Translate

Friday, January 10, 2014

ഒരു കൊച്ചു മോഹം

വിപ്ലവകാരികളെല്ലാം ആദര്‍ശശുദ്ധന്മാരായിരിക്കും എന്നൊരു പൊതു ധാരണയുണ്ട്. ഏറെക്കുറെ ശരിയുമാണ്. വിപ്ലവം ജയിക്കുന്നതോടൊപ്പം നയിച്ചവരുടെ ആദര്‍ശവും വല്ലാതെ ഒലിച്ചു പോകുന്നത് നാം അനുദിനമെന്നോണം കാണുന്നു. രാഷ്ട്രിയത്തിലും, മതസംഘടനകളിലും എല്ലാം ഇത് കാണാം. യേശുവിന്‍റെ ശിക്ഷ്യന്മാര്‍ വചനത്തില്‍ നിന്നും അണുവിട മാറിയിട്ടില്ല; അവരുടെ ശിക്ഷ്യന്മാര്‍ ആയപ്പോള്‍ മുതല്‍ തുടങ്ങിയ വ്യാഖ്യാനം മൂത്തു മൂത്ത് മൂലവചനം തന്നെ ഇല്ലെന്നായി. കത്തോലിക്കാ സഭയിലെ അനുഷ്ടാനങ്ങളില്‍ പലതും ശരിയല്ലെന്ന് എനിക്ക് തോന്നിത്തുടങ്ങിയ കാലത്ത് തന്നെ അങ്ങിനെ തന്നെ ചിന്തിക്കുന്നവര്‍  വേറെയുമുണ്ടെന്ന് എനിക്ക് മനസ്സിലായതാണ്. മുന്നോട്ട് വരാന്‍ പലരും മടിക്കുന്നത് ഞാന്‍ കണ്ടു, ഞാനും അങ്ങിനെ അങ്ങ് ഒതുങ്ങി കഴിഞ്ഞു പോന്നുവെന്നു പറയാം. അങ്ങിനെ കാലം കുറെ മുന്നോട്ടു പോയി. 
എന്‍റെ നാട്ടിലെ ഏറ്റവും വലിയ മതവിരോധി ആയിരുന്നു വര്‍ക്കിച്ചേട്ടന്. അങ്ങേരെ ഞാന്‍ പള്ളിമുറ്റത്തു കാണുന്നത്, കല്യാണങ്ങള്‍, മരിച്ചടക്കുകള്‍ മുതലായ വിശേഷാവസരങ്ങളില്‍ മാത്രം. പണ്ട് പാരിഷ് കൌണ്‍സില്‍ ഒക്കെ ഉണ്ടാകുന്നതിനു മുമ്പ് പള്ളി പൊതുയോഗങ്ങളില്‍ അദ്ദേഹം സ്ഥിരമായി പങ്കെടുക്കുമായിരുന്നെന്നും അച്ചനുമായി സ്ഥിരമായി കൊമ്പ് കോര്‍ക്കുമായിരുന്നെന്നും ഞാന്‍ കേട്ടിട്ടുണ്ട്. ആ വര്‍ക്കിച്ചേട്ടനെ നാലഞ്ചു കൊല്ലം മുമ്പ് രണ്ടു മൂന്നു ഞായറാഴ്ച ഞാന്‍ പള്ളിയില്‍ വെച്ച് കാണാന്‍ ഇടയായി. പള്ളിയില്‍ വെച്ച് എന്ന് പറഞ്ഞാല്‍ സ്വന്തം കാറോടിച്ചു പള്ളിമുറ്റത്തു വരെ വരുന്നതേ ഞാന്‍ കണ്ടിട്ടുള്ളൂ. അദ്ദേഹം എന്‍റെ തോട്ടയല്‍വക്കം കാരനായിരുന്നു പത്തു വര്‍ഷം മുമ്പ് വരെ. പിള്ളേരു പുറത്തൊക്കെ ആയപ്പോള്‍ അങ്ങേര് ആ സ്ഥലം വിറ്റു ടൌണില്‍ സ്ഥലം വാങ്ങി വെല്യ കൊട്ടാരവും വെച്ചു, കാറും വാങ്ങി. സത്യത്തില്‍ അച്ചന്മാരുടെ പ്രാക്ക് സ്ഥിരമായി കേള്‍ക്കുന്ന വര്‍ക്കിച്ചേട്ടന്‍ അറ്റു പോവുകയേ ഉള്ളൂ എന്നാണു ഞാന്‍ കരുതിയിരുന്നത്.
അന്നൊരു ദിവസം ഞാന്‍ പള്ളിമുറ്റത്തേക്കു നടക്കുമ്പോള്‍ വര്‍ക്കിച്ചേട്ടന്‍റെ കാറ് തിരിച്ചു പോകുന്നു. എന്നെ കണ്ടപ്പോള്‍ ഒന്നു നിര്‍ത്തി,
എന്തൊക്കെ ഉണ്ട് വിശേഷം കുഞ്ഞേ, മമ്മിയൊക്കെ സുഖമായിരിക്കുന്നോ?” വര്‍ക്കിച്ചേട്ടന്‍ ചോദിച്ചു. കുഞ്ഞെന്നുള്ളത് അധികം  പേര്‍ക്ക് അറിയില്ലാത്ത എന്‍റെ മറ്റൊരു ചെല്ലപ്പേരായിരുന്നു.
“ഉവ്വ്, മമ്മി മുന്നിലുണ്ട്. വര്‍ക്കിച്ചേട്ടന്‍ കുര്‍ബാന കൂടുന്നില്ലേ?” ഞാന്‍ ചോദിച്ചു.
“അത് നിര്‍ത്തിയിട്ട് കുറെയായി....മക്കള്‍ ചിലപ്പോ പോകും.”
അപ്പൊ പിന്നെ എല്ലാ ഞായറാഴ്ചയും രാവിലെ വരുന്നതോ?” ഞാന്‍ ചോദിച്ചു.
“അത് കുരുമ്പക്കലെ ചാണ്ടിച്ചേട്ടനേം കൊണ്ട് വരുന്നതാ. ചേട്ടന് നടക്കാന്‍ പറ്റില്ലല്ലോ. മക്കളായിട്ടുള്ളതെല്ലാം നശിപ്പിച്ചില്ലേ? വണ്ടിയുള്ളവരുമില്ല, ടാക്സി പിടിക്കാന്‍ ശേഷിയുള്ളവരുമില്ല. അങ്ങേര്‍ക്കാണേല്‍ പള്ളിയില്‍ പോകാതെ ഇരിക്കപ്പോറുതിയുമില്ല, അതോ എഴിന്‍റെ കുര്‍ബാന തന്നെ കാണണം താനും. അത് ഞാന്‍ എറ്റിരിക്കുകയാ, എപ്പോ പള്ളിയില്‍ പോകണമെന്ന് തോന്നിയാലും എന്നോട് പറഞ്ഞോളാന്‍ പറഞ്ഞിട്ടുണ്ട്... പോട്ടെ.” ഞാന്‍ മറുപടി ഒന്നും പറഞ്ഞില്ല, വര്‍ക്കിച്ചേട്ടന്‍ ഒന്നുമറിയാത്ത പോലെ പോവുകയും ചെയ്തു.
പള്ളിയില്‍ കഴിഞ്ഞ് വീട്ടില്‍ ചെന്നപ്പോള്‍ ഞാന്‍ മമ്മിയോടു വര്‍ക്കി ചേട്ടനെ കണ്ട കാര്യം പറഞ്ഞു. മമ്മിയെ അങ്ങേരന്വേഷിച്ചെന്നും പറഞ്ഞു.
“ഈ വര്‍ക്കിച്ചേട്ടന്‍ ഒരു നല്ല മനുഷ്യനാ.” മമ്മി പറഞ്ഞു. മമ്മി എന്നതാ പ്രത്യേകിച്ചു പറയുന്നതെന്ന് കേള്‍ക്കാന്‍ കൌതുകം തോന്നിയതുകൊണ്ട് ഞാന്‍ ചോദിച്ചു.
“അതെന്താ മമ്മി അങ്ങിനെ പറഞ്ഞത്?”
മേശപ്പുറത്ത് അപ്പവും കറിയുമൊക്കെ നിരത്തുന്നത്തിനിടയില്‍ മമ്മി പറഞ്ഞു,
“അയ്യാളാ എന്നെ ഇവിടെ കൊണ്ടുവന്നത്.” ഇത്രയും പറഞ്ഞിട്ട് മമ്മി എന്നെ ഒന്ന് നോക്കി. പപ്പാ തിരുവനന്തപുരത്തു ജോലിസ്ഥലത്തുനിന്ന് വീട്ടില്‍ വന്ന ആഴ്ച  ആയിരുന്നില്ലത്. അനിയനും പെങ്ങന്മാരും ഉച്ചകുര്‍ബാനക്ക് പോയി കഴിഞ്ഞിരുന്നു. പതിയെ എന്‍റെ അടുത്ത കസേരയിലിരുന്ന് കാപ്പി കഴിക്കുന്നതിനിടയില്‍ മമ്മി പറഞ്ഞു,
“ഞങ്ങടെ കല്യാണം ഉറപ്പിച്ചതിന്‍റെ നാല് നാള്‍ കഴിഞ്ഞ് ഞങ്ങള്‍ക്കൊരു കത്ത് കിട്ടി. അതില്‍ പപ്പാക്ക് അര ഏക്കര്‍ സ്ഥലമേ വീതമുള്ളൂവെന്നും തറവാട്ടു വക എട്ടേക്കര്‍ സ്ഥലം ജപ്തിയിലാണെന്നുമായിരുന്നു അജ്ഞാതന്‍റെ കത്തിലെ ഉള്ളടക്കം. സംഗതി എല്ലാവരും കൂടി ആലോചിച്ചപ്പോള്‍ കാഞ്ഞിരപ്പള്ളിയില്‍ നിന്ന് കൊട്ടാരക്കര വരെ പോയി കുടുക്കില്‍ ചാടേണ്ട എന്ന് തീരുമാനിച്ചു, ആ കല്യാണം വേണ്ടെന്നും വെച്ചു. കല്യാണം മാറിയെന്നു സംശയം ഉണ്ടായപ്പോള്‍ ഇക്കാര്യം വര്‍ക്കിച്ചേട്ടനും അറിഞ്ഞു. ഇത് എഴുതിയത് ആരായിരുന്നെന്നും അയാള്‍ സാധാരണ എന്താണ് എഴുതാറെന്നും അറിയാമായിരുന്ന വര്‍ക്കിച്ചേട്ടന്‍ ഞങ്ങളുടെ വീട്ടില്‍ ആരും അറിയാതെ വന്നു പപ്പയെ കണ്ട് സംസാരിച്ചു. അഞ്ചേക്കര്‍ വസ്തു പേരിലുണ്ടെന്നാണല്ലോ ഇടക്കാരന്‍ പറഞ്ഞിരുന്നതെന്ന് പപ്പാ ഒട്ടും മടിക്കാതെ ചോദിച്ചു. ഈ വര്‍ക്കിച്ചേട്ടന്‍ എന്ത് ചെയ്തെന്നോ, മടിയില്‍ നിന്ന് ഒരു കടലാസ് പൊതിയെടുത്ത് പപ്പായുടെ നേരെ നീട്ടിയിട്ട് പറഞ്ഞു,
‘ഇത് ഞങ്ങളുടെ ഒരേക്കര്‍ സ്ഥലത്തിന്‍റെയും വീടിന്‍റെയും ആധാരമാ. ചെറുക്കന് ഒരു സെന്‍റെങ്കിലും കുറവുണ്ടെങ്കില്‍ ഇത് നിങ്ങള്‍ക്കെടുക്കാം. അവരു നല്ല മനുഷ്യരാ, അവരെ വേദനിപ്പിക്കരുത്.” മമ്മി തുടര്‍ന്നു, “പപ്പയ്ക്ക് ഒരക്ഷരം പോലും ചെറുത്തു പറയാന്‍ കഴിഞ്ഞില്ല. അല്‍പ്പ നേരം ആലോചിച്ചിട്ട് പപ്പാ പറഞ്ഞു, ‘നോയമ്പ് കഴിഞ്ഞു വരുന്ന ആദ്യ ഞായറാഴ്ച പറഞ്ഞിരുന്നത് പോലെ തന്നെ ഒക്ക.’ അങ്ങിനെ ഇടക്കൊരു മടുപ്പുണ്ടായ കാര്യം ആരും അറിയാതെ ഞങ്ങളുടെ കല്യാണം നടന്നു. പക്ഷേ ഈ സംഭവം ഇവിടെ പപ്പാക്ക് പോലും അറിയില്ല. വീട്ടില്‍ നിന്നും പപ്പാ വരുമ്പോഴൊക്കെ വര്‍ക്കി ചേട്ടനെ കാണാതെ പോവില്ലായിരുന്നു.”
പറഞ്ഞു നിര്‍ത്തിയിട്ടു മമ്മി എന്‍റെ നേരെ നോക്കി. ഞാന്‍ ഒന്നും മറുപടി പറഞ്ഞില്ല. സത്യത്തില്‍ എന്നിലെ വിമതന്‍ ആദ്യമായി തല പൊക്കിയത് അന്നാണ്. വിപ്ലവം പറയുന്നവര്‍ പറയാത്തവരെക്കാള്‍ എത്ര നല്ല ക്രിസ്ത്യാനികളാണ് എന്ന് ആദ്യം എനിക്ക് മനസ്സിലായത്‌ അന്നാണ്. ഒരുപാട് വിപ്ലവകാരികളെ അതിനു ശേഷം ഞാന്‍ കണ്ടിട്ടുണ്ട്. അവരുടെ സ്വകാര്യ ജീവിതത്തിലേക്ക് ഞാന്‍ ഒളിഞ്ഞു നോക്കിയപ്പോഴൊക്കെ തിളങ്ങുന്ന സത്തയെ എനിക്ക് കാണാനായിട്ടുള്ളൂ. അതില്‍ വലിയ വ്യത്യാസം വന്നിട്ടില്ല. വിപ്ലവകാരികളുടെ ഉള്ളില്‍ ജ്വലിക്കുന്ന സത്യത്തിന്‍റെ  ആ ദീപം ഒരിക്കലും മങ്ങരുതെന്നാണ് എന്‍റെ ആഗ്രഹം; ഈ അത്മായാ വിപ്ലവം ഒരിക്കലും അവസാനിക്കരുതെന്നും ഞാന്‍ ആഗ്രഹിക്കുന്നു. എന്നും ഒരു വിപ്ലവകാരിയായിരിക്കാനാണ് എന്‍റെ മോഹം.   

3 comments:

 1. റോഷന്‍ എഴുതിയത് എന്‍റെ മനസ്സിനെ പിടിച്ചു കുലുക്കി. അതില്‍ സത്യം ഇല്ലാതില്ല. ഇക്കഴിഞ്ഞ ക്രിസ്മസ്സിന് ഡോ. സ്നേഹാനന്ദജി പറഞ്ഞ ഒരു സംഭവ കഥ ഓര്‍മ്മ വരുന്നു. സ്നേഹാനന്ദജി ഈശോ സഭ വിട്ടിറങ്ങി സാമൂഹ്യ പ്രവര്‍ത്തനം നടത്തുന്ന ഒരാളാണ്. അദ്ദേഹം മൂന്നാറില്‍ ഒരാശ്രമം പണിതു തുടങ്ങിയപ്പോള്‍ വഴിയില്‍ വെച്ചിരുന്ന ബോര്‍ഡ് ഇടവകയിലെ നല്ല കുറെ മനുഷ്യര്‍ ചേര്‍ന്ന് തല്ലിപ്പൊട്ടിച്ചു കളഞ്ഞു. അതിപ്പോഴും അവിടെ സൂക്ഷിക്കുന്നു, ഒരു കൌതുകത്തിന്.

  കഴിഞ്ഞ ക്രിസ്മസ് രാത്രിയില്‍ അദ്ദേഹത്തിന്‍റെ ആശ്രമത്തില്‍ ഒരു ഹിന്ദു സന്യാസി കയറി വന്നു. സന്യാസം സ്വീകരിച്ച് എല്ലാം ഇട്ടെറിഞ്ഞു കേരളത്തില്‍ വന്നു ജീവിക്കുന്ന ധനാഡ്യനായിരുന്ന ബോംബെക്കാരനായ ഒരു നല്ല മനുഷ്യന്‍. ഏതാനും വര്‍ഷങ്ങളായി മാനസികാസ്വാസ്ത്യത്തിന്റെ പിടിയില്‍പ്പെട്ടു വിഷമിക്കുകയായിരുന്നദ്ദേഹം. അല്‍പ്പം വയലന്റ് ആയിരുന്നു ആശ്രമത്തില്‍ അദ്ദേഹം വന്നപ്പോള്‍. സ്നേഹാനന്ദജി അദ്ദേഹത്തെ സ്വീകരിച്ചു വേണ്ട സൌകര്യങ്ങളൊക്കെ അദ്ദേഹത്തിനു ചെയ്തു കൊടുത്തു. ഒട്ടൊന്നു ശാന്തമായപ്പോള്‍ അദ്ദേഹത്തെ സ്വന്തം ആശ്രമത്തിലേക്കു ഒരാളെയും കൂടി കൂട്ടി ഉത്തരവാദിത്വത്തോടെ അദ്ദേഹം പറഞ്ഞു വിട്ടു. ഈ സ്വാമി ശാന്തമാകുന്നത് വരെ അദ്ദേഹത്തെ നോക്കാനുള്ള ഉത്തരവാദിത്വവും കൂടി അദ്ദേഹം പറഞ്ഞേല്‍പ്പിച്ചാണ് അവരെ യാത്രയാക്കിയത്. ഇത് കേട്ടപ്പോള്‍ പെട്ടെന്നെനിക്കൊര്‍മ്മ വന്നത് നല്ല സമറായാക്കാരന്റെ കഥയാണ്ക. ഇതുപോലെ മറ്റുള്ളവരുടെ ഉത്തരവാദിത്വം എല്ക്കുന്നവര്‍ കത്തോലിക്കാ സഭയില്‍ ഇല്ലെന്നല്ല ഞാന്‍ ഉദ്ദേശിക്കുന്നത് പക്ഷേ തുലോം കുറവാണെന്ന് തന്നെയാണ്. ഇത്തരം ഒരു സഹായം കത്തോലിക്കാ സഭയുടെ സിഗ്നച്ചര്‍ സ്വഭാവം ആയി എടുക്കാന്‍ ആവില്ല.

  റോഷന്‍ പറഞ്ഞ ആദ്യ ഉദാഹരണത്തിന് സമാനമായി ഒന്ന് എനിക്കും അറിയാം. പണ്ടൊക്കെ കല്യാണം മുടക്കുകയെന്നത് സ്ഥിരം പരിപാടി ആയിട്ടുള്ള പലരെയും ഞാന്‍ കേട്ടിട്ടും കണ്ടിട്ടുമുണ്ട്. എല്ലാം നലം തികഞ്ഞ ക്രിസ്ത്യാനികള്‍. അവര്‍ യേശുവില്‍ നിന്ന് എന്താണ് പഠിച്ചതെന്ന് എനിക്ക് ഒരിക്കലും മനസ്സിലായിട്ടില്ല. പറഞ്ഞ പോലെ കുര്‍ബാനയും കുമ്പസ്സാരവും കൃത്യമായി നടത്തിയാല്‍ എല്ലാം തികഞ്ഞുവെന്നു കരുതുന്നവര്‍ എന്നല്ലാതെ എന്താണ് അവരെ വിശേഷിപ്പിക്കുക. അവസാന കാലത്ത് മക്കളെ പാഠം പഠിപ്പിക്കാന്‍ കുറെ സ്വത്ത് സ്വന്തമാക്കി വെയ്ക്കും...എന്നിട്ടോ ? അവരുടെ ചവിട്ടും തൊഴിയും കൊണ്ട് പ്രതികരിക്കാനാവാതെ കണ്ണടക്കുകയും ചെയ്യും. എനിക്കറിയാവുന്ന പല നവീകരണ ചിന്താഗതിക്കാരും കൈവിട്ടു കളിക്കുന്നവരാണ്, യാതൊന്നും പിടിച്ചു വെച്ചിട്ടുമില്ല, ആര്‍ക്കും ഒരു ശല്യവും ആവാതെ കടന്നു പോകാന്‍ തായ്യറെടുത്തിട്ടുള്ളവരുമാണ്. പ്രത്യാശയോടെ ഇങ്ങിനെ ജീവിക്കുന്നവര്‍ മക്കളാല്‍ പരിത്യജിക്കപ്പെടുന്നില്ലായെന്നാണ് അനുഭവങ്ങള്‍ പഠിപ്പിക്കുന്നത്. നാം എത്ര മാത്രം പിടി അയക്കുന്നോ അത്രയും ദൈവാനുഗ്രഹം നമുക്ക് ലഭിക്കും എന്നാണെന്റെ അഭിപ്രായം. മരണം വരെ പിടി അയക്കാത്തവരാണ് മക്കളാല്‍ വ്യസനിക്കുന്നത്.

  മരണത്തെ ഏതു നിമിഷവും സ്വാഗതം ചെയ്യാന്‍ തയ്യാറെടുത്തു ജീവിക്കുകയെന്നത് ഒരു സുഖമാണ്, വേറിട്ട ഒരു സുഖം. ചെയ്തു കൊണ്ടിരിക്കുന്നത് ആരു പൂര്‍ത്തിയാക്കും എന്നതിനെ ചൊല്ലി നാമെന്തിനു വേവലാതിപ്പെടണം? ആരോ ചെയ്തു കൊണ്ടിരുന്നതല്ലേ നാം ഇപ്പോള്‍ തുടരുന്നത്? കുറെ നല്ല ചിന്തകള്‍ മുന്നോട്ടിട്ട റോഷന്റെ പോസ്റ്റ്‌ ആസ്വദിച്ചു.

  ReplyDelete
 2. ക്രിസ്തുവിന്റെ ഭാവനയിലെ നല്ല ശമരായെൻ ഇന്നും ജീവിക്കുന്നു പലഗ്രാമങ്ങളിലും ഒളിച്ചുംപാത്തും!

  ReplyDelete
 3. ആഹാരം, ആഹ്ലാദം,ആരോഗ്യം, വിജയം - എല്ലാം അസത്യങ്ങളാണ്. ഇവയ്ക്കൊന്നിനും സ്ഥായിയായ നിലനില്പില്ല. ഒരു ബോധോദയത്തിന്റെ നിറവിൽ നഷ്ടപ്പെടാവുന്ന സ്വപ്നാവസ്ഥകൾ മാത്രമാണവ.

  ഇവയൊക്കെ നമുക്ക് ലഭിക്കുകയും നാമവയെ ആസ്വദിക്കുകയും ചെയ്യുമ്പോൾ അവയെ അസ്ത്യമെന്നു നിഷേധിക്കാനെങ്ങനെ കഴിയും?

  നന്മയായ ആത്മാവിന്റെ തോന്നലുകൾ മാത്രമാണ് ആ ലഭ്യതകൾ. രോഗിയായിരിക്കുമ്പോൾ തന്നെ നിങ്ങള്ക്ക് ആരോഗ്യവാനാകുവാനും ദുഖാവസ്ഥയിൽ ആഹ്ലാദം കണ്ടെത്താനും ദരിദ്രനായിരിക്കുമ്പോൾ സമ്പന്നനായിരിക്കാനും ആത്മാവിനെക്കൊണ്ടു സാധിക്കും. അല്ലെങ്കിൽ ഇതിലേതിന്റെയും ഔന്നദ്ധ്യത്തിലും അവയുടെ അഭാവം അനുഭവിക്ക്കാനും കഴിയും.നിങ്ങളുടെ ഇപ്പോഴത്തെ അവസ്ഥ സന്തോഷമാണോ ദുഃഖമാണോ ആരോഗ്യമാണോ അനാരോഗ്യമാണോ സമ്പന്നമാണോ ദരിദ്രമാണോ എന്നൊക്കെ നിശ്ചയിക്കുന്നത് ആത്മാവായ നന്മയാണ്. ശരീരത്തിന് അതിൽ യാതൊരു പങ്കുമില്ല.

  തിന്മ നമ്മെ നമ്മുടെ അറിവില്ലാതെതന്നെ കീഴ്പ്പെടുത്തിയെക്കാം.എന്നാൽ നന്മ നമ്മെ ഒരിക്കലും തേടിവരികയോ കീഴ്പ്പെടുത്തുകയോ ചെയ്യില്ല. അത് നാം സ്വയം സൃഷ്ടിച്ചെടുക്കേണ്ട ആത്മാവിന്റെ പ്രത്യേക അവസ്ഥ മാതമാണ്.

  ജഞാനവാദികളുടെ തലവനായിരുന്ന ശീമോണ്‍ മാഗസും ഒരു ശിഷ്യനും തമ്മിലുള്ള സംഭാഷണം. സ്രോതസ്സ്: പ്രവാചകന്മാരുടെ രണ്ടാം പുസ്തകം - ബെന്യാമിൻ.

  ReplyDelete