Translate

Saturday, September 6, 2014

മലയാളിയുടെ കപട സദാചാരം

വീഞ്ഞിനെപ്പറ്റി നമ്മൾ കുറേ സംസാരിച്ചു. അതവിടെ നിറുത്തിയിട്ട്‌, മലയാളിയെ അലട്ടുന്ന അതിലും പ്രധാനപ്പെട്ട ഒരു വിഷയത്തിലേയ്ക്ക് നമുക്ക് ശ്രദ്ധ തിരിച്ചാലോ? ലൈംഗികത. ലൈംഗികതയെ മനസ്സിലാക്കാനും തന്റെടത്തോടെ നേരിടാനും കഴിവില്ലാത്ത ഒരു കപട സമൂഹമാണ് ഇന്ന് മലയാളികൾ. മലയാളികൾ എന്ന് പറയുമ്പോൾ ക്രിസ്ത്യാനികളും അതിൽപ്പെടും. ക്രിസ്ത്യാനികൾ എന്ന് പറയുമ്പോൾ വൈദികരും കന്യാസ്ത്രീകളും അതിലുൾപ്പെടും. ഇവരുടെയെല്ലാം ജീവിതത്തിൽ ലൈംഗികത കടന്നുവരുന്നത്‌ പിൻവാതിലിൽ കൂടിയാണ്. കാരണം നേർക്കുനേരെ നിന്ന് ലൈംഗികമായി പെരുമാറാൻ മലയാളിക്ക് പേടിയാണ്. അവന്റെ ബാക്കി പ്രശ്നങ്ങളെല്ലാം ഉടലെടുക്കുന്നത് അവിടെയാണ്. അതുകൊണ്ട് ഈ വിഷയം അസ്ഥാനത്തല്ല എന്ന് കരുതുകയാണ്.
സക്കറിയാസ് നെടുങ്കനാൽ

അവസരത്തിന്റെ അഭാവം മാത്രമാണ് സദാചാരം

സിവിക് ചന്ദ്രന്‍ /എ. സജീവന്‍
08 Jun 2012

''ഈയിടെ ഗള്‍ഫില്‍നിന്നുള്ള ഒരു വീട്ടമ്മ നാട്ടിലെത്തി. പതിനഞ്ചു വര്‍ഷത്തിനുശേഷം വരികയാണ്. ഭര്‍ത്താവും ചില സുഹൃത്തുക്കളുമൊത്ത് അവര്‍ നെല്ലിയാമ്പതിയിലേക്ക് യാത്ര പോയി. അവിടെയെത്തിയപ്പോള്‍ പോലീസ് പിടിച്ചു ചോദ്യം ചെയ്തു പീഡിപ്പിച്ചു. ആ വീട്ടമ്മ ചോദിച്ച ചോദ്യം നാം ഓര്‍ക്കേണ്ടതുണ്ട്. 'കേരളത്തില്‍ ഭാര്യയും ഭര്‍ത്താവും ഒന്നിച്ച് യാത്ര ചെയ്യുമ്പോഴും വിവാഹ സര്‍ട്ടിഫിക്കറ്റ് കൂടെ കരുതണമോ' എന്നാണ് അവര്‍ ചോദിച്ചത്. ഭാര്യയ്ക്കും ഭര്‍ത്താവിനും മാത്രമേ ഒരുമിച്ച് യാത്ര ചെയ്യാന്‍ പാടുള്ളൂവെന്നുണ്ടോ? ദാമ്പത്യമൊഴിച്ചുള്ള എല്ലാ സ്ത്രീപുരുഷബന്ധവും നിരോധിക്കപ്പെട്ട ഒരു സമൂഹമാണ് നമ്മുടേത്. അതുകൊണ്ടാണ് മാനാഞ്ചിറമൈതാനത്തോ ബീച്ചിലോ ഒരു ആണ്‍കുട്ടിയും പെണ്‍കുട്ടിയും സംസാരിച്ചിരിക്കുമ്പോഴേക്കും സദാചാരത്തിന്റെ ടോര്‍ച്ചുമായി പോലീസ് വരുന്നത്.''- സിവിക് ചന്ദ്രന്‍

എന്തുകൊണ്ട് ഇങ്ങനെ സംഭവിക്കുന്നു?

എന്തുകൊണ്ട് ഇത് എന്ന് ഞാന്‍ പലരോടും സംസാരിച്ചിട്ടുണ്ട്. 2500 ആണുങ്ങളുമായി ബന്ധപ്പെട്ടിട്ടുണ്ടെന്നും തനിക്ക് അവരുടെയെല്ലാം സ്വഭാവം കൃത്യമായി അറിയാമെന്നും പറഞ്ഞിട്ടുള്ള നളിനി ജമീലയുമായി നടത്തിയ വര്‍ത്തമാനം ഓര്‍മവരുന്നു. നളിനി ജമീല പറയുന്നത്് മലയാളിയുടെ പ്രശ്‌നം കിടപ്പറയിലല്ല എന്നാണ്. കിടപ്പറയ്ക്കു പുറത്താണ്. എന്നാല്‍, കേരളത്തിലെ മരുന്നുകളുടെ പരസ്യം മുഴുവന്‍ കിടപ്പറയിലെ ദൗര്‍ബല്യങ്ങളുമായി ബന്ധപ്പെട്ടതാണ്. കുമാരികല്പം മുതല്‍ മുസ്‌ലിപവര്‍ എക്‌സ്ട്രാവരെയുള്ള മരുന്നുകള്‍ മലയാളിക്ക് ലൈംഗികമായി എന്തോ കുഴപ്പമുണ്ട്, അത് ചികിത്‌സിക്കേണ്ടതാണ് എന്നാണ് നമ്മെ ബോധ്യപ്പെടുത്താന്‍ ശ്രമിക്കുന്നത്. നളിനി ജമീല പറയുന്നത്, കിടപ്പറയില്‍പ്പോലും പുരുഷന്‍ പരാജയപ്പെടുന്നത് കിടപ്പറയ്ക്കു പുറത്ത് സ്ത്രീപുരുഷബന്ധം ഇല്ലാത്തതിനാലാണെന്നാണ്. ഓഫീസില്‍ ആണും പെണ്ണും തമ്മില്‍ സഹപ്രവര്‍ത്തകരെന്ന നിലയില്‍ ഒരു ബന്ധം ഉണ്ടാവുന്നില്ല. സഹപാഠികള്‍ എന്ന നിലയില്‍ കോളജില്‍ ആ ബന്ധം സാധ്യമാകുന്നില്ല. കാമുകീകാമുകന്മാര്‍ എന്നതിനപ്പുറമൊരു സ്ത്രീപുരുഷബന്ധം ഉണ്ടാകുന്നില്ല. കിടപ്പറയ്ക്കു പുറത്തുള്ള ബന്ധം സാധാരണനിലയിലായാലേ കിടപ്പറയിലെ ബന്ധവും നേരെയാവുകയുള്ളൂ.

എന്തുകൊണ്ടാവാം കേരളത്തില്‍ ലൈംഗികപീഡനക്കേസുകള്‍ ഇങ്ങനെ വല്ലാതെ വര്‍ധിച്ചുവരുന്നത്?

മലയാളി വലിയതോതില്‍ ലൈംഗികദാരിദ്ര്യം അനുഭവിക്കുന്നു. പ്രത്യേകിച്ചും 50 വയസ്സ് കഴിഞ്ഞവര്‍. കേരളത്തിലുണ്ടാവുന്ന സ്ത്രീപീഡനക്കേസുകളില്‍ പ്രതികളാക്കപ്പെടുന്നവര്‍ ചെറുപ്പക്കാരല്ല. കോളേജില്‍ പഠിക്കുന്ന കുട്ടികളല്ല. നാല്പത് നാല്പത്തഞ്ച് വയസ്സുകഴിഞ്ഞ, വിവാഹിതരായ, കുഞ്ഞുങ്ങളുള്ള ആള്‍ക്കാരാണ്

എന്തുപറ്റി നമ്മുടെ മധ്യവയസ്‌ക്കര്‍ക്ക്? ഈ ചോദ്യം വളരെ പ്രധാനപ്പെട്ടതാണെന്ന് ഞാന്‍ കരുതുന്നു. കിടപ്പറപ്രശ്‌നം മാത്രമേ നാം ചര്‍ച്ച ചെയ്യുന്നുള്ളൂ. ഭാര്യയും ഭര്‍ത്താവും തമ്മിലുള്ള ബന്ധമെന്നത് വാരാന്ത്യങ്ങളില്‍ മാത്രം നടക്കുന്ന ഒരു അനുഷ്ഠാനം എന്നതിനപ്പുറത്തേക്ക് പോകുന്നില്ല.

കല്യാണം കഴിക്കുന്നതോടെ പ്രണയം നഷ്ടപ്പെടുന്നു. നമ്മുടെ പ്രണയങ്ങള്‍ അപ്‌ഡേറ്റ് ചെയ്യാനും കൂടുതല്‍ കൂടുതല്‍ മനോഹരമാക്കാനുമുള്ള യാതൊരു ശ്രമവും ഇവിടെ നടക്കുന്നില്ല. പുരുഷന്മാര്‍ക്ക് അതില്‍ തീരെ താത്പര്യമില്ല. സ്ത്രീക്ക് താത്പര്യമുണ്ടായാലും നടക്കില്ല. കുടുംബമായി, കുഞ്ഞുങ്ങളായി, അതിന്റെ ബാധ്യതകളായി, ഭാവി കെട്ടിപ്പടുക്കലിന്റെ പ്രശ്‌നമായി. വ്യക്തിയെന്നത് ചോരയും നീരുമുള്ള മനുഷ്യനാണെന്ന യാഥാര്‍ഥ്യം നാം മറന്നുപോകുന്നു.

ഇത് കേരളത്തിന്റെ മാത്രം പ്രശ്‌നമാണെന്ന് പറയാനാകുമോ?

മറ്റു സംസ്ഥാനങ്ങളില്‍ സ്ത്രീക്കും പുരുഷനും ബസ്സില്‍ ഒരു സീറ്റിലിരുന്ന് യാത്ര ചെയ്യാം. ഇവിടെ അത് തെറ്റാണ്. പാപമാണ്. ഓഫീസിലും ആണുങ്ങളും പെണ്ണുങ്ങളും തമ്മില്‍ സൗഹൃദം അനുവദിക്കില്ല. ഉണ്ടായാല്‍ അത് അപവാദപ്രചരണത്തിന് വഴിവെക്കും. ഈയിടെ കേരളത്തിലെത്തിയ ഏതോ വിദേശവനിത അദ്ഭുതത്തോടെ ചോദിച്ചുവത്രേ 'ഇത് സ്വവര്‍ഗരതിക്കാരുടെ നാടാണോ'യെന്ന്.

സാധാരണനിലയിലുള്ള സമൂഹത്തില്‍ നിങ്ങള്‍ക്ക് പലതരത്തിലുള്ള സുഹൃത്തുക്കളുണ്ടാവും. ഭാര്യയോടൊപ്പം കാമുകിയും ഉണ്ടാവാം. മനസ്സ് പങ്കുവെക്കുന്ന സുഹൃത്തുക്കളുണ്ടാവും. സഹപാഠികളുണ്ടാവും. അതില്‍ ആണും പെണ്ണുമുണ്ടാവും.

ഭാര്യയും ഭര്‍ത്താവും തമ്മിലുള്ളതൊഴിച്ചുള്ള എല്ലാ ബന്ധങ്ങളേയും അനാശാസ്യമായി കാണുകയാണ് നാം. അത്തരം ബന്ധങ്ങള്‍ക്കിടയിലേക്ക് ടോര്‍ച്ചടിച്ചുനോക്കാന്‍ പോലീസിന് അധികാരം നല്കുന്നത് ഇവിടത്തെ ഇമ്മോറല്‍ ട്രാഫിക് ആക്ട് ആണ്. ആ നിയമത്തിന്റെ ബലത്തില്‍ പോലീസ് ആരേയും വഴിയില്‍ തടഞ്ഞ് വിവാഹ സര്‍ട്ടിഫിക്കറ്റ് ചോദിക്കാന്‍ ധൈര്യപ്പെടും. ബീച്ചില്‍വെച്ച് സംസാരിച്ചിരുന്നതിന് ആണ്‍കുട്ടിയുടേയും പെണ്‍കുട്ടിയുടേയും വീട്ടിലേക്ക് വിളിച്ച് ഭീഷണിപ്പെടുത്തും. എന്തിനേറെ ചിലപ്പോള്‍ കല്യാണത്തിന് നിര്‍ബന്ധിക്കുകവരെ ചെയ്യും.

കേരളത്തിന്റെ സംസ്‌കാരം സദാചാരത്തിലൂന്നിയുള്ളതാണെന്നാണ് സദാചാരവാദികള്‍ അവകാശപ്പെടുന്നത്. അത് ശരിയല്ലേ?

യഥാര്‍ഥത്തില്‍ കേരളത്തിന്റെ സംസ്‌കാരം അങ്ങനെയായിരുന്നില്ല. അവിഹിതബന്ധങ്ങളും അവിഹിതഗര്‍ഭവും കേരളത്തില്‍ സാധാരണമായിരുന്നു. ഒരു ഗര്‍ഭസത്യഗ്രഹത്തിനപ്പുറത്തേക്കൊന്നും അത് പോകില്ല. ഗര്‍ഭസത്യഗ്രഹങ്ങള്‍പോലും നഷ്ടപരിഹാരം വാങ്ങിക്കൊടുക്കാന്‍വേണ്ടിയുള്ളതായിരുന്നു.

ഇണചേരുന്ന എല്ലാ പെണ്ണും കാമുകിയാകണമെന്നും ഗര്‍ഭിണിയാകുന്ന എല്ലാ പെണ്ണിനേയും കല്യാണം കഴിക്കണമെന്നും കേരളീയസമൂഹം ഒരുകാലത്തും ശഠിച്ചിരുന്നില്ല. അടുത്തകാലത്താണ് ഇങ്ങനെയൊരു സദാചാരചിന്ത നമ്മുടെയിടയില്‍ ഉണ്ടായിട്ടുള്ളത്.

പോലീസ് ഇക്കാര്യത്തില്‍ എടുക്കുന്ന നിലപാടുകളും നടപടികളും വ്യക്തിഹത്യയിലേക്ക് നയിക്കുന്നില്ലേ?

പോലീസിന്റെതന്നെ ലൈംഗിക അസംതൃപ്തി ഒരുതരത്തില്‍ അവരെ സാഡിസത്തിലേക്ക് നയിക്കുന്നുണ്ട്. പോലീസിനുള്ളില്‍ത്തന്നെ ചര്‍ച്ച ചെയ്യേണ്ടതും പരിഹരിക്കേണ്ടതുമായ വിഷയമാണത്. പട്ടാളക്കാരെ അതിന്റെ സംവിധാനം മനുഷ്യരായി പരിഗണിക്കുന്നുണ്ട്. പട്ടാളത്തില്‍ ജോലി ചെയ്യുമ്പോഴും വിരമിച്ചാലും അവന് നല്ല മദ്യം കൊടുക്കും. മിക്ക പട്ടാള ക്യാമ്പുകള്‍ക്കടുത്തും ഒരു ചുവന്നതെരുവുണ്ടാകും. ലൈംഗികമായ പട്ടിണി പട്ടാളക്കാരന്‍ അനുഭവിക്കേണ്ടിവരുന്നില്ല. അത് അനുഭവിക്കുന്ന സ്ഥലങ്ങളിലും ഘട്ടങ്ങളിലുമെല്ലാം സ്‌പെഷ്യല്‍ ഡ്യൂട്ടിക്കിടയില്‍ അവര്‍ ലൈംഗികപീഡനം നടത്തിയിട്ടുമുണ്ട്. പോലീസ് അനുഭവിക്കുന്ന ഈ ലൈംഗികപട്ടിണിയുടെ ബഹിര്‍സ്ഫുരണമാണ് പല പോലീസ് മര്‍ദനങ്ങളെത്തുടര്‍ന്നും ഉണ്ടാകുന്ന പീഡന ആരോപണങ്ങള്‍. ഇത് ചര്‍ച്ച ചെയ്യേണ്ടതും പരിഹരിക്കേണ്ടതുമായ വിഷയംതന്നെയാണ്. അവിഹിത ലൈംഗികബന്ധം ആരോപിക്കുന്ന സംഭവങ്ങളില്‍ പോലീസ് അസൂയകൊണ്ടോ കുശുമ്പുകൊണ്ടോ അധികാരം ഉപയോഗിച്ചുള്ള ക്രൂരതയോടെയാണ് പ്രവര്‍ത്തിക്കാറുള്ളത്.

ഇവിടുത്തെ നാട്ടുകാരുടെ സദാചാരബോധം?

ആള്‍ക്കൂട്ടത്തിന് ഭ്രാന്തുപിടിക്കുന്നതും ഭീകരമായ പ്രശ്‌നം തന്നെയാണ്. ആള്‍ക്കൂട്ടം സദാചാരത്തിന്റെ പുണ്യാളന്മാരായതുകൊണ്ടല്ല ഇങ്ങനെ സംഭവിക്കുന്നത്. എന്റെ ഓര്‍മയിലുള്ള ഒരു ഉദാഹരണം പറയാം

ഞാന്‍ ഒന്നാംക്ലാസ്സില്‍ പഠിക്കുമ്പോള്‍ എന്റെ വീട്ടിനടുത്ത് ഒരു സംഭവമുണ്ടായി. അവിടെ യുവതിയായ വിധവയും കുഞ്ഞും താമസിക്കുന്നുണ്ടായിരുന്നു. ഭര്‍ത്താവ് മരിച്ചതിനുശേഷം അവര്‍ വേറെ വിവാഹം കഴിച്ചിരുന്നില്ല. ആദ്യവിവാഹംകൊണ്ടുതന്നെ മടുത്തിരിക്കാം. അടുത്തുള്ള എസ്‌റ്റേറ്റില്‍ ജോലിക്കു പോകുന്നതിനാല്‍ അവര്‍ ആരുടെയും ഒത്താശയും സഹായവും കൂടാതെയാണ് ജീവിച്ചിരുന്നത്. അങ്ങനെ സ്വന്തം കാലില്‍ നില്ക്കുന്ന ഏതു സ്ത്രീക്കുമെതിരെ ഉണ്ടാകുന്ന ആരോപണങ്ങള്‍ അവര്‍ക്കെതിരെയും ഉണ്ടായി. ഒരുനാള്‍ പാതിരയ്ക്ക് എന്റെ അച്ഛനുള്‍പ്പെടെയുള്ളവര്‍ അവരുടെ വീടുവളഞ്ഞു. അവരുടെ ജാരനെ കൈയോടെ പിടികൂടി. അത് എസ്‌റ്റേറ്റിലെ മേസ്തിരിയായിരുന്നു. അതൊന്നുമല്ല പ്രസക്തമായ കാര്യം.

പിറ്റേദിവസം ചായപ്പീടികയില്‍ നടന്ന സംഭാഷണം എനിക്കിന്നും ഓര്‍മയുണ്ട്.

'ആ അപരാധിച്ചി... ആ കൂത്തിച്ചി... ആ പൊലയാടിച്ചി... അവള്‍ മറ്റുള്ളവര്‍ക്ക് കൊണ്ടക്കൊടുക്കുന്നു. ഇവിടെ ഞങ്ങളാരും ആണുങ്ങളല്ലേ...'

ഇതായിരുന്നു പ്രതികരണം. ആള്‍ക്കുട്ടത്തിന്റെ മനഃശാസ്ത്രം അങ്ങനെയാണ്. തങ്ങള്‍ക്ക് തരാത്ത ഒന്നും മറ്റുള്ളവര്‍ക്ക് കൊടുക്കാന്‍ പാടില്ല. പങ്കുവെക്കുകയാണെങ്കില്‍ എല്ലാവര്‍ക്കും പങ്കുവെക്കണം.
മലയാളിയുടെ കാപട്യമാണോ ഇത് സൂചിപ്പിക്കുന്നത്?

മലയാളി കാപട്യത്തിന്റെ സമൂഹമായി മാറിയിരിക്കുന്നു. അത് പ്രകടമാവുന്നത് പ്രണയവും സദാചാരവുമായി ബന്ധപ്പെട്ട കാര്യങ്ങളിലാണ്.

നിത്യചൈതന്യയതി അവസാനകാലത്ത് നടത്തിയ നിരീക്ഷണങ്ങള്‍ ശ്രദ്ധേയമാണ്. കേരളത്തിലെ പെണ്‍കുട്ടികള്‍ക്ക് അവരുടെ ഭാവിയെക്കുറിച്ച്, കുഞ്ഞുങ്ങളെക്കുറിച്ച്, മാനാഭിമാനത്തെക്കുറിച്ച് വേവലാതിയില്ലാതെ സ്വയം ഒരു തീരുമാനമെടുക്കാന്‍ കഴിയുകയാണെങ്കില്‍ കേരളത്തിലെ ദാമ്പത്യങ്ങളില്‍ 90 ശതമാനവും 48 മണിക്കൂറിനുള്ളില്‍ തകര്‍ന്നുപോകുമെന്നായിരുന്നു യതിയുടെ നിരീക്ഷണം.

ഇപ്പോള്‍ കേരളത്തിലുണ്ടാകുന്ന വിവാഹമോചനങ്ങളുടെ കണക്കുകള്‍ ഞെട്ടിക്കുന്നതാണ്. 350 ശതമാനം കൂടുതലായിരിക്കുന്നു വിവാഹമോചനങ്ങള്‍. ഈ വിവാഹമോചനങ്ങളുടെ പ്രത്യേകത അതില്‍ 80 ശതമാനവും സ്ത്രീയുടെ മുന്‍കയ്യില്‍ നടക്കുന്നുവെന്നതാണ്. നേരത്തെ അങ്ങനെയല്ല. ആണുങ്ങള്‍ കുടുംബമുപേക്ഷിച്ചു പോവുന്നതിന്റെ പ്രശ്‌നമായിരുന്നു.

ഇത് കുടുംബബന്ധങ്ങളുടെ സുസ്ഥിരതയെ ദോഷമായി ബാധിക്കില്ലേ?

അത് പോസിറ്റീവ് ആണെന്നാണ് ഞാന്‍ കരുതുന്നത്. ഇത്രയൊക്കെ സഹിക്കേണ്ടതില്ല നമ്മുടെ സ്ത്രീകള്‍. സ്ത്രീകളുടെ മാത്രം ചെലവില്‍ നിലനിര്‍ത്തേണ്ട ഒന്നല്ല ദാമ്പത്യം.

കേരളത്തില്‍ ഫെമിനിസം പ്രവര്‍ത്തിക്കുന്ന ഒരു രീതിമുലം ഇവിടെ സ്ത്രീകള്‍ക്ക് നിവര്‍ന്നുനില്ക്കാന്‍ കഴിഞ്ഞു. താനൊരു വ്യക്തിയാണെന്നും തന്റെ ഇഷ്ടാനിഷ്ടങ്ങളും പ്രധാനമാണ് എന്നും തീരുമാനിക്കാനുള്ള ശേഷി തനിക്കുണ്ടെന്നുമുള്ള അവസ്ഥയിലേക്ക് അവര്‍ ശാക്തീകരിക്കപ്പെട്ടു. ഇവര്‍ അജിതയേയും സാറാ ജോസഫിനെയും കണ്ടിട്ടുണ്ടാവില്ല. അവരുടെ പേരുപോലും കേട്ടിട്ടുണ്ടാവില്ല. ഒരു സമരത്തിലും പങ്കെടുത്തിട്ടുണ്ടാവില്ല. എങ്കിലും സ്ത്രീ സ്വന്തം ശക്തി തിരിച്ചറിഞ്ഞു തുടങ്ങിയിരിക്കുന്നു. ഇവിടെ നടക്കുന്ന വിവാഹമോചനങ്ങള്‍പോലും കാണിക്കുന്നത് അതാണ്.

സ്ത്രീകള്‍ക്കിടയില്‍ ഫെമിനിസം പ്രവര്‍ത്തിച്ചപോലെ ആണ്‍കുട്ടികളില്‍ പ്രവര്‍ത്തിക്കേണ്ട ഒരു പ്രസ്ഥാനം ഉണ്ടാവേണ്ടിയിരിക്കുന്നു. നമ്മുടെ പെണ്‍കുട്ടികളും യുവതികളും ഉണ്ണിയാര്‍ച്ചമാരാവുമ്പോള്‍ ആണ്‍കുട്ടികള്‍ പലപ്പോഴും കുഞ്ഞിരാമന്മാര്‍തന്നെയാണ്. ആഗോളവത്കരണത്തിന്റെ കാലത്ത് എങ്ങനെ ഇണയോടും ഭാര്യയോടും കാമുകിയോടും പെരുമാറണമെന്ന് ആണുങ്ങളെ പഠിപ്പിക്കുന്ന ഒരു പ്രസ്ഥാനം ആവശ്യമാണ്.

എന്തുകൊണ്ടാണ് പ്രായവും പക്വതയും വന്നവര്‍ എന്ന് നാം വിശ്വസിക്കുന്നവര്‍ ലൈംഗികപീഡന ആരോപണങ്ങളില്‍പ്പെടുന്നത്?

ഏതാണ്ട് 45 നു മുകളില്‍ പ്രായമുള്ള ആണുങ്ങളിലാണ് ലൈംഗിക അസംതൃപ്തി ഏറ്റവും കൂടുതല്‍ ഉള്ളത്. എന്റെ ഒരു സുഹൃത്ത്, സാംസ്‌കാരികമേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഒരു സുഹൃത്ത് പറഞ്ഞ, ഭയന്ന, കാര്യം പറയാം.

അദ്ദേഹം ഡിഗ്രിക്കു പഠിച്ചുകൊണ്ടിരിക്കുന്ന തന്റെ മകളുടെ കല്യാണം നടത്താന്‍ തീരുമാനിച്ചു. എനിക്ക് വലിയ അദ്ഭുതമായി.

'എന്തിനാണ് നിങ്ങള്‍ ഇത്ര ധൃതിപിടിച്ച് മകളെ കെട്ടിച്ചുവിടുന്നത്?' ഞാന്‍ ചോദിച്ചു.

'ഒരു സ്ത്രീപീഡനക്കേസില്‍ പ്രതിയാകേണ്ട എന്നു വിചാരിച്ചിട്ടാണ്' എന്നായിരുന്നു ഉത്തരം.

'നിങ്ങളുടെ മകളെക്കുറിച്ച് നിങ്ങള്‍ക്ക് ഇങ്ങനെയാണോ അഭിപ്രായം?' ഞാന്‍ ചോദിച്ചു.

'എന്റെ മകളെക്കുറിച്ചുള്ളതല്ല കമന്റ്. എന്നെക്കുറിച്ചുതന്നെയാണ്. എനിക്ക് 45 കഴിഞ്ഞു.' അദ്ദേഹം പറഞ്ഞു.

45 കഴിഞ്ഞ ഏതൊരു മലയാളി ആണും ഏതു സമയത്തും ഒരു പീഡനക്കേസില്‍ പ്രതിയാവാം. 45 കഴിഞ്ഞ ആണുങ്ങളില്‍ പിടിക്കപ്പെട്ട ഒരു കുഞ്ഞാലിക്കുട്ടിയും രാജ്‌മോഹനുമൊപ്പം  പിടിക്കപ്പെടാത്ത ആയിരക്കണക്കിന് കുഞ്ഞാലിക്കുട്ടിമാരും രാജ്‌മോഹന്മാരുമുണ്ട്.

എന്തുകൊണ്ടാണ് ഒരു തലമുറ എന്ന നിലയില്‍ നമ്മള്‍ ലൈംഗികമായി ചീഞ്ഞുപോയത്?

അതിനു പല കാരണളുണ്ട്. നമ്മൊളൊക്കെ പഠിച്ചുവന്നത് ഒരു ക്രിസ്ത്യന്‍ സദാചാരത്തില്‍നിന്നാണ്. 'സെക്‌സ് പാപമാണ്. ഇണ നരകമാണ്' എന്നുള്ള സദാചാരം. അതേസമയം നമ്മുടെ മാധ്യമങ്ങളും നമ്മുടെ ചുറ്റുപാടുകളും നമ്മള്‍ കഴിക്കുന്ന ഭക്ഷണവും നമ്മെ കൂടുതല്‍ കൂടുതല്‍ കാമാതുരമാക്കുന്നുണ്ട്. ഇതിന്റെ സംഘര്‍ഷമാണ് നാം അനുഭവിക്കുന്നത്.

പെണ്‍കുട്ടികള്‍ ഋതുമതികളാവുന്നത് നോക്കിയാല്‍ മതി. പണ്ട് പെണ്‍കുട്ടികള്‍ ഋതുമതികളാവുന്നത് ഒമ്പതാംക്ലാസ്സിലും പത്താംക്ലാസ്സിലുമായിരുന്നു. ഇന്നത് നാലിലും അഞ്ചിലുമായിരിക്കുന്നു. നമ്മുടെ പെണ്‍കുട്ടികളും ആണ്‍കുട്ടികളും പെട്ടെന്ന് വലുതാവുന്നു. ഋതുമതിയായ ഒരു പെണ്‍കുട്ടിക്ക് കൊടുക്കാവുന്ന ഒരു പുസ്തകം ഇന്ന് മലയാളത്തില്‍ ഇല്ല. നീ വലുതായിരിക്കുന്നു. നിന്റെ ശരീരത്തില്‍ ഇന്നയിന്ന മാറ്റങ്ങളാണ് വരുന്നത്. ഇണയുമായി പെരുമാറുമ്പോള്‍ എടുക്കേണ്ട ജാഗ്രതകള്‍ എന്തൊക്കെയാണ് എന്ന് മകള്‍ക്കോ സഹോദരിക്കോ വായിക്കാന്‍ കൊടുക്കാവുന്ന പുസ്തകം മലയാളത്തില്‍ ഇല്ല.

മലയാളി അഭിമുഖീകരിക്കാന്‍ മടിക്കുന്ന വിഷയമാണോ ലൈംഗികത?

നമുക്കൊരു ശരീമുണ്ട് എന്ന് അംഗീകരിക്കാന്‍ മലയാളി ഒരുക്കമല്ല. മഞ്ഞുപോലൊരു പെണ്‍കുട്ടി മുതല്‍ കാണാക്കണ്‍മണി വരെയുള്ള സിനിമകള്‍ അവഗണിക്കപ്പെട്ടതിന്റെ ഒരു വശം ഇതാണ്. മലയാളിക്ക് ലൈംഗികമായി കണ്ണാടി നോക്കാന്‍ ധൈര്യമില്ല. കഴിഞ്ഞ ഇന്റര്‍നാഷണല്‍ ഡ്രാമ ഫെസ്റ്റിവലില്‍ കണ്ട ആയുസ്സിന്റെ പുസ്തകം ഉദാഹരണം. ഉടലുകള്‍ എന്തുകൊണ്ട് പാപം ചെയ്യുന്നു എന്ന തീപിടിച്ച ആധിയാണ് ആ നോവല്‍ ചര്‍ച്ച ചെയ്യുന്നത്. എന്നാല്‍, 25 കൊല്ലം വേണ്ടിവന്നു ആ നോവലിന് വായന കിട്ടാന്‍.

മലയാളി ഇപ്പോഴും അഭിമുഖീകരിക്കാന്‍ മടിക്കുന്നത് സ്വന്തം ലൈംഗികതയെയാണ്. അതുകൊണ്ട് സംഭവിക്കുന്നത് ഇണയുടെ മുന്നില്‍ നിവര്‍ന്നുനില്ക്കാനുള്ള ധൈര്യം ചോര്‍ന്നുപോകലാണ്.

പാര്‍ട്ടികളില്‍ പങ്കെടുക്കുമ്പോള്‍ പറയും, കണ്ണില്‍ നോക്കി വേണം ചിയേഴ്‌സ് പറയാനെന്ന്. ഒരു പെണ്‍കുട്ടിയുടെ കണ്ണില്‍ നോക്കാന്‍ ധൈര്യമില്ലാത്ത ജനതയാണ് നമ്മുടേത്. മറ്റൊരാളുടെ കണ്ണില്‍ നോക്കിയാല്‍ നമ്മുടെ കള്ളത്തരം വെളിച്ചത്താകും.

അരുന്ധതി റോയി കോഴിക്കോട്ടെത്തിയപ്പോള്‍ പറഞ്ഞ ഒരു കാര്യമുണ്ട്. പത്രലേഖകരെ അഭിമുഖീകരിക്കാന്‍ അവര്‍ തയ്യാറായില്ല. എന്താണ് കാരണമെന്ന് ചോദിച്ചു.

'നിങ്ങളുടെ ബ്ലഡി ജേര്‍ണലിസ്റ്റ്‌സ് എന്റെ മുഖത്തല്ല നോക്കുക, മാറിലേക്കാണ്' എന്നായിരുന്നു അവരുടെ ഉത്തരം.

നമുക്കൊരു വ്യക്തിയെ വ്യക്തിയായി പരിഗണിക്കാന്‍ കഴിയുന്നില്ല.

നമുക്ക് തോന്നുന്ന ഇഷ്ടം നമുക്ക് പ്രകടിപ്പിക്കാന്‍ കഴിയുന്നില്ല. മാനാഞ്ചിറ മൈതാനത്ത് നമുക്ക് പരിചയമുള്ള ഒരു പെണ്‍കുട്ടിയുമായി വന്നിരിക്കാന്‍ അനുവദിക്കപ്പെടുന്നില്ല.

ലൈംഗികപീഡനക്കേസുകളില്‍ വില്ലനായി ഇപ്പോള്‍ പറയപ്പെടുന്നത് മൊബൈല്‍ ഫോണിനെയാണ്. പെണ്‍കുട്ടികള്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നതിനെ രക്ഷിതാക്കള്‍ ഭയക്കുന്നുണ്ട്?

മലയാളിയുടെ കാപട്യം ഏറ്റവും പ്രകടമാകുന്നത് മൊബൈല്‍ ഫോണിന്റെ കാര്യത്തിലാണ്. പെണ്‍കുട്ടികള്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നതില്‍ മാതാപിതാക്കള്‍ക്ക് വേവലാതിയാണ്.

മൊബൈല്‍ ഫോണ്‍ വന്നതോടെ സ്വകാര്യത ഇല്ലാതായി. വിപണിയുടെയും സ്‌റ്റേറ്റിന്റെയും മുന്നില്‍ നമ്മള്‍ നഗ്നരാണ്. നമ്മള്‍ ഉച്ചരിക്കുന്ന ഓരോ വാക്കും റിക്കാര്‍ഡ് ചെയ്യപ്പെടുന്നു. അതുപയോഗിച്ച് സ്‌റ്റേറ്റിന് നമ്മെ തീവ്രവാദിയാക്കാം. സദാചാരവിരുദ്ധനാക്കാം. അത് മൊബൈല്‍ ഫോണ്‍ ഉയര്‍ത്തുന്ന ഭീഷണിതന്നെയാണ്. അതേസമയം, നമ്മുടെ പെണ്‍കുട്ടികള്‍ ഇത്രയും സ്വതന്ത്രകളായ വേറൊരു കാലമില്ല. ഏറ്റവും മനോഹരിയായ സ്ത്രീയാരെന്നതിനെക്കുറിച്ച് ഗോര്‍ക്കി ഇങ്ങനെ ചിന്തിക്കുന്നുണ്ട്, 'ആദ്യപ്രസവം കഴിഞ്ഞ് കുഞ്ഞിനെയും ഒക്കത്തുവെച്ച് ആകാശം നോക്കിയിരിക്കുന്ന സ്ത്രീയാണ് ഏറ്റവും സുന്ദരി'യെന്നാണ് ഗോര്‍ക്കി പറഞ്ഞത്. ഞാനത് തിരുത്തുന്നു. നഗരത്തിലെ തെരുവോരത്തെ മരച്ചുവട്ടില്‍ തനിച്ചുനിന്ന് തന്റെ കാമുകനോടോ സഹപ്രവര്‍ത്തകനോടോ പരിസരം മറന്ന് മൊബൈലില്‍ സംസാരിക്കുന്ന പെണ്‍കുട്ടിയാണ് ഏറ്റവും സുന്ദരി.

ഓഫീസിലും കോളേജിലും സാധ്യമാകാത്ത സ്വാതന്ത്ര്യമാണ് അവള്‍ക്ക് മൊബൈല്‍ ഫോണിലൂടെ ലഭിക്കുന്നത്. എന്തിന് നമ്മുടെ ദാമ്പത്യത്തെത്തന്നെ സഹനീയമാക്കുന്നത് മൊബൈല്‍ ഫോണുകളാണിപ്പോള്‍. വാരന്ത്യത്തിലെ യാന്ത്രികമായ ഇണചേരലിനുശേഷം പോത്തുപോലെ കൂര്‍ക്കംവലിച്ച് കിടന്നുറങ്ങുന്ന ഭര്‍ത്താവിന് എതിരെ തിരിഞ്ഞുകിടന്ന് സഹപ്രവര്‍ത്തകനോ കാമുകനോ ഫോണ്‍ ചെയ്ത്, 'ഞങ്ങളുടെ നാടകം കഴിഞ്ഞു. ഇനി നമുക്ക് അല്പനേരം കൊച്ചുവര്‍ത്തമാനം പറയാം' എന്നു പറയുന്ന സ്ത്രീ. ദാമ്പത്യത്തിന്റെ വിരസത അവള്‍ സഹിക്കുന്നത് ഇത്തരം അന്തരീക്ഷത്തിലൊക്കെത്തന്നെയാണ്.

ലൈംഗികതയെ അഭിമുഖീകരിക്കാന്‍ മലയാളിയെ പ്രാപ്തനാക്കാനുള്ള ഒരു ശ്രമവും ഇവിടെ എന്തുകൊണ്ട് നടന്നില്ല?

38 കൊല്ലം മുന്‍പ് ആദ്യമായും അവസാനമായും അത്തരത്തിലൊരു ശ്രമം നടന്നു.

'നാളത്തേക്ക് ഒരു ലൈംഗികസദാചാരം' എന്ന പേരില്‍ ഫാദര്‍ കാപ്പന്റെ ഒരു പുസ്തകം ഇറങ്ങിയിരുന്നു. ലൈംഗികതയെ അഭിമുഖീകരിക്കാന്‍ മലയാളിയെ പ്രാപ്തനാക്കാനുള്ള ഒരു ശ്രമമായിരുന്നു അത്.

അദ്ദേഹത്തിന്റെ അപ്രകാശിതവും അപൂര്‍ണവുമായ ആത്മകഥ ഈയിടെ വായിക്കാന്‍ കഴിഞ്ഞു. അതില്‍ ഇങ്ങനെ പറയുന്നു:

'ലോകത്തില്‍ ഒരു പാപമേയുള്ളൂ. സ്‌നേഹിക്കാനുള്ള അവകാശം നിഷേധിക്കുക എന്നതാണത്.'

സ്‌നേഹിക്കലും സ്‌നേഹിക്കപ്പെടലും അവകാശമാണ് എന്ന സദാചാരമാണ് മലയാളി അംഗീകരിക്കേണ്ടത്.

(കലാകൗമുദി 2010 ജനവരി 10)

മുഴുവൻ വായിക്കുവാൻ കാണുക:
http://www.mathrubhumi.com/books/article/interview/1676#storycontent

8 comments:

  1. സമൂഹത്തെ ആകമാനം വിലയിരുത്തിയാണ് സിവിക്ചന്ദ്രൻ മലയാളിയുടെ ലൈംഗിക കാപട്യത്തെപ്പറ്റി എഴുതിയിരിക്കുന്നത്. അല്മായശബ്ദത്തിൽ, ഒരു പക്ഷേ, നമ്മൾ ലൈംഗിക കാര്യങ്ങളിൽ കത്തോലിക്കരുടെ ഗതി, കത്തോലിക്കാ കുടുംബങ്ങളുടെ ഗതി, എങ്ങനെയെന്ന് വിശകലനം ചെയ്യാൻ ശ്രമിക്കണം. ഇവിടെ ഒന്നും ഭദ്രമല്ലെന്നു മാത്രമല്ല, വളരെയധികം പാകപ്പിഴകൾ കുടുംബങ്ങളിൽ സംഭവിക്കുന്നുമുണ്ട്. ഉയര്ന്ന വിദ്യാഭ്യാസം അവകാശപ്പെടുന്ന കത്തോലിക്കരുടെയിടയിലും ലൈംഗികാവബോധം വേണ്ടത്രയില്ല, അല്ലെങ്കിൽ പക്വതയിലെത്തിയിട്ടില്ല എന്നത് നിരസിക്കാനാവില്ല. എന്നാൽ ഇതെപ്പറ്റി ഒരു പഠനം നടത്താൻ നമ്മുടെ രൂപതാധികാരികൾ സന്നദ്ധരല്ല. പോപ്പ് ആവശ്യപ്പെട്ട സർവ്വെയിൽ ഈ വിഷയവും ഉൾക്കൊള്ളിച്ചിരുന്നു. രോഗമുണ്ടെന്ന് സമ്മതിക്കാതെ അതെപ്പറ്റി പഠിക്കാൻ നമ്മുടെ മെത്രാന്മാർ എങ്ങനെ തയ്യാറാവും?

    കത്തോലിക്കർക്ക് ധാരാളം കുട്ടികൾ ജനിക്കുന്നുണ്ട്, അതുകൊണ്ട് കുടുംബഭദ്രതയെപ്പറ്റി ആശങ്കയ്ക്ക് കാര്യമില്ല എന്നായിരിക്കണം അവരുടെ പണ്ഡിതോചിതമായ നിലപാട്! മുകളിൽനിന്ന് ആവശ്യപ്പെട്ടിട്ടുപോലും ഈ വിഷയത്തെപ്പറ്റി ഒരു സമഗ്ര പഠനം നടത്താൻ വിസമ്മതിക്കുന്ന മെത്രാന്മാർക്ക് എന്ത് സാമൂഹിക പ്രതിപത്തിയാനണുള്ളത്? എന്തുത്തരവാദിത്തമാണ്‌ അവർ പ്രകടിപ്പിക്കുന്നത്? കുടുംബങ്ങളിൽ മാത്രമല്ല, വൈദികരുടെയും കന്യാസ്ത്രീകളുടെയും കാര്യത്തിൽ ലൈംഗികത എങ്ങനെ വിലയിരുത്തപ്പെടണം, എന്തുകൊണ്ടാണ് ഉതപ്പുകളും അഴിഞ്ഞാട്ടങ്ങളും കൊലപാതകങ്ങളും വരെ അവരുടെയിടയിലും അവർ മൂലവും സംഭവിക്കുന്നത്‌ എന്നതിനെപ്പറ്റി നമ്മുടെ മെത്രാന്മാർ അന്വേഷിക്കുന്നുണ്ടോ? പിടിക്കപ്പെടുന്ന കുറ്റക്കാരെ രക്ഷിക്കാൻ മാത്രം വെപ്രാളം കാണിച്ചാൽ എന്തെങ്കിലും നേരെയാകുമോ? അല്മായ സമൂഹത്തെ ബാധിച്ചിരിക്കുന്ന കുത്തലിന് പുരോഹിതരും അവരുടെ നേതൃത്വവുംകൂടെ കാരണക്കാരാണ്. പോപ്പിന് ഇവിടുത്തെ കാര്യങ്ങളെപ്പറ്റി സൽസ്വഭാവ സര്ട്ടിഫിക്കറ്റ് അയച്ചുകൊടുത്ത്‌ മിടുക്കരാകാൻ നോക്കുന്നത് സഭയോടും അവനവനോട് തന്നെയും ചെയ്യുന്ന വഞ്ചനയാണ്. പുഴുക്കുത്തിനുള്ള കാരണം കണ്ടുപിടിച്ച് അതിനുള്ള പ്രതിവിധിയാണ് തേടേണ്ടത്.

    Tel. 9961544169 / 04822271922

    ReplyDelete
    Replies
    1. കാലങ്ങളായി വിവിധ തലങ്ങളില്‍ ചര്‍ച്ച ചെയ്യപ്പെട്ടുവെന്ന് കരുതുന്ന ഒരു വിഷയമാണ് ഇത്. ലൈംഗിക വിദ്യാഭ്യാസം വിദ്യാലയങ്ങളില്‍ നിര്‍ബന്ധമാക്കിയാലും കത്തോലിക്കാ സഭാംഗങ്ങള്‍ക്ക്‌ ലൈംഗികതയോടുള്ള കാഴ്ചപ്പാട് മാറുമെന്ന് ഞാന്‍ കരുതുന്നില്ല. ദൈവത്തോട് വലിയ ഒരപരാധം ചെയ്യുന്നു എന്ന ചിന്തയോടെ കുടുംബ ജീവിതം നയിക്കുന്ന പഴയകാല പള്ളിക്കൊക്കുകള്‍ കുടുംബത്തില്‍ വിതച്ചിട്ടുള്ള അസംപ്തൃപ്തിയുടെ ആഴം ചെറുതല്ല. പല മദ്ധ്യവയസ്കരും പുതിയ ലാവണങ്ങള്‍ തേടി പോകുന്നതിന്റെയും, വിവാഹ ജീവിതങ്ങള്‍ തകരുന്നതിന്റെയും കാരണം സാംസ്കാരികമായി ഉള്ളില്‍ കോറി വെച്ചിട്ടുള്ള മുദ്രാവാക്യങ്ങളാണ്. അബദ്ധ ധാരണകളില്‍ നിന്നാണ് അതിപ്രസരവും ഉണ്ടാകുന്നത്. വിവാഹ പൂര്‍വ്വ കൌന്സലിങ്ങുകള്‍ക്ക് ഇതില്‍ ചെറിയൊരു വ്യതിയാനം വരുത്താന്‍ കഴിഞ്ഞേക്കാം എന്നേയുള്ളൂ. 25ഉം 22ഉം പ്രായമുള്ള രണ്ടു ദമ്പതിമാര്‍ ഉരുക്കഴിക്കുന്നത് 25+22=47 വര്‍ഷങ്ങളിലെ അവരുടെ ധാരണകളും മനസ്സിലാക്കലുകളുമാണ്. അവ ഇഴ ചേര്‍ന്ന് പോവുക വളരെ ബുദ്ധിമുട്ടാണ്.
      ശരീരത്തിലെ അവയവങ്ങളെ നല്ലതെന്നും ചീത്തയെന്നും വേര്‍തിരിക്കുന്ന തത്ത്വ ശാസ്ത്രം എന്തായാലും വിപരീത ഫലമേ ഉണ്ടാക്കൂ. യേശുവിന്‍റെ കാലത്തും വിവാഹ ജീവിതം ഒരു പുരുഷന്‍റെ ജീവിതത്തിലെ ഏറ്റവും ബഹുമാനിക്കപ്പെടുന്ന ഒരു അവസ്ഥയായി കരുതപ്പെട്ടിരുന്നു. അവിവാഹിതനായ ഒരു യഹൂദന്‍ സമൂഹത്തില്‍ ഒരു താണ നിലവാരത്തില്‍ കഴിയേണ്ടിയും വന്നിരുന്നു. അത്തരം ഒരു മനോഭാവം യേശുവിനോട് അന്നത്തെ യഹൂദ സമൂഹം പുലര്‍ത്തിയില്ലാ എന്നതുകൊണ്ടാണ് യേശുവും വിവാഹിതനായിരിക്കാം എന്ന് പലരും കരുതുന്നത്. പല കഥകളും അടിസ്ഥാനമില്ലാത്തതെന്നു ബോദ്ധ്യമായതും ഈ സംശയത്തിന് ആക്കം കൂട്ടിയിട്ടുള്ളതെയുള്ളൂ. അവിവാഹിതരായ പുരുഷന്മാര്‍ നയിക്കുന്ന ഒരു മതത്തിനും ലൈംഗികതയെ പുനര്‍ നിര്‍വചിക്കാനാവില്ല, അതിന്‍റെ ശുദ്ധതയില്‍ ആവിഷ്കരിക്കാനും കഴിവില്ല. ഈ വിഷയവും കത്തോലിക്കാ സഭക്ക് പരിഹരിക്കാനാവാത്ത ഒരു സമസ്യയായി തുടരും എന്ന് തന്നെയാണ് ഞാനും കരുതുന്നത്.

      Delete
    2. ''അവള്‍ മറ്റുള്ളവര്‍ക്ക് കൊണ്ടക്കൊടുക്കുന്നു. ഇവിടെ ഞങ്ങളാരും ആണുങ്ങളല്ലേ...'', ഇതായിരുന്നു പ്രതികരണം. ആള്‍ക്കൂട്ടത്തിന്റെ മനഃശാസ്ത്രം അങ്ങനെയാണ്. തങ്ങള്‍ക്ക് കിട്ടാത്ത ഒന്നും മറ്റുള്ളവര്‍ക്ക് കൊടുക്കാന്‍ പാടില്ല!

      മലയാളിയുടെ സദാചാരബോധത്തിന് ഇത്രയേ അർത്ഥമുള്ളൂ, 'കൊതിക്കെറുവ്' എന്ന് പച്ചമലയാളത്തിൽ പര്യായം പറയും. എന്തിലും പിന്തിരിപ്പൻ എന്നു പറയാവുന്ന ഒരടഞ്ഞ സംസ്കൃതി മലയാളിയിൽ രൂപപ്പെട്ടത് എങ്ങനെയാണ്? എന്തിനോടാണ്‌ മലയാളിക്ക് തുറവിയുള്ളത്? ആദ്യമായി സമ്പൂർണ്ണ സാക്ഷരത നേടിയെന്നുള്ള തലക്കനം കൊണ്ട്, സാക്ഷരത കേവലം അക്ഷരാഭ്യാസത്തിനുപരി വരികൾക്കിടയിലെ അർത്ഥവും, വ്യക്തി കൈവരിക്കേണ്ട ഉൾക്കാഴ്ചയുമാണെന്ന് വിഗ്രഹിച്ചറിയാനുള്ള നൈസർഗ്ഗികമായ മനുഷ്യന്റെ കഴിവ് മലയാളി സ്വയം നഷ്ടപ്പെടുത്തി. ആലങ്കാരികമായി ഇങ്ങനെയൊക്കെ പറയാമെങ്കിലും വാച്യാർത്ഥങ്ങളിൽ, ഉപരിപ്ലവമായതിൽ, പൊങ്ങച്ചങ്ങളിൽ ആനന്ദം കണ്ടെത്തുന്ന ഒരു പ്രത്യേക വരട്ടു സമൂഹമായി മലയാളി മാറി എന്നത് നമുക്ക് നിഷേധിക്കാനാവാത്ത വസ്തുതയാണ്. ഏതുതുറയിലും മലയാളി പുലർത്തിപ്പോരുന്ന സത്യാസന്ധവും സുതാര്യവുമല്ലത്ത സമീപനങ്ങൾ അവന്റെ/ അവളുടെ ലൈംഗികതയിലും ഒരു സദാചാര പൊയ്മുഖമണിഞ്ഞു പ്രത്യക്ഷപ്പെടുന്നു എന്ന് മാത്രം. ഒരു അലോപ്പതി പരീക്ഷണം ഇവിടെ വിജയിക്കില്ല എന്ന് എല്ലാരും ഒന്നടങ്കം പറഞ്ഞു കഴിഞ്ഞു. എങ്കിലും ചരിത്രത്തേക്കാൾ മെച്ചപ്പെട്ടതാണീ കാലം!

      Delete
    3. ശരിയാണ്, ഒരു തരത്തിലും അഴിക്കാനാവാത്ത കുരുക്കിലാണ് ഇന്നത്തെ നമ്മുടെ സമൂഹം. പുരുഷമേധാവിത്വവും പുരോഹിതാന്ധതയും രാഷ്ട്രീയക്കാരുടെ നെറിവുകെട്ട കള്ളക്കളികളും ചേർന്നുള്ള ഓടവെള്ളത്തിൽ മുട്ടറ്റം നിന്ന് ഉഴലുന്ന ഒരു സമൂഹമാണ് നമ്മുടേത്‌. മനുഷ്യന്റെ സ്വാഭാവികമായ വളർച്ചയെ മുരടിപ്പിച്ചുകളയുന്ന ഒരു വികല സംസ്കാരത്തിന്റെ പരിണതഫലമാണ് അത്. ദൈവം തമ്പുരാനാണ് മനുഷ്യവർഗ്ഗത്തെ ആണും പെണ്ണുമായി സൃഷ്ടിച്ചതെന്നും അതുകൊണ്ടുതന്നെ അവർ തമ്മിലുള്ള ശാരീരികവും മാനസികവുമായ വിവ്യത്യാസങ്ങളിൽ അപാകതയൊന്നുമില്ലെന്നും അംഗീകരിക്കാൻ ബുദ്ധിമുട്ടുണ്ടാക്കുന്ന രീതിയിലുള്ള വേർതിരിവുകളും പൊതുസ്ഥലങ്ങളിലുള്ള പരസ്പരസമ്പർക്ക നിരോധനങ്ങളും സമൂഹത്തിൽ കുത്തിച്ചെലുത്തുന്നത് കൂടുതലും ഇസ്ളാമിക ക്രൈസ്തവ തീവ്രപാരമ്പര്യങ്ങളാണ്. ആണ്‍-പെണ്‍ കുട്ടികളെ വെവ്വേറെ സ്കൂളിൽ വിടുന്നത് അതിലൊന്നുമാത്രമാണ്. ആരാധനസ്ഥലത്തും യാത്രയിലും മറ്റും സ്ത്രീപുരുഷ വ്യത്യാസങ്ങൾ കർശനമായി പൊലിപ്പിച്ചു കാണിക്കുന്ന വികട പാരമ്പര്യങ്ങൾ നിറുത്തലാക്കാൻ പോലുമുള്ള ആത്മവിശ്വാസം കണ്ടെത്താത്ത ഒരു ജനത ഇരുപത്തൊന്നാം നൂറ്റാണ്ടിലും ഈ നാട്ടിൽ മാത്രമേയുള്ളൂ. ഇതിലും വലിയ തമാശകൾ ഇംഗ്ളണ്ടിൽ വിക്ടോറിയൻ കാലത്തുണ്ടായിരുന്നു. Victorian prudery എന്ന വാക്ക് തന്നെ അങ്ങനെയുണ്ടായതാണ്. എന്നാൽ അവരൊക്കെ കാലക്രമേണ പക്വമായ ചിന്തകൾക്ക് മുൻ‌തൂക്കം കൊടുക്കുകയും എങ്ങനെയും മനുഷ്യരെ ബോധവത്ക്കരിക്കാനുള്ള പദ്ധതികൾക്ക് രൂപം കൊടുക്കുകയും ചെയ്തു. ബാലിശമായ അജ്ഞതയിൽ നിന്ന് അടിഞ്ഞു കൂടുന്ന ചെളി നീക്കിക്കളയാൻ വിവേകമതികൾ നടപ്പാക്കിയ പദ്ധതികളിൽ ഒന്നായിരുന്നു കൌമാരത്തിലെത്തുന്നതിനു മുമ്പുള്ള പ്രായത്തിൽ ആണ്‍ പെണ്‍ വ്യത്യാസമില്ലാതെ കുട്ടികൾ നഗ്നരായി ഒരുമിച്ചു നീന്തി കുളിക്കുക എന്നത്.1960 കളുടെ അവസാനത്തിലാണ് ലൈംഗിക വിദ്യാഭാസത്തിന്റെ ഭാഗമായി ഇംഗ്ളണ്ടിലെ സ്കൂളുകളിൽ ഇത് നടപ്പിൽവരുത്തിയത്.

      തെത്സുകോ കുറോയാനഗി എന്ന ജപ്പാൻകാരി എഴുതിയ പുസ്തകമാണ് "റ്റോറ്റോ ചാന്‍". 1963 ല്‍ മരിച്ച സൊസാകു കൊബായാഷി എന്ന അദ്ധ്യാപകന്‍ രൂപകല്‍പന ചെയ്ത, വളരെ കുഞ്ഞുങ്ങള്‍ക്ക്‌ ഗുരുകുലമായിത്തീര്‍ന്ന, 'റ്റൊമോ ഗാക്വെന്‍' എന്ന് പേരിട്ടിരുന്ന പ്രാഥമിക വിദ്യാലയത്തിന്റെയും അവിടെ വളര്‍ന്ന ഗ്രന്ഥകര്‍ത്രിയുടെയും യഥാര്‍ത്ഥ കഥയാണിത്. അന്നത്തെപ്പോലെ ഇന്നും 'പരിഷ്കൃതരും പ്രബുദ്ധരും' വകവച്ചു കൊടുക്കില്ലാത്ത പലതും 1937ല്‍ ആരംഭിച്ച തന്റെ സ്കൂളില്‍ കൊബായാഷി പരീക്ഷിച്ചു നോക്കി. അതിലൊന്നായിരുന്നു, അംഗവൈകല്യങ്ങള്‍ ഒളിപ്പിക്കേണ്ടതില്ലെന്നും, അതിന്റെ പേരില്‍ പെരുമാറ്റച്ചട്ടങ്ങളൊന്നും പാടില്ലെന്ന് മാത്രമല്ല, ശരീരത്തെ പരസ്പരം മറച്ചുപിടിക്കേണ്ടതുമില്ലെന്നുള്ള അദ്ദേഹത്തിന്‍റെ നിര്‍ബന്ധം. സ്കൂള്‍കുളത്തില്‍ കുഞ്ഞുങ്ങള്‍ നഗ്നരായി ഒന്നിച്ചു നീന്തിക്കുളിക്കുന്നതില്‍ ഒരപാകതയും ഉള്ളതായി അദ്ദേഹം കരുതിയിരുന്നില്ല. കൌമാരത്തിലെ അമിതജിജ്ഞാസകളെ മുളയിലേ നുള്ളിക്കളയാന്‍ ഇത്തരം സഹജരീതികള്‍ ഉതകുമെന്ന് ഒരു ജനത കണ്ടെത്തുകയായിരുന്നു. പ്രകൃതിക്കിണങ്ങുന്നതൊന്നും തെറ്റല്ല എന്നതായിരുന്നു അവിടത്തെ കാഴ്ചപ്പാട്. എന്തിലും ആണ്‍-പെണ്‍ വേര്‍തിരിവ് അവിടെ അന്യമായിരുന്നു. ഈ ഇരുപതാം നൂറ്റാണ്ടിലും ഇക്കാര്യത്തിൽ മാറ്റങ്ങളെ വെറുക്കുന്നവർ ഭാരതീയർ മാത്രമാണ്. ഇപ്പോഴും കേരളത്തിലും ഇന്ത്യയില്‍ പലേടത്തും നിലവിലുള്ള 'boys' school', girls' school' ഏര്‍പ്പാട് അങ്ങേയറ്റം പ്രകൃതിവിരുദ്ധവും മനുഷ്യത്വരഹിതവുമാണെന്ന് ഇനിയെന്നാണ് നമ്മുടെ വിദ്യാഭ്യാസ വിചക്ഷണന്മാര്‍ മനസ്സിലാക്കുക? ശരിക്കുള്ള ലൈംഗികാവബോധം ആരോഗ്യകരമായ ഒരു സമൂഹത്തിന്റെ വളർച്ചക്ക് അനിവാര്യാണെന്ന് സ്ഥാപിക്കാൻ ഇത്രയും കുറിച്ചുവേന്നെയുള്ളൂ. - See more at: http://znperingulam.blogspot.in/2010/10/blog-post_3065.html

      Delete
  2. അല്മായശബ്ദത്തില്‍ "മലയാളിയുടെ കപട സദാചാരം" എന്ന അതിഗഹനമായ വിഷയം ചര്‍ച്ചയ്ക്കായി എഴുതിച്ചേര്‍ത്ത സാക്കരിയാച്ചായന്റെ നല്ല ഉദ്ദേശത്തെ മാനിച്ചുകൊണ്ട് എഴുതിത്തുടങ്ങട്ടെ !ആചാരങ്ങളും സദാചാരങ്ങളും ദുരാചാരങ്ങളും ; ഈ വാക്കുകള്തന്നെ ഓരോ സമൂഹത്തിനും 'കാമ്പരിറ്റീവും' മാറ്റപ്പെടുന്നതുമാകുന്നു ! കത്തോലിക്ക മഹാസഭ അടക്കിവാഴുന്ന സദാചാരനാടുകളിലെ ആചാരം ആര്‍ഷഭാരതത്തില്‍ ഹോ എത്രവലിയ ദുരാചാരം കൊടുംപാപം ! അമേരിക്ക കാനഡ ഓസ്ട്രെലിയ യൂറോപിയന്‍നാടുകള്‍ ഒക്കെ ഒക്കെ 'ഫ്രീസെക്സ്ഇന്റെ' അതിപ്രസരം അറുപതുകളില്‍ അതിരൂക്ഷമായി! 'എയിഡ്സ്' എന്ന മഹാരോഗം സ്വവര്‍ഗരതിയിലൂടെ ലോകത്തിനു പുതുതായി ദാനംചെയ്തു സ്വയം ധന്യരായി ജീവിക്കുന്ന കത്തനാര്‍ കര്‍ദ്ദിനാള്‍ സമൂഹവും , അവര്‍ ആഴ്ചതോറും പാപം കഴുകിക്കളയുന്ന അജഗനങ്ങളും ഇന്ന് 'ഫീസെക്സ്'കാരണം ലോകത്തിനുതന്നെ ശാപമായി മാറിക്കഴിഞ്ഞിരിക്കുന്നു ! ആഴ്ചയില്‍ ഭാര്യ/ഭര്‍ത്താവ് അല്ലാത്ത സ്ത്രീകളുമായി/പുരുഷന്മാരുമായി (മിനിമം 3 ഓര്‍ 4 എന്ന് സര്‍വേ) ശാരീരിക സന്തോഷത്തില്‍ ഏര്‍പ്പെടുന്ന പ.കത്തോലിക്കാനാടുകളില്‍ "സ്ത്രീ പീഠനം" എന്ന വാക്കുതന്നെ അപരിചിതം ആയിരിക്കെ; അവിടുത്തെ "അല്മായശബ്ദങ്ങളില്‍" ഒരു സാക്കരിയാമാരും ഇതുപോലൊരു വിഷയം കൈകാര്യംചെയ്യുമെന്നും ഞാന്‍ കരുതുന്നില്ല ! ആയതിനാല്‍ പൊയമുഖത്തില്‍ മൊത്തക്കച്ചവടക്കാരായ മലയാളിയെ ഈ അവസാനകാലത്ത് നന്നാക്കാന്‍ പഴ്വേലചെയ്യണമോ എന്ന് നമുക്കുടന്‍ ചിന്തിക്കാം ...sex പാപം, വിവാഹം മഹാപാപം,എന്ന് സ്വയം പുലമ്പി സ്വവര്‍ഗരതിയില്‍ "കണ്ണ്‍അടച്ചുപാലുകുടിക്കുന്ന" കത്തോലിക്കാ പൂച്ചകത്തനാരന്മാരെ ഇതിലേക്ക് വലിചിഴയ്ക്കുകയും വേണ്ട! അവര്‍ പാപികളെ കുമ്പസാരിപ്പിക്കട്ടെ..പാപമില്ലാത്ത പാപികള്‍ അവരുടെമുന്നില്‍ മുട്ടുകുത്തി മുട്ടുകുട്ടി മുട്ടുവേദന സ്വയം ഉണ്ടാക്കട്ടെ ..നമുക്കീ കപടനാടകം പള്ളിപ്പരിസരത്ത് മാറിനിന്നു കണ്ടുരസിക്കാം കര്‍ത്താവിനെപ്പോലെ ...

    ReplyDelete
    Replies
    1. "രണ്ടുപേർ പരസ്പരസമ്മതത്തോടെ സ്നേഹപ്രകടനങ്ങളിൽ ഏർപ്പെടുമ്പോൾ അതിനു സാധിക്കാത്ത മൂന്നാമാനുണ്ടാകുന്ന ചൊറിച്ചിലാണ് നമുക്ക് സദാചാരം."
      John Godfrey shared Rahul Humble Sanal's photo. in FB.

      Delete
  3. ചെറുപ്പം മുതൽ കേരളത്തിനും പിന്നെ ഇന്ത്യക്കും വെളിയിൽ ജീവിചെങ്കിലും കേരളം വിട്ട് ഒരിടത്തും പോകാൻ എനിക്ക് ഇന്ന് ഒട്ടും ആഗ്രഹം തോന്നാറില്ല. എത്രവേണമെങ്കിലും നടക്കാൻ ഇഷ്ടമാണ്, എന്നാൽ യാത്രയെനിക്ക് ഇഷ്ടമല്ല. എന്നാലും ചിലപ്പോൾ യാത്ര ചെയ്യേണ്ടിവരുന്നു. ഇന്നലെ യൂറോപ്പിലേയ്ക്കുള്ള യാത്രയിൽ വീണ്ടും മനസ്സിലായി, മുകളിൽ പറഞ്ഞിരിക്കുന്നത് കേരളീയരെപ്പറ്റി, ഭാരതീയരെപ്പറ്റി എത്ര ശരിയാണെന്ന്. വന്ന വഴിക്ക് എത്രയോ ദമ്പതികൾ, പ്രായമുള്ളവരും ചെറുപ്പക്കാരും അവരുടെ പരസ്പരസ്നേഹം ഒരു തടസ്സമോ ഭയമോ ഇല്ലാതെ പങ്കുവയ്ക്കുന്നത് കണ്ടപ്പോൾ ഓർത്തുപോയി, എത്ര മനോഹരമാണ് പ്രത്യേകിച്ച് ചെറുപ്പക്കാർ അന്യോന്യം സ്നേഹം പകർന്ന് സ്വതന്ത്രരായി പെരുമാറുന്നത് കാണാൻ എന്ന് - ഇടയ്ക്കിടയ്ക്ക് ഒരാൾ മറ്റാളുടെ അടുത്തേയ്ക്ക് ചാഞ്ഞിരുന്ന് മുഖം ചേര്ത്തു കണ്ണടച്ചിരിക്കുന്നു. ഒരുമ്മക്ക് വേണ്ടി. പുസ്തകം വായിച്ചുകൊണ്ടിരിക്കുമ്പോഴും ഒരാൾ സുഹൃത്തിന്റെ തലയിൽ ഒന്ന് ചൊറിയുന്നു, വെറുതേ, എന്റെ മനസ്സിൽ നീയുണ്ട് എന്നറിയിക്കാൻ. അല്ലെങ്കിൽ ഒരാപ്പിൾ മാറിമാറിക്കടിച്ചു തിന്നുന്നു. ലംഗികകെളികകേളികൾ ഒന്നുമല്ല ഞാനുദ്ദേശിക്കുന്നത്. ഇത്തരം കൊച്ചു സ്നേഹപ്രകടനങ്ങൾപോലും കൈമാറാൻ സമ്മതിക്കുന്ന ചുറ്റുപാടുകൾ നമ്മുടെ യുവതീയുവാക്കൾക്ക് എന്ന് ലഭ്യമാകും? ഇതൊക്കെ പൊതുസ്ഥലത്ത് വേണോ എന്നാണു നമ്മുടെ സദാചാരം ചോദിക്കുന്നത്. എന്തുകൊണ്ട് ഇവര്ക്ക് അങ്ങനെയൊരു വ്യത്യാസം വിലയിരുത്തേണ്ട ആവശ്യം ഉണ്ടാകുന്നില്ല? ഇഷ്ടം എവിടെവച്ചും കാണിക്കാൻ ഈ സംസ്കാരം തടയുന്നില്ല. കാരണം, അസൂയയല്ല ഇവിടെ മനുഷ്യരെ നയിക്കുന്ന സദാചാരനിയമം. അതാണ്‌ വ്യത്യാസം. നമ്മൾ എല്ലാ പെരുമാറ്റവും ഓരോ ഇടത്തിനും തരത്തിനും വേണ്ടി കാനോണ്‍ നിയമവും മുസ്ളിം നിയമവും കത്തോലിക്കാ നിയമവും നോക്കി അളന്നു തൂക്കി കുറിച്ചുവച്ചിരിക്കുകയാണ്. വീട്ടിലൊന്ന്, പുറത്തൊന്ന്, പള്ളിയിലൊന്ന്, സ്കൂളിലൊന്ന്, ചന്തയിലൊന്ന് എന്നിങ്ങനെ. സ്വാതന്ത്ര്യം പാപമാണെന്നാണ് വൈദികർ പഠിപ്പിക്കുന്നത്, മാതാപിതാക്കൾ പറയാതെ പറയുന്നത്. ആരും വളരരുത്‌. സ്വാതന്ത്ര്യം വളർച്ചയുടെ ഫലമാണ്. തങ്ങളും ഇവരുടെ മാതാപിതാക്കളും അനുഭവിക്കാത്ത സ്വാതന്ത്ര്യം മക്കൾ എന്തിനു അനുഭവിക്കണം എന്നാണു വൈദികർക്കും മാതാപിതാക്കൾക്കും ഉള്ളിൽ ഉയരുന്ന ചോദ്യം. അങ്ങനെ തഴങ്ങി, ഇക്കാര്യങ്ങളെപ്പറ്റി തുറന്നെഴുതാനും സ്വന്തം മനസ്സിൽ തോന്നുന്നത് പുറത്തു പറയാനും പോലും നമ്മൾക്ക് കഴിവില്ല, സ്വാതന്ത്ര്യമില്ല. കാരണം മക്കളുടെ മുമ്പിൽ വച്ച് സ്നേഹം പങ്കുവയ്ക്കുന്നത് പോലും നിഷിദ്ധമായ ഒരു വരണ്ട സംസ്കാരത്തിലാണ് പ്രത്യേകിച്ച് കേരളീയർ ജീവിക്കുന്നത്. ഈ വിഷയം ഞാൻ എടുത്തിട്ടിട്ട് , ആരും മുന്നോട്ടു വരുന്നില്ല, എന്തെങ്കിലും തുറന്നു പറയാൻ. പറഞ്ഞിട്ടെന്തു ഗുണം, ഇതൊന്നും നമുക്കുള്ളതല്ലല്ലോ എന്നായിരിക്കണം ചിന്ത. അല്പമൊന്നു മാറാൻ നമ്മെ ആരും അനുവദിക്കുന്നില്ല. എന്തൊരു നശിച്ച വര്ഗ്ഗമാണിത്!

    Tel. 9961544169 / 04822271922

    ReplyDelete
  4. സക്കറിയാച്ചയന്‍ വിഷമിക്കണ്ടാ , sex പാപമെന്ന് പള്ളിയില്‍ നമ്മെ പറഞ്ഞു പറ്റിച്ച പുരോഹിതര്‍ തന്നെ എല്ലാം ഓപ്പണ്‍ ആക്കാന്‍ ദാ മുന്നോട്ടു വന്നിരിക്കുന്നു ! കഴിഞ്ഞ മാസം കൊല്ലാത്തുള്ള ഒരു ഓര്‍ത്തഡോക്‍സ്‌ കത്തനാര്‍ വി.കുര്‍ബാനയും കഴിഞ്ഞു ആ പള്ളിയിലെ ഒരു ചെരുപ്പക്കാരിയെ കാരില്‍കയറ്റി നാഷണല്‍ ഹൈവേയുടെ ഓരത്തു കാര്‍ പാര്‍ക്ക്‌ ചെയ്തു കാറിനകം കിടപ്പറയാക്കി ; പോലീസ് പിടിയിലായി ,അഴിക്കുള്ളിലുമായി! അവളെ വെറുതെയും വിട്ടു ! ജനം ഇതു പിന്തുടരും ,നമുക്കും യൂറോപ്പ് കേരളത്തില്‍ കാണാം ..ആമ്മീന്‍ !

    ReplyDelete