മെത്രാന്റെ സ്വത്ത് ഇടവകക്കാർ തട്ടിയെടുത്തിരിക്കുകയാണത്രെ?കൊല്ലം കണ്ണൂരോ?
Bishop Stanley Roman |
ഊരുവിലക്ക്, ഭീഷണി, ക്വൊട്ടേഷൻ, കൊല... മുതലായവ ചില രാഷ്ട്രീയപ്പാർട്ടികൾക്കും അതുതന്നെ ചില ജില്ലകൾക്കുമായി പതിച്ചു നൽകിയിട്ട് മാന്യന്മാരായി ഭാവിക്കുകയാണല്ലോ നമ്മുടെ മത-മാധ്യമ മാഫിയ; അങ്ങനെ നമ്മുടെ സാധാരണജനങ്ങൾ വഞ്ചിക്കപ്പെട്ടിരിക്കുകയുമാണല്ലോ. ഈ മാന്യതയുടെ മുഖംമൂടിക്കു പിന്നിൽ ഒളിപ്പിക്കുന്ന ഹിംസ്രദംഷ്ട്രകൾ പലപ്പോഴും ശ്രദ്ധിക്കപ്പെടാതെ പോകുന്നു. പുറത്തുവരുമ്പോഴൊക്കെ അവ മൂടിവെക്കാൻ ഇവർ ജാഗരൂകരാണുതാനും. യാതൊരു ഉളുപ്പുമില്ലാതെ വെളുക്കെച്ചിരിച്ച് ഭൂരിപക്ഷത്തെയും മയക്കുകയും ചെയ്യുന്നു. ഉദാഹരണങ്ങൾ നിരവധിയാണ്. ഇനിയും വറ്റാത്ത കുരീപ്പുഴയുടെ കണ്ണീരിന്റെ ഉറവയിൽ നിന്നും ആവോളം കുടിച്ചിട്ടും മതിവരാതെ, സ്നേഹത്തിന്റെയും ത്യാഗത്തിന്റെയും എളിമയുടെയും കരുണയുടെയും’ ക്രിസ്തീയമദം തിമിർത്താടുന്നതു നോക്കൂ.
വളരെ നിസാരകാര്യം. ഇരുചെവിയറിയാതെ തീർക്കാവുന്ന പ്രശ്നം. ദുര മൂത്തവർ അതിനെ ഗുരുതരമാക്കി; തിരുനാൾ സ്ഥലത്തെത്തിയ കുട്ടി തനിക്കിഷ്ടപ്പെട്ട കളിപ്പാട്ടത്തിനായി വാശിപിടിച്ചപ്പോൾ, അതു തനിക്കഭിമാനക്ഷതമായിക്കണ്ട് കുട്ടിയെ ചവിട്ടിക്കൂട്ടി പരിഹാരം കണ്ട ‘പിതാവിന്റെ’ സാമർഥ്യത്തോടെ !
പ്രവർത്തനമികവുകൊണ്ട് തങ്ങൾക്കിഷ്ടപ്പെട്ട പുരോഹിതനെ വികാരിയായി നിലനിർത്തണമെന്നാവശ്യ പ്പെട്ടവർക്കു നൽകിയ ഉറപ്പ് പാലിക്കാതെ, മെത്രാൻ വാക്കുവ്യത്യാസം ചെയ്തതിൽ പ്രതിഷേധിച്ച ഇടവകക്കാരെ അടിച്ചൊതുക്കി, ആശുപത്രിയിലായവരെ ജയിലിലടച്ചു, കേസിൽപ്പെടുത്തി. എല്ലാം കഴിഞ്ഞ് ഒത്തു തീർപ്പു പ്രഹസനം. സഹികെട്ട ഇടവകക്കാർ സഹനസമരം ആരംഭിച്ചു- സ്വന്തം പള്ളിക്കു മുൻപിൽ റിലേ പ്രാർഥനായജ്ഞം. വാഗ്ദാനം വന്നു-ഇടവകക്കാർ നിർദ്ദേശിക്കുന്ന ആളെ നിയമിക്കും. അവർ മൂന്നു പുരോഹിതരെ നിർദ്ദേശിക്കുന്നു. ആ മൂന്നു പേരൊഴികെ ആരെയും നിയമിക്കാൻ സഭാനേതൃത്വം തയ്യാർ! ഇതാണു ബുദ്ധി!!
പ്രാർഥനായജ്ഞം തുടർന്നു - പ്രത്യേകിച്ച് സ്ത്രീകൾ. മാന്യന്മാരായ ക്രിസ്ത്യാനികൾ സ്ത്രീകളെ തെറിപറഞ്ഞ് സ്വർഗത്തിൽ പോകാനുള്ള എളുപ്പവഴിയിലാണിപ്പോൾ! ‘മെത്രാന്റെ സ്വന്തം ക്രിസ്ത്യാനികൾ’ പ്രാർഥനക്കാരുടെയും അവരുടെ പിന്തുണക്കാരുടെയും കൈകാലുകൾ വെട്ടാനുള്ള ക്വൊട്ടേഷൻ എടുത്തുകഴിഞ്ഞു. അങ്ങനെ അവർ വിശുദ്ധരാകാനുള്ള വഴിയിലാണ്-ഫ്രാൻസിസ് സേവ്യറെ പോലെ...
പ്രാത്ഥനാപ്പന്തൽ പൊളിച്ച്, പ്രാർഥനക്കാരെ അടിച്ചോടിച്ച്, ‘സ്വന്തം രാജ്യം’ കീഴടക്കാനുള്ള മെത്രാൻ തിരുമേനിയുടെ തീരുമാനം വന്നു. കഷ്ടം. ഗുണ്ടകളുടെയും അവർക്കൊപ്പം നിൽക്കാവുന്ന പുരോഹിത-കന്യാസ്ത്രി സംഘത്തിന്റെയും അകമ്പടിയോടെ, അംഗരാജാവായി പുതിയ വികാരിയെ വാഴിക്കാൻ തിരഞ്ഞെടുത്തത് തിരുവോണദിനമായിരുന്നു. ഇതില്പരം ഗതികേട് മെത്രാൻപ്രഭൃതികൾക്കുണ്ടാകാനുണ്ടോ?
വേണ്ടപ്പെട്ടവരെ വേണമെങ്കിൽ സുരക്ഷിതമായി മാറ്റിക്കൊള്ളാൻ വേണ്ട മുന്നറിയിപ്പ് പാഞ്ഞു. ‘അപ്പനും അമ്മയും എത്രയും പെട്ടെന്നു പള്ളിയിൽ നിന്നും വീട്ടിൽ പൊയ്ക്കൊ. അവിടെ പലതും നടക്കും....’ എന്നായിരുന്നത്രെ മഠത്തിൽനിന്നുള്ള സന്ദേശം. അങ്ങനെ ആസൂത്രണം പുറത്തായി. ഇതറിഞ്ഞ കെ. സി. ആർ. എം. പ്രവർത്തകർ പൊലീസിൽ ബന്ധപ്പെട്ടു. പൊലീസ് നേരത്തെ വിവരം അറിഞ്ഞെങ്കിലും അത്രയ്ക്ക് അറിഞ്ഞില്ല. ഒന്നും ചെയ്യാൻ കഴിയാത്തവണ്ണം അവരെ ബന്ധനസ്ഥരാണുതാനും. ഉയർന്ന ഓഫീസർമാരുമായി ബന്ധപ്പെട്ട് സംഭവത്തിന്റെ ഗൗരവം ബോധ്യപ്പെടുത്താൻ കെ. സി. ആർ. എം. നേതൃത്വത്തിനു കഴിഞ്ഞതിനെ ത്തുടർന്ന് ഗുരുതരാവസ്ഥ മനസിലാക്കിയ പൊലീസധികാരികൾ ഉണർന്നു പ്രവർത്തിച്ചു. പൊലീസ് ഇടപെടൽ ഉണ്ടായി. പ്രദേശത്ത് പൊലീസിനെ വിന്യസിച്ചു. ഗുണ്ടകൾ മാളത്തിൽക്കയറി. അങ്ങനെ ഒരു ‘വിശുദ്ധയുദ്ധം’ തൽക്കാലം ഒഴിവായി. കുറെപ്പേർക്കെങ്കിലും സ്വർഗത്തിൽപ്പോകാനുള്ള അവസരം തൽക്കാലത്തേക്കെങ്കിലും നഷ്ടവുമായി.
പാരിഷ് ഹാൾ, കുരിശുപള്ളി മുതലായവയുടെ താക്കോലുകൾ അരമനയിൽ ഏൽപ്പിക്കണമെന്നുള്ള ഭീഷണികളൊന്നും വിലപ്പോകാതെ വന്നപ്പോൾ, സമനില നഷ്ടപ്പെട്ട സഭാധികാരികൾ റവന്യു അധികാരികളോട് തങ്ങളുടെ രാജ്യം തിരിച്ചുപിടിച്ചുതരാൻ ആവശ്യപ്പെട്ട് കളക്ടർക്ക് പരാതികൊടുത്തിരിക്കുകയാണ്. കാരണം മെത്രാന്റെ സ്വത്ത് ഇടവകക്കാർ തട്ടിയെടുത്തിരിക്കുകയാണത്രെ? കളക്ടറുടെ ചാർജു വഹിക്കുന്ന ഡെപ്യൂട്ടി കളക്റ്റർ മെത്രാന്റെ ശിഷ്യനാണുതാനും! കുരീപ്പുഴക്കാരുടെ വോട്ടില്ലെങ്കിലും മെത്രാന്റെ വോട്ടും നോട്ടും തങ്ങൾക്കു മതിയെന്നാണു ഭരണ-പ്രതിപക്ഷ-മൂന്നാംപക്ഷക്കാരുൾപ്പെടെയുള്ളവരുടെ നിലപാട്. ചിലർ കാവികുർബാനകൊണ്ട് സംതൃപ്തരായി. വേണ്ടിവന്നാൽ ഞങ്ങൾ പച്ചകുർബാനയ്ക്കും തയ്യാറാണ്!
വിവേകശൂന്യരായ സഭാനേതൃത്വം ക്രിസ്ത്യാനികളാകാൻ തയ്യാറാകാത്തതു മാത്രമാണ് സഭയിലെ ഇന്നത്തെ പ്രശ്നം. സാന്ത്വനത്തിലൂടെ മനസുകൾ കീഴടക്കി, സ്നേഹസാമ്രാജ്യം സ്ഥാപിച്ച ക്രിസ്തുവിനെ, വീഞ്ഞടിച്ചു കിടക്കുന്ന ഈ നോഹമാർ എന്നു തിരിച്ചറിയും ആവൊ!
No comments:
Post a Comment