Translate

Tuesday, January 28, 2014

ഇവരെക്കൊണ്ട് തോറ്റു

ശ്ശോ! നാണക്കേടെന്ന് പറഞ്ഞാല്‍ പോരാ, നാണക്കേട്‌ തന്നെ. അല്മെനിക്കു പുറത്തിറങ്ങി നടക്കാന്‍ വയ്യാത്ത അവസ്ഥ. ഒരു ധ്യാനഗുരുവിനെ അനാശാസ്യത്തിന് പിടിക്കുന്നു, പുറത്താക്കുന്നു. അതേ പാര്‍ട്ടി ഇപ്രാവശ്യം കുടുങ്ങിയത് കരോള്‍ പിരിവിനു പോയ കുട്ടികളുടെ വലയില്‍. അസമയത്ത്, അടച്ചിട്ട മുറിയില്‍ ഒരു സിസ്ടര്‍ ദീര്‍ഘ നേരം പ്രഷര്‍ നോക്കിയെന്നു വെച്ച് എന്താ കുഴപ്പം അല്ലെ? സംഭവം നടന്നത് ഇത്തരം കാര്യങ്ങള്‍ക്ക് കുപ്രസിദ്ധി ആര്‍ജ്ജിച്ച ഒരു രൂപതയില്‍ തന്നെ. കൂടുതല്‍ ക്ലൂ തരുന്നില്ല, പ്രഷര്‍ അളക്കാന്‍ താത്പര്യമുള്ളവര്‍ എല്ലാരും കൂടി ഓടി കൂടിയാലോ?
ഈ അച്ചന്മാരുടെയും മെത്രാന്മാരുടെയും കാര്യം കൊണ്ട്   തോറ്റു. ഒരൊറ്റ പ്രസംഗത്തില്‍ എത്ര കള്ളം പറയാം? കാഞ്ഞിരപ്പള്ളി യുവദീപ്തിയില്‍ നിന്ന് മാറി നില്‍ക്കുന്നവരാരൊക്കെയോ കൂടി അച്ചടിച്ചു വിതരണം ചെയ്ത ഒരു പ്രസ്താവനയില്‍ പറയുന്ന പ്രകാരം ആണെങ്കില്‍ പത്തില്‍ കൂടുതല്‍ ആവാം. പഴയപള്ളി ഒരു ദേശാന്തര തിര്‍ത്ഥാടന കേന്ദ്രമാക്കാനുള്ള വ്യഗ്രതയില്‍ അവിടുത്തെ പുറമ്പോക്ക് വരെ സെന്‍റിന് അന്യായ വിലകൊടുത്ത് വാങ്ങിയന്നോ അച്ചാരം കൊടുത്തെന്നോ ഒക്കെ ജനസംസാരം. അതിന്‍റെ മറപിടിച്ചു നടന്ന ന്യായവാദങ്ങളിലാണ് ഒത്തിരി നുണകള്‍ കടന്നു കൂടിയതെന്നാണ് പ്രസ്താവന പറയുന്നത്. ഇതൊക്കെ മേജര്‍ ആര്‍ച് ബിഷപ്പിനെ കണ്ട് പഠിക്കേണ്ടേ? റോമില്‍ പ്രോക്കൂരാ ഹൌസിന്‍റെ പിന്നാലെ പോയത് മലോകരറിഞ്ഞപ്പോള്‍ ഒരൊറ്റ അക്ഷരം മറുപടിയായി പറഞ്ഞോന്നു നോക്കിയേ? ഇറ്റലിക്കാരു നാവികര്‍ക്ക് വേണ്ടി വക്കാലത്ത് പറഞ്ഞെന്നാരോപിച്ചിട്ടും അദ്ദേഹം മറുപടി പറഞ്ഞോ? ഇല്ലല്ലോ? അതുപോലെ മിണ്ടാണ്ടാങ്ങിരുന്നാല്‍ പോരാരുന്നോ. അതും ചെയ്തില്ല. താഴത്തിന്‍റെ മുകളിലത്തെ ലേഖനത്തില്‍ സത്യം തരി പോലും ഇല്ലായിരുന്നെന്നും ആരോപണം. തലോര്‍ എന്ന് കേള്‍ക്കുമ്പോഴേ സിരകളില്‍ അദേഹത്തിന് ചോര തിളക്കും. തുടര്‍ന്ന് എന്തെങ്കിലും സംസാരിച്ചാല്‍ ഒരു വിഭ്രാന്തി ഉണ്ടായോന്ന്‍ കേള്‍ക്കുന്നവര്‍ക്ക് സംശയം തോന്നുമെന്ന് പറഞ്ഞു കേള്‍ക്കുന്നു. അതിന് ആയുര്‍വ്വേദത്തിലും മരുന്നില്ല.
താമരശ്ശേരി എന്ന് കേള്‍ക്കുമ്പോള്‍ താമര അടയാളമായി വന്നവര്‍ക്ക് വേണ്ടി നിലകൊള്ളുന്ന ഒരു സ്ഥലം എന്നല്ലേ പെട്ടെന്ന് തോന്നുക? എന്നാല്‍ അത് വേറെ ചില രൂപതകളാണ്. ജാലിയന്‍ വാലാ ബാഗ് അവിടെയടുത്താണെന്ന് പറയുന്നതും ശരിയല്ല. വടകര, ഉള്ളിയേരി, ബാലുശ്ശേരി, മുതലായ സ്ഥലങ്ങളാണ് ആ റൂട്ടില്‍ ഉള്ളത്. താമരശ്ശേരി എന്നാല്‍ പാറമടകള്‍ സ്വന്തമായിട്ടുള്ളവര്‍ക്കുള്ള പേര്‍ഷ്യയെന്ന് വായിക്കുന്നതില്‍ തെറ്റില്ല. ഒരു കമ്പിയും ചുറ്റികയുമായി വന്ന്‌, ഇപ്പോള്‍ നൂറോളം ടിപ്പറുകളും അതിനു ചേര്‍ന്ന സാമഗ്രികളും സ്വന്തം പാറമടകളും സമ്പാദിക്കാന്‍ കഴിഞ്ഞവരെയും ഇവിടെ അങ്ങിങ്ങ് കാണാം. മെത്രാനെ ആക്രമിക്കാന്‍ തക്കം പാര്‍ത്തിരിക്കുന്ന അവരെ സൂക്ഷിക്കേണ്ടത് നമ്മള്‍ തന്നെയല്ലേ? അതിനു വേണ്ടിയുള്ള  ക്രമീകരണം ആയിരിക്കണം മെത്രാന്മാര്‍ക്ക് പോലിസ് സംരക്ഷണത്തിനുള്ള ഏര്‍പ്പാടുകള്‍ ദിര്ഘകാലാടിസ്ഥാനത്തില്‍ ഇവിടെ നടപ്പാക്കുന്നത്. മാത്രമല്ല, ജെയറാം രമേശിന്‍റെ ഭീഷണി ഒഴിഞ്ഞിട്ടും അധിക കാലമായില്ലല്ലോ. പിന്നൊരു കാരണം, പുറത്തു നിന്നും ഭീഷണിയുള്ള ഷെവലിയര്‍മാരും ഇതില്‍ കണ്ടേക്കാം എന്നതാണ്. കുറെയേറെ ഷെവലിയര്‍ മാരെ സൃഷ്ടിച്ച് മെത്രാന്മാരുടെ ബാഗ് ചുമക്കാനും അവര്‍ക്ക് കൃത്യ സമയത്തു മരുന്ന് കൊടുക്കാനും പരിശീലിപ്പിച്ചിരുന്നെങ്കില്‍ നല്ലതായിരുന്നെനേ എന്ന്  എനിക്കൊരഭിപ്രായമുണ്ട്.
അയ്യടാ! ഈ സിനഡില്‍ മാര്‍പ്പാപ്പായെങ്ങാനും വരാന്‍ തീരുമാനിച്ചിരുന്നെങ്കിലത്തെ സ്ഥിതി ആരെങ്കിലും ഒന്നാലോചിച്ചേ? ആടിന് പകരം കറിക്ക് വളര്‍ത്തിയ പന്നിയെയും തോളിലേറ്റി ഇടയന്മാര്‍ മീനച്ചിലാറു നീന്തുന്നതു നാം കണ്ടേനെ.
ഇപ്പോ ട്രെന്‍ഡ് പഴയ മരക്കുരിശു തന്നെ; ഇവിടുത്തെ വത്തിക്കാന്‍ ലോബിയുടെ കണ്ട്രോളിലുള്ള ചില ഇടങ്ങളിലും വിദേശത്തും മാത്രമേ പഴയ മാനിക്കുരിശു കാണാനുള്ളൂവെന്ന് കേള്‍ക്കുന്നു. നമ്മുടെ എറണാകുളത്തുള്ള തലപ്പള്ളിയിലും അതത്ര എറിച്ചു നില്‍ക്കാത്തതെന്താണെന്നു ഞാന്‍ ആലോചിക്കാറുണ്ട്. ഏതായാലും കത്തോലിക്കാ സഭ രക്ഷപ്പെട്ടല്ലോ, അത് മതി. അങ്ങിനെ പവ്വവും ഹിസ്ടറിയായിക്കൊണ്ടിരിക്കുന്നുവെന്ന്  പറഞ്ഞാല്‍ മതിയല്ലോ.

ഞാനേതായാലും പിള്ളേരുടെ പിള്ളേരെ മടിയിലിരുത്തി നമസ്കാരം പഠിപ്പിക്കുന്ന കൂട്ടത്തില്‍ ഇക്കഥകളൊക്കെ  പറഞ്ഞു കൊടുക്കും; പണ്ട് നമുക്കൊരു മെത്രാപ്പൊലീത്തയുണ്ടായിരുന്നു, ജനത്തെ ഇത്രമേല്‍ സ്നേഹിച്ച മറ്റൊരു മെത്രാന്‍ അക്കാലത്ത് ഇല്ലായിരുന്നു, ഞങ്ങളെ ഇത്രമേല്‍ സ്നേഹിക്കരുതെന്നു പറഞ്ഞു സഭ രണ്ടായി തിരിഞ്ഞു തുടങ്ങിയത് അദ്ദേഹത്തിന്‍റെ കാലത്തായിരുന്നുവെന്നൊക്കെ. അവര്‍ക്ക് ഇതൊക്കെ കേള്‍ക്കാന്‍ താത്പര്യം കാണില്ല. നേര് നേരത്തെ അറിയാന്‍ അവര്‍ മറ്റു മാര്‍ഗ്ഗങ്ങള്‍ നോക്കി പോകാനാണിട. ഏതായാലും ഈ സിനഡ് കഴിയുമ്പോള്‍ മെത്രാന്മാര്‍ ഒരുമിച്ചാണോ പലവഴിയാണോ പോകുന്നതെന്ന് നമുക്കൊന്ന് നോക്കാം. എല്ലാവരും കൂടി ഒപ്പിട്ട വല്ല പ്രമേയവും ഉണ്ടായിരിക്കുമെന്നും നമുക്ക് പ്രതീക്ഷിക്കാം, അതില്‍ അത്മായന്‍ എന്നൊരു വാക്ക് കണ്ടെങ്കില്‍ എന്നാശിക്കുകയും ചെയ്യാം. പിരിവില്ലാത്ത സഭയുടെ ഏക കലാ പരിപാടിയല്ലേ? നമ്മളായിട്ടു മുടക്കരുതെന്നാണ് എന്‍റെ എളിയ അഭിപ്രായം. 

No comments:

Post a Comment