Translate

Saturday, November 10, 2012

ഏതു സ്വര്‍ഗ്ഗമാണ് നല്ലത്, അതോ അതിനപ്പുറം പോകണമോ?

തോമസ് തെങ്ങുംപള്ളി

പ്രായം അറുപത്തഞ്ചോടടുത്തു. ഇത്രയുംകാലം യുക്തിവാദിയായി ജീവിച്ചു. ഇപ്പോള്‍ ഒരു സംശയം, ജീവിതത്തിന്റെ അന്ത്യപാദത്തില്‍ ഇനിയും ഇങ്ങനെ കഴിയുന്നതു ശരിയോ? മതക്കാര്‍ പറയുന്നതുപോലെ ഒരു മരണാനന്തരജീവിതം ഉണ്ടെങ്കില്‍ മോഹനസുന്ദരമായ സ്വര്‍ഗ്ഗമോ സ്വര്‍ഗ്ഗങ്ങളോ ഉണ്ടെങ്കില്‍ അതില്‍ നിന്നും മാറി നടക്കുന്നതു ബുദ്ധിയായിരിക്കുമോ? യുക്തിബോധം മാറ്റിവച്ച് അല്പം ഭക്തിമാര്‍ഗ്ഗത്തില്‍ പോയാല്‍ ഒരുപക്ഷേ ഭൂമിയില്‍ ലഭിക്കാത്ത സുഖം ലഭിച്ചാല്‍ അതിന് വലിയ മുതല്‍മുടക്ക് വേണ്ടല്ലോ!

കത്തോലിക്കനായതുകൊണ്ട് കത്തോലിക്കരുടെ സ്വര്‍ഗ്ഗം എങ്ങിനെയെന്നു സങ്കല്പിച്ചു. ഗുരുദാസച്ചന്റെ തട്ടിന്‍പുറത്തെ ദൈവം മനസ്സില്‍ വന്നു. പിതാവായ ദൈവം സ്വര്‍ഗ്ഗീയ സിംഹാസനത്തില്‍ ആരൂഢനായിരിക്കുന്നു. അതിനുതാഴെ അല്പം താഴ്ന്ന കൊച്ചു സിംഹാസനങ്ങളില്‍ പുത്രനും പരിശുദ്ധാത്മാക്കളും. മാതാവും പുണ്യാത്മാക്കളും അതിനു താഴെ മാര്‍പ്പാപ്പമാരും പാര്‍ത്രിയര്‍ക്കീസ്മാരും സ്വര്‍ഗ്ഗീയ സൈന്യത്തെ നയിക്കുന്നു. ബിഷപ്പുമാരും കത്തോലിക്കമാരും അതിന്റെ താഴത്തെ ഉദ്യോഗസ്ഥരായിരിക്കുന്നു. വൈദികരും പാസ്റ്റന്മാരും കന്യാസ്ത്രീകളും ഏറ്റവും താഴ്ന്ന നിലയില്‍ പിതാവിനെ സ്തുതിക്കാനും ആരാധിക്കാനുമായി അവിടെയെത്തിയ അത്മായരെ നിയന്ത്രിക്കുന്നു. ഒമ്പതുവൃന്ദം മാലാഖമാര്‍ സ്വര്‍ഗ്ഗീയ കാഹളങ്ങള്‍ മുഴക്കി എല്ലായിടത്തും പറന്നുനടക്കുന്നു. എല്ലാവരും പിതാവായ ദൈവത്തിനു പുറംതിരിഞ്ഞു നില്‍ക്കാത്തരീതിയില്‍ സഞ്ചരിക്കുന്നു. ചൂടും തണുപ്പുമില്ലാത്ത അന്തരീക്ഷം എപ്പോഴും. എല്ലാവരും സന്തുഷ്ടര്‍.

ഇങ്ങനെ ചിന്തിച്ചുകൊണ്ട് നടന്നപ്പോള്‍ വഴിയരുകില്‍വച്ച് ഓഷോയുടെ ഒരു പുസ്തകം കണ്ടു. ലൈംഗികതയിലൂടെയും ആത്മീയതിയിലെത്താമെന്നു പഠിപ്പിച്ച ആളാണെന്നു കേട്ടിട്ടുള്ളതിനാല്‍ 100 രൂപാ കൊടുത്തു. അതു മേടിച്ചു. മറിച്ചുനോക്കിയപ്പോള്‍ ഇംഗ്ലണ്ടിലെ ഒരുകാലത്തെ ഏറ്റവും പ്രസിദ്ധനായ സുവിശേഷപ്രസംഗകന്റെ കഥ കണ്ടു. ലണ്ടനിലെ ആംഗ്ലിക്കന്‍ സഭയുടെ പ്രസിദ്ധമായ പള്ളിയില്‍ അദ്ദേഹം എല്ലാ ഞായറാഴ്ചയും കുര്‍ബാനയ്ക്കുശേഷം സുവിശേഷം വ്യാഖ്യാനിക്കുന്നു. രാജകുടുംബാംഗങ്ങളും ക്യാബിനറ്റ് മന്ത്രിമാരും പ്രഭുകുടുംബങ്ങളും അദ്ദേഹത്തിന്റെ പ്രസംഗം കേള്‍ക്കുവാന്‍ എത്തുന്നു. ഒരു മണിക്കൂര്‍ നീളുന്ന ആ വചനപ്രഘോഷണം എല്ലാവരും കാര്യമായി ശ്രദ്ധിച്ചുകേള്‍ക്കുന്നു. ഇംഗ്ലണ്ടിലെ അക്കാലത്തെ പ്രസിദ്ധനായ ഒരു തത്വചിന്തകന്‍ ഇദ്ദേഹത്തിന്റെ സുഹൃത്തായിരുന്നു. തന്റെ പ്രസംഗപാടവത്തെപ്പറ്റി അഭിമാനിച്ചിരുന്ന സുവിശേഷ പ്രഘോഷകന്‍ തന്റെ സുഹൃത്തിനെ ഞായാറാഴ്ചപ്രസംഗം ശ്രവിക്കുവാനായി മിക്കപ്പോഴും ക്ഷണിക്കുമായിരുന്നു എങ്കിലും തത്വചിന്തകന്‍ പോയിരുന്നില്ല.

 സുഹൃത്തിന്റെ നിര്‍ബന്ധം കൂടിയപ്പോള്‍ ഒരു ദിവസം അടുത്ത ഞായറാഴ്ച താന്‍ എത്തിക്കോളാമെന്ന് അദ്ദേഹം സമ്മതിച്ചു. ആ ഞായറാഴ്ചത്തെ വിഷയം സ്വര്‍ഗ്ഗം ലഭിക്കണമെങ്കില്‍ മാമോദീസ വേണമോ എന്നതായിരുന്നു. പുത്രന്‍ തമ്പുരാന്‍ പോലും മാമോദീസ സ്വീകരിച്ച സ്ഥിതിക്ക് സാദാ മനുഷ്യര്‍ മാമോദീസ മുങ്ങിയില്ലെങ്കില്‍ സ്വര്‍ഗ്ഗത്തില്‍ പോകില്ലെന്നും അവര്‍ക്ക് നിത്യനരകത്തിലേയ്ക്കു പോകേണ്ടിവരുമെന്നും അദ്ദേഹം സമര്‍ത്ഥിച്ചു. പക്ഷേ തത്വചിന്തകന്‍ സുഹൃത്തിന്റെ സാന്നിദ്ധ്യം അദ്ദേഹത്തെ ചെറുതായി പതറിച്ചു, ഇടക്കിടെ അദ്ദേഹത്തിന്റെ കണ്ണുകള്‍ സുഹൃത്തിനെ ശ്രദ്ധിക്കുന്നുണ്ടായിരുന്നു. ആംഗ്ലിക്കന്‍ സഭയില്‍ പ്രസംഗത്തിനുശേഷം സംശയങ്ങള്‍ ദൂരീകരിക്കാന്‍ അല്പസമയം കൊടുക്കാറുണ്ട്. പ്രസംഗം കഴിഞ്ഞ ഉടനെ തത്വചിന്തകന്‍ സുഹൃത്ത് എഴുന്നേറ്റ് ഒരു ചോദ്യം ചോദിച്ചു. മാമോദീസ മുങ്ങിയാലേ സ്വര്‍ഗ്ഗത്തില്‍ പോകുമെന്നുണ്ടെങ്കില്‍ അതിനെപ്പറ്റി അറിയാതെ നന്മചെയ്തു സര്‍വ്വചരാചരങ്ങളേയും സ്‌നേഹിച്ചു ജീവിച്ച സോക്രട്ടീസും, ജൈനനും, ബുദ്ധനും, ലാവോത്സുമൊക്കെ നരകത്തിലാണോ പോയത്. ബുദ്ധിമാനായ പ്രസംഗകന്‍ വിഡ്ഢിത്തം പറയാന്‍ പറ്റാത്ത പ്രേക്ഷകരുടെ മുന്നിലാണ് താനെന്ന ബോദ്ധ്യവും തത്വചിന്തകന്റെ ചോദ്യത്തിന് ഉചിതമായ മറുപടി കൊടുത്തില്ലെങ്കില്‍ തന്റെ സല്‍പേര് പോകുമെന്നുമനസ്സിലാക്കിയതിനാലും, ഈ ചോദ്യത്തിനുള്ള മറുപടി സമയം പോയതിനാല്‍ അടുത്ത ഞായറാഴ്ചത്തെ പ്രസംഗത്തില്‍ നല്‍കാമെന്നും അറിയിച്ചു. 

സുഹൃത്തിനെ യാത്രയാക്കിയ പ്രസംഗകന്‍ അപ്പോള്‍മുതല്‍ ലഭ്യമായ എല്ലാ തിയോളജി പുസ്തകങ്ങളും ലേഖനങ്ങളും മറിച്ചുനോക്കി. പ്രസിദ്ധരായ ദൈവശാസ്ത്ര പണ്ഡിതരെ ബന്ധപ്പെട്ടു. മറ്റു ക്രൈസ്തവസഭകളിലെ പണ്ഡിതരുമായും ആശയവിനിമയം നടത്തി. ഊണും ഉറക്കവുമില്ലാതെ വചനപ്രഘോഷകന്‍ ആ ചോദ്യത്തിനു ഉത്തരം നല്‍കുവാനായി എല്ലാ മാര്‍ഗ്ഗവും തേടി.

അവസാനം ഞായറാഴ്ചവന്നു. ചാപ്പലില്‍ വൈദികരുടെ പ്രത്യേകസ്ഥാനത്തു മുട്ടുകുത്തിനിന്ന് അദ്ദേഹം ഉത്തരം കിട്ടുവാനായി പ്രാര്‍ത്ഥിച്ചു. ക്ഷീണം കാരണം അദ്ദേഹം മയങ്ങിപ്പോയി. പെട്ടെന്ന് അദ്ദേഹം ഒരു റെയില്‍വേ ജംഗ്ഷനില്‍ നില്‍ക്കുന്നതായി അനുഭവപ്പെട്ടു. ഒരു പാത സ്വര്‍ഗ്ഗത്തിലേയ്ക്കും മറ്റൊന്നു നരകത്തിലേയ്ക്കും. അപ്പോള്‍ ഒരു ട്രെയിന്‍ സ്വര്‍ഗ്ഗത്തിലേയ്ക്ക് പോകുവാനായി സ്റ്റേഷനില്‍ എത്തി. പെട്ടെന്നു തന്നെ സ്വര്‍ഗ്ഗം കണ്ടുകളയാമെന്നു കരുതി പ്രഘോഷകന്‍ അതില്‍ കയറി. സ്വര്‍ഗ്ഗം സ്റ്റേഷനില്‍ ഇറങ്ങിയ അദ്ദേഹം ചിറകുള്ള മാലാഖമാര്‍ സ്വാഗതം ചെയ്യുന്ന ഗേറ്റിലൂടെ സ്വര്‍ഗ്ഗത്തില്‍ കടന്നു. എയര്‍കണ്ടീഷന്‍ ചെയ്ത കാലാവസ്ഥ. പക്ഷേ വരണ്ടപ്രകൃതിയും ഇലകള്‍ കൊഴിഞ്ഞ വൃക്ഷങ്ങളും അവയ്ക്കിടയില്‍ പുണ്യാത്മാക്കള്‍ ദൈവമേ അങ്ങു പരിശുദ്ധന്‍, ബലവാനേ അങ്ങു പരിശുദ്ധന്‍, മരണമില്ലാത്തവനേ അങ്ങു പരിശുദ്ധന്‍ എന്നു ആരാധിക്കുന്നു. താന്‍ വിഭാവനം ചെയ്ത സ്വര്‍ഗ്ഗമെങ്ങിനെ ഈ ബോറന്‍ സ്വര്‍ഗ്ഗമെങ്ങനെ എന്ന് ചിന്തിച്ച് അദ്ദേഹം നിരാശനായി തിരികെ വന്ന് തിരിച്ചുള്ള ട്രെയിനില്‍ കയറി. 

വീണ്ടും റെയില്‍വേ ജംഗ്ഷനിലെത്തിയ പ്രഘോഷകന്‍ അപ്പോല്‍ പോകാനായി കിടക്കുന്ന നരകത്തിലേക്കുള്ള ട്രെയിന്‍ കാണുന്നു. എന്നാല്‍ നരകംകൂടി കണ്ടുകളയാമെന്നു കരുതിയ അദ്ദേഹം ആ ട്രെയിനില്‍ കയറിക്കൂടി. നരകകവാടത്തില്‍ എത്തിയ അദ്ദേഹം അത്ഭുതപ്പെട്ടു. ഗെയ്റ്റിനപ്പുറം വളര്‍ന്നു പന്തലിച്ചുകിടക്കുന്ന ഫലവൃക്ഷങ്ങളും സുഗന്ധവാഹിനികളായ പൂച്ചെടികളും ഉദ്യാനങ്ങളും. അദ്ദേഹം ഗേറ്റ് കാവല്‍ക്കാരോട് ഇത് നരകം തന്നെയാണോ അതോ തനിക്ക് തെറ്റുപറ്റിയതാണോ എന്ന് അന്വേഷിച്ചു. അദ്ദേഹത്തിന്റെ അറിവില്‍ നരകം മുഴുവന്‍ അഗ്നിയും തിളക്കുന്ന ലാവയും എണ്ണയും ഭീകര സാത്താന്മാരുടേയും ഹീനമൃഗങ്ങളുടെയും ഇഴജന്തുക്കളുടെയും ആവാസവും എപ്പോഴും ആത്മാക്കള്‍ക്ക് പീഡനം മാത്രം കിട്ടുന്ന സ്ഥലമെന്നുമായിരുന്നു. അവരുടെ മറുപടി ഇങ്ങനെയായിരുന്നു : 'ഇവിടം അങ്ങനെതന്നെയായിരുന്നു. എന്നാല്‍ സോക്രട്ടീസും ബുദ്ധനും ജൈനനും ലാവോത്സുമൊക്കെ ഇവിടെ വന്നശേഷം അവര്‍ നരകത്തെ ഇങ്ങിനെയാക്കിമാറ്റി.'

പെട്ടെന്ന് അദ്ദേഹം സ്വപ്നനിദ്രയില്‍നിന്നുണര്‍ന്നു. ക്ലോക്കില്‍ നോക്കിയ അദ്ദേഹം പ്രസംഗത്തിന് സമയം ആയെന്നു മനസ്സിലാക്കി. പ്രസംഗപീഠത്തില്‍ കയറിയ അദ്ദേഹം കഴിഞ്ഞയാഴ്ചത്തെ ചോദ്യത്തിനുള്ള മറുപടി പറഞ്ഞു. അദ്ദേഹത്തിന്റെ മറുപടി ഇപ്രകാരമായിരുന്നു. നന്നായി ജീവിച്ചാല്‍ മാമോദീസ മുങ്ങിയില്ലെങ്കിലും മരണശേഷം പരമമായ അവസ്ഥയിലെത്താം.

വീണ്ടും മനസംഘര്‍ഷത്തിലായ ഞാന്‍ ഹിന്ദു സ്വര്‍ഗ്ഗത്തെപ്പറ്റി വായിച്ചു. അമൃത് കഴിച്ച് സ്വര്‍ഗ്ഗീയ മദ്യവും ഉര്‍വ്വശി, മേനക, രംഭ, തിലോത്തമമാര്‍ ഉള്‍പ്പെടെയുള്ള ദേവസ്ത്രീകളും അപ്‌സരസുകളും നിറഞ്ഞ സ്വര്‍ഗ്ഗം. എപ്പോഴും വാദ്യനാദങ്ങളും സംഗീതവും നൃത്തവും. ഒരു പ്രശ്‌നം മാത്രം ഇടക്കിടെ അസുരന്മാര്‍ ദേവലോക ആക്രമിച്ചു പ്രശ്‌നങ്ങള്‍ ഉണ്ടാക്കാറുണ്ട്. പക്ഷേ ചിലര്‍ ഈ സ്വര്‍ഗ്ഗസുഖങ്ങളിലും തൃപ്തരല്ല. അവര്‍ പറയുന്നു പരമമായ മുക്തിക്ക് വീണ്ടും മനുഷ്യജന്മം വേണമെന്ന്.

വീണ്ടും ഈ സ്വര്‍ഗ്ഗത്തെപ്പറ്റിയും എനിക്ക് സന്ദേഹമായി. ഞാന്‍ എന്റെ സുഹൃത്തും വിശുദ്ധ ഖുറാന്‍ പണ്ഡിതനുമായ മുഹമ്മദ് ജാഫര്‍ ഖാനെപ്പറ്റി അപ്പോള്‍ ഓര്‍മ്മിച്ചു. ഖുറാനും ഹാദീസ്സുകളുമൊക്കെ കാണാപ്പാഠമാക്കിയ അദ്ദേഹം അഞ്ചുനേരം നിസ്‌കരിക്കുന്ന, ആ നിസ്‌കാരഫലമായി നെറ്റിയില്‍ മുഴ നേടിയ ആളായിരുന്നു. റംസാന്‍ നൊയമ്പ് സ്ഥിരമായി എടുക്കുന്ന, വെള്ളിയാഴ്ച നിസ്‌കാരം തെറ്റിക്കാത്തവനായ അദ്ദേഹത്തോട് ഇങ്ങനെ എന്തിനു ജീവിക്കുന്നു എന്നു ചോദിച്ചപ്പോള്‍ അദ്ദേഹം പറഞ്ഞത് നന്നായി ജീവിച്ചില്ലെങ്കില്‍ ഖബറിടത്തില്‍തന്നെ മലുക്കുകള്‍ ഉലക്കപോലെയുള്ള സാധനം കൊണ്ട് ആത്മാവിനെ ഉരുട്ടും. സ്വര്‍ഗ്ഗത്തിലെത്തിയാല്‍, അള്ളാവിന്റെ മുമ്പിലെത്തുമ്പോള്‍, ആ മഹദ്‌സാന്നിദ്ധ്യത്തില്‍ അകപ്പെട്ട് ആയിരം കൊല്ലം സമയം പോയതറിയാതെ ആനന്ദഭരിതനായി അവിടെ നിന്നുപോകും. പിന്നെ അതിസുന്ദരിമാരായ, മലമൂത്രവിസര്‍ജ്ജനങ്ങള്‍ ആവശ്യമില്ലാത്ത, സ്വര്‍ഗ്ഗീയ തരുണികളായ, ഹൂറികളുമായി തളര്‍ച്ചയില്ലാതെ എത്ര പ്രാവശ്യം വേണമെങ്കിലും ഇണചേര്‍ന്ന് സ്വര്‍ഗ്ഗീയസുഖങ്ങള്‍ നുകരാം എന്നായിരുന്നു. അപ്പോള്‍ പുണ്യം ചെയ്ത സ്ത്രീകള്‍ക്ക് സ്വര്‍ഗം എന്താണെന്നു ചോദിച്ചപ്പോള്‍ വിശുദ്ധഗ്രന്ഥത്തില്‍ അതു വ്യക്തമല്ലെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. ലൈംഗികകാര്യത്തില്‍ വലിയ താത്പര്യമില്ലാത്ത ഞാന്‍ ആ സ്വര്‍ഗ്ഗത്തെപ്പറ്റിയും സംശയാലുവായി. പാവനജീവിതം നയിക്കുന്ന സൂഫികള്‍ ആ സ്വര്‍ഗ്ഗത്തിനപ്പുറം എത്തുന്നുണ്ടോ എന്നൊരു തോന്നലും. അവിടെ സൃഷ്ടാവും സൃഷ്ടിയും രണ്ടായി നില്‍ക്കുന്നു.

പിന്നെ ബുദ്ധഗ്രന്ഥങ്ങള്‍ നോക്കി. 32 തരം മരണാനന്തരം അവസ്ഥകള്‍. താഴെയുള്ളത് വളരെ മോശം. ഹിന്ദുസ്വര്‍ഗ്ഗത്തിന്റെ രീതിയില്‍ കുറെ സ്വര്‍ഗ്ഗങ്ങള്‍. അതിനു മുകളില്‍ രൂപ ബ്രഹ്മലോകങ്ങള്‍, പിന്നീട് അരൂപ ബ്രഹ്മലോകങ്ങള്‍. പുണ്യത്തിന്റെ വിശുദ്ധ ജീവിതത്തിന്റെ ഏറ്റക്കുറച്ചില്‍ അനുസരിച്ച് ഓരോതരം സ്വര്‍ഗ്ഗങ്ങള്‍ ലഭിക്കുന്നു. എങ്കിലും ഏറ്റവും വലിയ സ്വര്‍ഗ്ഗത്തിലെ ആരൂപബ്രഹ്മാവും ബുദ്ധനെ വണങ്ങുന്നതായി കണ്ടു. കാരണം ബുദ്ധജന്മങ്ങളാണ് പ്രപഞ്ചസാഗരത്തില്‍ ഏറ്റവും ഉയര്‍ന്നത്. രൂപസ്വര്‍ഗ്ഗത്തിലുള്ളവര്‍ മനുഷ്യജന്മം എടുത്ത് ബോധോദയത്തിലെത്തി മുക്തി നേടുവാനുള്ള ആഗ്രഹത്തിന്റെ അവ്യക്തമായ വിത്തുമായി കഴിയുന്നു. ബോധോദയ പ്രാപ്തിയില്‍ അവര്‍ ശാന്തിയുടെ സമുദ്രത്തില്‍ ലയിക്കുകയോ അതായിത്തീരുമോ ചെയ്യുന്നു. ഹിന്ദു സ്വര്‍ഗ്ഗത്തിനപ്പുറം സഗുണപരബ്രഹ്മത്തിലും പിന്നീട് നിര്‍ഗുണ പരബ്രഹ്മത്തിലും അതായത് അദൈ്വതാനുഭൂതിയിലും എത്തുന്നു. ബ്രഹ്മജ്ഞാനം കിട്ടിക്കഴിയുമ്പോള്‍ താന്‍ അന്വേഷിച്ചത് താന്‍ തന്നെയായിരുന്നതായി അനുഭവപ്പെടുന്നു. അഹം ബ്രഹ്മാസ്മി.

അപ്പോഴാണ് എസ്സീന്‍ സുവിശേഷങ്ങളും ഗ്നോസ്റ്റിക് സുവിശേഷങ്ങളും ശ്രദ്ധയില്‍ പതിയുന്നത്. കിഴക്കിന്റെ ആത്മാന്വേഷണത്തിന്റെ അതേ പാത. ഗ്നോസ്റ്റിക് സുവിശേഷങ്ങള്‍ ആദ്യം പറഞ്ഞ സ്വര്‍ഗ്ഗത്തിനു വിരുദ്ധമായി മനുഷ്യന്‍ എത്തിപ്പെടേണ്ട വിശ്രാന്തിയെപ്പറ്റി പറയുന്നു. ഈ ലോകം അറിഞ്ഞവന്‍ ഒരു ജഡം കണ്ടിരിക്കുന്നു, അവന് ഈ ലോകം യോഗ്യമല്ല എന്ന് പറയുന്നു. രൂപങ്ങള്‍ മനുഷ്യര്‍ക്ക് വേണ്ടിയുള്ളതാണ്. എന്നാല്‍ ഏതു ജീവജാലങ്ങളിലുമുള്ള പ്രകാശം പിതാവിന്റെ പ്രകാശത്തില്‍ ആലേഖനം ചെയ്യപ്പെട്ടിരിക്കുന്നു. പിതാവ് സ്വയം വെളിപ്പെടുത്തും. അപ്പോള്‍ അവര്‍ ദൈ്വതമല്ലാത്ത പ്രകാശമായി വരുന്നു. സ്വര്‍ഗ്ഗരാജ്യം എന്നാല്‍ ഒരു അവസ്ഥയാണ്. ഒരു സ്ഥലമല്ല എന്നും ഒക്കെ. എസ്സീന്‍ സുവിശേഷം തുടര്‍ന്നുനോക്കി. അവിടെ യേശു പറയുന്നു മനുഷ്യശരീരം രൂപകല്പന ചെയ്യപ്പെട്ടിരിക്കുന്നതു ഭക്ഷണം കഴിക്കാനും ശ്വസിക്കാനും, ചിന്തിക്കുവാനും മാത്രമല്ല, പ്രത്യുത വിശുദ്ധമായ ജീവന്റെ നീരുറവയില്‍ പ്രവേശിക്കുവാന്‍ കൂടിയാണ്. അതുപോലെ കാതുകള്‍ മനുഷ്യരുടെ സ്വരവും പക്ഷികളുടെ ചിലമ്പലുകളും മഴയുടെ ശബ്ദവും കേള്‍ക്കുവാന്‍ മാത്രമല്ല രൂപകല്പന ചെയ്യപ്പെട്ടിരിക്കുന്നത്. പ്രത്യുത പാവനമായ നീരരുവിയുടെ നാദം കേള്‍ക്കുവാന്‍ കൂടിയാണ്. അതുപോലെ കണ്ണുകള്‍ രൂപകല്പന ചെയ്യപ്പെട്ടിരിക്കുന്നത് സൂര്യാസ്തമനങ്ങള്‍ കാണുവാനും, ധാന്യക്കറ്റകള്‍ കാണാനും ലിഖിത വചനങ്ങള്‍ കാണുവാനും മാത്രമല്ല, പ്രത്യുത പാവന പ്രകാശത്തിന്റെ നീരരുവികാണുവാനും കൂടിയാണ്. ഒരു ദിവസം നിങ്ങളുടെ ശരീരം ഭൂമിമാതാവിലേയ്ക്ക് തിരികെപ്പോകും, അതിന്റെകൂടെ നിങ്ങളുടെ കാതുകളും കണ്ണുകളും. എന്നാല്‍ ജീവന്റെ പാവനമായ നീരരുവിയും, പാവനപ്രകാശത്തിന്റെ നീരരുവിയും പാവനമായ നാദത്തിന്റെ വിശുദ്ധ നീരരുവിയും ഒരിക്കലും ജനിക്കാത്തതും അതിനാല്‍ മരണമില്ലാത്തതുമാണ്. നിങ്ങള്‍ക്ക് ജന്മം തന്ന ആ വിശുദ്ധ നീരരുവികളിലേയ്ക്ക് പ്രവേശിക്കുക, ആ ജീവനും, ആ നാദവും, ആ പ്രകാശവും നിങ്ങള്‍ക്ക് സ്വര്‍ഗ്ഗസ്ഥനായ പിതാവിന്റെ രാജ്യത്തിലേക്ക് പ്രവേശിക്കുവാനായിട്ടാണ്, നദി എപ്രകാരം സമുദ്രത്തില്‍ ചേരുന്നുവോ അതുപോലെ.

വീണ്ടും സംശയങ്ങള്‍: സ്വര്‍ഗ്ഗീയ സുഖങ്ങള്‍ അനുഭവിച്ച് സ്വര്‍ഗ്ഗങ്ങളില്‍ പോകണമോ അതോ കഷ്ടപ്പെട്ട് തപസ്സ് ചെയ്ത് മുക്തിയുടെ, ബോധോദയത്തിന്റെ മാര്‍ഗ്ഗത്തിലേക്ക് പോകണമോ? സ്വര്‍ഗ്ഗത്തില്‍ പോകാനാണെങ്കില്‍ എളുപ്പമാണ്. ഭക്തിമാര്‍ഗ്ഗവും പുരോഹിതകര്‍മ്മങ്ങളും നിസ്‌കാരവും ആരാധനയും നേര്‍ച്ചകാഴ്ചകളും ലിഖിതങ്ങളുടെ വായനയും ഭജനവും തീര്‍ത്ഥാടനവും ഒക്കെ മതിയാവും. ജീവിച്ചിരിക്കുമ്പോള്‍ മിക്ക ലൗകിക സുഖങ്ങളും (മാംസാഹാരവും, മദ്യവുമൊക്കെ) ആകുകയും ചെയ്യാം. 
രണ്ടാമത്തേത് കഷ്ടപ്പാടിന്റേതും  കഠിനാദ്ധ്വാനത്തിന്റെതുമാണ്. സ്വര്‍ഗ്ഗസുഖത്തിന്റെ അപ്പുറമായ നിത്യത കൈവല്യാവസ്ഥ അല്ലെങ്കില്‍ ശാന്തിയുടെ സമുദ്രം, എങ്ങനെയെന്ന് തിരിച്ചുവന്ന് ആരും പറഞ്ഞിട്ടില്ല. ബുദ്ധനും യേശുവും പറയുന്നത് കണ്ണുകള്‍ കണ്ടിട്ടില്ലാത്തതും കാതുകള്‍ കേട്ടിട്ടില്ലാത്തതും മനുഷ്യഹൃദയങ്ങളില്‍ പ്രവേശിച്ചിട്ടില്ലാത്തതുമാണ് ആ അവസ്ഥയെന്നാണ്. പേര് തോമസ് എന്നായതിനാല്‍ കാണാതെ ഒന്നും വിശ്വസിക്കുവാനും തോന്നുന്നില്ല.

4 comments:

 1. ആ സ്വര്‍ഗ്ഗത്തില്‍ ഞാന്‍ ചത്തുപോകും.
  ഇത്രയും മാനുഷികമായ ഒരു ലേഖനം ഇതിനു മുമ്പ് വായിച്ചത് ഓര്‍മ്മയില്ല. സുബുദ്ധിയുള്ള ഏതൊരാളും ഈ ചിന്തകളില്‍ മുഴുകിയിട്ടുണ്ടാവണം. കൌമാരപ്രായം കഴിഞ്ഞപ്പോള്‍, വീട്ടില്‍ നിന്ന് ദൂരെ കഴിഞ്ഞിരുന്ന ഞാന്‍ അപ്പനുമമ്മക്കും എഴുതുന്ന കത്തുകളില്‍ ഇത്തരം വ്യക്തിപരമായ സന്ദേഹങ്ങള്‍ ഉള്‍പ്പെടുത്തുമായിരുന്നു. ഒരിക്കലെഴുതിയത് ഓര്‍ക്കുന്നു, റവ. ഡോ. ആയ എന്റെ ഒരമ്മാവന്‍ ചെല്ലുന്നതും ഞാന്‍ ചെല്ലുന്നതും ഒരേ സ്വര്‍ഗ്ഗത്തില്‍ ആണെങ്കില്‍, ഞാനങ്ങോട്ടില്ല, ആമ്മേ, എന്ന്. കാരണം അച്ചന്മാരുടെ എല്ലാ പരിശുദ്ധ വേഷങ്ങളും കെട്ടി ദിവ്യനായി ജീവിച്ചുപോന്ന ഒരുത്തനായിരുന്നു അയാള്‍. ഇത്തരം ആള്‍ക്കാരുടെ സമ്പര്‍ക്കം ഉണ്ടെങ്കില്‍ ഏതു സ്വര്‍ഗവും നരകമാകുമെന്നായിരുന്നു എന്റെ ബോധ്യം.

  പെരിങ്ങുളം പള്ളി ഭാഗികമായി പുതുക്കി, അല്പം വിസ്തൃമാക്കിയിട്ട് കുറച്ചു കാലമേ ആയിട്ടുള്ളൂ. ഒരിക്കലതൊന്ന് കയറിക്കണ്ടു. മദുബഹായുടെ മുകളില്‍ ഒരപ്പൂപ്പന്റെ പടം. വശങ്ങളിലായി ചിറകുള്ള രണ്ടു ജീവികള്‍ പറന്നു നില്‍ക്കുന്നു. ക്രിസ്ത്യാനികളുടെ ദൈവംതമ്പുരാനാണെന്ന് സ്പഷ്ടം. തെങ്ങുംപള്ളിസാറിന്റെ അതേ മനസ്സോടെ, ചെറുപ്പത്തില്‍ വിചാരിചിരുന്നതുപോലെ, വീണ്ടും വിചാരിച്ചു: ഇങ്ങനത്തെ ഒരപ്പൂപ്പന്റെ അടുത്ത് നിത്യം കഴിയുക എന്നത് സ്വര്ഗ്ഗജീവിതത്തിന്റെ ഭാഗമാണെങ്കില്‍, അതെന്തിന് കൊള്ളാം! മാത്രമോ, രൂപക്കൂട്ടില്‍ നില്‍ക്കുന്ന പുണ്യപുരുഷന്മാരുടെയും പുണ്യയുവതികളുടെയും അടുപ്പവും അവിടെ കാണുമല്ലോ. എന്ത് ബോറടിയായിരിക്കും! പെരിങ്ങുളം പള്ളി മാത്രമല്ല, ഇവിടം തൊട്ട് വത്തിക്കാനിലെ സിസ്റ്റൈന്‍ ചാപ്പല്‍ വരെയുള്ളിടത്ത് ചെന്നാലും ഇത്തരം സ്വര്‍ഗ്ഗവര്‍ണ്ണനകള്‍ കണ്ട് ശ്വാസം മുട്ടും. അങ്ങനെ ശ്വാസം മുട്ടാനാണെങ്കില്‍ അത് ഈ ഭൂമിക്കടിയില്‍ കിടന്ന് ആകരുതോ?

  ReplyDelete
 2. വളരെ മനോഹരമായി ഏറെ ഗഹനമായ കാര്യങ്ങള്‍ അവതരിപ്പിച്ച ഒരു ലേഖനം. വസ്തുതകള്‍ ഒന്നും ആര്‍ക്കും നിഷേധിക്കാവുന്നതല്ല. ലണ്ടന്‍ എയര്‍ പോര്‍ട്ടില്‍ ജോലി ചെയ്യുന്ന രണ്ടു പൈലട്മാരുടെ ഒരു കഥ കേട്ടിട്ടുണ്ട്. വളരെ ഭക്തരായിരുന്ന അവര്‍ എന്നും ജോലിക്ക് പോകുന്നതിനു മുമ്പ് അടുത്തുള്ള ഒരു ചാപ്പലില്‍ പ്രാര്‍ത്തിക്കാന്‍ വരുമായിരുന്നു. ഒരു ദിവസം ചാപ്ലൈന്‍ ചോദിച്ചു, നിങ്ങള്‍ എന്താണ് പ്രാര്‍ത്തിക്കുന്നതെന്ന്. അവര്‍ പറഞ്ഞു, വിമാനം അപകടങ്ങളില്‍ പെടുമ്പോള്‍ അത്ഭുതകരമായി രക്ഷിക്കണം എന്നാണെന്ന്.
  ചാപ്ലൈന്‍ അവരോടെ ഒരു ചോദ്യം ചോദിച്ചു: "ദൈവം തന്നെ സ്ഥാപിച്ച പ്രാപഞ്ചിക നിയമങ്ങള്‍ ദൈവം തന്നെ നിങ്ങള്‍ രണ്ടു പേര്‍ക്ക് വേണ്ടി റദ്ദാക്കുമെന്ന് കരുതുന്നുണ്ടോ?" തുടര്‍ന്ന് അദ്ദേഹം പറഞ്ഞു, "നന്നായി സാഹചര്യങ്ങളെ അഭിമുഖികരിക്കാന്‍ വേണ്ട ശക്തി ഒരു പക്ഷെ ദൈവം തന്നേക്കാം."

  ഈ ജിവിതത്തെ നന്നായി മനസ്സിലാക്കാനും നേരിടാനും ഉള്ള ശക്തിയാണ് നമുക്ക് വേണ്ടത്. അതിന് ആവശ്യം വേണ്ടത്, നല്ലതെന്ന് മനസ്സിലായതിനെയെങ്കിലും ഉള്‍ക്കൊള്ളാനുള്ള ധൈര്യമാണ്. ഒരു കൂട്ടര്‍ പറയുന്നത് മാത്രം യുക്തിക്ക് നിരക്കുന്നതല്ലെങ്കില്‍ പോലും തൊലിയോടെ വിഴുങ്ങി ജിവിക്കുന്നവരോട് ദൈവം പോലും ചോദിക്കും നിനക്ക് തന്ന വിശേഷ ബുദ്ധി എന്തുകൊണ്ട് ഉപയോഗിച്ചില്ലായെന്ന്.

  ചിന്തനിയമായ ഇത്തരം ലേഖനങ്ങള്‍ ഇനിയും അല്‍മായ ശബ്ദത്തില്‍ ഉണ്ടാവട്ടെ.

  ReplyDelete
 3. സ്വര്‍ഗവും നരകവും ഭീരുക്കളുടെ സൃഷ്ടിയാണ്. വാസ്തവികങ്ങളായി കണ്ടും അറിഞ്ഞും അറിവുകള്‍ തേടി ചിന്തിക്കുവാനുള്ള യുക്തിബോധം അവര്‍ക്കില്ല. പ്രപഞ്ചത്തെ ഒന്നായി മനസുകളില്‍ ഗ്രഹിക്കുവാനുള്ള കഴിവുമില്ല. അങ്ങനെ ഭാവനകള്‍കൊണ്ടു സ്വര്‍ഗവും നരകവും മനസ്സില്‍ കുടിയിരുത്തും.

  ഗുഹായുഗത്തിലെ പ്രാകൃതമനുഷ്യന്‍ നൂറുകണക്കിന് നക്ഷത്രങ്ങള്‍ മിന്നുന്നതു കണ്ടിരിക്കാം. നക്ഷത്രങ്ങള്‍ സൂര്യനെക്കാള്‍ പതിന്മടങ്ങ് വലുപ്പം ഉണ്ടെന്നു അവനു അറിയത്തില്ലായിരുന്നു. അവന്റെ ചെറിയ ലോകത്തിലെ അടുത്തടുത്തു കാണപ്പെടുന്ന രണ്ടു നക്ഷത്രങ്ങള്‍ തമ്മില്‍ ട്രില്ലിയന്‍ മൈലുകള്‍ അപ്പുറം ദുരെസ്ഥിതി ചെയ്യുന്നുവെന്നും ഭാവനയില്‍ ഇല്ലായിരുന്നു. അങ്ങനെ ഇന്നത്തെ പ്രാകൃത മനുഷ്യനും ഭാവനകള്‍കൊണ്ട് സ്വര്‍ഗവും നരകവും മനസ്സില്‍ തന്നെ കുടിയിരുത്തിയിട്ടുണ്ട്. കുഞ്ഞായിരിക്കുമ്പോള്‍ മുതലുള്ള അവന്റെ മനസുകളില്‍ വാര്‍ത്തെടുത്ത രണ്ടു സങ്കല്‍പ്പങ്ങളാണ് നരകവും സ്വര്‍ഗവും.

  മതം കല്‍പ്പിക്കുന്ന നരകത്തില്‍ പൊള്ളാന്‍, വേദനയെടുക്കുവാന്‍ ആത്മാവു, പഞ്ചഭൂതങ്ങള്‍ കൊണ്ടാണോ ഉണ്ടാക്കിയിരിക്കുന്നത്? ആത്മാവിനും മാംസം ഉണ്ടോ? മരിച്ചു കഴിഞ്ഞാല്‍ എല്ലുകള്‍ ഉള്‍പ്പടെ പൊടിയാകും. ലോകത്തിലുള്ള വേദനകളും കഷ്ടപ്പാടുകളും അവിടെ അവസാനിക്കും. മനസും ശരീരവും ഇല്ലാത്ത ആത്മാവിനു വസിക്കുവാന്‍ ശുദ്ധീകരണ സ്ഥലവും തട്ടിപ്പുവീരന്മാര്‍ വില്‍ക്കുന്നു. മരിച്ചു കഴിഞ്ഞാല്‍ ശരീരം വെറും പുഴുക്കള്‍ക്കെന്നു പറഞ്ഞാല്‍ മതം കഴുത്തു വെട്ടുവാന്‍ കൊടുംവാളുകള്‍ കൊണ്ടു വരുമായിരുന്നു.

  സ്വര്‍ഗം ദൈവം വസിക്കുന്ന സ്ഥലവും, നരകം ശാത്താന്‍ വസിക്കുന്ന സ്ഥലവും എന്നു കല്‍പ്പിച്ചെഴുതി ഗ്രന്ഥപ്പുരകള്‍ നിറച്ചിട്ടുണ്ട്.

  എന്റെ കാര്യം പറഞ്ഞാല്‍ ഞാന്‍ സ്വര്‍ഗത്തെ വെറുക്കുന്നു. നിത്യതയില്‍ ഇരുന്നുകൊണ്ട് അസൂയ പിടിച്ച പഴയ നിയമത്തിലെ ദൈവത്തെ ഞാന്‍ എന്നും പുകഴ്ത്തണം പോലും. അഹന്താനിഷ്ടമായ ഞാന്‍ എന്ന ഭാവത്തില്‍ ജീവിക്കുന്ന ആ സൃഷ്ടി കര്‍ത്താവിന്റെ വാസസ്ഥലം എനിക്കു നരകമായി തോന്നും. യേശുവിനെ രക്ഷകനായി എടുത്താല്‍ സ്വര്‍ഗം, ദൈവത്തില്‍ വിശ്വസിച്ചു നല്ലവനായാലും സ്വര്‍ഗമില്ല. ചാരം ഗംഗയില്‍ ഒഴുക്കിയെങ്കിലും ഗാന്ധിജിയും നരകത്തില്‍ കത്തി ചാമ്പലായി കൊണ്ടിരിക്കുന്നു.

  ReplyDelete
 4. "സ്വര്‍ഗവും നരകവും ഭീരുക്കളുടെ സൃഷ്ടിയാണ്"- അങ്ങിനെ എങ്കില്‍ യേശു ഭീരു ആയിരുന്നിരിക്കണം കാരണം യേശു സ്വര്‍ഗത്തില്‍ നിന്ന് വന്നു എന്നും സ്വര്‍ഗത്തിലേക്ക് പോയി എന്നും സ്വര്‍ഗ നരകങ്ങള്‍ ഉണ്ട് എന്നും പറഞ്ഞിട്ടുണ്ട്.

  "പേര് തോമസ് എന്നായതിനാല്‍ കാണാതെ ഒന്നും വിശ്വസിക്കുവാനും തോന്നുന്നില്ല"-തോമാച്ച കാണാതെ വിശ്വസിയ്ക്കുന്നവര്‍ ഭാഗ്യവാന്മാര്‍ എന്നാ യേശു തന്നെ തോമയോട് പറഞ്ഞത്.

  ReplyDelete