാത്രക്കാർക്കുണ്ടായിരുന്നു. ഇതെല്ലാം കണ്ടാനന്ദിച്ച് അന്ന് ആനിക്കുഴി മെത്രാൻ അരമനയിൽ അണികളെ ഇളക്കിക്കൊണ്ടിരുന്നു. 

രാഷ്ട്രീയത്തിലിറങ്ങുന്നവർ കല്ലേറുകളും പ്രതീക്ഷിക്കണം. അത് ഇന്ത്യാ ചരിത്രത്തിന്റെതന്നെ ഭാഗമാണ്. ഇന്ദിരാ ഗാന്ധിയെവരെ മൂക്കിനെറിഞ്ഞ് പരിക്ക് നൽകിയവരാണ് ഭാരതജനത. ഇടുക്കിയിൽ ഇത്രമാത്രം കോമാളിത്തരം കാണിച്ച ബിഷപ്പിന്റെ അരമനയിലല്ലേ എറിഞ്ഞുള്ളൂ! മാർപ്പാപ്പവരെ വെടിയുണ്ടകൾക്ക് ഇരയായിട്ടുണ്ട്. ഇതെല്ലാം സംഭവിച്ചത് ബിഷപ്പിന്റെ ബുദ്ധിമോശം കൊണ്ടല്ലേ? കർത്താവിനെ പ്രതി ക്ഷമിക്കാൻ പറ! ഒന്നുമല്ലെങ്കിലും നമ്മുടെ കത്തോലിക്കാ പിള്ളേരല്ലേ? രാഷ്ട്രീയത്തിലുള്ള പാരവെപ്പുകൾ തരംതാണ പണിയെന്ന് ഇനിയെങ്കിലും ബിഷപ്പ് മനസിലാക്കട്ടെ. കാഞ്ഞിരപ്പള്ളി ബിഷപ്പുപോലും രാഷ്ട്രീയത്തെപ്പറ്റി ഒരക്ഷരം പറയുന്നത് ഒരിടത്തും വായിച്ചില്ല. മാന്യത നില നിർത്തണമെങ്കിൽ കുറെയൊക്കെ വ്യക്തി സ്വാതന്ത്ര്യത്തിലുള്ള രാഷ്ട്രീയസംയമനവും പാലിക്കാൻ പഠിക്കണം. എങ്കിലെ ബിഷപ്പെന്ന നിലയിൽ ബഹുമാനിക്കുകയുള്ളൂവെന്നും മിസ്റ്റർ ബിഷപ്പ് മനസിലാക്കണം.

അരമനയുടെ ജനലിൽ ഒന്ന് കല്ലെറിഞ്ഞപ്പോൾ ആഭ്യന്തരമന്ത്രിവരെ ഇളകി. കേരളത്തിലെ സംഭവവികാസങ്ങൾ കാണുമ്പോൾ അഭിഷിക്തർക്ക് പ്രത്യേകമായ നിയമങ്ങളുണ്ടെന്നു തോന്നിപ്പോവും. നികുതി കൊടുക്കുന്നവന് നീതി കിട്ടുകയില്ല. മൂവാറ്റുപുഴയിൽ പ്രൊഫസർ ജോസഫിന്റെ കൈ വെട്ടിയ സമയം ഒറ്റ മെത്രാൻപോലും സങ്കടം രേഖപ്പെടുത്തിയതായി അറിവില്ല. കേരള മനസാക്ഷിയെ ഞെട്ടിച്ച സലോമിയുടെ മരണത്തിലും ഇവരില്നിന്ന് നല്ലൊരു വാക്ക് കേട്ടില്ല. കാട്ടിലും കുഴിയിലും കിടന്നുകൊണ്ടുള്ള പരിശീലനം രാഷ്ട്രീയത്തിലും പ്രയോഗിക്കാൻ മെത്രാനൊന്നു ശ്രമിച്ചു. അദ്ദേഹത്തിൻറെ അറിവുകേടുകൊണ്ടെന്നു വിചാരിച്ചു കോണ്ഗ്രസ് യുവപ്രവർത്തകർക്ക് സമാധാനപ്പെടാമായിരുന്നു. കാരണം ഇന്ന് ഏതു മെത്രാനെക്കാളും ഒരു കൊച്ചുകുട്ടിയ്ക്കുപോലും അറിവുണ്ട്. അറിവുകേട് കാരണം മാന്യതയുടെ ഭാഷയിൽ സംസാരിക്കാനും ഇവർക്കറിയില്ല. 

കഴിഞ്ഞ തലമുറയിലെ ബിഷപ്പുമാരെ ജനം അതിരറ്റു സ്നേഹിച്ചിരുന്നു. അവർ സ്വന്തം വ്യക്തിത്വം കാത്തുസൂക്ഷിച്ചിരുന്നു. സഭയെ വെല്ലുവിളിക്കുന്ന പ്രശ്നങ്ങൾ വന്നാലേ അന്ന് ബിഷപ്പുമാർ രംഗത്ത് വരുമായിരുന്നുള്ളൂ. സ്വകാര്യസ്കൂളുകൾ ദേശവല്ക്കരിക്കാൻ വന്ന സി.പി.യ്ക്കെതിരെ അന്നത്തെ കാളാശേരിമെത്രാൻ ഇടയലേഖനം ഇറക്കിയതിന്റെ പേരിൽ അദ്ദേഹത്തെ അറസ്റ്റുചെയ്യാൻ സി.പി. ശ്രമിച്ചുനോക്കി. അന്ന് പാലാ, കാഞ്ഞിരപ്പള്ളിജനത ഒരു ജലപ്രളയം തന്നെ ചങ്ങനാശേരിയിലുണ്ടാക്കി. അത്തരം സാഹസം വേണ്ടെന്നുവെച്ച് സി.പി. യുടെ പട്ടാളം അന്ന് മടങ്ങിപ്പോവുകയായിരുന്നു. ഇന്നുള്ള മെത്രാന്മാർക്ക് ജനപിന്തുണയ്ക്ക് പകരം സർക്കാർ ചെലവിൽ പോലീസ് സംരക്ഷണം ലഭിക്കും. പണം കൊടുത്ത് ഗുണ്ടാകളെയും വിലക്കെടുക്കും. അഭിഷിക്ത പുരോഹിതരുടെ കാലേൽവരെ മുത്താൻ കാശിനു കൊള്ളാത്ത മന്ത്രിമാരുമുണ്ട്.

ഇടുക്കിമെത്രാന്റെ കുശാഗ്രബുദ്ധിയിൽ കമ്മ്യൂണിസ്റ്റനുഭാവി ഒരു എം.പി. യെ കിട്ടിയെന്നും അറിഞ്ഞു. എം.പി. ചൊൽപ്പടിയിലുണ്ടെങ്കിൽ എന്തോ ആന കിട്ടുമെന്നാണ് ഇടുക്കിമെത്രാൻ കരുതിയത്. എന്തു ചെയ്യാം. അധികാരം കമ്മ്യൂണിസത്തിന്റെ ബദ്ധശത്രുവായ ബി.ജെ.പി. യ്ക്കായിപ്പോയി. ഗാഡ്ഗിൽറിപ്പോർട്ട് നടപ്പിലാക്കിയാൽ സാധാരണജനത്തിനൊന്നും ഭയപ്പെടേണ്ട ആവശ്യമില്ല. അനധികൃതമായി വനം കൈവശപ്പെടുത്തി വെച്ചിരിക്കുന്ന ശ്രീ ഇടുക്കിമെത്രാന്റെ ചങ്കിടിക്കാൻ തുടങ്ങിയെന്നുമറിയാം. ഇനിയെങ്കിലും ഒന്നിനുപുറകെ ഒന്നായി മഠയലേഖനങ്ങൾ ഇറക്കാതെ ഗാഡ്ഗിൽ റിപ്പൊർട്ട് വായിച്ചുമനസിലാക്കൂ. മനസിലാകില്ലെങ്കിൽ ഭാഷയറിയാവുന്ന ഏതെങ്കിലും കോളേജ്പ്രൊഫസറെ സമീപിച്ചാൽ അർഥം വ്യക്തമാക്കിത്തരും. ഇടുക്കികാട്ടിലെ മെത്രാനായതുകൊണ്ടാണ് അടുത്തകാലത്തായി വിവരക്കേടുകൾ മാത്രമേ പറയുള്ളൂ. 

മെത്രാന്മാരും പുരോഹിതരും വിവരം കിട്ടാൻ കുറച്ചു കംമ്പ്യൂട്ടർ പഠിച്ചുകൂടെ? എഴുത്തുകളയച്ചാൽ മറുപടി കൊടുക്കാത്തത് ഒറ്റമെത്രാനുപോലും ഇമെയിൽ എന്തെന്നറിയത്തില്ല. അറിയത്തില്ലാത്തത് മറ്റുള്ളവരിൽനിന്ന് പഠിക്കാൻ അഭിമാനവും സമ്മതിക്കില്ല. സർവ്വവിജ്ഞാന കോശമെന്നാണ് ഇവർ കരുതുന്നത്. യാതൊരു യുക്തിയുമില്ലാത്ത ദൈവശാസ്ത്രത്തിലെ ഡോക്ടർ ബിരുദവും പേരിന്റെകൂടെ കാണും.

No comments:

Post a Comment