Translate

Thursday, December 11, 2014

മനുഷ്യനും പരിണാമവും - ദിലീപ് മമ്പള്ളില്‍

16410_631883

Source: mathrubhumi 

സത്യത്തില്‍ മനുഷ്യന്‍ പരിണമിക്കുമോ?

ഒരു ഉദാഹരണത്തില്‍ തുടങ്ങാം. എന്റെ ആദ്യ കമ്പ്യൂട്ടറിന് മെമ്മറി 512എംബി ആയിരുന്നു. ഇന്ന് 2ജിബിയില്‍ കുറഞ്ഞ മെമ്മറിയുള്ള കമ്പ്യൂട്ടറുകള്‍ വിപണിയില്‍ കാണാനേ ഇല്ല. കാരണം കമ്പ്യുട്ടര്‍ ഉപയോഗിക്കുന്നവരുടെ സാങ്കേതികമായ ആവശ്യങ്ങള്‍ (ആവാസവ്യവസ്ഥ) വര്‍ധിച്ചു. 512 എംബി ഉള്ളവ അതിജീവിച്ചില്ല. ആവാസവ്യവസ്ഥ മാറിയതോടെ കമ്പ്യൂട്ടറുകള്‍ പരിണമിച്ചു കൂടുതല്‍ മെമ്മറി ഉള്ളവയായി മാറി എന്നുപറയാം.
പരിണാമം എന്നത് എവിടെയും എപ്പോഴും സംഭവിക്കുന്ന ഒരു പ്രക്രിയയാണ്. പഴയതില്‍നിന്നും പുതിയവ ഉരുത്തിരിഞ്ഞു വരുന്ന പ്രക്രിയ. എന്നുവച്ചാല്‍ ജീവനുള്ളവയും ഇല്ലാത്തവയും എല്ലാം പരിണമിക്കും. വസ്തുക്കളും ആശയങ്ങളും പരിണമിക്കും.
60 ലക്ഷം വര്‍ഷം മുമ്പ് കുരങ്ങുവര്‍ഗ്ഗങ്ങളിലുണ്ടായ പരിണാമത്തിന്റെ ഒരു ശാഖ ഇന്നത്തെ ചിമ്പാന്‍സിയിലെക്കും മറ്റൊന്ന് മനുഷ്യനിലേക്കും നയിച്ചു. മനുഷ്യനിലേക്ക് നയിച്ച ശാഖയില്‍ ഉണ്ടായ ഏറ്റവും വലിയ മാറ്റം ഏകദേശം ഇരുകാലില്‍ എഴുന്നേറ്റു നില്‍ക്കുവാന്‍ പറ്റിയവ ഉണ്ടായി എന്നതാണ്. ഇവക്ക് ഇരുകാലില്‍ നിവര്‍ന്നു നില്‍ക്കാന്‍ മാത്രമല്ല മരം കയറാനും കഴിഞ്ഞിരുന്നു.
മരങ്ങള്‍ കുറവായ പ്രദേശങ്ങളില്‍ ജീവിക്കേണ്ടിവന്നപ്പോള്‍ നിവര്‍ന്നുനിന്ന് വീക്ഷിക്കാനും, ഇരുകാലില്‍ ഓടാനും (ഉദാഹരണത്തിന് ശത്രുജീവികളില്‍നിന്നും രക്ഷപ്പെടാന്‍) കൂടുതല്‍ കാര്യങ്ങള്‍ ചെയ്യുവാനും കഴിവുള്ള ജീവികള്‍ അതിജീവിച്ചു. മാത്രമല്ല അവയ്ക്ക് രണ്ടു കൈകള്‍ മറ്റു ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കാന്‍ സാധിച്ചു.
ആ ജീവികളില്‍നിന്നും ആധുനിക മനുഷ്യനിലേക്ക് പെട്ടന്ന് ഒരു മാറ്റം സംഭവിച്ചതല്ല. ജീനുകളില്‍ ഉണ്ടായ മാറ്റങ്ങള്‍ ക്രമം ഇല്ലത്തതാകയാല്‍ പലതരം മാറ്റങ്ങള്‍, അതായത് പലതരം ജീവികള്‍ ഉണ്ടായി. അതില്‍ മനുഷ്യസമാനമായ ശാഖയില്‍ ഉള്ള വിഭാഗങ്ങള്‍ ആയിരുന്നു ഒസ്ട്ട്രാലോ-പിതാകാസ്, പാരന്ത്രോപ്പാസ്, ഹോമോ എന്നിവ. ഇതില്‍ പെടുന്ന പത്തുപതിനേഴുതരം മനുഷ്യജീവികള്‍ക്ക് തെളിവുകളായി ഫോസിലുകള്‍ ലഭിച്ചിട്ടുണ്ട്. ഒരുപക്ഷെ ഫോസില്‍ തെളിവുകള്‍ അവശേഷിപ്പിക്കാതെ പോയ അല്ലെങ്കില്‍ നമുക്ക് ഇതുവരെ ഫോസില്‍ കണ്ടെത്താന്‍ കഴിയാത്ത വര്‍ഗ്ഗങ്ങളും ഉണ്ടായിരുന്നിരിക്കാം.
ഇതില്‍ ഹോമോ എന്ന വിഭാഗം ഏകദേശം 8 ലക്ഷം വര്‍ഷം മുന്‍പ് മാത്രം പരിണമിച്ചു വന്നവയാണ്. ഹോമോ വിഭാഗത്തില്‍ വരുന്ന ചില വര്‍ഗ്ഗങ്ങള്‍ ആയിരുന്നു നിയാണ്ടര്‍ത്താല്‍, ഫ് ളോരെസീന്‍സിസ്, സാപ്പിയന്‍സ് എന്നിവ. മരം കയറാനുള്ള കഴിവ് ഇല്ലാതിരുന്ന ഈ ഹോമോ വര്‍ഗ്ഗത്തിന് ശരീരത്തെ മൂടുന്ന രോമങ്ങളും ഇല്ലായിരുന്നു. മറിച്ചു വിയര്‍പ്പുഗ്രന്ധികള്‍ കായികമായി ദീര്‍ഘനേരം ഇടപെടുന്നതില്‍ സഹായിച്ചു.
മസ്തിഷ്‌കത്തിന്റെ വലിപ്പത്തിലുണ്ടായ വളര്‍ച്ചയാണ് ഹോമോ വിഭാഗത്തില്‍പെട്ട ജീവികള്‍ക്കു എടുത്തു പറയേണ്ട കാര്യം. ഈ വിഭാഗത്തിന്റെ മുന്‍പ് തന്നെ ഏകദേശം 26 ലക്ഷം വര്‍ഷങ്ങള്‍ മുന്‍പ് ഉണ്ടായിരുന്ന കുരങ്ങുമനുഷ്യര്‍ വരെ കല്ലുകള്‍ കൊണ്ടുള്ള ആയുധങ്ങള്‍ ഉണ്ടാക്കിയിരുന്നു. ഹോമോ വര്‍ഗ്ഗത്തിന്റെ തുടക്കത്തില്‍ തന്നെ തീയും കൂര്‍പ്പിച്ച കമ്പുകളും മറ്റും ആയുധങ്ങളായി ഉപയോഗിച്ചിരുന്നു.
ഓരോ വര്‍ഗ്ഗവും പെട്ടന്ന് ഇതൊന്നും പഠിക്കുന്നതല്ല. കുരങ്ങുജീവികളില്‍ തുടങ്ങിയുള്ള അറിവ് തലമുറകളായി കൈമാറ്റം ചെയ്യപ്പെടുകയും തലമുറകള്‍ കഴിയുംതോറും പുതിയ അറിവുകള്‍ കുന്നുകൂടുകയും ചെയ്തു. മസ്തിഷ്‌കവളര്‍ച്ച വന്നതോടെ ഈ അറിവുകളുടെ അളവും ശേഖരണവും വര്‍ദ്ധിച്ചു എന്ന് മാത്രം.
ഹോമോ വിഭാഗത്തിലെ ഏറ്റവും അവസാനമുണ്ടായ സാപ്പിയന്‍സ് വര്‍ഗ്ഗം അതായത് 'ആധുനിക മനുഷ്യര്‍' ഏകദേശം രണ്ട് ലക്ഷം വര്‍ഷം മുന്‍പ് ആഫിക്കയില്‍ ഉത്ഭവിച്ചുവെന്നാണ് ഫോസില്‍ തെളിവുകള്‍ വ്യക്തമാക്കുന്നത്. കാലാകാലങ്ങളായി ഭൂമിയില്‍ വന്ന കടുത്ത കാലാവസ്ഥാ വ്യതിയാനത്തെയും മറ്റും ഹോമോ വിഭാഗക്കാര്‍, പ്രത്യേകിച്ചും കൂടുതല്‍ മസ്തിഷ്‌ക ശേഷിയുള്ള (മസ്തിഷ്‌ക്ക വലിപ്പമുള്ള) ആധുനിക മനുഷ്യജീവികള്‍ അതിജീവിച്ചു. ഈ ഘട്ടത്തില്‍ കായികശക്തി ബുദ്ധിക്കു വഴിമാറി എന്ന് പറയാം.
കാലക്രമേണ ഹോമോ വിഭാഗത്തിലെ നിയാണ്ടര്‍ത്തലുകളും ഫ് ളോരെസീന്‍സിസും വംശനാശത്തിലേക്ക് നയിക്കപ്പെട്ടു. അങ്ങനെ കൂടുതല്‍ ബുദ്ധിയുള്ള ആധുനിക മനുഷ്യജീവികളെ മാത്രം പരിണാമത്തിലൂടെ പ്രകൃതി തിരെഞ്ഞെടുത്തു.
ആധുനിക മനുഷ്യര്‍ ആഫ്രിക്കയില്‍നിന്നും മറ്റു ഭൂഖണ്ടങ്ങളിലേക്ക് കുടിയേറിയവരാണ്. ഏകദേശം പന്ത്രണ്ടായിരം വര്‍ഷം മുന്‍പ് കൃഷി എന്ന ആശയം കണ്ടെത്തിയപ്പോള്‍ മാത്രമാണ് മനുഷ്യര്‍ ഒരു സ്ഥലത്ത് സ്ഥിരതാമസക്കാരയത്. ആ കാലഘട്ടത്തില്‍തന്നെ മൃഗങ്ങളെ ഇണക്കി വളര്‍ത്താമെന്നും അവര്‍ കണ്ടെത്തി.
പാല്‍ കുടിക്കാന്‍ പറ്റിയ മൃഗങ്ങളെ വളര്‍ത്താനും പാല്‍ കുടിക്കാനും തുടങ്ങിയതോടെ ആ മനുഷ്യരില്‍ പരിണാമത്തിലൂടെ ഒരു പ്രധാന മാറ്റം കൂടി സംഭവിച്ചു. പ്രായം ചെന്നാലും പാല്‍ കുടിക്കാന്‍ പറ്റിയ ഒരു ജീവിയായി മനുഷ്യന്‍ പരിണമിച്ചു. പാലിലെ ലക്ടോസിനെ ദഹിപ്പിക്കുന്ന എന്‍സൈം പൊതുവേ എല്ലാ ജീവികളിലും ചെറുപ്പത്തിലെ കാണുകയുള്ളൂ. പാല്‍ കുടിക്കുന്നതിന്റെ ആരോഗ്യപരമായ ഗുണങ്ങള്‍ ഈ പരിണാമത്തിനു ആക്കം കൂട്ടി. അങ്ങനെ അവരും അവരുടെ ജീനുകള്‍ ഉള്ള സന്താനങ്ങളും പെരുകി. മനുഷ്യനെ ആശ്രയിച്ചു ജീവിച്ചു വന്ന പട്ടി, പൂച്ച എന്നീ ജീവികള്‍ക്കും വലുതായാലും പാല്‍ കുടിക്കാന്‍ കഴിയും എന്നതും ശ്രദ്ധിക്കേണ്ടതുണ്ട്. (ഇപ്പോളുള്ള ചില മനുഷ്യര്‍ക്ക് ഈ എന്‍സൈം വലുതാകുമ്പോള്‍ ഇല്ല).
മനുഷ്യനില്‍ വളരെ മുമ്പുതന്നെ ഉണ്ടായ ഒരു പ്രധാന മാറ്റം ആണ് ചര്‍മ്മത്തിന്റെ നിറവ്യത്യാസം. സൂര്യപ്രകാശം കുറഞ്ഞ സ്ഥലങ്ങളില്‍ ജീവിച്ചിരുന്നവരില്‍ കാലക്രമേണ ഇളംനിറം ഉള്ളവര്‍ മാത്രം അവശേഷിച്ചു. കാരണം അവര്‍ക്ക് കൂടുതല്‍ സൂര്യപ്രകാശം ആഗിരണം ചെയ്തു വിറ്റാമിന്‍ ഡി ആവശ്യത്തിനു ഉണ്ടാക്കാന്‍ കഴിഞ്ഞിരുന്നു. വളരെ കൂടുതല്‍ സുര്യപ്രകാശം ലഭിച്ചിരുന്ന സ്ഥലത്ത് ജീവിച്ച മനുഷ്യര്‍ ഇരുണ്ട നിറക്കാരായി. കാരണം അമിതമായ വിറ്റാമിന്‍ഡി ഉല്‍പ്പാദനം കാരണം ഇളംനിറക്കാര്‍ കാലക്രമേണ നശിച്ചുപോയി. വിറ്റാമിന്‍ ഡി പൊതുവില്‍ ഉള്ള ആരോഗ്യവുമായി മാത്രം ബന്ധപ്പെട്ടല്ല പരിണാമത്തിന്റെ ഭാഗമായത്; മറിച്ചു പ്രധാനമായും പ്രത്യുല്‍പ്പാദനവുമായി ബന്ധപ്പെട്ടുകൂടിയാണ്. അതായത് ഗര്‍ഭസ്ഥശിശുവിന്റെ എല്ലുകളുടെയും മറ്റും വളര്‍ച്ചക്ക് വിറ്റാമിന്‍ ഡി അത്യാവശ്യമാണ്. (ഇക്കാരണത്താല്‍ തന്നെയാണ് പൊതുവേ സ്ത്രീകള്‍ പുരുഷന്മാരേക്കാളും ഇളംനിറം ഉള്ളവരായിരിക്കുന്നത്)
ഞാന്‍ മുകളില്‍ പറഞ്ഞ 'കാലക്രമേണ' എന്ന വാക്കിനര്‍ത്ഥം ഒരു പക്ഷെ ആയിരക്കണക്കിന് വര്‍ഷങ്ങള്‍ എന്നായിരിക്കും. അതുകൊണ്ട് തന്നെ ഒന്നോ രണ്ടോ തലമുറ നോക്കി മനുഷ്യനില്‍ എന്ത് പരിണാമമാണ് വന്നിരിക്കുന്നത് എന്ന് പരിശോധിച്ചാല്‍ പ്രത്യേകിച്ച് ഒന്നും കാണാന്‍ കഴിയില്ല. 'എന്നിട്ടെന്തേ മനുഷ്യന്‍ ഇപ്പോള്‍ പരിണമിക്കാത്തത്' എന്ന ചോദ്യത്തിന് ഉത്തരം കിട്ടിക്കാണുമല്ലോ.
പരിണാമത്തിലൂടെ ഉരുത്തിരിഞ്ഞു വന്നതുകൊണ്ട് മറ്റെല്ലാ ജീവികളെയുംപോലെ സഹജമായ സ്വഭാവങ്ങള്‍ ഉള്ള മറ്റൊരു ജീവി തന്നെയാണ് മനുഷ്യനും. ഒരു മനുഷ്യകുഞ്ഞിനെ നോക്കിയാല്‍ ജീനുകള്‍ നിര്‍ണ്ണയിക്കുന്ന, മറ്റു ജീവികള്‍ കാണിക്കുന്ന വിധമുള്ള സ്വഭാവങ്ങള്‍ കാണാന്‍ കഴിയും. അതിലൊന്നാണ് ചെറിയ കുട്ടികള്‍ കിട്ടിയതെന്തും വായില്‍ ഇടുന്നത്. ജീവിക്കാനുള്ള ശ്രമം തന്നെയാണ് ഇതിനു പിറകില്‍. കുട്ടികള്‍ ശ്രദ്ധയാകര്‍ഷിക്കാന്‍ ശ്രമിക്കുന്നതും വളര്‍ന്നു തുടങ്ങുമ്പോള്‍ ഉള്ള അവരുടെ അസൂയ, വാശി തുടങ്ങിയ വികാരങ്ങള്‍ എല്ലാം അതിജീവനത്തിന്റെ ഭാഗം തന്നെയാണ്.
ലോകത്തെ മിക്കവാറും എല്ലാ സ്ഥലങ്ങളിലെയും കുട്ടികള്‍ ഒളിച്ചുകളിക്കുന്നതും (hide and seek) ഒരുപക്ഷെ, പ്രകൃതിസഹജമായ സ്വഭാവം കൊണ്ടുതന്നെയാവണം. വളരുംതോറും അവരുടെ സ്വഭാവം സാമൂഹികബന്ധങ്ങള്‍ നിറഞ്ഞ അവസ്ഥയിലേക്ക് മെല്ലെ മാറുന്നു.
എന്നാല്‍, ജീനുകള്‍ പ്രകടമാക്കുന്ന സഹജമായ സ്വഭാവം വലിയ മനുഷ്യരില്‍ വേര്‍ത്തിരിച്ചറിയാന്‍ വിഷമമാണ്. കാരണം മനുഷ്യന്റെ ജീവിതം അനേകം സങ്കീര്‍ണ്ണമായ സമുഹിക ഇടപെടലുകളും ആചാരങ്ങളും കൊണ്ട് നിറഞ്ഞതാണ്.
മനുഷ്യനും സമുഹ്യമായ പരിണാമവും

മറ്റു ജീവികളില്‍ കാണുന്ന രീതിയിലുള്ള ഒരു പരിണാമം മനുഷ്യനില്‍ കാണില്ല. പരിണാമം സംഭവിക്കുന്നത് ജീവിയുടെ ആവാസവ്യവസ്ഥക്ക് അനുസരിച്ചാണല്ലോ. മനുഷ്യന്റെ ഇന്നത്തെ ആവാസവ്യവസ്ഥ പണ്ട് കാട്ടില്‍ വന്യജീവികള്‍ക്കൊപ്പം ജീവിച്ചതില്‍നിന്ന് വ്യത്യസ്തമാണ്. കാലാകാലങ്ങളായി കുന്നുകൂടിയ അറിവ് ഉപയോഗിച്ച് അവന് പ്രകൃതിയുടെ പല പ്രതികൂലഘട്ടങ്ങളെയും എളുപ്പത്തില്‍ മറികടക്കാനാകും.
മനുഷ്യനില്‍ എന്തുതരം പരിണാമം ആണ് നടന്നു കൊണ്ടിരിക്കുന്നത്? ബുദ്ധിപരമായ വികാസവും, അറിവും സാങ്കേതികവിദ്യയുമെല്ലാം മനുഷ്യനെ പരിണാമത്തിന്റെ മറ്റൊരു തലത്തിലേക്ക് മാറ്റിയിട്ടുണ്ട്. നേരത്തെ സൂചിപ്പിച്ചതുപോലെ ആധുനികമനുഷ്യന്റെ പരിണാമത്തില്‍ മസ്തിഷ്‌കത്തിന്റെ ശക്തി കാര്യമായ പങ്കുവഹിച്ചിട്ടുണ്ട്. സമൂഹ്യമായും സാമ്പത്തികമായും ചിലര്‍ക്ക് ലഭിച്ച ആനുകൂല്യങ്ങള്‍ മാറ്റിയാല്‍ ഇന്നും മസ്തിഷ്‌കത്തിന്റെ ശക്തിതന്നെയാണ് ഒരു മനുഷ്യനെ മറ്റു മനുഷ്യര്‍ക്കിടയില്‍ അതിജീവിക്കാന്‍ സഹായിക്കുന്ന പ്രധാന ഘടകം.
എന്നാല്‍ സങ്കീര്‍ണ്ണമായ അവന്റെ സമുഹികവ്യവസ്ഥയില്‍ ഇതിന് അവനെ പ്രാപ്തമാക്കുന്ന പ്രധാന സഹായകഘടകമാണ് വിദ്യാഭ്യാസം. ഇന്നത്തെ നിലയില്‍ മസ്തിഷ്‌കശക്തിയിലൂടെയുള്ള നിലനില്‍പ്പിനുവേണ്ടിയുള്ള മത്സരത്തിന് അവനെ പ്രാപ്തനാക്കുന്നത് വിദ്യാഭ്യാസമാണ് (അല്‍പ്പമെങ്കിലും കളി അറിയുന്നവനല്ലേ കളിക്കളത്തില്‍ ഇറങ്ങി മത്സരിക്കാന്‍ കഴിയൂ എന്നതുപോലെ).
വിദ്യാഭ്യാസപരമായും സാംസ്‌കാരികമായും സാമ്പത്തികമായും മുന്നില്‍ നില്‍ക്കുന്ന സമൂഹം പെട്ടെന്ന് വികസിക്കുന്നത് കാണാന്‍ സാധിക്കും. ആവാസവ്യവസ്ഥയില്‍ അനുകൂല ഘടകങ്ങളുള്ള ജീവികള്‍ നിലനില്‍ക്കുന്നതുപോലെ സാമൂഹ്യവവസ്ഥയില്‍ അനുകൂല ഘടകങ്ങളുള്ള സമൂഹങ്ങള്‍ ഇങ്ങനെ മുന്നേറിക്കൊണ്ടിരിക്കും.
മ്യൂട്ടേഷനിലൂടെയാണല്ലോ ജീവികളില്‍ അനുകൂലഘടകങ്ങള്‍ ഉണ്ടാവുന്നത്. അതുപോലെ സമൂഹത്തിലും മ്യൂട്ടേഷനുകള്‍ സംഭവിക്കാം. അതായത് ആശയപരമായ വിപ്ലവങ്ങള്‍ ഉയര്‍ന്നുവരാം. ഇത്തരം മ്യൂട്ടേഷനുകള്‍ക്ക് കാരണമാകുന്നത് നിലവിലുള്ള ഏതെങ്കിലും വ്യവസ്ഥിതികളില്‍ ഉണ്ടാവുന്ന അതൃപ്തി ആയിരിക്കാം. വിദ്യാഭ്യാസത്തിനു പ്രാധാന്യം ഇല്ലാത്ത സമൂഹത്തില്‍ പെട്ടന്ന് അതിനുള്ള ശ്രമങ്ങള്‍ തുടങ്ങുക, അന്ധവിശ്വാസം നിറഞ്ഞുനില്‍ക്കുന്ന സമൂഹത്തില്‍ അതിനെതിരെയുള്ള ആശയങ്ങള്‍ ഉയര്‍ന്നുവരിക ഇതെല്ലാം സമൂഹത്തിന്റെ പരിണാമത്തിന് തുടക്കമാണ്. സമൂഹ്യപരം ആകുമ്പോള്‍ നമുക്ക് ഈ പരിണാമത്തെ പരിവര്‍ത്തനം എന്ന് വിളിക്കാം എന്നുമാത്രം.
ഇതിന് അനേകം ഉദാഹരണങ്ങള്‍ പറയാന്‍ കഴിയുമെങ്കിലും, കേരളത്തിലെ 'കിസ്സ് ഓഫ് ലവ്' എന്ന ആശയവിപ്ലവം തന്നെയെടുക്കം. ഇത്തരം മ്യൂട്ടേഷനുകള്‍ പെട്ടന്ന് സമുഹത്തില്‍ ഒരു മാറ്റം ഉണ്ടാക്കുന്നില്ലെങ്കിലും അനുകൂലഘടകങ്ങള്‍ ഉണ്ടെങ്കില്‍ സാവധാനം ഒരു മാറ്റം ഉണ്ടായേക്കാം. എന്നാല്‍ സാമൂഹ്യമായ മാറ്റങ്ങള്‍ക്ക് ബയോളജിക്കലായ പരിണാമംപോലെ അനേകം തലമുറകളൊന്നും കടന്നു പോകേണ്ടതില്ല; എന്നുവച്ചാല്‍ നൂറുകണക്കിന് വര്‍ഷങ്ങളൊന്നും ആവശ്യമില്ല.
പരിണാമം എന്നാല്‍ പഴയതില്‍ നിന്നും പുതിയവ ഉരുത്തിരിഞ്ഞു വരുന്ന പ്രക്രിയ ആണെന്ന് പറഞ്ഞല്ലോ. ഇത്തരം പരിണാമത്തെ അല്ലെങ്കില്‍ പരിവര്‍ത്തനത്തെ മനുഷ്യന് തടയാന്‍ കഴിയുമോ? കഴിയും. സമുഹത്തിന്റെ സ്വാഭാവികമായ മാറ്റത്തിന് തടയിടണം എന്ന് മാത്രം. കാലത്തിനനുസരിച്ച് മാറ്റം ചെയ്യപ്പെടാത്ത നിയമങ്ങളും വ്യവസ്ഥിതികളും ഇത്തരം തടയിടല്‍ ആണ്.
പരിണാമത്തിന്റെ അടിസ്ഥാന സ്വഭാവം എപ്പോഴും ഒരു ആവാസവ്യവസ്ഥയില്‍ അല്ലെങ്കില്‍ സാമൂഹികവ്യവസ്ഥയില്‍ ഏറ്റവും നല്ല രീതികള്‍ ഉരുത്തിരിഞ്ഞു വരികയായതിനാല്‍ ഇതിനെ ഒരു അടിസ്ഥാന നിയമമായി കാണാവുന്നതാണ്. നേരെ തിരിച്ചു ചിന്തിച്ചാല്‍ പരിണാമത്തിന്റെ സ്വഭാവങ്ങള്‍ വെച്ച് സാമുഹ്യവ്യവസ്ഥകള്‍, നിയമവ്യവസ്ഥകള്‍, തുടങ്ങിയവ ഏറ്റവും നന്നായി പ്രവര്‍ത്തിക്കാന്‍ ഉതകുന്ന രീതികള്‍ രൂപകല്‍പന ചെയ്യാന്‍ സാധിക്കണം.
സാമൂഹികവ്യവസ്ഥക്ക് ഉദാഹരണമായി നമ്മുടെ ഭരണസമ്പ്രദായം തന്നെയെടുക്കാം. ഉദ്യോഗസ്ഥര്‍ക്ക് അവരുടെ ജോലിയില്‍ അനാവശ്യ സ്ഥിരത നല്‍കിയും, രാഷ്ട്രീയ പ്രവര്‍ത്തകരെ എങ്ങനെ ഭരിച്ചാലും എന്ത് അഴിമതി കാണിച്ചാലും രാഷ്ട്രീയത്തിന്റെ പേരില്‍ വീണ്ടും തെരഞ്ഞെടുത്തു വിടുകയും ചെയ്യുന്നത് പരിവര്‍ത്തനത്തിന് തടസമാണ്.
കൃത്യനിര്‍വ്വഹണത്തില്‍ വീഴ്ച വരുത്തുന്ന അല്ലെങ്കില്‍ കാലതാമസം വരുത്തുന്ന ഉദ്യോഗസ്ഥരെ ഉടനടി പിരിച്ചുവിടുന്ന ഒരു സമ്പ്രദായം സങ്കല്‍പ്പിക്കുക. കാലക്രമേണ ഏറ്റവും നന്നായി പ്രവര്‍ത്തിക്കുന്ന ഉദ്യോഗസ്ഥര്‍ക്ക് മാത്രമേ അവിടെ അതിജീവിക്കാന്‍ കഴിയൂ. അങ്ങനെ ഉദ്യോഗസ്ഥസംവിധാനം ഏറ്റവും കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്ന രീതിയിലേക്ക് പരിണമിച്ചുകൊണ്ടിരിക്കും. അതായത് അര്‍ഹതയുള്ളവരുടെ മാത്രം അതിജീവനം. ഇതുപോലെയാണ് രാഷ്ട്രീയവും. അര്‍ഹതയുള്ളവര്‍ മാത്രം അതിജീവിക്കുന്ന രാഷ്ട്രീയം വന്നാല്‍ രാഷ്ട്രവും താനേ പരിവര്‍ത്തനം ചെയ്യപ്പെടാന്‍ തുടങ്ങും.
ജീനുകളും മസ്തിഷ്‌കവും

പുതിയ കാലത്തിന്റെ പരിവര്‍ത്തനത്തെ പഴയ നിയമങ്ങളും വ്യവസ്ഥകളുംകൊണ്ട് കെട്ടിയിടുമ്പോഴും, അല്ലെങ്കില്‍ കൊള്ളയും കൊലയും അഴിമതിയും ഉപയോഗിക്കുമ്പോഴും മനുഷ്യന്‍ മസ്തിഷ്‌കശക്തി ഉപയോഗിച്ചുള്ള അവന്റെ പരിണാമത്തെ നിയന്ത്രിക്കുകയോ മാറ്റിമറിക്കുകയോ ആണ് ചെയ്യുന്നത്.
ജീനുകള്‍ തരുന്ന പ്രകൃതിജന്യമായ സ്വഭാവങ്ങളെയും മനുഷ്യന് മറികടക്കാം. ഉദാഹരണത്തിന് ജന്യമായ മുന്‍കോപം ഉള്ള ഒരാള്‍ തനിക്ക് അതുണ്ടെന്ന് മനസിലാക്കി അതിനെ നിയന്ത്രിക്കുന്നത്. ഇങ്ങനെ നിയന്ത്രിക്കുക മാത്രമല്ല, മസ്തിഷ്‌ക ശക്തി വീണ്ടും ആഴത്തില്‍ ഉപയോഗിച്ച് ജീനുകളെ ഒരു പരിധിവരെ മാറ്റിമറിക്കാനുള്ള തന്ത്രങ്ങളും മനുഷ്യന്റെ അറിവ് (ശാസ്ത്രം) മെനഞ്ഞെടുത്തിട്ടുണ്ട്.
ചുരുക്കത്തില്‍ പറഞ്ഞാല്‍ ജീനുകള്‍ നിര്‍ണ്ണയിക്കുന്ന സ്വഭാവഗുണങ്ങളെ മനുഷ്യജീവികള്‍ക്ക് മസ്തിഷ്‌കത്തിന്റെ കൂര്‍മ്മതകൊണ്ട് വ്യതിയാനം വരുത്താന്‍ കഴിയും എന്നര്‍ത്ഥം. ഇത്തരം ജീവികള്‍ ഉണ്ടാകുന്നതുവരെ പരിണാമം വെറും ജീനുകളില്‍ മാത്രമായിരുന്നു. ഇപ്പോള്‍ അത് രണ്ടു തലത്തില്‍ ആണ് ജീനുകളും മസ്തിഷ്‌കവും. തലമുറകള്‍ കഴിയുംതോറും അറിവ് അടിഞ്ഞുകൂടുകയാണ്.

1 comment:

  1. മാറതതോന്നെ ഉള്ളു.. മാറ്റം.

    ReplyDelete