Translate

Friday, November 9, 2012

വഴിയാണ് ലക്ഷ്യം

അല്‍മായശബ്ദത്തിന്റെ സത്യജ്ജ്വാല മാസിക വായിക്കാന്‍ കൊടുക്കുമ്പോള്‍ ചില സുഹൃത്തുക്കള്‍ ചോദിക്കാറുണ്ട്, എന്താ ചേട്ടാ, ഇതുകൊണ്ടൊക്കെ ഗുണം? ആരെങ്കിലുമുണ്ടോ ഇത് വായിച്ച്  മാറാന്‍ പോകുന്നു? മാറുമോ ഇല്ലയോ എന്ന് ചിന്തിക്കാന്‍ പോയാല്‍ ഒന്നും ചെയ്യാന്‍ തോന്നുകയില്ല. ശരിയെന്നു തോന്നുന്നത് ചെയ്യുക എന്നതാണ് കാര്യം, അതിനപ്പുറത്ത് ഒരു ലക്ഷ്യവും ആവശ്യമില്ല എന്നാണ് ഗീതാസാരം. പുറത്തൊരു ലക്ഷ്യമുള്ളപ്പോള്‍ നാം നമ്മെതന്നെ ആശ്രയിക്കുകയാണ്. അവിടെ, വിജയമോ തോല്‍വിയോ എന്നതിനുത്തരവാദി നമ്മള്‍ തന്നെയായിരിക്കും. അതിലും എത്രയോ ലളിതവും സുന്ദരവുമാണ് ലക്ഷ്യവും ആ ലക്ഷ്യത്തിലേയ്ക്കുള്ള വഴിയും ഒന്നാവുകയാണെങ്കില്‍. ഉദാഹരണത്തിന്, ആരോഗ്യം കാംക്ഷിച്ചോ, അതല്ല, വെറും ഒരു രസത്തിനു വേണ്ടിയോ നടക്കാന്‍ ഇറങ്ങുമ്പോള്‍ ശ്രദ്ധിക്കുക - ഇത്രടം വരെ പോയി വരണം എന്ന ചിന്ത മനസ്സിലുള്ളതിലും ആസ്വാദ്യകരമായി നടത്തം അനുഭവപ്പെടുന്നത്, ങാ, മടുക്കുമ്പോള്‍ തിരിച്ചേക്കാം എന്ന സ്വാതന്ത്ര്യത്തോടെ പോകുമ്പോഴാണ്. താത്ത്വികമായി പറഞ്ഞാല്‍, ഇവിടെ വഴിയാണ് ലക്‌ഷ്യം. അതിനപ്പുറത്തേയ്ക്ക് മനസ്സ് പോകുന്നേയില്ല. അപ്പോള്‍ പുറത്തല്ല, ലക്ഷ്യം അകത്തുതന്നെയുണ്ട്‌. എന്നാല്‍, മനസ്സിനെ ഒരു ലക്ഷ്യത്തില്‍ ഉറപ്പിച്ചു കഴിഞ്ഞാല്‍ സംഭവിക്കുന്നതോ? അപ്പോള്‍, അവിടെയെത്താത്ത ഏതു പ്രവൃത്തിയും പാഴ്വേലയുടെ വിമ്മിട്ടത്തെയുണ്ടാക്കി മനസ്സിനെ അസ്വസ്ഥമാക്കുന്നു. നേരെ മറിച്ച്, വഴി തന്നെ ലക്ഷ്യമായാല്‍, അതിനര്‍ത്ഥം, ഓരോ കാല്‍വയ്പ്പിലും നാം ലക്ഷ്യത്തിലാണെന്നാണ്. തുടക്കം മുതല്‍ ലക്‌ഷ്യം നമ്മെ ഉള്‍ക്കൊണ്ടുകഴിഞ്ഞു എന്നാണ്; എന്തെങ്കിലും ചെയ്യുന്നതിന് മുമ്പ് തന്നെ, നമ്മെ സംബന്ധിച്ചിടത്തോളം, നമ്മള്‍ എത്തേണ്ടിടത്താണ് എന്നാണ്.
  
ജീവിതത്തിന്റെ ഏതു തുറയിലും അനാവശ്യമായ മാനസികാസ്വാസ്ഥ്യങ്ങളെ പാടേ ഉത്മൂലനം ചെയ്യുന്ന ലാളിത്യത്തിന്റെയും സന്തുഷ്ടിയുടെയും  ഈ കലാകൌശലം ആര്‍ക്കും പരിശീലിക്കാവുന്നതാണ്.

2 comments:

 1. പ്രസക്തമെന്നു തോന്നുന്നതിനാല്‍ ഞാന്‍ പണ്ടെഴുതിയ ഒരു കവിത ഇവിടെയൊന്നു പകര്‍ത്തട്ടെ:

  ചൂണ്ടുപലക


  ''ഒരു ചൂണ്ടുപലകയാണിന്നു ഞാന്‍, ലക്ഷ്യവും
  വഴിയുമറിയുമ്പൊഴും കവലയില്‍ നിശ്ചലം
  നില്ക്കല്‍ സ്വധര്‍മമായറിയുന്നു; ലക്ഷ്യത്തി
  ലണയുവാനെന്നെനിക്കാവും?''

  ഒരുവേള ഇതുപോലെ യൊരുചോദ്യമെന്നിലൂ
  ടൊഴുകി, ഞാനാരാഞ്ഞു ഗുരുവിനോ,ടതിനെന്റെ
  ഗുരു ചൊന്നതിത്രയും മാത്രം:

  ''അറബിക്കടല്‍ ബോര്‍ഡ് പുഴയിലൂടൊഴുകട്ടെ.''
  ധ്വനിതലമിതിന്നെത്ര? തിരയവേ കേട്ടു ഞാന്‍:

  ''കുരുവിലെത്തരുപോലെ പുഴയില്‍ സമുദ്രവും
  മാര്‍ഗത്തില്‍ ലക്ഷ്യവും ഇവിടെയിപ്പോഴെന്ന
  സത്യത്തിലുള്‍ച്ചേര്‍ന്നിരിപ്പൂ!''

  ReplyDelete
 2. When you begin to see life
  As an integral whole,
  There's no beginning
  Or end to it.
  It has been and will be there,
  Like a drop of honey
  That never dries up,
  Though everyone sips it
  Avidly now and ever.

  ReplyDelete