Translate

Friday, May 30, 2014

മെത്രാനും റബ്ബറും

റബ്ബറിനും മെത്രാനും കേരളത്തില്‍ കുത്തനേ വിലയിടിഞ്ഞുവെന്നും ഇത് കേരളത്തിന്‍റെ സമ്പത് വ്യവസ്ഥക്കും ആവാസ വ്യവസ്ഥക്കും കനത്ത ആഘാതം ഏല്‍പ്പിച്ചിരിക്കുന്നുമെന്നാണ് ഞങ്ങള്‍ പരദേശികള്‍ കേള്‍ക്കുന്നത്. സംഗതി സത്യമാണോയെന്നറിയാന്‍ ഞാന്‍ കുഞ്ചിത്തണ്ണിയിലുള്ള പേരമ്മയെ വിളിച്ചു. മകന്‍ റോജോയാണ്‌ ഫോണെടുത്തത്. അവന്‍ പറഞ്ഞു, ആരെന്തു പറഞ്ഞാലും ഇടുക്കിയിലുള്ള അവരുടെ മെത്രാന്‍ ഭയങ്കര പവ്വറുള്ള മെത്രാനാണെന്ന്. കുഞ്ചിത്തണ്ണിയില്‍ ഒരു ഇംഗ്ലിഷ് മീഡിയം സ്കൂള്‍ ഉണ്ടാക്കാന്‍ നാട്ടുകാര്‍ മാര്‍ ആനിക്കുഴിക്കാട്ടിലിനെ സമീപിച്ചു. മെത്രാന്‍ ‘ഉണ്ടാകട്ടെ’ എന്ന് കല്‍പ്പിച്ചു. നാട്ടുകാരെല്ലാം കൂടി പിരിവെടുത്തപ്പോള്‍ സാധനം ഉണ്ടാവുകയും ചെയ്തു. ഒന്നു രണ്ടു വര്ഷം കഴിഞ്ഞപ്പോള്‍ അതിന്‍റെ മുറ്റത്ത് തന്നെ ആദ്യത്തേതിനു പാരയായി പള്ളി വക ഒരെണ്ണം കൂടിയുണ്ടായി. മെത്രാന്‍ ‘ഉണ്ടാവട്ടെ’ എന്ന് ഒന്നു പറഞ്ഞതെയുള്ളൂ, ഒന്നിനു പകരം രണ്ടെണ്ണം ഉണ്ടായല്ലോയെന്നാണ് അവന്‍ പറഞ്ഞത്. അത്ര പവ്വറാണ് മെത്രാന് എന്നാണ് അവന്‍റെ അഭിപ്രായം. അങ്ങേരുടെ നേരെ പടക്കം എറിഞ്ഞുവെന്നു കേട്ടല്ലോ എന്നു ചോദിച്ചപ്പോള്‍ പറഞ്ഞത്, അതിപ്പോള്‍ ഒരനുഗ്രഹമായി മാറി എന്നാണ്. കാരണമായി പറഞ്ഞത് അങ്ങേര്‍ക്കിപ്പോള്‍ പൊലീസ് അകമ്പടിയോടെ നേതാക്കന്മാരും കള്ളന്മാരുമൊക്കെ  പോകുന്നതുപോലെ  ആരെയും പേടിക്കാതെ പോകാമല്ലൊയെന്നാണ്, മാത്രമല്ല പ്രതിക്ഷേധക്കാര്‍ക്കുപയോഗിക്കാന്‍ സര്‍ക്കാര്‍ അനുവദിച്ചിരിക്കുന്ന ‘പ’ കൂട്ടിയുള്ള സാധനങ്ങളില്‍ പടക്കം ഇല്ലെന്നും പച്ചച്ചാണകം പഴത്തൊലി പച്ചത്തെറി ഇവയെ ഉള്ളൂവെന്നും എല്ലാവര്ക്കും മനസ്സിലായി എന്നുമാണ്. റോജനെ അവന്‍റെ വിശ്വാസം സംരക്ഷിക്കട്ടെയെന്നു പ്രാര്‍ഥിച്ചുകൊണ്ട്‌ ഞാന്‍ സംഭാഷണം നിര്‍ത്തി.
എങ്കിലും എന്‍റെ മനസ്സ് മുഴുവന്‍ ഇടുക്കിയിലായിരുന്നു. പണ്ടൊരു മൂങ്ങാ കഥ കേട്ടിട്ടുണ്ട്. മൂങ്ങയെ പക്ഷികളും കൂട്ടത്തില്‍ കൂട്ടിയില്ല മൃഗങ്ങളും കൂട്ടിയില്ല, ഇന്നുവരെ ആ പ്രശ്നത്തിനു പരിഹാരം ഉണ്ടായിട്ടുമില്ല. ഇപ്പോഴത്തെ ഇടുക്കിയിലെ MP യുടെ സ്ഥിതിയും ഏതാണ്ട് അതുപോലെതന്നെയല്ലേ എന്നോര്‍ത്തു. ഇടതിലുമില്ല, വലതിലുമല്ലാത്ത ഒരു MP എങ്ങിനെ ഇര തേടും എന്ന് ഓര്‍ക്കാതിരിക്കാന്‍ ആര്‍ക്കാണ് സാധിക്കുക? എതായാലും MP യെക്കാണാനും, പരാതി കൊടുക്കാനും ഇനി പള്ളിമുറികളിലും പാരിഷ് ഹോളിലും ചെന്നാല്‍ സാധിക്കുമല്ലോ എന്നൊരു സമാധാനമുണ്ട്. MP ഫണ്ടുപയോഗിച്ച് സര്‍വ്വ പള്ളികളുടെ മുന്നിലും വെയിറ്റിംഗ് ഷെഡ്‌കളും ഹാലൊജന്‍ ലൈറ്റുകളും ഉണ്ടായേക്കാമെന്നത്‌ സത്യത്തില്‍ എല്ലാ ക്രിസ്ത്യാനികളെയും സന്തോഷിപ്പിക്കേണ്ടതല്ലേ? അങ്ങേരു കാഞ്ഞിരപ്പള്ളിയില്‍ പൊതുജനത്തിനു മുഖം കൊടുത്തത് അരമന മുറ്റത്ത്  വെച്ചായിരുന്നുവെന്ന് കേട്ടു. അവിടെ ചെന്ന് മെത്രാനെയും വികാരി ജനറാളിനേയും മാത്രമല്ല അവിടുത്തെ ഷെവലിയറെയും കണ്ടുവെന്നും വാര്‍ത്ത വായിച്ചു. ഷെവലിയര്‍ അരമനയില്‍ തന്നെയാണോ കിടപ്പെന്ന് ന്യായമായും ഞാന്‍ സംശയിക്കുകയും ചെയ്തിരുന്നു. പിന്നൊരു സംശയം ഇടുക്കി MP ക്ക് കാഞ്ഞിരപ്പള്ളിയില്‍ എന്ത് കാര്യം എന്നതായിരുന്നു. എന്നെങ്കിലും ഇതിനുത്തരം കിട്ടാതിരിക്കില്ല. സത്യത്തില്‍ അങ്ങേര് പഴയപള്ളിയുടെ ഓരത്തു കൂടി ഒഴുകുന്ന ചിറ്റാറും കൂടി കാണേണ്ടതായിരുന്നു. അവിടെ വരുന്ന തീര്ത്താടകരുടെ ബഹളം മൂലം ആറു കാണാം പക്ഷെ അതിലെ വെള്ളം കാണണമെങ്കില്‍ വെയിസ്റ്റ് പൊക്കി നോക്കേണ്ടിവരും എന്നേയുള്ളൂ. പരിസ്ഥിതി സംരക്ഷണം രൂപതാ മോഡല്‍ കണ്ടു പഠിക്കാമായിരുന്നു.
മലയോര കര്‍ഷക സംരക്ഷണം ആകെ കണ്ഫ്യുഷനിലാണെന്നാ എന്‍റെ വിലയിരുത്തല്‍. ഗാട്ഗില്‍ റിപ്പോര്‍ട്ട് നടപ്പാക്കാന്‍ ഉറച്ചിറങ്ങിയിരിക്കുന്ന  BJP ഗവര്‍ന്മെന്റ് പകരം മറ്റൊരു വരം ചോദിച്ചോളാന്‍ മെത്രാന്മാരോട് പറഞ്ഞാല്‍  അന്നേരെ അവര് പറഞ്ഞെന്നിരിക്കും ഞങ്ങള്‍ക്ക് വിദേശത്ത് കുറെ രൂപത സ്ഥാപിക്കാന്‍ സഹായം ചെയ്ത് തരണമെന്ന്. ഇംഗ്ലണ്ടില്‍ ഒരു രൂപത വേണമെന്ന് അവിടുള്ള സര്‍വ്വ അച്ചന്മാര്‍ക്കും ആഗ്രഹമുണ്ട്. കഴിഞ്ഞ വര്ഷം കേരളത്തില്‍ സിനഡിന്‍റെ കൂടെ ആഗോള അല്മായാ സമ്മേളനം നടത്തിയിരുന്നല്ലോ. അതില്‍ ട്രെയിനിംഗ് കിട്ടിയ ഏതാനും പേര്‍ക്കെ സംസാരിക്കാന്‍ അവസരം കിട്ടിയുള്ളൂവെന്നത് രഹസ്യം. ബ്രിട്ടണില്‍ നിന്ന് വന്നവര്‍, ‘അയ്യോ അച്ഛാ പോകല്ലേ,  ‘അയ്യോ അച്ഛാ പോകല്ലേ’ യെന്ന ട്യൂണില്‍ ‘ഞങ്ങള്‍ക്ക് രൂപത വേണം, ഞങ്ങള്‍ക്ക് രൂപത വേണം’ എന്ന് പറഞ്ഞിരുന്നു. ഈ വരം അല്ലെങ്കില്‍ എകീകൃത സിവില്‍ കോഡ്, ചര്ച്ച് ആക്റ്റ് ഇവയുടെ മാറ്റിവെക്കല്‍ എന്നിവയും ആവശ്യപ്പെട്ടേക്കാം. സഭയെ രക്ഷിക്കാന്‍ കര്‍ഷകരെ ബലികൊടുക്കുന്നത് അനുചിതമല്ലല്ലോ. ബ്രിട്ടനിലുള്ള വൈദികര്‍ മത്സരിച്ച് മെത്രാനെ സ്വീകരിക്കുന്നതിന്‍റെ പിന്നിലും ഒരു രഹസ്യമുണ്ട്, അഥവാ ഇനി ഒരു രൂപത വന്നാല്‍!
സത്യത്തില്‍ പള്ളിയുടെയും പട്ടക്കാരുടെയും കാര്യം വളരെ വിചിത്രമാണ്. അവര്‍ പറയുന്നതും ഉദ്ദേശിക്കുന്നതും മനസ്സിലാക്കണമെങ്കില്‍ ഒരു പത്തു ജന്മത്തിലെ ബുദ്ധി ഒരുമിച്ചുപയോഗിക്കണം. അങ്കമാലിയിലെ ബസ്ലിക്കാ/കത്തിദ്രല്‍/ഫോറോന/ഇടവക പള്ളിയുണ്ടല്ലോ. അതിനോട് ചേര്‍ന്ന് ഒരു നിത്യാരാധന പള്ളിയുണ്ട്. അതിന്‍റെ മുന്നില്‍ നിശ്ശബ്ദത പാലിക്കുക എന്നൊരു ബോര്‍ഡ് ഉണ്ട്. പള്ളിക്കകത്തുനിന്നു വരുന്ന ശബ്ദം കാരണം അവിടെ നിന്ന് ആരും സംസാരിക്കില്ലെന്നു എല്ലാര്‍ക്കും അറിയാം. പിന്നെ  ആ ബോര്‍ഡിന്‍റെ ലക്‌ഷ്യം എന്തെന്ന് ആര്‍ക്കെങ്കിലും പറയാമോ?  എന്തെങ്കിലും ഒരു കൊളുത്തു കാണാതിരിക്കില്ല. അവിടുത്തെ സക്രാരിയുടെ മുകളില്‍ സ്ഥാപിച്ചിരിക്കുന്ന ക്രൂശിത രൂപത്തിനുമുണ്ട് പ്രത്യേകത. ഒരു വലിയ മനുഷ്യനെ ഒന്നര ഇഞ്ച് വലിപ്പമുള്ള GI കുരിശിലാണ് ക്രൂശിച്ചിരിക്കുന്നത്. ഇതെന്തൊരു കുരിശെന്ന് ചോദിക്കുന്നതിനു മുമ്പ് ഇതെന്തൊരു മനുഷ്യന്‍ എന്നൊരാള്‍ ചിന്തിച്ചാലും അത്ഭുതമില്ല.
ഇയ്യിടെയായി ഒരുപാട് ശബ്ദം മെത്രാന്മാര്‍ക്കെതിരെ ഉണ്ടായി. സ്വന്തം വില കുത്തനെ ഇടിയാന്‍ കാരണമായ കാര്യങ്ങളെപ്പറ്റി അവര്‍ അന്വേഷിച്ചു പ്രതിക്രിയയും തുടങ്ങിയ കാര്യം ആരെങ്കിലും അറിഞ്ഞിട്ടുണ്ടോ? മനുഷ്യന് ബോധം വെച്ചു എന്നല്ല അവര്‍ കണ്ടെത്തിയത്, പകരം മനുഷ്യന്‍റെ ബോധം പോയിയെന്നാണ്. അതാണ്‌ വേദപാഠം മരണം വരെ പഠിക്കാനുള്ള ക്രമീകരണങ്ങള്‍ ഇപ്പോള്‍ ചെയ്തു തുടങ്ങിയത്. എറണാകുളത്ത് തുടങ്ങിയ ഈ പരിപാടി ഉടന്‍ മറ്റു രൂപതകളിലും വരും. എല്ലാവരും സൂക്ഷിക്കുക. വിദേശികള്‍ ഇപ്പോള്‍ തന്നെ സൂക്ഷിച്ചാണ് നില്‍ക്കുന്നത്. അതുകൊണ്ടാണ് ആസ്ട്രേലിയന്‍ ബിഷപ്പ് പുത്തൂരിനു വിടുകളില്‍ പോയി കുര്‍ബാന ചെല്ലാന്‍ മനസ്സ് തോന്നിയതെന്ന് തോന്നുന്നു. സത്യം പറയാമല്ലോ, പുറത്ത് നിന്നുള്ള അത്മായരുടെ ഈ ശബ്ദം ഇപ്പോള്‍ മെത്രാസനങ്ങളില്‍ ചില പ്രശ്നങ്ങളും സൃഷ്ടിക്കുന്നുണ്ട്. ഫാ. പിച്ചളക്കാടന് അമേരിക്കയിലെ ഗാര്‍ലന്റില്‍ നിലയുറപ്പിക്കാന്‍ കഴിയാതെ പോയതും, പ്രോഫ. ടി ജെ ജോസഫിനെ തിരിച്ചെടുക്കേണ്ടിവന്നതുമൊക്കെ ഈ കോലാഹലം കാരണം ആണെന്ന് ആര്‍ക്കാ അറിയാന്‍ മേലാത്തത്?

ബുദ്ധിയുണ്ടെന്ന് പറയുന്ന മെത്രാന്മാര്‍ക്ക് ഇപ്പോള്‍ നല്ല കാലമെന്ന് ഞാന്‍ പറയില്ല. നിനയ്ക്കുന്നതൊന്നും കാണുന്നത് മറ്റൊന്നുമാണിപ്പോള്‍. ഇടുക്കിയില്‍ നട്ടതല്ല മുളച്ചത്. കഴിഞ്ഞ എറണാകുളം സിനഡില്‍ വയലാര്‍ രവിയെയും യൂസഫ് അലിയെയുമൊക്കെ ക്ഷണിച്ചു വരുത്തി ഗള്‍ഫില്‍ ഒരു രൂപതക്കുള്ള സാഹചര്യമൊക്കെ അടുപ്പിച്ചു കൊണ്ടുവന്നതാണ്. എല്ലാം പോയില്ലേ? പ്രതീക്ഷയോടെയാണ് മോഡിയെ ജനങ്ങള്‍ നോക്കുന്നതെന്ന് മേജര്‍ പറഞ്ഞത് ഒരു വെടിക്കുള്ള കോപ്പ് നേരത്തെ ഒപ്പിച്ചു വെച്ചിട്ടുണ്ടെന്നതിന്‍റെ സൂചനയായി എടുക്കാം. അല്‍ഫോന്‍സ്‌ കണ്ണന്താനം BJP യില്‍ ചെന്നെത്താന്‍ ഒരു മെത്രാനാണ് വഴി ഒരുക്കിയതെന്നൊരാരോപണം ആയിടെ പത്രങ്ങളില്‍ വായിച്ചതോര്‍ക്കുന്നു. തൃശ്ശൂര്‍ ആണെങ്കില്‍ സര്‍വ്വത്ര ഗുലുമാല്‍, അങ്കമാലിയിലാണെങ്കില്‍  CBI വന്ന് കഴിഞ്ഞു. ഏതായാലും പേര് കേട്ടു, എന്നാ കുളിച്ചിറങ്ങാം എന്ന മട്ടിലാണെന്ന് തോന്നുന്നു, ചില മെത്രാന്മാരുടെ പോക്ക്. പോയിട്ട് എന്ത് പ്രയോജനം എന്ന് ചിന്തിച്ചു തട്ടില്‍ മെത്രാന്‍ ബ്രിട്ടണ്‍ യാത്ര മാറ്റിവെച്ചില്ലല്ലോ. ഇനി മാറ്റിവെച്ചാല്‍ ഇടവകക്കാര്‍ തന്നെ സ്വീകരിക്കാന്‍ സമാഹരിച്ച ലക്ഷങ്ങള്‍ ആവിയായിപ്പോകുമെന്ന് മെത്രാനറിഞ്ഞുകൂടെ? മെത്രാന് മാര്‍ക്കറ്റ് കൂട്ടാന്‍ ഉപായങ്ങളുണ്ട്, അത്മായനോട് കാണിച്ച അതിക്രമങ്ങള്‍ക്ക്‌ മുഴുവന്‍  ക്ഷമ പറയുക, മര്യാദക്ക് ജീവിക്കുക ഒക്കെ അതില്‍പ്പെടും. എന്നോട് ഏറ്റവും അനുകമ്പ അര്‍ഹിക്കുന്ന ഒരു മെത്രാന്‍ ആരാണെന്ന് ചോദിച്ചാല്‍ എനിക്കൊരുത്തരമേയുള്ളൂ, എല്ലാം കാണാന്‍ വിധിക്കപ്പെട്ട എന്നാല്‍ പ്രതികരിക്കാന്‍ ത്രാണിയില്ലാത്ത പാവം മേജര്‍! ഇട്ടേച്ചു പോയാല്‍ പേടിച്ചിട്ടാണെന്നു പറയും മാത്രമല്ല ആ കസേരയില്‍ എട്ടുകാലി കയറി മുട്ടയിട്ടെന്നുമിരിക്കും. 

1 comment:

  1. "മനുഷ്യന് ബോധം വെച്ചു എന്നല്ല അവര്‍ കണ്ടെത്തിയത്, പകരം ഉണ്ടായിരുന്ന ബോധം പോയിയെന്നാണ്. അതാണ്‌ വേദപാഠം മരണം വരെ പഠിക്കാനുള്ള ക്രമീകരണങ്ങള്‍ ഇപ്പോള്‍ ചെയ്തു തുടങ്ങിയത്." ഇനിയിപ്പോൾ വിശ്വാസികൾ കൂടുതൽ വേദപാഠം ഉരുവിട്ട് സഭയുടെ ഉപരിപ്ളവ കാര്യങ്ങൾ മന:പാഠമാക്കുമ്പോൾ, നമ്മുടെ റവ. ഡോ. മെത്രാന്മാർ റോഷന്റെ ലേഖനങ്ങൾ വായിച്ച് സമകാലിക സംഭവങ്ങളുടെ ഉള്ളർത്ഥങ്ങൾ ഗ്രഹിക്കട്ടെ. അതിനുശേഷമെങ്കിലും പുതിയ പ്രധാനമന്ത്രി
    ഭരണം കാര്യക്ഷമമാക്കാന്‍ പത്തിനപരിപാടിയുമായി തുടങ്ങിയിരിക്കുന്നതുപോലെ, സഭയെ അപധ്വംസത്തിൽനിന്ന് കരകയറ്റാൻ ഒരഞ്ചിനപരിപാടിയെങ്കിലും തുടങ്ങട്ടെ.

    അഞ്ചിനപരിപാടിക്കുള്ള വിഷയങ്ങൾ (ഉദാഹരണങ്ങൾ):
    1. യോഗ്യതയില്ലാത്ത 'കർത്താവിന്റെ പ്രതിപുരുഷന്മാരുടെയും' 'കർത്താവിന്റെ മണവാട്ടികളുടെയും' എണ്ണം കുറയ്ക്കുക.
    2. പള്ളിഭരണം വിശ്വാസികളെ ഏൽപ്പിക്കുക.
    3. അപ്പംമുറിക്കൽ ഉൾപ്പെടെയുള്ള കൂദാശകൾ പരികർമം ചെയ്യാൻ വിശ്വാസികളുടെ കൂട്ടം മതിയെന്നു വരുത്തുക.
    4. വേദപാഠം നിർബന്ധമാക്കാതെ, പകരം പള്ളിസ്കൂളുകളിൽ എല്ലാ കുട്ടികൾക്കും ധാർമികാദ്ധ്യയനം നൽകുക.
    5. വിദേശത്തും നാട്ടിലും പരക്കെ നടന്നുള്ള വൈദികരുടെയും മെത്രാന്മാരുടെയും തെണ്ടൽ നിറുത്തുക.

    ReplyDelete