Translate

Tuesday, December 30, 2014

മദ്യനയം: ക്രൈസ്‌തവ വിഭാഗങ്ങള്‍ക്കിടയില്‍ ഭിന്നത:

കെ.സി.ബി.സി. നിലപാട്‌ പുനഃപരിശോധിച്ചേക്കും (മംഗളം)
കോട്ടയം: സംസ്‌ഥാന സര്‍ക്കാരിന്റെ മദ്യനയത്തിനെതിരേ കെ.സി.ബി.സിയുടെ തുറന്ന സമരം പുന:പരിശോധിച്ചേക്കും. സഭാ അധ്യക്ഷന്മാരെ അുനയിപ്പിക്കാന്‍ മുഖ്യമന്ത്രി നേരിട്ടിറങ്ങിയതോടെയാണ്‌ അനുനുയനീക്കം ഫലം കണ്ടു തുടങ്ങിയത്‌. സമരപ്രഖ്യാപനത്തില്‍ ക്രൈസ്‌തവ സഭകള്‍ക്കിടയില്‍ അഭിപ്രായ ഐക്യം ഉണ്ടാക്കാന്‍ കഴിയാത്തതും കെ.സി.ബി.സി.യെ പുനര്‍ചിന്തിക്കാന്‍ പ്രേരിപ്പിച്ചിട്ടുണ്ട്‌.
മദ്യവര്‍ജനം എന്ന ആശയത്തോടു യോജിപ്പാണെങ്കിലും ഇതിന്റെ പേരില്‍ സര്‍ക്കാരിനെതിരായ സമരത്തോട്‌ പല ക്രൈസ്‌തവ വിഭാഗങ്ങള്‍ക്കും വേറിട്ട അഭിപ്രായമാണുളളത്‌.
അടിസ്‌ഥാന മദ്യനയത്തില്‍ നിന്നും പിന്നോക്കം പോകില്ലെന്നും ഘട്ടംഘട്ടമായി മദ്യം നിരോധിക്കുമെന്നുമുളള മുഖ്യമന്ത്രിയുടെ വാക്ക്‌ വിശ്വസിക്കണമെന്ന അഭിപ്രായവും ചില ക്രൈസ്‌തവ മേലധ്യക്ഷന്‍മാര്‍ക്കിടയിലുണ്ട്‌ക്രൈസ്‌തവരായ മന്ത്രിമാര്‍ ശക്‌തമായി പ്രതികരിച്ചതും സജീവ ചര്‍ച്ചയായിട്ടുണ്ട്‌. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ ഏറ്റവും വിശ്വസ്‌തനായ മന്ത്രി കെ.സി. ജോസഫാണ്‌ കെ.സി.ബി.സിയുടെ സമരത്തിനെതിരേ ശക്‌തമായി പ്രതികരിച്ചത്‌. കത്തോലിക്കാ സഭാ നേതൃത്വവുമായും ഇതര ക്രൈസ്‌തവ മേലധ്യക്ഷന്‍മാരുമായും അടുത്ത ബന്ധം പുലര്‍ത്തുന്ന മന്ത്രി കെ.സി.ജോസഫിന്റെ പരമാര്‍ശത്തെ തളളാനും കൊളളാനും കഴിയാത്ത സ്‌ഥതിയിലാണ്‌ കെ.സി.ബി.സി.
കഴിഞ്ഞ ദിവസം ചങ്ങനാശേരി എന്‍.എസ്‌.എസ്‌. ആസ്‌ഥാനത്തെത്തിയ സി.ബി.സി.ഐ. പ്രസിഡന്റ്‌ കര്‍ദിനാള്‍ മാര്‍ ബസേലിയോസ്‌ ക്ലീമീസ്‌ കാതോലിക്കാ ബാവയും മദ്യനയത്തിന്റെ പേരില്‍ സര്‍ക്കാരിനെതിരേ മെത്രാന്‍ സമിതി സമരം പ്രഖ്യാപിച്ചിട്ടില്ലെന്നാണ്‌ വ്യക്‌തമാക്കിയത്‌. കോട്ടയത്ത്‌ നടന്ന കെ.സി.ബി.സി.യുടെ കണ്‍വന്‍ഷനില്‍ മദ്യനയത്തിന്റെ പേരില്‍ മുഖ്യമന്ത്രിയുടെ വസതിക്ക്‌ മുന്നിലൂടെ 15 ക്രൈസ്‌തവ മേലധ്യക്ഷന്‍മാര്‍ നടപ്പ്‌ സമരം നടത്തുമെന്ന്‌ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ സി.എസ്‌.ഐ.മദ്ധ്യകേരള മഹായിടവക ബിഷപ്‌ ഡോ.തോമസ്‌ കെ. ഉമ്മന്‍ മാത്രമാണ്‌ പങ്കെടുത്തത്‌. മറ്റുള്ളവര്‍ ഓരോ കാരണം ചൂണ്ടിക്കാട്ടി ഒഴിവായി. ഈ സാഹചര്യത്തില്‍ ശക്‌തമായ സമരത്തിന്‌ സാധ്യതയില്ലെന്ന വിലയിരുത്തലാണു സര്‍ക്കാരിന്റേത്‌.
ഷാലു മാത്യു

No comments:

Post a Comment