Translate

Friday, May 9, 2014

മനുഷ്യദാസൻ ഫാ. ഏബ്രഹാം കൈപ്പന്‍പ്ലാക്കല്‍

ഈ മെയ് 5-ന് നിര്യാതനായ പാലാരൂപതയിലെ പ്രമുഖ മനുഷ്യദാസനായിരുന്ന ഫാ. ഏബ്രഹാം കൈപ്പന്‍പ്ലാക്കല്‍ 1980-കളില്‍ രൂപതാധികാരത്തിന്റെ ശിക്ഷണങ്ങള്‍ക്കു വിധേയനായി വര്‍ഷങ്ങളോളം പൗരോഹിത്യചുമതലകള്‍ നിര്‍വഹിക്കാന്‍ കഴിയാതെപോയിട്ടുള്ള  ആളാണെന്ന് അധികമാര്‍ക്കും ഓര്‍മ്മയുണ്ടാവില്ല. 1981 ഡിസംബര്‍ ലക്കം ഓശാന മാസിക അതുസംബന്ധിച്ച് വിശദീകരിക്കാനായി പ്രത്യേകം തയ്യാറാക്കിയ ഒരു സ്‌പെഷൽ പതിപ്പായിരുന്നു. അതിലെ എഡിറ്റോറിയലാണ് താഴെ. 

ഓശാനയുടെ ആറുകൊല്ലത്തെ ചരിത്രത്തില്‍ ആദ്യമായാണ്, ഒരു സ്ഥാപനത്തെപ്പറ്റിയും, ആ സ്ഥാപനം നടത്തുന്ന വ്യക്തിയെക്കുറിച്ചും, ആ സ്ഥാപനങ്ങളുടെ അടിസ്ഥാന പ്രചോദനകാരണങ്ങളെക്കുറിച്ചും ഒരു സ്‌പെഷൽ പ്രസിദ്ധീകരിക്കുന്നത്. തന്മൂലം അതിന്റെ കാരണങ്ങളെക്കുറിച്ച് വായനക്കാരോട് പറയേണ്ടത് ഞങ്ങളുടെ കടമയായിത്തീരുന്നു. പാലാ രൂപതയിലെ പ്രമുഖ വൈദികനായ റവ.ഫാ. ഏബ്രഹാം കൈപ്പന്‍പ്ലാക്കലിന്റെ സേവനാധിപത്യത്തില്‍ നടത്തപ്പെടുന്ന ദേവദാന്‍ സെന്റര്‍ എന്ന ഒരു വൃദ്ധമന്ദിരം, പാലാ ടൗണില്‍തന്നെയുണ്ട്. എഴുപതോളം വൃദ്ധന്മാര്‍ക്ക് ഈ സ്ഥാപനം അഭയം നല്‍കുന്നുണ്ട്. കത്തോലിക്കാസഭ ഇത്തരം പല സേവനസ്ഥാപനങ്ങള്‍ നടത്തുന്നില്ലേ. അപ്പോള്‍ പിന്നെ ഈ 
സ്ഥാപനത്തിന് എന്താണ് പ്രത്യേകത എന്ന് ന്യായമായും ചോദിക്കാം. സംഘടിതസഭ ഇന്ന്, വളരെയധികം സേവനസ്ഥാപനങ്ങള്‍ നടത്തുന്നുണ്ട് എന്നത് ശരിയാണ്. എന്നാല്‍ ആ സ്ഥാപനങ്ങളില്‍നിന്നും തികച്ചും വ്യത്യസ്തമാണ് ഈ സ്ഥാപനം എന്നതുകൊണ്ടുതന്നെയാണ്, ഈ സ്ഥാപനത്തെക്കുറിച്ച് ഒരു സ്‌പെഷൽ ഇറക്കുന്നത്. 

ഇന്ന് കത്തോലിക്കര്‍ പൊതുവേ സാമൂഹ്യസേവനസ്ഥാപനങ്ങള്‍ നടത്തുന്നത് സഭാ കേന്ദ്രീകൃതമായാണ്. അല്ലെങ്കില്‍ എല്ലാ സേവനങ്ങളുടെയും കര്‍ത്തൃത്വവും നിര്‍വ്വഹണവും ഉടമസ്ഥതയും, പുരോഹിതരുടെയോ കന്യാസ്ത്രീകളുടെയോ നേതൃത്വത്തിലും മെത്രാന്റെ രക്ഷാധികാര്യത്തിലും ആയിരിക്കണം എന്ന ഒരു അലിഖിതനിയമമുണ്ട്. ഈ അലിഖിതനിയമം, സേവനസ്ഥാപനങ്ങളായ പ്രസിദ്ധീകരണം, വിദ്യാഭ്യാസം എന്നീ മണ്ഡലങ്ങളിലും ആധിപത്യം നിലനിര്‍ത്തുന്നു. അതായത്, അല്‍മായര്‍ക്ക് ഈ രംഗങ്ങളില്‍, പണം കൊടുക്കുക എന്നതല്ലാതെ, നടത്തിപ്പില്‍ യാതൊരു പങ്കും ഉണ്ടാകാന്‍ സഭാധികാരം അനുവദിക്കാറില്ല. സ്ഥാപനപരമായ ഈ മേധാവിത്തം, സമൂഹത്തില്‍ മേധാവിത്തം സ്ഥാപിക്കുവാനുള്ള ഒരു കുറുക്കുവഴിയായാണ് അവര്‍ കാണുന്നത്.

ഒരു കാലത്ത് നമ്മുടെ സ്‌കൂളുകള്‍, അതത് ഇടവകകളുടെ വകയായിരുന്നു. ഉടമസ്ഥതയും, നിര്‍വ്വഹണവും, ഇടവകയോഗത്തില്‍ നിക്ഷിപ്തമായിരുന്നു. ഇടവകയിലെ കൂട്ടായ്മയുടെ തലവനെന്ന നിലയില്‍ വികാരി, കാര്യാന്വേഷകനായിരുന്നെങ്കിലും, ഇടവകയുടെ വകയായിരുന്നു സ്‌കൂളുകള്‍. എന്നാല്‍ തന്ത്രപൂര്‍വ്വം, മെത്രാസനം, ഇടവക സ്‌കൂളുകള്‍ കോര്‍പ്പറേറ്റ് മാനേജ്‌മെന്റിന്റെ കീഴില്‍ കൊണ്ടുവന്ന്, എല്ലാ ഇടവക സ്‌കൂളുകളും അരമനവകയാക്കിത്തീര്‍ത്തു. കത്തോലിക്കാസ്‌കൂളുകളില്‍ ''കത്തോലിക്കാ അന്തരീക്ഷം'' നിലനിര്‍ത്തുന്നതിനായി സഭയുടെ പൊതു ഉടമയിന്‍കീഴില്‍ സ്ഥാപനങ്ങളെ കൊണ്ടുവരുന്നതിനും വേണ്ടിയായിരുന്നത്രെ ഇതു ചെയ്തത്. ഇടവകയുടെയും, ചില സ്ഥലങ്ങളില്‍ ഇടവകപ്പട്ടക്കാര്‍ പണം മുടക്കി സ്ഥാപിച്ച സ്‌കൂളുകളുടെയും ഈ പൊതു ഉടമാവാദത്തിന്റെ പേരില്‍ കോര്‍പ്പറേറ്റ് മാനേജ്മെന്റിന്റെ പേരില്‍ മെത്രാസന അരമനകള്‍, കയ്യടക്കിയപ്പോള്‍, മഠംവക സ്‌കൂളുകളും, സന്യാസാശ്രമംവക സ്‌കൂളുകളും, സ്വതന്ത്രമായി നിലനിര്‍ത്തുവാന്‍ മെത്രാസനം അനുവദിച്ചു. കത്തോലിക്കാസ്ഥാപനങ്ങള്‍ നടത്താനുള്ള കുത്തകാവകാശം, മെത്രാന്മാരുടെ രക്ഷാകര്‍ത്തൃത്വത്തിന്‍കീഴില്‍ മാത്രമായിരിക്കണമെന്ന ഈ ചിന്താഗതി, 'മാമ്മോന്റെ' ആരാധനക്കാരായ മെത്രാന്മാരുടെയും, അരമനജീവികളുടെയും തലച്ചോറിന്റെ വികൃതസന്താനങ്ങളായിരുന്നു. ഏതെങ്കിലും പുരോഹിതനോ, അല്‍മേനിയോ, സേവനരംഗത്ത് ഇറങ്ങു മ്പോള്‍, ''മീന്‍മുറിക്കുന്നിടത്ത് പൂച്ച കാത്തിരിക്കുന്ന''പോലെ മെത്രാസനം കാത്തിരിക്കും; എങ്ങനെയെങ്കിലും പിടിച്ച് സ്വന്തമാക്കാന്‍. അതിന് വഴങ്ങുന്നില്ലെങ്കില്‍, അപകീര്‍ത്തിപ്പെടുത്തിയും, വിഘടനമുണ്ടാക്കിയും, സാമൂഹ്യസമ്മര്‍ദ്ദം സൃഷ്ടിച്ചും, സ്ഥാപനം സ്വന്തമാക്കുന്നതിനു പരിശ്രമിക്കും.

ഇതിന്, മെത്രാസനം ആവിഷ്‌ക്കരിക്കുന്നതും, പൊതുജനം നിര്‍ദ്ദോഷമെന്ന് ചിന്തിച്ച് വിഴുങ്ങുന്നതുമായ ഒരു ആശയമുണ്ട്. ''സ്ഥാപനങ്ങള്‍ അച്ചന്മാരും കന്യാസ്ത്രിയമ്മമാരും നടത്തിയാലേ നന്നായി നടത്തുവാന്‍ പറ്റൂ. അതിന് ഉദാഹരണമായി മദര്‍ തെരേസായേയും മറ്റും പൊക്കിപ്പിടിക്കും. എന്താണിതിന്റെ ലക്ഷ്യം:- സ്ഥാപനങ്ങള്‍ പിടിച്ചെടുക്കുന്നതില്‍ മെത്രാസനങ്ങള്‍ കാണിക്കുന്ന ഈ വ്യഗ്രതയുടെ അടിസ്ഥാനകാരണം, മെത്രാന്മാരുടെ ദുരയാണ്. യേശുവിനെപ്പോലും പരീക്ഷിക്കുവാന്‍, സാത്താന്‍ ഉപയോഗിച്ച പ്രലോഭനായുധം, സമ്പത്തിന്റെമേലുള്ള ആധിപത്യമായിരുന്നു. രാഷ്ട്രതന്ത്രങ്ങള്‍ ഉപയോഗിച്ച്, രാജ്യം വെട്ടിപ്പിടിച്ച ബ്രിട്ടീഷുകാരുടെ അതേ ആധിപത്യദുരയാണ് മെത്രാന്മാരെ ഇതിനായി പ്രേരിപ്പിക്കുന്നത്. 

തങ്ങള്‍ക്ക് ഉടമസ്ഥതാപരമായ അവകാശങ്ങളില്ലാത്തതും, നിര്‍വ്വഹണപരമായ ഉടമസ്ഥത ഇല്ലാത്തതുമായ ഒരു നല്ല പ്രവൃത്തിയേയും മെത്രാനും, അരമന ഭരണാധിപന്മാരും അംഗീകരിക്കുകയില്ല. മാത്രമല്ല, എന്തെല്ലാം ഉപദ്രവം ചെയ്യാമോ അതെല്ലാം ചെയ്യുന്നതില്‍ അവര്‍ മടിക്കുകയും ഇല്ല. മെത്രാസനത്തിന്റെ ഈ മാമ്മോന്‍ പൂജയും, ദുരയും, അതിന്റെ എല്ലാ വികൃതരൂപത്തിലും, കാണണമെങ്കില്‍, സേവന തല്പരനായ ഒരു വൈദികനും, അര്‍പ്പണ ബോധമുള്ള മൂന്നു നാലു ചെറുപ്പക്കാരും, ത്യാഗധനരായ കുറേ മനുഷ്യരുംകൂടി പ്രശസ്തമായ രീതിയില്‍ പാലായില്‍ നടത്തുന്ന ദേവദാന്‍ വൃദ്ധമന്ദിരത്തെപ്പറ്റി പഠിക്കണം. ഈ വൃദ്ധമന്ദിരത്തോടും, അതില്‍ താമസിക്കുന്ന വൃദ്ധന്മാരോടും, അതു നടത്തുന്ന വൃദ്ധനായ വൈദികനോടും, പാലാ മെത്രാസനം കാണിച്ച, കാണിച്ചുകൊണ്ടിരിക്കുന്ന പകയും വൈരാഗ്യവും അക്രൈസ്തവവും ഒരതിര്‍ത്തിയോളം കിരാതവും ആയ സമീപനവും കേരളസഭയുടെ അകക്കാമ്പിനെ കാര്‍ന്നു നശിപ്പിച്ചുകൊണ്ടിരിക്കുന്ന മെത്രാന്മാരുടെ പൈശാചികമായ ദുരയിലേക്ക് വിരല്‍ചൂണ്ടുന്നു. പുണ്യത്തിന്റെ മുഖാവരണമിട്ട്, അധികാരപ്രമത്തതയും ദുരയും, പ്രശംസാസക്തിയും ഉള്ളില്‍ കെട്ടിനിറുത്തിയ പുരോഹിതന്മാരുടെ നേരെ നോക്കി ക്രിസ്തു പറഞ്ഞ ഈ വാക്കുകള്‍ നമ്മുടെ മെത്രാന്മാര്‍ക്കും അക്ഷരംപ്രതി യോജിക്കുന്നതല്ലേ.''

''അതുകൊണ്ട് അവര്‍ നിങ്ങളോടു പറയുന്നവ ശ്രദ്ധിക്കുകയും അനുഷ്ഠിക്കുകയും ചെയ്യുക. പക്ഷേ, അവര്‍ ചെയ്യുന്നതു നിങ്ങള്‍ പ്രമാണമാക്കരുത്. കാരണം, അവര്‍ പ്രസംഗിക്കുന്നത് അവര്‍ ചെയ്യുന്നില്ല. അവര്‍ ദുര്‍വഹമായ ചുമടുകള്‍കെട്ടുന്നു; അവ മനുഷ്യരുടെ ചുമലില്‍ വയ്ക്കുന്നു. എന്നാല്‍ തങ്ങളുടെ വിരല്‍കൊണ്ടുപോലും സഹായിക്കാന്‍ അവര്‍ ഒരുക്കമല്ല. അവര്‍ ചെയ്യുന്നതെല്ലാം മനുഷ്യരെ കാണിക്കാന്‍ വേണ്ടിയാണ്. അവര്‍ തിരുവചനങ്ങള്‍ എഴുതിയ നെറ്റിപ്പട്ടങ്ങള്‍ക്കു വീതി കൂട്ടുന്നു; മേലങ്കിയിലെ തൊങ്ങലുകള്‍ക്കു നീളംകൂട്ടുന്നു; അവര്‍ വിരുന്നുകളില്‍ മുഖ്യസ്ഥാനവും സുനഗോഗുകളില്‍ ഏറ്റം മികച്ച ഇരിപ്പിടവും ചന്തസ്ഥലങ്ങളില്‍ അഭിവാദനവും മനുഷ്യരില്‍നിന്നു 'ഗുരോ' എന്ന സംബോധനയും മോഹിക്കുന്നു. 

'എന്നാല്‍ ഗുരു എന്നു നിങ്ങള്‍ വിളിക്കപ്പെടരുത്. കാരണം, നിങ്ങള്‍ക്ക് ഒരു ഗുരുവേയുള്ളൂ. നിങ്ങളെല്ലാം സഹോദരരാണ്. ഭൂമിയില്‍ ഒരു മനുഷ്യനെയും നിങ്ങള്‍ പിതാവെന്നു വിളിക്കരുത്. കാരണം, നിങ്ങള്‍ക്ക് ഒരു പിതാവേയുള്ളൂ. അവന്‍ സ്വര്‍ഗസ്ഥനാണ്. നിങ്ങള്‍ നായകന്മാര്‍ എന്നും വിളിക്കപ്പെടരുത്. കാരണം, നിങ്ങള്‍ക്ക് ഒരു നായകനേയുള്ളൂ. അതു ക്രിസ്തുവാണ്. നിങ്ങളില്‍ ഏറ്റം വലിയവന്‍ നിങ്ങളുടെ ഭൃത്യനായിരിക്കണം. സ്വയം ഉയര്‍ത്തുന്നവന്‍ താഴ്ത്തപ്പെടും; സ്വയം താഴ്ത്തുന്നവനോ ഉയര്‍ത്തപ്പെടും'' (മത്താ 23: 3-12).

എന്തെല്ലാം ചെയ്യരുതെന്ന്, ക്രിസ്തു ശിഷ്യന്മാരോടു കല്പിച്ചുവോ, അവയെല്ലാം അക്ഷരംപ്രതി ലംഘിക്കുവാന്‍ നമ്മുടെ മെത്രാന്മാര്‍ പരസ്പരം മത്സരിക്കുകയല്ലേ? പള്ളിയില്‍ 'പ്രധാന ഇരിപ്പിടം' അവര്‍ക്കുവേണം, ഭക്ഷണമേശയിലും, വഴിയില്‍ വന്ദനം, 'പിതാവേ', 'തിരുമേനി' എന്നീ സംബോധനകളോടുള്ള താല്പര്യം ഇതെല്ലാം ചൂണ്ടിക്കാണിക്കുന്നത്, നമ്മുടെ മെത്രാന്മാര്‍, സമൂഹത്തില്‍ ക്രിസ്തുവിന് വിപരീതസാക്ഷ്യം വഹിക്കുന്നവരാണ് എന്നുതന്നെയാണ്! ഓശാനയുടെ ഈ സ്‌പെഷ്യലില്‍, സേവനത്തിലൂടെ ക്രിസ്തുവിന് സാക്ഷ്യം വഹിച്ച, വഹിക്കുന്ന ഒരു പുരോഹിതനും പരസേവനപ്രവര്‍ത്തനത്തില്‍ നിര്‍വൃതിയടയുന്ന കുറേ അല്‍മായരുംകൂടി കെട്ടിയുയര്‍ത്തിയ ക്രൈസ്തവ സേവനസ്ഥാപനങ്ങള്‍ക്ക് എതിരായി പാലാ മെത്രാന്മാരും, മെത്രാസനത്തില്‍ അരമന ഭരണക്കാരും കാണിച്ച, കാണിച്ചുകൊണ്ടിരിക്കുന്ന അധര്‍മ്മത്തെ അനാവരണം ചെയ്യുകയാണ്. 

ഇതിന് രണ്ടു ഭാഗങ്ങളുണ്ട്. (1) റവ.ഫാ. എബ്രഹാം കൈപ്പന്‍ പ്ലാക്കല്‍ ഇന്ന് നടത്തുന്ന ദേവദാന്‍ വൃദ്ധമന്ദിരത്തെക്കുറിച്ചുള്ള വിവരണവും, അരമന ആ വൃദ്ധമന്ദിരത്തിനു നേരെ ഫറവോന്റെ കഠിന ഹൃദയത്തോടെ നിഷേധിക്കുന്ന നീതിയുടെ ചരിത്രവും. (2) റവ. ഫാ. കൈപ്പന്‍പ്ലാക്കല്‍, ഇതിനു മുന്‍പു സ്ഥാപിച്ച സ്‌നേഹഗിരി സ്ഥാപനങ്ങള്‍കയ്യടക്കുന്നതിന് പാലാ അരമന കാണിച്ച നിരങ്കുശമായ ഉപജാപങ്ങള്‍. ഇവ ഞങ്ങള്‍ അനാവരണം ചെയ്യുമ്പോള്‍, ഞങ്ങള്‍ക്ക് കഠിനമായ ദുഃഖമുണ്ട് - ക്രിസ്തുവിന്റെ താഴെക്കൊടുത്തിരിക്കുന്ന ചോദ്യങ്ങള്‍ക്ക് നിഷേധപൂര്‍വ്വം തലയാട്ടുന്ന പാലാ അരമന ക്രിസ്തുവില്‍നിന്നും സ്വയം ഓടിയകന്നുവല്ലോ എന്ന ദുഃഖം!!! 

ക്രിസ്തു ചോദിച്ചു: ''നിങ്ങളില്‍ ഏതൊരു പിതാവാണ്, മകന്‍ അപ്പം ചോദിച്ചാല്‍ കല്ലെടുത്ത് കൊടുക്കുന്നത്? അഥവാ മീന്‍ ചോദിച്ചാല്‍ പാമ്പിനെ കൊടുക്കുന്നത്? മുട്ട ചോദിച്ചാല്‍ തേളിനെ കൊടുക്കുന്നത്?'' 
(മര്‍ക്കോ 11: 11-13).

അതേ രക്ഷകനായ ദൈവപുത്രാ! അപ്പത്തിനുപകരം കല്ലും, മീനിനുപകരം പാമ്പും, മുട്ടയ്ക്കുപകരം തേളും മക്കള്‍ക്ക് നല്‍കുന്ന ഒരു പിതാവ് പാലാ അരമനയില്‍, അങ്ങയുടെ നാമത്തില്‍ ഭരണം നടത്തുന്നു. അങ്ങ് കുരിശില്‍ കിടന്നുകൊണ്ട് പ്രാര്‍ഥിച്ചു: ''പിതാവേ ഇവരോടു ക്ഷമിക്കേണമേ? എന്തെന്നാല്‍ ഇവര്‍ ചെയ്യുന്നത് എന്തെന്ന് ഇവര്‍ അറിയുന്നില്ല.'' പാപികളായ ഞങ്ങളും പ്രാര്‍ഥിക്കുന്നു: ''പിതാവായ ദൈവമേ ഇവരോടു ക്ഷമിക്കണമേ. ഇവര്‍ ചെയ്യുന്നതെന്തെന്ന് ഇവര്‍ക്കറിയാമായിരുന്നിട്ടും ഇവര്‍ ഇതു ചെയ്യുന്നു. എങ്കിലും കര്‍ത്താവേ ഇവരോട് ക്ഷമിക്കണമേ!''

1 comment:

  1. പഴയ പീഡന മേധാവിയും സില്ബന്ധികളും 33 വര്ഷങ്ങള്ക്ക് ശേഷം ഇനിയെങ്കിലും ബഹു.കൈപ്പാൻ പ്ലാകേൽ അചെനോട് കാണിച്ചത്‌ തെറ്റായി എന്ന് സമ്മതിച്ചു പൊതുജനത്തോട് മാപ്പ് പറയാനുള്ള സന്മനസ്സു കാണിക്കുമോ?.ഒസാനയുടെ പഴയ ലേഘനങ്ങൾ പുതിയ തലമുറയുടെ അറിവിനായി അല്മായ സബടം പുനപ്രസിധികരിക്കണം.

    ReplyDelete