Translate

Tuesday, April 30, 2013

ഏതാണ് ഇനിയൊരു വഴി?

യേശു എവിടെ, സ്നേഹമെന്താണ്, പ്രാർത്ഥനയെന്താണ്, എന്നെല്ലാം നമ്മളിൽ ഓരോരുത്തർ ചോദിക്കുന്നതിന് ബാക്കി കുറേപ്പേർ ഓരോന്ന് പറയുന്നു. ശരിയാവാം, തെറ്റാവാം. എന്നാൽ ഈ ജീവിതം തന്നെ എന്താണ്, എന്തിനാണ് എന്ന അടിസ്ഥാനപരമായ ചോദ്യം ഉന്നയിച്ചാൽ അതിന് തൃപ്തികരമായ ഒരുത്തരം നമുക്കുണ്ടോ? അങ്ങനെയൊന്നു കിട്ടാൻ വഴിയുണ്ടോ?

എനിക്കു സംശയമാണ്. അതുകൊണ്ടാണ് ഇങ്ങനെയെഴുതാൻ ഞാൻ ധൈര്യപ്പെടുന്നതു തന്നെ. ഇന്ന് രാവിലേ കോട്ടയംവരെ പോയി. ബസ്സിലിരുന്ന് അകത്തും പുറത്തും കണ്ട മനുഷ്യരെ ശ്രദ്ധിച്ചു. ഇതെന്തൊരു പാഴ്ജീവിതം എന്ന് തോന്നിപ്പോയി. എന്തൊരു തിരക്ക്! ഏതെല്ലാം കോമാളി വേഷങ്ങൾ! ഇരുചക്രം തൊട്ട് അഷ്ടചക്രം വരെയുള്ള പാട്ടക്കൂടുകളിൽ കയറിയിരിക്കുന്നവർ കാണിക്കുന്ന ഒട്ടും മനുഷ്യത്വമോ മര്യാദയോ, ചുറ്റുപാടുകളെപ്പറ്റിയുള്ള ബോധമോ ഇല്ലാത്ത നുഴഞ്ഞുകയറ്റങ്ങൾ ഈ നാട്ടിലെ മനുഷ്യന്റെ യഥാർത്ഥ അവസ്ഥക്കുള്ള ഒന്നാന്തരം നിദർശനമാണ്. "അഹമഹമികയാ" - ഇതാ ഞാൻ, ഞാൻ മാത്രമേ ഇവിടുള്ളൂ, വെറൊരുത്തൻ അടുത്തെങ്ങാനും ഉണ്ടെങ്കിൽ മാറിപ്പോടാ പുല്ലേ! എന്നാണു ഓരോ ശരീരഭാഷയിലൂടെയും അംഗവിക്ഷേപത്തിലൂടെയും കേരളീയർ വിളിച്ചുകൂവുന്നത്. അഹമ്മമത മാത്രമാണ് മലയാളിക്കറിയാവുന്ന യാഥാർഥ്യം. പൊതുജീവിതത്തിലും കുടുംബബന്ധങ്ങളിലും ജോലിസ്ഥലത്തും മറ്റെല്ലാ ഇടപാടുകളിലും ഇത് തന്നെ അവസ്ഥ. ഈ ബ്ലോഗിൽ എഴുതുകയും വായിക്കുകയും ചെയ്യുന്ന നമ്മളും പുറത്തിറങ്ങിയാൽ ഏതാണ്ട് ഇങ്ങനെയൊക്കെത്തന്നെയാണെങ്കിൽ, എന്തർത്ഥമാണ് ഈ ജീവിതത്തിനുള്ളത്? മുക്കിന് മുക്കിനു പള്ളിയും, തട്ടിയിട്ടു നടക്കാൻ മേലാത്തതുപോലെ പട്ടക്കാരും സന്യസ്ഥരും, വിദ്യാലയങ്ങളും പഠിപ്പിക്കാൻ ബി.എഡ് തൊട്ട് പി.എച്.ഡി.ക്കാർ വരെ ഉണ്ടായിട്ടും, മനുഷ്യരോടിടപെടുമ്പോൾ, അയൽക്കാരും സ്വന്തക്കാരും ബന്ധുക്കളും പോലും ചെയ്യുന്നത് അവരുടെ നേട്ടം മാത്രം കണ്ടുകൊണ്ടുള്ള തന്ത്രങ്ങളും സൂത്രങ്ങളും മാത്രമാണെങ്കിൽ എന്തു സംസ്കാരമാണ് ഈ നാൾ വരെ നമ്മൾ കെട്ടിപ്പടുത്തത്? കബളിപ്പിക്കപ്പെട്ടു കഴിയുമ്പോൾ മാത്രമാണ് 'ഓ, അതിനായിരുന്നു ഈ കളികളെല്ലാം, അല്ലേ' എന്ന് ചോദിക്കേണ്ടി വരുന്ന പരുവത്തിലായിക്കഴിഞ്ഞിരിക്കും നമ്മൾ. ഒന്നിന് പുറകെ ഒന്നായി ഇത്തരം അനുഭവങ്ങൾ ഉണ്ടായതുകൊണ്ടാണ്‌ ഞാനിങ്ങനെ സംശയദൃഷ്ടിയോടെ എഴുതിപ്പോകുന്നത്. വിശ്വസിക്കാൻ കൊള്ളാവുന്ന ഒരു മനുഷ്യനും ഇല്ലെങ്കിൽ, അല്ലെങ്കിൽ അത്തരക്കാർ ആയിരത്തിൽ ഒന്നൊക്കെയേ ഉള്ളെങ്കിൽ, ഈ നരജന്മം എന്തിനാണ്?
ഇത്തരം ജീവിതങ്ങൾ നീണ്ടുപോകേണ്ടാ എന്ന ഉൾവിളികൊണ്ടായിരിക്കാം നമ്മൾ ഒരു കൂട്ട ആത്മഹത്യയിലേയ്ക്ക് നീങ്ങിക്കൊണ്ടിരിക്കുന്നത്. മത്സ്യമാംസാദികൾ വർജിക്കുകയും, സ്വന്തമായി വളർത്തുന്ന പച്ചക്കറികൾ മാത്രം കഴിക്കുകയും മുറ്റത്തെ കിണറ്റിൽ നിന്ന് വെള്ളം കുടിക്കുകയും ചെയ്യുന്നവർ പോലും അരിയും പഞ്ചസാരയും ഉള്ളിയും ഉപ്പും മാത്രം വാങ്ങിയാലും വിഷബാധയേറ്റു മരിക്കേണ്ടിവരുന്ന പതത്തിലെത്തിക്കഴിഞ്ഞു നമ്മൾ. അത്തരമൊരു നാട്ടിൽ മതത്തിനെന്ത് പ്രസക്തി? യേശുവിനെ തിരഞ്ഞിട്ടെന്തു കാര്യം? പ്രാര്ത്ഥനയെപ്പറ്റി ചര്ച്ച നടത്തിയിട്ട് ആർക്കു നേട്ടം?
ഓർത്ത്‌ നോക്കിയാൽ സ്നേഹമെന്തെന്നോ അതിൽനിന്നുണ്ടാകേണ്ട വിട്ടുവീഴ്ചയെന്തെന്നോ നമ്മളാരും പഠിക്കുകയോ പഠിപ്പിക്കുകയോ ചെയ്തിട്ടില്ല. ഈ നാട്ടിൽ ജീവിതമെന്നത്‌ പൊള്ളയായ ഒച്ചപ്പാടും പുറംമോടിയുടെ അഹന്തയും ആരുമറിയാതെ ഒപ്പിക്കുന്ന അന്യോന്യ ചതിയും മാത്രമാണ്. വളരെയധികം നാടുകളിലെ മനുഷ്യരെ ഞാൻ കണ്ടിട്ടുണ്ട്, അവരോടൊത്ത് ജീവിച്ചിട്ടുണ്ട്, ജോലി ചെയ്തിട്ടുണ്ട്. എന്നാൽ ഇത്രയും മര്യാദകെട്ട, സത്യസന്ധതയും കാര്യശേഷിയും വൃത്തിയുമില്ലാത്ത ഒരു ജനതയെ മറ്റൊരിടത്തും കണ്ടിട്ടില്ല.
നെറിയും മാനവും ചോർന്നുപോയ ഈ ഗതികേടിൽ നിന്ന് ഒരു പോംവഴിയുണ്ടെങ്കിൽ അതെന്തെന്ന് നമുക്ക് തിരഞ്ഞുപോയാലോ?
     

14 comments:

 1. ശരിയാണ് സഹോദരീ , മതത്തിന് ഇനി യാതൊരു പ്രസക്തിയും ഇല്ല ,യേശു ഓപ്ഷണൽ ആണ് ഇല്ലെംകിലും കുഴപ്പം ഒന്നും സംഭവിക്കില്ല . എന്തല്ല പ്രാര്ത്ഥന എന്ന് ചുറ്റും നോക്കിയാൽ കാണാം .
  സ്തുതി സ്തുതി എന്ന് പറയുന്നതാണോ ?ഇത്ര സ്വയം പൊങ്ങി ആണോ ദൈവം . കൈകൊട്ടി അലറി വിളിക്കുന്നതാണോ പ്രാര്ത്ഥന ? വല്ലവരും എഴുതി അച്ചടിച്ചത് ഉരുവിടുന്നതാണോ പ്രാര്ത്ഥന ?
  ചുറ്റും നെഗറ്റിവിറ്റി ഉള്ളപ്പോഴും നമുക്ക് ലോകവുമായി ഇടപെടേണ്ടി വരും അപ്പോൾ അത് നമ്മെ ബാധിക്കാതിരിക്കാനുള്ള വഴികൾ കണ്ടെത്തണം . ധ്യാനം പരിശീലിക്കുന്നത് നല്ലതാണു . സഹോദരി പറഞ്ഞ ഒരു കാര്യം വളരെ ശരിയാണ് - ഇത്ര സ്വാർത്ഥരായ ഒരു ജനത ലോകത്ത് വേറെ ഉണ്ടാകില്ല ,ഭക്തിയും പ്രാർത്ഥനാ ഗ്രൂപ്പ്‌ മെംബെർഷിപ്പും എന്നും പള്ളിയിൽ പോക്കും ഉള്ളവർ പോലും വേഷം കെട്ടലിൽ ആണ് .
  നമ്മുടെ സന്ന്യസ്തരുടെ ജീവിതത്തിലെ വേഷം കെട്ടലുകൾ ചില കൊലപാതകങ്ങളും ആത്മകഥകളും വഴി
  നമുക്കറിയാം
  നന്മയുടെ രൂപത്തില വരുന്ന തിന്മയെ തിരിച്ചറിയാൻ കുറച്ചു പേര്ക്ക് എങ്കിലും കഴിയുന്നുണ്ടല്ലോ .

  ReplyDelete
 2. മറ്റേതെങ്കിലും നാട്ടിൽ വണ്ടിയോടിച്ചിട്ടുള്ളവർക്കറിയാം, വഴി ഉപയോഗിക്കുന്നവർ ശീലിക്കേണ്ട right of priority എന്നൊരു മര്യാദയെപ്പറ്റി. അതായത് പ്രധാന വഴികളും ശാഖാവഴികളും സന്ധിക്കുന്നിടത്ത് കൈവഴിയിൽ നിന്ന് വരുന്നയാൾ പ്രധാന വഴിയിലുള്ളവരെ അവഗണിച്ച് തള്ളിക്കയറാൻ പാടില്ല. അങ്ങനെ ചെയ്യുന്നത് നിയമലന്ഘനവും ഗൌരവ ശിക്ഷയർഹിക്കുന്ന തെറ്റുമാണ്. എല്ലാ ആപത്തുകളും തന്നെ ഈ മര്യാദയുടെ ലംഘനം മൂലമാണ് സംഭവിക്കുന്നത്‌. ഈ മര്യാദ വഴിയുടെ ഉപയോഗത്തിലെന്നല്ല, ജീവിതത്തിന്റെ മറ്റു തുറകളിലും മലയാളികൾക്കില്ല. അവര്ക്ക് ഒന്നേ അറിയൂ - എന്റെ ആഗ്രഹം ഉടനടി നടക്കണം. ബാക്കി ഏവരും എനിക്ക് വഴിമാറി തന്നോണം. ഇതാണ് നമ്മളെ ലോകത്തിലേയ്ക്കും വൃത്തികെട്ട മനുഷ്യരാക്കുന്നത്. ഏതു വണ്ടിക്കാരനും സൌകര്യമുണ്ടാക്കി ഏതു വശത്തുകൂടിയും മുന്നോട്ടു ഗമിക്കും എന്ന ധാർഷ്ട്യമാണ് ഈ നാട്ടിൽ ഡ്രൈവിംഗ് ഒരു പേടിസ്വപ്നമാക്കിത്തീർത്തിരിക്കുന്നത്. നിയമപാലകർ തന്നെ എപ്പോഴും നിയമത്തെ ലംഘിക്കുന്നിടത്ത് ഇതിനു ഒരിക്കലും മാറ്റം വരില്ല. അന്യരെ ചതിച്ചു ജീവിക്കുന്നവൻ എന്ന് മലയാളിക്ക് ഒരു പര്യായശബ്ദം നിഘണ്ടുവിൽ എഴുതിച്ചേർക്കേണ്ടതാണ്.

  പരസ്പര ബഹുമാനം ശീലിക്കാനല്ലെങ്കിൽ പിന്നെ നമ്മുടെ പള്ളികളും സ്കൂളുകളും എന്തിനുവേണ്ടിയാണ് നിലകൊള്ളുന്നത്? പെരിങ്ങുളത്ത് ഒരാഴ്ചത്തെ ധ്യാനം ഈയിടെയായിരുന്നു. ഇങ്ങനെയൊരു വിഷയത്തെ പരാമർശിച്ച് എന്തെങ്കിലും സംസാരമുണ്ടായോ എന്ന് ധ്യാനത്തിൽ പങ്കെടുത്തവരോട് ഞാൻ അന്വേഷിച്ചു. ഏയ്‌, എന്നായിരുന്നു മറുപടി.

  ReplyDelete
 3. This comment has been removed by the author.

  ReplyDelete
 4. "ഏതാണ് ഇനിയൊരു വഴി "?. മനയത്തെ മഹതിയുടെ അന്തംവിട്ട ഈ ചോദ്യം കേട്ടാൽ തോന്നും "ദൈവം നമ്മോടുകൂടെ "എന്നർഥമുള്ള പേരോടുകൂടിയവൻ , ആ ഇമ്മാനുവൽ ഇവിടെ വന്നില്ലായിരുന്നുവെന്നു! "ഞാൻ തന്നെ , വഴിയും സത്യവും ജീവനും ആകുന്നു "എന്നവൻ പറഞ്ഞില്ലായിരുന്നുവെന്നു ! അറിഞ്ഞില്ലായിരുന്നോ മാളോരേ..അവൻ വന്നിരുന്നു ! വഴി പറഞ്ഞിരുന്നു ;...,താൻ തന്നെ , സ്നേഹമാണ് വഴിഎന്നും (സ്നേഹമാണ് ദൈവം) പറഞ്ഞിരുന്നു ! പക്ഷെ "പാപാന്ധകാര പുതപ്പിനാൽ മൂടിയീ മാനവമാനസങ്ങൾ മയങ്ങിയതുകാരണം "കേൾപാൻ ചെവിയുള്ളവരില്ലാതെപോയി ! അവൻ പറഞ്ഞതിഷ്ടപ്പെടാഞ്ഞവർ "അവനെ കുരിശിക്കാ ,അവനെ കുരിശിക്കാ" എന്ന് പുരോഹിതരോടൊപ്പം വാനംമുട്ടെ മുറവിളികൂട്ടി! അവനെ കള്ളനെന്നുകരുതി രണ്ടു കള്ളന്മാർക്ക് നടുവിലായി കുരിശിച്ചു ! "ഇനിയാരു വഴി പറഞ്ഞുതരുവാൻ" എന്നോർത്തു തലമുറകൾ കേഴുന്നു , അതിൽ വെറും ഒരാളാനീ മനയത്തെ മങ്ക ! അമ്മേ,നീ കരയേണ്ടാ ..അവൻ പറഞ്ഞതുപോലെ "അയൽക്കാരനെ സ്നേഹിച്ചാൽമതി,പള്ളിയിൽ പോകാതിരുന്നാൽമതി." പള്ളിയിൽ ചെന്നാൽ പിരിവിന്റെം , പതാരത്തിന്റെം ,പള്ളിപണിയുടെം കാര്യത്തിനിടെൽ കത്തനാരുടെ നാവിൽ എവിടെ കർത്താവും അവന്റെ വചനവും? സമയം കൊല്ലാൻ കുർബാനപുസ്തകം മലർത്തിവച്ചതു നീട്ടിച്ചൊല്ലും ..ആടുകൾ പതിവുള്ളയിടങ്ങളിൽ "ആമ്മേൻ" എന്ന് കരയും ,അത്രതന്നെ.....ഇവിടെ ഈ നമ്മുടെ ഭാരതത്തിൽ , ഒരു കൃഷ്ണൻ വന്നിരുന്നു ! തന്റെ ചെങ്ങാതിയും മച്ചുണനുമായ് അർജുനനോടും , പിന്നെയൊടുവിൽ , കുട്ടിക്കാലംമുതൽ അവസാനനാൾവരെ കൂടെനടന്ന പ്രിയമന്ത്രി mr . ഉദ്ദവരോടും അറിവിന്റെ ഗീത കൃഷ്ണൻ പാടിയിരുന്നു !അതൊന്നും കേൾക്കാതെ എവിടെനിന്നോ പറ്റിക്കാൻ വന്ന , പുറം തൊലിവെളുത്ത സായിപിന്റച്ചെനെ കണ്ടപ്പോൾ ,ആനുകൂല്യങ്ങൾ കിട്ടിയപ്പോൾ "പോടാ ക്രിഷ്ണാ പോ" എന്നായി ! ആരുടെ തെറ്റുകൊണ്ടാ സോദരീ , നാം വഴിയറിയാതെ പോയത്? മനുഷ്യനു എന്നാളും അറിയേണ്ടവയുടെ , അവയുടെ അവസാനഭാഗവും ചേർത്ത വേദങ്ങളുടെ അന്ത്യം(വേദാന്തം)അരച്ചുചേർത്ത " ഭാരതത്തിന്നുപനിഷത്തുപെക്ഷിച്ചെൻ വല്യപ്പച്ചൻ , തലമുറയ്ക്കാത്മജ്ഞാന ദാഹമില്ലാതയ് "!(അപ്രിയ യാഗങ്ങൾ)...പോകട്ടെ, ക്രിസ്തു പറഞ്ഞ "അയൽക്കാരനെ സ്നേഹിച്ചാൽ" ഈ പ്രശ്നം വല്ലതും ഉണ്ടാകുമോ ? ജനനം ഒരു വലിയ സംഭവമാണ് ! മനസിന്റെ പൂർവകാല വാസനയാണതിനു കാരണം. നാം കേരളത്തിൽ ജനിച്ചതും നമ്മുടെ വാസനമൂലം ! .അല്ലായിരുന്നെങ്കിൽ അങ്ങ് സൊമാലിയായിലൊ, റുവാണ്ടയിലോ ജനിച്ചു , കുറച്ചുകൂടി മെച്ചപ്പെട്ട ഒരു ജീവിതം നമുക്കും തലമുറയ്ക്കും ആസ്വദിക്കാമായിരുന്നു ! അയ്യോ പാവം !അടുത്ത തവണ മനംപോലെ ഭവിക്കട്ടെ..ആശംസകൾ നേരുന്നു ..സ്വീകരിച്ചാലും .പക്ഷെ എനിക്കീ പൊന്നുമണ്ണു മതി ,മതിയാവോളം സ്വയമറിഞ്ഞു ജീവിക്കാൻ........... പിന്നെ ഒരുകാര്യം കൂടി , "ഈ മനോഹരതീരത്തു തരുമോ ഇനിയൊരു ജന്മംകൂടി ?,കൊതിതീരുംവരെ ഇവിടെ പ്രേമിച്ചു മരിച്ചവരുണ്ടോ? എന്നൊന്നും വയലാറിനെപ്പോലെ താനും കേറി നിയതിയൊടു പാഴ്ക്കിനാവിൽപോലും കാച്ചിക്കളയരുതുതാനും..

  ReplyDelete
 5. This comment has been removed by the author.

  ReplyDelete
  Replies
  1. "തുറന്നിട്ടൊരു ജാലകം , വായിക്കാനൊരു പുസ്തകം , സ്നേഹിക്കുന്നോരാളുടെ കരം , പിന്നെയൊരൽപം സംഗീതവും"

   എന്‍റെ ഓര്‍മ്മ ശരിയാണെങ്കില്‍ ആ കവിത ഇങ്ങിനെ:

   "A book of verse , a flask of wine and thou
   Beside me singing in the wilderness
   And wilderness is paradise enow." Omar Khayyam

   Delete
  2. This comment has been removed by the author.

   Delete
  3. Similar words are also given as Einstein's:

   "A single room with a table, a few books and a violin. I've all I need to be happy."

   I can easily borrow these words to describe my daily life. I'm, however, a thousand times luckier than Einstein, in that, he was too famous to be let alone.

   Delete
 6. ഇനിയെന്താന്‍ ഒരു പോംവഴി... ഒരെണ്ണം ഞാന്‍ കാണുന്നത് സ്വര്ഗ്ഗപ്രാപ്തിക്ക് വേണ്ടിയുള്ള വല്ല കര്‍മ്മങ്ങളും ഉണ്ടെങ്കില്‍ ചെയ്യണമെന്നാ. പണ്ടൊരു ആത്മാവിനു നരകം കിട്ടുമെന്നുറപ്പായപ്പോള്‍ വേറേതെങ്കിലും ശിക്ഷ തന്നാല്‍ മതിയെന്ന് പറഞ്ഞു. ആവട്ടെയെന്നു പറഞ്ഞു ദൈവം കൊടുത്തത് ഒരു കത്തോലിക്കനായി 90 വയസ്സ് വരെ കേരളത്തില്‍ ജീവിക്കാനുള്ള ഒരവസരമാണ്.

  മനയത്തെയല്ല ദാവിദിന്‍റെ ഗോത്രത്തില്‍ നിന്ന്ണ് തന്നെയാണ് തെരേസ്യ വരുന്നതെങ്കിലും ഒരു കാര്യം പറയാതെ വയ്യ. ഇവിടുത്തെ ചോദ്യം തല വേണോ..ഹൃദയം വേണോയെന്നതാണ്. നയാഗ്രാ കാണാന്‍ പോയ അമേരിക്കയിലുള്ള (കേരളിയ) യുവമിഥുനങ്ങള്‍ വഴിതെറ്റി കാനഡയില്‍ പ്രവേശിച്ചു. വണ്‍വേയല്ലേ തിരിച്ച് അമേരിക്കയിലേക്ക് കയറാന്‍ പറ്റിയില്ല. നല്ലവഴിയെ കറങ്ങി വീണ്ടും തിരിച്ചു ചെന്നപ്പോള്‍ അതിര്‍ത്തിയില്‍ ചെക്കിംഗ്.... ഭര്‍ത്താവിനു കാനഡയില്‍ നിന്നും അമേരിക്കയില്‍ പ്രവേശിക്കാന്‍ വിസായില്ലത്രേ. ഭര്‍ത്താവ് ഇന്ത്യയിലേക്കും, ഭാര്യ ഒറ്റയ്ക്ക് കാറോടിച്ചു ചിക്കാഗോയിലെക്കും മടങ്ങേണ്ടി വന്നു.അവിടെ നിയമം നിയമം തന്നെ... ആ ജീവിത ക്രമത്തിന് അതിന്‍റെതായ താളപ്പിശകുമുണ്ട്.

  ഇവിടെ ... എവിടെ ചെന്നാലും സ്വാതന്ത്ര്യം. സര്‍വ്വത്ര സ്വാതന്ത്ര്യം! സര്‍ക്കാര്‍ ഒരു രൂപ അനുവദിച്ചാല്‍ ജനത്തിനു ഒരു പൈസാ കിട്ടും. റോഡുകള്‍, തോടുകള്‍ തുടങ്ങി...സര്‍വ്വതും എല്ലാവന്‍റെയും...

  എന്നാലും നല്ല ഒരു മാതൃക കാണിച്ചു കൊടുക്കാനുള്ള ഉത്തരവാദിത്വം എന്‍റെയും കൂടിയാണല്ലോയെന്ന് ഓര്‍ത്തപ്പോള്‍
  അനുകരണിയമായതും ഞാന്‍ ചെയ്യുന്നതുമായ ഏതാനും കാര്യങ്ങള്‍ താഴെ അക്കമിട്ടു കൊടുക്കുന്നു:
  1

  2

  3

  4

  മഷി തെളിയാത്തതിനാല്‍ നന്നായി വായിക്കാന്‍ പറ്റണമെന്നില്ല. ക്ഷമിക്കുക!

  ReplyDelete
  Replies
  1. ദാവിദിന്‍റെ ഗോത്രത്തില്‍ നിന്ന്ണ് തന്നെയാണ് തെരേസ്യ വരുന്നതെങ്കിലും .....

   എന്റെയപ്പൻ യോനാച്ചൻ മനയത്ത് ആയിരുന്നു, ഏഴു മക്കളെ പോറ്റാൻ മരണംവരെ മണ്ണിൽ പണിതു ജീവിച്ച ഒരു പാവം തന്ത. പള്ളിക്കാർ പിരിവിനു വരുന്നതായിരുന്നു അദ്ദേഹത്തെ ഏറ്റവും അരിശം കൊള്ളിച്ചിരുന്ന കാര്യം. ശുദ്ധീകരണ സ്ഥലം ഉണ്ടെങ്കിൽ അത് അച്ചന്മാരുടെ വയറാണ് എന്ന് അവരുടെ മുഖത്തു നോക്കി പറയുമായിരുന്നു.

   Delete
 7. അമ്പോ ! എന്റെ മറ്റപ്പള്ളി സാറേ,ഉഗ്രാൻ നാല് നടപടികളും മനസിരുത്തി വായിച്ചു ..അനുകരണീയം തന്നെ ! മഷിതെളിഞ്ഞില്ലന്നാരാ പറഞ്ഞത്? നല്ലോണ്ണം വായിക്കാം കണ്ണുതെളിഞ്ഞൊർക്കു ! വെള്ളെഴുത്താണെൽ കണ്ണട വയ്ക്കട്ടെ ..

  ReplyDelete
 8. നർമ്മം എന്താണെന്നും എങ്ങനെ ആസ്വദിക്കണമെന്നും മറ്റപ്പള്ളി/കൂടൽ സാറന്മാർ നന്നായി - വാക്കുകൾ പോലുമില്ലാതെ - എന്നെ പഠിപ്പിക്കുന്നു. എന്താണ് സ്വാതന്ത്ര്യമെന്ന് പ്രായംകൊണ്ട് ഒരു വെറും പയ്യനായ ജീജോയും. നിങ്ങൾ അല്മായശബ്ദത്തെ മഹനീയമാക്കുന്നു. ഓരോ നിമിഷത്തെയും പ്രാർത്ഥനയാക്കുക, എല്ലാറ്റിലും നർമം കണ്ടെത്തുക, എന്തുണ്ടായാലും സ്വാതന്ത്ര്യം രുചിച്ചുകൊണ്ടിരിക്കുക - ജീവിതം ഒരു ദാനമാണ് - സുന്ദരമായ ദാനം.

  ReplyDelete
  Replies
  1. This comment has been removed by the author.

   Delete
 9. This comment has been removed by the author.

  ReplyDelete