Translate

Tuesday, November 13, 2012

നിയമപരിഷ്‌കരണ കമ്മീഷന്‍ ശുപാര്‍ശ നടപ്പാക്കേണ്ടത് അനിവാര്യമാണെന്ന് ഹൈകോടതി വിധികള്‍ തെളിയിക്കുന്നു.

                                                                     ആന്റോ കോക്കാട്ട്
                                                                         (ജനറല്‍ സെക്രട്ടറി. JCC)

തൃശ്ശൂര്‍: കൊല്ലം ശക്തികുളങ്ങര മുക്കാട് തിരുകുടുംബ പള്ളിയിലെ വിശ്വാസികളും പള്ളിയധികാരികളും തമ്മിലുള്ള പള്ളിസ്വത്തിനെ സമ്പന്ധിച്ചുള്ള കേസില്‍ 9/10/2012 ലെ കേരള ഹൈകോടതി വിധിയും, തൃശ്ശൂര്‍ സ്വദേശി ജോണ്‍സന്‍ ദത്തെടുത്ത കുട്ടിയുടെ അവകാശം സംമ്പന്ധച്ച കേസ്സില്‍ ദത്തെടുക്കപ്പെട്ട കുട്ടിക്ക് സ്വാഭാവിക ജനനത്തിലെ കുട്ടികളെ പോലെയുള്ള എല്ലാ അവകാശങ്ങളുമുണ്ടെന്ന് 7/11/12 ലെ ഹൈകോടതി വിധിയും ജസ്റ്റിസ് വി.ആര്‍. കൃഷ്ണയ്യര്‍ ചെയര്‍മാനായിരുന്ന നിയമപരിഷ്‌കരണ കമ്മീഷന്‍ ശുപാര്‍ശകള്‍ നടപ്പിലാക്കണമെന്ന് തെളിയിച്ചിരിക്കുകയാണ് എന്ന് സാഹിത്യ അക്കാദമി വൈലോപ്പിള്ളി ഹാളില്‍ ജോയിന്റ് ക്രിസ്ത്യന്‍ കൗണ്‍സില്‍ സംഘടിപ്പിച്ച സെമിനാര്‍ അഭിപ്രയപ്പെട്ടു.
വിശ്വാസികള്‍ക്ക് സ്വന്തമായോ, കമ്മിറ്റി എന്ന നിലയിലോ പള്ളിയെ പ്രതിനിധാനം ചെയ്യാനും പള്ളിസ്വത്തുക്കളുടെ അധികാരം അവകാശപ്പെടാനും കഴിയുമെന്ന് 1980 മുതല്‍ നടന്നുവന്ന കേസില്‍ 32 വര്‍ഷങ്ങള്‍ക്ക് ശേഷം തീര്‍പ്പാക്കികൊണ്ട് ഹൈകോടതി വിധിച്ചിരിക്കുകയാണ്. പള്ളിയും പള്ളിസ്വത്തുക്കളും മാര്‍പാപ്പയിലും മെത്രാന്മാരിലും നിക്ഷിപ്തമാണെന്ന വാദം നിലനില്‍ക്കുന്നതല്ലന്നും ഹൈകോടതി അഭിപ്രായപ്പെട്ടു. സഭാനിര്‍മ്മിതമായ കാനോന്‍നിയമം ദേശത്തെ സിവില്‍ നിയമത്തിന് മേലെയല്ലെന്നും ഇത്തരം വ്യക്തിനിയമങ്ങള്‍ക്ക് നിലനില്‍പില്ലെന്നും ഹൈകോടതി നിരീക്ഷിച്ചു.
കേരള ക്രിസ്ത്യന്‍ ചര്‍ച്ച് പ്രോപ്പര്‍ട്ടീസ് & ഇന്‍സ്റ്റിറ്റിയൂഷന്‍സ് ട്രസ്റ്റ് ബില്ലും, ക്രിസ്ത്യന്‍ അഡോപ്ഷന്‍ ബില്ലും നിയമപരിഷ്‌കരണ കമ്മീഷന്‍ ശുപാര്‍ശ ചെയ്തത് സര്‍ക്കാരിന്റെ പരിഗണനയിലാണ്.
ഈ ബില്ലുകളെകുറിച്ച് കെ.സി.ബി.സി.യും പുരോഹിതസമൂഹവും മൗനം വെടിയണമെന്നും ക്രൈസ്തവസഭകള്‍ ജനാധിപത്യം സ്വീകരിക്കണമെന്നും ഇന്ത്യന്‍ സിവില്‍ നിയമത്തിന് കീഴില്‍ ജനങ്ങള്‍ക്ക് പൗരാവകാശങ്ങള്‍ നല്‍കികൊണ്ട് നിയമാനുസൃതം പ്രവര്‍ത്തിക്കാന്‍ തയ്യാറാകണമെന്നും സെമിനാര്‍ അഭിപ്രായപ്പെട്ടു.
സെമിനാറില്‍ സംസ്ഥാന വൈസ്പ്രസിഡണ്ട് വി.കെ. ജോയ് അധ്യക്ഷതവഹിച്ചു. കേരള കാത്തലിക് ഫെഡറേഷന്‍ സംസ്ഥാന പ്രസിഡണ്ട് ജോയ് പോള്‍ പുതുശ്ശേരി ഉദ്ഘാടനം ചെയ്തു. ഡോ. ജെ.ജെ. പള്ളത്ത് ബ്രദര്‍ കുര്യാക്കോസ് അരങ്ങാശ്ശേരിയുടെ 'സത്യം നിങ്ങളെ സ്വതന്ത്രരാക്കും' എന്ന പുസ്തകത്തിന്റ പ്രകാശനം ജനറല്‍ സെക്രട്ടറി ആന്റോ കോക്കാട്ടിന് നല്‍കികൊണ്ട് നിര്‍വ്വഹിച്ചു. 
ആന്റോ കോക്കാട്ട് നയിച്ച ചര്‍ച്ചയില്‍ സി.എല്‍. ജോയ്, സൈമണ്‍ കുന്നത്ത്, കെ.എ. ജോസ്, ആര്‍.കെ. തയ്യില്‍, സി.കെ. ജോണ്‍സണ്‍, ഐ.വി. തരകന്‍ എന്നിവര്‍ ചര്‍ച്ചയില്‍ സജ്ജീവമായി പങ്കെടുത്തു. 


തൃശ്ശൂര്‍  
10/11/2012

1 comment:

  1. ആദ്ധ്യാത്മികതയെ അധികാരമോഹത്തോട് ബന്ധപ്പെടുത്തി ശീലിച്ചതുകൊണ്ടാണ് കെ.സി.ബി.സി.യും പുരോഹിതസമൂഹവും മൗനം ദീക്ഷിച്ചു കഴിയുന്നത്‌. ജനാധിപത്യം സ്വീകരിക്ച്ച് ഇന്ത്യന്‍ സിവില്‍ നിയമത്തിന് കീഴില്‍ ജനങ്ങള്‍ക്ക് പൗരാവകാശങ്ങള്‍ നല്‍കികൊണ്ട് നിയമാനുസൃതം പ്രവര്‍ത്തിക്കാന്‍ സാധിക്കുന്ന ഒരു തയ്യാറെടുപ്പിനുള്ള പക്വത അവര്‍ക്ക് കൈവന്നിട്ടില്ല. അതിനുള്ള സമ്മര്‍ദ്ദം ചെലുത്താന്‍ ഇന്ത്യയിലെ നിയമങ്ങള്‍ ധാരാളം മതി. സഭയെയും അതിന്റെ വരുതിയില്‍ കൊണ്ടുവരാന്‍ അധികാരികള്‍ കാണിക്കുന്ന അമാന്തം നിരുത്തരവാദപരമാണ്. ദൈവം നേരിട്ട് അധികാരം നല്‍കിയിരിക്കുന്ന തങ്ങള്‍ക്ക് മറ്റാരെയും വകവയ്ക്കേണ്ടതില്ല എന്ന ഫാസിസ്റ്റ് ഗര്‍വിനു ആധുനിക ലോകത്തില്‍ സ്ഥാനമില്ല. ഇവര്‍ ഇന്ത്യയുടെ ശത്രുക്കളാണെന്നും എല്ലാ സംസ്കാരത്തിനും അന്യരാനെന്നും സാധാരണക്കാരെയും ബോധ്യപ്പെടുത്തിയെടുക്കണം. കാരണം, എല്ലാ ശരിയായ അറിവിന്റെയും സംഭരണിയാണ് ക.സഭ എന്ന് ഉറച്ചു വിശ്വസിക്കുന്നവര്‍ ഇന്നും ഏറെയുണ്ട്. സത്യത്തിനു സംവരണമില്ല എന്ന തത്ത്വം അംഗീകരിക്കാതെ കാര്യങ്ങള്‍ മുന്നോട്ടു നീങ്ങുകയില്ല.

    ReplyDelete