Translate

Wednesday, November 28, 2012

ഒരു കുരിശു വരുത്തിയ വിന

(ജീവന്‍ TV യിലും സത്യദീപത്തിലും ദീര്‍ഘനാള്‍ പ്രവര്‍ത്തിച്ചിട്ടുള്ള റവ. ഫാ. ജോര്‍ജ്ജു നെല്ലിശ്ശേരി, ഇപ്പോള്‍ കാക്കനാട് (കൊച്ചി) സെ. അസ്സിസ്സി പള്ളി വികാരിയാണ്‌. നിരവധി ഗ്രന്ഥങ്ങള്‍ എഴുതിയിട്ടുള്ള അദ്ദേഹം, ജര്‍മ്മനിയില്‍ നിന്ന് പ്രസിദ്ധികരിക്കുന്ന Soul and Vision എന്ന പ്രസിദ്ധികരണത്തില്‍ എഴുതിയ Counter-witness of the Syro Malabar Church in the U S  എന്ന ലേഖനത്തിന്റെ തര്‍ജ്ജമ.) 
  
“നാം പ്രസംഗിക്കുന്ന ക്രൂശിതനായ യേശു, യഹൂദര്‍ക്ക് ഒരു മാര്‍ഗ്ഗതടസ്സമായിരിക്കുന്നു” വെന്നു വി. പൌലോസ് അപ്പസ്തോലന്‍ കൊറിന്തിയാക്കാര്‍ക്ക് എഴുതി. ഒരു മെത്രാനും അദ്ദേഹത്തിന്റെ ഏതാനും പിണിയാളുകളും കൂടി അമേരിക്കയിലുള്ള സിറോ മലബാര്‍ വിശ്വാസികളുടെ ഇടയില്‍ ബലമായി സ്ഥാപിച്ചുകൊണ്ടിരിക്കുന്ന മാര്‍ത്തോമ്മാ കുരിശ്, ഇന്ന് ഒരിക്കല്‍ കൂടി മാര്‍ഗ്ഗതടസ്സം ആയിരിക്കുകയാണ്. ചെന്നൈക്കടുത്തുള്ള മൈലാപ്പൂരിലുള്ള മാര്‍ത്തോമ്മാസ്ലിഹായുടെ കബറിടത്തില്‍നിന്ന് ഈ കുരിശ് ആദ്യം കണ്ടെത്തിയത് പോര്‍ട്ടുഗീസുകാരാണ്. കബറിടത്തിനുള്ളില്‍ ഭിത്തിയില്‍ കൊത്തിവെച്ചിരുന്നതായാണ് അത് കാണപ്പെട്ടത്. ചില നിഗൂഡലക്ഷ്യങ്ങളോടെ പോര്‍ട്ടുഗീസുകാര്‍ തന്നെ ഇത് കൊത്തിവെച്ചതായിരിക്കാം എന്നൊരു വ്യാഖ്യാനം പണ്ട് മുതലേ നിലവിലുണ്ട്. പിന്നിട്, ഇതേ രീതിയിലുള്ള ഏതാനും കുരിശുകള്‍ക്കൂടി കേരളത്തിലെ ചില സ്ഥലങ്ങളില്‍ നിന്ന് കണ്ടെടുക്കപ്പെട്ടു. പ്രത്യേകം ശ്രദ്ധിക്കേണ്ട ഒരു കാര്യം, ഈ കുരിശുകള്‍ കണ്ടെടുത്തത് ദേവാലയങ്ങള്‍ക്കുള്ളില്‍ നിന്നായിരുന്നില്ല, പകരം ദേവാലയങ്ങള്‍ക്ക് സമീപം ഉപേക്ഷിക്കപ്പെട്ട നിലയിലായിരുന്നുവെന്നതാണ്. ഇതില്‍നിന്ന്, ഈ പ്രത്യേക കുരിശിനു യാതൊരു പ്രത്യേകതയോ വിശേഷ മൂല്യമോ നൂറ്റാണ്ടുകളായി ആരും കല്പ്പിച്ചിരുന്നില്ലായെന്നത് തന്നെയാണ് മനസ്സിലാക്കേണ്ടത്. ഇതിലുള്ള ലിപി AD 3-7 നൂറ്റാണ്ടുകളില്‍ ഇപ്പോഴത്തെ ഇറാന്‍റെ പടിഞ്ഞാറുള്ള പാര്‍ത്തിയാ പ്രദേശത്തുണ്ടായിരുന്ന പല്ലവി ഭാഷ ആണെന്നും തിരിച്ചറിഞ്ഞിട്ടുണ്ട്. അതെ കാലയളവില്‍ മാനിക്കെയന്‍ സിദ്ധാന്തം ആ പ്രദേശങ്ങളില്‍ പ്രചരിചിരുന്നുവെന്നതും സത്യമാണ്. മാനി എന്ന സ്വേശ്ചാധിപതിയുടെ പുതിയ മതം, പഴയ നിയമങ്ങളെ പൂര്‍ണ്ണമായും പുതിയ നിയമത്തിലെ ഏതാനും ഭാഗങ്ങളെയും അംഗികരിച്ചിരുന്നില്ലെങ്കിലും, യേശുവിന്റെ അപ്പസ്തോലന്‍ എന്നാണു മാനി സ്വയം വിശേഷിപ്പിച്ചിരുന്നത്.

മാര്‍ത്തോമ്മാ കുരിശു എന്ന് പറയുന്നത് അക്ഷരാര്‍ഥത്തില്‍ മാനിക്കെയന്‍ കുരിശാണെന്നുള്ള വാദഗതി വളരെ ശക്തമാണ്. കുരിശിന്‍റെ മുകളില്‍ കാണിച്ചിരിക്കുന്ന പ്രാവ് മാനിയെത്തന്നെയാണ് ഉദ്ദേശിച്ചിരിക്കുന്നതെന്ന് വ്യാഖ്യാനിക്കപ്പെട്ടെങ്കിലും, സഭയിലെ ഒരു വിഭാഗം ഇത് സിറോ മലബാര്‍ സഭയുടെ അതി വിശേഷപ്പെട്ട ഒരടയാളമാണെന്നു വ്യാഖ്യാനിച്ചു; അതിനു ദിവ്യത്വം കൊടുക്കാനായി പൌരസ്ത്യ ദൈവശാസ്ത്രത്തില്‍ അത് തിരുകികയറ്റുകയും, വിടര്‍ന്ന പുഷ്പം ഉഥിതനായ ക്രിസ്തുവിന്റെ മഹത്വത്തെ സൂചിപ്പിക്കുന്നതായി വ്യാഖ്യാനിക്കുകയും ചെയ്തു. പക്ഷെ, അത് മാനിക്കെയന്‍ അടയാളം തന്നെയാണെങ്കില്‍ ലൌകികതയുടെ അതിപ്രസരത്തെ സൂചിപ്പിക്കുന്നതാവുമെന്നു പറയാതെ തരമില്ല. അക്രൈസ്തവമായ ഏത് അടയാളങ്ങളെയും പുതിയ വ്യാഖ്യാനങ്ങള്‍ നല്‍കി ക്രൈസ്തവത്ക്കരിക്കുക ബുദ്ധിമുട്ടുള്ള ഒരു ജോലിയേയല്ല. അത് വിശ്വാസ വളര്‍ച്ചക്ക് ഉതകുന്നതും ന്യായവുമാണെങ്കില്‍ സാവധാനം വിശ്വാസികള്‍ അംഗികരിക്കുകയും ചെയ്യും. പകരം, നേതൃത്വം അത് അടിച്ചേല്‍പ്പിക്കാന്‍ ഗൂഡതന്ത്രങ്ങളാണ് ആവിഷ്കരിക്കുന്നതെങ്കില്‍ അതിന്റെ ഉദ്ദേശം വിശകലനം  ചെയ്യപ്പെടുകതന്നെ ചെയ്യണം.

തലശ്ശേരി രൂപതയില്‍ പുതുതായി പണിയുന്ന എല്ലാ പള്ളികളിലും മാര്‍ത്തോമ്മാക്കുരിശ് ഉണ്ടായിരിക്കണമെന്ന് ഒരിക്കല്‍ രൂപതാ മെത്രാന്‍ കര്‍ശനമായി നിര്‍ദ്ദേശിക്കുകയുണ്ടായി. അത് സഭയുടെ എല്ലാ തലത്തിലും വിമര്‍ശന വിധേയമാവുകയും, ഒടുവില്‍ വിശ്വാസികള്‍ രണ്ടു പക്ഷമായി തിരിയുകയും ചെയ്തു. വളര്‍ന്നു വന്ന എതിര്‍പ്പുകളുണ്ടാക്കാവുന്ന ഭവിഷ്യത്തുകളെപ്പറ്റി  സുബോധത്തോടെ ചിന്തിച്ച മെത്രാപ്പോലിത്ത സംയമനത്തോടെ സമന്വയത്തിന്റെതായ ഒരു പാത സ്വികരിക്കാന്‍ ഒട്ടും മടിച്ചില്ല. ആ പ്രശ്നം അവിടെത്തന്നെ ഒതുങ്ങാന്‍ അത് കാരണവുമായി.

രണ്ടു സംസ്കാരങ്ങളുടെ ഇടയ്ക്കു ഞെരുങ്ങുന്ന ഒരു കൊച്ചു സമൂഹമായ അമേരിക്കയിലെ കത്തോലിക്കാ സഭയില്‍ ഇപ്പോള്‍ ഒട്ടും ആശാസ്യമല്ലാത്ത  ഒരു മത്സരമനോഭാവമാണുള്ളത്. സഭാ സമൂഹത്തിന്റെ എല്ലാ ശക്തിയും വിശ്വാസം ബലപ്പെടുത്താനും ബുദ്ധിമുട്ടുന്നവര്‍ക്ക് ആശ്വാസം പകരാനും വേണ്ടി ചിലവഴിക്കപ്പെടേണ്ടതാണ്. ചെറുപ്പക്കാരിലെ വിശ്വാസസംരക്ഷണം ഒരു വെല്ലു വിളിയായി ഏറ്റെടുക്കുവാന്‍ നേതൃത്വത്തിന്റെയും വിശ്വാസികളുടെയും ഒത്തൊരുമിച്ചുള്ള പ്രവര്‍ത്തനമാണ് നിശ്ചയമായും വേണ്ടത്. ഈ അടിസ്ഥാന ദൌത്യം  മറന്നു, അര്‍ത്ഥമില്ലാത്ത ഒരു യുദ്ധത്തില്‍ സഭാധികാരികള്‍ ഏര്‍പ്പെട്ടിരിക്കുന്നുവെന്നുള്ളത് വളരെ വേദനാജനകമാണ്. എല്ലാ മുക്കിലും മൂലയിലും മാര്‍ത്തോമ്മാ കുരിശു സ്ഥാപിക്കുകയെന്ന എകൊദ്ധേശത്തോടെയുള്ള നീക്കം വിപരിത ഫലമേ ചെയ്യൂ. ചിക്കാഗോയുടെ മെത്രാന്‍ സുബോധത്തോടെ പ്രവര്‍ത്തിക്കുകയോ അല്ലെങ്കില്‍  രൂപതയില്‍ ഐക്യവും സമാധാനവും നിലനിര്‍ത്താന്‍ കഴിയാത്തതിലുള്ള വിഴ്ച സ്വയം ഏറ്റെടുത്തു തല്‍സ്ഥാനം ഒഴിയുകയോ ചെയ്യണം എന്ന് തന്നെയാണ് എന്റെ അഭിപ്രായം. 

2 comments:

 1. ഒരു സഭയുടെ അന്തസ്സ് ഇന്ന് ക്രിസ്തുവല്ലെന്നു തോന്നിപോവുന്നു. പോര്‍ട്ടുഗീസുകാരുടെ സൃഷ്ടിയായ തോമാശ്ലീഹാ, മാനിക്കയിന്‍ കുരിശുകള്‍ക്കാണ് പ്രാധാന്യം. കൂടാതെ ഇറാന്റെ ഭാഷാചരിത്ര ഗവേഷകരെക്കാള്‍ മിടുക്കരാണ് കേരള സഭയിലെ നസ്രാണി വൈദികര്‍. ഇവര്‍ എഴുതുന്ന പുസ്തകങ്ങള്‍ എല്ലാം ചരിത്രമാണെന്നാണ് ഇവര്‍ പറയുന്നത്. സാക്ക് നെടുങ്കനാല്‍ എഴുതിയത്പോലെ മന്ദബുദ്ധികള്‍ ഉള്ളടത്തോളംകാലം വിശ്വസിക്കുവാന്‍ ജനവും ഉണ്ട്.

  ലേഖനത്തിന്റെ അവസാനം അമേരിക്കന്‍ പിതാവ് സുബോധത്തോടെ പ്രവര്ത്തിക്കണമേയെന്നുണ്ട്. ജന്മനാ ഇങ്ങനെ അസുഖം ഉള്ള ഒരു ബിഷപ്പിന്റെ രോഗം എങ്ങനെ മാറ്റും? അഥവാ അസുഖം മാറിയാല്‍തന്നെ പിന്നീട് മാനിക്കെയില്‍ കുരിശിന്റെ ചങ്ങനാശേരി പിതാക്കന്മാരെയും ചീകത്സിക്കേണ്ടി വരും.

  നാലാംനൂറ്റാണ്ടില്‍ ജീവിച്ച മാനിയേ ഇപ്പോള്‍ തോമാസ്ലീഹായുടെ ശിക്ഷ്യനുമാക്കി. പവ്വത്ത്(പിതാവ്?), നിലക്കല്‍ മാര്‍ത്തോമ്മാകുരിശു നടുകയും, കള്ളകഥയെന്നറിഞ്ഞപ്പോള്‍ ഒറ്റരാത്രികൊണ്ട്‌ തിരിച്ചു പറിച്ചുകൊണ്ട്പോയ കഥപോലെയിരിക്കും പോര്‍ട്ടുഗീസുകാരുടെ
  കള്ളകഥകളും. കുപ്പായ ചരിത്രങ്ങള്‍ നിരോധിക്കേണ്ട സമയം കഴിഞ്ഞിരിക്കുന്നു.

  ഭാരതത്തില്‍ വന്നുവെന്ന് പറയുന്ന വ്യാജതോമ്മയെയും കുരിശിനെയും പുറത്താക്കി ഇവര്‍ ക്രിസ്തുവിനോട്പ്രാര്‍ഥിക്കട്ടെ.

  ക്രിസ്തുവിന്റെ ഒരു സഭയെന്നു പറയുകയും അതിനുള്ളിലെ പൌരസ്ത്യം എന്ന് പറഞ്ഞു 22 സഭകളും. ഈ ഇരുപത്തി രണ്ടു സഭകളും കൂടി കത്തോലിക്കാ ജനസംഖ്യയുടെ രണ്ടു ശതമാനം മാത്രം. സഭയെ നാറിക്കാതെ അന്തസായി മുരിഗന്റെ വാഹനമായ മയിലുകള്‍കൊണ്ട് ഇവര്‍ക്ക് പിരിഞ്ഞു പോകരുതോ? ഈ ഞാഞ്ഞൂലുസഭകള്‍ പോയാലും ആഗോളസഭയ്ക്ക് ഒരു ചുക്കും വരുകയില്ല. ഇനി ഡോളര്, യൂറോ കൊയ്യുവാന്‍ പാത്രിയാക്കീസ് പദവിവേണം പോലും. എങ്കില്‍ പുതിയസഭയില്‍ കുറെ ക്ലാവര്‍തൊപ്പികളും കുറ്റവാളികളുടെ കുരിശും, ഇവരെ വന്ദിക്കുന്ന വിരലില്‍ എണ്ണുന്ന ജനവും സഭക്കുള്ളില്‍ അവശേഷിക്കും.

  മാര്‍ത്തോമ്മാകുരിശിൻറെ ഉറവിടമായ പേര്‍ഷ്യയിലെ മാനി കപടതയുടെ ഒരു പരിഹാസ പ്രവാചകനായിരുന്നു. മാര്‍ത്തോമ്മായുടെ കാലത്ത് ക്രൈസ്തവസഭയ്ക്കു കുരിശു ഉണ്ടായിരുന്നില്ല. കുരിശിനെ സംപൂജ്യമായി കരുതുവാന്‍ തുടങ്ങിയതും നാലാംനൂറ്റാണ്ടു മുതലാണ്‌. കുരിശിനെപ്പറ്റി മാര്‍ത്തോമ്മാപോലും മനസ്സില്‍ ചിന്തിച്ചിട്ടുണ്ടാവുകയില്ല.

  മാര്‍ത്തോമ്മാ എന്ന പദം വിശുദ്ധ തോമസ്സില്‍നിന്നും വന്നെങ്കില്‍ മാനിക്കേയൻ പേര് പേര്‍ഷ്യയില്‍ മൂന്നാംനൂറ്റാണ്ടില്‍ ജീവിച്ചിരുന്ന 'മാനി' യെന്ന ഒരു മതസമ്പ്രദായ (കള്‍ട്ട്) നേതാവില്‍ നിന്നുമാണ്. ക്രിസ്തുമതവും സോറാസ്ട്ട്രിയന്‍ മതവും കലര്‍ന്ന ഒരു സങ്കരമതത്തെയാണ് മാനിക്കേയൻ ‍ 'കള്‍ട്ട് ' എന്ന് അറിയപ്പെട്ടിരുന്നത്.

  ReplyDelete
  Replies
  1. This comment has been removed by the author.

   Delete