Translate

Wednesday, September 17, 2014

കര്‍ത്താവേ... ഇവര്‍ ഇടത്തോ വലത്തോ?....


വിന്‍സ് മാത്യു. എഴുതുന്നു .




ഉള്ളതു പറഞ്ഞാല്‍ !...

ഇറാക്കിലെ ക്രിസ്ത്യാനികള്‍ക്കെതിരെ നടന്ന വംശഹത്യയുമായി ബന്ധപ്പെട്ട് ഞാന്‍ മുമ്പ് എഴുതിയിരുന്നു. അതുമായി ബന്ധപ്പെട്ട് ആഗോള കത്തോലിക്ക സഭയുടെയും പ്രത്യേകിച്ച് കേരളത്തിലെ കത്തോലിക്ക സഭയേയും ഒന്നു വിലയിരുത്തുകയാണിവിടെ. കാര്യകാരണങ്ങള്‍ സഹിതം ഹൈന്ദവ വര്‍ഗീയവാദികള്‍ക്കെതിരെയും, മുസ്ലീം വര്‍ഗ്ഗീയ, തീവ്രവാദികള്‍ക്കെതിരെയും എഴുതിയിട്ടുണ്ട്. ചിലര്‍ അപ്പോഴൊക്കെ ക്രിസ്ത്യന്‍ തീവൃവാദിയായും, മുസ്ലീം ഭീകരതക്കെതിരെ പറഞ്ഞപ്പോള്‍ സംഘിയായും, ജൂതനായും ഒക്കെ വിമര്‍ശിച്ചിട്ടുണ്ട്. എന്നാല്‍ ക്രിസ്ത്യന്‍ സഭയെ ഒരു ക്രിസ്ത്യാനി വിമര്‍ശിച്ചാല്‍ എന്താകും ഇനി പറയുക? ഒരു സമുദായത്തിനെതിരെ വിമര്‍ശനം നടത്താനും തെറ്റുകള്‍ കാട്ടാനും ഏറ്റവും അര്‍ഹത അതിനുള്ളില്‍തന്നെ ഉള്ളവര്‍ക്കാണ്‌. വിമര്‍ശനങ്ങളും തിരുത്തലുകളും ഉള്ളില്‍നിന്നുവന്നാല്‍ അതിനു വര്‍ഗീയതയുടെ പരിവേഷം വരില്ല. മറ്റ് സമുദായക്കാര്‍ വിമര്‍ശിച്ചാല്‍ ആളുകളുടെ പേരും വിലാസവും ചികഞ്ഞെടുത്ത് മതത്തിന്റേയും വര്‍ഗീയതയുടേയും നിറം കൊടുക്കുന്നത് ഇപ്പോഴത്തേ ശീലമായിപോയി. വിമര്‍ശനം ഉന്നയിച്ചാല്‍ ഉന്നയിക്കുന്ന ആളുടെ മതവും ജാതിയും ചൂണ്ടിക്കാട്ടി കുറ്റക്കാരായ മതങ്ങളും സമുദായവും, മത നേതാക്കളും ജനങ്ങളില്‍നിന്നും രക്ഷപെടുകയാണ്‌.




ലോകത്തിലെ ഏറ്റവും പഴക്കമുള്ള ക്രിസ്ത്യന്‍ സമൂഹത്തെ ഇറാക്കില്‍ നിന്നും ഉന്മൂലനം ചെയ്തിരിക്കുന്നു. കൂട്ടകുരുതിയിലൂടെയും, തോക്കിന്മുനയില്‍ നിര്‍ത്തി മതം മാറ്റിയും, രാജ്യത്തുനിന്നും ആട്ടിയോടിച്ചും കൂട്ട വംശഹത്യ നടത്തിയിരിക്കുന്നു. 14മത് നൂറ്റാണ്ടുമുതലുള്ള ചരിത്രം എടുത്താല്‍ വിവിധ ചക്രവര്‍ത്തിമാരുടെ പടയോട്ടങ്ങളില്‍ ലക്ഷക്കണക്കിന്‌ കത്തോലിക്കരെ തലവെട്ടി മാറ്റി കൊലപ്പെടുത്തിയ പ്രദേശമാണിത്. മുസ്ലീം ചക്രവര്‍ത്തിയായ ടിമൂറിന്റെ കാലത്തേ ഇറാക്ക് അധിനിവേശത്തില്‍ തന്നെ 2ലക്ഷത്തിനടുത്ത് ഇറാക്കികളായ ക്രിസ്ത്യാനികളെ ശിരസറുത്ത് കൊലപ്പെടുത്തിയെന്നാണ്‌ ചരിത്രത്തില്‍ പറയുന്നത്. 1914-1933 കാലത്തെ സ്വാതന്ത്ര്യ പ്രക്ഷോഭവുമായി ബന്ധപ്പെട്ട് 3ലക്ഷത്തോളം കത്തോലിക്കരെ കൊലപ്പെടുത്തിയതായും ചരിത്രം പറയുന്നു. അസ്സീറിയന്‍ ജെനോസൈഡ് (അസ്സീറിയന്‍ കൂട്ടക്കുരുതി) എന്നപേരില്‍തന്നെയാണ്‌ ചരിത്രത്തില്‍ ഈ കൂട്ടക്കുരുതികള്‍ അറിയപ്പെടുന്നതും.പിന്നീടും അവശേഷിച്ച ഇറാക്ക് ക്രിസ്ത്യാനികള്‍ ഒരു പതിറ്റാണ്ടുമുമ്പ് 14ലക്ഷം ആയിരുന്നു. ഒരു പതിറ്റാണ്ടായി നിലനില്ക്കുന്ന ആഭ്യന്തിര യുദ്ധങ്ങളില്‍ ഇറാക്കിലെ ക്രിസ്ത്യാനികളില്‍ 13.5ലക്ഷം പേരും ഇല്ലാതായി, സംഘടിതവും ആസൂത്രിതവുമായ വര്‍ഗ ഉന്മൂലനം!. ഇറാക്കിലെ ആദ്യ മതവും ജനവിഭാഗവും ആയിരുന്നു ഇവര്‍. ലോകത്തിലെ ആദിമ ക്രൈസ്തവ സമൂഹത്തില്‍ ഒന്നായിരുന്ന ഇവരെല്ലാം ഉന്മൂലനം ചെയ്യപ്പെട്ടത് ക്രിസ്തുവില്‍ വിശ്വസിക്കുകയും, ക്രിസ്ത്യാനികള്‍ ആയതിനാലും മാത്രം ആയിരുന്നു.


ഇത്രമാത്രം വർഗ്ഗോന്മൂലനവും കൂട്ടകുരുതിയും നടന്നിട്ടും കത്തോലിക്കാസഭയുടെ ചരിത്രത്തില്‍ എന്തുകൊണ്ട് ഈ ദാരുണ സംഭവങ്ങള്‍ ഇടംപിടിക്കാതെ പോയി. സഭയും, പള്ളികളും ഈ രക്തസാക്ഷികളോട് ചെയ്തതും ഒരു തരം ഉന്മൂലന പ്രക്രിയയാണ്‌. ക്രിസ്തുവിനായും, വിശ്വസിക്കുന്ന മതത്തിനായും കൊലപ്പെടാനല്ല ഒരു മനുഷ്യന്‍ ജനിക്കുന്നതും ജീവിക്കുന്നതും. . ക്രിസ്തുവിനുവേണ്ടി മരിക്കണമെന്ന് ഒരിടത്തും ബൈബിളിലും , ക്രിസ്തുവിന്റെ പ്രബോധനങ്ങളിലും ഇല്ല. മറിച്ച് ക്രിസ്തുവിനായി ജീവിക്കണമെന്ന മഹത്തായ സന്ദേശമണ്‌ ബൈബിള്‍. മരണവും രക്തസാക്ഷിത്വവും പുണ്യവും, ദൈവീകവുമല്ല. മതത്തിന്റെ പേരില്‍ നടക്കുന്ന പീഢനങ്ങള്‍ക്കും രക്തസാക്ഷ്യങ്ങള്‍ക്കും വീരത്വവും കര്‍ത്താവിലേക്കുള്ള ധീരയാത്രയുമായി പഠിപ്പിക്കുന്ന സഭയുടെ ചില പ്രബോധനങ്ങള്‍ പാവങ്ങളേയും നിരാലമ്പരായ ജനങ്ങളേയും പറ്റിക്കാനാണ്‌. കത്തോലിക്കാ സഭയുടെ കാതല്‍ ജീവനു നല്കുന്ന വിലയും സ്ഥാനവും തന്നെയാണ്‌. ജീവന്‍ നിലനിര്‍ത്താനും ജീവിക്കാനും ഉള്ള അവകാശം അമ്മയുടെ ഉദരത്തില്‍ മനുഷ്യന്‍ ജന്മമെടുക്കുന്ന ആദ്യ നിമിഷത്തിലും, മണിക്കൂറിലും തുടങ്ങുന്നു എന്ന് പഠിപ്പിക്കുന്നമതമാണ്‌ കത്തോലിക്കാ സഭ എന്ന് ഓര്‍ക്കണം. ജനിക്കാനിരിക്കുന്ന ശിശുവിനുപോലും ഇത്ര പ്രാധാന്യം നല്കുന്ന ക്രിസ്തു വിശ്വാസത്തിന്റെ യഥാര്‍ത്ഥ കാതല്‍ സന്ദേശത്തിനെതിരാണ്‌ രക്തസാക്ഷിത്വം.

നീതികിട്ടാത്ത ഹത ഭാഗ്യരും, ലോകത്തിനും മനുഷ്യര്‍ക്കും രക്ഷപെടുത്താന്‍ കഴിയാത്ത പാവങ്ങളും ദുര്‍ബലരുമാണ്‌ മറ്റുള്ളവരുടെ കൈകളാല്‍ മരണപ്പെടുന്നത്. ഇറാക്കില്‍ ക്രിസ്ത്യാനികളെ ഉന്മൂലനം ചെയ്യാന്‍ തുടങ്ങിയത് 2003നു ശേഷമല്ല. അത് 13മത് നൂറ്റാണ്ട് മുതല്‍ തുടങ്ങിയതാണ്‌. ഇക്കാലമത്രയും ഇപ്പോഴും വിവിധ കത്തോലിക്ക സഭയും മാര്‍പ്പാപ്പമാരും ഉറങ്ങുമയായിരുന്നുവോ?....



ഇപ്പോള്‍ പൂര്‍ണ്ണമായും ഈ മതത്തെ ഉന്മൂലനം ചെയ്യാന്‍ കഴിഞ്ഞത് മുസ്ലീം മതത്തിലെ തീവൃവാദികളുടെ വിജയമാണ്‌. മതത്തിന്റെ പേരില്‍ നടക്കുന്ന കൂട്ടകുരുതികള്‍ ലോകത്തിനും, മാനവ സമൂഹത്തിനും കളങ്കമാണ്‌. അതിനെ വിശ്വാസത്തിന്റെ തീവൃതയായും, ക്രിസ്തുവുമായുള്ള അഗാധബന്ധമായും കാണുന്ന കത്തോലിക്ക സഭയും, വത്തിക്കാനും വിഢികളുടെ ലോകത്താണ്‌. ഈ രക്തസാക്ഷിത്വങ്ങള്‍ ധീരതയല്ല, മറിച്ച് ഒരു രാജ്യത്തിന്റെ യഥാര്‍ത്ഥ ജന വിഭാഗത്തിനെ ഉന്മൂലനം ചെയ്ത ശ്യൂന്യതയായി കത്തോലിക്കാ സഭകാണണം. ഇവിടെ ക്രിസ്തുവിനും ബൈബിളിനും സഭയ്ക്കും ഒന്നു സംഭവിച്ചില്ല, നഷ്ടപ്പെട്ടില്ല. അങ്ങിനെ നഷ്ടവും വന്നിരുന്നെങ്കില്‍ 13നൂറ്റാണ്ടുമുതല്‍ ഈ മതത്തിനു ഈ കൂട്ടകുരുതികള്‍ ആഘാതങ്ങള്‍ ഉണ്ടാക്കിയേനെ. നഷ്ടപ്പെട്ടതും നശിച്ചതും മണ്ണടിഞ്ഞതും ഇറാക്കിലെ പ്രകൃതിയില്‍ ഇന്നും ജീവിച്ചിരിക്കേണ്ട ജനലക്ഷങ്ങളാണ്‌. അവരുടെ വംശപരമ്പര ഇന്നു ഒരു പക്ഷേ കോടികളില്‍ എത്തിയേനെ.. ആ മനുഷ്യരെല്ലാം നശിച്ചുപോയി. ആ മനുഷ്യര്‍ക്കും, രാജ്യത്തിനും ആണ്‌ യഥാര്‍ത്ഥ നഷ്ടം വന്നത്.


ഈ ഘട്ടത്തില്‍ ഒരു ഉദാഹരണം പറയാം. ഗാസയില്‍ ഇതിനകം കൊലചെയ്യപ്പെട്ട പാലസ്തീന്‍ ജനങ്ങള്‍ക്കായി ലോകമെങ്ങുമുള്ള മുസ്ലീം ജനവിഭാഗം അനുഭാവം പ്രകടിപ്പിച്ചു. മരണം 300 നടുത്ത് എത്തിയപ്പോള്‍ തന്നെ ലോകമെങ്ങും മുസ്ലീങ്ങള്‍ ഗാസയിലെ ആളുകളെ സഹായിക്കാന്‍ തുക സമാഹരണം നടത്തി. നോമ്പു തുറക്കലിന്റേയും, പാരിതോഷികങ്ങളുടേയും, സക്കാത്തിന്റേയും ഒക്കെ ഒരു ഭാഗം തകര്‍ന്ന സഹോദരങ്ങള്‍ക്കായി അവര്‍ മാറ്റിവയ്ച്ചു. പാലസ്തീനിലെ മുസ്ലീങ്ങള്‍ ഇസ്രായേല്‍ അക്രമത്തില്‍ കൊലചെയ്യപ്പെടുന്നതിനെതിരെ ലോകമെങ്ങുമുള്ള ജനസഞ്ചയത്തിന്റെ അനുഭാവം ഏകോപിപ്പിക്കുവാന്‍ കഴിഞ്ഞു.


ഇറാക്കില്‍ ആയിരങ്ങള്‍ കൊലചെയ്യപ്പെടുമ്പോഴും, ക്രൈസ്തവര്‍ക്കെതിരെ വിമിത പോരാട്ടക്കാര്‍ ഫതവ പുറപ്പെടുവിച്ചപ്പോഴും ലോകത്തിന്റെ കണ്ണും കാതും തുറന്നിരുന്നത് ഗാസയിലേക്കായിരുന്നു. ക്രിസ്ത്യാനികളായ സ്ത്രീകള്‍ ഉള്‍പ്പെടെ 11നും 46നും ഇടയിലുള്ളവര്‍ ഇറാക്കില്‍ ചേലാകര്‍മ്മം നടത്തണമെന്ന് തീവ്രവാദികള്‍ നിര്‍ദ്ദേശം നല്കിയപ്പോഴും ലോകം അതൊന്നും കാണാതെ പോയി. ഗാസയില്‍ ഒരു ജനവിഭാഗം കൊലചെയ്യപ്പെടുമ്പോള്‍ അവര്‍ക്കുവേണ്ടി ശബ്ദിക്കാനും സഹായിക്കാനും എത്തിയ ലോക മുസ്ലീങ്ങളുടെ നീക്കം ശ്രദ്ധേയവും അനുകരണീയവുമാണ്‌.. ലോകം ഗാസയിലെ സംഭവങ്ങള്‍ കാണുന്നത് മുസ്ലീം സമുദായത്തിലെ ആളുകളുടെ പ്രചരണത്തില്‍നിന്നും, മറ്റുമാണ്‌. മാധ്യമങ്ങളേക്കാള്‍ കൂടുതല്‍ വിവരങ്ങള്‍ ലോക ജനതയ്ക്ക് കൃത്യമായി പങ്കുവയ്ക്കാന്‍ മുസ്ലീം ജനവിഭാഗത്തിനു കഴിഞ്ഞു. എന്നാല്‍ ഇതൊന്നും ഇറാക്കിലെ ക്രൈസ്തവരുടെ കാര്യത്തില്‍ ഇല്ലാതെ പോയി. ലോകം അവരെ കണ്ടില്ല. ആശ്രയവും സംരക്ഷണവും നല്കാന്‍ കഴിഞ്ഞില്ല. എത് എങ്ങിനെ സംഭവിച്ചു?. ഇറാക്കിലെ ക്രിസ്ത്യാനികള്‍ക്ക് സഭവിക്കുന്നത് ലോകത്തെ അറിയിക്കാനും, അവര്‍ക്ക് അഭയം നല്കാനും ആര്‍ക്കും കഴിയാതെപോയി. ഏകപക്ഷീയമായ വംശനാശത്തിനു ഇരയായ അവര്‍ക്ക് ലോകം കല്പിച്ച നീതിയും വിധിയും ചരിത്രപുസ്തകത്തില്‍ പഠിക്കാനായി മാത്രം ഇനി അവശേഷിക്കും

ഇറാക്കിലെ ക്രിസ്ത്യാനികള്‍ മരിച്ചത് ക്രിസ്തുവിന്റേയും ക്രൈസ്തവ സഭകളുടേയും പേരിലായിരുന്നു. ക്രിസ്തുവും, ക്രിസ്ത്യാനിറ്റിയും അവരുടെ മരണവിധിക്ക് കാരണമാവുകയായിരുന്നു. ഒരു ഭാഗത്ത് മത തീവൃവാദികള്‍ കൂട്ടകുരുതി നടത്തിയപ്പോള്‍ ക്രിസ്തു വിശ്വാസം മരണത്തിലേക്കുള്ള വിധിവാചകമായി. ഇവരെ മരണത്തിലേക്ക് എതിര്‍പ്പും, ചെറുത്തുനില്പ്പും ഒന്നുമില്ലാതെ ഏകപക്ഷീയമായി തള്ളിവിട്ടതില്‍ ക്രിസ്തു വിശ്വാസത്തേയും, വിവിധ ക്രൈസ്തവ സഭകളേയും പ്രതികൂട്ടില്‍ നിര്‍ത്തേണ്ടതാണ്‌. വിശ്വാസത്തിനും ദൈവത്തിനും വേണ്ടി മിണ്ടാപ്രാണികളേപോലെ കൊലചെയ്യപ്പെട്ട ജനവിഭാഗത്തിനായി ക്രൈസ്തവ സഭയും ബൈബിളും ഒന്നും ചെയ്തില്ല. ഇതു പറയുന്നത് കേവലം ക്രിസ്ത്യാനികളെ യുദ്ധം ചെയ്യാന്‍ ഇളക്കിവിടണം എന്ന അര്‍ഥത്തിലല്ല. അവര്‍ക്ക് മരണത്തില്‍നിന്നും ജീവിതവും മാന്യമായ പുനരധിവാസവും, ലോകത്തിന്റെ നീതിയും ഒരു പരിധിവരെ വാങ്ങികൊടുക്കാന്‍ കഴിയണമായിരുന്നു എന്ന അര്‍ഥത്തിലാണു പറയുന്നത്. ഇറാക്കിലെ ഈ ജനവിഭാഗം ക്രിസ്ത്യാനികള്‍ അല്ലായിരുന്നെങ്കില്‍ ഇന്നും അവര്‍ക്കും സന്തതി പരമ്പരകള്‍ക്കും ഈ ഭൂമിയില്‍ ജീവിക്കാമായിരുന്നു. മരണത്തില്‍നിന്നും രക്ഷപെടുവാന്‍ വേണ്ടിയും സഭയുടെ അടിസ്ഥാന പ്രമാണമായ ജീവന്‍ നിലനിര്‍ത്താനായും ഒരു വംശാവലിയെ കൂട്ടകുരുതിയില്‍നിന്നും രക്ഷിക്കാന്‍ കഴിയുന്നില്ലേല്‍ അവരെ പരസ്യമായി തള്ളിപറയാനെങ്കിലും ക്രിസ്തീയ സഭകള്‍ക്ക് കഴിയുമായിരുന്നു. ഇറാക്കിലെ ക്രിസ്ത്യാനികള്‍ക്ക് ഇഷ്ടമുള്ള മതം സ്വീകരിക്കാമെന്നും അല്ലാത്തവര്‍ക്ക് രാജ്യം വിട്ടാല്‍ സംരക്ഷണവും സഭയ്ക്ക് ഉറപ്പുനല്കാമായിരുന്നു.

ഇറാക്കില്‍നിന്നും ഉന്മൂലനം ചെയ്യപ്പെട്ട ദശലക്ഷക്കണക്കിനു ക്രിസ്ത്യാനികള്‍ക്ക് ഉദരത്തില്‍ മനുഷ്യ ശരീരം പോലും രൂപപെടാത്ത ദ്രൂണത്തിന്റെ വിലപോലും ക്രൈസ്തവ സഭ നല്കിയില്ല. പൂര്‍ണ്ണമനുഷ്യര്‍ ഇറാക്കില്‍ ക്രിസ്തുവിശ്വാസത്തിന്റെ പേരില്‍ മാത്രം കൊലചെയ്യപ്പെട്ടപ്പോള്‍ കണ്ണും പൂട്ടിയിരുന്ന സഭയാണ്‌ ദ്രൂണഹത്യകള്‍ക്കെതിരെ ധാര്‍മ്മിക പ്രസംഗം നടത്തുന്നതും സമരം നടത്തുന്നതും. എന്തൊരു വൈരുദ്ധ്യാത്മകത?... അധാര്‍മ്മികം തന്നെ. ഇറാക്കില്‍ അധിനിവേശം നടത്തിയ ബ്രിട്ടനും അമേരിക്കയുമൊക്കെ കത്തോലിക്ക വിശ്വാസമുള്ള രാജ്യങ്ങളുടെ പട്ടികയിലാണ്‌. ഈ രാജ്യങ്ങള്‍ ചൂഷണത്തിനായും, മറ്റു പലതിനായും നടത്തിയ ഇറാക്ക് അധിനിവേശങ്ങളും അവിടുത്തെ ക്രിസ്ത്യാനികള്‍ക്ക് മരണ വാറണ്ടായി. ഇറാക്കിലെ സ്വാതന്ത്ര്യ സമരവുമായി ബന്ധപ്പെട്ട് 1914- 1933 കാലത്തെ 3ലക്ഷത്തോളം ക്രിസ്ത്യാനികളുടെ കൂട്ടകുരുതിക്ക് കാരണം ബ്രിട്ടനായിരുന്നു. മുസ്ലീം തീവൃവാദം ഇത് ചെയ്തുവെങ്കിലും ബ്രിട്ടന്റെ അധിനിവേശവും വാഴ്ച്ചയും ദുരന്തത്തിനു കാരണമായി. പ്രദേശത്തെ ക്രിസ്ത്യാനികളുടെ സുരക്ഷിതത്വത്തിനും, ജീവനും എതിരായി പാശ്ചാത്യ ബ്രിട്ടന്‍ ക്രിസ്ത്യാനികള്‍ ഇറാക്കിനെ കീഴ്പ്പെടുത്തിയതായി കാണണം. 2003മുതലുള്ള ക്രിസ്ത്യാനികളുടെ അരക്ഷിതാവസ്ഥയ്ക്ക് കാരണം അമേരിക്കയും സഖ്യകക്ഷികളും നടത്തിയ യുദ്ധങ്ങളുമായി ബന്ധപ്പെട്ട് കാണണം. ഇറാക്കിലെ ആഭ്യന്തിര കാര്യത്തില്‍ ഇത്തരത്തില്‍ മറ്റ് കത്തോലിക്കാ ഭൂരിപക്ഷരാജ്യങ്ങള്‍ ഇടപെട്ടതിനെതിരെ വിവിധ കത്തോലിക്ക സഭകള്‍ ഒന്നും ചെയ്തില്ല. കാര്യങ്ങള്‍ സമാധാനപരമായി കൈകാര്യം ചെയ്യുന്നതില്‍ വത്തിക്കാനും സഭയ്ക്കും പങ്കില്ലാതെ പോയി. ഇവിടെയെല്ലാം വത്തിക്കാനും, ആഗോള കത്തോലിക്കാ സഭയും, ഐക്യരാഷ്ട്ര സഭയുമൊക്കെ അമേരിക്കയുടേയും ബ്രിട്ടന്റേയും, സഖ്യകക്ഷികളുടേയും ഒക്കെ കാല്കീഴില്‍ ആയിരുന്നു. അങ്ങിനെ അമേരിക്കയ്ക്കും, ബ്രിട്ടനും വേണ്ടി പലപ്പോഴും ഇറാക്കിലെ ക്രിസ്ത്യാനികളെ സ്വന്തം മതം പോലും തള്ളിപറയുകയായിരുന്നു. ഇതെല്ലാം ചരിത്ര സത്യങ്ങളാണ്‌. 





കേരളത്തിലെ ക്രൈസ്തവ സഭകള്‍ക്ക് വിദേശത്തുനിന്നും സഹായങ്ങള്‍ നിര്‍ലോഭം ലഭിച്ചിട്ടുണ്ട്. അത് പണത്തിന്റെ രൂപത്തിലും പണ്ടൊക്കെ ധാന്യപ്പൊടിയുടേയും ഗോതമ്പിന്റേയുമൊക്കെ രൂപത്തിലും. വിദേശത്തുനിന്നുള്ളവരുടെയും പ്രവാസികളുടേയും പണം എന്നും കേരളത്തിലെ പള്ളികളുടെ ധന ഉറവിടത്തിന്റെ നട്ടെലാണ്‌. എന്നാല്‍ ഇറാക്കില്‍ ക്രിസ്ത്യാനികള്‍ക്ക് ഏറ്റ തിരിച്ചടികള്‍ നമ്മുടെ സഭ അറിഞ്ഞമട്ടില്ല. കുട്ടികലെ വേദപാഠം പഠിപ്പിക്കുന്നത് സഭാ ചരിത്രവും, മതത്തേപറ്റി അറിവ് നല്കാനുമാണ്‌. എന്നാല്‍ അവിടൊന്നും ഇറാക്കിലെ ക്രൈസ്തവ സഭകള്‍ അനുഭവിച്ച ചരിത്രം കാണില്ല. 13നൂറ്റാണ്ടില്‍ തുടങ്ങിയ ക്രിസ്റ്റ്യാനിറ്റിക്കെതിരായ ആക്രമണങ്ങള്‍ നമ്മുടെ സഭയുടെ പുസ്തകത്തില്‍ ഇടം പിടിച്ചിട്ടില്ല. ഇപ്പോഴും നമ്മുടെ രക്തസാക്ഷികളായ പുണ്യാളന്മാരുടെ രൂപകൂടുകളാല്‍ ആലംകൃതമാണ്‌ പള്ളികള്‍. എത്രയോ കാലമായി ഈ പുണ്യാളന്മാരെ നമ്മള്‍ കാണുന്നു... വണങ്ങുന്നു. ഇറാക്കില്‍ 13നൂറ്റാണ്ടുമുതല്‍ കൂട്ടക്കുരുതിക്കിരയായ പതിനായിരക്കണക്കിനു പുണ്യാളന്മാരെ നമ്മുടെ സഭ കാണാതെ പോവുകയാണ്‌. ഓരോ പുണ്യാളനും അതിനര്‍ഹമായ വസ്തുതകള്‍ എന്തുമാകട്ടെ... സഭ കണ്ടെത്തുന്നതാണ്‌. നമ്മുടെ പള്ളികളിലെ രൂപക്കൂടുകളില്‍ സ്ഥാപിക്കേണ്ട യഥാര്‍ഥ രൂപങ്ങള്‍ ഇറാക്കില്‍ ക്രിസ്തുവിന്റെ പേരില്‍ കൊലചെയ്യപ്പെട്ട ജനവിഭാഗത്തിന്റേതാവണം. ഇറാക്കില്‍ വിശ്വാസത്തിന്റെ പേരില്‍ ഭൂമുഖത്തുനിന്നും തുടച്ചുനീക്കിയ ജനാവലിക്കായി പള്ളികളിലെ രൂപക്കൂടുകള്‍ പൊളിച്ചുപണിയുകയാണ്‌ വേണ്ടത്. ആദിമ ക്രൈസ്തവരുടെ ത്യാഗങ്ങളും രക്തസാഷിത്വങ്ങളും പഠിപ്പിക്കുന്ന സഭ ജീവിക്കുന്ന കാലഘട്ടത്തിലെ രക്തസാക്ഷികലെ മറന്നിരിക്കുന്നു. മനുഷ്യരും, ലോകവും ഒന്നുമായി ബന്ധമൊന്നും ഇല്ലാത്ത പഴമക്കാരായ ചില പുണ്യാളന്മാരുടേയും ആദിമ ക്രിസ്ത്യാനികളുടേയും ചരിത്രത്തിനു പകരം ചുടുരക്തം ഇറ്റു വീഴുന്ന ഈ കാലഘട്ടത്തിലെ ക്രിസ്ത്യാനികളേയാണ്‌ കാണേണ്ടത്. വിദേശ ക്രിസ്ത്യാനികളുടെ സമ്പന്നതയും പണവും ധാന്യങ്ങളും വാങ്ങിക്കുന്ന കേരളത്തിലെ സഭയ്ക്ക് ഇറാക്കിലെ ക്രിസ്ത്യാനികലെ ചിന്തിക്കാനും കഴിയണം.


ക്രൈസ്തവ വിശ്വാസത്തിനും ക്രിസ്തു ഭക്തിക്കും ചരിത്രത്തില്‍ ഏറ്റ ഏറ്റവും വലിയ തിരിച്ചടി ഇറാക്കില്‍ നടന്നിരിക്കുകയാണ്‌. അവിടെ ഉന്മൂലനം ചെയ്യപ്പെട്ട ക്രിസ്ത്യാനികളാണ്‌ ക്രിസ്തുവിനായി ജീവന്‍ ബലിയര്‍പ്പിച്ചവര്‍. ക്രിസ്തുവിനും ബൈബിളിനു അവരെ രക്ഷിക്കാന്‍ ആയില്ലെങ്കിലും സഭ ആദരിക്കേണ്ട യഥാര്‍ഥ ക്രിസ്ത്യാനികള്‍ ഇവര്‍തന്നെയാണ്‌. ലക്ഷക്കണക്കിനു ക്രിസ്ത്യാനികള്‍ സിറിയയിലും ജോര്‍ദ്ദാനിലും, ഇറാക്കിന്റെ കുര്‍ദ്ദ് മേഖലയിലേക്കും പാലായനം ചെയ്തപ്പോള്‍ അവരുടെ പുനരധിവാസത്തിനായി ഒന്നും ചെയ്യാന്‍ സഭയ്ക്കായില്ല. നിര്‍ണ്ണായകമായ ഈ കാലഘട്ടത്തില്‍ കേരളത്തിലെ കത്തോലിക്കാ സഭകള്‍ പ്ലസ്ടുവിനു സീറ്റു കൂടുതല്‍ കിട്ടാനും, പുതിയ പ്ലസ്ടു സ്കൂളുകള്‍ക്കും വേണ്ടി പാഞ്ഞു നടക്കുകയായിരുന്നു. വിശ്വാസ കച്ചവടം നന്നായി നടക്കുന്ന കേരളത്തിന്റെ നനഞ്ഞമണ്ണ്‌ ആഴത്തില്‍ കുഴിക്കാന്‍ ഓടിനടക്കുന്ന കത്തോലിക്കാ സഭ എന്തുകൊണ്ട് ഇറാക്കിലെ സുവിശേഷ ദൗത്യത്തില്‍നിന്നും പിന്‍ വാങ്ങി?. വടക്കേ ഇന്ത്യയിലേക്ക് മിഷിനറിമാരെ അയക്കാനും , പണം കായ്ക്കുന്ന യൂറോപ്പിലും അമേരിക്കയിലും പാശ്ചാത്യരുടെ നാടുകളിലും മലയാള രൂപതകളും ഇടവകകളും ഉണ്ടാക്കുന്ന കേരളത്തിലെ കത്തോലിക്കാ സഭയ്ക്ക് ഇറാക്കിലേ ക്രിസ്ത്യാനികളെ കാണാന്‍ കണ്ണില്ലാതെ പോയി. കേരളത്തില്‍ ഇപ്പോള്‍ പള്ളികള്‍ക്ക് ചുറ്റും വീടുകളല്ല, വീടുകള്‍ക്ക് ചുറ്റും പള്ളികളാണ്‌. മല്‍സരിച്ച് പള്ളികള്‍ പണിയുകയും, ഷോപ്പിങ്ങ് കോപ്ലക്സുകളും, മണ്ഡപങ്ങളും, വാടക കെട്ടിടങ്ങളും, കച്ചവട സ്ഥാപനങ്ങളുമൊക്കെ പണിയുന്ന കത്തോലിക്കാ സഭയ്ക്ക് ഇറാക്കിലെ കത്തോലിക്കരുമായി എന്തു ബന്ധം?..ആനന്ദലബ്ദിയിലും സുഖലോലുപതയിലും, ആഢംബര വാഹനങ്ങളിലും അരമനകളിലും വാഴുന്നവരേ.... നിങ്ങളുടെ കര്‍ത്താവില്‍ വിശ്വസിച്ച കുറ്റത്തിനു ഭൂമുഖത്തുനിന്നും തുടച്ചുനീക്കുന്ന ജനത്തേപറ്റി അറിഞ്ഞിരിക്കണം. ഏതൊരു സ്ഥാപനത്തേയും കടത്തിവെട്ടുന്ന ഭൂസ്വത്തിനും സമ്പന്നതയ്ക്കും മുകളില്‍ സാമ്രാജ്യങ്ങള്‍ തീര്‍ത്ത് കഴിയുന്ന കേരളത്തിലെ സഭയ്ക്ക് ലോകത്ത് വേട്ടയാടപ്പെട്ട കത്തോലിക്കര്‍ക്ക് ധനം കൊടുക്കാനും ദാനം ചെയ്യാനും കഴിയണം. വിശ്വാസികളെ പങ്കുവയ്ക്കാന്‍ പഠിപ്പിച്ചാല്‍ മാത്രം പോരാ, സഭാ പിതാക്കന്മാര്‍ അത് പ്രാവര്‍ത്തികമാക്കണം.
ഇറാക്കിലെ ക്രിസ്ത്യാനികളെ പ്രാര്‍ഥനയില്‍ സ്മരിക്കണം എന്നു പള്ളികളില്‍ പറഞ്ഞാല്‍ അതു ഭൂലോക വിഢിത്തരമായിരിക്കും. അത് ജനത്തിന്റേയും വിശ്വാസികളുടേയും കണ്ണുമൂടികെട്ടാനാണ്‌. സഭയുടെയും പിതാക്കന്മാരുടേയും, പട്ടക്കാരുടേയും കാര്യം വരുമ്പോള്‍ വിശ്വാസികളില്‍നിന്നും പണം വാങ്ങുകയും, പിരിവ് നടത്തുകയും തങ്ങള്‍ ചെയ്യേണ്ട ബാധ്യതകള്‍ വരുമ്പോള്‍ പ്രാര്‍ഥനയില്‍ ഒതുക്കുകയും ചെയ്യുന്നത് കാപട്യമാണ്‌. അന്തരിച്ച ബിഷപ്പ് പൗലോസ് മാര്‍ പൗലോസ് പറഞ്ഞപോലെ വിശക്കുന്നവന്‌ ബൈബിളല്ല വേണ്ടത്, ഭക്ഷണമാണ്‌. യാതനകള്‍ അനുഭവിക്കുന്നവരുടെ അടുത്ത് പോയി പ്രാര്‍ഥിച്ചിട്ടും, ബൈബിള്‍ പറഞ്ഞിട്ടും എന്തു പ്രയോജനം?. അവര്‍ക്ക് വേണ്ടത് ഭക്ഷണവും, നാണയവും, മരുന്നും, വസ്ത്രവുമാണെങ്കില്‍ അതു കൊടുക്കണം. അതറിയാമായിട്ടും ഇറാക്കിലെ ജനങ്ങള്‍ക്കായി പ്രാര്‍ഥന നടത്തുന്നതിലെ കാപട്യം തിരിച്ചറിയണം. ബൈബിളിനും, പ്രാര്‍ഥനയ്ക്കും വസ്ത്രവും ഭക്ഷണവും മരുന്നും നാണയ തുട്ടുകളും എത്തിക്കാന്‍ ശേഷിയില്ല. അര്‍ഹിക്കുന്നവര്‍ക്ക് വേണ്ടത് കൊടുക്കണം. അതിനു ശേഷിയുള്ളവര്‍ അതു ചെയ്യുകയും വേണം. നല്ല ബിസിനസുകാരും കച്ചവടക്കാരും ആയി ലോകത്തേ നന്നാക്കാനും, ക്രിസ്ത്യാനികളെ സഹായിക്കാനും വിചാരിക്കരുത് സഭ. ലോകത്തില്‍ ഏറ്റവുമധികം വിശ്വാസികള്‍ ഉള്ള മതം ക്രിസ്തുമതമാണ്‌. ഈ വിശ്വാസികളുടെ പേഴ്സുകളിലെ ഒരു റൊട്ടികഷണത്തിനു പോലും തികയാത്ത തഴയപ്പെട്ടുകിടക്കുന്ന ചെറുനാണയങ്ങള്‍ മാത്രം ശേഖരിച്ചാല്‍ ഇറാക്കിലെ ക്രിസ്ത്യാനികലെ പുനരധിവസിപ്പിക്കാമായിരുന്നു. ഉന്മൂലനത്തില്‍ നിന്നും രക്ഷിക്കാമായിരുന്നു. അതു ചെയ്യാന്‍ ആരും ഉണ്ടായില്ല. നേതൃത്വം നല്കാന്‍ പട്ടക്കാരും പള്ളികളും ഉണ്ടായില്ല. അതിനു പകരം വിശ്വാസികളുടെ പോകറ്റിലെ മുന്തിയ കടലാസ് നോട്ടുകള്‍ അതാത് പള്ളികളില്‍ ദൈവത്തിന്റെ നാമത്തില്‍ പിടിച്ചുപറിച്ചുവാങ്ങുകയും ചെയ്യുകയാണ്‌ നമ്മുടെ ക്രൈസ്തവ സഭകള്‍.
ഇപ്പോള്‍ ഒരു കാര്യം ബോധ്യമാവുകയാണ്‌. കസ്തൂരി രംഗന്‍ വിഷയത്തില്‍ സമരം നടത്തിയ സഭ അത് വിശ്വാസികള്‍ക്കായിരുന്നുവെന്നാണ്‌ പറഞ്ഞിരുന്നത്. എന്നാല്‍ ഈ സ്നേഹം കൂട്ടകുരുതിക്ക് വിധേയരായ സ്വന്തം കുഞ്ഞാടുകളോട് കാണിക്കാതെ പോയതിന്റെ പൊരുള്‍ എന്താകും?. എന്തായാലും ഇനിയും എന്തിനധികം എഴുതുന്നു...സഭാപിതാക്കന്മാര്‍ക്ക് എന്തുമാകാം അതാണ്‌ കത്തോലിക്ക സഭ. നമ്മള്‍ പണിയും പള്ളികളും, കപ്പേളകളും നമ്മുടേതല്ല ചങ്ങാതികളേ!

സ്നേഹിതരേ...പണിതീരുവോളം നമ്മുടേത്. പണികഴിഞ്ഞാല്‍ ആധാരവും രേഖയും, പട്ടയവുമെല്ലാ ചൂണ്ടിക്കാട്ടി ബിഷപ്പിന്റെ പേരിലും. ഇതൊക്കെയാണ്‌ സഭയുടെ എല്ലാ കാര്യത്തിലുമുള്ള ജനപങ്കാളിത്വത്തിന്റെ കാതല്‍. ഇതൊക്കെയാണ്‌ ഈ സഭയിലേ സമ്പത്തിലും ധനത്തിലുമുള്ള വിശ്വാസികളുടെ സ്ഥാനം.
അതിനാല്‍തന്നെ നൂറ്റാണ്ടുകള്‍ പഴക്കമുള്ള കത്തോലിക്കാസഭയുടെ ഇരുമ്പുലക്കപോലുള്ള നിലപാടുകളില്‍ അല്ഭുതങ്ങള്‍ ഉണ്ടാകത്തില്ല. ഇറാക്കിലല്ല, ലോകത്തെവിടെയാണേലും ക്രിസ്ത്യാനികള്‍ എന്തു അനുഭവിച്ചാല്‍ ഞങ്ങള്‍ക്കെന്ത്?....യൂറോപ്പിലും, അമേരിക്കയിലും, വിദേശത്തും പണം പിടുങ്ങാനും പള്ളിപണിയാനും ഇടവകയുണ്ടാക്കാനും, രൂപതയുണ്ടാക്കാനും കേരള കത്തോലിക്കാ സഭയെ ക്ഷണിച്ചാല്‍ മാത്രമേ ഇവര്‍ മിഷിനറിപ്രവര്‍ത്തനം കടലിനക്കരെ നടത്തൂ. വിശ്വാസികള്‍ക്കിടയില്‍ പോലുംഇറാക്കിലെ ക്രിസ്ത്യാനികള്‍ക്കെതിരെ നടന്ന വംശഹത്യയുമായി ബന്ധപ്പെട്ട് പറഞ്ഞുകൊടുക്കാന്‍ സഭയ്ക്ക് താല്പര്യമില്ല. മുറിവുണങ്ങാത്ത ഈ ചരിത്ര സാക്ഷ്യങ്ങള്‍ ഇല്ലാത്ത എന്തു മതപഠനവും വേദപാഠവുമാണ്‌ ക്രിസ്ത്യാനിമക്കളില്‍ നിങ്ങള്‍ നടത്തുന്നത്?. ഇറാക്കിലേ ക്രിസ്ത്യാനികള്‍ കുറച്ചു കാശും, സ്വര്‍ണ്ണവും വയ്ച്ച് മാടിവിളിച്ചാല്‍ കേരളത്തിലെ സഭാ പിതാക്കന്മാര്‍ അങ്ങോ‍ട്ട് യാത്ര നടത്താന്‍ വിമാനത്താവളത്തില്‍ ക്യൂ നില്ക്കുമായിരുന്നു. അതായത് പണത്തിലും ലോക വസ്തുക്കളിലും, സ്ഥാനമാനങ്ങളിലും അഭിരമിക്കുകയും ഇഴുകിചേരുകയും ചെയ്ത വിശ്വാസമാണ്‌ കേരള കത്തോലിക്കാസഭയുടെ അകത്തളങ്ങളില്‍. യഥാര്‍ഥ ഭക്തിയും ബൈബിളും ക്രിസ്തുവും ക്രിസ്ത്യാനിയും അവരില്‍നിന്നും അകലത്താണ്‌.


4 comments:

  1. ഈയവസരത്തിൽ എന്തെഴുതിയാലും അസ്ഥാനത്താണ്. ഇവിടെ ഇടതും വലതും ഒന്നുമല്ല പ്രശ്നം. സങ്കുചിതത്വവും താൻപോരിമയുമാണ്. മതത്തിന്റെ പേരിൽ ആര് ആരെ ഉപദ്രവിച്ചാലും അത് മതത്തിനെതിരാണ് എന്നറിയാനുള്ള വിവേകം ഓരോ മതവും പഠിപ്പിക്കാത്തതാണ് കാരണം. അതുപോലെ തന്നെ സ്നേഹവും സഹായവുമെല്ലാം സ്വന്തം സമുദായത്തിലേയ്ക്ക് ചുരുങ്ങുമ്പോൾ അത് സ്നേഹമാല്ലാതാകുന്നു എന്ന സത്യവും ഇന്ന് ഒരു മതവും പഠിപ്പിക്കുന്നില്ല.

    രക്തസാക്ഷികളെപ്പറ്റി പറഞ്ഞാൽ, അവരുണ്ടാകുന്നത് തന്നെ മതം ജീർണിക്കുമ്പോഴാണ്. അന്യമതസ്ഥരെ കൊല്ലാൻ മാത്രം അജ്ഞത ഏതെങ്കിലും മതത്തിലെ അന്ധവിശ്വാസികൾക്ക് ഉണ്ടായാൽ ഉപദ്രവിക്കപ്പെടുന്നവർ അതനുസരിച്ച് കൂടുതൽ വിവേകമതികളായിത്തീരണം. അതായത്, ജീവരക്ഷക്കായി കയ്യൂക്കുള്ള മതത്തിലേയ്ക്ക് അങ്ങ് ചേർന്നേക്കണം. കാരണം ലളിതമാണ്. ഏതു മതവും ദൈവത്തിലെയ്ക്ക് നയിക്കുന്ന ഒരു വഴി മാത്രമാണ്. ജീവിചിരിക്കുപോഴാണ് അതിന്റെയാവശ്യം മരിക്കുമ്പോഴും മരിച്ചുകഴിഞ്ഞും അതിനു വിലയില്ല. അപ്പോൾ ഒരു മതത്തിന്റെ പേരിൽ മരിക്കുക എന്നത് അർഥശൂന്യമാണ്. ജീവിക്കുക എന്നതാണ് ഓരോ മനുഷ്യന്റെയും ആദ്യത്തെ ആവശ്യം. ദൈവം ആവശ്യപ്പെടുന്നതും അതുതന്നെ. ഒരു നേതാവിന്റെയോ ഒരു തരം മതചിന്തയുടെയോ പേരിൽ ജീവൻ ഹോമിക്കുന്നതിൽ എന്താണർഥമുള്ളത്? തന്റെ മതത്തിന്റെ സ്ഥാപകൻ ദൈവമാണെന്ന തെറ്റായ വിചാരമാണ് അദ്ദേഹത്തിനായി ജീവൻ ഹോമിക്കാൻ അനുയായികളെ പ്രേരിപ്പിക്കുന്നത്. ഒരു ദൈവവും അത് ആഗ്രഹിക്കുകയില്ല. അപ്പോൾ അങ്ങനെയൊരു ചിന്ത ജനത്തിനുണ്ടാക്കുന്നത്‌ താത്ക്കാലിക നേട്ടങ്ങൾക്കായി അവരെ ഉപയോഗിക്കുന്ന നേതാക്കളാണ്. അത്തരം നേതാക്കൾക്കായി മരിച്ചുവീഴുന്നതിലും എത്രയോ അഭികാമ്യമാണ് മറ്റൊരു മതത്തിലേയ്ക്ക് കാലുമാറുന്നത്. കാരണം, ദൈവമാണ്, ഏതെങ്കിലും നേതാവല്ല, മതത്തിന്റെ പിന്നിലുണ്ടാകേണ്ട കരുത്ത്. അങ്ങനെ വരുമ്പോൾ, ഈ പീഡനങ്ങളും മരണങ്ങളുമെല്ലാം അറിവില്ലായ്മയിൽ നിന്നുണ്ടാകുന്ന അനിഷ്ടസംഭവങ്ങൾ മാത്രമാണ്.

    നമ്മുടെ പോപ്പിന് വേണ്ടത്ര വിവരമുണ്ടായിരുന്നെങ്കിൽ ഞെരുക്കം തുടങ്ങിയപ്പോഴേ ഇറാക്കിലെ കത്തോലിക്കരോട് പറയാമായിരുന്നു നിങ്ങൾ മുസ്ലിങ്ങൾ ആയിക്കൊള്ളുക. അവരുടെ ദൈവം തന്നെയാണ് നമ്മുടെ ദൈവവും. എന്നാൽ അദ്ദേഹമത് പറഞ്ഞാലും അതിനപ്പുറം പിടിവാശിയുള്ള സമാന്തര പോപ്പുമാരാണല്ലോ ഓരോ സ്ഥലത്തും വിശ്വാസികളെ അടിമത്തത്തിൽ വയ്ക്കുന്നതും നയിക്കുന്നതും അവരെക്കൊണ്ടു ഓരോന്ന് ചെയ്യിക്കുന്നതും. ഇന്ന് ഇന്ത്യയിൽ അല്ലെങ്കിൽ കേരളത്തിൽ ഒരു മതമർദനമുണ്ടായാൽ, ഒന്നും നോക്കേണ്ട, നിങ്ങൾ നിങ്ങളുടെ മർദകരുടെ മതം സ്വീകരിച്ചോളൂ എന്ന് പറഞ്ഞു മനുഷ്യരെ രക്ഷിക്കാൻ ധൈര്യമുള്ള എത്ര മെത്രാന്മാർ കാണും? ഒരാളും കാണില്ല, എന്തെന്നാൽ അവരെല്ലാം തീവ്രവാദികളാണ്. അവർക്കുവേണ്ടി മരിക്കുന്ന അനുയായികളെയാണ് അവർ വളർത്തിക്കൊണ്ടിരിക്കുന്നത്. ദൈവമല്ല, അവരുടെ സ്വന്തം വയറും പെരുമയും അവരോടൊത്തു നില്ക്കുന്ന ജനക്കൂട്ടത്തിന്റെ അട്ടഹാസങ്ങളുമാണ് അവരുടെ ഉത്തേജനം, അവരുടെ മതത്തിന്റെ മർമം. അവയ്ക്കുവേണ്ടി മരിക്കാനാണ് വിശ്വാസികൾ തയ്യാറായി നില്ക്കേണ്ടത്. അപ്പോൾ ഇവിടെയും "തങ്ങളുടെ പരിശുദ്ധമായ വിശ്വാസത്തിനും തങ്ങളുടെ ദൈവത്തിന്റെ പ്രീതിക്കുമായി" ലക്ഷങ്ങൾ മരിച്ചുവീഴും. 'മതത്തിനുവേണ്ടി ലക്ഷക്കണക്കിന്‌ രക്തസാക്ഷികൾ' എന്ന് കത്തോലിക്കാമതം ചരിത്രമെഴുതും. എന്നാൽ ഇത്രയേറെ വിഡ്ഢികൾ ചത്തത് ഏതാനും ചില വിഡ്ഢികൾക്കു വേണ്ടി മാത്രമായിരിക്കും എന്നത് ആരും പറയില്ല. പാഴായിപ്പോകുന്ന മരണത്തിനു മുമ്പിൽ ഒരു മതത്തിനും പ്രസതിയില്ല എന്നത് ആരും അംഗീകരിക്കുകയില്ല. ദൈവമഹത്വം എന്ന ഒരു പാഴ് വാക്കിൽ എല്ലാം ഒതുക്കും.

    അടുത്ത ഭാഗം കാണുക.

    ReplyDelete
  2. തുടർച്ച:
    ഇറാക്കിൽ സംഘട്ടനം ഉണ്ടായപ്പോഴേ മർദ്ദിക്കുന്നവരോടും മർദ്ദിതരോടും ഒരുപോലെ സഹാനുഭൂതി കാണിക്കുക എന്നതായിരുന്നു എല്ലായിടത്തുമുള്ള ക്രിസ്ത്യാനികളും അവരുടെ നേതാക്കളും ചെയ്യേണ്ടിയിരുന്നത്. എവിടെയും എപ്പോഴും അതാണ്‌ ചെയ്യേണ്ടത്. മനുഷ്യർ ഇതു ഗ്രൂപപ്പിൽ പെടുന്നവരായാലും, സ്നേഹത്തിന്റെയും പരിഗണനയുടെയും പരിധിയിൽ വരണം. വെറുപ്പിനെ വെറുപ്പുകൊണ്ട്‌ ജയിക്കാൻ ഒരു നാളും സാദ്ധ്യമല്ല എന്ന യേശുവചനം മനസ്സിലാക്കാത്ത ക്രിസ്ത്യാനികൾ ആണ് ഭൂരിപക്ഷം എന്നതുകൊണ്ടാണ് ഇത്രയും ക്രൂരത ലോകത്ത് ഇന്നും നടമാടുന്നത്. അമേരിക്കയിലും യൂറോപ്പിലും ഇന്ത്യയിലുമൊന്നും ഇതിനൊരു മാറ്റം ഉണ്ടാകുന്നില്ല. എല്ലാ ക്രൂരമരണങ്ങൾക്കും പിന്നിൽ ഉള്ള ഒരേയൊരു കാരണം ഇതാണ്. ഒരു മതത്തിന്റെ അന്ധമായ തീവ്രത മറ്റു മതങ്ങളിൽ കൂടുതൽ തീവ്രവാദികളെ ജനിപ്പിച്ചുകൊണ്ടിരിക്കുന്നു എന്നതുതന്നെ മതം മനുഷ്യനെ മയക്കുന്ന കറുപ്പാണ് എന്നതിന് തെളിവാണ്.

    മതങ്ങളിലെല്ലാം ഉള്പ്പെടുന്നത് മയക്കത്തിൽ ജീവിക്കുന്നവരാണ്. ഉണർന്നിരിക്കുന്നവർ ഉണ്ടായിരുന്നെങ്കിൽ ഇത്രയധികം ദുർമരണങ്ങൾ പ്രവർത്തിക്കുന്നത് സ്വന്തം സഹോദരവിശ്വാസികൾ ക്രൂശിക്കപ്പെടുമ്പോൾ മാത്രമായിരിക്കില്ല, മറിച്ച്, എവിടെ നിരാശ്രയർ പീഡിപ്പിക്കപ്പെടുമ്പോഴും അവർ തങ്ങളുടെ സഹായഹസ്തം നീട്ടികൊണ്ടിരിക്കും. അങ്ങനെ മാത്രമേ തീവ്രവാദം തോല്പ്പിക്കപ്പെടുകയുള്ളൂ. അങ്ങനെ ഉണർന്നി രിക്കുന്നവർ ക്രിസ്തുമാതങ്ങളിൽ പോലും എത്ര വിരളമാണ് എന്നത് ദയനീയമാണ്.

    നമ്മുടെ മതനേതാക്കൾ ഒന്നാന്തരം മയക്കത്തിലാണ്. അവർ ഉണരുന്നത് പണക്കിഴി കിലുക്കുമ്പോൾ ഉണ്ടാകുന്ന കിണികിണി സ്വരം കേൾക്കുമ്പോൾ മാത്രമാണ്.

    Tel. 9961544169 / 04822271922 / 0041622165912

    ReplyDelete
  3. തിരുത്ത്: മതങ്ങളിലെല്ലാം ഉള്പ്പെടുന്നത് മയക്കത്തിൽ ജീവിക്കുന്നവരാണ്. ഉണർന്നിരിക്കുന്നവർ അധികം പേർ ഉണ്ടായിരുന്നെങ്കിൽ ഇത്രയധികം ദുർമരണങ്ങൾ സംഭവിക്കില്ലായിരുന്നു. കാരണം, അവരുടെ പ്രതിരോധം പ്രവർത്തിക്കുന്നത് സ്വന്തം സഹോദരവിശ്വാസികൾ ക്രൂശിക്കപ്പെടുമ്പോൾ മാത്രമായിരിക്കില്ല, മറിച്ച്, എവിടെ നിരാശ്രയർ പീഡിപ്പിക്കപ്പെടുമ്പോഴും അവർ തങ്ങളുടെ സഹായഹസ്തം നീട്ടികൊണ്ടിരിക്കും. അങ്ങനെ മാത്രമേ തീവ്രവാദം തോല്പ്പിക്കപ്പെടുകയുള്ളൂ. അങ്ങനെ ഉണർന്നി രിക്കുന്നവർ ക്രിസ്തുമാതങ്ങളിൽ പോലും എത്ര വിരളമാണ് എന്നത് ദയനീയമാണ്.

    Thomas Abraham wrote this reply:

    Dear Zach Chetta,
    All religions from that israel, arabian areas are like that. Their God is benevolent and mercyful only to His followers.He is egoistic and teaches through his messengers that those who follow him only will be saved and get Heaven and others go to hell.
    Their Heaven grants everything which are not available to the common masses. You worship Him and obey us the rulers who are selected by Him, you will get heaven.

    There is no personal truth seeking in those religions unlike the Orient, except for the Essenes and Therapuets and Zorastrians.
    When you study in the religious schools only where you are taught that all other religions are satanic and advised never to read any other books other than the holy book and you are taught that if u kill one heathen your place in the Heaven, which has all pleasures and is highly erotic, is assured, you always prefer such a path other than meditation for a long time, self purification, penance etc.

    Let us wish for change of the mindset of the religious terrorists of different religions.

    thanks
    Thomas

    ReplyDelete
  4. കര്‍ത്താവേ... ഇവര്‍ ഇടത്തോ വലത്തോ?....കൊള്ളാം...! സെബതിയുടെ ഭാര്യക്കായിരുന്നു മക്കളെ രണ്ടിനേയും ദൈവത്തിന്റെ ഇടതുംവലതും ഇരുത്തി ,കുടികിടപ്പവകാശം നേടാന്‍ മോഹം ! പക്ഷെ കര്‍ത്താവാസീന്‍ ബുദ്ധിയായി കൈകാര്യം ചെയ്തു !"ഓംനി പ്രസന്റ്" "എല്ലായിടവും ഒരുപോലെ എന്നും നിലനില്‍ക്കുന്ന ഏക സത്ത" അതാണ്‌ ദൈവമെന്നിരിക്കെ ; അവന്റെ ഇടവും വലതും വേര്‍തിരിച്ചു അതിരിട്ടു വേലികെട്ടിയ കലികാലപുരോഹിതന്റെ കുബുദ്ധി അപാരം എന്നോര്‍ത്തിരുന്നപ്പോള്‍ ദാണ്ട്‌ വീണ്ടും വന്നിരിക്കുന്നാവിഷയം ! പക്ഷെ ഇത് കാര്യം നിസാരമല്ല ! ദൈവത്തിന്‍റെ വലതുഭാഗത്ത്‌ കുടികിടപ്പവകാശം നേടാന്‍ നേരരിയാത്ത പുരോഹിതന്റെ വാക്കുകേട്ട്, കോഴിയുടെ തല അറുക്കുന്ന ലാഖവത്തോടെ മനുഷ്യനെ കഴുത്തറത്തു കൊല്ലുന്ന മതാന്ധത ! ഹോ!ആരാണിവരുടെ ദൈവം ? പുരോഹിതാ ഏതുവേദശാസ്ത്രമാണിത്?
    "ഈശാവാസമിതം സര്‍വം"എന്ന ഭാരതീയ ദൈവമല്ല,വേദവുമല്ല !
    "ലോകാ സമസ്താ സുഖിനോഭവന്തൂ " എന്ന പ്രാര്‍ഥനാമന്ത്രം ഉരുവിടുന്ന ഭാരതീയനുമല്ല ! "എന്റെ ദൈവം ജീവനുള്ള ദൈവം , ജീവനുള്ള ദൈവത്തിന്റെ പേരില്‍ ആരുടേയും ജീവനെടുക്കാം" എന്ന് ലോകത്തോടു ഒന്നമാതായി ഓതിയ കത്തോലിക്കാസഭയുടെ ദൈവവുമായി രക്തബന്ധം ഉള്ള മറ്റൊരു ദൈവം ! യാഹൂദന്റെ ദൈവം!!! , ആ ദൈവത്തിന്‍റെ (യഹോവയുടെ)അവകാശാധീനതയിലാണിന്നു ലോകം! ഇത് മാറണം ...മാറണമെങ്കില്‍ ,"ഈശാവാസമിതം സര്‍വം"എന്ന ഭാരതീയ സനാതന മതം ലോകമെമ്പാടും പരക്കണം! അധികം താമസമില്ലതിനു നിശ്ചയം !"ലോകാ സമസ്താ സുഖിനോഭവന്തൂ " എന്ന് മാനവകുലമാകെ മൌനത്തിലാഴ്ന്നു ഉള്ളിന്റെയുള്ളില്‍ ജപിക്കുന്നകാലം അതിവിദൂരമല്ല സത്യം ...നമുക്കതുവരയും കാത്തിരിക്കാം .."കണ്ടൂ കണ്ടില്ല" എന്നമട്ടില്‍............

    ReplyDelete