ഇന്നലെയും ഞാന്‍ ജോണ്‍സണ്‍ വൈദ്യരെ കണ്ടു,
മൂപ്പര് ജോലി ചെയ്യുന്ന മാളില്‍ തന്നെ വെച്ച്. ഞാന്‍ ഇത്തിരി അതുമിതും
വാങ്ങിക്കാന്‍ സൂപ്പര്‍ മാര്‍ക്കറ്റിലേക്ക് കയറിയപ്പോള്‍ ജോലി കഴിഞ്ഞ് വീട്ടിലേക്ക് പോകാന്‍
ഒരുങ്ങുകയായിരുന്നു വൈദ്യര്‍. കുറച്ചു നാള്‍ മുമ്പ് തട്ടില്‍ മെത്രാനെപ്പറ്റി
അങ്ങേരു പറഞ്ഞത് ഞാന്‍ അത്മായാശബ്ദത്തില്‍ എഴുതിയിരുന്നല്ലോ.
“വാ പറയാം.” അങ്ങേര് എന്‍റെ കൈ പിടിച്ച് നേരെ
കോഫി മിഷ്യന്‍റെ അടുത്തേക്ക് നടന്നു, എന്‍റെ അനുവാദം ചോദിച്ചതേയില്ല. എന്തോ
ഗൌരവമായ കാര്യമായിരിക്കും പറയാനുള്ളത് എന്ന് ഞാന്‍ ഊഹിച്ചു. രണ്ടു നെസ്കെഫ്
അദ്ദേഹം തന്നെ ഊറ്റിയെടുത്തു, ഒന്നെന്‍റെ കയ്യില്‍ തന്നു. പതിയെ അവിടെ ഒരു തൂണില്‍
ഒരം ചാരി നിന്ന് അദ്ദേഹം തുടങ്ങി.
“കേട്ടല്ലോ അല്ലെ തയ്യല്‍ക്കാരന്‍ മാക്കാന്‍റെ
കഥകളെല്ലാം.”
“കേട്ടു.” ഞാന്‍ പറഞ്ഞു.
“ഈ മെത്രാന്മാരെല്ലാം പരസ്പരം വഴക്കടിക്കുകയാണെന്ന്
മോന്‍ അത്മായാ ശബ്ദത്തില്‍ എഴുതിയിരുന്നല്ലോ. പക്ഷെ, സംഭവം അങ്ങിനെയല്ല.
എല്ലാവരെയും യോജിപ്പിച്ച് നിര്‍ത്തുന്ന ഒരു രഹസ്യ മെത്രാന്‍ കമ്മറ്റിയും ഒരു കണ്‍വീനറും
ഇവിടെ ഉണ്ടെന്നാണ് എന്‍റെ ബലമായ സംശയം. കുറ്റവാളികളായ അച്ചന്‍മാരെ കമനീയമായി
ഒളിപ്പിക്കുന്ന ജോലിയും, സഭയുടെ തോന്ന്യാസങ്ങള്‍ക്ക് ന്യായീകരണം കണ്ടെത്തുന്നതും ഈ
വിദഗ്ദ സമിതിയായിരിക്കണം. ഓരോ കേസും അവര്‍ വിശദമായി പരിശോധിക്കും, തല്ലു കൊള്ളാന്‍
സാദ്ധ്യത ഉണ്ടെന്നു കണ്ടാല്‍ പ്രതികളെ ഉടന്‍ കടത്തും. ഇന്നാള് ഒരു വികാരി ജനറല്‍
ബ്രാണ്ടി അടിച്ചു കിറുങ്ങി വണ്ടി ഓടിച്ച് നാല് വണ്ടികളില്‍ തട്ടി പൊലീസില്‍ പെട്ട
കഥ കേട്ടിട്ടില്ലേ?”
വൈദ്യര്‍ എന്‍റെ മുഖത്തേക്ക് നോക്കി. എന്തോ വലിയ
രഹസ്യം വെളിപ്പെടുത്താന്‍ അദ്ദേഹം വിമ്മിഷ്ടപ്പെടുകയായിരുന്നെന്ന്‍ ഒറ്റ
നോട്ടത്തില്‍ അറിയാമായിരുന്നു. എന്‍റെ മറുപടി കേള്‍ക്കാന്‍ അദ്ദേഹം നിന്നില്ല. ഒരു
കവിള്‍ കാപ്പി അകത്താക്കിയിട്ട് അദ്ദേഹം തുടര്‍ന്നു.
“ആ വികാരി അതിന്‍റെ പിറ്റേന്ന് തന്നെ ബോംബേക്ക്
പറന്നു. കേസ് ഒതുക്കി തീര്‍ക്കുകയും ചെയ്തു. ഈ അച്ചനെ ബോധപൂര്‍വ്വം ആരോ
ചതിക്കുകയായിരുന്നുവെന്ന് ഒരു വിശദീകരണം അന്ന് അവിടെയും ഇവിടെയും ഒക്കെ
കേട്ടിരുന്നു. കുടിച്ചത് അമേരിക്കന്‍ രൂപതയില്‍പ്പെട്ട സഹോദരന്‍ കൊണ്ടുവന്ന
ബ്രാണ്ടി ആയിരുന്നെന്നും, അമേരിക്കന്‍ സാധനങ്ങള്‍ ഉപയോഗിക്കുന്നത് ആസിയാന്‍ കരാര്‍
പ്രകാരം കുറ്റകരമല്ലായെന്നും, ഏഴു മണിക്ക് കുടിച്ചത് ഒന്‍പതു മണിയായപ്പോഴേ പ്രവര്‍ത്തിച്ചു
തുടങ്ങിയെന്നും, ഇത് ചതിയായിരുന്നെന്നും ഒരു പള്ളിയാട് പറയുന്നതും കേള്‍ക്കാന്‍
ഇടയായി. ഞാന്‍ പറഞ്ഞ ഈ ക്രൈസിസ് മാനെജ്മെന്റ് കമ്മിറ്റി തന്നെയാണ് എല്ലാത്തിനുമുള്ള
പ്രതിരോധ മരുന്നും ഉണ്ടാക്കുന്നതെന്ന് അന്നേ എനിക്ക് സംശയം ഉണ്ടായിരുന്നു, ഞാന്‍
മിണ്ടിയില്ലന്നെയുള്ളൂ.” ജോണ്‍സണ്‍ വൈദ്യരുടെ കഥ കഴിഞ്ഞിട്ട് സംസാരിക്കാന്‍ വേണ്ടി
ഞാനും കാത്തിരുന്നു.
“കോതമംഗലത്ത് നടന്നത് കണ്ടോ? മാനുവല്‍ അച്ചന്‍
കുറെ വര്‍ഷങ്ങളായി മലയാളം വിഭാഗത്തില്‍ ചില ഡ്രില്ലിംഗ് പണികള്‍ നടത്തിയിരുന്നു
എന്നല്ലേ ഇപ്പോള്‍ കേള്‍ക്കുന്നത്. വിവാദ ചോദ്യപേപ്പറിന്‍റെ കോപ്പി എടുത്ത് ആര്‍ക്കൊക്കെയോ
ഇദ്ദേഹം വിതരണം ചെയ്തിരുന്നു എന്നും ജനസംസാരമുണ്ടായിരുന്നല്ലോ. ഏതായാലും
പിച്ചളക്കാട്ടച്ചന്‍ ഹെഡ് ആയി. ജോസഫിനെ തിരിച്ചെടുത്താല്‍ അച്ചന്‍റെ തല കുനിയെണ്ടി
വരും. ഏതായാലും ഈ സമിതി പറഞ്ഞിട്ടാവണം വടക്കേമഗലം ഒരു മടയ ലേഖനം ഇറക്കിയതും,
പിച്ചളക്കാട്ടച്ചനോളം പരിശുദ്ധനായവന്‍ ഈ കോതമംഗലം രൂപതയില്‍ തന്നെ ഉണ്ടാവാന്‍
ഇടയില്ലെന്ന് അര്‍ഥം വരുന്ന രീതിയില്‍ എഴുതിയതും; അതങ്ങ് എറിച്ചില്ല. അത്
വായിച്ചാല്‍ സാറിന്‍റെ മകനെ കസ്ടഡിയില്‍ എടുത്തത്കൊണ്ട് ഒരു കുടുംബം മുഴുവന്‍
ഗൂഡാലോചന നടത്തിയാണ് ചോദ്യപേപ്പര്‍ തയ്യാറാക്കിയതെന്ന് സര്‍ക്കാര്‍ തന്നെ
സമ്മതിച്ചതാണല്ലോയെന്നും തോന്നും. ആരെങ്കിലും ആത്മഹത്യാ പ്രേരണക്ക് കേസ്
കൊടുത്താല്‍ അങ്ങേരു കുടുങ്ങും, കൂടെ മെത്രാനും. അതാ രായ്ക്കുരായെ അച്ചനെ അമേരിക്കയ്ക്ക്
കയറ്റി വിട്ടത്. എവിടുന്നെകിലും ആരെയെങ്കിലും കടത്തുന്നുവെന്ന് കണ്ടാല്‍ ഈ രഹസ്യ വിദഗ്ദസമിതി
അപകടം മണത്തുവെന്നു സാരം. ഒരാള്‍ എത്ര അകലേക്ക് അല്ലെങ്കില്‍ ഏതു
കൂവക്കാട്ടിലേക്ക് പോകുന്നതെന്ന് നോക്കിയാല്‍ മെത്രാന് അയാളോടുള്ള താത്പര്യവും
അറിയാം.”
ഇത്രയും പറഞ്ഞു കേട്ടപ്പോള്‍ എനിക്കും സംശയം
തോന്നി, മെത്രാന്മാരെ ബന്ധിപ്പിക്കുന്ന ഒരു കണ്ണി ഇവിടുണ്ട്. ഇല്ലെങ്കില്‍ മാനുവല്‍
അച്ചന്‍ ഒരിക്കലും ഏതാനും ദിവസങ്ങിലേക്ക് അമേരിക്കയില്‍
താത്കാലിക വികാരി ആയി പോകില്ലായിരുന്നുവെന്ന് എനിക്കും തോന്നി. ജോണ്‍സണ്‍ വൈദ്യരു
തുടര്‍ന്നു.
“കൊക്കന്‍റെ കേസ് കൊക്കില്‍ ഒതുങ്ങാതെ പോയത്, ഈ
തന്ത്രം കൊക്കന് അറിയാമായിരുന്നതുകൊണ്ടാണ്. കേസ് സ്റെഷനില്‍ വന്നപ്പോഴേ, എന്തിനാ
നാറ്റക്കേസ് ഉണ്ടാക്കുന്നതെന്ന് ഓര്‍ത്ത് പൊലീസ് തന്നെ വൈകിട്ട് രണ്ടു പേരേം
വിളിച്ച് പ്രശ്നം തീര്‍ക്കാന്‍ ശ്രമിച്ചതാ. കൊക്കനോര്‍ത്തത്, മാറിക്കോളാന്‍
അരമനേന്നു പറയുന്നതിനു മുമ്പ് മാറിയേക്കാമെന്ന്; ബാക്കി അരമന നോക്കിക്കൊള്ളുമെന്നും കൊക്കന്‍ ഓര്‍ത്തു.
അത്ര ഉറപ്പായിരുന്നു കൊക്കന്. ആ കേസ് അങ്ങിനെ പറ്റിപ്പോയതാ. ഈ കുന്ത്രാണ്ടം
ഫെയിസ് ബുക്കാ പ്രശ്നം വഷളാക്കിയത്.
“ഒരു വിധത്തില്‍ കൊക്കനേം പറഞ്ഞിട്ട് കാര്യമില്ല.
ഇത്തരം ഒരു കേസ് ഇതേ രൂപതയില്‍ ഉണ്ടായിട്ട് ഏറെ നാളായില്ല. കണ്ടാല്‍ ഭീകരനായ ഒരു
വികാരി. അള്‍ത്താരയില്‍ ഏതു നിറത്തിലുള്ള പൂവ് വെയ്ക്കണമെന്ന് ഈ അച്ചനോട്
ചോദിച്ചാല്‍ അങ്ങേര് ഓഫിസില്‍ ഉപവിഷ്ടനായിട്ടെ ഉത്തരം പറയൂ. തൃശ്ശൂര്‍ നഗരത്തില്‍
നിന്നും ഒത്തിരി ദൂരത്തിലല്ല ഇദ്ദേഹത്തിന്‍റെ പള്ളി. അവിടെ മാച്ച് ദി ഫോളോയിംഗില്‍
വന്നത് ഈ വികാരിയും ഒരു അള്‍ത്താര ബാലനും. ഈ കേസ് ഇടവകക്കാര്‍ അറിഞ്ഞപ്പോള്‍
മൂന്നു മാസം എടുത്തെന്ന് പറയാം. കൊക്കന്‍ നോക്കിയപ്പോള്‍ അവിടെ ഒരാണും ഇവിടെ ഒരു
പെണ്ണും അത്രയല്ലേ വ്യത്യാസമുള്ളൂവെന്നാണ്. കൊക്കന്‍ പൊലീസ്കാരെ ഐസാക്കിയപ്പോള്‍
അവരും പീലി വിടര്‍ത്തിയില്ലായിരുന്നെങ്കില്‍ കൊക്കനും അമേരിക്കയില്‍
എത്തുമായിരുന്നു.” ജോണ്‍സണ്‍ വൈദ്യര്‍ പറഞ്ഞു നിര്‍ത്തി.
“ഏതാ ഈ അള്‍ത്താര ബാലസഖ്യം അച്ചന്‍?” ഞാന്‍
ചോദിച്ചു.
“അതിപ്പോ നീ അറിയണ്ട, അങ്ങേര് അങ്ങിനെ സഹനദാസന്‍
ആകണ്ട. ഒരു ക്ലൂ തരാം, കൊടുങ്ങല്ലൂര്‍ റൂട്ടിലാണ്. കേസ് പുറത്തായാല്‍ ആ കൊച്ചിന്‍റെയും
കുടുംബം തകരും. തൈക്കാട്ടുശ്ശേരിയില്‍ നടന്നത് വെറും തോണ്ടല് മാത്രമാണെന്നും,
അതത്ര കുറ്റമാണോന്നും ചോദിച്ച് ചില അച്ചന്മാര്‍ ആദ്യം മുന്നോട്ടു വന്നിരുന്നു.
പിന്നീട് കുടുംബ കൂട്ടായ്മകളില്‍ കൂടി ഈ കൊച്ചിന്‍റെ കുടുംബം പിഴയാണെന്നും,
അച്ചനെ കുടുക്കിയതാണെന്നും പറഞ്ഞ് പ്രചരിപ്പിക്കാന്‍ ഒരു ശ്രമം
തുടങ്ങിയിരുന്നുവെന്നും എനിക്ക് സംശയമുണ്ട്. ഇപ്പോ നാട്ടില്‍ കേക്കുന്നത് ഇവര്‍
എമ്പറര്‍ സഭയുടെ ആള്‍ക്കാരായിരുന്നുവെന്നാണ്.”
“എമ്പറര്‍ സഭയോ?” ഞാന്‍ ചോദിച്ചു.
“അതെ ... എമ്പറര്‍, സാത്താന്‍ സഭയെന്നു
കേട്ടിട്ടില്ലേ?” വൈദ്യര്‍ പറഞ്ഞു.
“ആ കുടുംബത്തെ അങ്ങിനെ ലേബല്‍ ചെയ്യുന്നതും അവരെ
കൊല്ലുന്നതും സമമല്ലേ?” ഞാന്‍ ചോദിച്ചു.
“ഒരു വിശ്വാസിയുടെ ജീവന് അത്ര
വിലയുണ്ടായിരുന്നെങ്കില്‍ ഇത്ര ക്രൂരമായി കോതമംഗലം അരമന കളിക്കുമായിരുന്നോ? അവിടെ
എന്തെല്ലാം ന്യായീകരണം ജൊസഫ് സാറിനെതിരെ ഇവര്‍ പറഞ്ഞു. സാദാ വിശ്വാസിക്ക് ഇവിടെ
പുല്ലു വില. അതെ സമയം വലിയോനാണെങ്കില്‍ ഇവര്‍ കാലു കഴുകുകയും ചെയ്യും. പി സി. ജോര്‍ജ്ജിന്‍റെ
കാല് ഇവര്‍ കഴുകിയില്ലേ, നാണമില്ലാതെ?” വൈദ്യര്‍ ചോദിച്ചു.
ഞാന്‍ ചിന്തിച്ചത്, കാഞ്ഞിരപ്പള്ളിയില്‍
മോണിക്കയ്ക്ക് സുബോധം ഇല്ലെന്നു വരെ കഥകള്‍ പ്രചരിച്ചതിനെപ്പറ്റിയാണ്, ക്രൈസിസ്
മാനേജ്മെന്‍റ് ഫോറം ഇവിടുണ്ടെന്ന് എനിക്കും ബലമായ സംശയം തോന്നി;. പച്ചക്കള്ളം
പറയാന്‍ എല്ലാവര്‍ക്കും ശക്തി ഇവരാണ്. അടുത്തിടെ ഒരു വോക്കെഷന്‍ കമ്മിഷന്‍ ചെയര്‍മാന്‍റെ ലേഖനം ഉണ്ടായിരുന്നു, പള്ളികളില്‍.
അതിന്‍ പ്രകാരം ദൈവവിളി ഒന്നേയുള്ളൂ, അത് സിറോ മലബാര്‍ സഭയില്‍ മാത്രമാണെന്നു
പറഞ്ഞിട്ടുണ്ടല്ലോ എന്നോര്‍ത്തു. ‘അപാര തൊലിക്കട്ടി!’ ഞാന്‍ ആത്മഗതം പറഞ്ഞു.
രാവും പകലും നിരീക്ഷിച്ചപ്പോള്‍ സൂര്യനാണ്
നടുക്കെന്നു ഗലീലിയോക്ക് തോന്നിയില്ലേ? അതുപോലെ ഒരു നിരീക്ഷണമാണല്ലോ
വൈദ്യരുടെതെന്ന് ഞാന്‍ ഓര്‍ത്തു. ഇനി ഈ രഹസ്യ കമ്മറ്റിയില്‍ അത്മായരാണോ ഉള്ളതെന്നു
ഞാന്‍ കണക്കു കൂട്ടി നോക്കി. ഏതോ ഒരു വക്കിലിന്‍റെ കാര്യം കൊതമഗലംകാര്‍
പറഞ്ഞിരുന്നല്ലോയെന്നും ഓര്‍ത്തു. ‘ഏയ് അതായിരിക്കാന്‍ വഴിയില്ല, കാര്യങ്ങള്‍
അവരുടെ കണ്ട്രോളില്‍ ആയിരുന്നെങ്കില്‍ ഓരോരുത്തരും ബോംബെയിലും അമേരിക്കയിലും
ഒന്നും എത്തുമായിരുന്നില്ലല്ലോ.’ ഞാന്‍ ഓര്‍ത്തു. അത്മായരാണെങ്കില്‍ ഇത്തരം മണ്ടന്‍
തീരുമാനങ്ങള്‍ എടുക്കുമായിരുന്നില്ലല്ലോയെന്നും ചിന്തിച്ചു. എങ്കിലും, ഇയ്യിടെ
ഷെവലിയറായ ഒരു വക്കീലിന്‍റെ കാര്യം എനിക്ക് ഓര്‍ക്കാതിരിക്കാന്‍ കഴിഞ്ഞില്ല, ഒപ്പം
സ്ഥാനാര്‍ഥിയായ ഒരു വക്കിലിന്‍റെയും. ഒരാള്‍
സഭയെ നാണം കെടുത്തി, അടുത്തയാള്‍ സഭയെ തെരുവിലിറക്കി മണിയടിച്ചു.
“നമുക്കിവിടെ നട്ടെല്ലുള്ള വക്കിലന്മാരുടെ ഒരു
ഫോറം ഉണ്ടാക്കണം. അത് പറയാനാ ഞാന്‍ മോനെ വിളിച്ചത്. എന്‍റെ ഒരു മാസത്തെ ശമ്പളം
ഞാന്‍ തന്നേക്കാം.” വാസ്തവത്തില്‍ വൈദ്യര്‍ എന്ന കത്തോലിക്കന്‍റെ വിശ്വാസം കണ്ട്
ഞാന്‍ അറിയാതെ പറഞ്ഞു പോയി, ‘എന്‍റെ കര്‍ത്താവേ, എന്‍റെ ദൈവമേ’ യെന്ന്. വൈദ്യരുമായി
സംസാരിച്ചു പിരിഞ്ഞപ്പോള്‍ ഒരു കാര്യം എനിക്ക് മനസ്സിലായി, സലോമിയുടെ ശാപം ഫലിച്ചു
തുടങ്ങിയെന്ന്. അതാണ് നടക്കുന്നതെങ്കില്‍ ന്യൂമാന്‍ കോളേജില്‍ മലയാളം വിഭാഗം
തലവനായി ഇനി ഒരച്ചന്‍ വരാനിടയില്ല.
വാല്‍ക്കഷണം:
കാഞ്ഞിരപ്പള്ളി രൂപത ഉണ്ടായിട്ട് ഇന്ന് 37 വര്ഷം
പൂര്‍ത്തിയാവുന്നു (മെയ് 12). പവ്വത്തിന്‍റെ അരങ്ങേറ്റം ഇവിടെയാണ്
നടന്നതെങ്കിലും, കാഞ്ഞിരപ്പള്ളിയെ ഇത്രയും പ്രസിദ്ധമാക്കിയത് അറക്കല്‍ മോനിക്കായെന്ന
വയസ്സിയാണെന്ന് പറയാതെ വയ്യ.
.
No comments:
Post a Comment