Translate

Tuesday, September 16, 2014

അര്‍ണ്ണോസ് പാതിരീ മാപ്പ്!

വന്നു വന്ന് നരകവും സ്വര്‍ഗ്ഗവും നേരിട്ട് ഏറ്റുമുട്ടാന്‍ തുടങ്ങിയിരിക്കുന്നു. അര്‍ണോസ് പാതിരിയല്ല വേലൂരെ (തൃശ്ശൂര്‍) സെ.ഫ്രാന്‍സിസ് കത്തിദ്രല്‍ പള്ളി പണിതതെന്ന് പള്ളിക്കാരുടെ സത്യവാഗ്മൂലം: അതല്ല ശരിയെന്ന് വെറും ഒരത്മായനായ ജോണ്‍ കള്ളിയത്തും കൂട്ടരും - തീരുമാനം പറയേണ്ട ഗതികേട് കോടതിക്കും. ഇനിയിപ്പോ തോമ്മാ സ്ലിഹാ ഇവിടെ വന്നോ ഇല്ലയോ എന്നും കോടതി തീരുമാനിക്കും. നൂറ്റാണ്ടുകളായി വേലൂരില്‍ ജൂലൈ 15ന് നടത്തിപ്പോന്ന തിരുന്നാള്‍ അത് പോലെ തുടരണം എന്ന് അത്മായര്‍. ഞായറാഴ്ച് വെച്ചാലേ ആള് കൂടൂവേന്നു വികാരി. തിയതിയില്‍ എന്തിരിക്കുന്നു? നടവരവിലല്ലേ കാര്യം. ആനയുമായി പോലും മല്ലിടാന്‍ അച്ചന്മാര്‍ തയ്യാര്‍, അപ്പോള്‍ സൂക്ഷിച്ചേ അവരോടു സംസാരിക്കാവൂ. കോട്ടപ്പടിയില്‍ ആനയുമായി നടന്ന ഓണം വടം വലിയാ ഞാന്‍ ഉദ്ദേശിച്ചത്. അച്ചന്‍റെ  വാക്ക് വിശ്വസിച്ച് ആനയെയും കൊണ്ട് വന്ന പാപ്പാനും കെണിയിലായി. തൃശ്ശൂരേ ഓരോ തമാശകളേ!
എന്തെങ്കിലും ചെയ്യുവാണെങ്കില്‍ പരമാവധി വരുമാനം ഉണ്ടാക്കണം, നാലു കാശ് വരുമാനമില്ലാത്ത കാര്യങ്ങള്‍ ചിന്തിക്കുകയുമില്ല - അതാണ്‌ ഇപ്പോ സ്റൈല്‍. റോമിലെ ദിവിനോ അമോറെയില്‍ കൊരട്ടി മുത്തിയെ കേറ്റണ്ടായെന്നു സിറോ വികാരി. നേര്‍ച്ചപണം സിറോ പെട്ടീല്‍ ഇട്ടാല്‍ പ്രശ്നം  തീരുമെന്നും കേള്‍ക്കുന്നു. ഈ കൊരട്ടി മുത്തിയെപ്പറ്റി സഭ പഠിച്ചുകൊണ്ടിരിക്കുന്നതേയുള്ളൂ എന്നാണ് അവിടുത്തെ വികാരി പറയുന്നത്. തൊടുപുഴക്കടുത്തുള്ള ഒളമറ്റത്ത് ഒരു സ്വകാര്യ വ്യക്തിക്ക് മാതാവ് പ്രത്യക്ഷപ്പെടുകയും ഇടവക അതിനെ വിലക്കുകയും ചെയ്തിരുന്നു. സ്ഥലവും സ്വത്തുക്കളും വരുമാനവുമെല്ലാം കോതമംഗലം രൂപതക്ക് തീറെഴുതിയതിനു ഏതാനും ദിവസങ്ങള്‍ക്കു മുമ്പാണ് മാതാവ് ഒറിജിനലാണെന്ന് രൂപതയ്ക്ക് മനസ്സിലായത്‌. ആധാരം നടന്നതിന്‍റെ പിറ്റേന്ന്  തന്നെ അക്കാര്യം രൂപത എല്ലാവരെയും അറിയിക്കുകയും ചെയ്തത് എല്ലാവരും ഓര്‍ക്കുമല്ലോ. കൊരട്ടി മുത്തിക്കെങ്കിലും അല്‍പ്പം പവ്വര്‍ കാണുമെന്നു കരുതിയിരുന്ന ഞാന്‍ വിഡ്ഢി, അല്ലാതെന്തു പറയാന്‍? എന്നേക്കാള്‍ വിഡ്ഢികളും ഉണ്ട് കേട്ടോ. ഈ മെത്രാന്മാരെ പറ്റി റോമിന് പരാതി അയക്കുന്നവര്‍ പമ്പര വിഡ്ഢികള്‍ അല്ലാതെ ആരാ? രഹസ്യവും പരസ്യവുമായി അനേകം പരാതികള്‍ സിറോ മലബാര്‍ അത്മായരുടെതായി അവിടുണ്ട്. ഒരു തീരുമാനം ഉണ്ടാക്കിയാലും അനുസരിക്കാന്‍ മെത്രാന്‍ ഇല്ലെങ്കില്‍ പാവം മാര്‍പ്പാപ്പാ എന്ത് ചെയ്യും? മാര്‍പ്പാപ്പാ കേരളത്തിലെങ്ങാനും വന്നാല്‍ പരാതികളുടെ പ്രളയം തന്നെ ഉണ്ടാവാം. അതുകൊണ്ട് പാവം ശ്രിലങ്കയില്‍ വരെ വന്നു മടങ്ങുന്നു. ഇതുവരെ കണ്ടത് വെച്ചു പറഞ്ഞാല്‍ സിറോ ഉള്ളിടത്ത് മാര്‍പ്പാപ്പാ പോകാന്‍ ഇടയില്ല.
കത്തോലിക്കാ സഭക്ക് മൊത്തം ഒരു സൈഡ് വലിവ് ഉണ്ടോയെന്ന് എനിക്ക് സംശയമുണ്ട്‌. ജൂലൈ മൂന്നിന് മാര്‍ത്തോമ്മായുമായി എന്ത് ബന്ധമാണുള്ളതെന്ന് ഇതുവരെയും എനിക്ക് മനസ്സിലായിട്ടില്ല. ഓഗസ്റ്റ് പതിനഞ്ചിനു തന്നെ രക്ഷപ്പെട്ടോളാന്‍ മാതാവിനോട് ബ്രിട്ടിഷ്കാര്‍ പറഞ്ഞിരിക്കുമോ എന്തോ? ദുക്രാനാ ആഘോഷിക്കുന്നവര്‍ അത് മാര്‍ത്തോമ്മാ വന്ന ദിവസമാണോ, പോയ ദിവസമാണോ എന്ന് അറിയുന്നില്ലല്ലോ. ചാര ബുധനാഴ്ച തിങ്കളാഴ്ച്ചത്തേക്കു മാറ്റിയവരല്ലേ നാം. വെള്ളിയാഴ്ച കുരിശില്‍ തറച്ച ആള്‍ മൂന്നാം  ദിവസം (അതായത് 36 മണിക്കൂറിനുള്ളില്‍) ഉയിര്‍ക്കുന്ന രീതിയിലല്ലേ നമ്മുടെ ക്രമീകരണങ്ങള്‍. ദുഃഖ വെള്ളിയാഴ്ചയെ ഗുഡ് ഫ്രൈഡെ എന്നു വിളിച്ചു കളിയാക്കുകയും ചെയ്യും നാം. കര്‍ക്കിടക മാസം മൊത്തം നിര്‍ത്തലാക്കാന്‍ ഒരു നിവേദനം ഏതെങ്കിലും മെത്രാന്‍ സര്‍ക്കാരിന് സമര്‍പ്പിച്ചാല്‍ അതില്‍ അത്ഭുതം വേണ്ട.
തൃശ്ശൂര്‍ രൂപത അടുത്ത പഞ്ചായത്ത് തിരഞ്ഞെടുപ്പിന് ഒരുങ്ങുകയാണെന്ന് പത്രക്കാര്‍ പറയുന്നു. കൂട്ട്, ഇടുക്കിയിലേപ്പോലെ ഇടതു മുന്നണി ആയിരിക്കാനാണ്‌ സാധ്യത. അതേ സമയം ഒരു പാര്‍ട്ടിയെയും പിണക്കാതിരിക്കാനും തന്ത്രങ്ങള്‍ അണിയറയില്‍ ഒരുങ്ങുന്നുണ്ട്. കോണ്ഗ്രസ്സിനെ പിണക്കാതിരിക്കാന്‍ ചങ്ങനാശ്ശേരിക്കാരെയും, BJPയെ അടുപ്പിച്ചു നിര്‍ത്താന്‍ കാഞ്ഞിരപ്പള്ളിക്കാരെയും എല്‍പ്പിച്ചിട്ടുണ്ടെന്നും കേള്‍ക്കുന്നു. വയനാട് ഏരിയയില്‍ നക്സല്‍ ബന്ധമുള്ള ആരെങ്കിലും ഉണ്ടായിരിക്കുമോ ആവോ? പാലായിലാണെകില്‍ കേരളാ കോണ്ഗ്രസ്സുകാരെ പിണക്കാതിരിക്കാന്‍ പ്രത്യേക സജ്ജീകരണങ്ങളാണെന്ന് ആര്‍ക്കും സംശയിക്കാന്‍ കാര്യങ്ങളുണ്ട്. അടുത്ത കാലത്തു നടന്ന മുത്തപ്പന്‍ മല ഉത്ഘാടനത്തിനു പി സി ജോര്‍ജ്ജിന്‍റെയും ജോയി എബ്രാഹത്തിന്‍റെയും സാന്നിദ്ധ്യം ഉണ്ടായിരുന്നല്ലോ. ബാറുകളെല്ലാം ബിയര്‍/വൈന്‍ പാര്‍ലറുകള്‍ ആക്കണമെന്ന് ജോര്‍ജ്ജു അടുത്ത ദിവസം പറഞ്ഞതും ശ്രദ്ധിക്കുക. ഇതിനിടക്ക്‌ സര്‍ക്കാര്‍ ഭൂമിയുടെ പട്ടയം തൃശ്ശൂര്‍ മെത്രാന് നേരിട്ട് കൊടുത്ത് ത്രിശ്ശൂരുകാരെ  മെരുക്കാന്‍ ഉമ്മന്‍ ചാണ്ടി. പാവം! അദ്ദേഹം എന്താണ് ചെയ്യുന്നതെന്ന് അദ്ദേഹം അറിയുന്നില്ല. മദയാനയെ വാഴപ്പിണ്ടി കൊടുത്തു മയക്കാന്‍ അതിലും എളുപ്പമായിരിക്കും എന്നാണ് എനിക്ക് തോന്നുന്നത്. തൃശ്ശൂര്‍ മെത്രാന്‍ ചെയ്തത് അത്ര ശരിയാണെന്ന് മാര്‍ ആലഞ്ചേരിക്കും തോന്നുന്നുണ്ടാവില്ല. അതല്ലേ, വചനം പ്രവൃത്തിയിലൂടെയാണ് വ്യാഖ്യാനിക്കേണ്ടത് എന്ന് അദ്ദേഹം പരസ്യമായി പ്രഖ്യാപിച്ചത്. ആലഞ്ചേരി മാറി നിന്ന് സദാചാരം പ്രസംഗിക്കുമ്പോള്‍ ജനം അതിനെ സമീപകാല സംഭവങ്ങളുമായി കൂട്ടിക്കെട്ടുന്നു. സര്‍ക്കാരില്‍ നിന്ന് സെ. തോമസ്‌ കോളേജു പാട്ടത്തിനെടുത്ത ഭൂമി, അതിനു കൃത്യമായി പാട്ടത്തുകയും അടച്ചിട്ടില്ല, അതിന്‍റെ പട്ടയം മെത്രാന്‍ ആവശ്യപ്പെടുകയും ചെയ്യുന്നു. കണ്ടോ, വചനം എത്ര ഭംഗിയായി അദ്ദേഹം സാക്ഷ്യപ്പെടുത്തുന്നുവെന്നു നോക്കിക്കേ. കേരള കത്തോലിക്കാ സഭക്ക് എത്ര മുഖമുണ്ടെന്ന് മേജറിന് പോലും ഇപ്പോള്‍ തിട്ടമുണ്ടാവില്ല.
"ജനങ്ങള്‍ ഉത്തമമായ പ്രബോധനത്തില്‍ സഹിഷ്ണുത കാണിക്കാത്ത കാലം വരുന്നു. കേള്‍വിക്ക് ഇമ്പമുള്ളവയില്‍ ആവേശം കൊള്ളുകയാല്‍, അവര്‍ തങ്ങളുടെ അഭിരുചിക്ക് ചേര്‍ന്ന പ്രബോധകരെ വിളിച്ചു കൂട്ടും. അവര്‍ സത്യത്തിനു നേരെ ചെവിയടച്ചു കെട്ടുകഥകളിലേക്ക് ശ്രദ്ധ തിരിക്കും. നീയാകട്ടെ, എല്ലാ കാര്യങ്ങളിലും സമചിത്തത പാലിക്കുക; കഷ്ടതകള്‍ സഹിക്കുകയും സുവിശേഷകന്‍റെ ജോലി ചെയ്യുകയും നിന്‍റെ ശുശ്രുഷ നിര്‍വഹിക്കുകയും ചെയ്യുക." (2 തിമോത്തിയോസ് 4:3-5). മേജര്‍ ആര്‍ച്ച് ബിഷപ്പിന്‍റെ ഇടയ ലേഖനത്തില്‍ നിന്ന് അടര്ത്തിയെടുത്തതാണിത്. ഈ വചനം കണ്ടുപിടിച്ചത് കാക്കനാട്ടുകാരാണെങ്കിലും KCRM ക്കാര്‍ക്ക് എവിടെയും ഉപയോഗിക്കാന്‍ പറ്റിയതാണ്. ഇപ്പോള്‍ അസഹിഷ്ണരായിക്കൊണ്ടിരിക്കുന്നത് മെത്രാന്മാര്‍ ആണെന്ന് എല്ലാവരും അറിയുക. സോഷ്യല്‍ മീഡിയ യുവാക്കളെ വിശ്വാസത്തില്‍ നിന്നും അകറ്റുന്നുവെന്ന് മെത്രാന്മാര്‍ക്ക് ഉറപ്പായി എന്നറിയുന്നതില്‍ എല്ലാ പ്രവര്‍ത്തകരോടുമൊപ്പം ഞാനും സന്തോഷിക്കുന്നു. മെത്രാന്മാര്‍ പറയുന്നതിലും  കാര്യമുണ്ട്. ഇന്റര്‍നെറ്റ്‌ ഒന്നും അറിയില്ലാത്ത ജഗദല്പ്പൂര്‍  രൂപതയിലെ ഗ്രാമീണര്‍ ഒരു മെത്രാനെ സ്വീകരിക്കുന്നത് കണ്ടോ.  
ഈ പടം ഫെയിസ് ബുക്കില്‍ വന്നതാണ്. പടം ഏതെങ്കിലും റോഡ്‌ ഷോയുടെ ഭാഗമാണോ എന്ന് എനിക്ക് സംശയമുണ്ട്‌. എന്ന് നടന്നതാണെന്നും എനിക്കറിയില്ല. വിവരമുള്ള ഒരു മെത്രാനും അണികളെക്കൊണ്ട് മഞ്ചല്‍ വലിപ്പിക്കില്ലല്ലോ! ജഗദല്പൂര്‍ ഒരു സീറോ മലബാര്‍ രൂപതയായതുകൊണ്ട് ഇത് സത്യമായിരിക്കാനും വഴിയുണ്ട്. ഇത് പോലെ ജനങ്ങളുടെ സ്വീകരണം ഏറ്റു വാങ്ങാന്‍ ഇവിടുത്തെ മെത്രാന്മാര്‍ക്കും ആഗ്രഹമുണ്ട്. പറഞ്ഞിട്ട് കാര്യമില്ല, പുറത്തിറങ്ങിയാല്‍ എന്താ സംഭവിക്കുകയെന്നു മെത്രാന്മാര്‍ക്ക് ഇപ്പോള്‍ നിശ്ചയമില്ല. പുറത്ത് ഇറങ്ങിയാല്‍ രക്ഷയില്ലായെന്ന അവസ്ഥയിലേക്കാണ് കാര്യങ്ങള്‍. വഴിയെ പോയ കൊച്ചച്ചന്‍ ടോമിനെ ആണ് കഴിഞ്ഞ ദിവസം ആരോ വണ്ടി തടഞ്ഞ് മര്‍ദ്ദിച്ചത്. എല്ലാ കാര്യങ്ങള്‍ക്കും തുടക്കം ചങ്ങനാശ്ശേരി ആയിരിക്കണം എന്നത് ദൈവനിശ്ചയമായിരിക്കും.
നല്ല ഇടയന്‍ ആടുകള്‍ക്കുവേണ്ടി ജീവന്‍ ബലിയര്‍പ്പിക്കും എന്ന് സുവിശേഷം പറയുന്നു; സൌദിയിലാകട്ടെ സ്തുതിപ്പ് പാടി അറസ്റ്റിലായ 28 പേരെപ്പറ്റി ഇതുവരെ ആര്‍ക്കും അറിവൊന്നുമില്ല, അന്വേഷിച്ചാരും ഇവിടെനിന്നു പോയതായും കേട്ടില്ല. ഇറാക്കിലാണെങ്കില്‍ ആടുകളുടെ എണ്ണം വെറും രണ്ടായിട്ടും ഒരിടയനും അവിടെ ബലിയായി നിന്ന് കൊടുത്തതായും അറിവില്ല. ഇറാക്കില്‍ അനേകം ക്രിസ്ത്യാനികളെ നിഷ്കരുണം കൊന്നൊടുക്കുന്നു. അങ്ങോട്ട്‌ പോകാന്‍ ആരും തയ്യാറല്ല. മഞ്ഞു വീഴുന്ന ഇടങ്ങളില്‍ ചെന്നാല്‍ കുറെ ഡോളര്‍ ഏതു മെത്രാനും കിട്ടും. എന്തിനാ മിക്കവാറും മെത്രാന്മാര്‍ വരുന്നതെന്ന് അവിടൊക്കെ വിശ്വാസികള്‍ക്ക് നിശ്ചയമാണ്. ഗള്‍ഫില്‍ രൂപത തുടങ്ങാന്‍ പഠിച്ച പണി പതിനെട്ടും പയറ്റുന്ന മെത്രാന്മാര്‍ ഇറാക്കിലും കൂടി ഒന്ന് ശ്രമിക്കുക. അടുത്ത സിനഡ് കൂടുമ്പോള്‍ Suffering Laymens Commission ഉണ്ടാക്കി ഒരു മെത്രാനെ ചെയര്‍മാനായി വെക്കാന്‍ സാധ്യതയുണ്ട്. ആണ്ടിലൊരു ഞായറാഴ്ചത്തെ പിരിവ് പുതിയ  കമ്മിഷനു വേണ്ടി എടുക്കുകയും ചെയ്യാം. മെത്രാന്മാരുടെ ഇടയില്‍ ആകെ എത്ര കമ്മീഷനുകള്‍ ഉണ്ടെന്ന് അറിയാവുന്ന ഒരേ ഒരാളേയുള്ളൂ – ദൈവം തമ്പുരാന്‍ മാത്രം. Suffering Laymens Commission പിരിവും കൂടി വന്നാല്‍ ഇനി ഒരു വര്ഷം ഏതാനും ഞായറാഴ്ചകള്‍ കൂടിയേ പിരിവില്ലാത്തതായി കാണൂവെന്ന സങ്കടമുണ്ട്, എല്ലാവര്‍ക്കും. ദളിതര്‍ക്ക് വേണ്ടി എത്ര വര്‍ഷങ്ങളായി നാം പിരിക്കുന്നു; അത് കൂട്ടത്തിലെ ദളിതര്‍ക്ക് കിട്ടുന്നുമുണ്ടല്ലോ. സംഗതി പ്രയോജനപ്രദമാണെങ്കിലും ഉള്ളിലൊരു മുറുക്കം; രാവിലത്തെ ആഹാരത്തിന്‍റെതായിരിക്കും. അല്ല, മേജറെ എന്തിനാ കുറ്റം പറയുന്നത്? അറക്കല്‍ മെത്രാന്‍ എവിടെല്ലാം ചെന്ന് തലയിട്ടിട്ടുണ്ടെന്നു കൃത്യമായി അറിയാവുന്ന ആരെങ്കിലും കാഞ്ഞിരപ്പള്ളിയിലുണ്ടോ? 

No comments:

Post a Comment