‘അല്മായ തിഷ്ണത വഴിതെറ്റുമ്പോള്‍’ എന്ന ശീര്‍ഷകത്തില്‍
http://catholicthought2012.blogspot.in/ ല്‍ (കത്തോലിക്കന്‍) അജ്ഞാതന്‍
എഴുതിയ ഒരു ലേഖനം ഒരു സ്നേഹിതന്‍ എന്‍റെ ശ്രദ്ധയില്‍ പെടുത്തുകയുണ്ടായി. ഒരു
കൊച്ചു മറുപടി എഴുതാന്‍ എനിക്ക് തോന്നി. സദയം ക്ഷമിക്കുക.
അധികം ലേഖനങ്ങള്‍ ഇല്ലെങ്കിലും സഭാമക്കളെ
ഉത്തേജിപ്പിക്കുന്ന കുറെ ലേഖനങ്ങള്‍ ഈ ബ്ലോഗ്ഗിലുണ്ട്. അല്മായാശബ്ദം തുടര്‍ച്ചയായി
വായിക്കുന്ന അനേകം വിശ്വാസികളും ഉണ്ടെന്നത് അറിയുന്നതിലുള്ള സന്തോഷം ആദ്യം
രേഖപ്പെടുത്തട്ടെ. സഭ തുടങ്ങിയ കാലം മുതല്‍ അനേകം വിമത ശക്തികള്‍ സഭക്കെതിരായി
പ്രവര്‍ത്തിച്ചിട്ടുണ്ട് അവക്കൊന്നും സഭയെ ഒന്ന് പോറിക്കാന്‍ കഴിഞ്ഞിട്ടില്ല, കഴിയുകയുമില്ല
എന്ന സന്ദേശത്തോടെയാണ് ലേഖനം തുടങ്ങുന്നത്. നല്ല കാര്യം, പക്ഷെ, ചരിത്രം അതല്ല
പറയുന്നത്. ലോകത്തെ ഏതു ശക്തിയേയും നേരിടാന്‍ കെല്‍പ്പുണ്ട് എന്ന് കരുതിയ ഒരു
ശക്തിയും ഇന്ന് ജീവിച്ചിരിക്കുന്നില്ല എന്നത് ഓര്‍മ്മിപ്പിച്ചുകൊണ്ട് ഏതാനും ചില
കാര്യങ്ങള്‍ ഞാനും പറയട്ടെ.
ഓണ്‍ലൈനിലും ഓഫ്‌ലൈനിലും ആയി ഇന്ന് മാധ്യമങ്ങളില്‍
കൂടി പ്രവഹിച്ചുകൊണ്ടിരിക്കുന്ന അനേകം സഭാവിരുദ്ധ ലേഖനങ്ങള്‍ ഒരാള്‍ എഴുതിയതല്ല,
ഒരിടത്ത് നിന്ന് പുറത്തു വരുന്നവയുമല്ല. സിറോ മലബാര്‍ സഭക്കെതിരെ ലോകം മുഴുവനുള്ള
വിശ്വാസികളില്‍ ബഹുഭൂരിപക്ഷവും അസ്വസ്ഥരാണെന്നത് ഒരു നഗ്നസത്യമാണ്. അമേരിക്കയിലോ
വിദേശ രാജ്യങ്ങളിലോ ലത്തിന്‍ റിത്തില്‍ ഉള്‍പ്പെട്ട കേരളിയരായ മുഴുവന്‍ ആളുകളെയോ ബഹുഭൂരിപക്ഷത്തെയോ തന്നെ ഓടിനടന്നു രൂപീകരിച്ച സിറോ രൂപതകളില്‍ അംഗമാക്കാന്‍ സഭക്ക് ഇന്നേവരെ
കഴിഞ്ഞിട്ടില്ല, ഇനി കഴിയുകയുമില്ല. ഇന്ത്യയില്‍ ഡല്‍ഹിയില്‍ താമസിക്കുന്ന
കേരളിയരെ തന്നെ ഫരീദാബാദ് സിറോ മലബാര്‍ എപ്പാര്‍ക്കിയുടെ കീഴില്‍ കൊണ്ടുവരാന്‍
ശ്രമിച്ചതിന്‍റെ ഫലം നാം കണ്ടു. ഒറ്റക്കെട്ടായി മലയാളി കത്തോലിക്കര്‍ പ്രതിക്ഷേധിച്ചു.
അത്രമേല്‍ എല്ലാവരും സ്നേഹിക്കുന്ന ഒരു സഭയാണ് സിറോ മലബാര്‍.
കേരളത്തില്‍ നിരവധി കത്തോലിക്കാ
പ്രസിദ്ധീകരണങ്ങളില്‍ എഴുതുകയും ധ്യാനങ്ങള്‍ നയിക്കുകയും ചെയ്യുന്ന ഒരു പ്രശസ്തയായ
വനിത എന്‍റെ സഹപാഠിയാണ്. അവരെ നേരിട്ട് കണ്ടപ്പോള്‍ സഭ നന്നായല്ല
നയിക്കപ്പെടുന്നതെന്ന് അവര്‍ തുറന്നു സമ്മതിക്കുകയുണ്ടായി. വെറുപ്പ് എന്നൊരു
വികാരം അപകടകാരിയായതുകൊണ്ട് ഞാനാരെയും വെറുക്കുന്നില്ല എന്നാണു അവര് പറഞ്ഞത്.
ഈ
കേരളത്തില്‍ നിരവധി വൈദികരും കന്യാസ്ത്രികളും അംഗങ്ങളായ ‘ആശ്രമൈറ്റ്സ് സംഘം’
പ്രവര്‍ത്തിക്കുന്നുവെന്നത് ലേഖനം എഴുതിയ സുഹൃത്ത് അറിഞ്ഞു കാണില്ല. ഫാ. ബോബി ജോസ്
കപ്പൂച്ചിനെപോലുള്ള നിരവധി വൈദികര്‍ വെട്ടിത്തുറന്നു കാര്യങ്ങള്‍ പറയുന്നുവെന്നതും
അനേകര്‍ ആ വഴിയില്‍ തങ്ങിയിട്ടുണ്ടെന്നുള്ളതും സുഹൃത്ത് ശ്രദ്ധിച്ചിട്ടില്ല. സിറോ
മലബാറിന്‍റെ ഈറ്റില്ലമായ കേരളത്തിലെ എല്ലാ ഇടവകകളിലും തന്നെ സഭാ നവീകരണവാദികള്‍
ഉണ്ട്. സ്നേഹിതന്‍ അവരെ ബുദ്ധി ജീവികള്‍ എന്നായിരുന്നില്ല, ചിന്തിക്കുന്നവര്‍
എന്നായിരുന്നു വിശേഷിപ്പിക്കേണ്ടിയിരുന്നത്. ലേഖകന്‍ പറഞ്ഞതുപോലെ ഇത് പിതാക്കന്മാരെ
വിഷമിപ്പിക്കുന്നുണ്ട്, മിക്ക ഇടയലേഖനങ്ങളിലും ഇത് പിതാക്കന്മാര്‍
സൂചിപ്പിക്കുന്നുമുണ്ട്. സ്നേഹിതന്‍ അറിഞ്ഞിരിക്കേണ്ട മറ്റൊരു കാര്യം ഈ വിമതരുടെ
സംഖ്യ അനുദിനം വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്നുവെന്നതും ഒരേറ്റുമുട്ടലിനു തന്നെ വിശ്വാസികള്‍
തയ്യാറെടുക്കുന്നുവെന്നതുമാണ്.
അബദ്ധജഡിലമായ ആശയങ്ങള്‍ പ്രചരിപ്പിക്കുകയും തരംതാണ ഭാഷകളില്‍ സഭാധികാരികളെ വെല്ലുവിളിക്കുകയും ചെയ്യുന്നുവെന്നാണ് വിമതരെപ്പറ്റി ലേഖകന്‍
പറയുന്നത്. അബദ്ധജഡിലമായ ആശയങ്ങള്‍ പ്രതിക്ഷേധക്കാരുടെ പക്കല്‍നിന്നും വരുന്നില്ലായെന്നു
ഞാന്‍ പറയുന്നില്ല, തരംതാണ ഭാഷകള്‍ ആരും പറഞ്ഞിട്ടില്ലെന്നും ഞാന്‍ പറയുന്നില്ല.
അതിലും തരംതാണ ഭാഷയും പെരുമാറ്റവും സഭയുടെ ഔദ്യോഗിക അനുമതിയോടെ നടന്ന ചില
മുന്നേറ്റങ്ങളില്‍ ഉണ്ടായിട്ടുണ്ട് എന്ന് അറിയുക. ചങ്ങനാശ്ശേരിയില്‍ തെരുവിലൂടെ
വിശ്വാസികള്‍ അലറിയ മുദ്രാവാക്യങ്ങളിലും തരംതാണ ഭാഷയുണ്ടായിരുന്നു, അതിഥിയായി
വന്ന സ്ഥാനാര്‍ഥിയോട് ഒരു മെത്രാന്‍ പറഞ്ഞതും ഗ്രേഡ് കൂടിയ ഭാഷയായിരുന്നില്ല.
കാഞ്ഞിരപ്പള്ളിയിലും കൊല്ലത്തും വളരെ സമാധാനപരമായി പ്രകടനം നടത്തിയ പ്രതിക്ഷേധക്കാരെ
യുവദീപ്തി പ്രവര്‍ത്തകര്‍ കമ്പും വടിയുമായി നേരിട്ടപ്പോഴും കൊല്ലത്ത് പ്രതിക്ഷേധക്കാരുടെ നേരെ പൊലീസിനെ
ഇറക്കിയപ്പോഴുമൊക്കെ നിലവിട്ട പ്രവര്‍ത്തനങ്ങളാണ് ഉണ്ടായതെന്നും ലേഖകന്‍
ഓര്മ്മിക്കുക. പറയാന്‍ ഇനിയുമുണ്ട്.
അതവിടെ നില്‍ക്കട്ടെ; തുടര്‍ന്ന് ലേഖകന്‍ പറയുന്നു,
ഒറ്റപ്പെട്ട പ്രാമാണിത്തമനോഭാവത്തെയും, അധികാര വടംവലികളെയും,
സമ്പത്തിന്‍റെ അമിതവിനിയോഗത്തെയും സാമാന്യവല്‍ക്കരിച്ചുകൊണ്ട്, പൗരോഹിത്യത്തെ
അടച്ച് തള്ളിപ്പറയുന്ന, സുവിശേഷത്തിന്‍റെ യഥാര്‍ത്ഥ സന്ദേശത്തെ പുച്ഛത്തോടെ
തള്ളുന്ന ഇത്തരക്കാരുടെ നിലപാടുകളെ വിശ്വാസത്തിന്‍റെ വെളിച്ചത്തില്‍
ന്യായീകരിക്കാനാവില്ലായെന്ന്. വിശ്വാസികള്‍ സഭാ പിതാക്കന്മാരുടെയും ഭരണ
ശ്രേണിയെയും വിമര്‍ശിക്കുന്നത് ഒറ്റപ്പെട്ട സംഭവങ്ങളെ ആധാരമാക്കിയല്ല, വ്യാപകമായ
അധികാര ദുര്‍വ്വിനിയോഗവും ധാര്‍മ്മികച്യുതിയും ചൂണ്ടിക്കാട്ടിയാണെന്ന്
ഓര്മ്മിക്കുക. കാഞ്ഞിരപ്പള്ളിയില്‍ മോണിക്കയുടെ ഭൂമി തട്ടിയെടുത്തുവെന്നത്
ഏതെങ്കിലും അത്മായന്‍ മെനഞ്ഞ കഥയല്ല, മെത്രാന്‍ പ്രതിയായി കോടതിയില്‍ നിലവിലുള്ള
ഒരു കേസിനെ അടിസ്ഥാനമാക്കിയാണ് ഇത് പറയുന്നത്.
എല്ലാ പിതാക്കന്മാരും ദുഷ്ടന്മാരല്ല.
പക്ഷെ, കേരളത്തില്‍ സഭയുടെ സ്ഥാപനങ്ങളില്‍ ഗവണ്മെന്റിന്‍റെ ചിലവില്‍ നടത്തുന്ന
നിയമനങ്ങളില്‍ പണം വാങ്ങാത്ത ഒരു രൂപതയെങ്കിലും ഈ ലേഖകന്‍ കാണിച്ചു തരാമോ? കോതമംഗലത്ത്,
പറഞ്ഞ വാക്കില്‍ നിന്നും മെത്രാന്‍ പിന്മാറി ഒരു കുടുംബത്തെ പിച്ചി ചീന്തിയ കഥ
മാത്രം എടുത്താല്‍ മതി അത്മായനെ എത്ര മാത്രം ബഹുമാനത്തോടെയാണ് അധികാരികള്‍
കറങ്ങുന്ന കസേരകളിലിരുന്നു കാണുന്നതെന്ന്.
ഡോ. ജെയിംസ് കോട്ടൂര്‍ സാക്ഷാല്‍
ആലഞ്ചേരി പിതാവിനെക്കണ്ട് വിശ്വാസികളുടെ പരാതികള്‍ക്ക് മറുപടി ലഭിക്കാനുള്ള ഒരു
സംവിധാനം ഉണ്ടാകണമെന്ന് മറ്റു പിതാക്കന്മാരുടെ സാന്നിദ്ധ്യത്തില്‍ വെച്ചും
അല്ലാതെയും പല തവണ ആവശ്യപ്പെട്ടിട്ടും നടന്നില്ല. ഇതിനെ ധാര്‍ഷ്ട്യം എന്നല്ലാതെ
എന്താണ് വിളിക്കേണ്ടത്?
സുവിശേഷത്തിന്‍റെ യഥാര്‍ത്ഥ സന്ദേശത്തെ പുശ്ചത്തോടെ
തള്ളുന്നവര്‍ എന്നൊരു വിശേഷണം ലേഖകന്‍ നവീകരണ വാദികള്‍ക്ക് നല്‍കുന്നുണ്ട്. സുവിശേഷമാണോ
മാര്‍ത്തോമ്മായുടെ പാരമ്പര്യവും ഞാന്‍ പരി. ആത്മാവാണെന്നും ക്രിസ്തുവാണെന്നുമൊക്കെ
വാദിച്ച മാനിയുടെ ഔദ്യോഗിക ചിഹ്നമായ താമരക്കുരിശുമാണോ സിറോമലബാര്‍ സഭക്ക്
പ്രിയപ്പെട്ടതെന്ന് ലേഖകന്‍ സമയം കിട്ടുമ്പോള്‍ ഒന്ന് പരിചിന്തനം ചെയ്യുക. ഒരു
നവീകരണ പ്രവര്‍ത്തകനെയും ബാലാല്‍സംഗത്തിനോ, രാജ്യദ്രോഹത്തിനോ, തട്ടിപ്പിനോ ഇവിടെ
അറസ്റ്റു ചെയ്തിട്ടില്ലെന്നും ഞാന്‍ ഓര്‍മ്മിപ്പിക്കട്ടെ.
സഭയുടെ നല്ല പ്രവര്‍ത്തനങ്ങള്‍ എന്ന് പറയുന്നു
ലേഖകന്‍. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ അംഗങ്ങള്‍ വിട്ടുപോകുന്ന മതം സീറോ മലബാര്‍
ആണെന്ന് 2013 ല്‍ വന്ന ഒരു ലേഖനത്തില്‍ ഇന്ത്യ റ്റുഡെ ചൂണ്ടിക്കാണിച്ചു. ഇന്ന്
കത്തോലിക്കാ സഭയ്ക്കുള്ളില്‍ കാണുന്നത്ര അസ്വസ്ഥത മറ്റേതെങ്കിലും സഭക്കുള്ളിലുണ്ടെങ്കില്‍
ലേഖകന്‍ അതും സദയം കാണിച്ചു തരിക. എന്‍റെ അറിവ് ശരിയെങ്കില്‍ വലിയ ദ്വാരം
അടിയിലുള്ള കപ്പലും ചെറിയ ദ്വാരം അടിയില്‍ ഉള്ള വള്ളവും മുങ്ങാന്‍
വിധിക്കപ്പെട്ടവകളാണ്.
പല വര്‍ഷങ്ങളായി ഈ സഭയുടെ അംഗസംഖ്യ ന്യായമായി വര്‍ദ്ധിക്കുന്നില്ല.
പ്രീകാനാ കോഴ്സ് ഉണ്ട്, വിവാഹമോചന കേസുകളുടെ എണ്ണം കൂടിയോ കുറഞ്ഞോ? ശിശുക്കള്‍ക്കൊഴിച്ച്
എല്ലാ പ്രായക്കാര്‍ക്കും സംഘടനകള്‍ ഉണ്ട്. എല്ലാത്തിന്‍റെയും തലപ്പത്ത് ഒന്നുകില്‍
മെത്രാന്‍ അല്ലെങ്കില്‍ ഒരു വൈദികന്‍. വിശ്വാസം കൂടിയോ കുറഞ്ഞോ? സാക്ഷാല്‍ മാര്‍പ്പാപ്പാ
പല തവണ ആവശ്യപ്പെട്ടിട്ടും ഇന്ത്യയില്‍ ഫാമിലി സര്‍വ്വേ എന്തുകൊണ്ട് നടത്തിയില്ല?
ഒരൊറ്റ അത്മായനെ പോലും ഇന്ത്യയില്‍ നിന്ന് ഈ ഒക്ടോബറില്‍ റോമില്‍ നടക്കുന്ന
പ്രത്യേക സമ്മേളനത്തില്‍ പങ്കെടുപ്പിക്കാന്‍ നമുക്കെന്തുകൊണ്ട് കഴിഞ്ഞില്ല?
വെല്ലുവിളികളെ സഭ അതിജീവിക്കും എന്ന് സുവിശേഷകന്‍ പറഞ്ഞിട്ടുണ്ടെങ്കില്‍, മാര്‍പ്പാപ്പയെ
അനുസരിച്ചും അദ്ദേഹത്തിനു വിധേയപ്പെട്ടും കഴിയുന്ന ഏതെങ്കിലും സഭയെ ആയിരിക്കണം
ഉദ്ദേശിച്ചത്.
ഒരു കാലത്ത് സഭ ചെയ്തുകൊണ്ടിരുന്നത് സ്തുത്യര്‍ഹമായ
സേവനങ്ങള്‍ ആയിരുന്നു എന്ന ലേഖകന്‍റെ പരാമര്‍ശം ഞാനും ഭാഗികമായി അംഗീകരിക്കുന്നു.
അന്നും തെമ്മാടിക്കുഴികളും മഹറോനും ഉണ്ടായിരുന്നു എന്നോര്‍ക്കുക. ഏതായാലും അന്ന് സഭയിലേക്ക്
അനേകര്‍ വന്നു കൊണ്ടിരുന്നു, സഭാ സ്വത്തുക്കള്‍ കൈകാര്യം ചെയ്തുകൊണ്ടിരുന്നത്
അത്മായരുമായിരുന്നു. അന്ന് നമ്മുടെ മെത്രാന്മാര്‍ക്ക് സമൂഹത്തില്‍ ഉന്നതമായ ഒരു
സ്ഥാനം ഉണ്ടായിരുന്നെങ്കില്‍ ഇന്ന് പൊതു സാംസ്കാരിക ചടങ്ങുകളില്‍ അവരെ ആരും
ക്ഷണിക്കുന്നില്ല.
പേരും പ്രശസ്തിയും ആഗ്രഹിക്കാതെ സഭക്കുള്ളില്‍ പ്രവര്‍ത്തിക്കുന്ന
പുണ്യാത്മാക്കാള്‍ സഭയില്‍ ഇന്നുണ്ടെങ്കില്‍ അവര്‍ക്കെല്ലാം സഭ കൊടുത്ത
കുരിശുകളുടെ എണ്ണവും കുറവല്ല. അടുത്ത കാലത്ത് നിര്യാതനായ കൈപ്പന്പ്ലാക്കല്‍ അച്ചന്‍
തന്നെ ഉദാഹരണം.
“വിശ്വാസധാരയ്ക്കും മീതെ ഉയര്‍ത്തിപ്പിടിച്ച്, കൂടുതല്‍
അഭിപ്രായ ഭിന്നതകള്‍ക്ക് കളമൊരുക്കുന്നവര്‍ ശ്രദ്ധിക്കുക, ആദ്യകാലത്തെ
നിയമജ്ഞര്‍ വിധിക്കപ്പെട്ടതുപോലെ നിങ്ങളും പുറംതള്ളപ്പെട്ടേക്കാം.” ലേഖകന്‍
ഇപ്പറഞ്ഞത് സഭാധികാരികളെപ്പറ്റി ആയിരിക്കണം. ഈ അഭിപ്രായം എനിക്കുമുണ്ടെന്ന് സദയം
അറിയിക്കട്ടെ. യേശു യുദ്ധം ചെയ്തിട്ടുണ്ടെങ്കില്‍ പുരോഹിതര്‍ക്കും നിയമജ്ഞന്മാര്‍ക്കും
എതിരായിട്ടായിരുന്നു എന്ന് തന്നെയാണല്ലോ വി. ബൈബിള്‍ പറയുന്നത്.
ലേഖകന്‍ സഭാ നവീകരണ പ്രവര്‍ത്തകര്‍ക്കെല്ലാം ഒരു
മുന്നറിയിപ്പ് കൊടുത്തുകൊണ്ടാണ് ലേഖനം അവസാനിപ്പിക്കുന്നത്. ഒരു സത്യം ഞാനും
അദ്ദേഹത്തിന് ഉപദേശിക്കട്ടെ, ‘ആദ്യം സ്വന്തം കണ്ണിലെ തടി എടുത്തു കളയുക, എന്നിട്ട്
അത്മായനെ പഠിപ്പിക്കുക’. ഏതായാലും തുടര്‍ന്നും അത്മായശബ്ദം വായിക്കുക കത്തോലിക്കനില്‍
എഴുതുക.
No comments:
Post a Comment