Translate

Sunday, December 21, 2014

തൊടുപുഴ ന്യൂമാൻകോളേജ് വീണ്ടും സംഘർഷത്തിലേക്ക് - റെജി ഞള്ളാനി

ആളുകളുടെ അഭിമാനമായിരുന്നു. അക്ഷരദീപം ജ്വലിച്ചുനിന്നിരുന്ന കോളേജിന്‍റെ മുറ്റത്തിനിന്ന് രക്തനിറമാണ്. കോതമംഗലം രൂപതാമെത്രാന്മാരുടെയും ഫാ. മാനുവൽ പിച്ചളക്കാട്ടിന്‍റെയും  വിവേകരഹിതവും ദ്രോഹബുദ്ധിയിൽ ഉദിച്ചതുമായ തെറ്റിന്‍റെ ഫലമായി, പ്രൊഫ. ടി.ജെ. ജോസഫിനും ഭാര്യ സലോമിക്കും രക്തം ചിന്തേണ്ടിവന്നു. ഇതിലെ കുറ്റവാളികളെല്ലാം സുരക്ഷിതരായി, തങ്ങളുടേതായ സിംഹാസനങ്ങളിൽ കഴിയുന്നു. ദാരുണമായ ഈ സംഭവം മുസ്ലീം സഹോദരങ്ങളും ക്രിസ്ത്യൻ വിശ്വാസികളും തമ്മിൽ മാനസികമായി അകൽച്ചയ്ക്കിടയാക്കുകയും ചെയ്തു. മതമൈത്രി മുഖമുദ്രയായ  കേരളത്തെ സംബന്ധിച്ച്, സാമുദായികമായി സംഭവിക്കുന്ന ഏതൊരു അകൽച്ചയും അപകടകരമാണെന്നു നാം തിരിച്ചറിയേണ്ടതുണ്ട്.

ഇത്തരത്തിൽ സാമുദായിക ഭിന്നതയ്ക്കിടയാക്കുന്ന മറ്റൊരു സംഭവംകൂടി തൊടുപുഴ ന്യൂമാൻ കോളേജിൽ ആവർത്തിക്കുകയാണ്. ന്യൂമാൻ കോളേജിനുള്ളിൽ സ്ഥാപിച്ചിട്ടുള്ള വിജ്ഞാനമാതാപ്പള്ളിയും നിർമ്മാണത്തിലിരിക്കുന്ന സെമിത്തേരിയും തികച്ചും അനാവശ്യമാണെന്ന് എല്ലാവരും പറയുന്നു. കാരണം, വിശ്വാസസമൂഹത്തിന് ഒന്നര കിലോമീറ്ററിനുള്ളിൽ, തൊടുപുഴ ടൗൺപള്ളിയും മുതലക്കോടം പള്ളിയും കല്ലാനിക്കൽ സെന്റ്. സെബാസ്റ്റ്യൻസ് പള്ളിയും സ്വന്തമായുണ്ട്. അപ്പോൾ കോളേജിനുള്ളിൽ ഒരു പള്ളിയും അതിനൊരു സിമിത്തേരിയും വേണമെന്ന സഭാധികാരികളുടെ ശാഠ്യം വിശ്വാസിസമൂഹത്തോടുമാത്രമല്ല, കോളേജിൽ പഠിക്കാനെത്തുന്ന നാനാജാതി മതസ്ഥരായ കുട്ടികളോടും അവരുടെ മാതാപിതാക്കന്മാരോടുമുള്ള ധിക്കാരമാണ്. എന്നാൽ, ഇക്കാര്യത്തിൽ മറ്റു മതസ്ഥർ ഇടപെട്ടാൽ അത് വർഗ്ഗീയതയായി വ്യാഖ്യാനിക്കപ്പെടും. അതുകൊണ്ട്, സാമുദായിക ഐക്യത്തിനുവേണ്ടിക്കൂടി, ക്രൈസ്തവവിശ്വാസികൾ ഒന്നടങ്കം അണിനിരന്ന് ഈ നീക്കത്തെ ചെറുത്തു തോൽപ്പിക്കേണ്ടതുണ്ട്.

ഈ വിഷയത്തിലേക്കു കൂടുതൽ വെളിച്ചംപകരാൻ, 'ന്യൂമാൻ കോളേജ് ശവക്കോട്ട വിരുദ്ധസമിതി'യുടേതായി 'ന്യൂമാൻ കോളേജിൽ ശവക്കോട്ട  എന്തിന്?' എന്ന തലക്കെട്ടിൽ, കാരിക്കോടിൽ നിന്നും ഡിസം.4-ന് ഇറങ്ങിയ ഒരു നോട്ടീസിൽ നിന്നും ഏതാനും ഭാഗങ്ങൾ താഴെകൊടുക്കുന്നു:
''...വിജ്ഞാനമാതാ ചാപ്പൽ സ്ഥാപിതമായതിനുശേഷം 2007 ഫെബ്രുവരി മാസം 12 -ാംതീയതി കോളേജിന്റെ അധീനതയിൽ ഉണ്ടായിരുന്ന (സർവ്വേ 205/2ഇ, 2015/ആ, 2052അ എന്ന നമ്പരിൽപ്പെട്ട) 67.75 സെന്റ് വസ്തു അന്നത്തെ വികാരി റവ. ഫാദർ സോട്ടർ പെരിങ്ങാരപ്പള്ളിക്ക് കോതമംഗലം അധ്യക്ഷൻ മാർ ജോർജ് പുന്നക്കോട്ടിൽ ഒരു ധനനിശ്ചയാധാരപ്രകാരം എഴുതിക്കൊടുത്തു. (കോളേജിന്റെ വസ്തു പള്ളിക്കുവേണ്ടി എഴുതിക്കൊടുത്തത് നിയമവിധേയമാണോ എന്നത് മറ്റൊരു കാര്യം)

ന്യൂമാൻ കോളേജിന്റെ അനുദിനപ്രവർത്തനത്തിനു തടസ്സമാകരുത് എന്നതിനാൽ, വിവാഹം പോലുള്ള ആഘോഷപൂർവ്വമായ ചടങ്ങുകൾ പൊതുഅവധി ദിവസങ്ങളിലും ഞായറാഴ്ച്ചകളിലുംമാത്രമേ നടത്താവൂ എന്നതായിരുന്നു തീരുമാനം.
എന്നാൽ ഈ തീരുമാനത്തിനു കടകവിരുദ്ധമായ രീതിയിൽ, ആയിരക്കണക്കിനു കുട്ടികൾ പഠിക്കുന്ന കോളേജ് കോമ്പൗണ്ടിൽത്തന്നെയുള്ള ചാപ്പലിനോടു ചേർന്ന് ശവേക്കാട്ട നിർമ്മിക്കുവാൻ തീരുമാനിച്ചിരിക്കുകയാണ്. ഇതു പ്രതിഷേധാർഹവും ഒരിക്കലും അനുവദിക്കാൻ പാടില്ലാത്തതുമാണ്.
വിശ്വാസികൾ പലരുടെയും എതിർപ്പുകളെ തൃണവൽഗണിച്ചുകൊണ്ട്, കോളേജിലെ അധ്യാപകരുടെയും മറ്റു ജീവനക്കാരുടെയും അഭിപ്രായങ്ങൾക്കു പുല്ലുവിലപോലും കല്പ്പിക്കാതെ, ടി വിജ്ഞാനമാതാ പള്ളിവികാരി തീർത്തും രഹസ്യമായും ഉദ്യോഗസ്ഥരെയുംമറ്റും സ്വാധീനിച്ചുമാണ് സെമിത്തേരി പണിയുന്നതിന്, അനുവാദം വാങ്ങിയിട്ടുള്ളത്.

...തൊടുപുഴയുടെ തിരുമുറ്റത്തുള്ള ന്യൂമാൻ കോളേജിൽ നാനാജാതിമതസ്ഥരായിട്ടുള്ള ധാരാളം കുട്ടികൾ പഠിക്കുന്നുണ്ട്. ആ കുട്ടികൾക്ക് വേണ്ടത്ര ആധുനിക സജ്ജീകരണങ്ങളോടുകൂടിയ ലൈബ്രറിയും കമ്പ്യൂട്ടർ ലാബും കളിസ്ഥലവും മറ്റുമാണ് വേണ്ടത്. മറിച്ച്, സെമിത്തേരിയല്ല. വിവാഹംപോലും കോളേജിൽ അവധിദിവസങ്ങളിൽമാത്രമേ നടത്താവൂ എന്നു തീരുമാനമുള്ള പ്പോൾ, ' മരണം അവധിദിവസങ്ങളിൽ മാത്രമേ ഉണ്ടാകൂ' എന്ന അതീന്ദ്രിയജ്ഞാനം വിജ്ഞാനമാതാ പള്ളി വികാരിക്കുണ്ടോ? ധാരാളം സർക്കാർസ്ഥാപനങ്ങളും നാനാജാതി മതസ്ഥരായ മനുഷ്യരുടെ വീടുകളും നിരവധി ക്ഷേത്രങ്ങളുമെല്ലാം ചുറ്റിലുമുള്ള കോളേജ് പരിസരത്ത് സെമിത്തേരി വേണമെന്ന വികാരിയുടെ കടുംപിടുത്തം മതേതരസങ്കല്പത്തിനും മതനിരപേക്ഷതയ്ക്കും എതിരാണ്. സത്യം തുറന്നുപറഞ്ഞവരെയും സെമിത്തേരി നിർമ്മാണത്തിന് എതിർപ്പുപറഞ്ഞ വിശ്വാസികളെയും സഭയിൽനിന്നു പുറത്താക്കുമെന്നു ഭീഷണിമുഴക്കി ഒരു സ്വേച്ഛാധിപതിയെപ്പോലെ പെരുമാറുകയാണു വികാരി. സെമിത്തേരിനിർമ്മാണതീരുമാനം വികാരിയുടെ സ്വകാര്യകാര്യമാണോ?

ന്യൂമാൻ കോളേജിനു വേണ്ടത് പൂന്തോട്ടമാണ്, സെമിത്തേരിയല്ല. കുട്ടികൾ സൗഹൃദം കൂടേണ്ടത് കുട്ടികളോടാണ്; അല്ലാതെ, പരേതാത്മാക്കളോടല്ല. കുട്ടികൾക്കുവേണ്ടത് കായികാഭ്യസനങ്ങൾക്കുവേണ്ടിയുള്ള കളിസ്ഥലമാണ്, കുഴിമാടമല്ല. ക്ലാസ് തുടങ്ങുമ്പോൾ മുഴങ്ങേണ്ടത് 'വെളിച്ചമേ നയിച്ചാലും' എന്ന ഗാനമാണ്, മരണഗീതമല്ല. കുട്ടികൾ ആസ്വദിക്കേണ്ടതും പങ്കുവയ്‌ക്കേണ്ടതും സ്‌നേഹവും വിജ്ഞാനവുമാണ്; മറിച്ച്മരണപ്പെട്ടവരുടെയും ബന്ധുക്കളുടെയും കണ്ണീരും വിലാപവുമല്ല....

ചോദ്യപ്പേപ്പർ വിവാദത്തിൽ ഒരദ്ധ്യാപകന്റെ കണ്ണീരും കിനാവും രക്തവുമെല്ലം വീണു കളങ്കിതമായ ന്യൂമാൻ കോളേജിനെ, ഒരു സെമിത്തേരി വിവാദംകൂടി പേറി വീണ്ടും കുപ്രസിദ്ധമാക്കണോ?
ആയതിനാൽ, ന്യൂമാൻ കോളേജിലെ അനധികൃത ശവക്കോട്ടനിർമ്മാണത്തെ ഏതുവിധേനയും ചെറുത്തുതോല്പിക്കുവാൻ ഇന്നാട്ടിലെ എല്ലാ നല്ലവരായ ആളുകളുടെയും സഹായസഹകരണങ്ങൾ പ്രതീക്ഷിക്കുന്നു.''


ഈ നോട്ടീസിൽ പറഞ്ഞിരിക്കുന്ന കാര്യങ്ങൾ പ്രാഥമികാന്വേഷണത്തിൽ ശരിയാണെന്നു കാണുകയുണ്ടായി. കോളേജന്തരീക്ഷം ഇതിന്റെ പേരിൽ പ്രക്ഷുബ്ധമായിക്കൊണ്ടിരിക്കുകയാണ്. ചുറ്റുമുള്ള പ്രദേശവാസികളും വികാരവിക്ഷുബ്ദ്ധരാണ്. മെത്രാനിടപെട്ട് തീരുമാനം പിൻവലിച്ചില്ലെങ്കിൽ പ്രശ്‌നം ഗുരുതരമാകുകതന്നെചെയ്യും. സമുചിതമായ ഇടപെടൽ നടത്തിയ 'ശവക്കോട്ട വിരുദ്ധസമിതി' എല്ലാ ക്രൈസ്തവരുടെയും പിന്തുണ അർഹിക്കുന്നു.

No comments:

Post a Comment