മദ്യനിരോധനസംവാദം കൊടുമ്പിരി കൊണ്ടിരിക്കുന്ന ഈ അവസരത്തിൽ സീറോ മലബാർ കത്തോലിക്കാ സഭാധ്യക്ഷൻ
മാർ ജോർജ് ആലഞ്ചേരി "മദ്യവർജനമായിരുന്നു എക്കാലത്തെയും സഭയുടെ വീക്ഷണം" എന്ന്
പ്രസ്താവിക്കുകയുണ്ടായി. ഈ പ്രസ്താവന ശരിയോയെന്ന് ചരിത്രപരമായി അന്വേഷിക്കേണ്ടതായിട്ടുണ്ട്.
കുറെ ദിവസങ്ങൾക്കുമുമ്പ് മാതൃഭൂമി റിപ്പോർട്ടുചെയ്തത് ഇപ്രകാരമാണ്: വിശുദ്ധ
കുർബാനയുടെ ഭാഗമായാണ് ലോകമെമ്പാടും വീഞ്ഞ് ഉപയോഗിക്കുന്നത്. അതിനുപകരം മറ്റെന്തെങ്കിലും ഉപയോഗിക്കുന്നത് യേശുദേവൻറെ കല്പനയ്ക്ക്
വിരുദ്ധമാകും എന്നതാണ് ലോകമെങ്ങുമുള്ള സഭയുടെ നിലപാട്. ഇതേ നിലപാട് തന്നെയാണ് കേരളത്തിലെ
സഭാ നേതൃത്വവും കൈക്കൊള്ളുന്നതെന്ന് കർദിനാൾ പറഞ്ഞു. അതിനു മറുപടിയായി അഡ്വ. വിൻസ്
മാത്യുവിൻറെ മാർ ആലഞ്ചേരിക്കുളള തുറന്ന കത്തുവായിക്കാൻ
ഇവിടെ ക്ലിക്ക് ചെയ്യുക: http://www.almayasabdam.blogspot.com/2014/09/blog-post_92.html
വീഞ്ഞ് മദ്യമായതിനാൽ ഈ രണ്ട് പ്രസ്താവനകളുംതമ്മിൽ പൊരുത്തമില്ലന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ.
ഉമ്മൻ ചാണ്ടി ഭരണകൂടത്തിന് അടിയന്തിരമായി ചെയ്യേണ്ട പല കാര്യങ്ങളും ഉണ്ടായിരുന്നിട്ടും
മദ്യനിരോധനം എന്ന രോധനവുമായി രംഗത്തിറങ്ങിയിരിക്കുന്നതിൻറെ ഒരു കാരണം സഭാ നേതൃത്വമാണ്.
പള്ളി മേലധികാരികൾക്കാണ് മദ്യനിരോധനകാര്യത്തിൽ ഒട്ടും ഇരിക്കപ്പൊറുതി ഇല്ലാതിരിക്കുന്നത്.
കാര്യത്തോടടുത്തപ്പോൾ സഭാനേതൃത്വം വിഭിന്നങ്ങളായ അഭിപ്രായങ്ങൾ പുറപ്പെടുവിച്ച് രണ്ടു
തോണിയിലും കാലുകുത്തുകയുമാണ്.
മെത്രാന്മാരുടെ മദ്യവൈരാഗ്യത്തിൻറെ ഉറവിടം എവിടെന്നും എന്തെന്നും ഒരു സാധാരണ
വിശ്വാസിക്ക് മനസിലാക്കാൻ സാധിക്കയില്ല. മദ്യം കഴിക്കുന്നത് കത്തോലിക്കാ വിശ്വാസമനുസരിച്ച്
തെറ്റല്ല. മദ്യം കഴിക്കുന്നത് പാപമാണന്ന് മെത്രാന്മാർ ആയിരംപ്രാവശ്യം പറഞ്ഞാലും വിശ്വാസികൾ
അത് ശ്രവിക്കാൻ പോകുന്നില്ല. കാരണം മെത്രാന്മാരും വൈദികരും കരപ്രമാണികളുമെല്ലാം മദ്യം
ഉപയോഗിക്കുന്നവരാണ്. തന്നെയുമല്ല, യേശുവിന് മദ്യമായ വീഞ്ഞ് ആകാമെങ്കിൽ എനിക്കുമാകാം
മദ്യം എന്ന് ഒരു വിശ്വാസി തീരുമാനിച്ചാൽ നമുക്കയാളെ കുറ്റം പറയാൻ സാധിക്കില്ലല്ലോ.
മത്താ. 11: 19; ലൂക്കോ. 7: 34 കാണുക. യേശു കാനായിലെ കല്ല്യാണത്തിന് നല്ല വീര്യമുള്ള
വീഞ്ഞ് ഉണ്ടാക്കി (ജോണ്. 2: 9-10). പെസഹാ ആചരണത്തിനും യേശു വീഞ്ഞാണ് ഉപയോഗിച്ചത് (മത്താ. 26: 26-29; മാർക്കോ. 14: 22-25; ലൂക്കോ. 22 :
14-20).
ക്രിസ്തുമതം യഹൂദമതത്തിൻറെ പിന്തുടർച്ചയാണ്. യേശു ഒരു യഹൂദനാണ്. യഹൂദ മതാചാരത്തെ
ആദരിച്ചിരുന്ന ആളാണ് യേശു. യഹൂദ മത മേധാവികളെയാണ് യേശു വെല്ലുവിളിച്ചത്. വീഞ്ഞ് ദേവന്മാരെയും
മനുഷ്യരെയും ആഹ്ലാദിപ്പിക്കുന്നെന്നാണ് പഴയനിയമത്തിൽ പറയുന്നത് (ന്യായാ. 9: 13). സങ്കീർത്തകൻ
പാടുന്നത് മനുഷ്യഹൃദയത്തെ ആമോദിപ്പിക്കാൻ വീഞ്ഞ് എന്നാണ് ( സങ്കീ. 104: 15 ). നോഹ്,
ലോത്, ഇസഹാക്ക്, ഏശാവ് തുടങ്ങിയ പഴയനിയമ വീരന്മാരെല്ലാം അമിതമായി വീഞ്ഞ് കുടിക്കുന്നവരായിരുന്നു.
കർത്താവായ ദൈവത്തിനുള്ള ബലിയർപ്പണത്തിന് പുരോഹിതൻ വീഞ്ഞ് ഉപയോഗിച്ചിരുന്നന്ന് പുറപ്പാടിൽ
നാം വായിക്കുന്നുണ്ട്. മദ്യമായ വീഞ്ഞിനെപ്പറ്റി നന്മയും തിന്മയുമായി അനേക പ്രാവശ്യം
പഴയനിയമത്തിൽ പ്രതിപാദിക്കുന്നുണ്ട്.
യഹൂദമതവും ക്രിസ്തുമതവും ഹൈന്ദവമതവും മിതമായി മദ്യം ഉപയോഗിക്കുന്നതിന് എതിരല്ല.
ഇസ്ലാം ലഹരി ഉപയോഗത്തെ നിരോധിച്ചിരിക്കുന്നു.
യഹൂദമതജീവിതത്തിലെ പ്രധാന ഘടകമാണ് വീഞ്ഞ്. കിദുഷ് (kiddush), ഹവ്ദള്ള
(havdallah), പിദ്യോൻ ഹാബെൻ (Pidyon Haben) തുടങ്ങിയ ആഘോഷങ്ങൾക്ക് വീഞ്ഞ് ഉപയോഗിക്കും.
അതുപോലെ പെസഹായിക്കും വീഞ്ഞ് പ്രധാനമാണ്. യേശു ശിഷ്യരോടൊപ്പം പെസഹാ ആചരിച്ചപ്പോൾ യഹൂദ പാരമ്പര്യപ്രകാരം പാനപാത്രത്തിൽ
വീഞ്ഞായിരുന്നു ഉപയോഗിച്ചത്. മദ്യം കഴിച്ചശേഷം പുരോഹിതർ സിനഗോഗിൽ പ്രവേശിക്കുന്നതിനെ
മുടക്കിയിരിക്കുന്നു. മദ്യപിച്ച പുരോഹിതൻ സമൂഹത്തെ ആശീർവദിക്കുകയുമില്ല.
ക്രിസ്ത്യാനികളിൽ ചിലർ മദ്യം കഴിക്കുന്നില്ലങ്കിൽ അതിനു കാരണം സാമൂഹ്യ വിലക്കാണ്;
വേദപുസ്തകാടിസ്ഥാനത്തിലല്ല. വീഞ്ഞും ബീയറുമെല്ലാം ദൈവം നമ്മെ സ്നേഹിക്കുന്നു എന്നതിന്
തെളിവാണന്ന് ധാരാളം നല്ല ക്രിസ്ത്യാനികൾ വിശ്വസിക്കുന്നു. ഒരു ക്രിസ്ത്യാനിക്ക് യേശുവിൽ
മദ്യം കഴിക്കാനുള്ള സ്വാതന്ത്ര്യം ഉണ്ടെന്നിരുന്നാലും
യേശുവിൽ അവന് ഉത്തരവാദിത്വവും ഉണ്ട്. അതുകൊണ്ട് മദ്യം പൂർണ്ണമായി നിരോധിക്കുന്നത് ക്രിസ്തീയമല്ല.
അനാദികാലംതൊട്ടേ മദ്യപാനം നിലവിലുണ്ടായിരുന്നു. അതിനു കാരണം മദ്യം ഉല്ലാസത്തിൻറെയും
ലഹരിയുടെയും ഉറവിടമാണ്. ഹൈന്ദവമതം ഒരു പരമ്പരാഗത ആത്മീയതയാണ്. ആ മതം വിശ്വാസപ്രമാണത്തിൽ
വേരൂന്നി നില്ക്കുന്ന ഒന്നല്ല. ധർമമാണു പ്രധാനം. അപ്പോൾ ഒരു ഹൈന്ദവന് മദ്യത്തിൻറെ ഉപയോഗം
അയാളുടെ ധർമകർമാദികളെ ആശ്രയിച്ചിരിക്കും. അയൂർവേദത്തിൽ മദ്യം ലായകമായി ഉപയോഗിക്കുന്നുണ്ട്.
ചില ഹിന്ദു സന്ന്യാസിമാർ ലഹരി ഉപയോഗിക്കുകയില്ലന്ന് വ്രതം ചെയ്യുമെങ്കിലും ഹൈന്ദവമതം
ഒരു കാലത്തും മദ്യം ഉപയോഗിക്കുന്നതിനെ വിലക്കിയിട്ടില്ല.
വെറുപ്പുണ്ടാക്കുന്ന സാത്താൻറെ കരകൌശലമാണ് മദ്യമെന്ന് ഖുറാൻ പറയുന്നു. തലയ്ക്കു മത്തുപിടിച്ചവന് ദൈവ ചിന്തകൾ നഷ്ടപ്പെടുമെന്നും പ്രാർഥിക്കാൻ മറന്നുപോകുമെന്നുമാണ്
മദ്യത്തെപ്പറ്റിയുള്ള ഇസ്ലാം മതത്തിൻറെ വ്യാഖ്യാനം. മദ്യം അമിതമായി ഉപയോഗിക്കുന്നത്
ശരിയല്ലെങ്കിൽ ചെറിയ അളവിൽ ഉപയോഗിക്കുന്നതും ശരിയല്ലെന്നാണ് മുഹമ്മദ് പ്രവാചകൻറെ ബോധനം.
യേശു കാനായിലെ കല്ല്യാണത്തിന് ആറ് കൽഭരണികൾ നിറയെ (ഏകദേശം 150 ഗ്യാലൻ) വീര്യമുള്ള വീഞ്ഞ് ഉണ്ടാക്കിയതിനാലും
ഒരു ജീവിതമാർഗ്ഗം എന്ന രീതിയിലുമായിരിക്കാം കത്തോലിക്കാസഭാ സ ന്ന്യാസസഭകൾ വീഞ്ഞ് ഉണ്ടാക്കാനും ബീയറും വിസ്കിയും ബ്രാണ്ടിയും
ജിന്നും റമ്മുമെല്ലാം വാറ്റി വിൽകാനും ആരംഭിച്ചത്.
വിശുദ്ധ അർണോൽഡ് (580 - 640) പറയുന്നത് മനുഷ്യന്റെ വിയർപ്പും
ദൈവത്തിൻറെ സ്നേഹവുംകൊണ്ടാണ് ബീയർ ലോകത്തിലേക്ക് വന്നതെന്നാണ്. അദ്ദേഹം തൻറെ
ആബിയിൽ ബീയർ വാറ്റി വിറ്റു. ബീയറുകുടിക്കൻ വിശ്വാസികളെ അദ്ദേഹം ഉപദേശിച്ചു. വിശുദ്ധ
കൊളംബിയനെപ്പൊലെ മദ്യപിച്ചിരുന്ന അനേകം വിശുദ്ധർ കത്തോലിക്കാസഭക്കുണ്ട്. ബീയർ സുഖനിദ്രക്ക്
സഹായകമാണന്നും സുഖമായി ഉറങ്ങിയാൽ പാപം ചെയ്കയില്ലന്നും പാപം ചെയ്യാതിരുന്നാൽ സ്വർഗം
കിട്ടുമെന്നും ജർമനിയിലെ സന്ന്യാസിമാർ വിശ്വസിച്ചിരുന്നു.
കാർത്തൂസിഅൻസ് (Carthusians) ബനഡിക്റ്റൈൻസ് (Benedictines) സിസ്റ്റെർസിയൻസ്
(Cistercians) റ്റ്രാപ്പിസ്റ്റ്സ് (Trappists) റ്റെമ്പ്ലാർസ് (Templars) കാർമെലൈറ്റ്സ്
(Carmelites) തുടങ്ങിയ സന്ന്യാസസഭാകളെല്ലാം
നൂറ്റാണ്ടുകളായി ഒന്നാംതരം വീഞ്ഞും ബീയറും ഹാർഡ് ലിക്കൊറുകളും വാറ്റി വിറ്റ്
സാമ്പത്തിക നേട്ടം ഉണ്ടാക്കിയവരാണ്. ഈ ചരിത്ര വസ്തുതകൾ എല്ലാമറിയാവുന്ന മാർ ആലഞ്ചേരിക്ക് മദ്യവർജനമായിരുന്നു
എക്കാലത്തെയും സഭയുടെ വീക്ഷ ണമെന്ന് എങ്ങനെ പ്രസ്താവിക്കാൻ സാധിക്കും? അവസരോചിതവും
സൗകാര്യത്തിനിണങ്ങിയതുമായ ധാർമീകതയെ പൊക്കിപ്പിടിക്കുന്ന കപടനാട്യക്കാരാണ് മത മേധാവികൾ.
ആത്മാർത്ഥത തൊട്ടുതേച്ചിട്ടില്ലാത്ത ഇത്തരം പ്രസ്താവനകളാണ് വിശ്വാസികളെ അലോസരപ്പെടുത്തുന്നത്.
അമേരിക്കയിൽ ഏറ്റവും കൂടുതൽ വിറ്റഴിയുന്ന ബ്രാണ്ടി ക്രിസ്റ്റ്യൻ ബ്രദേഴ്സ്
(Christian Brothers) ആണ്. 1882-ൽ ക്രിസ്റ്റ്യൻ ബ്രദേഴ്സ് എന്ന സന്ന്യാസസഭയാണ് ഈ ബ്രാണ്ടി
ഉല്പാദിപ്പിച്ചുതുടങ്ങിയത്. ഇന്നും ഒന്നാംതരം ബ്രാണ്ടിയും കോണിയാക്സും (Cognacs) വീഞ്ഞും
അവിടെ ഉല്പാദിപ്പിക്കുന്നുണ്ട്. കാലിഫോർണിയായിലെ സാൻ ജൊവാക്കിൻ (San Joaquin) മലയിടുക്കുകളിലാണ്
ക്രിസ്റ്റ്യൻ ബ്രദേഴ്സ് ഡിസ്റ്റില്ലറിയും വൈനറിയും സ്ഥിതിചെയ്യുന്നത്. ക്രിസ്റ്റ്യൻ
ബ്രദേഴ്സ് എന്ന പേര് മാറ്റണം എന്നാവശ്യപ്പെട്ട് കേരളത്തിൽ കുറെ വർഷങ്ങൾക്കുമുമ്പ് സമരം സംഘടിപ്പിക്കാൻ ചില തല്പരകക്ഷികൾ ശ്രമിച്ചിരുന്നു. ബ്രാണ്ടിയുടെ പേരിലാണ് പ്രതിഷേധം;
ബ്രാണ്ടി ഉണ്ടാക്കുന്നതിന് പ്രതിഷേധമൊന്നുമില്ല! എന്തൊരു കപടത!!
മദ്യത്തിന് അടിമയായി കുടുംബത്തിനും സമൂഹത്തിനും ബുദ്ധിമുട്ടുകൾ ഉണ്ടാക്കുന്നത്
തെറ്റാണ്. മദ്യത്തിന് അടിമയാകുന്ന വ്യക്തി ഒരു രോഗിയാണ്. അയാൾക്ക് ചികിത്സയാണാവശ്യം.
മദ്യം എല്ലാവർക്കും നിരോധിക്കുന്നത് എലിയെ തോൽപ്പിച്ച് ഇല്ലം ചുടുന്നപോലിരിക്കും.
മദ്യപാനം മനുഷ്യനെ മൃഗത്തേക്കാൾ നീചനാക്കുന്നു. അവൻറെ മനസ്സിൻറെ താളം തെറ്റിക്കുന്നു.
തിന്മകൾക്കു പ്രചോദനമേകുന്നു. മാനസിക രോഗികളാകുന്നു. ആത്മഹത്യക്ക് കാരണമാകുന്നു. ക്യാൻസർ,
സിറോസിസ്, മഞ്ഞപ്പിത്തം, ഞരബുരോഗങ്ങൾ, വിഷാദരോഗം തുടങ്ങിയ രോഗങ്ങൾക്ക് ഹേതുവാകുന്നു.
എങ്കിലും സമ്പൂർണ്ണ മദ്യനിരോധനത്തോട് യോജിക്കാൻ
എനിക്ക് കഴിയുന്നില്ല. അമേരിക്കയും റഷ്യയുമെല്ലാം മദ്യനിരോധനവിഷയത്തിൽ പരാജയപ്പെട്ട
രാജ്യങ്ങളാണന്ന് നമുക്കറിയാം. രോഗികളായ കുടിയന്മാരെ
ചികിത്സിക്കുന്നതിനുപകരം കോടിക്കണക്കിന് ജനങ്ങൾക്ക് ആഘോഷാവസരങ്ങളിൽപ്പോലും ഒന്നോ രണ്ടോ
ഡ്രിങ്ക് ആസ്വദിക്കാൻ കഴിയാത്ത വിധത്തിൽ മദ്യനിരോധനം നടപ്പിലാക്കുന്നത് മനുഷാവകാശലഘനം
തന്നെയാണ്. സംസ്ഥാനത്തിൻറെ സാബത്തീക സ്ഥിതിതന്നെ അപകടത്തിലാകുമെന്ന് തീർച്ച.
നമ്മുടെ ശരീരത്തെ നിഗ്രഹിക്കുകയല്ല വേണ്ടത്; മറിച്ച്, അതിനെ ശുദ്ധീകരിക്കുകയാണ്
വേണ്ടത്. നമ്മുടെ ലൈംഗിക വാസനയെ നിഗ്രഹിക്കുകയല്ല വേണ്ടത്; മറിച്ച്, അതിനെ വിശുദ്ധീകരിക്കുകയാണ്
വേണ്ടത്. അതുപോലെ മദ്യത്തെ നിരോധിക്കുകയല്ല വേണ്ടത്: മറിച്ച്, മദ്യവർജനയെ പ്രോത്സാഹിപ്പിക്കുകയാണ്
വേണ്ടത്.
No comments:
Post a Comment