പട്ടയ വിവാദം: മുഖ്യമന്ത്രിക്കെതിരെ വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവ്
Published on Mon, 09/22/2014 - 10:41 ( 4 hours 55 min ago)
കെ.എം. മാണിയും അടൂര്‍ പ്രകാശും രണ്ടും മൂന്നും പ്രതികള്‍
തൃശൂര്‍: തൃശൂര്‍ സെന്‍റ് തോമസ് കോളജിന് പാട്ടക്കുടിശിക എഴുതിത്തളളി ഭൂമി പതിച്ച് നല്‍കിയതില്‍ സര്‍ക്കാരിന് നഷ്ടമുണ്ടാക്കിയെന്നും അഴിമതിയുണ്ടെന്നും കാണിച്ചുള്ള പരാതിയില്‍ മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കുമെതിരെ അന്വേഷണത്തിന് തൃശൂര്‍ വിജിലന്‍സ് കോടതി ഉത്തരവ്. ഡിസംബര്‍ 22നകം റിപ്പോര്‍ട്ട് ഹാജരാക്കാന്‍ വിജിലന്‍സ് ഡയറക്ടര്‍ക്ക് ജഡ്ജ് കെ. ഹരിപാല്‍ നിര്‍ദേശം നല്‍കി. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയാണ് ഒന്നാം എതിര്‍കക്ഷി. മന്ത്രിമാരായ കെ.എം. മാണി, അടൂര്‍പ്രകാശ്, ചീഫ് സെക്രട്ടറി (ഫിനാന്‍സ്) വി. സോമസുന്ദരന്‍, മുന്‍ റവന്യു സെക്രട്ടറി നിവേദിത പി. ഹരന്‍, റവന്യു പ്രിന്‍സിപ്പല്‍ സെക്രട്ടറി ഇ.കെ. മാജി, തൃശൂര്‍ മുന്‍ ജില്ലാ കലക്ടര്‍ പി.എം. ഫ്രാന്‍സീസ്, ഇപ്പോഴത്തെ കലക്ടര്‍ എം.എസ്. ജയ, മുന്‍ ലാന്‍റ് റവന്യു കമിഷണര്‍ കെ.വി. സജന്‍, മുന്‍ തൃശൂര്‍ തഹസില്‍ദാര്‍ പോള്‍സണ്‍, മുന്‍ ചെമ്പൂക്കാവ് വില്ളേജ് ഓഫീസര്‍ സണ്ണി ഡേവീസ്, കോളജ് മാനേജര്‍ റാഫേല്‍ തട്ടില്‍ എന്നിവര്‍ രണ്ട് മുതല്‍ 12 വരെ എതിര്‍കക്ഷികളാണ്. ഹിന്ദു ഐക്യവേദി തൃശൂര്‍ ജില്ലാ സെക്രട്ടറി കെ. കേശവദാസാണ് ഹര്‍ജിക്കാരന്‍.
സര്‍ക്കാരിന് ലഭിക്കേണ്ട ഒമ്പതര കോടിയിലേറെ രൂപ പാട്ടക്കുടിശിക എഴുതിത്തള്ളി സര്‍ക്കാര്‍ നിശ്ചിയിച്ച അടിസ്ഥാന ഭൂവില പ്രകാരം 29,37,30,000 രൂപ വിലമതിക്കുന്ന നഗരത്തിന് നടുവിലുള്ള 1.19 ഏക്കര്‍ ഭൂമി പതിച്ചു നല്‍കിയതിലൂടെ 38,92,10,101 രൂപയുടെ നഷ്ടവും അധികാര ദുര്‍വിനിയോഗവും നടത്തിയെന്നാണ് ഹര്‍ജിയിലെ ആക്ഷേപം. പാട്ടക്കുടിശിക എഴുതി തള്ളി ഭൂമി പതിച്ചു നല്‍കുന്നത് സര്‍ക്കാരിന് സാമ്പത്തിക നഷ്ടമുണ്ടാക്കുമെന്ന് അക്കൗണ്ടന്‍റ് ജനറലിന്‍െറ റിപ്പോര്‍ട്ടും വിജിലന്‍സ് കോടതിയിലും ലോകായുക്തയിലും ഹൈകോടതിയിലും കേസുകള്‍ നിലവിലുണ്ടെന്നും പാട്ടക്കുടിശിക എഴുതി തള്ളുന്നത് സുപ്രീംകോടതി പുറപ്പെടുവിച്ച മാനദണ്ഡങ്ങള്‍ക്ക് വിരുദ്ധമാകുമെന്ന ലാന്‍റ് റവന്യു കമ്മിഷണറുടെ റിപ്പോര്‍ട്ടും നിലനില്‍ക്കെയാണ് ഭൂമി പതിച്ചു നല്‍കിയതെന്ന് ഹര്‍ജിയില്‍ സൂചിപ്പിക്കുന്നു.
പാട്ടക്കാലാവധി കഴിഞ്ഞ് കരാര്‍ പുതുക്കാതെ അനധികൃതമായി കൈവശംവെച്ചുപോരുന്ന ഭൂമി സര്‍ക്കാരിലേക്ക് തിരിച്ചു പിടിക്കാന്‍ റവന്യു റിക്കവറി നടപടികള്‍ നടക്കുമ്പോഴാണ് വിജ്ഞാപനം പോലും പുറപ്പെടുവിക്കാതെ ഭൂമി പതിച്ചു നല്‍കിയ നടപടിയും ചോദ്യം ചെയ്തിട്ടുണ്ട്. ഇക്കഴിഞ്ഞ 16നായിരുന്നു കോളേജിന്‍റെ സ്വയംഭരണാവകാശ പ്രഖ്യാപന ചടങ്ങില്‍ മുഖ്യമന്ത്രി പങ്കെടുത്ത് പട്ടയം കൈമാറിയത്. ചടങ്ങില്‍ കലക്ടര്‍ പങ്കെടുക്കാതിരുന്നത് വിവാദമായിരുന്നു. സര്‍ക്കാരിന്‍െറ നയപരമായ തീരുമാനമെന്ന വാദമുള്ള സത്യവാങ്മൂലം പരാമര്‍ശിച്ചുവെങ്കിലും നയത്തെയല്ല, നടപടികളിലെ സുതാര്യതയില്ലായ്മയാണ് ചോദ്യം ചെയ്യുന്നതെന്ന് ഹര്‍ജിക്കാരന്‍ വ്യക്തമാക്കി. അഴിമതിയും സ്വാധീനവും വ്യക്തമാക്കിയുള്ള തൃശൂര്‍ സെന്‍റ് മേരീസ് കോളജ് മുന്‍ പ്രിന്‍സിപ്പല്‍ സി. ജെസ്മിയുടെ വെളിപ്പെടുത്തല്‍ അഭിമുഖവും കോടതിയില്‍ ഹാജരാക്കിയിരുന്നു.
Source: Madhyamam
http://www.madhyamam.com/news/310245/140922
No comments:
Post a Comment