Translate

Thursday, April 18, 2013

ഋഗ്വേദസാരലഹരി

നമുക്ക് എത്തിപ്പിടിക്കാവുന്ന ഒരു ശതമാനം സത്യത്തെക്കുറിച്ച് സഹവർത്തിതബോധത്തോടെ നമ്മൾ ഏതാനും നാൾ സംവദിച്ചു. ഈ ചർച്ചയെ ഇനി ഉപസംഹരിക്കാമെന്നു തോന്നുന്നു.

ഭാരതീയരായ നമ്മെ സംബന്ധിച്ചിടത്തോളം എല്ലാ സംഹിതകളിലും പ്രഥമസ്ഥാനം ഋഗ്വേദത്തിനാണെന്നാണ് പണ്ഡിതമതം. ഋഗ്വേദത്തിൽ പരാമർശിക്കപ്പെടുന്ന ദേവന്മാർക്ക് ബഹുത്വം കല്പിക്കാതെ, ഒരേ പ്രകാശസ്വരൂപമായിത്തന്നെയാണ് വ്യാഖ്യാനിക്കേണ്ടത്. ഒന്നിനെ വിവിധങ്ങളായി തോന്നിക്കുന്നതാണ് മായ. ഒരു തത്ത്വത്തെ പലതായി വിശദീകരിക്കുന്നതും അങ്ങനെത്തന്നെ. സത്യം ഒന്നേയുള്ളൂ എന്നത് മനസ്സ് സമഗ്രമാകുമ്പോൾ മാത്രം കൈവരുന്ന അറിവാണ്. ഭാഷയിലെ ശബ്ദാർത്ഥങ്ങളുടെ ലേശവ്യത്യാസങ്ങൾ (nuances) അത്ര വികസിച്ചിട്ടില്ലാതിരുന്ന കാലത്ത് എഴുതപ്പെട്ട മതഗ്രന്ഥങ്ങളിൽ മനുഷ്യനിലെ ആത്മവശത്തെപ്പറ്റി  പറഞ്ഞതൊക്കെ കൃത്യമായി മനസ്സിലാക്കാന്‍ നാം ബുദ്ധിമുട്ടുന്നുണ്ട്. ഉദാ. ബൈബിളിൽ ഉല്പത്തി, അദ്ധ്യായം ആറ് നോക്കുക. മനുഷ്യപുത്രിമാരുടെ അഴക്‌ കണ്ട് ദൈവപുത്രന്മാർ അവരെ ഭാര്യമാരാക്കി എന്നൊരു വാക്യമുണ്ട്. അവര്ക്കുണ്ടായ മക്കളെ അതികായന്മാർ എന്നാണ് പറഞ്ഞിരിക്കുന്നത്. എനിക്ക് തോന്നുന്നത് ആദ്ധ്യാത്മിക ഗുണങ്ങൾ അധികമായി പ്രദർശിപ്പിച്ചവരെയാണ് ഇവിടെ സുന്ദരികളായും ദൈവപുത്രന്മാരായും വിശേഷിപ്പിച്ചിരിക്കുന്നത്. ഋഗ്വേദത്തിൽ എന്നപോലെ പ്രാചീനകൃതികളിലെല്ലാം ദേവന്മാർ, അസുരന്മാർ എന്നിവരെയും മനുഷ്യരുമായി ഇടപെടുന്നവരായി പറഞ്ഞിരിക്കുന്നു. വ്യത്യസ്തമായ മൂന്നു വർഗ്ഗങ്ങളിൽ പെട്ടവരായി ഇവരെ കാണുമ്പോൾ നമുക്കൊന്നും മനസ്സിലാവില്ല. മനുഷ്യനിലെ മാനുഷികത, അറിവിന്റെ ഭാവങ്ങൾ, വികസിച്ച് അല്ലെങ്കിൽ അധഃപതിച്ച്, അവൻ തന്നെയാണ് ദേവനും അസുരനും ആയിത്തീരുന്നത് എന്നാണ് മനസ്സിലാക്കേണ്ടത്. മറ്റേ വശത്ത്‌,  മനുഷ്യന് എന്തുമാത്രം ഉയരാം എന്നതിന് അതിരില്ല. ദേവത്വം എന്നത് ഉത്കൃഷ്ടവും, ഉത്കൃഷ്ടതരവും, ഉത്കൃഷ്ടതമവുമായി ഉയരുന്നതുപോലെ ശരീരബന്ധിയായ ജാഡ്യതക്ക് അല്ലെങ്കിൽ ആസുരത്വത്തിനും അതിരില്ല. അധഃപതനവും എത്ര വേണമെങ്കിലും താഴേയ്ക്ക് പോകാം.

അദിതി എന്നൊരു സംജ്ഞ വേദങ്ങളിൽ ഉണ്ട്. ദേവന്മാരായ മിത്രൻ, വരുണൻ, അഗ്നി, ദ്യു, പൃഥ്വി എന്നിവരെല്ലാം അദിതിയുടെ പുത്രന്മാരാണ് എന്നാണ് വിവിക്ഷ. അഖണ്ഡം, അതിരില്ലാത്തത് എന്നാണ് അദിതിയുടെ അർത്ഥം.  അത് ഗ്രഹിക്കാൻ കഴിയാത്തവർക്കായി ക്രിസ്ത്യാനികൾ പിതാവ്, പുത്രൻ, പരിശുദ്ധാത്മാവ് എന്ന് പറയുന്നതുപോലെ ഋഷിമാരും പലപേരുള്ള ദേവന്മാരെ ആദ്യം പറഞ്ഞുകൊടുത്തു. അതിനുശേഷം പതിയെ പറഞ്ഞുവച്ചു - ദേവമാതാവായ അദിതിയാണ്‌ പ്രകാശിക്കുന്ന സ്വർഗം; അദിതിയാണ് എല്ലാറ്റിന്റെയും ജനനി; അദിതിതന്നെയാണ് സൃഷ്ടാവായ അച്ഛൻ; ഉത്പന്നനായ പുത്രനും അദിതി തന്നെ. ഗന്ധർവന്മാർ, പിതൃക്കൾ, ദേവന്മാർ, അസുരന്മാർ, രക്ഷസ്സുകൾ എന്നീ പഞ്ചജനങ്ങളും അദിതി തന്നെ. ഏകം സത് എന്ന മഹാസത്യം സാധാരണക്കാർക്കു മനസ്സിലാകാത്തതിനാൽ ഇങ്ങനെ വളച്ചുചുറ്റി പറയേണ്ടിവരുന്നു എന്ന് സങ്കല്പിച്ചാൽ കാര്യങ്ങൾ ലളിതമാകും. എത്ര ദേവന്മാർ എന്ന ചോദ്യത്തിന് യാജ്ഞവൽക്യൻ കൊടുത്ത ഉത്തരം 'ഒന്ന്' എന്നാണ്.

ബോധം എപ്പോഴും ഏകതാനതയിലേയ്ക്കാണ് തിരിയുന്നത്. എന്നാൽ ഇന്ദ്രിയങ്ങൾക്ക് വിഷയസ്പർശനമുണ്ടാകുമ്പോൾ ഏകാതാനതയിൽ മുറിവുണ്ടാകും. ഏകത്വത്തിലുള്ള ലയം അതോടെ അസ്സാദ്ധ്യമായിത്തീരുന്നു. കാരണം, ഇന്ദ്രിയങ്ങൾക്ക് 'ഇതു'കളിലൂടെയേ 'അതി'ലേയ്ക്ക് ചെല്ലാനാവൂ. ഭാരതീയ ചിന്തയിൽ മൂന്ന് കണികകൾ ചേർന്നാണ് ഒരു കണം ഉണ്ടാവുക. അതായത്, കാലതത്ത്വം, ദേശതത്ത്വം, പിണ്ഡതത്ത്വം. ഇവയാകുന്നു വസ്തുവിന്റെ മൂന്നു മാത്രകൾ. ഇവയെ ഇലെക്ട്രോണ്‍, ന്യൂട്രോണ്‍, പ്രോടോണ്‍ എന്നിവയുമായി താരതമ്യം ചെയ്യാം. ഇപ്പോൾ എന്നുള്ള സമയനിർണ്ണയത്തിൽ, ഇവിടെ എന്നുള്ള സ്ഥലനിർണ്ണയത്തിൽ, ഇത് എന്ന പിണ്ഡനിര്ണ്ണയം ആണ് മനസ്സിൽ ഒരു വസ്തുവിനെ സൃഷ്ടിക്കുന്നത്. ഇവയിൽ ഏതെങ്കിലും ഒന്നില്ലാതായാൽ നമുക്ക്  വസ്തുബോധം ഇല്ലാതാകും. ഒന്നുകൂടെ പറഞ്ഞാൽ, കാലദേശപിണ്ഡ അനുസ്യൂതതയിലൂടെയാണ് മനസ്സ് നിലനില്ക്കുന്നത്. അതാണ് സത്യത്തെ മറയ്ക്കുന്നതും. ഒന്നിനെ പലതായി കാണിച്ചുകൊണ്ടിരിക്കുന്നത് മറയ്ക്കുന്നതിനു തുല്യമാണ്. അതുകൊണ്ടാണ് ഒരു ശതമാനത്തിലധികം സത്യം നമുക്ക് പ്രാപ്യമല്ലായെന്ന് വരുന്നത്.

ഈശ്വരനെന്നാൽ സ്വർഗസ്ഥനായ പിതാവോ അവതാരമായ പുത്രനോ, ഭരണകർത്താവോ, രക്ഷകനോ ആയിരിക്കുന്ന ഒരു വ്യക്തിയല്ല. മറിച്ച്, അകമേയിരുന്ന് എല്ലാം അറിയുന്നവനും നിയാമനം ചെയ്യുന്നവനും നിയന്താവായിരിക്കുന്ന തത്ത്വവുമെന്ന നിലയിൽ വേണം ആ സത്തയെ മനസ്സിലാക്കാൻ. ആ ഈശ്വരന്റെ പ്രത്യക്ഷമായി എല്ലാറ്റിനെയും ഒന്നായി ഉൾക്കൊള്ളണമെന്ന് കരുതിയാണ് ഈശാവാസ്യോപനിഷത്ത് ഈശാവാസ്യം ഇദം സർവം എന്ന് തുടങ്ങുന്നത്. ഇദം എന്നാൽ ജ്ഞാതാവിന്റെ ഏറ്റം അടുത്തുള്ളത്, ശരീരത്തെ തൊട്ടിരിക്കുന്നത്, ഇന്ദ്രിയാനുഭവം. അവിടെനിന്നാണ് അന്വേഷണം തുടങ്ങുന്നത്. ഈ അന്വേഷണം, ഇത് എല്ലാമാണ് എന്നിടത്ത് എത്തുന്നതുവരെ തുടരണം. ഇദം അല്ലെങ്കിൽ 'ഇത്' വൈയക്തികമാണെങ്കിൽ, 'അത്' വിശ്വവിസ്തൃതമാണ്, അവ്യക്തമാണ്. ഇവിടെ വിശ്വംകൊണ്ട് അര്ത്ഥമാക്കുന്നത് എല്ലാ ഗാലക്സികളും അതിനപ്പുറത്തുള്ളതും ഉൾക്കൊള്ളുന്ന ബ്രഹ്മാണ്‍ഡമാണ്‌. വൈയക്തികമായിടത്താണ് ക്രമാക്രമവ്യത്യാസങ്ങൾ അനുഭപ്പെടുക. ക്രമം ആഹ്ലാദത്തെയും അക്രമം വേദനയെയും സൃഷ്ടിക്കും. ആഹ്ലാദത്തെ ഉണ്ടാക്കുന്നതിനെ ഭാരതീയർ രാമൻ എന്ന് പേരിട്ടു വിളിക്കുന്നു. അതുപോലെ, ആലിംഗനം ചെയ്ത്, നിർവൃതി നല്കി, കരയിക്കുന്നതിനെ കൃഷ്ണൻ എന്നും. പ്രപഞ്ചം മുഴുവൻ രാമകൃഷ്ണസന്നിപാതമാണെന്ന് ഭാരതീയർ കരുതുമ്പോൾ, ഭാരതീയരായ ക്രിസ്ത്യാനികൾ അതിന് യേശു അല്ലെങ്കിൽ ക്രിസ്തുവെന്ന് പേരിട്ടിരിക്കുന്നു. രണ്ടും ഒന്നുതന്നെ.

എല്ലാറ്റിനെയും ആവേഷ്ടിതമാക്കി നിറുത്തിയിരിക്കുന്ന ഈശ്വരീയത അതിനെ (വിശ്വം) എന്നതുപോലെ ഓരോ ഇതിനെയും പൂർണ്ണമാക്കുന്നു. അതുകൊണ്ടാണ് പൂർണ്ണമിദം  പൂർണ്ണമദഃ എന്ന് പറയുന്നത്. ഈയിടെയാണ് വളരെ ചെറുപ്പമായ എന്റെയൊരു സുഹൃത്ത് പറഞ്ഞത്, സൂക്ഷിച്ചു നിരീക്ഷിച്ചാൽ, പ്രപഞ്ചത്തിൽ കാണുന്ന ഓരോന്നും അതിൽത്തന്നെ പരിപൂർണ്ണമാണ് എന്ന്. ഋജുത്വം പ്രകൃതിയിൽ കാണാനില്ല; തുടങ്ങുന്നിടത്ത് അവസാനിക്കുന്ന വൃത്തങ്ങളാണ് ഒക്കെയും. വൃത്തം പൂർണ്ണതയുടെ അടയാളമാണ്. ഈ സൂക്ഷ്മനിരീക്ഷണമാണ് നമ്മൾ പഠിച്ചെടുക്കേണ്ടത്. സർവസാധാരണമെങ്കിലും പലരും വിട്ടുകളയുന്ന ഒരുദാഹരണമാണ് ഇലകൾ. വിവിധ രൂപങ്ങളിലുള്ള വൃത്തങ്ങളായ അവയെ വക്രമായ തടിയോട് ചേർത്തിരിക്കുന്നു. വിസ്തൃതമായ അർത്ഥത്തിൽ തടിയും ഒരു നീണ്ട വൃത്തമാണ്. പ്രകൃതിയിലെ ഏറ്റവും വലിയ അത്ഭുതം - സ്വയം സൂര്യപ്രകാശത്തെ ഭക്ഷിച്ചിട്ട്, ബാക്കിയേതിനുമുള്ള അന്നമായി അതിനെ മാറ്റിയെടുക്കുക - നടക്കുന്നത് ഏറ്റവും ലോലമായ സോളാർ പാനലുകളായ ഇലകളിലാണ്.        

ഈ പറഞ്ഞതിന്റെ 000000000.1 ശതമാനം സത്യം ഗ്രഹിക്കാനായാൽ നമ്മൾ അനുഗ്രഹീതരാണ്. ആ 000000000.1 ശതമാനമാണ് നാം അറിയുന്ന ഈശ്വരൻ. ആ 000000000.1 ശതമാനമാണ് നാം അനുദിനജീവിതത്തിൽ അംഗീകരിക്കുന്ന സമത്വം. ആ 000000000.1 ശതമാനമാണ് നാം വിളമ്പുന്ന സ്നേഹം. ബാക്കി 99.999999999% വും നമ്മുടെ അഹന്തയും വേഷംകെട്ടും കിംവദന്തിയും സഹിക്കാനാവാത്ത പരിസരമലിനീകരണവുമത്രേ.ആ 000000000.1 ശതമാനം സത്യത്തെ ഒരു നോക്ക് കാണാൻ കൊതിയുള്ളവർ ഈ പൂവിന്റെ ആത്മാവിലേയ്ക്കു അൽപനേരം നോക്കിയിരിക്കുവിൻ. സാധിക്കുമെങ്കിൽ കുറേക്കൂടി വലുതാക്കി കാണുക. ആയിരം കന്ദങ്ങളുടെ സമന്വയം ഒരു പൂവിനെ സൃഷ്ടിക്കുന്നത് ശ്രദ്ധിക്കുക. ഈ സമഗ്രത സൂര്യപ്രഭയെ പ്രതിബിംബിപ്പിക്കുന്ന അനന്യസൌന്ദര്യം അവാച്യമാണ്. അവാച്യമായത് ആസ്വദിക്കാനേ പറ്റൂ. ശ്രമിക്കുക. ഏതാനും വർണ്ണങ്ങളിൽ, അത്യദ്ഭുതകരമായ അടുക്കും ചിട്ടയും ചേർത്ത് ജഗദ്നിയന്താവ് സൌന്ദര്യത്തിന്റെ ഒരു തുള്ളിയൊഴിച്ചപ്പോൾ ഇത്രയുമായി. ആകെയുള്ളതിന്റെ കോട്യാനുകോടിയിൽ ഒരു ശതമാനം പോലുമില്ല ഇത്. അത്രയുമെങ്കിലും ഒരാളെങ്കിലും കാണുന്നെങ്കിൽ ഇത്രയുമെഴുതിയത്‌ വൃഥാവിലായില്ല.  

Tel. 9961544169

14 comments:

 1. വേദങ്ങളും ഉപനിഷത്തുക്കളും പോലെ മസ്തിഷ്കത്തിന് അറിവും മനസ്സിനു കുളിര്‍മ്മയും ആത്മാവിനു പുഷ്ടിയും നല്കുന്ന ഗ്രന്ഥങ്ങള്‍ വായിക്കുകയും, പ്രഭാഷണങ്ങള്‍ കേള്ക്കുകയും ചെയ്യുന്നത് ഒരു ശീലമായിരുന്നു കുറേക്കാലം. ഞാന്‍ കേട്ടതും, വിശ്വസിക്കാന്‍ നിര്‍ബന്ധിക്കപ്പെടുകയും ചെയ്യുന്നത് മാത്രമല്ലാ സത്യമെന്ന് എന്‍റെ തന്നെ യുക്തി മനസ്സിനെ ബോദ്ധ്യപ്പെടുത്തുകയായിരുന്നു ആദ്യ ലക്‌ഷ്യം. സത്യം അറിയാന്‍ ആഗ്രഹിക്കുന്ന അന്വേഷണ കുതുകികളായ സുഹൃത്തുക്കളെക്കൂടി ബോദ്ധ്യപ്പെടുത്തുകയെന്ന ഒരു സാഹോദര്യ ചിന്ത മനസ്സില്‍ രൂപം കൊണ്ടപ്പോള്‍ സ്വന്തം ആയുധപ്പുര കുറേക്കൂടി സമ്പന്നമാക്കി. അധികം കഴിയുന്നതിനു മുമ്പേ പരമമായ ഒരു പരമാര്‍ത്ഥം എനിക്ക് ബോദ്ധ്യപ്പെട്ടുവെന്നു പറയാം. ആ സത്യം മറ്റൊന്നുമായിരുന്നില്ല: ഞാന്‍ വര്ഷങ്ങള്‍ മിനക്കെട്ടു സമ്പാദിച്ചത് മുഴുവന്‍ അറിവുകളായിരുന്നെന്നും ആ ചപ്പു മുഴുവന്‍ മാറ്റിയാലേ സത്യം അനുഭവിക്കാന്‍ സാധിക്കൂവെന്ന പരമാര്ത്ഥം! അത് അംഗികരിക്കാന്‍ കുറെ സമയമെടുത്തു.

  ഒരു മുനിസിപ്പാലിറ്റി ഡംപിംഗ് ഗ്രൌണ്ടിലെതിനേക്കാള്‍ ഒട്ടും കുറവല്ലാ ഉള്ളിലുള്ള ചീഞ്ഞ അറിവുകളെന്ന് ഇപ്പോള്‍ തോന്നുന്നു. ഒന്നും വേണ്ടിയിരുന്നില്ലായെന്നു മനസ്സിലാക്കാന്‍ ഇത്ര മാത്രം വര്‍ഷങ്ങള്‍ നഷ്ടപ്പെടുത്തിയല്ലോയെന്ന ഒരു ചെറിയ ദുഃഖം ഉള്ളില്‍ ഇല്ലാതില്ല. സത്യാന്വേഷികളായ അനുജന്മാരോട് എനിക്കിത്രയേ പറയാനുള്ളൂ – ഒന്നും ആവശ്യമില്ല. ഉള്ളിലുള്ള ആനന്ദത്തിലേക്ക് കടക്കാന്‍ ഞാന്‍ പ്രപഞ്ചത്തിന്‍റെ ഒരു തന്മാത്രയാണെന്നു മനസ്സിലാക്കുകയും അഹത്തിന്‍റെ നിഴലുകളില്‍ നിന്ന് പോലും മാറി നില്ക്കുകയും ചെയ്യുക മാത്രമേ ചെയ്യേണ്ടതുള്ളൂ. ‘അ’ യുടെയും ‘ഹ’ യുടെയും ഇടയ്ക്കു വരും നാമവും ഗുണവുമുള്ള സകലതും. യാതൊന്നിനെയും പഴിക്കെണ്ടതുമില്ല.... ഇവിടെ ആയിരിക്കുന്നതൊന്നും അസ്ഥാനത്തുമല്ല, അസമയത്തുമല്ല.

  ശ്രി. സക്കറിയാസ് സാര്‍ ഏറെ ക്ഷമയോടെ, തീവ്രമായ ഇശ്ചയോടെ സംഗ്രഹിച്ചെഴുതിയ ഈ മനോഹരമായ കുറിപ്പ് അല്മായാ ശബ്ദം വായനക്കാര്‍ ആസ്വദിക്കുന്നതിനെക്കാളെറെ പ്രയോജനപ്പെടുത്താന്‍ മറ്റൊരു തലമുറ ഉണ്ടാവും. വെളിച്ചം ദേഹത്തിനു പുറത്തും തലയ്ക്കുള്ളിലും ഉണ്ടാവുന്ന ഒരു കാലഘട്ടത്തിനു വേണ്ടിയാണ് വേദങ്ങള്‍ എഴുതപ്പെട്ടതെന്ന് ചിന്തിക്കുന്നവരും ഉണ്ട്.

  ശാസ്ത്രിയമായി അപഗ്രഥിച്ചാലും താത്വികമായി വാദിച്ചാലും നാം നമ്മുടെതെന്ന് അവകാശപ്പെടുന്ന ശരിരം, എങ്ങോ അലിഞ്ഞു ചേരുന്ന, എവിടെയോ അപ്രത്യക്ഷമാകുന്ന നേര്ത്ത ഒരു വാതകം മാത്രം. മനസ്സും ബുദ്ധിയും അതിനു നിറം കൊടുക്കുന്ന കൂട്ട്. ഇതൊക്കെ അറിഞ്ഞിട്ടും, ഒന്നും ഗ്രഹിക്കാതെ കടന്നുപോവുന്ന മനുഷ്യനെക്കാള്‍ ആരെയും അമ്പരിപ്പിക്കുന്ന ഒരു ജീവി വേറെവിടെ? ഇരട്ട ബോധതലമല്ല ത്രിതല ബോധതലം തന്നെ കിട്ടിയതുകൊണ്ട് അവനെന്തു നേട്ടം? സമയവും സ്ഥലവും ഇല്ലാത്ത നിത്യതയില്‍ കനകകൊട്ടാരവും പരിചാരക വൃന്ദവും സങ്കല്പ്പിവക്കുന്ന നാം, അതി ബഹുമാന്യരെന്നു കരുതുന്നവരെ ശരീരത്തോടെപോലും അതിലേക്കു തള്ളിക്കയറ്റുന്നു. പൊടിപോലും ഭൂമിയില്‍ അവശേഷിപ്പിക്കാതെ അവര്‍ മാറ്റപ്പെട്ടാലെ നമുക്ക് നമ്മുടെ ഉന്മാദപ്പുരകള്‍ തുറക്കാനാവൂ .... ആടിപ്പാടി ഉറങ്ങാനാവൂ.

  ReplyDelete
  Replies
  1. ജൊസഫ് സർ, താങ്കള് അങ്ങനെ അറിഞ്ഞു കഴിഞ്ഞപ്പോൾ ആണ് മനസിലായത്, അറിഞ്ഞതല്ല സത്യമെന്ന് .. കണ്ടോ ഇതാണ് സത്യം ... അറിഞ്ഞു കഴിഞ്ഞിരുന്നില്ലെങ്കിൽ താങ്കള് ആ പരമമായ സത്യത്തെ തിരിച്ചരിയില്ലായിരുന്നു .. അത് കൊണ്ട് സത്യാന്വേഷികളെ തടയരുത് . താങ്കളെ പോലെ അവരും "തിരിച്ചറിവിന്റെ സന്തോഷം" തിരിച്ചറിയട്ടെ ..

   Delete
 2. This comment has been removed by the author.

  ReplyDelete
 3. This comment has been removed by the author.

  ReplyDelete
 4. ഋഗ്വേദസാരലഹരി (1%)...ഇന്നലെ ഞാൻ സക്കരിയാച്ചയനെ വിളിച്ചപ്പോൾ ഇതിന്റെ പണിപ്പുരയിലാണച്ചയൻ എന്ന് എന്നോടു പറഞ്ഞായിരുന്നു ..സൂര്യകാന്തിയോളം അത് സുന്ദരമായിരിക്കുമെന്നു ഞാൻ സ്വപ്നേന പോലും അപ്പോൾ കരുതിയില്ല ..മാപ്പിളെ, ഉമ്മ.. "ഉലകമിതു നിന്റെ ചിത്രഭവനം ഒന്നോർക്കിൽ , പാറും ശലഭചിറകിൽ അധികരമ്യ രചന കാണ്മൂ ഞാൻ .....നിമിഷ താളങ്ങൾ,രാഗസ്തുതികളാണെങ്ങും..ദേവാ , അനുവദിക്കീ ക്രിപണൻ എന്നെ ഏറ്റു പാടീടാൻ ..." എന്ന എന്റെ ഒരനുപല്ലവി ഞാൻ അറിയാതെ ഓർത്തുപോയി ....മത്തായി 6//5 ലെ മശിഹായുടെ "മനസിന്റെ അറയിൽ കയറി ,ഇന്ദ്രിയങ്ങളാകുന്ന വാതിലുകൾ അടച്ചു രഹസ്യത്തിൽ നീ കാണുന്ന നിന്റെ പിതാവിനോടു പ്രാർത്ഥിക്കാ" എന്ന വചനത്തിന്റെ വേരുകൾ ഈ രചനയിൽ കണ്ണുള്ളവർക്കു കാണാം .." എവിടെത്തിരിഞൊന്നു നോക്കിയാലും അവിടെല്ലാം ദൈവമാ..ദൈവമീഞാൻ", എന്ന് സദാ ഓരോമനവും മന്ത്രിച്ചാൽ, "ഇവിടമാണിവിടമാണെന്റെ സ്വർഗം , ഇനിയേതു സ്വർഗമെൻ പാതിരീ ചൊൽ?"എന്നാകും.. ശ്രീ ജോസഫ്‌ മറ്റപ്പള്ളിയു സച്ചരിയാചായനും അറിവിന്റെ ഇരട്ട സന്താനങ്ങളാണൊ എന്നെനിക്കു തോന്നുന്നു , മറ്റപ്പള്ളിയുടെ കമന്റു വായിച്ചപ്പോൾ ..അല്മായശബ്ദമേ, നീ ഭാഗ്യവതി.....ഈ ഇരട്ടപിള്ളരെ നിന്റെ പണിപ്പുരയിൽ ഒന്നിച്ചു കിട്ടിയല്ലോ ....

  ReplyDelete
 5. അഴകുള്ള മനുഷ്യ പുത്രിമാരും അവരെ മോഹിച്ച ദൈവപുത്രന്മാരും അവരുടെ അതികായരായ മക്കളുമെല്ലാം, വളരെ ഗഹനമായ ആശയങ്ങള്‍ പ്രതിഫലിപ്പിക്കുന്ന കഥാപാത്രങ്ങളാണ്. എന്തായാലും മനുഷ്യന്‍ കാണുന്ന കാമമല്ല അവിടെ സംഭവിച്ചതെന്ന് ഏതാണ്ട് ഉറപ്പിക്കാം.

  ദൈവപുത്രന്മാരെ പുരുഷന്മാര്‍ എന്നാണു വിവക്ഷിച്ചിരിക്കുന്നതെങ്കില്‍ പരമചൈതന്യം പോലും ഭൂമിയിലെ ദ്വൈത്വാനുഭവം കൂടെയുണ്ടെങ്കിലെ പൂര്‍ണ്ണമാവൂ, അപ്പോഴേ അതികായന്മാരെ സൃഷ്ടിക്കാന്‍ മാത്രം ശേഷി കൈവരിക്കുന്നുള്ളല്ലോയെന്നുമൊക്കെ ചിന്തിച്ചാലും മതി.

  സാക്കിന്‍റെ സ്വതസിദ്ധമായ വ്യാഖ്യാനങ്ങളാണ് ലേഖനത്തെ മനോഹരമാക്കുന്നത്. ഉപമകളും താരതമ്യങ്ങളും കുറഞ്ഞു പോയോയെന്ന സംശയം ഉണ്ട്. എല്ലാം കൂടി ഒരു കുട്ടയിലോതുക്കാന്‍ തിരക്കിട്ടത് പോലെ തോന്നുന്നു.

  ReplyDelete
  Replies
  1. കാമം രജസ്സിന്റെ വകയാണ്. ഉപമ നന്നായിരിക്കുന്നു. കിട്ടിയതൊക്കെ കുട്ടയിലിട്ടു കുലുക്കി കുടഞ്ഞിടുക. ആരെങ്കിലും ഇഷ്ടപ്പെട്ടത് കാണുമ്പോൾ എന്ത്, എവിടെനിന്ന് എന്നൊക്കെ ചോദിച്ചു വരും. അപ്പോൾ കൂടുതൽ വല്ലതും പറയാം എന്നതാണല്ലോ അല്മായശബ്ദത്തിലെ ആധുനിക ശൈലി. ഒരു ലേഖനത്തിലുള്ളതിനെക്കാൾ കൂടുതൽ അറിവ് ഉപദംശങ്ങളായി പലപ്പോഴും വന്നു ചേരാറില്ലേ? ഒരാള് ചോറും ബാക്കിയുള്ളവർ കറികളും കൊണ്ടുവന്നിട്ട് ഒരുമിച്ചിരുന്ന് ഉണ്ണ്ന്നതുപോലെയാണ് അത്.

   അറിവ് നിരുപാധികവും സോപാധികവും ഉണ്ട്. ഋഷികളുടെത് ആദ്യത്തേത്. നമ്മുടേത്‌ രണ്ടാമത്തേത്. അറിയുന്നവനും അറിയപ്പെടുന്നതും രണ്ടായിരിക്കുവോളം നിരുപാധികത നമുക്ക് വഴങ്ങില്ല. സത്ത്വവും തമസ്സും തമ്മിലുള്ള സംഘർഷം നമ്മുടെ സോപാധികതയെ ഉത്തേജിപ്പിച്ചുകൊണ്ടിരിക്കും. മാറ്റമില്ലാത്തെ ഉണ്മയാണ് സത്ത്വം. അതിനെതിരാണ് തമസ്സ്. അത് മാറ്റമാണ്, സ്വയം പ്രകാശിതമല്ല താനും. നമ്മളിലെ അല്പബോധം സത്യത്തിനും അസത്യത്തിനും ഇടയ്ക്കു കിടന്നു വിഷമിക്കുന്നു. നിരന്തരമായ ഈ പടവെട്ടാന് രജസ്സുകൊണ്ട് ഉദ്ദേശിക്കുന്നത്. അതുണ്ടാക്കുന്ന ദ്വൈതാനുഭവമാണ് ഏകമായ പരമചൈതന്യത്തെ അന്വേഷിക്കാൻ ഇടവരുത്തുന്നത്.

   Delete
 6. ബൈബിളിൽ ദേവന്മാർ, അസുരന്മാർ ,അതികായന്മാർ എന്നുള്ളത് അങ്ങനെതന്നെയാണ് മനസ്സിലാക്കേണ്ടത് വേദങ്ങൾക്കും ,ഉപനിഷത്തുക്കൽകും തരാൻ കഴിയുന്നതിലും അപ്പുറം ആത്മീയ സത്യങ്ങൾ ഉണ്ട് . ബൈബിളിൽ മാലാഖമാരെക്കുറിച്ച് എത്രയോ പരാമർശങ്ങൾ ഉണ്ട് . മാലാഖമാരെ കാണുകയും സംസാരിക്കുകയും ചെയ്യുന്ന എത്രയോ മനുഷ്യർ നമ്മുടെ ഇടയിൽതന്നെയുണ്ട്‌ -ആ അനുഭവം ഇല്ലാത്തവനോ അത് കഥയോ ഭാവനയോ ആയി തോന്നുകയും ചെയ്യും .

  ReplyDelete
  Replies
  1. This comment has been removed by the author.

   Delete
  2. പുത്തകം വായിച്ചു കിട്ടുന്ന അറിവിന്‌ ഒത്തിരി പരിമിതികൾ ഉണ്ട് അനിയാ , "ബ്രഹ്മാനന്ദം പരമസുഖദം "
   എന്ന് വായിച്ചു മനസിലാക്കാം ,അനുഭവിച്ചും അറിയാം . ഒന്നിനെയും നിരസിക്കാതെയിരിക്കുക ,നിന്ദിക്കാതിരിക്കുക , ഇതായിരിക്കട്ടെ ആത്മീയതയിലെ പുതിയ പാഠം . ഇന്ന് കാണാതിരിക്കുന്നത് പലതും അക കണ്ണ് തുറക്കുമ്പോൾ കാണാം .

   Delete
 7. അങ്ങനെ പലതും ഉണ്ട്. എന്നാൽ എന്തെങ്കിലും ഉണ്ട് എന്ന് സ്ഥിരീകരിക്കാനാവുന്നത് അറിവെന്ന അനുഭവത്തിലൂടെയാണ്. വെളിച്ചവും അതിന് ഒരു പ്രഭവസ്ഥാനവും ഉണ്ടെന്ന്‌ തീര്ച്ചയുള്ളപ്പോഴും വെളിച്ചം ഉണ്ടെന്നറിയണമെങ്കിൽ, അല്ലെങ്കിൽ അനുഭവിച്ചറിയണമെങ്കിൽ അത് ചെന്ന് തട്ടുന്ന എന്തെങ്കിലും ഉണ്ടായിരിക്കണം. മാലാഖാമാരും പിശാചുക്കളും അനോനിമസ്സുകളും ഏത്ര വേണമെങ്കിലും ഉണ്ട്. എന്നാൽ അവരുടെ നേർക്കുനേർ എത്തിപ്പെടാതെ അവരുടെ അസ്തിത്വത്തെപ്പറ്റി നാം അറിയുന്നില്ല. ഈയിടെ ചില പിശാചുക്കളുമായി നേരിട്ട് ബന്ധപ്പെടാൻ ഇടവന്നപ്പോഴാണ് ഇവറ്റകൾ ഉണ്ടല്ലോ എന്ന് പോലും ഞാൻ ചിന്തിച്ചുതുടങ്ങിയത്. വേദങ്ങൾക്കും ഉപനിഷത്തുകൾക്കും ബൈബിളിനും തരാൻ കഴിയുന്നതിലും അപ്പുറം ആത്മീയ (ആദ്ധ്യാത്മികമല്ല) സത്യങ്ങൾ ആണല്ലോ വട്ടായിയെപ്പോലുള്ളവർ വെളിപ്പെടുത്തുന്നത്. ഒന്നും നിരാകരിക്കരുത് എന്നതാണ് പാഠം ഒന്ന്.

  ReplyDelete
 8. ഋഗുവേദത്തിൽ നിറഞ്ഞിരിക്കുന്നത് പ്രകൃതിയും ദൈവവുമായി ബന്ധിപ്പിച്ച പ്രാചീന ആചാര്യന്മാരുടെ നിഷ്കളങ്കതയുടെ കീർത്തനങ്ങളാണ്.പരിതസ്ഥിതി സംരക്ഷണവും വേദഗീതങ്ങളിൽ മുഴങ്ങി കേൾക്കാം . വൃഷ ലതാതികളെ നശിപ്പിക്കരുത് (ഋഗ് വേദ സംഹിത x-97-4) മനോഹാരിതയിലെ വൃഷങ്ങൾ വീടുകളും രാജമന്ദിരങ്ങളുമാണ്.(ഋഗ് വേദ സംഹിത
  x-97-5) മനുഷ്യന്റെ ചൂഷണത്തിൽനിന്നും വിശുദ്ധിയുടെ പച്ചപുല്ലുകളെയും സംരക്ഷിക്കൂ.(ഋഗ് വേദ സംഹിത vii-70-4) ഭൂമിയും അതിലുൾപ്പെട്ട ആഴിക്കടലും നദികളും വെള്ളവും ഭക്ഷണം തരുന്ന ധാന്യവയലുകളും പ്രകൃതിയുടെ അനുഗ്രഹമാണ്. അവയിൽ ജീവൻ ശ്വസിക്കുന്നു.ചലിക്കുന്നു. പ്രകൃതിദേവി കനിഞ്ഞനുഗ്രഹിച്ച അവളുടെ വരദാനങ്ങൾ നമുക്കായി നൽകട്ടെ. തെളിവാർന്ന ശുദ്ധജലം ജീവജാലങ്ങൾക്കായി തുല്യമായി ഒഴുകുന്നു. ദിക്കുകൾതോറും രാത്രിയും പകലും ഒഴുകിയൊഴുകി, ഒഴുക്കിന്റെ പ്രവാഹം നിലാക്കാതെ അരുവികളും തീർഥയാത്രയിലാണ്.ഭൂമി സൂക്ത)

  ആധുനികയുഗത്തിൽ ദൈവത്തെ ചിലർ കുത്തകയാക്കിയിരിക്കുകയാണ്. മതങ്ങൾക്ക് ദൈവം എങ്ങനെയായിരിക്കണം, ദൈവത്തെ നിർവചിക്കുന്നതെങ്ങനെയെന്നെല്ലാം ഡെൽ,തോഷിബാ, ആപ്പിൾ കമ്പ്യൂട്ടറുകളുടെ കുത്തകഅവകാശങ്ങൾ പൊലെയാണ്. വിവിധ രീതിയിലാണ് മതങ്ങൾ ദൈവങ്ങളെ ഹൈജാക്ക് ചെയ്തിരിക്കുന്നത്. തങ്ങളുടെ ദൈവം മാത്രം ശരിയെന്നു പറയുന്ന മതങ്ങളുടെ വിശ്വാസസംഹിതയിൽ എന്റെ ദൈവജ്ഞാനം വെറും പൂജ്യം മാത്രം.

  സനാതനത്തിലെ ദൈവം (quantum physics) അതായത് സൃഷ്ടിയും ശക്തിയും ഒന്നായി എല്ലായിടത്തും സർവവ്യാപിയെന്ന ചിന്തകളിൽ ആയിരുന്നു. അവിടെയാണ് യഹോവാ ഞാൻ ദൈവമെന്നുപറഞ്ഞ് പുതിയ നിർവചനങ്ങളുമായി വന്നത്. മനുഷ്യന്റെ സാദ്രുശ്യത്തിൽ പൂജ്യമായിരുന്ന മനുഷ്യൻ ദൈവത്തെ കണ്ടുപിടിച്ചു. കാണപ്പെടാത്ത ദൈവത്തെപ്പറ്റി ഒരോ വ്യക്തിക്കും വ്യത്യസ്തമായ കാഴ്ച്ചപ്പാടാണുള്ളത്. ആയിരകണക്കിനു തരത്തിൽ ദൈവത്തെപ്പറ്റി നിർവചനങ്ങളുമുണ്ട്. ഋഗുവേദം ദൈവത്തിന്റെ സത്തയെ അന്വേഷിക്കുന്നതൊപ്പം ചോദ്യവും ചെയ്യുന്നുണ്ട്.

  റിഗുവേദം 10:129- ഉത്തരങ്ങളെക്കാൾ ദൈവത്തിന്റെ ആസ്തിത്വത്തെപ്പറ്റി ചൊദ്യങ്ങളാണുള്ളത്.

  "ആരറിയുന്നു, സത്യമെന്ന് ആർക്കു കഴിയും, സൃഷ്ടി എങ്ങനെ വന്നു,എപ്പോൾ, എവിടെ!? ദൈവവും സൃഷ്ടികഴിഞ്ഞുണ്ടായി. യാഥാർത്ഥ്യമാരറിയുന്നു? സത്യത്തിൽ ആർക്കു പറയുവാൻ കഴിയുന്നു? എപ്പോൾ എങ്ങനെ സൃഷ്ടി തുടങ്ങി? അവൻ സൃഷ്ടിച്ചോ ഇല്ലയോ? സൃഷ്ടിയുടെ രഹസ്യം അവൻ അവിടെയുണ്ടെങ്കിൽ അവൻ മാത്രം അറിയുന്നു. ഇല്ലെങ്കിൽ അവനുമറിയത്തില്ല".

  നിർവചിക്കുവാൻ സാധിക്കുന്ന ദൈവം സത്യദൈവമല്ല. ദൈവത്തിന്റെ ഭാവരൂപങ്ങൾ അനാദികാലം മുതൽ മനുഷ്യമനസിലുണ്ട്. ജീവന്റെയും പ്രപഞ്ചത്തിന്റെയും രഹസ്യങ്ങളിലേക്ക് നുഴഞ്ഞുകയറാൻ മനുഷ്യനിൽ അതിമോഹം എന്നുമുണ്ടായിരുന്നു. മുകളിൽ ആകാശവും താഴെ ഭൂമിയും നക്ഷത്രകൂട്ടങ്ങളും മരങ്ങളും കാടുകളും മലകളും താഴ്വരകളും നദികളുമൊത്ത പ്രകൃതിഭൂമിയിൽ ജീവിച്ച മനുഷ്യന്റെ ദൈവസങ്കൽപ്പത്തിൽ പിന്നീട് ബുദ്ധിമാന്മാർ മായം ചേർത്തു. ഇടി, മിന്നൽ, ആകാശം ഭൂമി സൂര്യൻ എല്ലാം ദൈവഗണങ്ങളിൽ എത്തി. പ്രകൃതിയുടെ വിരോധാഭാസങ്ങളിലെ ശക്തികളെല്ലാം അവന്റെ ദൈവങ്ങളായി. കാലങ്ങൾ കുറച്ചുകൂടി അടുത്തു. മൂവായിരം വർഷങ്ങൾക്കുമുമ്പ് യാഹോവായെന്ന ദൈവവും ഭൂമിയിൽ മനുഷ്യസങ്കൽപ്പത്തിൽ എത്തി. സുമേരിയൻ സംസ്ക്കാരത്തിൽ അലിഞ്ഞ യഹോവയുടെ ആൾക്കാർ ആദം അവ്വായെന്ന സുന്ദരമായ ഒരു കഥയും മെനഞ്ഞെടുത്തു.

  യുഗ യുഗാന്തരങ്ങൾക്കുമുമ്പ് പ്രകൃതിയേയും ദൈവത്തെയും മനസ്സിൽ വരച്ച മനുഷ്യന്റെ ഭാവനാസങ്കല്പങ്ങൾ ഒഴികെ പിന്നീടുള്ള മനുഷ്യന്റെ ദൈവരൂപങ്ങളെല്ലാം കൃത്രിമ ചിന്താഗതികളാണ്. സത്യത്തിൽ മായം ചേർത്ത് ഒരു ശതമാനം മാത്രം വിശ്വസിക്കാവുന്ന ദൈവവും. സത്യം ദൈവത്തിൽ നിറഞ്ഞിരിക്കുന്നുവെങ്കിൽ ആ സത്യത്തിന് രൂപമില്ല, ഭാവമില്ല. വെറും വിസ്മയാനുഭൂതികൾ മാത്രം. പ്രകൃതി ശക്തികളെയും പ്രപഞ്ചത്തെയും സൃഷ്ടിച്ച ദൈവം മനുഷ്യന്റെ ബുദ്ധിസങ്കല്പ്പത്തിലും നുഴഞ്ഞുകയറി മനുഷ്യനോടും സംസാരിക്കുവാൻ തുടങ്ങി.

  യേശുവും നിഷ്കളങ്കനായ ഒരു വേദാന്തിയായിരുന്നു. സൂര്യോദയവും സൂര്യാസ്തമനവും, പ്രകൃതിയും അവന്റെ ജീവിതത്തിന്റെ ഭാഗമായിരുന്നു. മലകളും താഴ്വരകളും കടലിന്റെ ഇരമ്പും അവൻ പറഞ്ഞത് ശ്രദ്ധിച്ചിരുന്നു. അറിവിന്റെ ഉറവിടമായ അവനുവേണ്ടി ഗീതയും പാടിയിരിക്കാം. പ്രകൃതിയും മനസും വേർതിരിഞ്ഞ്‌ വിദൂരതയിൽ ഓടുന്നവന്റെ ഹൃദയം കഠിനമായിരിക്കും. കുന്നിൻ ചെരുവുകളിലെ സൂര്യോദയവും അസ്തമയവും നിഷ്കളങ്ക മനസിന്റെ ആനന്ദമാണ്. ഇലകളും പുഷ്പങ്ങളും ഫലങ്ങളും എനിക്കർപ്പിക്കുന്നവൻ എന്നെ കാണുന്നുവെന്ന് ഗീതയും പാടി. (Bhagavad geetha) "ദൈവം പുതിയതും പഴയതുമായ നിയമങ്ങളിൽ സുവിശേഷങ്ങൾ കൂടാതെ മരങ്ങളെയും പുഷ്പങ്ങളെയും നക്ഷത്രങ്ങളെയും നീലാകാശത്തെയും കാർമേഘങ്ങളെയും രചിച്ചുവെന്ന്" എതോ അജ്ഞാതനും പാടി. പൗരാവകാശ വിപ്ലവകാരി മാർട്ടിൻ ലൂതർകിങ്ങും ആഫ്രോഅമേരിക്കൻ ജനതയുടെ സ്വാതന്ത്ര്യപുലരിയിൽ അത് ഏറ്റുപാടിയിരുന്നു.

  ReplyDelete
 9. “You are the universe, expressing itself as a human for a little while.” -Eckhart Tolle

  ReplyDelete
  Replies
  1. I love the stars too fondly to fear the night. Galileo Galilei

   രാത്രിയെ എനിക്കൊട്ടും ഭയമില്ല. കാരണം, അത്രമാത്രം ഞാൻ നക്ഷത്രങ്ങളെ സ്നേഹിക്കുന്നു.

   Delete