Translate

Friday, April 12, 2013

ഫ്രാൻസീസ് മാർപാപ്പാ പത്രോസിന്റെ പള്ളി പുതുക്കിപണിയുമോ?

ഡോ. ജെയിംസ് കോട്ടൂർ എഴുതിയ ഹ്രദയസ്പ്രുക്കായ  Second Francis to Rebuild Church? എന്ന  ഇംഗ്ലീഷ്  ലേഖനത്തിന്റെ   മൂല്ല്യംകുറച്ച്  തങ്കത്തിൽ ചെമ്പുകലർത്തി  മലയാളത്തിൽ പോസ്റ്റ് ചെയ്യുന്നു. (തർജിമ: ജോസഫ് പടന്നമാക്കൽ)


കാലഹരണപ്പെട്ട നമ്മുടെ സഭയെ പടുത്തുയർത്തേണ്ടത് യേശുവിന്റെ പ്രവർത്തനങ്ങളെയും വചനങ്ങളെയും ചിന്തകളെയും ആധാരമാക്കിയായിരിക്കണം.  ജനഹൃദയങ്ങളിൽ വചനങ്ങൾ പ്രചരിപ്പിക്കുന്നതിനൊപ്പം   സുവിശേഷ ജോലിയുടെ മൗലികചിന്തകളും ഈ തത്ത്വചിന്തകളിൽ  അടങ്ങിയിരിക്കുന്നു. അസ്സീസിയിലെ ഫ്രാൻസീസ് രക്ഷകനായ രണ്ടാം ക്രിസ്തുവായിരുന്നു. ഒന്നാമൻ യേശു യാഗമായ ത്യാഗത്തിനൊപ്പം  ഉണ്ടായിരുന്നു.  രക്ഷകനായ മൂന്നാം ക്രിസ്തുവിന്റെ ചൈതന്യം ഉൾകൊള്ളുന്ന ഫ്രാൻസീസ് മാർപാപ്പായാണ് ഇനിമേൽ നിങ്ങളുടെയും ലോകത്തിന്റെയും എന്റെയും ഇടയൻ.

ശുഭപ്രതീക്ഷകളാണ് മനുഷ്യനെ നന്മയിലേക്ക് നയിക്കുന്നത്. നൈരാശ്യത്തിലൂടെയുള്ള യാത്ര  വഴിതെറ്റിക്കും. അമിത പ്രതീക്ഷകളും ആശങ്കകളും ക്രിയാത്മകമല്ല. എങ്കിൽ ഏതാണ് നമുക്ക് വേണ്ടത്? പ്രതീക്ഷകളും ആശങ്കകളും ഒത്തുചേർന്ന യുക്തി കാലത്തിനാവശ്യമെന്ന് എന്റെ മനസ് പറയുന്നു. ദുഃഖത്തിലും സന്തോഷത്തിലും, നൈരാശ്യത്തിലും പ്രതീക്ഷയിലും പകലിന്റെ വെളിച്ചത്തിലും  രാത്രിയുടെ അന്ധകാരത്തിലും,   രാപകൽ വ്യത്യാസമില്ലാതെ   കാഠിന്യമേറിയ  യാഥാർത്ഥ്യങ്ങളുമായി  ദിനരാത്രങ്ങൾ കടന്നുപോവുന്നു. അതുകൊണ്ട് ജീവിതവിജയങ്ങളുടെ മുന്നേറ്റത്തിൽ ഒരുവന്   അമിതാവേശം പാടില്ല . പരാജയം ജീവിതവിജയമാണ്.  വിഷാദാത്മകത്വത്തിലൂടെയല്ല  ജീവിതം.  പ്രതീക്ഷകളാണ് മനുഷ്യനെ  നയിക്കുന്നത്. സുദീർഘമായ  ജീവിതയാത്രയിലെ അവസാന ശ്വാസംവരെ നയിക്കുന്നതും പ്രതീക്ഷകൾ തന്നെ.

കുത്തഴിഞ്ഞ ഇന്നത്തെ സഭയെ നയിക്കുവാൻ ഉദയം ചെയ്ത യേശുവിന്റെ ചൈതന്യമുള്ള ഒരു നേതൃത്വത്തെ  ഫ്രാൻസീസ് മാർപാപ്പായുടെ  തെരഞ്ഞെടുപ്പിലൂടെ ലോകം ഇന്ന് ഉറ്റുനോക്കികൊണ്ടിരിക്കുന്നു.   സന്മാർഗികതയുടെ ഉയർപ്പായി ഈ  തെരഞ്ഞെടുപ്പിനെ ആഗോളതലത്തിലെ ജനം വിലയിരുത്തുന്നു. പുലർകാലത്തിലെ  ഉഷസിൽ അപൂർണ്ണതകളും വരാം. ശരിതന്നെ. എങ്കിലും  തുടക്കം പകുതിയായി. കഴിഞ്ഞകാല യോഗ്യതകൾ കണക്കിൽപ്പെടുത്തിയാൽ മഹാനായ ഈ മാർപാപ്പാ   ഉദിച്ചുയരുന്ന സൂര്യകിരണംപോലെയാണ്.   ലോകത്തിന്റെ നാലു ദിക്കുകളിലും അന്ധകാരത്തെ തുളച്ച് വെളിച്ചത്തിന്റെ തരംഗങ്ങൾ ഈ അനുഗ്രഹീത ദിവ്യൻ  പരിശുദ്ധാത്മാവിനാൽ  പ്രകാശിപ്പിക്കുമെന്നും ചിന്തിക്കാം. തീയിൽ കുരുത്തത് വെയിലത്ത് വാടുകയില്ലായെന്ന പഴമൊഴിപോലെ ഒജസുള്ള മാർപാപ്പാ  ധർമ്മത്തിന്റെയും സ്നേഹത്തിന്റെയും വാടാത്ത  ചന്ദ്രോദയം തന്നെയായിരിക്കും.


പോപ്പ് ഫ്രാൻസീസ് തൻറെ രാജ്യമായ അർജന്റീനായിൽ സാമൂഹ്യ രാഷ്ട്രീയ പീഡനങ്ങൾ സഹിച്ചുകൊണ്ടായിരുന്നു സ്വന്തം ആശയങ്ങൾക്ക് കരുത്തേൽകി സഭയുടെ കാവൽക്കാരനായി സേവനം ചെയ്തിരുന്നത്. രാഷ്ട്രീയ തേരോട്ടങ്ങളിലും പാരമ്പര്യ ദൈവശാസ്ത്രത്തിലും  ഒരു തുറന്ന  യുദ്ധംതന്നെ  ഫ്രാൻസീസ് നടത്തികൊണ്ടിരുന്നു. അങ്ങനെ അഗ്നിപരീക്ഷകളെ തരണം ചെയ്താണ് ഇന്ന് അദ്ദേഹം പത്രോസിന്റെ സിംഹാസനത്തിൽ ഇരിക്കുന്നത്. ഇടതോ വലതോ ആയ ശത്രുവ്യൂഹങ്ങളുടെ കൂരമ്പുകൾ ജനകോടികളുടെ ഈ നേതാവിന്റെ  വ്യക്തിത്വത്തെ കുരുതി കഴിക്കുവാൻ സാധിച്ചില്ല. വിശക്കുന്നവർക്കും ദാരിദ്ര്യം അനുഭവിക്കുന്നവർക്കും, അധകൃതർക്കും ദുഖിക്കുന്നവർക്കും നീതി നിഷേധിക്കപ്പെടുന്നവർക്കും , അനാഥർക്കും  മാർപാപ്പാ എന്നും ഒരു ആശ്വാസമായിരുന്നു.


നോക്കൂ,   ഇടുങ്ങിയ ദേശീയ മതമൗലിക ചിന്താഗതിയിൽ അധിഷ്ടിതമായ ഒരു ലോകത്തിൽനിന്ന് കഴിഞ്ഞകാല ജീവിതത്തിൽ വിജയപതാകകൾ മാത്രം പറപ്പിച്ച് വ്യക്തിമുദ്ര നേടിയ  ഫ്രാൻസീസ് മാർപാപ്പാ  ആഗോള തലത്തിലേക്കുള്ള ഈ കുതിച്ചുചാട്ടത്തിൽ  തന്റെ മികച്ച കഴിവിനെ   നിലനിർത്തുമോ ?  എന്നെന്നുമുണ്ടായിരുന്നതുപൊലെ മാറ്റമില്ലാതെ തിളങ്ങുന്ന നക്ഷത്രമായി വിജയത്തിന്റെ  ശ്രീകോവിലിൽ വസിക്കുമോ? ഇന്നും  വിവാദമാണ്. വാസ്തവികതയിൽ നാളെ എന്തെന്ന് പ്രവചിക്കുവാൻ സാധിക്കുകയില്ല. തീർപ്പ്  കല്പ്പിക്കുവാൻ അസാധ്യമാണ്. നമ്മെപ്പോലെ അനേകർ പുതിയ മാർപാപ്പായിൽ പ്രതീക്ഷകൾ അർപ്പിക്കുന്നുണ്ട്. എന്തുകൊണ്ട്? കാരണം, അധികാരം സഭയെ കാർന്നുതിന്നു. സഭയെ മൊത്തം വിഴുങ്ങിയതുപോലെയായി. ഇടിമുഴക്കംപോലെ ഇന്ന് സഭയെ നയിക്കുന്ന പ്രതീക്ഷകളുടെ ഈ നാഥൻ  ഇരുപത്തിയൊന്നാം നൂറ്റാണ്ടിൽ തന്റെ ഇടയനെന്നുള്ള  അധികാരം പൂർണ്ണമായും വിനിയോഗിച്ചേ മതിയാവൂ.


എന്നിരുന്നാലും പരിശുദ്ധ ആത്മാവിന്റെ അരുപി ആർക്കെന്നു  തീരുമാനിക്കുന്നതും വത്തിക്കാനിലെ  കർദ്ദിനാൾകൂട്ടങ്ങളുടെ  ഓഫീസാണ്. പലപ്പോഴും ആത്മാക്കളുടെ അരൂപിയെ ചോദ്യം ചെയ്തുകൊണ്ട്   വിവാദങ്ങളും  ഉണ്ടാകാറുണ്ട്.  മഹനീയനായ ആത്മാവിനെ  തേടിപ്പിടിക്കുവാൻ  ഇത്തവണയും  ഇറ്റാലിയൻ കർദ്ദിനാൾമാർ  പരാജയപ്പെട്ടു. പുതിയ മാർപാപ്പായുടെ പേര് വെളിപ്പെടുത്തുന്നതിനുമുമ്പ്  വത്തിക്കാനിൽ വെള്ളപ്പുക പടലങ്ങൾ പൊന്തിയപ്പോഴെ നാനാഭാഗത്തുനിന്നും  മിലാനിലെ കർദ്ദിനാളിന്  അഭിനന്ദനങ്ങളുമായി ജനം എത്തി.  പരിശുദ്ധാത്മാവ്  സ്വാർഥതയുടെ  ജനത്തിൽ ഇത്തവണ പ്രസാദിച്ചില്ല. വിവാദങ്ങളിൽ ഓരോരുത്തരും തങ്ങളിൽ മാത്രം പരിശുദ്ധാത്മാവിന്റെ വരം മോഹിക്കുന്നു. സങ്കുചിത ദേശീയ ചിന്താഗതിക്കുപരി  ഒന്നായ സഭയെന്നു ചിന്തിക്കുവാനും ജനത്തിനു കഴിയുന്നില്ല.


ഫ്രാൻസീസ് മാർപാപ്പാ അത്തരം ഇടുങ്ങിയ മനസ്ഥിതിക്കാരെക്കാളും ഉപരിയായ  ചിന്താഗതിക്കാരനാണ്. അദ്ദേഹം അങ്ങനെയുള്ളവരെ നേരെയാക്കുകയോ അവരിൽനിന്ന് അകന്നു പോവുകയോ ചെയ്യും. എന്തുകൊണ്ട്? മാർപാപ്പായുടെതന്നെ  ഈശോസഭക്കാരെ തഴഞ്ഞ്  ഫ്രാൻസ്ക്കൻ ചിന്താഗതി അദ്ദേഹം സ്വീകരിച്ചില്ലേ? ഫ്രാൻസീസ് സേവിയർ പുണ്യാളനെ ഹൃദയത്തിൽ ഉൾകൊള്ളാതെ പാവങ്ങളുടെ പുണ്യാളനായ  അസ്സീസ്സിയെ മാതൃകയാക്കിയില്ലേ? യേശുവിന്റെ ഈ അരുമസന്താനത്തിന്  സങ്കുചിത ചിന്താഗതി ഒട്ടുമില്ല. മനുഷ്യനെ പലതായികാണുന്ന വർഗബോധികളായ സീറോ മലബാർ, ലാറ്റിൻ, മലങ്കര റീത്തുകളുൾപ്പടെയുള്ള സഭകളെല്ലാം യേശുവിൽ  ഒന്നാണെന്നു  കാണുവാൻ മഹാനായ  ഫ്രാൻസീസ് മാർപാപ്പക്കുമാത്രമേ സാധിക്കുകയുള്ളൂ. യേശുവിന്റെ പ്രവർത്തനങ്ങളെയും വാക്കുകളെയും പാലിക്കുന്ന ഒരു ക്രിസ്ത്യാനിക്ക് അഭിമാനിക്കത്തക്കവണ്ണം  ഇതിൽക്കൂടുതൽ എന്താണ് വേണ്ടത്?  ഈ നവയുഗത്തിൽ മാറ്റുവിൻ ചട്ടങ്ങളെയെന്നു പറഞ്ഞ് യേശു വീണ്ടും വന്ന്  ഓരോ ക്രിസ്ത്യാനിയേയും നേരായ വഴിയെ നയിക്കുമോ?  എളിമയാർന്ന മാർപാപ്പാ മഹത്തായ ആ വലിയ ദൌത്യം നിർവഹിക്കുവാൻ ബാദ്ധ്യസ്ഥനാണ്. രണ്ടാം ക്രിസ്തുവായ അസ്സീസിയുടെ ചൈതന്യം അദ്ദേഹത്തിൽ  കുടികൊള്ളുന്നതും പ്രവചനഫലങ്ങൾ പൂർത്തികരിക്കുവാനുമാണ്.


 യേശുവിനെപ്പോലെ ആയിരിക്കണമോ? തീർച്ചയായും, എത്തപ്പെടാത്ത ഉയരങ്ങളിൽ ഇരിക്കുന്നവൻ പ്രത്യക്ഷമായോ പരോക്ഷമായോ  യേശുവിനു സാക്ഷി വഹിക്കുന്നവനായിരിക്കണം.  സ്വയം അവന്റെ അനുയായികളെന്ന് അഭിമാനിക്കുന്നവർക്ക് യേശുവിന്റെ ചൈതന്യം ഉൾകൊള്ളുവാൻ സാധിക്കുകയില്ല. ഒരാൾ മാർപാപ്പയോ, തെരുവിന്റെ സന്തതിയോ, വിശക്കുന്ന വയറുകളോ , ചാരിത്രം വിറ്റു ജീവിതം പുലർത്തുന്ന സ്ത്രീകളോ ആരുമായികൊള്ളട്ടെ നാഥനായ യേശുവിന്റെ മുമ്പിൽ അവരെല്ലാം  തുല്ല്യരാണ്. ഒരേ മനുഷ്യകുലത്തിലെ സഹോദരി സഹോദരരും അഭ്യുദയകാംഷികളും അവിടുത്തോടൊപ്പം തുല്യമായ ഭവനത്തിനുള്ളിൽ തന്നെ.  ഭരിക്കുന്നവരും ഭരിക്കപ്പെടുന്നവരും  അവിടുത്തെ ജനതയിൽ ഇല്ല. ഒന്നാമൻ  ആകേണ്ടവൻ ഒടുവിൽ നിൽക്കണം. യജമാനൻ എല്ലാവരുടെയും  സേവകനാകണം.  അവരുടെ പാദങ്ങളും തുടയ്ക്കുവാൻ  വിശാല ഹൃദയമുള്ളവനായിരിക്കണം.

അനീതിയും അസമത്വങ്ങളും ലോകത്തിന്റെ  ശാപമായിരിക്കുന്നു. കൊടുംപാപികൾ പ്രതികാരത്തിലും  സ്വർഗം തേടിയലയുന്നു.  മുറവിളി കൂട്ടുന്നു. അമിത പലിശക്കാരെയും അധികാരം ദുരുപയോഗം ചെയ്യുന്നവരെയും സ്ഥാനമാനികളെയും അനീതി പുലർത്തുന്നവരെയും  ഭൂമുഖത്തുനിന്നു തുടച്ചുമാറ്റാൻ അവൻ വന്നു. അവന്റെ ദൃഷ്ടിയിൽ ധനവാൻ  ദരിദ്രരുടേയും അയല്ക്കാരുടെയും  ദുഖങ്ങളിൽ തുല്യമായ മനോഭാവത്തോടെ പങ്കുചേരേണ്ടവനാണ്.  ഇല്ലെങ്കിൽ അവന്  സ്വർഗരാജ്യം വെറും സ്വപ്നമായിരിക്കും.  ഫ്രാൻസീസ് മാർപാപ്പായെ ഫ്രാൻസീസെന്നു വിളിക്കുമ്പോൾ  'പാവങ്ങളുടെ  മനുഷ്യനെന്ന് ജനം  ആർത്തുവിളിക്കും.  ഒന്നുകൂടി ഞാനുറക്കെ പറയട്ടെ, സ്വന്തമായി ഒന്നും കൈവശമാക്കാത്ത പാവങ്ങളുടെ ഈ പാപ്പാ നീണാൾ വാഴട്ടെ.  

 യേശുവും ഇതേ  മണ്ണിലെ ശുദ്ധവായു ശ്വസിച്ച് കടലിന്റെ ഓളങ്ങളും ദർശിച്ച്  ഒന്നുമില്ലാത്തവരൊത്തു നടന്നു.  പ്രകൃതിയെ സ്നേഹിച്ചും  ഈ ലോകത്തുതന്നെ ജീവിച്ചു. ഒന്നും സ്വന്തമായി ഇല്ലായിരുന്നു. സീസറിനു നികുതി കൊടുക്കുവാൻപോലും നിവൃത്തിയില്ലാത്തവനായിരുന്നു. മുകളിൽ  ആകാശവും താഴെ ചെളിക്കുണ്ടുകളും ദുർഗന്ധം  വമിക്കുന്ന പാലസ്തീൻ തെരുവുകളുമല്ലാതെ   സ്വന്തമായി ഭവനമോ മേൽവിലാസമോ ഉണ്ടായിരുന്നില്ല.   സഞ്ചരിക്കുവാൻ കടം വാങ്ങിയ കഴുതക്കുട്ടിയുമുണ്ടായിരുന്നു.  ജനിക്കാൻ  ആടുമാടുകൾക്കായി മാറ്റിവെച്ചിരുന്ന തൊഴുത്തും ലഭിച്ചു. ക്രൂശിതനായ അവനെ മറവു ചെയ്തത് ഒരു ഗുഹയിലും. സ്വന്തമായി ഒരു ഗ്രന്ഥം എഴുതിയില്ല. രാജകീയകിരീടം അണിയാതെ ഓടിപ്പോയി. അവന്റെ ശിക്ഷ്യന്മാർക്കായി അവൻ  മത്സ്യം പാകം ചെയ്തു. അവരുടെ കാൽപാദങ്ങൾ കഴുകി. വേശ്യകളും സമൂഹത്തിൽ പുറംതള്ളിയവരും മദ്യപാനികളുമൊപ്പം  ഭക്ഷിക്കുകയും പാനം ചെയ്യുകയും ചെയ്തു. സ്വർഗരാജ്യത്തിന്റെ അവകാശികൾ ദരിദ്രരെന്നു പറഞ്ഞു.  ആരെയും ജ്ഞാനസ്നാനം ചെയ്തില്ല. ഒരു ദേവാലയത്തിലും ബലിയർപ്പിച്ചില്ല. ആരെയും പുരോഹിതരായി വാഴിച്ചില്ല. അന്നത്തെ പൌരാഹിത്യ ശ്രേഷ്ഠമേധാവികളുടെ നേരെ ചൂണ്ടികൊണ്ട്‌ കപടഭക്തരെ, അണലികളുടെ സന്താനമേ, വെള്ളയടിച്ച കുഴിമാടങ്ങളെ, എന്ന്  വിളിച്ച് അവർക്കെതിരെ വിപ്ലവക്കൊടി ഉയർത്തി. പീഡിതരെയും ദുഖിതരെയും ആശ്വസിപ്പിച്ചു. അതുകൊണ്ട് അവനെ എതിരാളികൾ അറിവില്ലാത്തവൻ, പാകതയില്ലാത്ത മുപ്പതു വയസുകാരനായ യുവാവ്, ആചാരോപചാരങ്ങളില്ലാത്ത  കർക്കശക്കാരൻ,  ഭ്രാന്തൻ,  എന്നൊക്കെ  വിളിച്ചു. നല്ല കള്ളൻ അവനിൽ സ്വർഗത്തിലേക്കുള്ള വഴിയും കണ്ടു.


 ഫ്രാൻസീസ് മാർപാപ്പക്ക് യേശുവിന്റെ ഉൾകാഴ്ചയിൽ അസ്സീസിയിലെ ഫ്രാൻസീസ് ആകുവാൻ സാധിക്കുമോ. അസ്സീസിയിലെ ഫ്രാൻസീസ്, 'നിന്റെ അയല്ക്കാരനെ സ്നേഹിക്കുക'യെന്ന മഹനീയ തത്ത്വത്തിൽ ജീവിച്ചു. നിങ്ങൾക്കോ എനിക്കോ അത്തരം ഒരു കാഴ്ച്ചപ്പാട് അസീസിയെ പിന്തുടരുന്നവരിൽ  പ്രവചിക്കുവാൻ സാധിക്കുമോ? നമുക്കങ്ങനെ ആർത്തുവിളിക്കണ്ടേ? കർദ്ദിനാൾ എന്ന നിലയിൽ  ജോർജ് മാരിയോ ബർഗോഗ്ലിയൊ ആദ്യത്തെ പടി കയറി ലോകത്തിനു മാതൃക കാണിച്ചു. കമനീയമായ അലങ്കരിച്ച രാജകൊട്ടാരം വേണ്ടാന്നുവെച്ച് ഒതുങ്ങിയ നിലയിൽ ഒരു കുഞ്ഞു ഭവനത്തിൽ താമസമാക്കി. ഡ്രൈവർ വെച്ചുള്ള സ്വന്തമായി ഉപയോഗിക്കുവാനുള്ള വിലയേറിയ കാറുകൾ നിരസിച്ച് സാധാരണക്കാരിൽ സാധാരണക്കാരനായി പൊതുജനത്തിനൊപ്പം ബസുകളിലും ട്രെയിനിലും  യാത്ര ചെയ്തിരുന്നു. സ്വന്തമായി പാചകം ചെയ്ത്  എളിയവരിൽ എളിയവനായി ജീവിച്ചു. പന്ത്രണ്ടിൽപ്പരം വിശാലമായ ഹാളുകൾ സഹിതമുള്ള രാജഹർമ്മ്യോപമമായ കൊട്ടാരത്തിന് പകരം സാധാരണക്കാരിൽ സാധാരണക്കാരനായി എളിയ ഭവനത്തിൽ താമസിച്ച്  യേശുവിന്റെ ശബ്ദം ഉൾകൊണ്ടു. അനീതിയും അസമത്വവും മഹാപാപങ്ങളായും  സ്വർഗത്തിലേക്കുള്ള അടഞ്ഞ വാതിലായും  അദ്ദേഹം വിശ്വസിക്കുന്നു.  യേശുവിനെ മറക്കുന്ന സഹകാരികളായ  ആത്മീയ പ്രഭുക്കളെ കപട ഭക്തരെന്നു വിളിക്കുവാനും ധൈര്യം ഉണ്ടായി. എയിഡ്സ് രോഗം  ബാധിച്ചവരുടെയും മയക്കു മരുന്നിനടിമപ്പെട്ടവരുടെയും  രണ്ടു സ്ത്രീകളുടെയും  കാലുകൾ കഴുകി ജീവിക്കുന്ന വിശുദ്ധനായ ഈ മാർപാപ്പയുടെ നാമം ചരിത്രം തങ്ക ലിപികളിൽ കുറിച്ചു. സ്ത്രീകളിൽ ഒരാൾ ഇറ്റാലിയൻ കത്തോലിക്കയും മറ്റെയാൾ സെർബിയൻ  മുസ്ലിം സ്ത്രീയും ആയിരുന്നു. മാർപാപ്പക്ക് വെറി പിടിച്ച മനഭ്രമം എന്നു പറഞ്ഞ് ആരും പരിഹസിച്ചില്ല.

എന്നാൽ ലിറ്റ്മസ് ടെസ്റ്റ്‌ പ്രാവർത്തികമാകണമെങ്കിൽ ഫൊന്തിഫിക്കൽ പോലുള്ള രാജകീയപദവികളും ഉപേക്ഷിക്കേണ്ടതായി വരും. പരിശുദ്ധ പിതാവേയെന്നുള്ള വിളി  ദൈവനിന്ദനമാണ്. പകരം സേവകരിൽ ഒന്നാമൻ എന്ന പദം ദൈവിക പരിലാളനക്ക്   യോജിക്കും. മനുഷ്യരെല്ലാം ഒന്നാണെന്നുള്ള തത്വസംഹിതകളിൽ മാനവജാതികൾ ഒരേ ദൈവത്തിൽ ഒന്നായി ഗീതങ്ങൾ പാടട്ടെ. സർവ്വജാതിയൊന്നായ ദൈവം ക്രിസ്ത്യാനികള്ക്ക് മാത്രമുള്ളതല്ല. യുവാക്കളും സ്ത്രീകളും ഒന്നടങ്കം സഭ വിടുന്നതുമൂലം  പീറ്ററിന്റെ നൗക ആഴക്കടലിലേക്ക് മുങ്ങുന്നതായി ചിലർ കരുതുന്നു. അങ്ങനെയുള്ള വിധിനിർണ്ണായക വേളയിൽ പരസ്പര വിരുദ്ധങ്ങളായ  രണ്ടു കൊടികൾ  (flags) സഭയുടെമേൽ പാറി പറക്കുന്നതും ദോഷമേ ചെയ്യുകയുള്ളു.  ഒരുകൊടിയിൽ സേവകരിൽ സേവകനും ഒന്നാമനും രണ്ടാമത്തേതിൽ രാജകീയ അലങ്കാരങ്ങളോടെയുള്ള പൊന്തിഫിക്കൽ പദവിയും പരിശുദ്ധ പിതാവും. ബനഡിക്റ്റ് മാർപാപ്പാ സ്ഥാനത്യാഗം ചെയ്തപ്പോൾ എന്റെ സാമാന്യ ചിന്താഗതിയിൽ ഞാൻ കരുതിയിരുന്നത് അദ്ദേഹം ഒരു സാധാരണക്കാരനായി ജീവിതം തുടരുമെന്നാണ്.  വാർത്തകൾ വിശ്വസിക്കാമെങ്കിൽ പകരം സംഭവിച്ചത് അദ്ദേഹം അലംകൃതമായ പൊന്തിഫിക്കൽ വിളികളിൽ,  രാജകീയമായ  ആർപ്പാടങ്ങൾ ഇന്നും തുടരുന്നു.  യേശുവിൽ ഇത് മനുഷ്യത്വത്തിനും വിനയത്തിനും നേരെയുള്ള പരിഹാസംകൂടിയാണ്.  

സഭയുടെ  മാറ്റങ്ങൾക്കായി കടമ്പകളിനിയും കടക്കുവാനുണ്ട്. സഭാശ്രേണിയിൽ  കർദ്ദിന്നാൾമുതൽ ബിഷപ്പുവരെയുള്ള രാജകുമാരൻ പദവികൾ കാലഹരണപ്പെട്ടതാണ്. ഇത്തരം രാജകീയ അലങ്കാര പദവികൾ യേശുവിന്റെ സഭയ്ക്ക് അനുയോജ്യമല്ല.  പരിശുദ്ധ പിതാവേ, തിരുമേനി, മോസ്റ്റ്‌ റെവറന്റ്  എന്നെല്ലാമുള്ള അഭിസംബോധനകൾ  കോണ്‍സ്റ്റാന്റ്റിൻ ചക്രവർത്തിയിൽനിന്ന് തുടക്കമിട്ടതാണ്.   മാമ്മോദീസാ മുങ്ങിയ ബാക്കി ജനത്തിന് സഭയുടെ പരിശുദ്ധിയിൽ പങ്കില്ലേ? സമാധാനത്തിന്റെയും ശാന്തിയുടെയും വെളിച്ചം വീശേണ്ട ഒരു നേതാവ് ആദ്ധ്യാത്മിക ഭൌതിക തലങ്ങളിൽ ദൈവമക്കളെ ഒന്നായി കണ്ടില്ലെങ്കിൽ, സമത്വമെന്ന ഭാവനയില്ലെങ്കിൽ എങ്ങനെ തന്റെ അജഗണങ്ങളെ പരിപാലിക്കും. സ്വയം ശിക്ഷിക്കുകയും ക്ഷമിക്കുകയുമല്ലാതെ മറ്റുള്ളവരെ സഭാശാസനങ്ങളിൽ  എങ്ങനെ ശാസിക്കും. ലോകത്തിനു മാതൃകയാകേണ്ട ഈ മഹാ പുരോഹിതൻ ആദ്യമായി തനിക്കുള്ള പരമ്പരാഗതമായ രാജകീയ പദവികൾ സ്വയം കാറ്റിൽ പറപ്പിക്കട്ടെ. യേശുവിന്റെ അനുയായിക്ക്‌ ഈ സാഹസംകൊണ്ട് യാതൊരു കുറവും വരുകയില്ല. പൌരാഹിത്യം സ്വയം കീഴടക്കിയില്ലെങ്കിൽ ഫ്രാൻസീസ് മാർപാപ്പ എങ്ങനെ യേശുവിനെപ്പോലെയോ അസ്സീസിയിലെ ഫ്രാൻസീസിനെപ്പോലെയോ ചൈതന്യം ഉൾക്കൊണ്ട്‌ മാതൃകാപരമായി പേപ്പസ്സിയെ നയിക്കും. 


ഇന്ന്, കത്തോലിക്ക സഭയെ അലട്ടുന്ന രണ്ടു പ്രശ്നങ്ങളാണുള്ളത്. സഭയിലെ ഭരിക്കുന്ന ആത്മീയ നേതൃത്വത്തിന്റെ പ്രായം പരിഗണിക്കണമെന്നുള്ളതും മുഖ്യവിഷയമാണ്. മാർപാപ്പാ മുതൽ താഴോട്ടുള്ളവരുടെ പ്രായപരിധി എന്തായിരിക്കണം? സാമൂഹിക  സാന്മാർഗിക വിഷയങ്ങളിൽ പുരോഹിതരുടെ വിവിധങ്ങളായ  കാഴ്ചപ്പാടുകളിലും  ദൈവശാസ്ത്ര തർക്കങ്ങളിലും  എങ്ങനെ ശ്വാശ്വത പരിഹാരം നിർണ്ണയിക്കുവാൻ   സാധിക്കും.  പ്രായാധിക്യംമൂലം  ബനഡിക്റ്റ്  മാർപാപ്പാ സ്ഥാനത്യാഗം ചെയ്തതും ഒരു കാരണമായി കണക്കിലെടുത്ത് മാർപാപ്പായുടെ പ്രായപരിധി നിശ്ചയിക്കണമെന്ന് ജനം ചിന്തിക്കുന്നു. ഒന്നുകിൽ മാർപാപ്പയുടെ   തെരഞ്ഞെടുപ്പു വേളയിൽ പ്രായപരിധി നിശ്ചയിക്കുക, അല്ലെങ്കിൽ തെരഞ്ഞെടുക്കുന്നവർക്ക് പത്തു വർഷം കാലാവധി നിശ്ചയിക്കുക എന്നീ രണ്ട് ഉപാധികളാണ് മുമ്പിലുള്ളത്. ഒരു മാർപാപ്പാ എങ്ങനെയുള്ള വ്യക്തിത്വമായിരിക്കണമെന്നും ചോദ്യചിന്ഹം  ഉദിക്കുന്നു. യേശുവായിട്ടല്ലെങ്കിലും യേശുവിന്റെ കാലടികളെ പിന്തുടരുവാൻ കഴിവും ഹൃദയ ശുദ്ധിയുമുള്ള ഒരു പരിശുദ്ധ മാർപാപ്പയെ  ജനം സ്വപ്നം കാണുന്നു.

 യേശുവിന്റെ  സുവിശേഷദൌത്യം അവിടുത്തെ  മുപ്പതാം വയസിൽ ആരംഭിച്ചതെന്നും ചിന്തിക്കണം. മൂന്നു വർഷമായിരുന്നു ആ ദിവ്യന്റെ  പൊതുജീവിതം.  തലമുറ തലമുറകളായി ഇന്നും മാനവ ലോകത്തെ അത്ഭുത പ്രതിഭാസ ലോകത്തിലേക്ക് അവിടുന്ന് ആത്മീയ വെളിച്ചം നൽകികൊണ്ടിരിക്കുന്നു.  ദൈവത്തിനും മനുഷ്യനുമിടയിൽ പ്രവർത്തിക്കുന്ന അറുപതു വയസു കഴിഞ്ഞ  ആത്മീയ നേതാക്കളുടെ പ്രായോഗിക പരിജ്ഞാനത്തെയും വിവേകത്തെയും അന്ധമായി പിന്തുടരുന്ന നയമാണ് പൊതുവായി അംഗീകരിച്ചിരിക്കുന്ന മാനദണ്ഡം. ജീവിതത്തിന്റെ അസ്തമയകാലങ്ങളിൽ പ്രായാധിക്യംകൊണ്ട് മനസു മരവിച്ചവരിൽ  ദൈവകൃപയും പാകതയും കാണുന്നതു സഭയുടെ പാരമ്പര്യമാണ്‌.  ഒരുവന്റെ ഊർജസ്വലമായ ജീവിതയാത്രയിൽ  മാനസികമായും ശാരീരികമായും  ക്ഷയിക്കുന്ന കാലഘട്ടത്തിലാണ് സാധാരണ മാർപാപ്പയായി  തെരഞ്ഞെടുക്കുന്നത് . അതെ സമയം മുപ്പതു വയസുകഴിഞ്ഞ  ശിശിരകാലത്തിലെ ഒരു യുവാവിന് നേതൃത്വം വഹിക്കുവാനുള്ള ചോരത്തിളപ്പും എന്തിനെയും നേരിടുവാനുള്ള തന്റേടവും മാനസികവും ശാരീരികവും ബുദ്ധിപരമായി  പ്രവർത്തിക്കുവാനുള്ള കഴിവും ഉണ്ടായിരിക്കും.  സഭയെ ശരിയായ ദിശയിൽ നയിക്കുവാനും സാധിക്കും. വർണ്ണാശ്രമത്തിലെ  ബ്രഹ്മചര്യ, ഗ്രഹസ്ഥ, വാനപ്രസ്ഥ, സന്യസ്ഥ എന്നീ നാല് ഘട്ടങ്ങൾ ആത്മീയ നേതൃപരമ്പരകളിലും ആവശ്യമാണ്.

 മുരടിച്ച വയസുമായി ജീവിതം നയിക്കുന്ന സന്യസ്ഥനായ ഒരാളിൽ നേതൃത്വം അർപ്പിക്കുന്നത് അപക്വമല്ലേ? യേശുവിന്റെ മാതൃകയും   ഹൈന്ദവ ചിന്താധാരയിലെ  യുവത്വത്തിന്റെ മുന്നേറ്റവും സഭയുടെ ചൈതന്യം വീണ്ടെടുക്കുവാൻ ഇന്ന് ആവശ്യമാണ്. മുപ്പതിന്റെ മികവിൽ ആഗോള വ്യക്തിത്വം തെളിയിച്ച അനേക പ്രഗത്ഭരായ രാജ്യതന്ത്രജ്ഞരും പ്രസിദ്ധരായ രാഷ്ട്രീയ സാമൂഹിക  പ്രവർത്തകരും ചരിത്രത്തിന്റെ താളുകളിൽ ഉണ്ട്.   കഴിവും മികവുമുള്ള ദൈവകൃപ നേടിയ  യുവാക്കളെ ഒരുമിപ്പിച്ച്  നവീകരണത്തിനായി സഭയുടെ പുത്തനായ  ശബ്ദം മുഴങ്ങേണ്ടതും   കാലത്തിന്റെ ആവശ്യമാണ്.  നാം യേശുവിന്റെ മൗലികതത്ത്വങ്ങളിൽ അവിടുത്തെപ്പോലെയാകണമെങ്കിൽ  ഒത്തുതീർപ്പില്ലാതെ ഒരു ചരടുമില്ലാതെ യേശുവിന്റെ ചൈതന്യമുള്ള മാർപാപ്പയെ  തെരഞ്ഞെടുക്കണം.  ബിഷപ്പ് മുതൽ മാർപാപ്പാവരെയുളള  കാലഹരണപ്പെട്ട ചിന്താ ലോകത്തിൽ പ്രതീക്ഷകളൊന്നും കാണുന്നില്ല.

ദൈവശാസ്ത്രജ്ഞരുടെ ചിന്താധാരകളിൽ  അനുരഞ്ജനത്തിനുള്ള   സാദ്ധ്യതകൾ കുറവാണ്.  ഇന്നത്തെ നീറുന്ന സഭാ പ്രശ്നങ്ങൾക്ക്  ഉടനടി പരിഹാരം കാണുക അസാധ്യമെന്നു രണ്ടാം വത്തിക്കാൻ കൌണ്‍സിൽ വ്യക്തമായും സൂചിപ്പിച്ചിട്ടുണ്ട്.  നമ്മുടെ പ്രാർഥനകൾ , പഠനം, ഗുണദോഷ വശങ്ങളെ  ശരിയായി വിശകലനം ചെയ്തുള്ള ചർച്ചകൾ മുതലാവകൾ പ്രശ്നങ്ങളെ ലഘുകരിക്കും.  ക്രിയാത്മകമായ  വിമർശനങ്ങളും  സഭയിൽ  വളരെ വിലപ്പെട്ടതാണ്.  അഗസ്തീനോസ് പുണ്യാളൻ ഉപദേശിക്കുന്നതുപോലെ  സ്വതന്ത്രമായുള്ള  സംസാര സ്വാതന്ത്ര്യം, അടിയന്തിര സന്ദർഭങ്ങളിൽ സഭയുടെ  ഐക്യമത്യം, വൈവിധ്യങ്ങളും വൈരുധ്യങ്ങളുമായുള്ള പ്രശ്ന സങ്കീർണ്ണതകൾക്ക് ഒരു ശ്വാശ്വതപരിഹാരം കണ്ടെത്തൽ, ദരിദ്രരരെയും  പീഡിതരെയും സഹായിക്കുക എന്നുള്ളതെല്ലാം ഇന്നത്തെ സഭയുടെ കെട്ടുറപ്പിനുവേണ്ടിയുള്ള ശബ്ദമാണ്.  വിമർശകരുടെ വായ്‌ യേശു ഒരിക്കലും അടച്ചില്ല. അതേ ചൈതന്യം സഭ വീണ്ടെടുക്കണം. നിങ്ങളും ഞാനും ഉൾപ്പെട്ട  സഭയുടെ അരുമസന്താനമായ ഫ്രാൻസീസ് മാർപാപ്പായുടെ ആത്മീയകൊടിക്കീഴിൽ  യേശുവിന്റെ ചൈതന്യം ആവഹിച്ച്    ഒത്തൊരുമയോടെ പ്രവർത്തിക്കുവാൻ തയ്യാറാകുമോ?  ഐഹിക ലോകത്തിലേക്കുള്ള തീർഥയാത്രയിൽ ഫ്രാൻസീസ് മാർപാപ്പാ ആത്മീയാന്ധത ബാധിച്ച നമ്മെ യേശുവിന്റെ ശരിയായ വഴിയേ  നയിക്കുമോ?

ഏകദേശം നാൽപ്പതു വർഷങ്ങൾക്കുമുമ്പ് ഞാൻ ന്യൂ ലീഡർ എന്ന ഒരു മാസികയിൽ എഡിറ്റോറിയൽ ബോർഡിൽ ചേർന്ന സമയം യേശുവിനെപ്പോലെ ആയിരിക്കുകയെന്ന ഒരു ലേഖനം എഴുതുവാൻ   എന്നെ പ്രേരിപ്പിച്ചത് ഇത്തരം ചിന്തനീയമായ വിചാരങ്ങളായിരുന്നു. ഉത്തരവാദിത്തപ്പെട്ട ഏതൊരു ഓഫീസും മാർപാപ്പായുടെയോ അഥവാ മെത്രാന്മാരുടെ ഓഫീസ് തന്നെയോ ആയികൊള്ളട്ടെ, അത്തരം സ്ഥാനത്തിൽ ഇരിക്കുന്നവർ ഒരു ക്ലിപ്ത കാലം കഴിഞ്ഞ് ജോലിയിൽനിന്ന് പിരിഞ്ഞുപോവുന്ന  ഒരു വ്യവസ്ഥയുണ്ടാക്കണം. ജീവിതകാലം മുഴുവൻ ഒരേ ഓഫീസിന്റെ സാരഥ്യം വഹിച്ച് അധികാരസ്ഥാനത്ത് തുടരുന്നത് ഒരു പ്രസ്ഥാനത്തിന്റെ നന്മയെ പ്രതികൂലമായി ബാധിക്കും. സത്യത്തിന്റെ ഇടിമുഴക്കമായ യേശുവിനുപോലും തന്റെ കൃത്യനിർവണങ്ങൾ പൂർത്തിയാക്കുവാൻ   ദൈവനിശ്ചയമുണ്ടായിരുന്നത്   മൂന്നു വർഷങ്ങൾ മാത്രമായിരുന്നു. ഉത്തരവാദിത്വപ്പെട്ട ഭരണനിർവഹണത്തിലിരിക്കുന്ന ഒരു ആത്മീയനേതാവ് ആദ്യം ചിന്തിക്കേണ്ടത്, സ്വയം ചോദിക്കേണ്ടത്‌ താൻ നീതിയുടെയും ശാന്തിയുടെയും ദേവനായ യേശുവിനൊപ്പം ആദർശധീരതയോടെ മഹനീയമായ ഈ സ്ഥാനം വിശ്വസ്ഥതയോടെ അലങ്കരിക്കുവാൻ യോഗ്യനാണോയെന്നാണ്. നമുക്ക് ഉത്തരം കിട്ടുന്നത് ഇങ്ങനെ " ഞാൻ അന്ധകാരത്തിൽ തപ്പി തടഞ്ഞു നടക്കുന്ന ഒരു സ്വപ്നവിഹാരിയാണ്.  എനിക്കു ചുറ്റുമുള്ള ഈ  ഭൌതിക ലോകത്തിൽ  പണമില്ലാത്തവൻ പിണമെന്ന തത്ത്വസംഹിതകൾക്കപ്പുറം മറ്റൊരു ലോകത്തെപ്പറ്റി ചിന്തിക്കുവാൻ എന്റെ കണ്ണുകൾ തുറക്കുകയില്ല. ദൈവമേ, ഞാൻ അങ്ങനെയുള്ളവനെങ്കിലും അവിടുന്ന് എന്നെ കാത്തുകൊള്ളുകയില്ലേ? ഗലീലിയോയിലെ മഹാനായ മനുഷ്യനെപ്പോലെ  ഞാനായിത്തീരണം. അവനെപ്പോലെ മാത്രം. അവനെപ്പോലെ എനിക്കും സംസാരിക്കണം. എനിക്ക് ചുറ്റുമുള്ളവർ പറയുന്നു, ഞാൻ മറ്റുള്ളവർക്ക് മാതൃകയാണ്, ഞാൻ മുറുകെ പിടിച്ചിരിക്കുന്ന എന്റെ ആദർശങ്ങളെ അന്ധലോകത്തിന് കാണുവാൻ സാധിക്കുകയില്ല. ദൈവമേ, ഞാൻ അങ്ങനെയെങ്കിലും നിന്റെ അനുഗ്രഹങ്ങൾ എന്നിൽ വർഷിക്കുകയില്ലേ. എനിക്ക് ഗലീലിലിയോയിലെ  അരുമ സന്താനത്തെപ്പോലെയായാൽ  മാത്രം മതി.


വിമോചനം, ഒരു പക്ഷെ   നിങ്ങൾ ചോദിച്ചേക്കാം, കഴിഞ്ഞ കാലങ്ങളിൽ നിങ്ങൾ എന്ത് ചെയ്യുകയായിരുന്നു? തിരുവചനങ്ങളെ അടിസ്ഥാനമാക്കി  വിമോചനമിന്ന് എവിടെയും ഒരു സംസാരവിഷയമാണ്.   ക്രിസ്തു തന്റെ മിഷ്യൻ  തുടങ്ങി വെച്ചത് ഭൌതിക സാമൂഹ്യ സാംസ്ക്കാരിക തലങ്ങളിലും ആദ്ധ്യാത്മിക ശ്രേണികളിലും പരിപൂർണ്ണമായ ഒരു വിമോചനത്തിന്റെ വക്താവായിട്ടായിരുന്നു. അത്മായരും പൗരാഹിത്വ നേതൃത്വവും തങ്ങളുടെ നിയോഗം പൂർത്തിയാക്കേണ്ടത്  ക്രിസ്തു വിന്റെ ചൈതന്യത്തിലായിരിക്കണം.

ഒരുവൻ മറ്റുള്ളവർക്ക്‌ വിമോചനം കൽപ്പിക്കുന്നതിനുമുമ്പ്   മൌലികമായ ഒരു ചോദ്യത്തിന്  ആദ്യം ഉത്തരം കണ്ടെത്തട്ടെ: വിമോചനമെന്നാൽ ഞാൻ എന്തർത്ഥമാക്കണം? എന്നിലുള്ള സ്വാതന്ത്ര്യമോഹത്തെ പരിപോഷിപ്പിച്ച് എല്ലാ വിധങ്ങളിലുള്ള പാരതന്ത്ര്യത്തെ  ദൂരികരിക്കുകയെന്നതാണ്   കേവലമായ ഉത്തരം.  കാലഹരണപ്പെട്ട   സഭാധികാരങ്ങൾ,   പൗരാഹിത്യദുർബലത,  മുരടിച്ച  ക്രിസ്ത്യൻ സഭകളുടെ  യാഥാസ്ഥിതിക   ചിന്തകളിൽ നിന്നെല്ലാം മോചനം നേടി മനുഷ്യത്വത്തിൽ അധിഷ്ടിതമായ ഒരേ സത്യത്തിൽ ചലിക്കുന്ന ലോകത്തെ വിഭാവന ചെയ്യണം. പിതാവെന്ന വിവീക്ഷാർഥത്തിൽ സത്യത്തിന്റെ ദീപം പ്രകാശിതമാകണം.  എന്നെ സംബന്ധിച്ച് ക്രിസ്തുമതത്തിന്റെ സത്ത ഇന്നത്തെ സർവ്വലോക  മതമൈത്രികളിലെ  വിഷയങ്ങളിൽ മാത്രം ഒതുങ്ങി നിൽക്കുന്നതല്ല. വിമോചന തത്ത്വങ്ങളും  ആവശ്യകതകളും നാനാതുറകളിലും പ്രതിഫലിച്ചിരിക്കണം.  ഭാരത സഭകളിലും ശുദ്ധികലശം വരുത്തുന്നത്‌  നവോത്വാനപരമായ ലക്ഷ്യ ബോധത്തോടെയായിരിക്കണം.


ദൈവശാസ്ത്രത്തിന്റെ പരമമായ ലക്‌ഷ്യം  സഭക്കുള്ളിലെ  മനുഷ്യത്വം തിരിച്ചറിയുകയെന്നതാണ്. അതെ ,   മനുഷ്യത്വം,  വർണ്ണ, വർഗ ജാതിവ്യവസ്തകൾക്കുപരി ദൈവമക്കൾക്കു  മാത്രമുള്ളതാണ്.    രണ്ടാം വത്തിക്കാൻ സുനഹദോസിനുശേഷം  ദൈവമക്കളുടെ  പരിശുദ്ധമായ  സഭയെന്നും  സഭയെ വിളിക്കുവാൻ തുടങ്ങി.  സുനഹദോസിനുമുമ്പ്  ജനങ്ങളുടെ സഭയെക്കാൾ മാർപാപ്പായുടെ സഭയെന്ന്പൊതുവായ  നിഗമനത്തിലായിരുന്നു.  ജനങ്ങളുടെ ദൈവവും മാർപാപ്പായുടെ ദൈവവും ഒന്നുതന്നെ. സുനഹദോസിനുശേഷം തുല്യമായ അധികാരങ്ങൾ വീതിക്കുക എന്നതും നിഗമനത്തിൽ എത്തി. ഇന്നത്തെ അർത്ഥത്തിൽ ജനങ്ങളുടെ ദൈവം മാർപാപ്പാക്കും ബിഷപ്പുമാർക്കും മാത്രം. വിമോചിതമാകുന്ന സഭയുടെ അടുത്ത കൌണ്‍സിൽ ഒരു പക്ഷെ ദൈവം പുരോഹിതർക്കും  കല്പ്പിക്കുന്ന വിധമായിരിക്കാം.  അപ്പോൾ ജനങ്ങളുടെ ദൈവം പുരോഹിത മെത്രാൻ മാപാപ്പായുടെ ദൈവം എന്നും നിർവചനം കൽപ്പിക്കാം. വീണ്ടും ഒരു സുനഹദോസ് കൂടുകയാണെങ്കിൽ വിമോചനത്തിന്റെ വ്യാപ്തി വർദ്ധിക്കുന്നതും കാണാം. ജനങ്ങളുടെ ദൈവം കൂടുതൽ വിഭാഗങ്ങളായി അല്മായ, പുരോഹിത, മെത്രാൻ, മാർപാപ്പാ, അകത്തോലിക്കാ ക്രൈസ്തവ , അക്രൈസ്തവർക്കെല്ലാം പൊതുവായി തീരുമെന്നും പ്രതീക്ഷിക്കാം. അങ്ങനെ പ്രതീക്ഷകളോടെ ഇത്തരം കണക്കുകൂട്ടലുമായി മനുഷ്യരെല്ലാം ഒന്നായി കാണുവാൻ എത്ര സുനഹദോസുകൾ വേണ്ടി വരുമെന്നും കാത്തിരുന്നു കാണാം.   സർവ ജാതി ഏക മതമെന്ന  തത്ത്വസംഹിതകൾക്കായി കാലം  ദൃക്സാക്ഷിയാകുമെന്നും  പ്രതീക്ഷിക്കാം. 


എന്നാൽ പ്രതീക്ഷകൾ  നാം കൈവെടിയരുത്. ഒരു ദിവസം ഏതെങ്കിലും സമയം എങ്ങനെയെങ്കിലും നമ്മൾ ലക്ഷ്യപ്രാപ്തിയിൽ എത്താതെയിരിക്കുകയില്ല.  ദൈവശാസ്ത്ര വിമോജനത്തിലും മറ്റു വാഗ്ദാനങ്ങളുമായി നാം ശരിയായ ദിശയിൽ തന്നെ സഞ്ചരിക്കുന്നുണ്ട്. ടാഗോറിന്റെ കൃതിയിൽ സുന്ദരമായ ഒരു ഗാനമുണ്ട്. ഭാരതത്തിന്റെ ആത്മാവിനെ കണ്ടെത്തല്കൂടിയാണ്. "മനസ് എവിടെ ചഞ്ചലമില്ലാതെ ഭയരഹിതമായി  സഞ്ചരിക്കുമോ അവിടെയെല്ലാം സ്വാതന്ത്ര്യത്തിന്റെ സ്വർഗഭൂമിയിൽ തല ഉയർത്തി നടക്കാം. ഉണരൂ എന്റെ രാജ്യമേ,   ആനന്ദലഹരിയിൽ രാജ്യത്തിനുവേണ്ടി ഞാൻ എന്റെ ഗാനങ്ങൾ പാടട്ടെ." അതുകൊണ്ട് ഈ ഗാനത്തിന്റെ ഈരടിയിൽ സഭയെ ഉണരൂ.  ക്രൈസ്തവ മാറ്റങ്ങൾക്കായി നമ്മുടെ  തുടക്കവും ശുഭപ്രതീക്ഷകളോടെയായിരുന്നു.  പരാജയങ്ങളെ തരണം ചെയ്ത് പ്രതീക്ഷകളുടെതായ ഒരു നവയുഗം പിറന്നേ മതിയാവൂ. ധൈര്യം സമാർജിച്ച് പ്രത്യാശകളുടെ   കിരണങ്ങളുമായി പുഞ്ചിരിയുമായി ബഹുദൂരം സഞ്ചരിക്കുവാൻ എല്ലാവിധ ഭാവുകങ്ങളും നേരട്ടെ. 
 
 നാപ്പത് വർഷങ്ങൾക്ക് മുമ്പ് ഫ്രാൻസീസ് മാർപാപ്പായെപ്പോലെ മഹാനായ ഒരു മാർപാപ്പായെ നമുക്ക് സ്വപ്നംപോലും കാണുവാൻ സാധിക്കുകയില്ലായിരുന്നു.  അതുകൊണ്ട്,  വരുംകാലങ്ങളിൽ  സൈബർ ലോകത്തിലെ  ഈമെയിലുകളിൽക്കൂടി  നമ്മുടെ പ്രിയപ്പെട്ട മാർപാപ്പയ്ക്ക്  ആരെയും വേദനിപ്പിക്കാതെ  സർവ്വർക്കും   നന്മമാത്രം നല്കുവാൻ,  മനസാക്ഷിയനുസരിച്ച് സത്യസന്ധമായി സഭയെ നയിക്കുവാൻ ആത്മധൈര്യം കൊടുക്കാം.  സ്വാർഥത കരകവിഞ്ഞ  ചിലരുടെ കുത്തകയിൽ   അധിഷ്ടിതമായ    തകർന്ന  സഭയാണ് നമുക്കിന്നുള്ളത്.  സഭയിൽ ആഞ്ഞടിച്ചിരിക്കുന്ന ഈ കൊടുംകാറ്റിനെ ശമിപ്പിച്ച് ഇന്നുള്ള പള്ളികൃഷി സമൂലം ഇല്ലാതാക്കുന്ന ഒരു വ്യവസ്ഥ സംജാതമാക്കണം. മനുഷ്യത്വം സഭയിൽ പ്രതിഫലിക്കണം.  മനുഷ്യപുത്രൻ വീണ്ടും വന്ന് നമ്മെ പഠിപ്പിച്ച് സ്വർഗസ്ഥനായ പിതാവേ അങ്ങയുടെ രാജ്യം  ഈ ഭൂമിയിൽ വരണമേയെന്ന് നമുക്കായി പ്രാർഥിക്കണം.  നിന്റെ തിരുമനസ് സ്വർഗത്തിലെപ്പോലെ   ഈ ലോകത്തിലുമാവണം.  ആഗോള ചിന്താഗതിയുള്ള നവമായ ഒരു ലോകമാണ് ഇന്ന് നമ്മുടെ സ്വപ്നത്തിലുള്ളത്.   ഫ്രാന്സീസ് മാർപാപ്പാ  നസ്രത്തിലെ യേശുവിനെപ്പോലെയെങ്കിൽ, മാനുഷിക മൂല്യങ്ങളിൽ സഭയെ നയിക്കുമെങ്കിൽ,  ദൈവത്തിന്റെ ഈ ഭൂമിയിലെ സർവ്വർക്കും  നന്മ മാത്രം ലക്ഷ്യമെങ്കിൽ, വാക്കിലും പ്രവർത്തിയിലും മനുഷ്യരെയെല്ലാം ഏകോദര സഹോദരരെപ്പോലെ  കാണുന്നുവെങ്കിൽ 'വാസുദൈവിക കുടുംബകം' സഫലമാകുമെന്നും ഞങ്ങൾക്ക് വിശ്വാസം ഉണ്ട്.


 

 

2 comments:

 1. My Dear Jose,

  I am simply at a loss to find words to thank you for the herculian task you have undertaken to render my hard to crack English into meaningful Malayalam for the benefit of Almaya readers. If you did it unsolicited it is because you were so much concerned about enlightening our Malayalam readers and that too knowing well that a translator often runs the risk of becoming a traitor, as the Latin proverb says.

  You indeed took up a daredevil act of running a marathorn race, considering the length of my article and came to the finish line in record time to everyone's admirtion and applause. So kindly accept my profuse thanks on their behalf, also on my behaf for giving Malayalam wings to my English idioms. God bless you and reward you for this Good Samaritan work.

  Kindly publish this note in the Almaya for the benefit of all as I am overburdened with too many things and not an expert like you in Blog management. You have been like Jesus putting your neck on the block for me in the service of Almaya readers. A million thanks. james

  ReplyDelete
 2. This article by Dr. Kottoor was one among the few articles that hit me at the crown. Incidentally, a thorough debate was going on that time and this article was hid for a few days. I thought that the administrator will present it again on top after a few days. That did not happen anyway. But I do not blame the administrator because the nature of Almaya Sabdam also has changed dramatically.

  Almaya sabdam has taken a good leap from an argumentative platform to an authentic debate forum. Now, many brilliant minds join together and enlighten the readers. The situation is not that of a frozen meat piece, now. I find that the message of the lay reaches many many thousands of readers all over the world each month. Public enthusiasm also is found to be increasing at a linear rate, making the Church defense more difficult. Both writers and readers are also seen coming out of the scaffolds.

  One another thing I noticed was that a lot of learned ordained also have begun putting in the notice boards the grievances of the laity and the falls of the Church.

  At the same time the present ruling class is slowly withdrawing from the open, hiding all their discussions and decisions from the public. Cardinal Alenchery's recent visit to the proposed Syro Malabar house in Rome was published in the Italian Medias but not a word was seen here even in authentic Indian Church publications.

  The laymen movement in the recent past has clearly pushed the present Church from Offence to Defense. This is close to a final surrender which is quite inevitable. Without a single layman from acknowledged social platforms to support, the Premier's Box may not have many options to choose.

  ReplyDelete