Translate

Tuesday, April 16, 2013

ഒരു ശതമാനം സത്യം?


താൻ പഠിച്ചതും പറയുന്നതും എഴുതുന്നതും സംശയമററ സത്യമാണെന്ന് വിശ്വസിക്കുന്നവർ അറിഞ്ഞിരിക്കേണ്ടത്:

നമ്മെ വലയം ചെയ്യുന്ന electromagnetic spectrum മിന്റെ 1% മാത്രമേ നാം കാണുന്നുള്ളൂ; acoustic spectrum ത്തിന്റെ 1% മാത്രമേ കേക്കുന്നുള്ളൂ. ഇത് വായിച്ചുകൊണ്ടിരിക്കുന്നയാൾ സെക്കന്റിൽ 220 km വേഗത്തിൽ വിണ്‍ഗംഗയിലൂടെ പറന്നുകൊണ്ടിരിക്കുകയാണ്.

നിന്റെ 90% കോശങ്ങൾ അവയുടേതായ microbial DNAയെ  വഹിക്കുന്നുണ്ട്. അവയാകട്ടെ 'നിന്റെ' ഭാഗമേയല്ല. 
നമ്മൾ കഴിക്കുന്ന ഉരുളക്കിഴങ്ങിൽ ഉള്ളതിൽ (48) രണ്ടു കുറവാണ് നമ്മുടെ കോശങ്ങളിലുള്ള ക്രോമസോമുകൾ. നിന്റെ ശരീരത്തെ നിർമ്മിക്കുന്ന കണികകളിൽ ഓരോന്നും  99.9999999999999999% ശൂന്യമാണ്. അവയിലൊന്നുപോലും ജനിച്ചപ്പോൾ നിന്റെ ഭാഗമല്ലായിരുന്നു. അവയെല്ലാം അതിവിദൂര നക്ഷ്രത്രങ്ങളിൽ രൂപംകൊണ്ടവയാണുതാനും.

നമ്മുടെ കണ്ണുകളിലുള്ള conical photo receptors കാരണമാണ് നമ്മൾ മാരിവില്ലിനെ കാണുന്നത്. അവയില്ലാത്ത ജീവികൾക്ക് ആ ആനുഭവമില്ല. അതായത്, നമ്മൾ മഴവില്ലിനെ കാണുകയല്ല, ഉണ്ടാക്കുകയാണ് ചെയ്യുന്നത്. അവിടെയും electromagnetic spectrum മിന്റെ 1% മാത്രമാണ് നാം കാണുന്നത്. നമ്മുടെ മറ്റു ഇന്ദ്രിയങ്ങളുടെ കാര്യത്തിലും ഇതുതന്നെയാണ് വാസ്തവം! സത്യമെന്ന് കരുതി നമ്മൾ മുറുകെപ്പിടിക്കുന്നതിൽ ഒരു ശതമാനം സത്യമുണ്ടെങ്കിൽ, നമ്മൾ ഭാഗ്യമുള്ളവരാണ്.  

19 comments:

 1. സാക് പറയുന്നത് കേട്ടാല്‍ ഞെട്ടാതിരിക്കാനാവില്ല. അണു-പരമാണു തലത്തില്‍ നമ്മുടെ ജീവകോശങ്ങള്‍ വിഭജിക്കപ്പെട്ടാലും ബാക്കി കിട്ടുക ശൂന്യത മാത്രം. ഒരു സെക്കണ്ടില്‍ ഒരു ലക്ഷത്തിയെന്പത്തിയാറായിരം കി.മീ. വേഗത്തില്‍ സഞ്ചരിക്കുന്ന കണികകളെ ഉപയോഗിച്ചിട്ടും ഇന്നേവരെ സ്വന്തം പ്രകാശം ഭൂമിവരെ എത്തിക്കാന്‍ കഴിഞ്ഞിട്ടില്ലാത്ത അത്ര അകലെ നക്ഷത്രങ്ങളുള്ള ഈ മഹാപ്രപഞ്ചത്തില്‍, മനുഷ്യന്‍ ഒന്നുമല്ലായെന്നു പറയേണ്ടതുണ്ടോ? എങ്കിലും നാം ഈ പ്രപഞ്ചത്തിന്‍റെ ഒത്ത മദ്ധ്യത്തിലാണ്, നമുക്ക് ചുറ്റുമാണ് എല്ലാം ചലിക്കുന്നത്‌; നമുക്കുവേണ്ടിയാണ് എല്ലാം സൃഷ്ടിക്കപ്പെട്ടത്, നാമാണെല്ലാത്തിനെയും പരിപാലിക്കേണ്ടതും. ഇത് മനസ്സിലാക്കിയവന്‍ ഒന്നും എഴുതാറുമില്ല, പറയാറുമില്ല...കഷ്ടം!

  എങ്കിലും നാം ചെറുതാണെന്ന് ആരു പറഞ്ഞു? ബഹുദശലക്ഷം ജീവകോശങ്ങള്‍ സംയമനത്തോടെ, ചിട്ടയോടെ, ഒത്തൊരുമിച്ചു പ്രവര്ത്തിക്കുമ്പോഴേ ഒരു ചെറുവിരല്‍ പോലും നമുക്കനക്കാന്‍ സാധിക്കൂ. ഇതിനേക്കാള്‍ വലിയ അത്ഭുതം എന്ത്? ഒരു ദിവസം ഈ കൊച്ചു യന്ത്രം അറുപതിനായിരം ചിന്തകള്‍ കൈകാര്യം ചെയ്യുന്നുവെന്നാണ് കണക്ക്. ശരാശരി പതിനായിരം വാക്കുകളും നാം ഒരുദിവസം ഉശ്ചരിക്കുന്നു (നൂറിലൊന്നു ഉചിതമായിരുന്നെങ്കില്‍!). പക്ഷെ, നാം ഒന്നും കൊണ്ടുവന്നിട്ടുമില്ല... കൊണ്ടുപോകുന്നുമില്ല. നാം ആര്‍ക്ക് വേണ്ടിയാണോ സമ്പാദിച്ചത് അവര്‍ അത് അനുഭവിക്കുമെന്നു നമുക്കുറപ്പുമില്ല. എങ്കിലും നാം യുദ്ധ ചെയ്യുന്നു, ശ്വസിക്കുന്ന വായുവിനെ ചൊല്ലി, കുടിക്കുന്ന വെള്ളത്തെ ചൊല്ലി.

  ഈ യുദ്ധം ഇല്ലെങ്കില്‍ പ്രപഞ്ചം എവിടെ? ഇത് എല്ലാവരും മനസ്സിലാക്കിയിരുന്നെങ്കില്‍ പറുദീസാ അന്വേഷിച്ചു ആരെങ്കിലും പോകുമായിരുന്നോ? ഈ വൈവിദ്ധ്യത്തിലാണ് സൌന്ദര്യം, ഈ വൈവിദ്ധ്യമാണ് ദൈവവും.

  നമുക്ക് ക്രിസ്ത്യന്‍ വായൂ മാത്രം ശ്വസിക്കാം... ക്രിസ്ത്യന്‍ വെള്ളം മാത്രം കുടിക്കാം ... അങ്ങിനെ നല്ല ക്രിസ്ത്യാനിയായി വളരാം ... ആമ്മേന്‍!!!!

  ReplyDelete
 2. ശ്രീ .ജോസഫ്‌ മറ്റപ്പള്ളീയുടെ ഒടുവിലത്തെ ആ "ആമ്മേൻ "കരളിൽ കൊള്ളുന്നതാണ് ...സക്കരിയാച്ചായന്റെ ഹൃസ്വസുന്ദരമായ രചന ആർക്കാണ് ചിന്തനീയമാല്ലാത്തത് ? കൂടെ മറ്റപ്പള്ളീ സാറിന്റെ "ആമ്മേനും" ...ഞാനും ഒന്ന് തൊട്ടോട്ടെ ...? " നിന്നെ ഞാൻ എന്റെ സങ്കേതമാക്കി, എന്നെ ഞാനെന്നിൽ ഇല്ലാതെയാക്കി "എന്നപാട്ടിന്റെ അനുപല്ലവി, "ഉണ്ടെന്നു തോന്നുന്നതെല്ലാം കാലം ഇല്ലാതെ ആക്കീടുമെന്നാൽ , ഉണ്മയായ് എന്തിഹെ ഉണ്ട് ?ഉൾക്കാമ്പു കൊണ്ടിന്നു തിരയാം "എന്നാണു...ഈ ഉൽക്കാമ്പു മനുഷ്യനു മാത്രമേ ഉള്ളൂ എന്നാണു അറിഞ്ഞവർ പറയുന്നത് ..എങ്കിൽ നമുക്കും തിരയാം ഉള്ളിന്റെ ഉള്ളിലെ ഉൾക്കാമ്പിനെ ഒന്നാമതായി...

  ReplyDelete

 3. ശരിയാണ് ഒന്നാലോചിച്ചാല്‍ ഒരു മനുഷ്യനും ഒന്നുമല്ല, എങ്കിലും നമ്മെ ഒന്നും നിയന്ത്രിക്കുന്നുമില്ല.
  നമ്മുടെ നിയന്ത്രണവും പരിമിതം. ശ്വസിക്കാതിരിക്കാന്‍ നമുക്ക് പറ്റില്ല, ഹൃദയത്തിന്‍റെ ഇടിപ്പ് നിര്ത്താനും നമുക്ക് പറ്റില്ല; തിന്നുന്നത് ദഹിക്കേണ്ടയെന്നു പറഞ്ഞിട്ടും കാര്യമില്ല.

  നാട്ടിലുള്ള വണ്ടികള്‍ക്കടിക്കാനാണ് പെട്രോള്‍ ബങ്കുകാരന്‍ പെട്രോള്‍ സംഭരിക്കുന്നത്. അതുപോലെ മറ്റുള്ളവര്ക്ക് വേണ്ടി പ്രവര്ത്തിപ്പിക്കാനാണ് നമുക്ക് കിട്ടിയിരിക്കുന്നതെല്ലാം എന്നതല്ലേ സത്യം? ആ സത്യം പറഞ്ഞതുകൊണ്ടാണ് ഞാന്‍ യേശുവിനെ മുറുക്കെ പിടിച്ചിരിക്കുന്നത്. ആ പിടി വിടാന്‍ പള്ളിയെന്നോട് പറഞ്ഞാല്‍ ഞാന്‍ വിടുമോ? ഇപ്പുറത്തു മുറുകെ പിടിക്കാന്‍ കോണ്ക്രീറ്റല്ലെയുള്ളൂ.

  ഒരു സംഭവ കഥ പറയാം:

  കുറച്ചു ദിവസങ്ങള്ക്കു മുമ്പ് ഒരു വെളുപ്പിന് ഫ്രാന്‍സിസ് മാര്പ്പാപ്പയെണിറ്റ് ഇടനാഴിയിലൂടെ പുറത്തേക്ക് നടന്നു. പുറത്ത് ഒരു സ്വിസ് ഗാര്ഡ് നിശ്ചലനായി തന്‍റെ കൊട്ടാരത്തിനു കാവല്‍ നില്ക്കുന്നു. ഫ്രാന്സിസ് മാര്പ്പാപ്പാ ചോദിച്ചു,

  “നീ ഇവിടെ എന്തെടുക്കുകയാ? രാത്രി മുഴുവന്‍ നീ ഇങ്ങിനെ ഇവിടെ നില്ക്കുകയയിരുന്നോ?”

  “അതെ.” അല്പ്പം സങ്കോചത്തോടെ അയാള്‍ മറുപടി പറഞ്ഞു.

  “ഒരൊറ്റ നില്പ്പോ?” മാര്പ്പാപ്പാ വീണ്ടും ചോദിച്ചു.

  “പിതാവേ ഞാന്‍ എന്‍റെ ജോലിയാണ് ചെയ്യുന്നത്.” സ്വിസ് ഗാര്ഡ് പറഞ്ഞു.

  “നിനക്ക് ഒട്ടും ക്ഷിണം തോന്നുന്നില്ലേ?” മാര്പ്പാപ്പാ ചോദിച്ചു.

  “ഇതെന്‍റെ ജോലിയാണ് പിതാവേ, ഞാന്‍ മാര്പ്പാപ്പയുടെ സുരക്ഷ നോക്കേണ്ടതുണ്ട്.” ഗാര്ഡ് പറഞ്ഞു.

  ദയയോടെ അയാളുടെ മുഖത്തേക്ക് നോക്കിയിട്ട് അദ്ദേഹം അകത്തേക്ക് നടന്നു. ഏതോ ഒരു കര്ദ്ദിനാള്‍, അത്രയുമേ ആ ഗാര്ഡ് ചിന്തിച്ചുള്ളൂ. ഒരു മിനിട്ടിനു ശേഷം അദ്ദേഹം വീണ്ടും വന്നപ്പോള്‍ അദ്ദേഹത്തിന്‍റെ കൈയ്യില്‍ ഒരു കസേരയുമുണ്ടായിരുന്നു.

  “ഇവിടെ അല്പ്പം നേരം ഇരുന്നു വിശ്രമിക്കുകയെങ്കിലും ചെയ്യൂ.” മാര്പ്പാപ്പാ പറഞ്ഞു.

  “പിതാവേ എനിക്കതിനു കഴിയില്ല. നിയമം അതിനെന്നെ അനുവദിക്കുന്നില്ല. എന്‍റെ ക്യാപ്ടന്‍റെ കല്പ്പനയാണ്.” ഗാര്ഡ്.

  മാര്പ്പാപ്പാ ചെറുതായിട്ടൊന്നു പുഞ്ചിരിച്ചുകൊണ്ട് പറഞ്ഞു,

  “ഞാന്‍ പോപ്‌ ഫ്രാന്സിസ് ആണ്. നിന്നോട് ആ കസേരയിലിരിക്കാന്‍ ഞാന്‍ ഇപ്പോള്‍ ആജ്ഞാപിക്കുന്നു.” ആ സ്വിസ് ഗാര്ഡിന്‍റെ കണ്ണ് തള്ളിപ്പോകാന്‍ വേറൊന്നും ആവശ്യമുണ്ടായിരുന്നില്ല.

  മാര്പ്പാപ്പാ വീണ്ടും അകത്തേക്ക് പോയി. ഏതാനും മിനിട്ടുകള്‍ കഴിഞ്ഞപ്പോള്‍ അദ്ദേഹം വീണ്ടും വന്നു. ആ സ്വിസ് ഗാര്ഡ് അപ്പോള്‍ കസേരയില്‍ ഇരിക്കുകയായിരുന്നു. ഇപ്രാവശ്യം അദ്ദേഹത്തിന്‍റെ കൈയ്യില്‍ അദ്ദേഹം തന്നെ ഉണ്ടാക്കിയ ഇറ്റാലിയന്‍ ബ്രെഡും ജാമും ഉണ്ടായിരുന്നു. ഗാര്ഡ് എന്തെങ്കിലും പറയുന്നതിന് മുമ്പേ അദ്ദേഹത്തിന്‍റെ വായിലേക്ക് അദ്ദേഹം ഒരു കഷണം ബ്രെഡ്‌ തള്ളി കയറ്റിയിരുന്നു.

  കേരളത്തിലായിരുന്നെങ്കില്‍ എല്ലാവരുടെയും വായില്‍ തള്ളിക്കേറ്റാന്‍ ഇഷ്ടം പോലെ രസീതുകളുണ്ടാകുമായിരുന്നു.

  ReplyDelete
  Replies
  1. ഈ വിധ കഥകൾ പുറത്തു വിടരുത്, റോഷൻ. ഇനിയിപ്പോൾ റോമായിൽ കറങ്ങി നടക്കുന്ന മലയാളി അച്ചന്മാർ സ്വിസ് ഗാർഡിന്റെ യൂണിഫോം തട്ടിയെടുത്ത് അതും ധരിച്ച് പോപ്പ് കാണുന്നിടത്ത് പോയി നിൽക്കും, എന്തെങ്കിലും തടയാതിരിക്കുമോ എന്നും കരുതി.

   Delete
 4. നമ്മുടെ രോഷൻ പറഞ്ഞത് കഥയല്ല് മരിച്ചു നടന്ന കാര്യമാണെങ്കിൽ "അവൻ വീണ്ടും വന്നിരിക്കുന്നു" നിച്ചയം..ആകാശ വീഥിയിലൂടെയല്ല ..വത്തിക്കാനിലെ തെരുവിലൂടെ ...

  ReplyDelete
 5. സത്യമേ പറയാവൂ എന്നാണെന്‍റെ തീരുമാനം. പക്ഷെ ഞാന്‍ വല്ലാത്ത പ്രതിസന്ധിയിലാണ്.

  'താൻ പഠിച്ചതും പറയുന്നതും എഴുതുന്നതും സംശയമററ സത്യമാണെന്ന് വിശ്വസിക്കുന്നവർ അറിഞ്ഞിരിക്കേണ്ടത്: അത് ഒരു ശതമാനം സത്യമെയായിരിക്കൂവെന്നാണ്' സക്കറിയാസ് സാര്‍ പറയുന്നത്.

  അപ്പറഞ്ഞതിലും ഒരു ശതമാനം സത്യമേ കാണാന്‍ സാദ്ധ്യതയുള്ളൂവെന്നു തോന്നിയതു കൊണ്ടാണ് ഞാനീ കഥ പറയാന്‍ തീരുമാനിച്ചത്.

  ആരോ വരുന്നു .... സക്കറിയാസ് സാറാണോ?

  ഞാന്‍ പോവുന്നു...ധൃതിയുണ്ട്...

  ഞാന്‍ പിന്നെ വരാം കൂടലച്ചായാ.

  ReplyDelete
 6. ഈ ഒരു ബോധ്യത്തിൽ എത്തിയാൽ പിന്നെ രണ്ടു പ്രാർത്ഥനകൾ മാത്രം മതി.
  "അസതോമ സദ്ഗമയ " യും " ലോകാ സമസ്താ സുഖിനോ ഭവന്തു" വും , അഞ്ചുഇന്ദ്രിയങ്ങൽക്കും അപ്പുറത്തുള്ള അനുഭൂതികൾ ലഭിച്ചവർ അത് വാക്കുകളിൽ പകരാൻ ശ്രമിച്ചതാണ് മിക്ക മതഗ്രന്ഥങ്ങളും . വൃക്ഷങ്ങളെയും ,ഡോൾഫിനുകളെയും കുറിച്ച് സഖരിയാച്ചൻ മുൻപ് എഴുതിയത് സന്തോഷത്തോടെയാണ് വായിച്ചത് .
  കർമ്മങ്ങൾ , പഴയ ജന്മങ്ങൾ , മറ്റു പല ഡയമെൻഷൻസിലും യൂനിവേര്സുകളിലും ഉള്ള ജീവിതങ്ങൾ എല്ലാം നമ്മളെ സ്വാധീനിക്കുന്നുണ്ട് . കവി എഴുതിയതു പോലെ
  "അതിങ്കലെങ്ങാണ്ട് ഒരിടത്തിരുന്നു നോക്കുന്ന മര്ത്യൻ കഥയെന്തു കണ്ടു "

  ReplyDelete
 7. തലചോറിലെ നാഡീ കോശങ്ങള്‍ ഒഴിച്ച് ,നമ്മളിലെ എല്ലാ കോശങ്ങളും, പരമാവധി ഒന്ന് മുതല്‍ ഏഴു വരെ വര്‍ഷങ്ങള്‍ കൊണ്ട്, മുഴുവനായും മാറുന്നു. എന്ന് വച്ചാല്‍ കഴിഞ്ഞ വര്‍ഷം കണ്ട സാക്കിനെയും, റോഷനും,പടന്നമാക്കലും,കൂടലും,ജോസും,മറ്റപ്പള്ളിയും, ത്രേസ്യായും,അലക്സും.കോട്ടൂരും,അനൂപും,കളരിക്കലും,വട്ടമറ്റവും,ജിജോയും,അന്നോണിയും, ഈ ഞാനും എവിടെയാണ്, അഥവാ അവര്‍ക്ക് എന്ത് സംഭവിച്ചു?

  നമ്മളെല്ലാം പഴയരൂപത്തില്‍, നമ്മളറിയാതെതന്നെ പുതിയ പദാര്‍ത്ഥങ്ങള്‍ കൊണ്ട്പുതിയ ശരീരത്തില്‍ അല്ലെ ജീവിക്കുന്നത്? അപ്പോള്‍ ഈ "നാം" ആരാണ്? നമ്മുടെ ശരീരം മാറിയെങ്കിലും "നാം" മാറുന്നില്ലല്ലോ!.

  സാക്ക് എഴുതിയത് നമുക്കുള്ള അഞ്ചു ഇന്ദ്രിയങ്ങളിലെ രണ്ടു ഇന്ദ്രിയങ്ങളുടെ പരിമിതികള്‍ ആണല്ലോ, മറ്റുള്ളവയുടെയും ഇതുപോലുള്ള പരിമിതികള്‍ അറിയുമ്പോള്‍ നാം നമ്മുടെ അറിവ് ഒന്നുമല്ലെന്ന് മനസിലാക്കും. ഓരോ ഇന്ദ്രിയങ്ങളും കൂടുമ്പോഴും നമ്മുടെ ഗ്രഹണശക്തി പതിന്മടങ്ങ്‌ വര്‍ദ്ധിക്കുന്നതായി കാണാം.(മൂന്ന് ഇന്ദ്രിയങ്ങള്‍ മാത്രം പ്രവര്‍ത്തിച്ചിരുന്ന ഒരാള്‍ക്ക് നാലും അഞ്ചും പ്രവര്‍ത്തിച്ചു തുടങ്ങുമ്പോള്‍ വരുന്ന മാറ്റം എത്രമാത്രമെന്നു വെറുതെയൊന്നു ചിന്തിച്ചാല്‍ മതി). ഇനി വെറുതെ നമുക്ക് കൂടുതലായി ഭൂതവും, ഭാവിയും,കേള്‍ക്കുവാനും കാണുവാനും അനുഭവിക്കാനുമുള്ള ഒരു ഇന്ദ്രിയം കൂടി ഉണ്ടെങ്കില്‍ നമ്മുടെ ഗ്രഹണശക്തി എങ്ങിനെയിരുന്നെനെ? ഇനി നമുക്കറിയാത്ത ഒരു അഞ്ചു ഇന്ദ്രിയങ്ങള്‍ കൂടിയുണ്ടെങ്കിലോ? ചിന്തിക്കാനേ പറ്റില്ല. അപ്പോള്‍ നമ്മള്‍ കാണുന്നതും കേള്‍ക്കുന്നതും ചിന്തിക്കുന്നതും അനുഭവിക്കുന്നതും സാക്ക് പറഞ്ഞപോലെ ശരിയായിക്കൊള്ളണമെന്നില്ല. ഇനി കാഴ്ച മാത്രമെടുത്താല്‍ , ഒരേവസ്തു തന്നെ നാം കാണുമ്പോള്‍ അതില്‍ത്തന്നെ വൈവിധ്യങ്ങള്‍ ഉണ്ട് , ദൂരക്കാഴ്ച്ചക്ക് പ്രശ്നമുള്ള ഒരാള്‍ കാണുന്ന പ്രകൃതിയല്ല വാഗമണില്‍ ചെന്നാല്‍ ,ഒരു സാധാരണക്കാരന്‍ കാണുന്നത്.ഇനി ഒരെകാഴ്ച്യുള്ള(ദൂരക്കാഴ്ച) രണ്ടുപേരില്‍ ഒരാള്‍ക്ക് നിറങ്ങള്‍ തിരിച്ചറിയാനുള്ള കഴിവില്ലെങ്കിലും(color blindness) അവര്‍ കാണുന്ന ഒരേ വാഗമണ്‍ രണ്ടായിരിക്കും.

  ReplyDelete
  Replies
  1. പിപ്പിലാഥനുള്ള മറുപടി യോഗപരിചയം എന്ന പുസ്തകത്തില്‍ രണ്ടു വ്യാഴവട്ടം മുമ്പ് നിത്യചൈതന്യയതി എഴുതിവച്ചിട്ടുണ്ട്. അത് ഇങ്ങനെയാണ്: ''ഈ പ്രപഞ്ചം അതില്‍ത്തന്നെയിരിക്കുന്ന ഒരു മനുഷ്യന്റെ മസ്തിഷ്‌കത്തിന്റെ രചനയാണെന്ന് പാശ്ചാത്യശാസ്ത്രജ്ഞന്മാര്‍ പറഞ്ഞുപോരുന്നുണ്ട്. ഈ ബ്രബമാണ്ഢകടാഹം മുഴുവനും കൂടി തലയോട്ടിയിലിരിക്കുന്നു എന്നല്ല അതിന്റെ അര്‍ഥം. ഓരോ മനുഷ്യനും അനുഭവമാകുന്ന ലോകം അവന്റെ ഇന്ദ്രിയങ്ങള്‍ വഴി ലഭിച്ചിട്ടുള്ള ഉദ്ദീപനത്തിന്, അല്പമാത്രമായി അറിഞ്ഞുകൊണ്ടും, വളരെയേറെ അറിയാതെയും, താന്‍തന്നെ നല്കിപ്പോരുന്ന വ്യവസ്ഥാപിതമായ ഒരു വ്യാഖ്യാനമാണ് എന്നു മനസ്സിലാക്കണം......ഒരേ സമയത്തുതന്നെ നാം ഈ മഹാ പ്രപഞ്ചത്തിലെ നിസ്സാരമായ ഒരു കൊച്ചുഘടകവും ഈ ലോകം നമ്മുടെ മേധയില്‍ പ്രസ്ഫുരിക്കുന്ന ചിത്രദര്‍ശനവുമാണ്.'' സാക്ക് സത്യം 1 ശതമാനംമാത്രം എന്നു എഴുതിയിരിക്കുന്നതിന് അനുപൂരകമെന്നു തോന്നുന്നതിനാല്‍, നിത്യചൈതന്യയതിയുടെ ദൈവം സത്യമോ മിഥ്യയോ എന്ന ലേഖനത്തിലെ ഏതാനും വാക്യങ്ങള്‍ കൂടി പകര്‍ത്തട്ടെ: ''മനുഷ്യശരീരം 90 ശതമാനം ജലവും ബാക്കി ധാതുക്കളുമാണെന്നു പറയുന്നതുപോലെ, മനസ്സ് 80 ശതമാനം അവബോധവും 19 ശതമാനം സ്മരണകലര്‍ന്ന സങ്കല്പവും ഒരു ശതമാനം യാഥാര്‍ഥ്യബോധവും അതോടൊപ്പം വല്ലപ്പോഴും മിന്നിമറയുന്ന യുക്തിബോധവുമാണ്. നീ ഭര്‍ത്താവ് ഞാന്‍ ഭാര്യ എന്നു പറയുന്നത് ഒരു ഭാവനമാണ്.....എട്ടുകാലി സ്വയം നെയ്തുണ്ടാക്കുന്ന വലയില്‍ വിശ്രമിക്കുകയോ കുടുങ്ങിപ്പോകുകയോ ചെയ്യുന്നതുപോലെ നാം ഭാവനാലോകത്തു നിവസിക്കുകയോ അതിനാല്‍ വഞ്ചിതരായിത്തീരുകയോ ചെയ്യുന്നു.....''

   Delete
 8. പിപ്പിലാഥൻ സാറേ ,താങ്കൾ പറഞ്ഞത് ഒന്നല്ല 100 ശതമാനം ശരിയാണു ..പണ്ട് ഞാൻ പാടിയ ഒരു പാട്ടിന്റെ പല്ലവി പാടാം :> പരിണമിദേഹേ ക്ഷണിക വിലാസേ ധരണിയിൽ മാനുഷ വാസം, മനയ കരങ്ങളിൽ മ്രിദിനി സമം വിധിരചിത വ്യഥാവനവാസം .. ജീവതരുവിൻ പലവം കാണാ മൃതിലയനീ രഥവാസെ..."ഇത്രേ ഉള്ളീമഹാസംഭവം..ചുമ്മാതങ്ങു തോന്നുവാ നമ്മളൊക്കെ ഏതാണ്ട് മുഴുത്തതാണെന്നു ...

  ReplyDelete
 9. ഇന്ദ്രീയാനുഭൂതികളിൽക്കൂടി ഇല്ലാത്തത് പലതും ഉള്ളതായി തോന്നും. പലരും അവിടെയുമിവിടെയുമായി മാതാവ് പ്രത്യക്ഷപ്പെട്ടത് കണ്ടെന്ന് അവകാശപ്പെടുന്നു. മാതാവിന് ഒളിച്ചും പാത്തും പള്ളികളിലും ഗ്രോട്ടൊവുകളിലും പ്രത്യക്ഷപ്പെടാതെ ഏതെങ്കിലും മുക്കവകുടിലിൽ വരരുതോ. നമ്മുടെ അറിവ് പൂജ്യമാകുമ്പോഴാണ് ഒരു ശതമാനക്കാർ പറ്റിപ്പുമായി രംഗത്ത് വരുന്നത്.

  വാസ്തവികത എന്ന് യഥാർഥത്തിൽ ഉണ്ടോ? മരണശേഷം ജീവന്റെ ഏതെങ്കിലും പരമാണുവെങ്കിലും ജീവിക്കുമോ? ജീവിക്കുന്ന നാം എതോ മിഥ്യാലോകത്തിൽ മരണശേഷം ജീവിതമുണ്ടെന്നും വിശ്വസിക്കുന്നു. ജീവിതം തന്നെ വാസ്തവമാണെന്ന് നാം വിചാരിക്കുന്നതല്ലാതെ എന്താണ് തെളിവ്? ഈ ചിന്തകളും ക്ളിപ്തമായിയുള്ളതാണ്. കൃത്യമായിട്ട്
  ഒരു കാലത്തിനപ്പുറത്തേക്കും ആ ചിന്തകളെ വ്യാപരിപ്പിക്കുവാനും സാധിക്കുകയില്ല. നാമെല്ലാം ഈ ലോകത്തിലെ ക്ഷണികങ്ങളായ യാത്രക്കാർ മാത്രം. മനുഷ്യനിനിയും വിധിക്കപ്പെട്ടിരിക്കുന്നത് വേദനകളുടെ നരകമോ സുഖങ്ങളുടെ സ്വർഗമോ? മതം പഠിപ്പിക്കുന്ന ഈ സത്യത്തിൽ എത്ര ശതമാനം ശരിയുണ്ട്? എല്ലാം ആത്മാവെന്ന ചൈതന്യം. ശരിയെന്നും പറയുന്നു. തെറ്റെന്നും പറയുന്നു. ശരിയെങ്കിൽ എത്ര ശതമാനം?

  ഇന്ദ്രിയങ്ങളിൽക്കൂടി മനുഷ്യന് സ്വയംബോധം ഉണ്ടായിരുന്നില്ലായെങ്കിൽ മൃഗങ്ങളും അവനും തമ്മിൽ ഉറ്റതോഴരായി ജനന മരണമറിയാതെ ജീവിക്കാമായിരുന്നു. നെറ്റിപ്പട്ടംകെട്ടിയ അമ്പലത്തിലെ കൊലകൊമ്പൻ ആനയെപ്പോലെ പള്ളികളിലും കപ്പേളകളിലും മറ്റൊരു കൊലകൊമ്പനായ മനുഷ്യൻ പട്ടത്തിൽ തൊപ്പിയും മയിൽപ്പീലിയും ചാർത്തി കൈകകളിൽ അംശവടിയും പിടിച്ച് അനുഗ്രഹിക്കുമ്പോൾ അയാള് ചിന്തിക്കുന്നത് സ്വർഗത്തിന്റെ താക്കോൽ സൂക്ഷിപ്പുകാരൻ താനെന്നാണ്.
  മിഥ്യയാണെങ്കിലും സത്യമെന്ന് അയാൾ പറയും. കേൾക്കുന്നവൻ സത്യമെന്നും കരുതും.

  മനുഷ്യനും ജീവജാലങ്ങളും കോട്യാനുകൊടി ജീവന്റെ പരമാണുക്കളെ വഹിച്ചുകൊണ്ടുനടക്കുന്ന തുഴയുന്ന ഒരു കെട്ടുവള്ളം പോലെയാണ്. ദൈവത്തിനും സൃഷ്ടിക്കുമിടയിൽ ദൃഷ്ടിഗോചരമല്ലാത്ത അനേക പദാർഥങ്ങൾ ഉണ്ട്. അവകളിൽ പല വിഭാഗങ്ങളും ഉപവിഭാഗങ്ങളുമുണ്ട്. നാമെല്ലാം വിഭിന്നങ്ങളായ പദാർഥങ്ങൾകൊണ്ട്(മാംസം, എല്ലുകൾ, ഞരമ്പുകൾ) സൃഷ്ടിക്കപ്പെട്ട ഒരോ റോബോട്ടുകളാണ്. ഇതെല്ലാം സൃഷ്ടിച്ചവനെ ശാസ്ത്രജ്ഞനായ ദൈവമെന്നു വിളിച്ചോളൂ. ഇല്ലെങ്കിൽ ദൈവത്തെ പ്രീതിപ്പെടുത്തുവാൻ നിത്യമെന്ന് പറഞ്ഞുകൊള്ളൂ. അതീന്ദ്രിയങ്ങളിൽ മാത്രം കാണപ്പെടുന്ന ഈ നിത്യതയിലും എത്ര സത്യമുണ്ട്?

  നാം ഓരോരുത്തരും കംമ്പ്യൂട്ടറിലെ ബൈനറിതത്ത്വങ്ങളായ റാമിനു (Ram) തുല്ല്യമാണ്. കമ്പ്യൂട്ടറിനുള്ളിലെ ഡേറ്റാപോലെ മനുഷ്യനുള്ളിലും അറിവിന്റെ ഫയലുകൾ അടുക്കിവെച്ചിട്ടുണ്ട്. കാണപ്പെടാത്ത എതോ ശക്തിവിശേഷങ്ങളായ ചൈതന്യം മനുഷ്യശരീരത്തിൽ ഒളിഞ്ഞിരുപ്പുണ്ട്. കുഞ്ഞായിരിക്കുമ്പോൾമുതൽ ഒർമ്മകളായി തലച്ചോറിൽ കുടിവാസം ഉണ്ട്. തലച്ചോറിൽ ശേഖരിച്ചുവെച്ചിരിക്കുന്ന വിചാരങ്ങൾ മുഴുവനും നമ്മുടെ സ്വന്തമല്ല. ഒന്നിന് പുറകെ ഒന്നായി നമ്മിലുള്ള ചൈതന്യം ചിന്തകളായി രൂപാന്തരം ഭാവിക്കുന്നു.

  നമുക്ക് യുക്തമെന്നു തോന്നുന്ന അറിവ് ആ പാനപാത്രത്തിൽനിന്നും സ്വീകരിക്കുകയോ തിരസ്ക്കരിക്കുകയോ ചെയ്യാം. വൈദ്യുതി നിലച്ചാൽ കമ്പ്യൂട്ടറിനുള്ളിലെ മെമ്മറിയും നിലയ്ക്കും. കംപ്യൂട്ടറുകൾ വൈദ്യുതികൊണ്ട് പ്രവർത്തിക്കുന്നുവെങ്കിൽ മനുഷ്യൻ സ്വാഭാവികമായ പ്രകൃതിയുടെ ശക്തികിരണങ്ങളിൽ പ്രവർത്തിക്കുന്നു. നാം അതിനെ ആത്മാവെന്നു വിളിക്കുന്നു. ആത്മാവെന്നു പറയുന്നതും വൈദ്യുദിപോലെ ശൂന്യമാണ്. നിരത്തി വെച്ചിരിക്കുന്ന മനുഷ്യനിലെ അറിവുകൾ നിന്നുപോയാൽ ഈ ചൈതന്യം നമ്മിൽനിന്ന് വിട്ട് മറ്റൊരിടത്ത് കുടിയേറുമെന്ന് വേദശാസ്ത്രികൾ തർക്കിക്കുന്നു. തെറ്റെന്നു യുക്തിയുള്ളവൻ പറയും. ശരിയോ തെറ്റോ? മരണത്തിനുശേഷം ആരും ആ ചൈതന്യത്തിൽ ജീവിക്കുന്നില്ല. ഈ ആത്മാവെന്ന ചൈതന്യത്തിന് വെറും കളിക്കാനുള്ള കളിപ്പാട്ടമാണ് നമ്മുടെ ശരീരം.

  ജനിച്ചുവീണ കുഞ്ഞിന്റെ മനസ്സിൽ ഉണ്ടായിരുന്നത് ഇന്ന് നമുക്കില്ല. ജീവിതയാത്രയിൽ പലതും മറന്നുപോവും. ഇന്ന് നമ്മുടെയുള്ളിൽ കാണുന്നതും നാളെ ഉണ്ടായിരിക്കുകയില്ല. ബുദ്ധിയിലും പെരുമാറ്റത്തിലും മാറ്റം വരും. അതുകൊണ്ടാണ്, മരണകരമായ അപകടത്തിൽനിന്ന് കഷ്ടി രക്ഷപ്പെടുന്നവർ വീണ്ടും കുഞ്ഞുങ്ങളെപ്പോലെയാവുന്നത്. അറിവ് ഒന്നായിരുന്നത് വീണ്ടും പൂജ്യമാകാം.

  ReplyDelete
 10. ഓരോ ഖണ്ഡികയിലും ആശയങ്ങൾ നിറഞ്ഞിരിക്കുന്ന ജോസെഫിന്റെ ഈ കമെന്റ് പലതവണ വായിച്ചു. "നമ്മുടെ അറിവ് പൂജ്യമാകുമ്പോഴാണ് ഒരു ശതമാനക്കാർ പറ്റിപ്പുമായി രംഗത്ത് വരുന്നത്." ഇതിന് തെളിവായി എന്തുമാത്രം ഉദാഹരണങ്ങളാണ് അനുദിനം നമ്മെ തേടിവരുന്നത്. അമ്പലത്തിൽ പോകാൻ, കല്യാണത്തിനു പോകാൻ, ചന്തയിൽ പോകാൻ ദൂരെയാത്രക്ക് ഒക്കെ വെവ്വേറെ വണ്ടികൾ ഉള്ള, അലക്കിത്തേച്ചു ഗൾഫ് സെന്റും പൂശി നടക്കുന്ന ഒരു 'സാറി'നെ അറിയാം. രാത്രിയിൽ അങ്ങേർക്ക് ഉറക്കം കുറവാണ്. അയല്ക്കാരന്റെ അതിരിലെ സർവെക്കല്ലു മാന്തിയെടുത്ത് രണ്ടടി അപ്പുറത്തേയ്ക്ക് കുഴിച്ചിടുകയാണ് ജോലി. "നാമെല്ലാം ഈ ലോകത്തിലെ ക്ഷണികങ്ങളായ യാത്രക്കാർ മാത്രം." എന്ന് ജോസഫ് മാത്യു അയാളോട് പറഞ്ഞാൽ തിരിയുമോ. ഈ പറഞ്ഞ യോഗ്യന്റെ അധികം മാറിയല്ലാതെ മറ്റൊരു സാറ്, അസ്സൽ സ്കൂൾ സാറ്, കുറെക്കാലം മുമ്പ് അയൽക്കാരൻ കൂലിപ്പണിക്കാരന്റെ ഇമ്മിണി സ്ഥലം കെട്ടിയെടുത്താണ് സ്വന്തം വീട്ടിലേയ്ക്ക് വണ്ടി കേറ്റാൻ വഴിയുണ്ടാക്കിയത്. "എടാ ചെറ്റേ, ഇന്ന് രാത്രിക്ക് ഞാൻ നിന്റെ ആത്മാവിനെ തിരിച്ചെടുത്താൽ നിന്റെ പുത്തൻ വഴികൊണ്ട് നിനക്കെന്തു ഗുണം?" എന്ന് ദൈവം ചോദിക്കുന്നത് അയാള് കേട്ടില്ല. ഒരു വണ്ടി പോലും പുത്തൻ വഴിയേ ഉരുട്ടുന്നതിനു മുമ്പ് അയാളെ വിളിച്ചു. പോകാതിരിക്കാൻ പറ്റുമോ? ജോസഫ് എഴുതിയതുപോലെ "അതുകൊണ്ടാണ്, മരണകരമായ അപകടത്തിൽനിന്ന് കഷ്ടി രക്ഷപ്പെടുന്നവർ വീണ്ടും കുഞ്ഞുങ്ങളെപ്പോലെയാവുന്നത്. ഉണ്ടായിരുന്നത് എല്ലാം വീണ്ടും പൂജ്യമാകാം" എന്ന് ഇവന്മാരെ ഓർമ്മിപ്പിക്കാനുള്ള ദുർഗതി എനിക്കുണ്ടായി. ഒന്നും മനസ്സിലാക്കാനുള്ള സുബുദ്ധി അവർക്ക് ഇല്ലാതെപോയി എന്നത് 100% സത്യമായിത്തീർന്നു.

  ReplyDelete
 11. അല്മായാ ശബ്ദം തുടക്കം മുതല്‍ വായിക്കുന്ന ഒരാളാണ് ഞാനെങ്കിലും കുറേക്കഴിഞ്ഞാണ് എന്തെങ്കിലും ഒക്കെ എഴുതാന്‍ തുടങ്ങിയത്. ആദ്യമൊക്കെ വായില്‍ തോന്നിയത് കോതക്ക് പാട്ട് എന്ന രീതിയിലായിരുന്നു. അപ്പൊ എനിക്കും തോന്നി കൂടെ കൂടാം. അങ്ങിനെയാണ് കാലുതെറ്റി ഈ കുഴിയില്‍ വിണത്. പതിയെ പതിയെ ഓരോരുത്തരും എഴുത്തിന്‍റെ ഗ്രെയിഡു കൂട്ടാന്‍ തുടങ്ങി.

  കൃത്യമായും അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍ മാത്രം സംഗഹിച്ചു ജൊസഫ് മാത്യു സാറും, സക്കറിയാസ് സാറും, കൂടലുമൊക്കെ എഴുതാന്‍ തുടങ്ങിയപ്പോള്‍ തരിച്ചിരുന്നു പൊയി. ഭാഷാ സാഹിത്യത്തിനു പോലും മുതല്‍ക്കൂട്ടാവുന്ന രചനകള്‍ ഒന്നൊന്നായി ഒഴുകിയപ്പോള്‍ വായനക്കാരുടെ എണ്ണവും വണ്ണവും കൂടി.

  ഇനി മുങ്ങുകയല്ലാതെ രക്ഷയില്ല. തോണ്ടാനിപ്പോള്‍ ധൈര്യമായി ആരും ഈ വഴി വരില്ല. ജ്ഞാന വാദികള്‍ ഇത്രയും കാലം ഒളിച്ചും പാത്തും നടന്നെങ്കില്‍ ഇപ്പോള്‍ ഇതാ നാല്‍ക്കവലയുടെ നടുക്ക് നില്‍ക്കുന്നു. ഈ അല്മായാ ശബ്ദം ഇവിടെ പലതും പൊളിച്ചടുക്കും ...ഉറപ്പ്.

  ഫ്രാന്‍സിസ് മാര്‍പ്പാപ്പയുടെ പെരുമാറ്റം വെറും ഷോക്ക് ആയിരിക്കുമെന്ന് കരുതിയ ലോകത്തിനു തെറ്റി. അമ്പാടെ തെറ്റി. ഇപ്പോള്‍ കര്‍ദ്ടിനാളന്മാര്‍ അങ്കലാപ്പിലാണ്. അവര്‍ ഓര്‍ത്തത് പത്തു ദിവസം കഴിയുമ്പോള്‍ ഇതൊക്കെ നില്‍ക്കുമെന്നാണ്.

  അക്രൈസ്തവരായ ആളുകള്‍ കാണാന്‍ വന്നപ്പോള്‍ പിതാവിന്‍റെയും പുത്രന്‍റെയും മാറ്റി 'ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ' യെന്നു പറഞ്ഞു, സര്‍വ്വ ജനത്തെയും ഉള്‍ക്കൊള്ളാന്‍ തനിക്കു കഴിയുമെന്ന് കാണിച്ച മാര്‍പ്പാപ്പാ ഈ സഭ പോളിച്ചടുക്കുക തന്നെ ചെയ്യും. സ്വര്‍ഗ്ഗസ്ഥനായ ഞങ്ങളുടെ (സീറോ മലബാര്‍ സഭയുടെ) പിതാവേയെന്നു കൂവിക്കൊണ്ടിരിക്കുന്നവരുടെ നാവുകള്‍ ഇറങ്ങി പോവുക തന്നെ ചെയ്യും. പരി.ആത്മാവ് ഇല്ലെന്നായിരുന്നു ഞാന്‍ ഓര്‍ത്തുകൊണ്ടിരുന്നത്.

  ReplyDelete
 12. മനുഷ്യന് പരിശുദ്ധാരൂപി പോയിട്ട് ഒരരൂപിയിയും (ആത്മാവ്) ഇല്ലെന്നു തോന്നിക്കുന്ന അവസരങ്ങൾ എവിടെയും കാണാം. ഉണ്ടെന്നു വിശ്വസിപ്പിക്കുന്ന ആളുകളെയും നാം കണ്ടുമുട്ടുന്നു. ഭാഷ അത്ര വശമില്ലാതിരുന്ന കാലത്ത് എഴുതപ്പെട്ട മതഗ്രന്ഥങ്ങളിൽ മനുഷ്യനിലെ ആത്മവശത്തെപ്പറ്റി കുറിക്കാൻ ബുദ്ധിമുട്ടായിരുന്നു. ഉദാ. ബൈബിളിൽ ഉല്പത്തി, അദ്ധ്യായം ആറ് നോക്കുക. മനുഷ്യപുത്രിമാരുടെ അഴക്‌ കണ്ട് ദൈവപുത്രന്മാർ അവരെ ഭാര്യമാരാക്കി എന്നൊരു വാക്യമുണ്ട്. അവര്ക്കുണ്ടായ മക്കളെ അതികായന്മാർ എന്നാണ് പറഞ്ഞിരിക്കുന്നത്. എനിക്ക് തോന്നുന്നത് ആദ്ധ്യാത്മിക ഗുണങ്ങൾ അധികമായി പ്രദർശിപ്പിച്ചവരെയാണ് ഇവിടെ സുന്ദരികളായും ദൈവപുത്രന്മാരായും വിശേഷിപ്പിച്ചിരിക്കുന്നത്. ഋഗ്വേദത്തിൽ എന്നപോലെ പ്രാചീനകൃതികളിലെല്ലാം ദേവന്മാർ, അസുരന്മാർ എന്നിവരെയും മനുഷ്യരുമായി ഇടപെടുന്നവരായി പറഞ്ഞിരിക്കുന്നു. വ്യത്യസ്തമായ മൂന്നു വർഗ്ഗങ്ങളിൽ പെട്ടവരായി ഇവരെ കാണുമ്പോൾ നമുക്കൊന്നും മനസ്സിലാവില്ല. മനുഷ്യനിലെ മാനുഷികത വികസിച്ച് അല്ലെങ്കിൽ അധ:പതിച്ച്, അവൻ തന്നെയാണ് ദേവനും അസുരനും ആയിത്തീരുന്നത് എന്നാണു മനസ്സിലാക്കേണ്ടത്. ദേവത്വം എന്നത് ഉത്കൃഷ്ടവും, ഉത്കൃഷ്ടതരവും, ഉത്കൃഷ്ടതമവുമായി ഉയരുന്നതുപോലെ അധ:പതനവും താഴേയ്ക്ക് ഇറങ്ങിപ്പോകാം. ആസുരത്വത്തിനും അതിരില്ല. അതിനുള്ള ഒന്നുരണ്ട് ഉദാഹരണങ്ങളാണ് മുമ്പത്തെ കമെന്റിൽ ഞാൻ കൊണ്ടുവന്നത്. മറ്റേ വശത്ത്‌ മനുഷ്യന് എന്തുമാത്രം ഉയരാം എന്നതിനും അതിരില്ല. അതിനുള്ള മാതൃകകൾ സഭയിൽ കൂടുതലായി കാണുമ്പോഴാണ് രോഷനെപ്പോളുള്ളവർ അന്തം വിട്ടു നിൽക്കുന്നത്. ഫ്രാൻസിസ് പാപ്പാ പ. അരൂപിയുടെ സാന്നിദ്ധ്യത്തെ കൂടുതലായി സ്ഥിരീകരിക്കുന്ന ഒരു മാനുഷിക നിമിത്തമായിത്തീരട്ടെ.

  ReplyDelete
  Replies
  1. മറ്റു ഡയമെന്ഷനുകളിൽ ഉള്ളവയാണ് ദേവന്മാരും അസുരന്മാരും അവ മനുഷ്യജീവിതത്തെ സ്വാധീ നിക്ക്കുന്നുമുണ്ട് ,Please read about alien hybrids.

   Delete
 13. റോഷനെപ്പോലെ കൂടുതൽ ആണുങ്ങളും പെണ്ണുങ്ങളും കാലു തെറ്റി അല്മായശബ്ദം എന്ന "കുഴിയിൽ" വീണിരുന്നെങ്കിൽ എന്നാശിച്ചു പോകുന്നു. ഈ ഗെൽത്രൂദും മരിയാ തോമസും ഇന്ദുലേഖയുമൊക്കെ എവിടെപ്പോയി? അല്മായശബ്ദത്തിലെ വീരയോദ്ധാക്കൾ അവരുടെ ദേവിമാരെ അല്പം വിശ്രമവേളയനുവദിച്ച്, ഇടക്കല്പം തൂലിക പിടിക്കാനും ഇടയാക്കുമോ?

  ReplyDelete
 14. Some of the readers seem to wonder if I'm writing about them. I would like to assure them that I am.

  ReplyDelete
 15. This comment has been removed by the author.

  ReplyDelete
 16. "ഒരു ശതമാനം സത്യം" എന്ന് പറഞ്ഞു തുടങ്ങിയിട്ട് ,ഇപ്പോൾ നൂറു ശതമാനം സത്യമാണ് ജോസെഫ്സാരും, സക്കരിയാച്ചായനും വിളമ്പുന്നത്തു ....ഉഗ്രൻ...രുചിനോക്കിൻ മാളോരെ ...സ്നേഹിതരോടും പറയൂ അല്മായശബ്ദത്തിലെ ഈ "അറിവിന്റെ പെരുന്നാൾ സദ്യ ഉണ്ണാൻ വേഗം വരുവീനെന്നു" ..അനുഭവദോഷം ഉള്ളോർ വരില്ല തീർച്ച.,,കാരണം കർമ്മഫലം... .സത്വ /രെജോ/തമോ, ഈ മൂന്നു ഗുണങ്ങൾ ആകുന്ന വാസനകളാണ് പാവം ജീവിയുടെ ഓരോ കർമ്മത്തിനും കാരണം..തമോഗുണക്കരെ പാതിരിമാരെന്നും ,രെജോഗുണക്കാരെ പാള്ളിയിൽപോകുന്ന വെറും ആടുകളായും ,സത്വഗുണമുള്ളവരെ മശിഹായുടെ മത്തായി 6/5 മനസിലാക്കി പ്രാർഥിക്കാൻ പള്ളിയിൽ പോകാത്തവരും എന്ന് കരുതാം .. ഇനിയങ്ങോട്ട് ഓരോരുത്തരുടെ കർമ്മം കണ്ടു ഇവൻ ഏതെനമാണു എന്ന് തരം തിരിക്കാം ..ആരോടും വെറുപ്പോ,പിണക്കമോ അരുതുതാനും..വെണെലൊന്നു സഹതപിച്ചോളിൻ ..വേദവ്യാസനെ ഒന്ന് പരിച്ചയപെട്ടാലിവ വിശദമായി പറഞ്ഞുതരും ..എങ്കിലെ പാതിരിയുടെ പറ്റിക്കൽ മനസിലാകൂ.. .

  ReplyDelete