Translate

Thursday, April 18, 2013

ഇടവകവികാരം


ജനസംഖ്യയില്‍ 50 ശതമാനം വൃദ്ധന്‍മാരും 40 ശതമാനം പ്രവാസികളും ബാക്കി വരുന്ന 10 ശതമാനം അണ്ടനും അടകോടന്‍മാരുമായുള്ള പുത്തന്‍പള്ളി ഇടവകയിലെ കഴിഞ്ഞ 10 വര്‍ഷത്തെ വികസനപ്രവൃത്തികള്‍ ഒറ്റനോട്ടത്തില്‍. ഈ ഇടവകയിലെ വിശ്വാസികളുടെ വികാരങ്ങളും ഇടവകവികാരിയുടെ വികസന അജന്‍ഡകളും തമ്മില്‍ ആര്‍ക്കെങ്കിലും എന്തെങ്കിലും താദാത്മ്യം തോന്നിയാല്‍ അത് തികച്ചും യാദൃച്ഛികം മാത്രമായിരിക്കും.
ഫാ. കുര്യന്‍ കോണ്‍ട്രാക്ടറാങ്കല്‍ (2002-2005)
പള്ളിയുടെ മുറ്റത്ത് തെക്കുഭാഗത്ത് കൂറ്റന്‍ കൊടിമരം- 5 ലക്ഷം രൂപ.
പള്ളിയുടെ മുറ്റം വരെ വാഹനം കയറ്റുന്നതിനു വേണ്ടി 50 വര്‍ഷം മുമ്പ്് പണിത നട പൊളിച്ച് റോഡ് പണിത് ഭിത്തി കെട്ടി ടാര്‍ ചെയ്ത്, മുറ്റം കെട്ടിയ വകയില്‍ 10 ലക്ഷം രൂപ.
സെമിത്തേരിയുടെ വടക്കു ഭാഗത്തുള്ള ഗേറ്റ് അടച്ച് തെക്കുഭാഗത്ത് പുതിയ ഗേറ്റു പണിയാന്‍ 2 ലക്ഷം രൂപ.
പള്ളി നവീകരണം, സൗന്ദര്യവല്‍ക്കരണം- 5 ലക്ഷം രൂപ.
ഫാ.ജോസഫ് തിരുത്തിമറ്റത്തില്‍ (2005-2008)
തെക്കുഭാഗത്തുള്ള കൊടിമരം നീക്കം ചെയ്ത് വടക്കുഭാഗത്ത് പുതുപുത്തന്‍ സ്വര്‍ണകൊടിമരവും കുരിശും- 7 ലക്ഷം രൂപ.
പരിശുദ്ധമായ പള്ളിമുറ്റം വാഹനങ്ങള്‍ കയറി നാശമാക്കാതിരിക്കുന്നതിനായി റോഡ് അടച്ച് ചുറ്റും നടകെട്ടുന്നതിനും അവശേഷിക്കുന്ന ഭാഗത്ത് പുല്ലു വച്ചുപിടിപ്പിക്കുന്നതിനും ചെലവായത് 15 ലക്ഷം രൂപ.
സെമിത്തേരിയുടെ തെക്കുഭാഗത്തുള്ള ഗേറ്റ് അടച്ച് പടിഞ്ഞാറുഭാഗത്ത് വലിയ ഗേറ്റും ലൈറ്റും – 5 ലക്ഷം രൂപ.
സൗന്ദര്യബോധമില്ലാത്ത പഴയ അച്ചന്റെ സൗന്ദര്യവല്‍ക്കരണ അഭാസങ്ങള്‍ പൊളിച്ചു നീക്കി തന്റെ സൗന്ദര്യബോധത്തിനനുസൃതമായുള്ള പുത്തന്‍ സൗന്ദര്യവല്‍ക്കരണപരിപാടികള്‍ക്ക് 10 ലക്ഷം രൂപ.
ഫാ.സെബാസ്റ്റ്യന്‍ പൊളിച്ചടുക്കിങ്കല്‍ (2008-2010)
പള്ളിമുറ്റത്തുള്ള കൊടിമരം നീക്കം ചെയ്ത് അവിടെ പിയെത്ത ശില്‍പവും ഇറ്റാലിയന്‍ ശൈലിയിലുള്ള ഗ്രോട്ടോയും നിര്‍മിക്കാന്‍ ചെലവായത് 25 ലക്ഷം രൂപ.
പള്ളിമുറ്റത്ത് അച്ചന്റെ കാറും ബൈക്കും അച്ചനെ കാണാന്‍ വരുന്ന വിഐപികളുടെ വാഹനങ്ങളും കയറ്റുന്നതിനു വേണ്ടി നടപൊളിച്ച് വിശാലമായ റോഡ് കെട്ടി ടൈല്‍ പതിക്കുന്നതിനും ഇരുവശങ്ങളിലും സോളാര്‍ ലൈറ്റുകള്‍ സ്ഥാപിക്കുന്നതിനും 15 ലക്ഷം രൂപ.
സെമിത്തേരിയില്‍ വിഐപി കല്ലറകള്‍ പണിയുന്നതിനും സെമിത്തേരിയുടെ ഗേറ്റും മതിലും പൂര്‍ണമായി പൊളിച്ചു നീക്കി അവിടമൊരു പൂന്തോട്ടം പോലെ നവീകരിക്കുന്നതിനും ചെലവായത് 25 ലക്ഷം രൂപ.
പള്ളിയുടെ പെയിന്റ് പൂര്‍ണമായും നീക്കി ക്രിസ്തുവിന്റെ പീഡാനുഭവം ചുവര്‍ചിത്രമായി ആലേഖനം ചെയ്യുന്നതിനും അള്‍ത്താരയില്‍ എഫക്ടിനു വേണ്ടി വിവിധതരം ലൈറ്റുകളും സൗണ്ട് സിസ്റ്റവും സ്ഥാപിക്കാന്‍ ചെലവായത് 20 ലക്ഷം രൂപ.
ഫാ. മാത്യു ലളിതനാനിക്കല്‍ (2010-2013)
പള്ളിമുറ്റം വിശ്വാസികളുടെ മനസ്സിനു ശാന്തിയും സമാധാനവും നല്‍കേണ്ട സ്ഥലമാണെന്നു തിരിച്ചറിഞ്ഞ് അവിടെയുള്ള ശില്‍പവും ഗ്രോട്ടോയും കുണ്ടാമണ്ടികളും നീക്കം ചെയ്ത് ഒലിവ് മരവും കൃത്രിമ വെള്ളച്ചാട്ടവും സ്ഥാപിച്ച് വിശ്വാസത്തിന്റെ ലാളിത്യം പ്രകടമാക്കാന്‍ ചെലവായത് 30 ലക്ഷം രൂപ.
പള്ളിമുറ്റം വരെ വാഹനങ്ങള്‍ കയറുന്നത് ഒഴിവാക്കി, മുറ്റത്തിന്റെ അഞ്ചടി താഴെ വാഹനങ്ങള്‍  നിര്‍ത്തി വിശ്വാസികളെ ഇറക്കി പോകുന്നതിനു വേണ്ടി പ്രത്യേകം റോഡ് കെട്ടിയുയര്‍ത്തി ടാര്‍ ചെയ്യുന്നതിനും താഴെ പാര്‍ക്കിങ് സൗകര്യം ഏര്‍പ്പെടുത്തുന്നതിനും ചെലവായത് 40 ലക്ഷം രൂപ.
പള്ളിയുടെ അടുത്തു തന്നെ സെമിത്തേരി നിലനിര്‍ത്തുന്നത് പഴയ സമ്പ്രദായമായതിനാലും സെമിത്തേരി പലരും ആര്‍ഭാടം പ്രകടിപ്പിക്കുന്നതിനു വേണ്ടി ഉപയോഗിക്കുന്നതിനാലും നിലവിലുള്ള സെമിത്തേരി മതില്‍കെട്ടി അടച്ച് ഒരു കിലോമീറ്റര്‍ മാറി സെമിത്തേരിക്കു വേണ്ടി സ്ഥലം വാങ്ങാനും അവിടെ സെമിത്തേരി പണി തുടങ്ങാനും അതുമായി ബന്ധപ്പെട്ട് നാട്ടുകാര്‍ക്കെതിരെ കേസ് നടത്താനും ചെലവായത് 8 കോടി രൂപ.
സൗന്ദര്യം എന്നത് ലാളിത്യത്തിലാണെന്ന പ്രപഞ്ചസത്യം വിശ്വാസികളെ ബോധിപ്പിക്കുന്നതിനു വേണ്ടി ചുവര്‍ചിത്രങ്ങളും ലൈറ്റുകളും സൗണ്ട് സിസ്റ്റവും മറ്റും പൊളിച്ചു നീക്കി നാടന്‍ കുമ്മായം പൂശാനും പള്ളിയുടെ മാര്‍ബിള്‍ തറ പൊളിച്ച് റെഡ് ഓക്‌സൈഡ് ഇടാനും ചെലവായത് 10 ലക്ഷം രൂപ.
പ്രത്യേക അറിയിപ്പ്: വിശ്വാസികള്‍ പള്ളിയില്‍ നിന്നകലുന്നതിനു പ്രതിവിധി പള്ളി വിശ്വാസികള്‍ക്ക് ആകര്‍ഷകമായ ഒരു സ്ഥലമാക്കി മാറ്റുന്നതാണെന്നും പള്ളിയില്‍ പ്രാര്‍ഥനയ്ക്കു പുറമേ വിനോദോപാധികളും പാര്‍ക്ക് തുടങ്ങിയ സംഗതികളൊരുക്കി കുട്ടികളെ അകര്‍ഷിക്കണമെന്നും വിശ്വസിക്കുന്ന പുതിയ അച്ചന്‍ ഇടവകയിലേക്കു സ്ഥലം മാറി വന്നിരിക്കുകയാണ്. അച്ചന്റെ പള്ളിനവീകരണ ഫണ്ടിലേക്ക് പണം സ്വരൂപിക്കുന്നതിനായി ഇടവകയില്‍ നിന്നു വിദേശത്തുള്ളവരില്‍ നിന്നും സംഭാവന സ്വീകരിക്കാന്‍ അച്ചന്‍ അമേരിക്ക, യൂറോപ്, ക്യാനഡ, യുകെ തുടങ്ങിയ മേഖലകളിലേക്കുള്ള യാത്ര നാളെ ആരംഭിക്കുകയാണ്. അച്ചന്‍ മടങ്ങിവരുന്നതുവരെയുള്ള മൂന്നു മാസം ഇടവകയിലെ നവീകരണപ്രവര്‍ത്തനങ്ങള്‍ക്കു ചുക്കാന്‍ പിടിക്കുന്നത് അസിസ്റ്റന്റ് വികാരിയായ ഞാനായിരിക്കും.

4 comments:

  1. This comment has been removed by the author.

    ReplyDelete
  2. എന്റെ സാക് മാപ്പിളെ,സമ്മതിച്ചിരിക്കുന്നു ..റോഷന്റെ വിവരണങ്ങൾ ഹ്യൂമരിൽ മുക്കിയതായതിനാൽ ചിരിക്കാതെ തരമില്ല്....പക്ഷെ അച്ചായന്റെ കത്തനാരുടെ "പേരുകൾ" വായിച്ചാലെ ചിരിവരും..വിവരണമോ, പൊട്ടന്മാർക്കും മനക്കണ്ണു തുറപ്പിക്കും..... വികാരിമാരുടെ വികാരച്ചന്തയിൽ ഒരുവിലയുമില്ലാത്ത ചരക്കാണ് ആടുകളുടെ മനസും ബുദ്ധിയും . .മാന്യവായനക്കാർ ഇത് മറ്റുള്ളവർക്ക് പകർന്നൊരു പുണ്യം ചെയ്യണേ ..ദൈവത്തിനെന്നും പറഞ്ഞീപാതിരിപ്പട എത്രയെത്ര കോടികൾ ധൂർത്തടിക്കുന്നു ,പാഴാകുന്നു , പാവം ആടുകൾ വിയർത്തുണ്ടാക്കുന്ന പണം ..കരുണയില്ലാത്ത ഇടയന്മാർ .. ഇതുവായിച്ചിട്ട് നാലച്ചായന്മാർക്ക് നല്ലബുദ്ധി വന്നാൽ മതിയായിരുന്നു..വരില്ല,നന്നാവില്ല,,കാരണം മുജന്മ സുകൃതം..ഈ കഥ ഒരു പള്ളീയുടെതു മാത്രമല്ല,എവിടെ പുങ്കന്മാര് പണക്കരുണ്ടോ അവരെയെല്ലാം കത്തനാരു കൃഷി ചെയ്യും..ഈ പരിശീലനമാണു സെമിനാരിയിൽ ഒന്നാമതായി ളൊഹക്കുമുൻപു കൊടുക്കുന്നതും ..നല്ല ക്ലാസിക് ഉദാഹരണങ്ങൾ ഈ പട്ടിക്കാട് കൂടലിൽ വാ കാണിച്ചുതരാം

    ReplyDelete
    Replies
    1. Any similarity here with my ideas is a mere coincidence. The link to the original author is given at the bottom of the article.

      Delete
  3. ഇതിലും നല്ല ഒരു തമാശ ഈയിടെ തൊടുപുഴയിൽ നടന്നു.മരാമത്തച്ച്ന്മാരുടെ കാര്യം കേട്ടു മടുത്തവർക്ക് ഇതൊരു ആശ്വാസമായിരിക്കും .തൊടുപുഴയിലെ ഒരു വലിയ പള്ളി പ്രസിദ്ധീകരിക്കുന്ന സോവിനീറും അതിലെ ഒരു പരസ്യവും ആണ് വിഷയം. സോവിനീറിന്റെ
    പ്രൂഫ്‌ വികാരിയച്ചൻ പരിശോധിച്ചു.അതിൽ ഒരു സ്വർണക്കടക്കാരൻ നല്കിയ പരസ്യത്തിൽ അച്ഛന്റെ കണ്ണുകളുടക്കി.ഇതേതു നടി ?അച്ഛൻ പരസ്യം തയാറാക്കിയ ആർറ്റിസ്റ്റിനെ വിളിപ്പിച്ചു.
    "ഇങ്ങിനെ മൂടിപുതച്ചിരിക്കുന്ന നടിയുടെ പടമേ തനിക്കു കിട്ടിയുള്ളോ ?ഇതൊക്കെ ആര് നോക്കും .ഞാൻ ഒരു പടം തരാം, അതിട്ടാൽ മതി."
    ബാക്കി ചരിത്രം ...പരസ്യം സൂപ്പെർ ഹിറ്റ്‌... ആ ഐറ്റം ഡാൻസ് നടിയുടെ ഈ പോസിലുള്ള ചിത്രം അച്ഛൻ എങ്ങിനെ കണ്ടെത്തി എന്നെത് ഇന്നും രഹസ്യം .ആ ആര്ട്ടിസ്റ്റ് ഇത്തരം "മികച്ച" ചിത്രങ്ങൾക്കായി ഇടയ്ക്കിടെ പള്ളിമേടയിൽ പോകുന്നു എന്ന് ജനം പറയുന്നു.

    ReplyDelete