Translate

Monday, December 15, 2014

അസാധാരണ സിനഡ്: ഫ്രാൻസീസ് മാർപ്പാപ്പാ മുന്നോട്ടുതന്നെ, സഭയും



(സത്യജ്വാല ഡിസംബര്‍ ലക്കം മുഖക്കുറി) സഭാചരിത്രത്തിൽ വഴിത്തിരിവിന്റേതായ ഒരു സുപ്രധാന ഏട് വിരചിച്ചുകൊണ്ടാണ്, ഇക്കഴിഞ്ഞ ഒക്‌ടോബറിൽ വത്തിക്കാനിൽ നടന്ന അസാധാരണ സിനഡ് സമാപിച്ചത് എന്നു വിലയിരുത്താമെന്നു തോന്നുന്നു.  ഇടുങ്ങിയ യാഥാസ്ഥിതിക നിലപാടുകളിൽനിന്നും സമീപനങ്ങളിൽനിന്നും സഹസ്രാബ്ദങ്ങളായി മാറാനാകാതെ, കല്ലിച്ചു ചലനശേഷിയറ്റു കിടക്കുകയായിരുന്ന സഭാഗാത്രത്തിനുമേൽ, സഭാതലവനായി അവരോധിക്കപ്പെട്ട നിമിഷംമുതൽ വിവേകത്തിന്റെയും അതിൽ നിറഞ്ഞുനിന്ന മനുഷ്യ സ്‌നേഹത്തിന്റെയും തൈലം പുരട്ടുകയായിരുന്നു, ഫ്രാൻസീസ് മാർപ്പാപ്പാ. അതിനു തന്നെ പ്രാപ്തനാക്കാനാവശ്യമായ ദൈവികശക്തിക്കുവേണ്ടി എല്ലാവരിൽനിന്നും പ്രാർത്ഥന അർത്ഥിച്ചുകൊണ്ട് അദ്ദേഹം ആരംഭിച്ച ഈ കായകല്പ ചികിത്സയുടെ ആദ്യ വിലയിരുത്തൽ മുഹൂർത്തമായി വേണം, ദമ്പതികളെയും അത്മായപ്രതിനിധികളെയുംകൂടി പങ്കെടുപ്പിച്ചു നടത്തിയ ഈ അസാധാരണ സിനഡിനെ കാണാൻ. ദൈവകോപമുണ്ടാകുമെന്ന ഭയപ്പാടിൽ, പറയാൻപോയിട്ട് ചിന്തിക്കാൻപോലും അറച്ചുനിന്നിരുന്ന മനുഷ്യന്റെ-കുടുംബത്തിന്റെയും-ലൈംഗികച്ചേരുവയുള്ള ജീവൽപ്രശ്‌നങ്ങളെ തുറന്ന ചർച്ചയ്ക്കു വിധേയമാക്കാൻ ഈ സിനഡിനെ മാർപ്പാപ്പാ തയ്യാറാക്കിയെന്നതും, അതിന്റെ ആർജ്ജവത്തിൽ ഒട്ടുവളരെപ്പേർ അപ്രമാദിത്വത്തിന്റെ വെള്ളതേച്ച ഇടുങ്ങിയ നിലപാടുകളിൽനിന്നു പുറത്തുവരാൻ തയ്യാറായി എന്നതും കത്തോലിക്കാസഭയിൽ വരാൻപോകുന്ന ഒരു വമ്പിച്ച മാറ്റത്തിനു നാന്ദികുറിക്കുന്നു. സഭയിൽ ഒരു മാറ്റം അസാദ്ധ്യമെന്നു കരുതി അലംഭാവം പൂണ്ടുനിന്നിരുന്ന വിശ്വാസിസമൂഹത്തിൽ, മാറ്റം സാധ്യമാണ് എന്ന ഒരു പുതുചിന്തയുടെ ശുഭതരംഗങ്ങൾ പടർന്നു തുടങ്ങിയിരിക്കുന്നു. സഭാശരീരത്തിൽ ജീവൻ അവശേഷിക്കുന്നുണ്ടെന്നും, വലിഞ്ഞുമുറുകിനിന്ന പേശികൾ അയഞ്ഞ് അതു ചലനശേഷി വീണ്ടെടുത്തു തുടങ്ങിയിരിക്കുന്നുവെന്നും തെളിയിച്ചിരിക്കുന്നു, ഈ അസാധാരണ സിനഡ്. ആരും മാർപ്പാപ്പായുടെ 'യെസ് മാൻ'ആകാതെ നടത്തിയ, സിനഡ്ചർച്ചകൾ അതാണു കാണിക്കുന്നത്. 



ആധുനികകാലത്ത് കത്തോലിക്കാസഭ നേരിട്ടുകൊണ്ടിരിക്കുന്ന ഏറ്റവും വലിയ പ്രശ്‌നം, ആളുകൾ വലിയതോതിൽ സഭ വിട്ടുപോകുന്നു എന്നതാണ്. മാറുന്ന കാലത്തിനും ചിന്താഗതികൾക്കുമനുസ്സരിച്ചു ജീവിക്കേണ്ടി വരുന്ന മനുഷ്യരെ ഉൾക്കൊള്ളാൻ യാഥാസ്ഥിതിക നിലപാടുകൾ കർക്കശമായി വച്ചുപുലർത്തുന്ന സഭയ്ക്കു കഴിയാതെ പോകുന്നതാണ് ഈ 'പുറംപോക്കി'ന്റെ അടിസ്ഥാന കാരണമെന്ന് അല്പമാലോചിച്ചാൽ ആർക്കും കണ്ടെത്താനാകും. സഭയുടെ ആധികാരികവ്യാഖ്യാനങ്ങൾക്കും നിലപാടുകൾക്കുമെതിരായിവരുന്ന സകലതിനെയും പാപം എന്നു നിർവ്വചിച്ചിട്ട്, പൂർണ്ണമായും അതിൻപ്രകാരം ജീവിക്കാത്തവരെയും വ്യത്യസ്താഭിപ്രായക്കാരെയും 'പാപി' എന്നു മുദ്രകുത്തി സഭയിൽനിന്നു  പുറന്തള്ളി അവരുടെ വ്യക്തിജീവിതവും സാമൂഹികജീവിതവും ആദ്ധ്യാത്മികജീവിതവും ദുഷ്‌കരമാക്കുന്ന സമീപനമാണ് നൂറ്റാണ്ടുകളായി സഭ സ്വീകരിച്ചുപോരുന്നത്. മനുഷ്യത്വവിരുദ്ധമായ ഈ ക്രൂരസമീപനത്തിൽനിന്നും പാപികളെ തേടിവന്ന യേശുവിന്റെ സ്‌നേഹസമീപനത്തിലേക്കു സഭയെ മാനസാന്തരപ്പെടുത്താനും അങ്ങനെ എല്ലാ പാപികളെയും ഉൾക്കൊള്ളാനുള്ള ഹൃദയവ്യാപ്തി സഭയ്ക്കു നേടിക്കൊടുക്കാനുമുള്ള മഹായജ്ഞത്തിനാണ് ഫ്രാൻസീസ് മാർപ്പാപ്പാ തുടക്കമിട്ടിരിക്കുന്നത്. ''ഒരു സ്വവർഗ്ഗപ്രണയിയെ കാണുന്ന ദൈവം അവന്റെ അസ്തിത്വത്തെ അംഗീകരിക്കാതിരിക്കുമോ?'' എന്നദ്ദേഹം ചോദിക്കുന്നതിന്റെ സാരമതാണ് (കാണുക, 'സത്യജ്വാല' 2013 ഒക്‌ടോ. ലക്കം, പേജ് -6). വിവാഹജീവിതം അലസിപ്പോയവരുടെയും വിവാഹമോചിതരുടെയും പുനർവിവാഹം നടത്തിയവരുടെയും ഗർഭച്ഛിദ്രം നടത്തേണ്ടിവന്നവരുടെയുമൊക്കെ കാര്യവും അതുപോലെയല്ലേ; അവരെയൊക്കെ 'പാപികൾ' എന്നു വിളിക്കാൻ നാമാരാണ്, എന്നിങ്ങനെയുള്ള സ്‌നേഹമസൃണമായ ചിന്തകളാണ് അദ്ദേഹം യുക്തിപൂർവ്വം സഭയിലേക്കിട്ടുകൊടുത്തത്. അതേത്തുടർന്നാണ്, മർമ്മപ്രധാനമായ ഈ വിഷയങ്ങളെല്ലാം കടന്നുവരുന്നതും സഭയുടെ അടിസ്ഥാനഘടകവുമായ ആധുനിക കുടുംബത്തെത്തന്നെ വിഷയമാക്കിക്കൊണ്ട്, ഇപ്രകാരമൊരു സിനഡ് അദ്ദേഹം വിഭാവനംചെയ്തത്. 
സിനഡിനു മുന്നൊരുക്കമായി, വിവാഹത്തെയും കുടുംബജീവിതത്തെയുമൊക്കെപ്പറ്റിയുള്ള വ്യത്യസ്താഭിപ്രായങ്ങൾ ജനങ്ങളിൽനിന്നു സമാഹരിക്കുന്നതിനുവേണ്ടി വിശദമായൊരു കുടുംബസർവ്വേ രൂപതാതലങ്ങളിൽ നടത്തുവാൻ, വ്യക്തമായ മാർഗ്ഗനിർദ്ദേശങ്ങളും ചോദ്യാവലിയും നൽകി, മുഴുവൻ രൂപതാദ്ധ്യക്ഷന്മാരെയും അദ്ദേഹം ചുമതലപ്പെടുത്തുകയുമുണ്ടായി. ആധികാരികസഭ വിശ്വാസികളോട്, 'നിങ്ങളെന്തു ചിന്തിക്കുന്നു; തുറന്നു പറയൂ' എന്ന് ചരിത്രത്തിലാദ്യമായി ആവശ്യപ്പെട്ട സന്ദർഭമായിരുന്നു ഇത്. (ലോകമെമ്പാടുമുള്ള രൂപതാദ്ധ്യക്ഷന്മാർ മാർപ്പാപ്പാ തങ്ങളെ ഏല്പിച്ച ചുമതല നിറവേറ്റുകയും വിശ്വാസികൾ ആവേശപൂർവ്വം അതിൽ പങ്കാളികളാകുകയും ചെയ്‌തെങ്കിലും, ഭാരതമെത്രാന്മാർ ഒന്നടങ്കം ഈ കുടുംബസർവ്വേയോടു നിസ്സഹകരിക്കുകയാണുണ്ടായത് എന്നിവിടെ ഓർക്കേണ്ടതുണ്ട്. ഇതേ സമീപനം കൊണ്ടുതന്നെയായിരിക്കാം, ഈ സിനഡിൽ പങ്കെടുക്കാൻ ഇന്ത്യയിൽനിന്ന് ഒരു അത്മായപ്രതിനിധിപോലും ഇല്ലാതെപോയതും.) അങ്ങനെ, ജനങ്ങളെ തട്ടിയുണർത്തിയും അവരുടെ അഭിപ്രായങ്ങളെ മാനിച്ചും അവയെല്ലാം ക്രോഡീകരിച്ചും കഴിയുന്നത്ര ഗൃഹപാഠം ചെയ്തിട്ടാണ് ഈ അസാധാരണ സിനഡിന് മാർപ്പാപ്പാ തിരശീല ഉയർത്തിയത്.

ഏതു പാപിക്കും പ്രാർത്ഥനാലയങ്ങളിൽ, പിതാവിന്റെ ഭവനത്തിലേക്ക് ധൂർത്തപുത്രനെയെന്ന പോലെയെങ്കിലും കടന്നുചെല്ലാനും ദൈവവുമായി സഹവസിക്കാനും അനുരഞ്ജനപ്പെടാനും അവകാശമുണ്ട്. വാസ്തവത്തിൽ പ്രാർത്ഥനാലയങ്ങളിൽനിന്നു പുറത്താക്കപ്പെടേണ്ടവർ, അവയെ കൊ ള്ളക്കാരുടെ ഗുഹകളാക്കുന്നവരാണ്.

പ്രാരംഭമായി നടത്തിയ കുർബാനയ്ക്കിടെ വായിച്ച സുവിശേഷഭാഗങ്ങൾ വിശദീകരിച്ചു കൊണ്ടു നടത്തിയ ലഘുപ്രസംഗം പോലും അദ്ദേഹത്തിന്റെ മഹത്വവും ഹൃദയാവർജ്ജകത്വവും വിളിച്ചോതാൻ പോരുന്നതായിരുന്നു എന്നു പറയാതെവയ്യ. മുന്തിരിത്തോട്ടത്തിന്റെ ഉടമയെ, അദ്ദേഹത്തിന്റെ പുത്രനെവരെ കൊന്നുവഞ്ചിച്ച തോട്ടം സൂക്ഷിപ്പുകാരുടെ ഉപമയെ ഒരു മുഖക്കണ്ണാടിയാക്കി, താനുൾപ്പെടുന്ന മുഴുവൻ സിനഡംഗങ്ങളുടെയും നേർക്കു തിരിച്ചുവയ്ക്കുകയാണദ്ദേഹം ചെയ്തത്. ഈ തോട്ടംസൂക്ഷിപ്പുകാർ യഥാർത്ഥത്തിൽ പ്രതിനിധാനംചെയ്യുന്നത്, ദൈവത്തിന്റെ സഭയുടെ സൂക്ഷിപ്പുകാരായ മുഖ്യപുരോഹിതനെയും സഹമൂപ്പന്മാരെയുമാണെന്ന് ആത്മ വിമർശനപരമായി ചൂണ്ടിക്കാട്ടിക്കൊണ്ട് സഭയുടെ ഇന്നത്തെ അവസ്ഥയ്ക്കു പിന്നിലുള്ള യഥാർത്ഥ കാരണത്തിലേക്കു വെളിച്ചംവീശിയതിനെ ഔചിത്യപൂർണ്ണമെന്നേ ആർക്കും വിശേഷിപ്പിക്കാനാവൂ. സമ്പത്തിനോടും അധികാരത്തോടുമുള്ള ആർത്തി ദുഷ്ടപൗരോഹിത്യത്തിനു കാരണമാകുമെന്നും, അവരാണ് മനുഷ്യരുടെ ചുമലിൽ ദുർവ്വഹമായ ചുമടുകൾ കയറ്റിവയ്ക്കുന്നതെന്നും അദ്ദേഹം തുടർന്നു പറഞ്ഞു. നാം ഈ ആർത്തിയുടെ പ്രകോപനത്തിൽ അകപ്പെട്ടു പോകുന്നപക്ഷം, ദൈവരാജ്യത്തിന്റെ ഫലം പുറപ്പെടുവിക്കാൻ പ്രാപ്തരായ ദൈവജനത്തിന്റെ രൂപീകരണമെന്ന ദൈവികസ്വപ്നം വീണ്ടും തകർക്കപ്പെടുകയാവും ഫലം. അങ്ങനെ സംഭവിക്കാതിരിക്കാൻ മനസ്സിനെ യേശുക്രിസ്തുവിൽ ഊന്നി നിർത്തണമെന്നും, വിജ്ഞാനത്തിനപ്പുറം ജ്ഞാനത്തിലേക്കുയർന്ന് സ്വതന്ത്രമായും സർഗ്ഗാത്മകതയോടുകൂടിയും സിനഡിൽ സജീവഭാഗഭാഗിത്വം വഹിക്കണമെന്നും അഭ്യർത്ഥിച്ചുകൊണ്ടവസാനിപ്പിച്ച അദ്ദേഹത്തിന്റെ വാക്കുകൾ പോസീറ്റീവ് ഊർജ്ജത്തിന്റെ വലിയൊരു തരംഗംതന്നെ അവിടെ സൃഷ്ടിച്ചിട്ടുണ്ടാകണം.

ആധുനികകാലത്തു കാണപ്പെടുന്ന വിവിധതരം വിവാഹബന്ധങ്ങളെയും കുടുംബജീവിത രീതികളെയും എങ്ങനെയാണു സഭ മനസ്സിലാക്കേണ്ടത് എന്ന വിവാദ വിഷയത്തിൽ വിശദമായ ചർച്ചകൾ നടന്നു എന്നു റിപ്പോർട്ടു ചെയ്യപ്പെടുന്നു. ഗർഭനിരോധന-കുടുംബാസൂത്രണോപാധികളുടെ ഉപഭോക്താക്കൾ, ആഫ്രിക്കൻ രാജ്യങ്ങളിൽ നിലനിൽക്കുന്ന ബഹുഭാര്യാത്വസമ്പ്രദായം പുലർത്തുന്നവർ, വിവാഹം കഴിക്കാതെ കുടുംബമായി ജീവിക്കുന്നവർ, ഒന്നിച്ചു ജീവിക്കുന്ന സ്വവർഗ്ഗാനുരാഗികൾ, ഗർഭച്ഛിദ്രം നടത്തിയവർ, പുനർവിവാഹം നടത്തിയ വിവാഹമോചിതർ... എന്നിങ്ങനെ സഭ അകറ്റിനിർത്തിയിരിക്കുന്നവർ നേരിടുന്ന സാമൂഹികവും ആദ്ധ്യാത്മികവുമായ വെല്ലുവിളികളെയും പ്രശ്‌നങ്ങളെയുംകുറിച്ചും അവരോടു സഭ സ്വീകരിക്കേണ്ട സമീപനം സംബന്ധിച്ചും പാരമ്പര്യവാദികളുടെ പക്ഷത്തുനിന്നും ഉദാരമതികളുടെ പക്ഷത്തുനിന്നും ശക്തമായ വാദങ്ങളും പ്രതിവാദങ്ങളും സിനഡിലുയരുകയുണ്ടായി. അത്തരക്കാരെ സഭ സ്വീകരിച്ചംഗീകരിക്കരുതെന്നും കൂദാശാജീവിതം അനുവദിക്കരുതെന്നും പാരമ്പര്യവാദികൾ സഭയുടെ മുൻനിലപാടുകളിലൂന്നിനിന്നു വാദിച്ചപ്പോൾ, കൂടുതൽ ഉദാരമനഃ സ്ഥിതി പുലർത്തിയവർ സഭയുടെ വാതിലുകൾ അവർക്കുവേണ്ടിക്കൂടി തുറന്നിടണമെന്നു വാദിച്ചു. ഗ്രൂപ്പുചർച്ചകളെത്തുടർന്നു തയ്യാറാക്കപ്പെട്ട 10 പഠന പ്രബന്ധങ്ങളിൽനിന്നു 62 പ്രസക്തവിഷയങ്ങൾ ചർച്ചയ്ക്കും വോട്ടെടുപ്പിനുമായി അവതരിപ്പിക്കപ്പെട്ടു. ഇതിൽ ഏറ്റവും  വിവാദവിഷയങ്ങളായ മൂന്നു നിർദ്ദേശങ്ങളൊഴികെ ബാക്കിയെല്ലാം വോട്ടെടുപ്പിൽ അംഗീകരിക്കപ്പെടുകയും ചെയ്തു. 
സഭയുടെ അനുവാദമില്ലാതെ പുനർവിവാഹം നടത്തിയവർ, സ്വവർഗ്ഗജീവിതം നയിക്കുന്നവർ, വിവാഹമോചിതർ എന്നിവർക്ക് കൂദാശാജീവിതം അനുവദിക്കുന്നതു സംബന്ധിച്ചുള്ള ഈ മൂന്നു നിർദ്ദേശങ്ങൾ തള്ളപ്പെട്ടതു ചൂണ്ടിക്കാട്ടി, ഈ സിനഡ് മാർപ്പാപ്പായെ സംബന്ധിച്ച് ഒരു പരാജയമായിപ്പോയി എന്നു വിലയിരുത്തുന്നവരുണ്ട്. എന്നാൽ, മാർപ്പാപ്പാ തന്റെ സമാപനപ്രസംഗത്തിൽ പറഞ്ഞത്, എല്ലാ നിർദ്ദേശങ്ങളും എതിരില്ലാതെ അംഗീകരിക്കപ്പെട്ടിരുന്നെങ്കിൽ താൻ വളരെ ദുഃഖിതനായേനെ എന്നാണ്. അതായത്, നൂറ്റാണ്ടുകളുടെ ചരിത്രമുള്ള സഭയുടെ കടുത്ത നിലപാടുകളിൽനിന്ന് പൊടുന്നനെ ഒരു മാറ്റമുണ്ടാകുകയെന്നാൽ, ആ മാറ്റം സ്വാഭാവികമോ വിശ്വസനീയമോ അല്ല എന്ന സംശയത്തിന് അത് ഇടനൽകിയേനെ എന്ന്. മൂന്നിൽ രണ്ടു ഭൂരിപക്ഷം കിട്ടാതെ തള്ളിപ്പോയെങ്കിലും, ഇന്നേവരെ എല്ലാവരും ഒന്നടങ്കം കണ്ണടച്ചെതിർത്തുനിന്നിരുന്ന ആ വിവാദവിഷയങ്ങൾ തുറന്നു ചർച്ചചെയ്യപ്പെട്ടു എന്നതും, ഒട്ടു വളരെപ്പേർ മാർപ്പാപ്പായുടെ കാഴ്ചപ്പാടിനനുകൂലമായി സംസാരിക്കുകയും വോട്ടുചെയ്യുകയും ചെയ്തു എന്നതും ഈ കാലഘട്ടത്തിന്റെ വലിയ വിജയമായിക്കാണണം.
എങ്കിലും, കാഴ്ചപ്പാടിന്റെ ഇടുക്കുതൊഴുത്തിൽ നിന്ന് അനങ്ങാനനുവദിക്കാതെ സഭയിൽ നിലനിൽക്കുന്ന പ്രധാന തടസ്സക്കല്ല് ഏതെന്ന് അന്വേഷിക്കേണ്ടത് നമ്മേ സംബന്ധിച്ച് ഇവിടെ സംഗതമാണെന്നുതോന്നുന്നു. ക്രിസ്തുമതമുൾപ്പെടെ സെമിറ്റിക് പാരമ്പര്യമുള്ള മതങ്ങളുടെയെല്ലാം ഒരു പ്രധാന കുഴപ്പം, അതൊന്നും മനുഷ്യന് ആദ്ധ്യാത്മികാവബോധം നൽകി  സ്വന്തം നിലയിൽ ശരി-തെറ്റുകളെ വിവേചിച്ചു ജീവിക്കാൻ അവനെ പ്രാപ്തനാക്കുന്നതിലല്ല ഊന്നുന്നത് എന്നതാണ്.അതിനുപകരം, ദൈവത്താൽ വെളിപ്പെടുത്തപ്പെട്ട മതങ്ങളെന്ന (revealed
religions) നിലയിൽ, നിശ്ചിതമായ സാമൂഹികനിയമങ്ങൾക്കു മനുഷ്യവ്യക്തികളെ വിധേയപ്പെടുത്തുകയാണ് അവ ചെയ്യുന്നത്. ഈ നിയമങ്ങളാണ് ഈ മതങ്ങളിൽ പാപത്തെയും പുണ്യത്തെയും എക്കാലവും നിർണ്ണയിക്കുക. ഈ മതനിയമങ്ങളുടെ അതാതുകാലത്തെ നടത്തിപ്പുകാരെയും അവയുടെ വ്യാഖ്യാതാക്കളെയും (മിക്കപ്പോഴും ദുർവ്യാഖ്യാതാക്കൾ) മറികടന്നുള്ള ചിന്തകൾക്കും ജീവിതരീതികൾക്കും വിലങ്ങുവീഴുന്നതിന്റെയും മാറ്റം അസാധ്യമാകുന്നതിന്റെയും അടിസ്ഥാനകാരണം ഇതാണെന്നു പറയാം. സെമിറ്റിക് വേരുകളുള്ള ഈ സംഘടിത മതങ്ങളാണ് ലോകത്തിൽ പ്രശ്‌നങ്ങൾ സൃഷ്ടിച്ചുകൊണ്ടിരിക്കുന്നത് എന്നതു യാദൃച്ഛികമല്ല.
ഇസ്രായേൽജനത്തിനു മോശെ നൽകിയ പത്തു ദൈവികകല്പനകളെത്തുടർന്നു പിറന്നുവീണ ആയിരക്കണക്കിനു പുരോഹിതനിയമങ്ങൾമൂലം, മനുഷ്യനു മനുഷ്യനായി ജീവിക്കാനാവാതെ വന്ന സാഹചര്യത്തിലാണ്, അവയുടെ സാരാംശമായി ദൈവസ്‌നേഹത്തിന്റെയും മനുഷ്യസ്‌നേഹത്തിന്റെയുമായ രണ്ടു പരമപ്രധാന കല്പനകളിൽ മറ്റെല്ലാ കല്പനകളും പ്രവാചകവചനങ്ങളും അടങ്ങുന്നു എന്നു പ്രഖ്യാപിച്ച്, മനുഷ്യരെ പുരോഹിതനിയമങ്ങളിൽനിന്ന് യേശു മോചിപ്പിച്ചത്. മോശെയേയും കല്പനകളെയും തള്ളിക്കളയാതെതന്നെ അവയുടെമേൽ യേശു നടത്തിയ ആദ്ധ്യാത്മികവ്യാഖ്യാനത്തെ വിപ്ലവകരമെന്നേ വിശേഷിപ്പിക്കാനാവൂ. കാരണം, അത് ബാഹ്യനിയമങ്ങളുടെ ആന്തരീകപൂർത്തീകരണമായിരുന്നു. 'അരുത്, അരുത്' എന്ന നിഷേധാത്മകനിയമങ്ങളെ, 'സ്‌നേഹിക്കൂ, സ്‌നേഹിക്കൂ' എന്ന ധനാത്മകവും ആത്മാധിഷ്ഠിതവുമായ നിയമമായി പരിവർത്തിപ്പിക്കുകയായിരുന്നു, യേശു. സെമിറ്റിക് പാരമ്പര്യംതീർത്ത പൗരോഹിത്യവാർപ്പുമൂശയിൽനിന്ന് കരകയറാൻ അതോടെ മനുഷ്യനു വഴിതെളിയുകയും ചെയ്തു. സാധാരണ മനുഷ്യർക്കുവേണ്ടി, സ്‌നേഹത്തിന്റെ പരമപ്രധാനമായ ഈ രണ്ടു കല്പനകളെ ''മറ്റുള്ളവർ നിങ്ങളോട് എങ്ങനെ പെരുമാറണമെന്നു നിങ്ങൾ ആഗ്രഹിക്കുന്നുവോ, അങ്ങനെതന്നെ നിങ്ങളും അവരോടു പെരുമാറുക. ഇതത്രേ നിയമവും പ്രവാചകരും'' എന്നു പറഞ്ഞ് ഒറ്റ കല്പനയായി ചുരുക്കി കൂടുതൽ ലളിതമാക്കിത്തരുകയും ചെയ്തു, യേശു. കാരണം, സ്‌നേഹം അതിൽത്തന്നെ ദൈവികമാണ്. അപ്പോൾപ്പിന്നെ ദൈവത്തെ സ്‌നേഹിക്കണം എന്ന് എടുത്തു പറയേണ്ടതില്ലല്ലോ. ഓരോ മനുഷ്യവ്യക്തിക്കുമായി യേശു പ്രഖ്യാപിച്ച പരമപ്രധാനമായ ഈ സ്‌നേഹനിയമം, വ്യക്തികളെ വിവിധ ദൈവസങ്കല്പങ്ങൾ പുലർത്തുന്ന മുഴുവൻ മതസംവിധാനങ്ങളിൽനിന്നുകൂടി മോചിപ്പിക്കുന്നു; 'അതൊന്നും നോക്കേണ്ടതില്ല, പരസ്പരം സ്‌നേഹിച്ചു ജീവിച്ചാൽ മാത്രംമതി' എന്നു ധൈര്യപ്പെടുത്തുന്നു.
ഇതിലൂടെ, പാപ-പുണ്യങ്ങളെ സ്വയം വിവേചിച്ചറിയാനും അതിന്റെ വെളിച്ചത്തിൽ സ്വന്തംനിലയിൽ ജീവിതം നയിക്കാനും ഓരോ മനുഷ്യനും സ്വാതന്ത്ര്യമുണ്ട്. ഒപ്പം പറയേണ്ട മറ്റൊന്ന്, പാപമെന്നറിഞ്ഞുകൊണ്ടുതന്നെ അതു ചെയ്യാനുള്ള സ്വാതന്ത്ര്യവും വിശേഷബുദ്ധിയോടൊപ്പം ദൈവം മനുഷ്യനു നൽകിയിട്ടുണ്ട് എന്നതാണ്. തന്നെ ഒറ്റിക്കൊടുക്കാൻ പുരോഹിതരിൽനിന്ന് അച്ചാരം വാങ്ങിയെന്നറിഞ്ഞിരുന്നിട്ടും, താനൊരുക്കിയ അന്ത്യഅത്താഴത്തിൽ പങ്കുചേരുന്നതിൽനിന്ന് യേശു യൂദാസിനെ തടയാതിരുന്നത് ഇതിനുദാഹരണമാണ്. അതേ അന്ത്യഅത്താഴത്തിന്റെ ഓർമ്മയാചരണത്തിൽ പങ്കെടുക്കുന്നതിൽനിന്നാണ് പാപികളെന്നു മുദ്രയടിച്ച് കുറേ മനുഷ്യരെ നൂറ്റാണ്ടുകളായി സഭ മാറ്റിനിർത്തിയിരിക്കുന്നത് എന്നത് ഒരു വിരോധാഭാസംതന്നെ! ഭൂരിപക്ഷം സഭാധികാരികളും പഴയനിയമമനോഭാവത്തിൽനിന്നും ഇന്നുവരെ മോചിതരായിട്ടില്ല എന്നാണിതു കാണിക്കുന്നത്. 
ഏതു പാപിക്കും പ്രാർത്ഥനാലയങ്ങളിൽ, പിതാവിന്റെ ഭവനത്തിലേക്ക് ധൂർത്തപുത്രനെയെന്നപോലെയെങ്കിലും കടന്നുചെല്ലാനും ദൈവവുമായി സഹവസിക്കാനും അനുരഞ്ജനപ്പെടാനും അവകാശമുണ്ട്. വാസ്തവത്തിൽ പ്രാർത്ഥനാലയങ്ങളിൽനിന്നു പുറത്താക്കപ്പെടേണ്ടവർ, അവ യെ കൊള്ളക്കാരുടെ ഗുഹകളാക്കുന്നവരാണ്. 'പാപി' കൾക്കു സഭയുടെ വാതിലുകൾ തുറന്നുകൊടുക്കാൻ ശ്രമിക്കുന്ന ഫ്രാൻസീസ് പാപ്പാ, കൂദാശാകർമ്മാനുഷ്ഠാനങ്ങളെ വിലവിവരപ്പട്ടികവച്ച് കച്ചവടംചെയ്യുന്ന ദുഷ്ടപൗരോഹിത്യത്തെ ചാട്ടവാറുയർത്തി അതേ വാതിലുകളിലൂടെ പുറത്താക്കാനും സാഹസികമായി പരിശ്രമിക്കുന്നു എന്നത്, യേശുവിന്റെ പാപികളോടുള്ള സ്‌നേഹവും സാമ്പത്തിക അധികാരാർത്തിയിൽ മുങ്ങിക്കുളിച്ചവർക്കെതിരെയുള്ള ധാർമ്മികരോഷവും അദ്ദേഹം വേണ്ടത്ര ഉൾക്കൊണ്ടതുകൊണ്ടാണെന്നുള്ളതിനു തെളിവാണ്.
ഏതായാലും, വിപ്ലവകരമായ ഈ ദ്വിമുഖപ്രക്രിയയ്ക്ക് ഫ്രാൻസീസ് മാർപ്പാപ്പാ വിജയകരമായി തുടക്കംകുറിച്ചിരിക്കുന്നു. അടുത്ത ഒരു വർഷം നിർണ്ണായകമാണ്. 2015 ഒക്‌ടോബറിൽ നടക്കുന്ന സാധാരണ സിനഡിൽ-മൂന്നാം വത്തിക്കാൻ സൂനഹദോസിൽ-ചർച്ചയ്ക്കും ഔദ്യോഗികതീരുമാനങ്ങൾക്കുമായി അവതരിപ്പിക്കപ്പെടുന്നത്, ഈ സിനഡ് രൂപംകൊടുത്ത റിപ്പോർട്ടിന്മേൽ ലോകമാസകലമുള്ള മെത്രാൻ
സമിതികളും രൂപതകളും കീഴ്ഘടകങ്ങളും നടത്തുന്ന ചർച്ചകളുടെ ക്രോഡീകൃത റിപ്പോർട്ടാണ്. അതുകൊണ്ട്, ഈ ചർച്ചകൾ കേരളസഭയിൽ വേണ്ടപോലെ, എല്ലാ വിഭാഗം വിശ്വാസികൾക്കും പങ്കാളിത്തം നൽകുന്നവിധത്തിൽ, നടത്തപ്പെടുന്നുണ്ടോ എന്നു ജാഗ്രതയോടെ നിരീക്ഷിക്കേണ്ട സമയമാണ് ഇനിയുള്ളത്. കാരണം, കേരളത്തിലെ മെത്രാന്മാർക്ക് ഫ്രാൻസീസ് മാർപ്പാപ്പാ ഒരു പേടിസ്വപ്നമാണ്. അദ്ദേഹത്തിന്റെ നിർദ്ദേശങ്ങളെയും കല്പനകളെയും അവഗണിക്കാനാണ് അവർക്കിഷ്ടം. അതുകൊണ്ടാണവർ, മാർപ്പാപ്പാ ആവശ്യപ്പെട്ട കുടുംബസർവ്വേ ബഹിഷ്‌കരിച്ചത്. സിനഡ് റിപ്പോർട്ടിന്മേലുള്ള ചർച്ചയും, മെത്രാൻസമിതികളിലും വൈദിക സമിതികളിലും ഏറാൻമൂളി സംഘടനാപ്രതിനിധികളെമാത്രം പങ്കെടുപ്പിച്ചുകൊണ്ടു നടത്തുവാനായിരിക്കും സ്വാഭാവികമായും അവർ തീരുമാനിച്ചിട്ടുണ്ടാവുക. മാർപ്പാപ്പായുടെ അതേ ആശയഗതികൾ പുലർത്തുന്ന അനേകം അത്മായപ്രസ്ഥാനങ്ങളുള്ള കേരളത്തിൽ, തീർച്ചയായും ഈ ചർച്ച അവരെ ഒഴിവാക്കിക്കൊണ്ടു നടത്തേണ്ട ഒന്നല്ല. അതുകൊണ്ട് ഈ വിഷയത്തിൽ അവരുടെ സാന്നിദ്ധ്യംകൂടി ഉറപ്പാക്കിക്കൊണ്ടുള്ള അർത്ഥവത്തായ ചർച്ചകൾ കേരളസഭയിൽ നടക്കുമെന്ന് സഭയെ സ്‌നേഹിക്കുന്ന, സഭയോട് ഉത്തരവാദിത്വമുള്ള, സഭാപൗരന്മാർ ഉറപ്പുവരുത്തേണ്ടത് ആവശ്യമാണ്.
മോശെയിൽനിന്ന് യേശുവിലേക്കു വഴിവെട്ടുകയെന്ന, കാലഘട്ടം കൊതിക്കുന്ന മഹാകർമ്മപദ്ധതിക്കു നേതൃത്വം നൽകുന്ന ഫ്രാൻസീസ് മാർപ്പാപ്പായോടൊപ്പം ചേർന്നു പണിയെടുക്കുവാൻ ക്രൈസ്തവരെല്ലാവരും നീതിയുടെ കുപ്പായവും സത്യത്തിന്റെ അരപ്പട്ടയും ധരിച്ച് യേശുവിൽ ധീരരായി രംഗത്തിറങ്ങേണ്ട അവസരമാണിത്.






ജോര്‍ജ്ജ് മൂലെച്ചാലില്‍  - ചീഫ് എഡിറ്റര്‍ 
സത്യജ്വാല മാസിക

No comments:

Post a Comment