Translate

Tuesday, January 14, 2014

"യേശു പറഞ്ഞത് കളിപ്പീരാണ്”: സഭ

പൌരോഹിത്യം ഈവിധം ഒരു സർവാധിപത്യത്തിലേക്കു വളർന്നു വികസിച്ചതിനു പിന്നിൽ  വിശ്വാസിയുടെ ഉപേക്ഷകളും വലിയൊരളവിൽ കാരണമായിട്ടുണ്ട് എന്നു കരുതുന്നതിൽ തെറ്റുണ്ടോ ? പച്ചക്കറിക്ക് സൂപ്പർ മാർക്കറ്റ്‌ ഉള്ളപ്പോൾ വീട്ടിലാരെങ്കിലും കൃഷിക്ക് മിനക്കെടണോ? ഒരു ടാക്സും കൊടുക്കാതെ സ്വർഗ്ഗത്തിൽ എത്താനുള്ള അഞ്ചുവരിപ്പാത തുറന്നു കൊടുക്കുന്ന പുരോഹിതന്, കുറെ അത്ഭുത രോഗശാന്തികളുടെ അകമ്പടിയുമുള്ളപ്പോൾ,  “ഉള്ളിൽ വസിക്കുന്ന ദൈവം” എന്ന സ്വയം കൃഷി അപ്രസക്തമാക്കാൻ എന്തെളുപ്പം!  സ്വർഗ്ഗത്തിലേക്കുള്ള വഴി ഇടുങ്ങിയതും ദുർഘടം പിടിച്ചതാണെന്നുമൊക്കെ യേശു പറഞ്ഞത് കളിപ്പീരാണ് എന്നമട്ടിലാണ് ഇപ്പോൾ കാര്യങ്ങളുടെ പോക്ക്!

ഒരു വ്യക്തി എത്രത്തോളം സ്നേഹിക്കുന്നുവെന്നോ അയാൾ നീതിമാനാണോ എന്നതിന്റെയൊക്കെ പോലും മാനദണ്ഡം, അയാളുടെ അനുഷ്ടാനങ്ങളിലുള്ള സജീവതയാക്കി മാറ്റാൻ പൌരോഹിത്യത്തിന് കഴിഞ്ഞു. സ്നേഹത്തിനും നീതിക്കുമൊക്കെ മുകളിൽ പുരോഹിതൻ സ്ഥാപിച്ചിരിക്കുന്നത് അനുഷ്ടാനങ്ങളെയാണ്. അപ്പോൾ,  ഇതു തന്നെയാണ് ഏറ്റവും വലിയ ക്രിസ്തു വിരുദ്ധത! നിങ്ങൾക്ക് ഞാൻ ഒരു കല്പ്പന തരുന്നു; പരസ്പരം സ്നേഹിക്കുവിൻ. സമകാലിക സഭയിൽ  ഈ കല്പ്പന എവിടം കൊണ്ടാണ് പൂർത്തീകരിക്കപ്പെടുന്നത്? അൾത്താരയിലെ പ്രസംഗത്തിൽ മാത്രം മുഴങ്ങി കേൾക്കുന്ന സഹോദരസ്നേഹവും നീതിയും. സ്നേഹിക്കണം എന്ന് പറഞ്ഞു കേട്ടാൽ സ്നേഹിച്ചു എന്ന ധാരണയിൽ വീട്ടിലേക്കു മടങ്ങുന്ന വിശ്വാസികൾ! പക്ഷെ , അവർക്കുമറിയാം കാശിറക്കാതെ ഒരു സാമാന്യനീതി, പറഞ്ഞു പ്രീണിപ്പിക്കുന്ന സമുദായത്തിന്റെ പേരിൽ പോലും ഒരു പുരോഹിതനിൽ നിന്നും പ്രതീക്ഷിക്കേണ്ടതില്ല എന്ന്! എങ്കിലും, തൃപ്തരാണവർ.

ഈ അവസ്ഥ മാറാതെ, മാറ്റാതെ ഒരു നവീകരണം ആർക്കു വേണ്ടിയാണ് ? ചൂഷണം അവസാനിപ്പിക്കണം എന്ന് സ്വയം വിചാരിക്കാത്തതും നിലവിലുള്ള വ്യവസ്ഥയിൽ സംതൃപ്തരുമായ ഒരു ജനത്തോട്, വിശ്വാസികളോട് നവീകരണം എന്ന ആശയത്തിന്റെ അർഥം തന്നെ പറഞ്ഞു മിനക്കെടുന്ന കാഴ്ചയാണ് എനിക്ക് മുന്നിലുള്ളത്! ആ നിലക്ക്, നീഷേയുടെ സരതുസ്ത്ര എന്ന കഥാപാത്രം സൂര്യനോട് ചോദിച്ചത് പോലെ; “മഹാതാരമേ, നിനക്ക് പ്രകാശിപ്പിക്കാൻ ഒന്നുമില്ലായെങ്കിൽ നിന്റെ ആഹ്ലാദമെന്ത്” എന്നപോലെ, ഒരു നവീകരണം മനസ്സാവരിച്ച ഏതൊരു വ്യക്തിയും തന്റെ ആത്മാവിൽ അനുഭവിക്കുന്ന ഏറ്റവും വലിയൊരു സർഗ്ഗവേദനയും  പ്രതിസന്ധിയുമാണിതെന്ന് ഞാൻ പറഞ്ഞാൽ ഇത് വായിക്കുന്നവർ എന്നോട് പിണങ്ങുമോ? എനിക്ക് “കുളിക്കണം“ എന്ന് സ്വയം തോന്നാത്തവൻ, മുറ്റത്തെ ഓടയുടെ ദുർഗന്ധത്തെപ്പറ്റി പറയുന്നതിൽ എന്തോ ഒരു പിശകില്ലേ ?   

9 comments:

 1. മഹേശ്വർ കുറിച്ച ഈ വരികൾ ഓരോ അല്മായനും വായിച്ചിരിക്കണം ,,എനിക്കും ഇത് മാത്രമേ കരയുവാനുള്ളൂ...

  ReplyDelete
 2. കിറുകൃത്യമായി ഇപ്പോഴത്തെ ക്രിസ്ത്യാനികളെപ്പറ്റി മഹേശ്വർ (പേരു കേട്ടിട്ട്, ഇദ്ദേഹം ഹിന്ദുവാണോ എന്ന് സംശയം) പറഞ്ഞിരിക്കുന്നു. നവീകരണം എന്നാൽ അസത്യങ്ങളിലൂടെ സഹജീവികളെ വഞ്ചിക്കുന്നതിൽ നിന്ന് പിന്മാറി, സത്യാവസ്ഥയെ അംഗീകരിക്കുക എന്നതാണ്. കുറെ നല്ല വാക്കുകൾ ഉരുവിടുക, എന്നിട്ട് തോന്ന്യവിധം ജീവിക്കുക; ആവശ്യം തോന്നുമ്പോൾ വചനം ഉദ്ധരിക്കുക, അവയ്ക്ക് സ്വന്തം അർത്ഥം കൊടുക്കുക; ചിന്തിക്കാൻ കഴിവില്ലാത്തവരെ ബാലിശമായ വ്യാഖ്യാനങ്ങളിലൂടെ വശത്താക്കുക എന്നതൊക്കെയാണ് വിവരം കെട്ടവരുടെ സഭയായ കത്തോലിക്കാസഭയിൽ നടന്നുകൊണ്ടിരിക്കുന്നത്.

  ഇന്നലെ അയൽവക്കത്തെ വീട്ടിൽ ചെന്നപ്പോൾ ശാലോം റ്റിവിയിൽ റെമെജിയൂസ് ഇഞ്ചനാനി മുപ്പതിൽ കൂടുതൽ ഐക്യു ഇല്ലാത്തെ ഒരു പ്രൊഫ. കെവി ചാക്കോയെ സത്യവേദം പഠിപ്പിക്കുകയാണ്. കുർബാനയിൽ നടക്കുന്ന അത്ഭുതമാണ് ഒരു വിഷയം. ഒരു 'പാരംഗതൻ' ആയ അലെക്സാണ്ട്രിയായിലെ സിറിൽ പറഞ്ഞാൽ നമ്മൾ എന്തിന് അവിശ്വസിക്കണം - കുർബാനയിൽ അപ്പം യേശുവിന്റെ തനി മാംസവും വീഞ്ഞ് തനി രക്തവും തന്നെയാണ്. അത് പ്രതീകമാണെന്നും മറ്റും വെള്ളം ചേര്ത്തു പറയാൻ നമ്മളാര് എന്നൊക്കെയാണ് താമരശേരിക്കാരൻ പണ്ഡിതന്റെ വാചാലക്കസ്സർത്തിന്റെ പോക്ക്. അഞ്ചാം ക്ലാസ്സിലെ വേദപാഠത്തിനപ്പുറത്തുള്ള ഒരു തീയോളജിയും ഇയാൾക്കറിയില്ലെന്ന് കേൾവിക്കാർ മനസ്സിലാക്കിയിട്ടും, കേട്ടിരുന്ന പ്രൊഫസർ, 'പിതാവിന്റെ' ഉത്തരങ്ങൾക്ക് നന്ദി പറഞ്ഞപ്പോൾ ചന്ദ്രനെപ്പോലെയാണ് ഇഞ്ചാനിയുടെ തിരുമുഖം തിളങ്ങിയത്! കര്ത്താവേ, നീ നിന്റെ സഭയെ ഏല്പിച്ചു കൊടുത്തിരിക്കുന്നത് ഇവരെയൊക്കെയാണോ എന്ന് ചോദിക്കാൻ തോന്നി. ചോദിച്ചില്ല,കാരണം "യേശു പറഞ്ഞത് കളിപ്പീരാണ്” എന്നിവരെല്ലാം കൂടെ സ്വന്തം വാകുകളിലൂടെമാത്രമല്ല, അനുദിന ജീവിതത്തിലൂടെയും എന്നേ തെളിയിച്ചുകഴിഞ്ഞു!

  ReplyDelete
 3. 2014 ജന 14,ഇന്ന് മകരവിളക്ക്‌! ഇന്നലെ ഞങ്ങളുടെ പള്ളിയിൽ കണ്‍വൻഷൻ പ്രസംഗത്തിനൊരു കത്തനാരു വന്നു ,എൻറെ facebookസ്നേഹിതൻ,സഭാമാസികയുടെ എഡിറ്റർ ,തിയൊലൊജികൽ സെമിനാരി പ്രൊഫസർ ! ഒന്നുപത്രൊസ് രണ്ടിന്റെ ഇരുപത്തിഒന്നാം വാക്യം വായിച്ചു. "ക്രിസ്തുവും നിങ്ങൾക്കുവേണ്ടി കഷ്ടം അനുഭവിച്ചു, നിങ്ങൾ അവൻറെ കാൽച്ചുവടു പിന്തുടരുവാൻ ഒരു മാതൃക വെച്ചെച്ചു പോയിരിക്കുന്നു " ഒന്നാം മാതൃക ..കാലിത്തൊഴുത്തിലെ ജനനം (താഴാഴ്മ ) 2..പന്തിരുവരുടെ .കാലുകഴുകുന്നതിലൂടെ സേവനം 3.കാൽവരിയിലെ സഹനം 4.ഉയർപ്പിലൂടെ മോചനം ! പ്രസംഗം കഴിഞ്ഞപ്പോൾ ഞാൻ കത്തനാരുടെ അരികിലെത്തി "അഞ്ചാമതായി ദേവാലയത്തെക്കുറിച്ചുള്ള എരിവു, പള്ളിയിൽ കച്ചവടത്തിനെത്തിയ കള്ളന്മാരെ ചാട്ട ചുഴറ്റി ഓടിക്കുന്നത് എനിക്ക് കാണിച്ചുതന്ന മാതൃകയാണെന്ന് " ഞാൻ പറഞ്ഞു. പുരോഹിതൻറെ പച്ചച്ചിരി! (ഈ പ്രസംഗം അടുത്ത സഭാ സുന്നഹദൊസിലായിരുന്നുവെങ്കിൽ എത്ര നന്നായിരുന്നു, വി.മത്തായി ആറിൻറെ അഞ്ചായിരുന്നു വേദഭാഗമെങ്കിൽ എത്ര ഏറെ നന്നായിരുന്നു എന്ന് ഞാൻ ഓർത്തുപോയി)! നടപ്പില്ല ! കത്തനാരു സുന്നഹദൊസിനൊടിതു മിണ്ടുകയില്ല ,കർത്താവിൻറെ പ്രാർഥനയെക്കുറിച്ചു ഇവറ്റകൽക്കൊരുചുക്കും അറിയില്ല,അറിഞ്ഞാൽ ഒട്ടു പറയുകയുമില്ല !, "വെള്ളതേച്ച Savaക്കല്ലരകളെ" എന്ന കർത്താവിൻറെ വിളി ഞാൻ ഓർത്തുപോയി !

  ReplyDelete
 4. പരിചയമില്ലാത്ത ഒരുപാട് പേര് ഇവിടെ എഴുതുന്നുണ്ട്. ആരെഴുതുന്നു എന്ന് ഞാന്‍ നോക്കാറില്ല, എഴുതിയത് എന്താണ് എന്നതിലാണ് കാര്യം. അനുഷ്ടാനങ്ങള്‍ രക്ഷയിലേക്ക് നയിക്കും എന്നാണ് വിശ്വാസികള്‍ ധരിച്ചു വശായിരിക്കുന്നത്. ഒരു പാസ്ടര്‍ ഒരിക്കല്‍ പ്രസംഗിക്കുന്നത് കേട്ടു. 'ആഹാരം കഴിച്ചാല്‍ വിശപ്പ്‌ പോകും എന്ന് പറയാറുണ്ട്‌, നമുക്കത് അനുഭവവുമുണ്ട്‌. കുര്‍ബാന ചൊല്ലിക്കുന്നത് നല്ലതാണെന്നല്ലാതെ എത്ര പ്രാവശ്യം ചെല്ലിച്ചാല്‍ രക്ഷ കിട്ടും എന്നാരും പറഞ്ഞു കേട്ടിട്ടില്ലല്ലോയെന്ന്'. അപ്പോള്‍ ഇതില്‍ കളിപ്പിരുണ്ട്; സംശയം വേണ്ട. ഇന്നത്തെ പത്രത്തില്‍ മനസ്സ് തട്ടുന്ന ഒരു വാര്‍ത്തയുണ്ട്, സെബസ്ത്യാനോസ് പുണ്യാളന്റെ പെരുന്നാളിന് വീട്ടുകാര്‍ പള്ളിയില്‍ പോയ തക്കത്തിനു കള്ളന്‍ കൊണ്ട് പോയത് 12 പവന്‍. ഇതാകട്ടെ പെണ്ണിന്റെ കല്യാണത്തിനു കടം മേടിച്ച കാശ് കൊണ്ട് മേടിച്ചതും. ഇതെന്തു പുണ്യവാന്‍ എന്ന് ചോദിക്കുന്ന ജനം ഉണ്ടായാലേ ഈ കലാപരിപാടിയിലും മാറ്റമുണ്ടാവൂ.
  പശ്ചിമഘട്ട പരിസ്ഥിതി ലോല പ്രദേശങ്ങളില്‍ ഈ പ്രശ്നം ഉണ്ടായതിനു ശേഷം വളരെയേറെ കല്യാണങ്ങള്‍ സമയത്തു പണം ഉണ്ടാകില്ലാത്തതുകൊണ്ട് മാറിപ്പോയിടുണ്ട്. പലര്‍ക്കും വസ്തു വില്‍ക്കാന്‍ കഴിയുന്നില്ല. ഈ സ്ത്രീധനം എന്ന സമ്പ്രദായം വേണ്ടാ എന്ന് തന്റെടത്തോടെ പറയാന്‍ ഇവിടെ ഒരു മെത്രാനുമില്ലേ? സ്ത്രീധനം കണക്കു പറഞ്ഞു മേടിക്കുന്നവനോട് നേരെ രെജിസ്ടര്‍ കച്ചേരിയിലേക്ക് നടന്നു കൊള്ളാന്‍ പറയാമല്ലോ. പ്രീ കാനാ കോഴ്സില്‍ പങ്കെടുക്കാത്തവരോട് അങ്ങിനെ പറയുന്നുണ്ടല്ലോ. സഭാംഗങ്ങള്‍ ശ്വാസം മുട്ടുന്ന നിരവധി സന്ദര്‍ഭങ്ങളുണ്ട്. അവയില്‍ ഒരു കൈ സഹായിക്കാന്‍ അധികാരികള്‍ക്ക് കഴിയുന്നില്ല.
  അടുത്ത ദിവസം ഫാ. ബോബി കപ്പൂച്ചിന്‍ അച്ചന്റെ ഒരു ടോക് കേട്ടു. പത്തു കുഷ്ഠ രോഗികള്‍ സുഖപ്പെട്ടു, ഒരുവന്‍ തിരിച്ചു വന്നു, നന്ദിയോടെ. അവനോടു യേശു ചോദിച്ചത് ബാക്കി ഒന്‍പതു പേര്‍ എവിടെ എന്ന്. അവനോട് യേശു ഒരു കാര്യം കൂടി പറഞ്ഞു, 'നിനക്ക് രക്ഷയുണ്ട്'. അതായത് പത്തു പേര്‍ക്കും സൌഖ്യം കിട്ടി, ഒരുവന് മാത്രം സൌഖ്യത്തോടൊപ്പം രക്ഷയും കിട്ടി. സൌഖ്യം മാത്രം മതിയെന്ന് കരുതി, അല്ലെങ്കില്‍ ഈ സൌഖ്യമാണ് രക്ഷയെന്നു കരുതി ജീവിതം തള്ളി നീക്കുന്ന ജനത്തോടാണ് അച്ചന്‍ പറഞ്ഞത്, തിരിഞ്ഞു നടക്കാന്‍.
  തിരിഞ്ഞു നടന്ന്, ദൈവം തന്ന അനുഗ്രഹങ്ങളെ ഓര്‍ക്കുന്നവനാണ് രക്ഷ. അതാണ്‌ നമുക്കു വേണ്ടാത്തതും, ആരും പറയാത്തതും. പദവികളും പേരിനോട് ചേര്‍ക്കാവുന്ന കുറെ വാലുകളും ചേര്‍ന്നാല്‍ എല്ലാമായി എന്ന് കരുതി ജീവിതം തള്ളി നീക്കുന്ന കുറെപ്പേര്‍ ഇവിടുണ്ട്.
  ഭാരതത്തിന്‌ ഒരു സംസ്കാരമുണ്ട്, അതനുശരിച്ചു ഗുരുവിന്റെ പാദങ്ങളില്‍ ശിക്ഷ്യന്‍ നമസ്കരിക്കും, മണ്ണിന്റെ മാറില്‍ തൂമ്പാ വെയ്ക്കുന്നതിന് മുമ്പ്, ആ ദേവിയോട് അനുവാദം ചോദിക്കും, ഒരു മരം വെട്ടണമെങ്കില്‍ അതിന്, പശുവിന്റെ പാല് കറക്കുന്നുവെങ്കില്‍ അതിന്, എല്ലാത്തിനും എല്ലാത്തിനോടും കൃതജ്ഞതയോടെയാണ് ഒരു ഭാരതീയന്റെ ജീവിതം. ഒരു ഹിന്ദു പിന്നോട്ട് നടക്കും, നാം മുന്നോട്ടു മാത്രം. സൌഖ്യം അതാണല്ലോ നമുക്ക് എല്ലാം. പിന്നോട്ട് നടന്നാല്‍ യേശുവിനെയെങ്ങാനും കണ്ടാലോ?

  ReplyDelete
 5. ഉരച്ചു നോകിയാൽ തനി മുക്കു പണ്ടങ്ങളാണ് കത്തോലിക് സഭയിൽ ഇന്നേറെയും! അതുരച്ചുനോക്കി വിളിച്ചു പറഞ്ഞവനെ “കഴുവേറി” ആക്കി, എന്നിട്ടിപ്പോൾ ആ രൂപം നെഞ്ചിൽ ഒരു മാലയിൽ കോർത്ത്‌ ചുമന്നു നടന്നു പ്രദർശിപ്പിച്ചു അവന്റെ ചിലവിൽ തിന്നു കൊഴുക്കുന്ന സഭ! ഈ പുരോഹിതന്റെ ദൈവശാസ്ത്രങ്ങൾക്ക് ഒരു ബിസിനസ്‌ മാനേജ്‌മന്റ്‌ കോഴ്സിന്റെ സർവ പ്രതിച്ഛായകളുമുണ്ട്. സ്നേഹത്തെ എന്തു പറഞ്ഞാണ് സിദ്ധാന്തവൽകരിക്കേണ്ടത്? അത് അതിൽ തന്നെ മറ്റൊരു ലക്ഷ്യമല്ലേ? ലോകത്തേക്ക് വച്ചേറ്റവും വലിയ ചൂഷക സംവിധാനമാണ് കാതോലിക്ക് സഭ എന്നകാര്യം ഉറക്കെ വിളിച്ചു പറയാൻ യാതൊരു മനക്കടിയോ ഭയപ്പാടോ എനിക്കില്ല എന്റെ പ്രിയ സുഹൃത്തുക്കളേ! “അമൂർത്തനായ ദൈവത്തിന്റെ പേരിൽ സമൂർത്തമായ ചൂഷണം”. കേരള കാത്തോലിക് സഭയ്ക്ക് ഈയൊരു moto നന്നായിണങ്ങും. ബൈബിൾ മൂല്യങ്ങൾ പരസ്യമായി ആര് ചീന്തിയെറിഞ്ഞാലും സഭാമേധാവികൾക്ക് ഒരു കുലുക്കവുമില്ല. പക്ഷേ കാനോൻ നിയമം എന്ന നൂലാമാലയിൽ കൈവച്ചാൽ സർവ വെള്ളസിംഹങ്ങളും സടകുടഞ്ഞെഴുന്നേൽക്കും. നിലനില്ക്കാൻ അർഹതയില്ലാത്ത, ക്രിസ്തു ചൈതന്യം തൊട്ടു തീണ്ടിയിട്ടില്ലാത്ത ഒരു വെറും കച്ചവട സ്ഥാപനമാണ്‌ ഈ സഭയെന്നുകൂടി പറഞ്ഞുകൊണ്ട് അവസാനിപ്പിക്കുന്നു!

  ReplyDelete
 6. അതിരംപുഴപ്പള്ളിയിൽ ഇന്നൊന്നു കാലു കുത്തെണ്ടി വന്നു. 2013 ലെ അഭ്ഷേകാഗ്നി കണ്‍വെൻഷന്റെ വലിയ പരസ്യവും സംഭാവനപ്പെട്ടിയും ഇപ്പോഴും എടുത്തുമാറ്റിയിട്ടില്ല. പള്ളിയുടെ ഭിത്തിയിൽ, മുൻവശത്ത്‌ ചൂണ്ടുപലകൾ പലതാണ് - അമ്പ്‌ കഴുന്നെഴുന്നെള്ളിക്കാൻ, മാതാവിന് കാഴ്ചവയ്ക്കാൻ എന്നിങ്ങനെ. കൊച്ചു പെണ്‍കുട്ടികൾ ഇരു കൈയിലും കഴുന്നുമായി ഓടുന്നു. പള്ളിമുറിയുടെ ഭിത്തിയിൽ മറ്റു പല പണശേഖരണത്തിനുമുള്ള നോട്ടിസുകൾ. ഇതെല്ലാം കണ്ടാലും ക്രിസ്ത്യാനിക്ക് മനസ്സിലാവില്ല, പള്ളി പിരിവിനുവേണ്ടിയുള്ള എലിപ്പത്തായം മാത്രമാണെന്ന്. ആരാധനയുടെ പേരിൽ കച്ചവടം!

  ReplyDelete
 7. എലിപ്പത്തായത്തിന്റെ കാര്യം പറഞ്ഞപ്പോഴാണ് ഇങ്ങനെയൊരു സംഭവം ഓർമ വന്നത്. “ഉയരങ്ങളിലേക്ക് ഉയരട്ടെ, ഹൃദയ വികാരവിചാരങ്ങൾ” എന്ന് കുർബ്ബാനയ്ക്കിടെ അച്ചൻ ആഹ്വാനം ചെയ്യുമ്പോൾ തന്റെ കാലിന്റെ പെരുവിരലിൽ കുത്തി ശരീരം മുകളിലേക്കുയർത്തുന്നത്ര വലിയ പ്രകടനം കാഴ്ച്ചവെക്കുന്ന പാക്കാന്മാരും പെരുച്ചാഴികളുമുള്ള പള്ളിയാണ് എന്റേത്! ഒരു അതിശയോക്തിക്കു പറഞ്ഞതല്ല, സ്ഥിരമായി പള്ളിയിൽ നടക്കുന്ന കാര്യമാണത്. ജനങ്ങൾ എല്ലാ ദിവസവും പറഞ്ഞു ചിരിക്കാറുമുണ്ട്. പിന്നീടതൊരു തഴക്കമായി. നാട്ടിലെ അറിയപ്പെടുന്ന ഒരു വ്യാപാരിയാണ്‌ ഈ മഹാൻ. കൂടാതെ വലിയൊരു പ്രാർത്ഥനക്കാരനും, ബ്രദർ ശശി! ( Name is not real ). നടത്തുന്ന ബിസിനസ്സുകളൊക്കെ “രാത്രിയിൽ” ആയതുകൊണ്ടും അന്യന്റെ മുതലിൽ ഒരു ജാള്യതയുമില്ലാതെ കയ്യിട്ടു വാരുന്നതുകൊണ്ടും നാട്ടുകാർ അറിഞ്ഞിട്ട പേരാണ് പാക്കാൻ (കാട്ടുപൂച്ച). കൂട്ടത്തിൽ, ഏതോ അമ്പലത്തിലെ വിഗ്രഹത്തോട്‌ കമ്പം തോന്നിയ മറ്റൊരു പ്രാർത്ഥനക്കാരനുമുണ്ട്. അയാൾക്കും പേരുവീണു; ബ്രദർ വിഗ്രഹം. അങ്ങനെ വിഗ്രഹങ്ങളും പാക്കാന്മാരും അരങ്ങു തകർക്കുന്ന ഒരു വലിയ രംഗവേദിയായിരുന്നു എന്റെ ഇടവക, കുറച്ചു നാൾ മുമ്പു വരെ.

  ReplyDelete
 8. ഇടയ്ക്കിടയ്ക്ക് കാലിന്റെ വിരലുകളിൽ കുത്തിയുള്ള ആ പൊങ്ങൽ - അതൊരു rhetoric trick ആണ്. കണ്ടുപിടുത്തവും പെയ്റ്റെന്റും വാട്ടായിയുടെതാണ്. അല്മായരും വൈദികരും, കന്യാസ്ത്രീകളും വരെ അത് കോപ്പിയടിക്കുന്നുണ്ട്. മറ്റു ചില tricks - കുരങ്ങന്മാർ കിളിക്കുന്നതുപോലെ ചെറുതായി ചിരിക്കുക. (ഈത്താ വാറ്റുന്നതായി തോന്നും!) അത് കാണുമ്പോഴേ അറിഞ്ഞോണം, praise the lord വരുന്നുണ്ടെന്ന്. പിന്നെയൊരെണ്ണം, കൈയുടെ വിരലുകളെല്ലാം പല്ലിക്കാലുപോലെ കുറേനേരം വിരിച്ചുപിടിക്കുകയാണ്. പോപ്‌ ബെനടിക്റ്റിനു ഈ മാനെരിസം (mannerism) ഉണ്ടായിരുന്നു. എലിപ്പത്തായത്തിൽ വീണ്‌പോകുന്നതുപോലെ, ഈ കസർത്തുകളിലും വിഡ്ഢികൾ ചെന്ന് വീഴുന്നു.
  അതിരമ്പുഴ പ്പള്ളിയിൽ കണ്ടതെല്ലാം ഞാൻ എഴുതിയില്ല. ഞാൻ പുറത്തുള്ള ചാരുബഞ്ചുകളിലോന്നിൽ ഇരിക്കുകയായിരുന്നു. മദ്ധ്യപ്രായം കഴിഞ്ഞ ദമ്പതികൾ പള്ളിയിൽ കയറി പ്രാർഥിച്ചിട്ട് ഇറങ്ങി വന്നു. അവരുടെ കൊച്ചുമോളായിരിക്കണം, മൂന്നുനാലു വയസുള്ള ഒരു കുഞ്ഞ് അവളുടെ ഷൂസ് ഊരാൻ മടിച്ച് വെളിയിൽ നില്ക്കുകയായിരുന്നു. വല്യപ്പൻ അവളെ വിളിച്ച് അമ്പതിന്റെ ഒരു നോട്ട് കൊടുത്തിട്ട് 'ഇത് മാതാവിന് കൊടുത്തിട്ട് വാ' എന്നുപറഞ്ഞു. മനസ്സില്ലാ മനസോടെ ആ കുഞ്ഞ് ഷൂസൂരിയിട്ട് അകത്തേയ്ക്കോടി. ദൈവത്തിനും വിശുദ്ധർക്കും കാശു കൊടുക്കാൻ ചെറുപ്പത്തിലേ പഠിപ്പിക്കുകയാണ്. സഭക്ക് ഭാവി സുരക്ഷിതം!

  ReplyDelete
 9. താനിരിക്കേണ്ടിടത്ത് താനിരുന്നില്ലെങ്കിൽ
  അവിടെ കത്തനാർ കയറിയിരിക്കും
  ആമേൻ

  ReplyDelete