Translate

Wednesday, December 24, 2014

ക്രിസ്മസ് സ്പാ....

മോഷണം നമ്മുടെ തൊഴിലാണെന്നു പറഞ്ഞ് ചില ഉദാഹരണങ്ങള്‍ ഞാന്‍ ചൂണ്ടിക്കാണിച്ചിരുന്നെങ്കിലും ഹിന്ദുക്കളുടെ കൈയ്യില്‍ അവശേഷിച്ചിട്ടുള്ള ചില സാധനങ്ങളുടെ കാര്യം ഞാന്‍ രഹസ്യമാക്കി വെച്ചിരിക്കുകയായിരുന്നു, അതെങ്കിലും അവരുടെ കൈയില്‍ ഇരിക്കട്ടെ, എന്ന നല്ല ഉദ്ദേശ്യത്തോടെ. ഇതാ കേള്‍ക്കുന്നു, കാഞ്ഞിരപ്പള്ളി അരമനയുടെ അനുഗ്രഹത്തോടെ കഥകളിയും തുടങ്ങിയെന്ന്. കഥകളിക്ക് ചില അംശങ്ങള്‍ ഉണ്ട്. അത് മാറ്റാന്‍ പറ്റില്ല. കളി തുടങ്ങുന്നതിനു മുമ്പ് ശുദ്ധ മദ്ദളം, വന്ദന ശ്ലോകം, തോടയം, പുറപ്പാട്, മേളപ്പദം തുടങ്ങിയ ചടങ്ങുകളുണ്ട്‌. ഇത് തുടരാനാണ് പരിപാടിയെങ്കില്‍ പ്രോട്ടോ സിഞ്ചെല്ലൂസച്ചനോട് കര്‍ട്ടന്‍ പിടിക്കാനും,   സിഞ്ചെല്ലൂസ് അച്ചനോട് മദ്ദളം കൊട്ടാനും, ചാന്‍സലര്‍ അച്ചനോട് വന്ദന ശ്ലോകം പാടാനും, പ്രോക്കുറെറ്റര്‍ അച്ചനോട് തോടയവും വികാരി ജനറാലിനോട് പുറപ്പാടും കൈകാര്യം ചെയ്യാനും ഷെവലിയരോട് മേളപ്പദം  ഉരുവിടാനും ആരെങ്കിലും ആവശ്യപ്പെട്ടേക്കാം.

ഫോട്ടോയില്‍ കണ്ടത് കഴുത്ത് അഞ്ചു ഡിഗ്രിയില്‍ കൂടുതല്‍ കുനിക്കാതെ മുട്ടൊപ്പം പൊക്കമുള്ള ഒരു വിളക്ക് മെത്രാന്‍ കത്തിക്കുന്നതാണ്. (കുനിയുന്നതിനു വല്ല പ്രശ്നവും ഉണ്ടോ ആവോ?) കഥകളിയിലെ വേഷങ്ങളില്‍, പച്ച സൽക്കഥാപാത്രങ്ങളും, കത്തി ദുഷ്ടകഥാപാത്രങ്ങളും ആണ്‌. കരിവേഷം രാക്ഷസിമാർക്കാണ്‌. ചുവന്ന താടി വളരെ ക്രൂരന്മാരായ സ്വഭാവമുള്ള രാക്ഷസർ മുതലായവരും, കറുത്ത താടി കാട്ടാളർ മുതലായവരുമാണ്‌ (താടിയുള്ളവരെ ശ്രദ്ധിക്കുക!). എന്തൊക്കെയാ ഇനി കാഞ്ഞിരപ്പള്ളിയില്‍ സംഭവിക്കുകയെന്ന് പറയുക വയ്യ. ഉയര്‍പ്പ് കഥകളിയില്‍ വരുമ്പോള്‍ ...ഹോ! കഥകളി വേഷത്തില്‍ താടിയും തൊപ്പിയും, വല്യപാവാടയുമായി കര്‍ത്താവ് ഉയര്‍ക്കുന്നത് കഴിഞ്ഞ തലമുറക്കാര്‍ കണ്ടിരുന്നെങ്കില്‍, കാഞ്ഞിരപ്പള്ളി ഫെയിസ് ബുക്കിലും, ഗ്രീന്‍ ബുക്കിലും, വൈറ്റ് ബുക്കിലും, ഗിന്നസ്ബുക്കിലും, ബ്ലാക്ക് ബുക്കിലും ഒരുപോലെ സ്ഥാനം പിടിച്ചേനെ.

ഒരു സാധനം നമ്മള്‍ മോഷ്ടിച്ചാല്‍ അത് നഷ്ടപ്പെടുന്നവന്‍ പോലും അറിയില്ല, ഏതാണ്ട് തോട്ടപ്പുഴു കടിക്കുന്നതു പോലെയിരിക്കും. വചന പ്രഘോഷണവും കഴിഞ്ഞ്, കഷ്ടിച്ചു വണ്ടിക്കൂലിയുമായി നനഞ്ഞ കോഴി വരുന്നത് പോലെ മുഷിഞ്ഞ വസ്ത്രങ്ങളും വാരിക്കെട്ടി വരുന്ന പ്രേഷിതരെ കണ്ടിട്ടില്ലേ? നമ്മുടെ മോഷണം ഇങ്ങിനെ: കൊടിമരം ആദ്യം പള്ളിയുടെ മട്ടുപ്പാവിലായിരുന്നെങ്കില്‍, പിന്നീടത് പള്ളി മുറ്റത്തെ തേക്കിന്‍റെ ഉച്ചിയിലായി. ഇപ്പോ പള്ളിമുറ്റത്തു തേക്കില്ല; തേക്ക് മാറി ജി ഐ പൈപ്പ് വന്നാരുന്നല്ലോ. അധികം താമസിയാതെ അമ്പലമുറ്റത്തെ കൊടിമരം പോലെ നമ്മുടേതും സ്വര്‍ണ്ണവും വെള്ളിയും പൊതിഞ്ഞായി നില്‍പ്പ്. അമ്പലമുറ്റത്തെ കൊടിമരത്തിന്‍റെ മുകളില്‍ ഇറിഡിയം എന്നൊരു ലോഹമുണ്ട്, അത് ചെയ്യുന്ന പണി നമ്മുടെ മൂത്താശ്ശാരിമാര്‍ക്ക് അറിയില്ല, തത്കാലം അറിയണ്ട! ഇനി, കൊടിമരം ഞങ്ങളുടെതാണെന്നു ആരെങ്കിലും അവകാശപ്പെട്ടേക്കും എന്ന് സംശയം തോന്നിയാല്‍, നൂറു ഗ്രാം താമരക്കുരിശും രണ്ടു സ്പൂണ്‍ കൊടിമരവും, ഈസോപ്പിന്‍റെ കഥ ഒരു തവിയും,  ഹീബ്രു ഉപ്പു വേണ്ടത്രയും ചേര്‍ത്ത് ഒരവിയല്‍ ഉണ്ടാക്കി പാരമ്പര്യത്തില്‍ വറുത്ത് എല്ലാവര്ക്കും കൊടുക്കും. ക്നായി തൊമ്മനെ വെടിവെച്ച് സ്വീകരിച്ചുവെന്നല്ലേ നമ്മുടെ ഐതിഹ്യം. ആ കഥ കേട്ട ആരോ ആണത്രേ കുറെ നൂറ്റാണ്ടുകള്‍ കൂടി കഴിഞ്ഞു വെടിമരുന്ന് കണ്ടു പിടിച്ചത്! അടുത്ത കാലത്ത് ബെനഡിക്റ്റ് അച്ചന്‍റെ DNA ടെസ്റ്റ്‌ നടത്തിയ കഥ (ഒരു വികാരി അച്ചന്‍ പറഞ്ഞത്) കേള്‍ക്കാത്തവര്‍ കേട്ടോളൂ, അത് കഴിഞ്ഞു 20 വര്‍ഷങ്ങള്‍ കഴിഞ്ഞാണ് DNA ടെസ്റ്റ്‌ തുടങ്ങിയത്. ഇതും പോരെങ്കില്‍ തോമ്മാ സ്ലീഹാ ഏഴര പള്ളി തുടങ്ങിയ കഥ വായിച്ചാലും മതി. അവിടെ എല്ലാ ദിവസവും രാവിലെ ആറരക്ക് വി. കുര്‍ബ്ബാനയും, തുടര്‍ന്ന് ലദീഞ്ഞും ഉണ്ടായിരുന്നുവെന്ന് എത്രപേര്‍ക്കറിയാം? ഇതു പോലത്തെ വെടിക്കെട്ട്‌ കാണണമെങ്കില്‍ ചങ്ങനാശ്ശേരിയില്‍ ചെല്ലണം. അവിടുത്തെ പ്രസ്സുകാര്‍ പുറത്തിറക്കിയ എല്ലാ പുസ്തകങ്ങളും വായിച്ചാല്‍ മതി.

പറഞ്ഞു നില്‍ക്കാനുള്ള ഈ മെത്രാന്മാരുടെ കഴിവ് അപാരം. പാലായില്‍ നടന്ന വചന സമ്മേളനത്തിന്‍റെ റിപ്പോര്‍ട്ട് ടിവി യില്‍ വന്നത് നിങ്ങളും കണ്ടു കാണുമല്ലോ. നിശ്ശബ്ദതയിലൂടെ മാത്രമേ ദൈവത്തെ കാണാനാവൂയെന്നാണ് മാര്‍ പള്ളിക്കാപ്പറമ്പന്‍ പറഞ്ഞത്; അത് ചെവി തുളക്കുന്ന ശബ്ദത്തിലായിരുന്നു എന്നോര്‍ക്കുക. വേറൊരു മെത്രാനുണ്ട് - അറക്കല്‍. അദ്ദേഹം എവിടെ ചെന്നാലും കുടുംബ ബന്ധങ്ങളിലാണ് പിടി മുറുക്കുന്നത്. സ്വന്തം കുടുംബത്തിലുള്ള മോനിക്കാ തോമസ്സുമായുള്ള സ്നേഹബന്ധം എത്ര ശക്തമാണെന്ന് അറിയാത്ത നാട്ടുകാരില്ല. മന്ത്രിക്ക് പോലും ക്ഷമ നശിച്ചു, കെ സി ജോസഫ് മെത്രാന്മാരോട് പറഞ്ഞതിന്‍റെ രത്ന ചുരുക്കം, മദ്യ നിരോധനം ആദ്യം വീട്ടിപ്പോയി നടപ്പാക്കാനാണ്. എന്‍റെ മന്ത്രീ, മദ്യപന്മാരെ, കമ്മ്യുണിസ്റ്റ്കാരെ, തട്ടിപ്പുകാരെ എല്ലാം ഇടവക യോഗങ്ങളില്‍ നിന്ന് അകറ്റാന്‍ ശ്രമിച്ചു പരാജയപ്പെട്ടിരിക്കുന്ന അവരോടു പറഞ്ഞിട്ട് ഒരു കാര്യവുമില്ല. എല്ലാം പോയി മാര്‍ ആലഞ്ചേരി മാത്രം അവശേഷിക്കണം എന്നാണോ മന്ത്രിയുടെ പ്ലാന്‍?

വിവാഹ ഒരുക്ക സെമ്മിനാറില്‍ വിതരണം ചെയ്യുന്ന പുസ്തകം അധികമാരും വായിക്കാറില്ലായെന്ന പരാതി പരിഹരിക്കാന്‍, കജുറാവോയിലെ ചില ശിലാ ചിത്രങ്ങളുടെ ഫോട്ടോകള്‍ കൂടി ചേര്‍ക്കാന്‍ മെത്രാന്മാര്‍ തീരുമാനിച്ചാലത്തെ സ്ഥിതി ഒന്നാലോചിച്ചു നോക്കിക്കേ! ആളുകൂടാന്‍ അബ്രഹാമിന്‍റെ കഥ, കഥകളിയാക്കാന്‍ തീരുമാനിച്ചതുപോലെ, പ്രീകാനാക്ക് ആളുകൂടാന്‍ ചുംബന മത്സരമോ, വിവാഹ ജീവിതത്തിന്‍റെ ഡെമോയോ ഒക്കെ ഭാവിയില്‍ ഉണ്ടായിക്കൂടെന്നുമില്ല. എന്തൊക്കെ ചെയ്താലും  ‘ഘര്‍ വാപ്പസ്സി’യെ നേരിടാന്‍  മെത്രാന്മാര്‍ക്ക് കഴിയുമോന്ന് സംശയം. തമാശ അതല്ല, പലരെയും ഹിന്ദുക്കളാക്കിയ വാര്‍ത്ത പുകു പുകെ വരുന്നുണ്ട്. ഹിന്ദുവാകുന്ന കാര്യത്തില്‍  ആരും എതിരു പറഞ്ഞതായി ആരെങ്കിലും കേട്ടോ? ഇല്ല. ക്രിസ്ത്യാനി പെണ്ണിനെ കെട്ടാന്‍ മൂക്ക് കൊണ്ട് ‘ക്ഷ’ വരച്ചു മാമ്മോദീസായും മുങ്ങി നടന്നവര്‍, ‘ഘര്‍ വാപ്പസ്സി’ ക്കാരെ അന്വേഷിച്ചു നടക്കുന്നു. ചില പാരമ്പര്യം അവകാശപ്പെടുന്ന  വരത്തരുണ്ടല്ലോ, അവര്‍ക്കും സന്തോഷം; പൂണൂല്‍ തിരിച്ചു കിട്ടുമെന്നാ അവര്‍ കരുതിയിരിക്കുന്നത്. സീറോ മെത്രാന്മാര്‍ക്ക് ‘ഘര്‍ വാപ്പസ്സി’ ക്കാരോടും സ്നേഹം. നമുക്ക് ഭരിക്കാവുന്നിടത്തോളം സ്ഥാപനങ്ങള്‍ ഉണ്ടായി, ഇനി പോകുന്നവര്‍ പൊക്കോട്ടെ എന്നാണവര്‍ ചിന്തിക്കുന്നത്. സാധാരണ അത്മായര്‍ ഉണ്ടല്ലോ, അവര്‍ക്കും സന്തോഷം, പള്ളിക്കകത്ത് ഇഷ്ടം പോലെ ഇടം ഉണ്ടാകുമല്ലോ. മെത്രാന്‍ വിപ്ലവത്തിന് ആഹ്വാനം ചെയ്താലും പിന്നില്‍ അത്മായര്‍ കാണില്ലെന്ന് ഉറപ്പായി. പള്ളിന്നിറങ്ങിയാല്‍ അത്മായര്‍ക്ക് പണിയുണ്ട്, അവര്‍ അദ്ധ്വാനിച്ചാലല്ലേ കഞ്ഞി കുടിക്കാന്‍ പറ്റൂ. 


മാര്‍പ്പാപ്പാ പറഞ്ഞ പതിനഞ്ചു ക്യുരിയാ രോഗങ്ങളും ഒരുപോലെയുള്ള മെത്രാന്മാരെ കാണണമെങ്കില്‍ എല്ലാവരും വരിക, ദൈവത്തിന്‍റെ നാട്ടിലേക്ക്! ഇതിനുള്ള മരുന്നാണ് അത്മായര്‍ ഇപ്പോള്‍ കാച്ചിക്കുറുക്കിക്കൊണ്ടിരിക്കുന്നത്. ഉണ്ണിശോയെ ഇവരോട് പൊറുക്കണേ! 

2 comments:

  1. വേദപണ്ഡിതനായ കല്ലറങ്ങാട്ട് ഒരു സാമ്പിൾ മാത്രമാണ്. മൌനത്തിലൂടെ മാത്രമേ ദൈവത്തെ അറിയാനാവൂ എന്നതുകൊണ്ട്ടാണ് ഒരാഴ്ച മുഴുവൻ പരിസരം മുഴുവൻ വിറപ്പിച്ചുകൊണ്ട്‌ മെത്രാന്മാർ മാറിമാറി മൈക്കിൽ കൂടെ കുർബാനയും സന്ദേശവും കാറിക്കൂകിക്കൊണ്ടിരുന്നത്! ചാക്കുംപടി കാണിക്ക വാരിക്കൂട്ടി അതിനു മുകളിൽ ഇരുന്നോണ്ട് പറയും എല്ലാം ഉപേക്ഷിച്ചിട്ട് എന്നെ വന്ന് അനുഗമിക്കാൻ. എല്ലാ വർഷവും ഭരണങ്ങാനത്ത് നടത്തിയിരുന്ന കണ്‍വെന്ഷൻ പാലായ്ക്കു മാറ്റിയത് തന്നെ ഭരണങ്ങാനത്തെ പള്ളിക്കാരുമായി വഴക്കിട്ടാണ്. കാശെല്ലാം മെത്രാൻ വാരിക്കൊണ്ട് പോകുന്നത് നടക്കില്ലെന്നു പറഞ്ഞപ്പോൾ മൊത്തം പരിപാടി പാലായ്ക്കു മാറ്റി. എന്റെ പിതാവിന്റെ ഭവനത്തിൽ ഇഷ്ടം പോലെ മുറികളുണ്ടെന്നു യേശു പറഞ്ഞത് വ്യാഖ്യാനിക്കാനൊന്നും പോകാതെ, അങ്ങേരും എണ്ണമില്ലാതെ മുറികളുള്ള ഒരു മണിമന്ദിരം പണിത് ഇട്ടിട്ടുണ്ടല്ലോ? ദാരിദ്ര്യാരൂപിയുടെയും നിശബ്ദതയുടെയും സന്ദേശം വിതറാൻ വരുന്ന മെത്രാന്മാർക്കും റവ. ഡോമാർക്കും ഷെവലിയാർമാർക്കും അവിടെ കുശാലായി താമസിച്ച് ധ്യാനിക്കാം, പുണ്യം നേടി തിരിച്ചു പോകാം. മെത്രാന്റെ ഒപ്പോടെ ഒരു ചെയ്യ ചെക്കും കിട്ടും. പുണ്യവും പണവും സ്വരുമിപ്പിക്കുക എന്ന സൂത്രം. കാര്യങ്ങൾ ഇത്ര ഭംഗിയായി ഇവിടെ ഓടിക്കൊണ്ടിരിക്കുമ്പോൾ പോപ്‌ ഓരോ വിചിത്ര ചിന്തകളുമായി ഇറങ്ങിയിരിക്കുകയാണ് കേരള സഭയിൽ അലങ്കോലം ഉണ്ടാക്കാൻ.

    ഏതായാലും കഴിഞ്ഞ ഒരാഴ്ച ഇവിടങ്ങളിൽ പിള്ളേരെല്ലാം പട്ടിണിയായിരുന്നു, തള്ളമാരെല്ലാം അതിരാവിലെ ബസ്സ് കയറി പാലായ്ക്കു വിട്ടുകളഞ്ഞു. ഒരു പയ്യൻ പറഞ്ഞു അടുത്ത കണ്‍വെൻഷനു അവൻ ഒരു ഓട്ടോ വാടകക്കെടുത്ത് ഓടിച്ച് കാശുണ്ടാക്കുമെന്ന്. അത്രയ്ക്ക് തിരക്കായിരുന്നു ഈ ദിവസങ്ങളിൽ എല്ലാ വണ്ടികളിലും.

    Tel. 9961544169 / 04822271922

    ReplyDelete
  2. P A Mathew (Facebook) "ആയിരം MLA മാര്‍ അനുകൂലിച്ചാലും തെറ്റ് തെറ്റ് തന്നെ" പുതിയ മദ്യനയത്തെക്കുറിച്ച് KCBC.
    സത്യമാണ് പിതാക്കന്മാരേ, സത്യമാണ്. അതുപോലെ തന്നെ സത്യമാണ് 'വിഡ്ഢികളായ ലക്ഷക്കണക്കിന്‌ വിശ്വാസികള്‍ അനുകൂലിച്ചാലും, നിങ്ങള്‍ ചെയ്ദുകൂട്ടുന്ന തെറ്റുകളും തെറ്റുകള്‍ തന്നെ" എന്നത്.
    കോടികളുടെ ചാക്കുകെട്ടുകള്‍ കണ്ടാല്‍ മുട്ട് മടങ്ങുമത്രേ. കോടികളുടെ ചാക്കുകെട്ടുകള്‍ കണ്ടിട്ട് വേണ്ടാന്ന്‍ പറഞ്ഞ് ഓടി വീണ് നിങ്ങളിലാര്‍ക്കും പരിക്ക് പറ്റിയതായി ഇതുവരെ കേട്ടിട്ടില്ലല്ലോ?

    ReplyDelete