Translate

Monday, May 27, 2013

പോപ്പ് ഫ്രാൻസിസും ചരിത്രവൈചിത്ര്യങ്ങളും

ജർമനിയിലുള്ള റ്റ്യൂബിങ്ങനിൽ നിന്ന് 2013 മെയ്‌ അവസാനം The Paradox of Pope Francis എന്ന ശീർഷകത്തിൽ ഫാ. ഹാൻസ് ക്യൂംഗ് എഴുതിയ ലേഖനത്തിലെ കാതലായ സന്ദേശം ഇവിടെ സംഗ്രഹിച്ചെഴുതുകയാണ്. (സക്കറിയാസ് നെടുങ്കനാൽ) 

പുതിയ പാപ്പാ ഫ്രാൻസിസ് എന്ന പേര് തിരഞ്ഞെടുത്തപ്പോൾ വേദപണ്ഡിതനായ ഹാൻസ് ക്യൂംഗ് (Hans Küng)  ആ പേരിന്റെ അർത്ഥവ്യാപ്തിയെപ്പറ്റി ദീർഘമായി ചിന്തിച്ചു. അതിന്റെ രത്നച്ചുരുക്കമാണ് മെയ്‌ ഒന്നിന് സെന്റ്‌ പീറ്റർ കതീദ്രലിനു മുമ്പിൽ അദ്ദേഹത്തെ സ്വീകരിച്ച ജനാവലി ഉയർത്തിപ്പിടിച്ച ബാനറിൽ എഴുതിയിരുന്നത്: ഫ്രാൻസിസ്, പോയി എന്റെ പള്ളിയെ നവീകരിക്കുക!

സംഭവിച്ചത് തികച്ചും അപ്രതീക്ഷിതമായിരുന്നു. എണ്‍പത്തഞ്ചുകാരനായ ബെനെടിക്റ്റ് സ്ഥാനമൊഴിയുന്നു. അപ്രതീക്ഷിതമായി ഒരു തെക്കേ അമേരിക്കക്കാരൻ ഹാൻസ് ഷൊർജ് ബർഗോളിയോ (Has Jorge Mario Bergoglio) പുതിയ പാപ്പയാകുന്നു. അദ്ദേഹമാകട്ടെ, ഫ്രാൻസിസ് എന്ന പേര് തിരഞ്ഞെടുക്കുന്നു. ഒരു പേരിലെന്തിരിക്കുന്നു എന്നല്ല, എന്തുകൊണ്ട് പതിമൂന്നാം നൂറ്റാണ്ടിൽ, യേശുവിന്റെ സുവിശേഷത്തെ മുഖവിലക്കെടുത്ത് ദരിദ്രനും മനുഷ്യസ്നേഹിയും പ്രകൃതിസ്നേഹത്തിന്റെ പാട്ടുകാരനുമായി ജീവിച്ച ഒരു സന്യാസിയുടെ പേരിൽ പുതിയ പോപ്പ് അറിയപ്പെടാനാഗ്രഹിക്കുന്നു എന്നാണ് ഹാൻസ് ക്യൂംഗിനോടൊപ്പം ലോകം മുഴുവൻ ചോദിച്ചത്. വത്തിക്കാൻ രണ്ടാം സൂനഹദോസ് വിളിച്ചുകൂട്ടി സഭയെ സമ്പൂർണമായി നവീകരിക്കാനാഗ്രഹിച്ച ജോണ്‍ പപ്പായുടെ സ്വപ്നങ്ങൾ സാക്ഷാത്ക്കരിക്കാൻ പോകുകയാണോ എന്ന പ്രത്യാശക്കാണ് ഈ പേര് തുടക്കമിട്ടത്. തന്റെ ആദ്യ വാക്കുകളിലൂടെയും വേഷവിധാനങ്ങളിലെ ലാളിത്യത്തിലൂടെയും പോപ്പ് ഫ്രാൻസിസ് ഈ പ്രത്യാശയെ പൊലിപ്പിച്ചു. അദ്ദേഹമത് തുടർന്നുകൊണ്ടുമിരിക്കുന്നു.

അധികാരത്തിന്റെ മോടികളല്ല, തനി മനുഷ്യത്വമാണ്‌ 
അദ്ദേഹത്തിൽ തെളിഞ്ഞുനില്ക്കുന്നത്. ജനത്തെ ആശീർവദിക്കുന്നതിനു മുമ്പ്, അദ്ദേഹം അവരുടെ പ്രാർത്ഥനക്കായി യാചിക്കുന്നു. സാധാരണക്കാരോടും കർദിനാളന്മാരോടും ഒരുപോലെ ഹൃദ്യമായി സംസാരിക്കുന്നു. സ്വന്തം പോക്കറ്റിൽ നിന്ന് താൻ താമസിച്ചിരുന്ന ഹോട്ടലിലെ ബിൽ തീർക്കുന്നു. അതുവരെ തന്നെ കൊണ്ടുനടന്ന ഡ്രൈവറുടെ ശമ്പളം തീർത്ത്‌, നന്ദിപറഞ്ഞയക്കുന്നു. ഒരു മുസ്ലിം വനിതയുടേതുൾപ്പെടെ ജയിൽവാസികളുടെ കാലുകൾ കഴുകുന്നു. മുമ്പത്തെ ഒരു പോപ്പും ഇങ്ങനെയായിരുന്നില്ല. പത്രോസിന്റെ പിൻഗാമിയെന്ന സ്ഥാനപ്പേര് ക്രിസ്തുവിന്റെ വികാരി എന്ന് മാറ്റിയത് വി. ഫ്രാൻസിസിന്റെ കാലത്തെ ഇന്നസെന്റ് III ആണ്. ആദ്യ സഹസ്രാബ്ദത്തിൽ അപ്പോസ്തോലിക പാരമ്പര്യമുള്ള പൌരസ്ത്യസഭകളുടെ സ്വതന്ത്രാസ്തിത്വത്തെ നിരാകരിച്ച്, തങ്ങളെത്തന്നെ ലോകമെങ്ങുമുള്ള സഭകളുടെ സർവ്വാധികാരിയും നിയമദാതാവും വിധിയാളനുമായി കരുതിയവരാണ് അതുകഴിഞ്ഞുള്ള പാപ്പാമാരെല്ലാം. ഇവരിലൂടെയെല്ലാം തുടർന്നുപോന്നത് സഭയുടെ അരൂപിയെ ശിഥിലമാക്കുന്ന പ്രവണതകളാണ് - സ്വന്തക്കാരോടുള്ള പക്ഷപാതം, അധികാരോന്മാദം, ധനാർത്തി, അഴിമതി, വഞ്ചനാപരമായ പണമിടപാടുകൾ തുടങ്ങിയവ. ഇവക്കെതിരെ പ്രതികരിച്ച സന്യാസസഭകളെ inquisition, crusades തുടങ്ങി എല്ലാ മാര്ഗങ്ങളും ഉപയോഗിച്ച് ഉത്മൂലനം ചെയ്യാനാണ് സഭയിലെ അധികാരശ്രേണി ശ്രമിച്ചത്. ഇതെല്ലാം സംഭവിച്ചപ്പോഴും, സഭ രക്ഷപ്പെടണമെങ്കിൽ നവീകരണം ആവശ്യമാണെന്ന് മനസ്സിലാക്കിയ ഇന്നസെന്റ് III,  ഒരു കൌണ്‍സിൽ (Fourth Lateran Council) വിളിച്ചു കൂട്ടി. അദ്ദേഹംതന്നെ, നീണ്ട വിസമ്മതത്തിനു ശേഷം, സുവിശേഷം പ്രസംഗിക്കാനുള്ളയനുമതി അല്മായനായ ഫ്രാൻസിസിന് കൊടുത്തു. ഫ്രാൻസിസിന്റെയും അനുയായികളുടെയും നിയമാവലിയെ അദ്ദേഹം വാക്കാൽ മാത്രം അംഗീകരിക്കുകയും ചെയ്തു.

ഫ്രാൻസിസിന്റെ വഴി
യേശുവിന്റെ സുവിശേഷത്തെ അതിന്റെ മുഖവിലക്കെടുക്കുകവഴി ഫ്രാൻസിസ് ചെയ്തത്, പതിനൊന്നാം നൂറ്റാണ്ടുതൊട്ട് സഭ ചെയ്തിരുന്നതിനെയെല്ലാം  - അതായത്, നിയമ-, രാഷ്ട്രീയ-, പൌരോഹിത്യസ്വാധീനത്തോടെയുള്ള അധികാരകേന്ദ്രീകരണം, ആദ്ധ്യാത്മീകതയുടെ ശോഷണത്തിനിടവരുത്തിയ മറ്റ് പ്രവണതകൾ - 
ചോദ്യം ചെയ്യുകയായിരുന്നു. ഈ ഉള്ക്കാഴ്ച്ചയെ തിരിച്ചറിയാനുള്ള വിവേകമുണ്ടായിരുന്നെങ്കിൽ, പതിന്നാലും പതിനഞ്ചും നൂറ്റാണ്ടുകളിൽ സഭയിൽ നടമാടിയ ഉൾപ്പോരുകളും പാപ്പാമാരുടെ നാടുകടത്തലും പതിനാറാം നൂറ്റാണ്ടിലെ പ്രൊട്ടസ്റ്റന്റ് നവീകരണവും അതുമായി ബന്ധപ്പെട്ട വഴക്കുകളും കൊലകളും ഒഴിവാക്കാമായിരുന്നു. എങ്കിൽ, ഫ്രാൻസിസിന്റെ കാലത്തുതന്നെ ഒരു പാരഡൈം ഷിഫ്റ്റ്‌ സംഭവിക്കുകയും സഭയുടെ പരിശുദ്ധി നിലനിർത്തിക്കൊണ്ട് പൌരസ്ത്യസഭകളുമായി ഒന്നുചേർന്നുപോകാൻ റോമായ്ക്ക് എല്ലാ സാദ്ധ്യതയും കൈവരുകയും ചെയ്യുമായിരുന്നു.

ഈ ചരിത്രപശ്ചാത്തലത്തിൽ, ഫ്രാൻസിസ് അസ്സീസിയുടെ മനോഗതങ്ങൾ ഇന്നും സഭയിൽ സംഗതമാണ്. അതുതന്നെയാണ് ഫ്രാൻസിസ് എന്ന പേരിലൂടെ ഇന്നത്തെ പോപ്പ് സ്വന്തമാക്കുകയും ലോകത്തിനു പകർന്നുകൊടുക്കുകയും ചെയ്തിരിക്കുന്ന ശുഭാപ്തിവിശ്വാസം. ദാരിദ്ര്യം, ലാളിത്യം, എളിമ എന്നീ ഗുണങ്ങൾ ഉൾകൊള്ളുന്ന ഈ ആദർശം മുമ്പുള്ള ഒരു പോപ്പിനും ആകർഷകമായി തോന്നാതിരുന്നത് അവയെ സ്വാംശീകരിക്കാനുള്ള ബുദ്ധിമുട്ടുകൊണ്ടുതന്നെയാണെന്നതിൽ ഒരു തര്ക്കവും ആവശ്യമില്ല. ഈ മൂന്ന് ആദർശങ്ങൾ സഭയെ എങ്ങനെ ബാധിക്കും എന്ന് നോക്കാം.

ദാരിദ്ര്യം: ഇതുവരെയുള്ള പ്രവൃത്തിപഥത്തിൽ നിന്ന് വ്യത്യസ്തമായി, സമ്പത്തിന്റെ ഉപയോഗത്തിൽ മിതത്ത്വവും സുതാര്യതയും കൊണ്ടുവരിക. സഭയുടെ പരമപ്രധാനമായ ഇടപെടലുകൾ ദാരിദ്രരോടും അവശരോടുമുള്ള കടപ്പാടാൽ മുദ്രിതമാകണം. സമ്പത്ത് കൂട്ടിവയ്ക്കുക പാപമായി കാണണം. ജോലിക്കാർക്ക് മാന്യമായ വേതനം ഉറപ്പാക്കണം.

എളിമ: സഹോദരബുദ്ധ്യാ നടത്തുന്ന ചർച്ചകൾ 
പ്രശ്നപരിഹാരത്തിന്വഴിതെളിക്കണം. മനുഷ്യത്വം, പക്ഷപാതമില്ലാത്ത സേവനം, വ്യത്യസ്ത ചിന്താരീതികളോടും പുതിയ ആദ്ധ്യാത്മിക ഉണർവുകളോടുമുള്ള സഹിഷ്ണുത മാത്രമല്ല,അവയുടെ പ്രോത്സാഹനവും ഇതിൽപ്പെടും.

ലാളിത്യം: വിശ്വാസ-, ധാര്മ്മിക-, നിയമതലങ്ങളിലുള്ള കടുംപിടുത്തത്തിന്റെ സ്ഥാനത്ത്‌ സദ്വാർത്തയുടെയും സന്തോഷത്തിന്റെയും അരൂപിയായിരിക്കണം നേതൃത്വത്തെ നയിക്കുന്ന ശക്തികൾ. ദൈവജ്ഞാനികളുടെ താത്ത്വികവിചാരങ്ങൾക്കും മുകളിൽനിന്ന് അടിച്ചേല്പ്പിക്കുന്ന അദ്ധ്യയനത്തിനും പകരം സുവിശേഷസന്ദേശങ്ങൾ ശ്രദ്ധിച്ചിരുന്നു പഠിക്കുന്ന ഒരു സമൂഹമായിരിക്കണം മുൻപന്തിയിൽ നിന്ന് കാര്യങ്ങളെ നിയന്ത്രിക്കുന്നത്‌. സഭ പഠിപ്പിക്കുക മാത്രമല്ല, നിരന്തരം പഠിക്കുകയും ചെയ്യേണ്ടിയിരിക്കുന്നു.

ഇങ്ങനെയൊരു പാരഡൈം ഷിഫ്റ്റ്‌ സാദ്ധ്യമാകണമെങ്കിൽ ഒരഞ്ചുകൊല്ലമെങ്കിലും വേണ്ടിവരും. 1958മുതൽ 1963വരെ പാപ്പായായിരുന്ന ജോണ്‍ ഇരുപത്തിമൂന്നാമൻ അങ്ങനെയൊന്നാണ്‌ പ്ലാൻ ചെയ്തത്. ഒരു പോളണ്ടുകാരനും ഒരു ജർമൻകാരനും കൂടി ആ വലിയ സംരംഭത്തെ തകർത്തുകളഞ്ഞതുപോലെ ഇനി സംഭവിക്കാതിരിക്കട്ടെ. തീർച്ചയായും മദ്ധ്യനൂറ്റാണ്ടുകൾ മുതൽ ദുഷിച്ച ശക്തികളുടെ ഒരു കോട്ടയായി വളർന്നിട്ടുള്ള റോമൻ ക്യൂറിയ പുതിയ പോപ്പിനെ നിർവീര്യനാക്കാനുള്ള എല്ലാ കളികളും നടത്തും. ഒരിക്കൽ സംഭവിച്ചതുപോലെ, ഒരു പോപ്പിനെ കഥാവശേഷനാക്കാൻ പോലും മടിക്കാത്ത ഒരു ശക്തിദുർഗ്ഗമാണത്.

ക്യൂരിയായുടെ പ്രതിരോധങ്ങൾക്കെതിരെ ജാഗ്രത 

എല്ലാത്തിൽ നിന്നും സ്വതന്ത്രനായി, യേശുവിനെപ്പോലെ ദാരിദ്ര്യത്തെ ആശ്ലേഷിക്കാൻ കൊതിച്ച ഫ്രാൻസിസ് അസ്സീസിയെയും ക്യൂരിയായുടെ ശക്തമായ എതിർപ്പ് ബലഹീനനാക്കാൻ ശ്രമിച്ചിരുന്നു. അധികാരശ്രേണിയുടെ അതിരുകടന്ന ഇടപെടലുകളെ തരണം ചെയ്യാൻവേണ്ടി പോപ്പിനും സഭാമാതാവിനും ഹീനമായി വഴങ്ങേണ്ടിവന്ന ഒരവസ്ഥയായിരുന്നു
അദ്ദേഹത്തിന്റേത്. കൊച്ചു സഹോദരന്മാർ എന്ന് സ്വയം വിളിച്ചിരുന്ന ഫ്രൻസിസ്കൻ സന്യാസികളെ അല്മായരില്നിന്നു വേർതിരിച്ച് ക്ലെർജിയുടെ ഭാഗമാക്കിത്തീർക്കാനും റോമായോട് ബന്ധിക്കാനുമുള്ള ശ്രമമായാണ് അവർക്കിടയിലും പുരോഹിതരെ വാഴിച്ചതും ഏവരും തല മുണ്ഡനം ചെയ്യണമെന്ന ആചാരം അടിച്ചേൽപ്പിച്ചതും. തനതായ വഴിയിലൂടെ യേശുവിനെ അനുഗമിക്കാൻ കൊതിച്ച ആ സന്യാസ സമൂഹത്തെയും നിലവിലുണ്ടായിരുന്ന മറ്റേത് സന്യാസികളെയും പൊലെയാക്കിത്തീർത്ത ഇത്തരം ഇടപെടലുകൾ ഫ്രാൻസിസിന്റെ അവസാന നാളുകളെ ദുഃഖപൂരിതമാക്കി.

തന്റെ നാല്പത്തിനാലാമത്തെ വയസിൽ മരിക്കുമ്പോൾ (ഒക്റ്റോബർ 3, 1226), ഫ്രാൻസിസ് യേശുവിനോട് ഏറ്റവും സദൃശനും ആരംഭത്തിലെന്നപോലെ സർവപരിത്യാഗിയുമായിരുന്നു. വത്തിക്കാന്റെ അധികാരവും സമ്പത്തും വര്ദ്ധിപ്പിക്കാൻ തന്റെ മുൻഗാമികളെക്കാളൊക്കെ കൂടുതൽ യത്നിച്ച പോപ്പ് ഇന്നസെന്റിന്റെ നഗ്നശരീരം, അമ്പത്താറാം വയസിൽ ഏവരാലും ത്യജിക്കപപെട്ട്, പെറൂജിയായിലെ കതീദ്രലിൽ കണ്ടെത്തുകയായിരുന്നു (ജൂലൈ 16, 1216). അദ്ദേഹത്തിൻറെ പിൻഗാമി, 'മെഗലൊമാനിയാക്' ബോനിഫസ് VIII, അറസ്റ്റ് ചെയ്യപ്പെട്ടതോടെ, പേയ്പ്പസിയുടെ എഴുപതു വർഷത്തെ നാടുകടത്തൽ ആരംഭിക്കുന്നു. രണ്ടും മൂന്നും പാപ്പാമാർ ഒരേസമയം അധികാരക്കസേരക്ക് വഴക്കുപിടിക്കുന്ന വിചിത്രചരിത്രം അതിനുശേഷമാണ്.


ഫ്രാൻസിസിന്റെ മരണശേഷം രണ്ട് ദശാബ്ദങ്ങൾ കൊണ്ട് അദ്ദേഹത്തിൻറെ സന്യാസസമൂഹത്തെ വത്തിക്കാൻ-രാഷ്ട്രീയത്തിന്റെ വരുതിക്കുള്ളിലാക്കുകയും inquisition ന്റെ ഉപകരണമാക്കുക പോലും ചെയ്തു. ഇന്നാകട്ടെ, സഭയിലെ അഴിമതിരാഷ്ട്രീയവും അധികാരപ്രമത്തതയും അന്നത്തേതിലും ശക്തമാണ്. പോപ്പ് ഫ്രാൻസിസിന് എവിടെവരെ പോകാനാകുമെന്നത് കണ്ടറിയണം. നവീകരണ യത്നങ്ങളുമായി മുന്നോട്ടു നീങ്ങനാവാത്ത ഒരവസ്ഥ വന്നുചേർന്നാൽ, അദ്ദേഹത്തിൻറെ ഉദ്യമങ്ങളെ പിന്തുണയ്ക്കുന്ന, ലോകമെങ്ങുമുള്ള ശക്തമായ അല്മായസമൂഹങ്ങൾ മാത്രമായിരിക്കും അദ്ദേഹത്തിനു തുണയാകാൻ പോകുന്നത്. പണ്ടത്തെ അനുസരണയൊന്നും അല്മായരിൽ നിന്ന് സഭാകേന്ദ്ത്തിന് ഇന്ന് പ്രതീക്ഷിക്കാനാവില്ല എന്നത് ഇത്തരുണത്തിൽ ശുഭോദർക്കമാണ്. [അതിൽ ഭാരതമക്കളായ നമുക്കും നിസ്സാരമല്ലാത്ത ഒരു പങ്കുണ്ട് എന്നതിൽ നമുക്കഭിമാനിക്കാം.] വത്തിക്കാന്റെ തത്ത്വശാസ്ത്രമനുസരിച്ച്, ദൈവത്തെ അനുസരിക്കുക എന്നാൽ സഭയെ അനുസരിക്കുകയാണ്. സഭയെ അനുസരിക്കുക എന്നാൽ പോപ്പിനെ അനുസരിക്കുകയും. ഈ അനുസരണ ഏതു മാർഗമുപയോഗിച്ചും സാദ്ധ്യമാക്കാനവർ ഒരുക്കവുമാണ്. എന്നാൽ യേശുവിന്റേതായ മറ്റൊരു കാഴ്ചപ്പാട് അതിലും ശക്തമാണ് എന്ന് നാം മറക്കരുത്: മറ്റു മനുഷ്യരെ എന്നതിനേക്കാൾ ദൈവത്തെയാണ് നിങ്ങൾ അനുസരിക്കേണ്ടത്‌. പോപ്പ് ഫ്രാൻസിസ് തുടക്കംകുറിക്കുന്ന നവീകരണപ്രക്രിയിൽ താഴത്തെ തലങ്ങളിൽ നിന്നുള്ള ഉത്തേജനം അദ്ദേഹത്തിൻറെ കരങ്ങൾക്ക് ശക്തി പകരട്ടെ. അതുണ്ടാകുന്നില്ലെങ്കിൽ, ദൈവത്തിന്റെ ഈ ലോകത്തോട്‌ യാതൊരു പ്രതിബദ്ധതയുമില്ലാത്ത ഒരു സെക്റ്റായി ക. സഭ തരംതാഴ്ന്നുപോകും.

4 comments:

  1. മാര്‍പ്പാപ്പാമാരുടെ സുദീര്ഘമായ ഒരു ചങ്ങലയില്‍ ഫ്രാന്‍സിസ് മാര്‍പ്പാപ്പാ വേറിട്ട്‌ നില്‍ക്കുന്നു. ഒന്നുകില്‍ നക്കിക്കൊല്ലും അല്ലെങ്കില്‍ ഞെക്കിക്കൊല്ലും എന്ന് പറഞ്ഞത് പോലെയാണ് റോമിന്‍റെ കാര്യം. എതിരിട്ടവരും വേറിട്ട്‌ ചിന്തിച്ചവരുമായ അനേകര്‍ക്ക്‌ നേരിടേണ്ടി വന്ന ഗതി ഇതാണ്.

    ഇപ്പോള്‍ കാണുന്നത് സഭ ചെകുത്താനും കടലിനും ഇടയില്‍ നിന്ന് വിയര്‍ക്കുന്നതാണ്. ഒരറ്റത്ത് നെഞ്ചു വിരിച്ചു ഫ്രാന്‍സിസ് മാര്‍പ്പാപ്പാ ഒരു യുദ്ധത്തിനു തയ്യാറെന്ന് പറഞ്ഞു നില്‍ക്കുന്നു, മറുവശത്ത്‌ ബോബി ജോസ് അച്ചനെപ്പോലെ അനേകര്‍. ഈ ബഹളങ്ങളില്‍ നിന്നും മാറി നില്‍ക്കുന്നു. കേരളത്തിലെ സഭക്ക് ഇവരെ നക്കാനും വയ്യാ.....നോക്കാനും ഭയം. അത് കൊണ്ടാണ് ഞാന്‍ പറഞ്ഞത് ക. സഭ ഇപ്പോള്‍ രക്തം വിയര്‍ക്കുകയാണെന്ന്.

    മോഡേണ്‍ ബ്രെഡ്‌ വാഴ്ത്തി വിഭജിച്ചു പങ്കു വെച്ച് കുര്‍ബാന ചെല്ലുന്നവര്‍ ഈ കേരളത്തിലുണ്ട്. മുഖവാരത്തിനു മുകളില്‍ ഓംകാരം കൊത്തി വെച്ച ഔദ്യോഗികാംഗികാരമുള്ള പള്ളികളുമുണ്ട്, കുര്‍ബാനക്കിടെ ആരതിയും സൂര്യ നമസ്ക്കാരവും ചെയ്യുന്ന ദെവാലയങ്ങളുമുണ്ടിവിടെ - ഈ കൊച്ചു കേരളത്തില്‍.. തന്നെ. മെത്രാന്മാര്‍ക്ക് ഇതറിയുകയും ചെയ്യാം. വിലക്കാന്‍ മിനക്കെട്ടാല്‍ നാലുപേര് കൂടുതല്‍ അറിയുമെന്നല്ലാതെ വിലക്ക് ഏല്ക്കില്ലെന്നും അവര്‍ക്ക് അറിയാം.

    ഓരോ ദിവസവും ഇരുവശത്തു നിന്നും, ഉള്ളില്‍ നിന്നും ഏറിക്കൊണ്ടിരിക്കുന്ന ഇതുപോലെ രൂക്ഷമായ സംഘര്‍ഷം ഇന്നേവരെ കേരള ക. സഭ നേരിട്ടിട്ടില്ല. നേര്‍വഴിക്കു വരാതെ കേരള സഭക്ക് നിലനില്പ്പില്ലെന്നു ഉറപ്പ്. മാര്‍പ്പാപ്പാ പറയുന്നത് പോലെ കാര്യങ്ങള്‍ നടത്തിക്കാണുക എന്ന ഒരു കൊച്ചാഗ്രഹമേ എനിക്കുള്ളൂ.

    ReplyDelete
  2. ശ്രീ ജോസഫ്‌ മറ്റപ്പള്ളിസാറിന്റെ ഈ കൊച്ചാഗ്രഹം നടപ്പില്ല ! ,കാരണം ക്രിസ്തുവിന്റെ വാക്കിനു പുല്ലുവിലപോലും കൊടുക്കാത്ത ഒന്നാമത്തെ സഭയാണ് കത്തോലികാസഭ !തമ്മിൽ തല്ലുന്നവരും , അന്യനെ തല്ലുന്നവനും മശിഹായുടെ ആരുമല്ല ! ശപിക്കുന്ന സഭകളും അവന്റെ സഭകളെയല്ല ! ഇതെല്ലാം വെറും പുരോഹിതസെറ്റപ്പുകൾ അത്രതന്നെ... ..ഇവയെല്ലാം നശിക്കും , വീണ്ടും അവന്റെ രാജ്യം വരാൻ ആ പൊന്നുമൊഴികൾ ജീവിതപാഥെയമാക്കിയ സഭ ,സ്നേഹത്തിന്റെ സഭ , നല്ല ശമര്യരുടെ സഭ , കുർബാന ചൊല്ലാത്ത , പകരം കുർബാന ചെയ്യുന്ന ആ സഭ , ഇവിടെ ഈ ഭൂമിയിൽ വന്നേ മാതയാവൂ......വരും നിച്ചയം , അവനും വീണ്ടും വരും !

    ReplyDelete
  3. വത്തിക്കാനിലെ സാമ്പത്തികശക്തിക്കെതിരേ നിഷ്കളങ്കനായ ഈ മാർപാപ്പാക്ക് എന്തുചെയ്യുവാൻ സാധിക്കുമെന്നാണ് ലോകം ഉറ്റുനോക്കിക്കൊണ്ടിരിക്കുന്നത്. അവനെ ക്രൂശിക്കുകയെന്ന് പിറുപിറുക്കുന്ന ചുവപ്പുനാട വത്തിക്കാനുള്ളിൽത്തന്നെ ഇതിനോടകം സംഘിടതമായിക്കാണും.

    സഭയുടെ പാരമ്പര്യങ്ങൾക്കും തത്വങ്ങൾക്കുമുപരി ഫ്രാൻസീസ് മാർപാപ്പാ ജനങ്ങളുമായി സമ്പർക്കത്തിൽ ഏർപ്പെടുന്നതായി വാർത്തകളിലെന്നും കാണുന്നു. ഈശോസഭാവൈദികരെ ആഗോളതലത്തിൽ വിദ്യാസമ്പന്നരായി കരുതുന്നുണ്ടെങ്കിലും തന്റെ മറ്റു രണ്ടു മുൻഗാമികളെപ്പോലെ ഫ്രാൻസീസ് മാർപാപ്പാ പ്രസിദ്ധനായ ഒരു മതപണ്ഡിതനോ, ദൈവശാസ്ത്രജ്ഞനോ അല്ല. കീർത്തികേട്ട യൂണിവേഴ്സിറ്റിയിൽ പഠിച്ചിട്ടില്ല. കാര്യമായ പുസ്തകങ്ങളൊന്നും രചിച്ചിട്ടില്ല. ബൌദ്ധികമായി ഉന്നതനിലവാരം ഇല്ലാത്ത ഒരു മാർപ്പാപ്പയെ ലഭിച്ചതുതന്നെ സാധാരണക്കാരന്റെ വിജയമായി കരുതാം. സഭയെ നയിക്കുവാൻ മുക്കവകുടിലിലെ പത്രൊസിന്റെയൊ കൂടാരപ്പണിക്കാരനായ പോളിന്റെയോ അറിവ് മാത്രം മതിയാവും. ഒരുപക്ഷെ ലോകപ്രസിദ്ധരായ ദൈവശാസ്ത്രജ്ഞരോടൊപ്പം പൊതുസ്റ്റേജിൽ മാർപാപ്പാ കാണുകയില്ലായിരിക്കാം. എങ്കിലും എന്താണോ അദ്ദേഹം പറയുന്നത്, അത് തികച്ചും ഹൃദയത്തിൽ നിന്നുള്ള ഭാഷയാണ്‌. കാലം അത് തെളിയിക്കപ്പെടേണ്ടതുണ്ട്.


    ഫ്രാൻസീസ് മാർപാപ്പയുടെ മുൻഗാമികളായ രണ്ടുപേരും രണ്ടാം വത്തിക്കാൻ കൌണ്‍സിലിൽ പങ്കുചേർന്നവരാണ്. ഫ്രാൻസീസ് പുരോഹിതനായി വ്രതം എടുത്തതും രണ്ടാംവത്തിക്കാൻ കൌണ്‍സിലിന് ശേഷമായിരുന്നു.


    മേരി മഗ്ദാലനായുടെ നിമിഷങ്ങളും ഓർത്തുപോവുകയാണ്. യേശുവിന്റെ പാദങ്ങൾ അവൾ പൂശിയത് വിലയേറിയ തൈലംകൊണ്ടായിരുന്നു. അന്നത് യഹൂദരുടെ മതാചാരം ആയിരുന്നു. സ്നേഹത്തിന്റെയും കൃതജ്ഞതയുടെയും അടയാളമായി നാഥന്റെ കാൽപാദത്തിങ്കൽ അവൾ കർമ്മങ്ങൾ പൂർത്തിയാക്കി. യൂദാസ് അവളെ ശകാരിച്ചുകൊണ്ട് പറഞ്ഞൂ, "സ്ത്രീയെ വിലകൂടിയ തൈലത്തിന് ഉപയോഗിച്ച പണം നീ പാവങ്ങള്ക്ക് ചെലവാക്കിയിരുന്നുവെങ്കിൽ ഉത്തമമായേനേ?. യൂദാസിന്റെ ഈ വിമർശനം ഒരു പക്ഷെ സുവിശേഷത്തിലെ ദരിദ്രർക്കായുള്ള ആദ്യത്തെ വചനവുമായിരിക്കാം. മതത്തിന്റെയായാലും സമൂഹത്തിന്റെയായാലും തത്ത്വസംഹിതകൾക്ക് സ്നേഹമെന്തെന്ന് അറിയത്തില്ല. എന്താണ് നാഥന് സമ്മാനം നൽകേണ്ടതെന്നും പരസ്പരം അവർക്കറിയത്തില്ലായിരുന്നു.

    'കത്തീദ്രാ' എന്ന ഗ്രീക്ക് പദത്തിന്റെ അർഥം 'ബിഷപ്പിന്റെ മുൾക്കിരീടം' എന്നാണ്. മുൾക്കിരീടം പിന്നീട് നവരത്നങ്ങൾ പതിച്ച കിരീടമാക്കി. കത്തീഡ്രൽ ബസലിക്കായായി. അർഥവും മാറിപ്പോയി. ' ബസലിക്കാ' പൗരാണിക റോമൻ രാജാവിന്റെ മന്ദിരമായിരുന്നു. ഗ്രീക്ക് വാക്കിൽനിന്നുതന്നെയാണ് ഈ രാജകീയപദം മുക്കവ കുടിലിലെ പത്രോസിന്റെ മന്ദിരത്തിന് ലഭിച്ചത്.

    യഥാർഥത്തിൽ ബുദ്ധിമാന്മാരെയല്ല സഭയ്ക്കാവിശ്യം. ലോകത്തെ നശിപ്പിച്ചത് ജർമ്മൻ ബുദ്ധിമാന്മാരാണ്. ലോകം വിഷമയമാക്കിയത് കാറൽ മാര്ക്സോ, എന്ജല്സോ ആണെന്ന് സഭ പറയും. എന്നാൽ സത്യമതല്ല. ലോകത്തിലെ മാരകായുധങ്ങളുടെ ബുദ്ധിയുടെ ഉറവിടം ജര്മ്മനി ആയിരുന്നു. രണ്ടു ലോകമഹായുധങ്ങളും നയിച്ചു. ഒരു ജർമ്മൻ ബുദ്ധിമാൻ സഭയേയും നശിപ്പിച്ചു. ഇനി ഒരിക്കലും ഒരു ജർമ്മൻ ബുദ്ധിമാന്റെ ആവശ്യം വത്തിക്കാനില്ല.

    ReplyDelete
  4. സ്വയം പുണ്യാളനും രാജ്യതന്ത്രജ്ഞനുമായി കരുതിക്കൊണ്ട് ലോകത്തെല്ലാം പറന്നു നടന്ന് അവിടങ്ങളിലെ മണ്ണ് മുത്തി താനെത്ര എളിമയുള്ളവനുമെന്നു കാണിച്ചുകൊടുത്ത പഴയ ജോണ് പോൾ രണ്ടാമന്റെ കൂട്ട് ഫ്രാൻസിസ് പാപ്പാ കറക്കം തുടങ്ങാതിരുന്നാൽ മതിയായിരുന്നു. സ്വന്തം ജനത്തിന് ആളെക്കൊണ്ടു മതിയാവുംപോഴാണ്‌ നേതാക്കന്മാർ പുറത്തേയ്ക്ക് വണ്ടി കയറുന്നത്. കണ്ടില്ലേ ആലഞ്ചെരിയും നമ്മുടെ മന്ത്രിമാരുമൊക്കെ കാണിക്കുന്നത്. വീട്ടില് പണിയോന്നുമില്ലേ എന്ന് അവർ ചെല്ലുന്നിടത്തെ മനുഷ്യര് ചോദിക്കുന്നത് അവർ കൂട്ടാക്കുകയില്ല. പോപ്പ് ഫ്രാൻസിസിന്റെ ജനസമ്പർക്കത്തിനു സ്വാഭാവികതയും ലാളിത്യവുമുള്ളതുകൊണ്ടാണ് അദ്ദേഹത്തെ ജനം ഇഷ്ടപ്പെടുന്നത്.

    ReplyDelete